ഫ്രാന്‍സ് തെരഞ്ഞെടുപ്പുഫലം തരുന്ന സന്ദേശങ്ങള്‍

പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് റിസള്‍ട്ട് പുറത്തുവന്നതോടെ ഫ്രാന്‍സ് ലോകത്തിന് വലിയ സന്ദേശങ്ങളാണ് നല്‍കുന്നത്. തീവ്രവലതുപക്ഷത്തോടൊപ്പം  കൈകോര്‍ത്ത് ന്യൂനപക്ഷവിരുദ്ധതയെ പ്രോത്സാഹിപ്പിക്കാന്‍ ഭൂരിപക്ഷം ജനങ്ങളും തയ്യാറായില്ല എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. ഇവിടെ ജനാധിപത്യം അര്‍ഹിക്കുംവിധം വിനിയോഗിക്കപ്പെടുകയായിരുന്നു. അമേരിക്കന്‍ ജനതക്ക് പറ്റിയ അബദ്ധം തങ്ങള്‍ക്ക് സംഭവിക്കരുതെന്ന് അവിടത്തെ ജനങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ശക്തമായ പ്രതിപക്ഷത്തിനെതിരെ ഒരു പുതിയ പാര്‍ട്ടി 39 കാരന്‍ ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചുകയറിയത്.

ഒരു വര്‍ഷം മാത്രം പ്രായമുള്ള എന്‍ മാര്‍ഷെ എന്ന പാര്‍ട്ടി സ്വീകരിച്ച നിലപാടുകള്‍ ഏറെ ജനകീയവും മാനുഷികവുമായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുന്നു. മുസ്‌ലിം-കുടിയേറ്റവിരുദ്ധ നിലപാടുകളുടെ വക്താക്കളായ നാഷ്ണല്‍ ഫ്രണ്ടിനെതിരെ രാജ്യത്തെ മുഖ്യധാരാപാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് മാക്രോണിന് ഈ വലിയ വിജയം സമ്മാനിച്ച സുപ്രധാന ഘടകം. ഈ ചെറുപ്പക്കാരന്റെ തുറന്ന നിലപാടുകള്‍ക്കുമുമ്പില്‍ എതിരാളി മരിന്‍ ലെ പെന്നിന്റെ കുടിയേറ്റ-മുസ്‌ലിം വിരുദ്ധ നയങ്ങള്‍ക്ക് ഫ്രഞ്ച് ഹൃദയത്തില്‍ സ്വാധീനം ചെലുത്താന്‍ ആയതേയില്ല. 

കഴിഞ്ഞ ഏപ്രില്‍ 23 നു നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ മുഖ്യധാരാ പാര്‍ട്ടികളായ സോഷ്യലിസ്റ്റുകളും റിപ്പബ്ലിക്കുകളും കടുത്ത പരാജയം നേരിടുകയായിരുന്നു. അങ്ങനെയാണ് മത്സരം മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നാഷ്ണല്‍ ഫ്രണ്ടും എന്‍ മാര്‍ഷെയും തമ്മിലാകുന്നത്. ആദ്യഘട്ടത്തില്‍ ആരും ഭൂരിപക്ഷം നേടാത്തതിനെ തുടര്‍ന്നാണ് കൂടുതല്‍ വോട്ട് നേടിയ മാക്രോണും മരിനും അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 

പ്രചാരണ കാലത്ത് പുതുമുഖമായ മാക്രോണിനെ പരാജയപ്പെടുത്താനുള്ള പല കുത്സിത ശ്രമങ്ങളും അരങ്ങേറിയിരുന്നു. കൂട്ട സൈബര്‍ ആക്രമണംവരെ നടന്നെങ്കിലും അതൊന്നും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. ഏകദേശം 14. 5 ജിഗാ ബൈറ്റ് വരുന്ന ഇ-മെയില്‍ സന്ദേശങ്ങളും വ്യക്തിപരവും വ്യാവസായികപരവുമായ രേഖകളും ഹാക്കര്‍മാര്‍ ചോര്‍ത്തിയിരുന്നെങ്കിലും അതും ഫലിക്കാതെ പോയി. 

ഫ്രാന്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ടാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട മാക്രോണി. അദ്ദേഹത്തിന്റെ നിലപാടുകള്‍ നേരത്തെത്തന്നെ പൊതുജനങ്ങളുടെ ശ്രദ്ധ പിടിച്ചിരുന്നു. യൂറോപ്യന്‍ യൂണിയനോടു അനുകൂല സമീപനം പുലര്‍ത്തുന്ന അദ്ദേഹത്തിന്റെ സാമ്പത്തിക നിലപാടുകളും ശ്രദ്ധിക്കപ്പെട്ടു. തെരഞ്ഞെടുപ്പു സമയത്തു പോലും ഖുര്‍ആനും മുസ്‌ലിം ആരാധനാലയങ്ങളും നിരോധിക്കണമെന്നും രാജ്യത്തെ അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും പുറത്താക്കണമെന്നും നിരന്തരം അഹങ്കാരത്തോടെ പ്രഖ്യാപിച്ചുകൊണ്ടിരുന്ന മരിന്‍ ലെ പെന്നിനെ ജനങ്ങള്‍ കൈയൊഴിഞ്ഞു. 66.1 ശതമാനത്തിന്റെ വലിയ ഭൂരിപക്ഷമാണ് മാക്രോണിന് ലഭിച്ചിരിക്കുന്നത്. 

ഫ്രഞ്ച്-യൂറോപ്യന്‍ ജനതയില്‍ മുസ്‌ലിം-കുടിയേറ്റ വിഷയങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും നിലപാട് മാനുഷികവും പുരോഗമനാത്മകവുമാണെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. 

ഇന്ത്യയുടെ രാഷ്ട്രീയ വര്‍ത്തമാനവുമായി ഫ്രാന്‍സിലെ വിജയം താരതമ്യപ്പെടുത്തുന്നത് വലിയ പാഠങ്ങള്‍ നല്‍കുന്നുണ്ട്. തീവ്രഹിന്ദുത്വ ചിന്തകള്‍ക്കെതിരെ മതേതര കൂട്ടായ്മയുടെ പ്രസക്തിയാണ് അത് വിളിച്ചറിയിക്കുന്നത്. മാക്രോണിന്റെ വിജയം അതാണ് സൂചിപ്പിക്കുന്നത്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter