ബാഗ്ദാദി കൊല്ലപ്പെട്ടെങ്കിലും ഭീകരവിരുദ്ധ യുദ്ധം നിർത്താൻ ഇനിയും സമയമായിട്ടില്ല
ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ഐസിസ്) തലവൻ അബൂബക്കർ അൽ ബഗ്ദാദിയുടെ മരണം ഭീകര സംഘടനയ്ക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ഐസിസ് പ്രഖ്യാപിച്ച ഖിലാഫത്തിന്റെ നേതാവായി 2014 ജൂലൈയിൽ മൊസ്യൂളിലെ ഗ്രാൻഡ് മസ്ജിദ് മിമ്പറിൽ പ്രത്യക്ഷപ്പെടുന്നതോടെയാണ് ബഗ്ദാദി ലോക ശ്രദ്ധയിൽ വരുന്നത്. തുർക്കി അനുകൂല വിമതർക്കും അൽഖാഇദയുമായി ബന്ധമുള്ള ജിഹാദി സംഘങ്ങൾക്കും നിർണായക സ്വാധീനമുള്ള സിറിയൻ പ്രവിശ്യയായ ഇദ്ലിബിലെ ഒരു ഗ്രാമത്തിൽ ഒളിച്ചിരിക്കുകയായിരുന്ന ബഗ്ദാദിയെ ഇറാഖി ഇന്റലിജൻസ് നൽകിയ വിവരത്തെ തുടർന്നാണ് യുഎസ് സേന പിടികൂടാനെത്തിയത്. രക്ഷപ്പെടാൻ മറ്റൊരു വഴിയുമില്ലെന്ന് മനസ്സിലാക്കിയ ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയത്. 2014 ൽ വളർച്ചയുടെ ഉത്തുംഗതിയിൽ നിൽക്കുമ്പോൾ ഇറാഖ് സിറിയൻ അതിർത്തിയിലെ ഐസിസ് സാമ്രാജ്യം ഗ്രേറ്റ് ബ്രിട്ടനേക്കാൾ വലുതായിരുന്നു. കിഴക്കൻ സിറിയയിലെ ദെയ്ർ എസ്സോർ മുതൽ വടക്കൻ ഇറാഖിലെ മൊസ്യൂൾ വരെ നീണ്ടുനിന്ന ഈ സാമ്രാജ്യത്തിന്റെ അനൗദ്യോഗിക തലസ്ഥാനം റഖാ ആയിരുന്നു. ലോകത്തെ യുവ മുസ്‌ലിംകളെ വലവീശി പിടിച്ച ഐസിസ്, സിറിയയുടെയും ഇറാഖിന്റെയും സർക്കാർ സേനകളോടും വിമത ഗ്രൂപ്പുകളോടും ഒരേസമയം യുദ്ധത്തിലേർപ്പെട്ട് ശക്തി തെളിയിച്ചു. തങ്ങൾ പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാമിനെ എതിർക്കുന്ന ഏതൊരാളെയും കശാപ്പ് ചെയ്യാൻ യാതൊരു മടിയും അവർ കാണിച്ചിരുന്നില്ല. മുസ്‌ലിമേതര വിശ്വാസികളെയും ഇസ്‌ലാമിലെ ന്യൂനപക്ഷങ്ങളെയും കൂട്ടക്കൊല ചെയ്യുന്നതിൽ ഐസിസിന്റെ കൈ അല്പംപോലും വിറച്ചിരുന്നില്ല. എന്നാൽ ഈ ഭീകര ഖിലാഫത് ഹ്രസ്വകാലത്തേക്ക് മാത്രം നിലനിന്നൊരു പ്രതിഭാസം മാത്രമായിരുന്നു. സിറിയയിലെ ആഭ്യന്തരയുദ്ധത്തിലെ മുഴുവൻ കക്ഷികളും യുഎസ്, റഷ്യ അടക്കമുള്ള ലോകരാജ്യങ്ങളിൽ പലരും തന്നെ ഐഎസിനെതിരെ പോരാട്ടം ആരംഭിച്ചപ്പോൾ ഐഎസ് ഭരണം നടത്തിയ മേഖലകൾ ഒന്നൊന്നായി മോചിപ്പിക്കപ്പടുന്ന കാഴ്ചയാണ് പിന്നീട് കാണാൻ സാധിച്ചത്. തീവ്രവാദികളിൽ വലിയൊരു വിഭാഗവും ആ ഭീകര വിരുദ്ധ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഇപ്പോഴിതാ ബാഗ്ദാദിയും മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. ഇതോടെ ഐസിസ് അതിന്റെ ഏറ്റവും ബലഹീനമായ സ്ഥിതിയിലാണുള്ളത്. എന്നാൽ ഈ തീവ്രവാദ സംഘം പൂർണമായും തുടച്ചു നീക്കപ്പെട്ടെന്ന് ഇപ്പോഴും കരുതാനാവില്ല. കാരണം അൽ-ഖാഇദയടക്കമുള്ള ഈ തീവ്രവാദസംഘങ്ങളൊന്നും തന്നെ നേതൃത്വത്തെ ആശ്രയിച്ചു നിലനിൽക്കുന്നതല്ല. മറിച്ച് സൈദ്ധാന്തികപരമായി ഒരുമിച്ച് നിൽക്കുന്ന, ഒരു നേതൃത്വത്തോട് കൂറുപുലർത്തുന്ന ഒരു സംഘമാണത്. അതുകൊണ്ടുതന്നെ ബാഗ്ദാദി കൊല്ലപ്പെട്ടത് കൊണ്ട് ഐസിസിനെതിരെയുള്ള നീക്കങ്ങൾ നിർത്തിവെക്കാൻ സമയമായിട്ടില്ല. രണ്ടാമതായി ഐസിസിന്റെ രൂപീകരണത്തിന് കാരണമായ ഭൂമിശാസ്ത്രപരമായ കാരണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. 2006 ൽ അൽഖായിദ ഇൻ ഇറാഖ് (എക്യൂഐ) എന്ന ഭീകര സംഘത്തിന്റെ നേതാവായിരുന്ന അൽ സർഖാവി യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ അത് സംഘടനയ്ക്ക് ശക്തമായ തിരിച്ചടിയായിരുന്നു സമ്മാനിച്ചിരുന്നത്. തുടർന്ന് മേഖലയിലെ സുന്നികൾ ഇറാഖ് സർക്കാർ സേനയോടൊപ്പം ചേർന്ന് ഭീകരരെ മുഴുവനായും നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും തുടച്ചു നീക്കിയിരുന്നു. എന്നാൽ സിറിയ ആഭ്യന്തര യുദ്ധത്തിന്റെ കരാള ഹസ്തങ്ങളിലമർന്നപ്പോൾ ഈ സംഘടന ബഗ്ദാദിയുടെ നേതൃത്വത്തിൽ ശക്തമായ പുതിയൊരു സംഘമായി രൂപം പ്രാപിച്ചു. അങ്ങനെയാണ് ഐസിസ് പിറവി കൊള്ളുന്നത്. ഐസിസിന് ഇപ്പോൾ സംഭവിച്ചത് തന്നെയാണ് അന്ന് എക്യൂഐക്ക് സംഭവിച്ചിരുന്നത്. അതിനാൽ ഐസിസിന് കനത്ത തിരിച്ചടി നേരിട്ട ഈ സാഹചര്യത്തിൽ ഭീകര വിരുദ്ധ പോരാട്ടം അവസാനിപ്പിക്കാതെ ഇത്തരം സംഘങ്ങൾക്ക് വളർന്നു വരാനുള്ള സാഹചര്യത്തെ ഇല്ലാതാക്കാനുള്ള പഴുതടച്ച നടപടികൾ ലോകരാജ്യങ്ങൾ സ്വീകരിക്കുകയാണ് വേണ്ടത്. അതിനുള്ള ശ്രമങ്ങളുണ്ടാകുന്നില്ലെങ്കിൽ ആഗോള ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ ബഗ്ദാദിയുടെ വധം കൊട്ടിഘോഷിക്കാൻ മാത്രമുള്ളൊരു നേട്ടമായി ഒരിക്കലും കരുതാനാവില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter