സഅദ് ജാവേശ്:  തിരുവചനങ്ങള്‍ ചേര്‍ത്തുവച്ച ജീവിതം

 

അടുത്തിടെ വിടപറഞ്ഞ പ്രമുഖ ഈജിപ്ഷ്യന്‍ പണ്ഡിതന്‍ സഅദ് ജാവേശ്  ഗ്രന്ഥപെരുമ കൊണ്ടോ രചനാപാടവം കൊണ്ടോ ആയിരുന്നില്ല സമീപ കാലത്ത് മുസ്‌ലിം ലോകത്തെ വിസ്മയിപ്പിച്ചത്. അസ്ഹറിലെ കുല്ലിയത്തു ഉസൂലിദ്ദീനിലെ ഹദീസ് അധ്യാപകനും ഉന്നത പണ്ഡിത സമിതി അംഗവുമായിരുന്ന  അദ്ദേഹം സമകാലിക മുസ്‌ലിം പണ്ഡിതനിരയില്‍ വിവിധ മേഖലകളില്‍ ഒരുപോലെ തിളങ്ങിനിന്ന വ്യക്തിത്വം കൂടിയായിരുന്നു.  ജീവിത വഴികളില്‍ പ്രവാചക വചനങ്ങളും തസവ്വുഫും സമ്മേളിപ്പിച്ച്, പൂര്‍വസൂരികളുടെ ജീവിതം സ്വന്തം ജീവിതത്തിലൂടെ ആവിഷ്കരിച്ചായിരുന്നു അദ്ദേഹം ആയിരങ്ങളെ ആകര്‍ഷിച്ചതും അവരോട് സംവദിച്ചതും. ജീവിതാന്ത്യം വരെ ഹദീസുകളെ ചേര്‍ത്തുവെച്ച പണ്ഡിതനായിരുന്നു സഅദ് ജാവേശ്. പ്രായമേറിയിട്ടും യുഗസ്പന്ദനങ്ങളോട് മല്ലിട്ട അദ്ദേഹം തിരുവചനങ്ങളെ സേവിച്ചു. ഹദീസുകളില്‍ നിന്നകന്ന സര്‍വസൗഭാഗ്യങ്ങളും അദ്ദേഹം നിരസിച്ചു. എളിമയും വിനയവും ജീവിത വിശുദ്ധിയും സമ്മേളിച്ച ആ മഹത്തായ ജീവിതം യാത്ര പറഞ്ഞത് ഏറെ പാഠങ്ങളും അതിലേറെ ഉപദേശങ്ങളും ബാക്കിവെച്ചായിരുന്നു. അറിവിന്‍റ  പരമമായ ലക്ഷ്യം ദൈവിക സായൂജ്യമാണെന്നു അദ്ദേഹത്തിന്‍റെ  ജീവിതം പഠിപ്പിച്ചു.

അസ്ഹറുമായുള്ള ബന്ധം 

 ലോക പ്രസിദ്ധമായ ഈജിപ്തിലെ അല്‍ അസ്ഹറിനെ അങ്ങേയറ്റം സ്നേഹിച്ചിരുന്നു അദ്ദേഹം. അസ്ഹര്‍ വിരുദ്ധ കേന്ദ്രങ്ങള്‍ ആരോപണങ്ങള്‍ പടച്ചുവിടുന്ന വേളയില്‍ ആശയപരമായി പ്രതിരോധം തീര്‍ക്കാനും മുന്നിട്ടുനിന്നു, ആറു പതിറ്റാണ്ടിലധികം അസ്ഹറിലെ വിവിധ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട് അദ്ദേഹം. അസ്ഹറിലെ അധ്യാപകര്‍ വ്യത്യസ്ഥ വസ്ത്രധാരണകള്‍ സ്വീകരിച്ചപ്പോഴും അദ്ദേഹം അസ്ഹരീ സിയ്യ് തന്നെ ധരിച്ച് തന്‍റെ അസ്ഹര്‍ സ്നേഹം അവസാനശ്വാസം വരെ പ്രകടിപ്പികുകയുണ്ടായി. മരിച്ചാല്‍ തന്‍റെ കഫനില്‍ അസ്ഹര്‍ തൊപ്പി വേണമെന്ന് അദ്ദേഹം വസിയ്യത്ത് ചെയ്തിരുന്നതും ഇതു കൊണ്ടായിരുന്നു. പ്രധാനമായും അദ്ദേഹം വേറിട്ടുനിന്നത് മുടക്കം വരാത്ത ഹദീസ് ഹല്‍ഖകകള്‍ കൊണ്ടായിരുന്നു. പതിനഞ്ചിലധികം ഹദീസ് ജല്‍സകകള്‍ക്കും  ഇദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. കൃത്യമായ വിശദീകരണങ്ങളും കാരണങ്ങളും നിരത്തിയുമുള്ള അദ്ദേഹത്തിന്‍റെ അധ്യാപന ശൈലി വിദ്യാര്‍ഥികളെ ഏറെ ആകര്‍ഷിച്ചിരുന്നു. പ്രായം എണ്‍പതിനോടുത്തിട്ടും പതിവ് തെറ്റിക്കാതെ അദ്ദേഹം ക്ലാസുകള്‍ തുടര്‍ന്നു.  ഇമാം ഖാളി ഇയാളിന്‍റെ കിതാബു ശിഫാ, അര്‍ബഈനു  നവവിയ്യ തുടങ്ങിയ ഗ്രന്ഥങ്ങളുടെ മനോഹരമായ ക്ലാസുകള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. ഹദീസ് ശാസ്ത്രത്തില്‍ ഉന്നതപഠനം നേടിയതുകൊണ്ടു മാത്രമല്ല അദ്ദേഹം ഹദീസ് ക്ലാസുകള്‍ക്ക്  പ്രാമുഖ്യം കൊടുത്തത്.  മറിച്ച്, പ്രവാചകാനുരാഗത്താല്‍ വിളക്കിയെടുത്ത ജീവിത ദര്‍ശനങ്ങളായിരുന്നു അതിനു പ്രധാന ഹേതുകം. 

ജീവചരിത്രം 

1941ല്‍ കഫര്‍ശൈഖിലെ പണ്ഡിത കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. , ചെറുപ്പത്തിലേ ഖുര്‍ആന്‍ പഠിച്ചു. പ്രാഥമിക പഠനത്തിനു ശേഷം അസ്ഹറില്‍ ചേര്‍ന്നു. അവിടെനിന്നു തന്നെ  ഹദീസ് ശാസ്ത്രത്തില്‍ പി.ജിയും പി.എച്ച്.ഡിയും പൂര്‍ത്തിയാക്കി ഹദീസ് വിഭാഗത്തില്‍ അധ്യാപകനായി. ഇടക്കാലത്ത് മക്കയിലെത്തുകയും മസ്ജിജുദുല്‍ ഹറാമില്‍ ഹദീസ് ജല്‍സകള്‍ക്ക്  നേതൃത്വം നല്‍കുകയും ചെയ്തു.  പിന്നീട് മാതൃസ്ഥാപനമായ അസ്ഹറില്‍ തിരിച്ചെത്തുകയും മരണം വരെ അവിടെ ഹദീസ് വിഭാഗത്തില്‍ അധ്യാപകനായി തുടരുകയുമായിരുന്നു. മരിക്കുന്നതിനു മുമ്പ് സ്വഹീഹുല്‍ ബുഖാരി പൂര്‍ത്തിയാക്കണമെന്ന അദ്ദേഹത്തിന്‍റെ ജീവിതത്തിലെ വലിയ സന്തോഷം പൂവണിഞ്ഞത് മരിക്കുന്നതിന്‍റെ ഏതാനും  ദിവസങ്ങള്‍ക്കു  മുമ്പായിരുന്നു. അസ്ഹറിലെ പ്രമുഖ പണ്ഡിതരായ അഹ്മദ് മഅ്ബദ്, ഹസനു ശാഫിഊ തുടങ്ങിയ പണ്ഡിതരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം തന്‍റെ ജീവിതാഭിലാഷം പൂര്‍ത്തീകരിച്ചത്. വലിയ പണ്ഡിതനായിരുന്നിട്ടുകൂടി, അതിന്‍റെ പെരുമയോ ഗരിമയോ പ്രകടിപ്പിക്കാതെ തികഞ്ഞ സാത്വികനായി അസ്ഹര്‍ പള്ളിയിലേക്ക് ക്ലാസുകള്‍ക്കായി വന്നിരുന്നു ആ മഹാമനീഷി. ആള്‍കൂട്ടങ്ങളില്‍ നിന്നകന്ന്, ആരവങ്ങളില്‍ നിന്ന് നീരസം പ്രകടിപ്പിച്ച് അറിവിന്‍റെ ആത്മാവുതേടി അലയുന്ന പ്രവാചക സ്നേഹിയായിരുന്നു ശൈഖ് ജാവേശ്. അദ്ദഹത്തിന്‍റെ മരണാന്തര ചടങ്ങുകള്‍ക്കായി വീട്ടിലും അസ്ഹര്‍ പള്ളിയിലും പങ്കെടുത്ത ജനസഹസ്രങ്ങളുടെ സാന്നിധ്യവും പ്രാര്‍ത്ഥനയും മതി ആ തെളിഞ്ഞ ജീവിത വിശുദ്ധിക്കു സാക്ഷിപറയാന്‍. അറിവുള്‍ക്കൊപ്പം ഏറെ സഞ്ചരിച്ചപ്പോഴും തvന്‍റെ വഴിയടയാളങ്ങളെ രൂപപ്പെടുത്തിയ അസ്ഹര്‍ സര്‍വകലാശാലയെ അദ്ദേഹം തന്‍റെ ശീലങ്ങളില്‍ നിന്നോ ശൈലികളില്‍ നിന്നോ അകറ്റിയില്ല. ഗാ ഭീര്യം സ്ഫുരിക്കുന്ന അസ്ഹരി തൊപ്പിയും ഖമീസും ധരിച്ച് അസ്ഹറിലേക്ക് ക്ലാസെടുക്കാന്‍ വരുന്ന എളിമയാര്‍ന്ന പണ്ഡിതരൂപം ആര്‍ക്കും  മറക്കാന്‍ സാധിക്കില്ല. ജീവിതം തന്നെ സന്ദേശായി അവതരിപ്പിച്ച അദ്ദേഹത്തിന്‍റെ അനുഗ്രഹവും പ്രാര്‍ത്ഥനയും തേടിവരുന്ന ഒട്ടനേകം വ്യക്തികളുടെ അനുഭവക്കുറിപ്പുകള്‍ തന്നെ മതി അദ്ദേഹത്തിന്‍റെ ആഴമേറിയ ജനകീയത മനസ്സിലാക്കാന്‍. മുസ്തജാബു ദുആയായിരുന്നു അദ്ദേഹമമെന്ന് വിശേഷിപ്പിച്ച നിരവധി അസ്ഹരി പണ്ഡിതരുണ്ട്. മാത്രമല്ല, അദ്ദേഹത്തിന്‍റെ സഹപാഠിയും പ്രസിദ്ധ ഹദീസ് പണ്ഡിതനുമായ അഹ്മദ് മഅ്ബദിന്‍റെ അനുശോചന സന്ദേശത്തിലുണ്ട് ഈ ധന്യമായ ജീവിതത്തെ കുറിച്ചുള്ള കൃത്യമായ വിവരണം. ഹദീസ് പാഠങ്ങളെ ഗവേഷണങ്ങളിലും പ്രഭാഷണങ്ങളിലും ചുരുക്കാതെ ജീവിതത്തിലേക്ക് കൊണ്ടുവന്ന മുഹദ്ദിസ് കൂടിയായിരുന്നു അദ്ദേഹം,  വിദ്യതേടി വരുന്നവരുന്നവരെ നിരാശരാക്കാത്ത അദ്ദേഹത്തിന്‍റെ സമീപനവും ഹൃദയ വിശാലതയും ഏറെ പഠിപ്പിക്കുന്നുണ്ട് പുതുതലമുറയെ. പൊതുവേ തസവ്വുഫിനോടു നീരസം പ്രകടിപ്പിക്കാറുള്ള സലഫികള്‍ വരെ ഇദ്ദേഹത്തെ ഏറെ ആദരിച്ചിരുന്നു. 

ഇദ്ദേഹത്തിന്‍റെ എളിമയുടെ ഉദാത്തമായ ഉദാഹരണമാണ് അദ്ദേഹത്തിന്‍റെ ശിഷ്യനും അസ്ഹറിലെ ഹദീസ് വിഭാഗം അധ്യാപകനുമായിരുന്ന ഹാനി തന്‍ത്വാവിയുടെ അനുഭവം. തന്‍റെ കൃതികളില്‍ പ്രധാനപ്പെട്ടവ പ്രസിദ്ധ ഭാഷാപണ്ഡിതനും കൈറോ അറബ് ഭാഷാ അക്കാദമിയുടെ മേധാവിയുമായ ഹസനു ശാഫിഈയെ കാണിക്കാന്‍ വേണ്ടി പറഞ്ഞപ്പോള്‍, അദ്ദേഹം പറഞ്ഞത് 'ഹസന്‍ വലിയ പണ്ഡിതനാണ്, അദ്ദേഹത്തിന്‍റെ മുന്നില്‍ ഞാന്‍ ചെറുതായിപോകുമെന്നായിരുന്നു', എന്നാല്‍, വിനയം നിറഞ്ഞ ഈ മഹാ ജീവിതത്തെകുറിച്ച് ഈ പ്രസ്തുത ഹസനു ശാഫിഈ പറഞ്ഞത് അദ്ദേഹമാണ് യഥാര്‍ത്ഥ ശൈഖുന, നമ്മളെല്ലാം ആലങ്കാരിക ശൈഖുമാരെന്നായിരുന്നു. ഇനിയുമുണ്ട് ഈ എട്ടു പതിറ്റാണ്ട് ജീവിതത്തിലെ ധന്യമായ ഏടുകള്‍ പറയാന്‍. ഒരിക്കല്‍ ദഅ് വാ ഡിപ്പാര്‍ട്ട്മെന്‍റ്  മേധാവിയാക്കാനുളള അസ്ഹര്‍ അതോരിറ്റിയുടെ തീരുമാനം അറിഞ്ഞ ഉടനെ അദ്ദേഹം അതില്‍നിന്നു തന്നെ ഒഴിവാക്കിത്തരാന്‍ അധികാരികള്‍ക്കു കത്തെഴുതി. തന്‍റെ ജീവിതവും സേവനവും ഹദീസ് മേഖലയില്‍ മതിയെന്നു തീരുമാനിക്കുകയായിരുന്നു ശൈഖവർകള്‍.  ഡിഗ്രിപഠന കാലത്ത് അദ്ദേഹം പ്രവാചകനെ സ്വപ്നത്തില്‍ ദര്‍ശിക്കുകയും ഹദീസ് പഠിക്കാനുള്ള ആശീര്‍വാദങ്ങള്‍ സ്വപ്ന ദര്‍ശനത്തിലൂടെ നേടു കയും ചെയ്തു. ഇപ്രകാരം തന്നെ പ്രവാചക പത്നി മഹതി ആഇശ(റ) യെ സ്വപ്നത്തില്‍ ദര്‍ശിക്കുകയും മഹതിയെകുറുച്ച് ഇസ്ലാമിക വിരുദ്ധരുടെ ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ കല്‍പ്പിക്കുകയും, അതനനസുരിച്ച് അദ്ദേഹം അത്തരം വിഷയങ്ങളില്‍ പഠനങ്ങളും അന്വേഷണങ്ങളും നടത്തുകയും ചെയ്തു.  ഹദീസ് ക്ലാസുകളില്‍ നര്‍മങ്ങളും ചരിത്ര പാഠങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു അദ്ദേഹം ക്ലാസെടുത്തിരുന്നത്. ഇദ്ദേഹത്തിന്‍റെ ഗുരുവര്യരില്‍ പ്രധാനികളാണ് ഈജ്പിതിലെ ആത്മീയ നായകരായ ശൈഖ് അബ്ദുല്‍ ഹലീം മഅ്ബുദ്, പ്രസിദ്ധ ഹദീസ് പണ്ഡിതനായ ശൈഖ് ഫാദാനി അല്‍ മക്കി, അലവി മാലിക്കി, ശൈഖ് അബ്ദുല് വഹാബ് ലത്വീഫ്, ഇദ്ദേഹത്തിൽ നിന്ന്  ഇജാസത്ത് സ്വീകരിച്ചവരില്‍ പ്രധാനികളാണ് മൊറോക്കോയിലെ അബ്ദുല്ല സിദ്ദീഖ് ഉമാരി, അസ്ഹറിലെ മുസ്തഫ അമീന്‍, രിഫ്അത് ഫൗസി, അഹ്മദ് മഅ്ബദ്, സയ്യിദ് നദ എന്നിവര്‍. ജബ്റുല്‍ ഖാത്വിര് ഫി സുന്നതു നബവിയ്യ, നാശിഅതു ലൈല്‍, അല്‍ ഇഖ്ദുല്‍ ഫരീദ് ഫീ ജൗഹറില്‍ അസാനീദ്, ളൗഉല് ഖമര്‍ തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവു കൂടിയാണദ്ദേഹം. അവരുടെ ജീവിതവും സേവനങ്ങളും പാരമ്പര്യ ഇസ്‌ലാമിന്‍റെ കളങ്കരഹിതമായ മുന്നേറ്റങ്ങള്‍ക്കു ശക്തിപകരട്ടെ എന്നു പ്രാര്‍ത്ഥിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter