മോദിസം, മതേതരത്വം: ഇന്ത്യയില്‍ മുസ്‌ലിം വിഷയങ്ങള്‍ നീതി കാണാത്തതെന്തുകൊണ്ട്?
moodiഭരണഘടന വിഭാവനം ചെയ്യുന്ന തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഒരു പൗരനും ജാതിയുടെയോ മതത്തിന്റെയോ വര്‍ണത്തിന്റെയോ ജന്മനാടിന്റെയോ അടിസ്ഥാനത്തില്‍ വിവേചനത്തിന് ഇരയായിക്കൂടാ. 2014 മെയ് 26 ന് നരന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സമയത്ത് ഈ ഭരണഘടനയെ സത്യസന്ധമായി നടപ്പാക്കുമെന്ന് ദൈവത്തിന്റെ നാമത്തില്‍ ആണയിട്ടു പറഞ്ഞതുമാണ്. ഇന്ത്യന്‍ പ്രസിഡണ്ടിന്റെ സാന്നിധ്യത്തില്‍ അദ്ദേഹം എടുത്ത ഈ പ്രതിജ്ഞ സിവസങ്ങള്‍ പിന്നിടുംതോറും അദ്ദേഹം തന്നെ തിരുത്തുന്ന ദുരന്ത കാഴ്ച്ചയാണ് നമ്മളിന്ന് കാണുന്നത്. ഇന്ത്യയുടെ അതി മഹത്തര സങ്കല്‍പമായ ബഹുസ്വരതയെ വര്‍ഗീയതയും വിഭാഗീയതയും പ്രോത്സാഹിപ്പിച്ച് വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഇന്ന്. ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വ സങ്കല്‍പങ്ങള്‍ക്കപ്പുറം ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിലാണ് ഇന്ന് ഭരണകൂടത്തിന്റെ മുഴു ശ്രദ്ധയും. ഈയിടെ പശു വിഷയവുമായി ബന്ധപ്പെട്ട് ദളിതുകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ മോദി ചില പ്രീണന പ്രസ്താവനകളുമായി രംഗത്ത് വരികയുണ്ടായി. ഗോ സംരക്ഷകര്‍ക്കെതിരെ ഗുജറാത്തില്‍ ദളിതുകള്‍ രംഗത്ത് വരികയും ഭരണകൂടത്തിനെതിരെ കലാപാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഇത്. ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍ സ്വത്വ പ്രതിസന്ധി നേരിട്ടപ്പോള്‍ ദളിത് പ്രതിഷേധങ്ങളെ ശമിപ്പിക്കാനായിരുന്നു 'എന്റെ സഹോദരങ്ങള്‍' എന്ന പരാമര്‍ശം നടത്തി മോദി ദളിതുകളെ സുഖിപ്പിച്ചത്. ഇന്ത്യയില്‍ ഗോ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെട്ട മുസ്‌ലിം വിഭാഗത്തിന്റെ കാര്യം അദ്ദേഹം സൂചിപ്പിക്കുക പോലും ചെയ്തില്ല. എന്റെ ദളിത്-മുസ്‌ലിം സുഹൃത്തുക്കള്‍ എന്ന് അദ്ദേഹത്തിനു പറയാമായിരുന്നു. പക്ഷെ, അദ്ദേഹമത് ചെയ്തില്ല. ദളിതുകളെക്കുറിച്ച് മോദി നടത്തിയ ഈ പരാമര്‍ശത്തിനു പിന്നില്‍ അദ്ദേഹത്തിന് അവരോടുള്ള സഹതാപമോ താല്‍പര്യമോ അല്ല, മറിച്ച് മറ്റു പല രാഷ്ട്രീയ താല്‍പര്യങ്ങളുമാണ് എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അടുത്തുവരുന്ന യു.പി അസംബ്ലി തെരഞ്ഞെടുപ്പു തന്നെയാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. ഒരൊറ്റ വെടി കൊണ്ട് രണ്ട് പക്ഷികളെ കൊല്ലുകയായിരുന്നു മോദി തന്റെ പ്രസ്താവനയിലൂടെ. ഒന്ന് ദളിത് വോട്ട് ഉറപ്പ് വരുത്തലും രണ്ടാമത്തേത് യു.പിയിലെ ദളിത് മുസ്‌ലിം സഖ്യത്തെ തകര്‍ക്കലുമായിരുന്നു അത്. ദളിതുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ മോദി തുറന്ന് സംസാരിച്ചതോടെ മുസ്‌ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ മൗനം അദ്ദേഹത്തിന്റെ നിലപാടിനെയാണ് പുറത്തുകൊണ്ടുവരുന്നത്. തന്റെ ഉള്ളിലെ മുസ്‌ലിം വിരുദ്ധത പ്രകടമായിരിക്കുന്നു ഇതിലൂടെ. ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് വധിക്കപ്പെട്ട സംഭവവും ഝാര്‍ഖണ്ഡില്‍ മുസ്‌ലിം യുവാക്കള്‍ മര്‍ദ്ദിക്കപ്പെട്ട സംഭവവും മധ്യ പ്രദേശില്‍ മുസ്‌ലിം സ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവവുമെല്ലാം അദ്ദേഹത്തിന് നല്ലപോലെ അറിയുന്നതാണ്. പക്ഷെ, ആ വിഷയങ്ങളിലൊന്നും ഒരക്ഷരം ഉരിയാടാന്‍ അദ്ദേഹം തയ്യാറായില്ല. രാജ്യമൊന്നടങ്കം ന്യൂനപക്ഷങ്ങള്‍ സുരക്ഷിതത്വ ഭീഷമി നേരിട്ടുകൊണ്ടിരിക്കുന്ന സമയം. മറ്റൊരു ഭാഗത്ത് കശ്മീര്‍ സമാധാനത്തിനു വേണ്ടി ദാഹിക്കുന്ന സമയം. മോദിയുടെ അപകടം പിടിച്ച മൗനം മുസ്‌ലിംകളാണ് എല്ലാറ്റിനും പിന്നിലെന്ന് ധ്വനിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ മനസ്സിലിരിക്കും അതുതന്നെയായിരിക്കണം. അതുകൊണ്ടായിരിക്കണം രാജ്യത്താകമാനം മുസ്‌ലിംകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഉയര്‍ന്നുവരുമ്പോഴും തദ്വിഷയകമായി ഒരക്ഷരം പോലും ഉരിയാടാതെ അദ്ദേഹം മൗനം വ്രതമാക്കിയിരിക്കുന്നതും. മോദിയുടെ ഈ മുസ്‌ലിം വിരോധം പുതിയ കാര്യമല്ല. 2012 ല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് കാംപയിന്‍ കാലത്തും അദ്ദേഹം ഇത് തുറന്നു പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് അഹ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കാന്‍ പദ്ധതിയിടുന്നു എന്നതാണ് അദ്ദേഹം അന്ന് ഉയര്‍ത്തിക്കാട്ടി ഭീതി സൃഷ്ടിക്കാന്‍ ശ്രമിച്ച ഒരു കാര്യം. അഹ്മദ് പട്ടേല്‍ എന്നതിനു പകരം അഹ്മദ് മിയാന്‍ എന്നാണ് അന്ന് മോദി പ്രയോഗിച്ചിരുന്നത്. ഗുജറാത്തിന് ഒരു മുസ്‌ലിം മുഖ്യമന്ത്രി വരുമോ എന്നൊരാശയത്തെ ഒരു ഭീതിയായി ഉയര്‍ത്തിക്കാണിക്കുകയായിരുന്നു അദ്ദേഹം ഇതിലൂടെ. 2002 ല്‍ മുസ്‌ലിംകളെ കുട്ടികള്‍ ഉണ്ടാക്കുന്ന ഒരു ഫാക്ടറിയായി അദ്ദേഹം ഉപമിച്ചിരുന്നു. നാം അഞ്ച് നമുക്ക് ഇരുപത്തിയഞ്ച് എന്ന് എന്ന് പരിഹസിച്ച് ഇന്ത്യയില്‍ മുസ്‌ലിം ജനസംഖ്യ കൂടുന്നതിനെ ഒരു ഭീഷണിയായി അദ്ദേഹം അവതരിപ്പിച്ചു. ഇന്ത്യയുടെ മതേതരത്വത്തെത്തന്നെ ചോദ്യം ചെയ്ത ഗോദ്ര സംഭവമാണ് മറ്റൊന്ന്. മുസ്‌ലിംകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒരിക്കലും ഒരിടത്തും മോദി പരാമര്‍ശിക്കുന്നതേയില്ല എന്നതാണ് പ്രശ്‌നം. നല്ലതായിട്ടോ ചീത്തയായിട്ടോ അദ്ദേഹം ആ ഭാഗം സ്പര്‍ശിക്കുന്നതേയില്ല. അപകടം പിടിച്ച ഈ മൗനവും ആ ചുളിവില്‍ ഗോ രക്ഷകരെപ്പോലുള്ള മുസ്‌ലിം വിരോധികളുടെ വളര്‍ച്ചയും പുതിയ ഭീഷണികളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രപതിയും സോണിയ ഗാന്ധിയും നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ പോലും മോദി പങ്കെടുക്കാതിരുന്നതും അദ്ദേഹം മുസ്‌ലിം കാര്യങ്ങളില്‍ സ്വീകരിക്കുന്ന തീവ്ര നിലപാടിനെ വ്യക്തമാക്കുന്നു. മോദിയുടെ ഈയൊരു നയം സംഘികള്‍ സ്വപ്‌നം കാണുന്ന ഇന്ത്യ മുസ്‌ലിംകളില്ലാത്ത ഇന്ത്യയാണെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. പക്ഷെ, ഭരണഘടന തുല്യ നീതിയും അവകാശങ്ങളും ഉറപ്പു തരുന്ന, ലോകത്തെ ഏറ്റവും വലിയ മതേതരത്വ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രിയില്‍നിന്നും വിഭാഗീയ സൃഷ്ടിക്കുന്ന ഇത്തരം നിലപാടുകള്‍ ഉണ്ടാകുന്നത് അപലപനീയം തന്നെ. വിവ. ഖുര്‍റത്തുല്‍ ഐന്‍

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter