മാലിക് ബദ്‍രി- ഇസ്‍ലാമിക മനശ്ശാസ്ത്രം വീണ്ടെടുക്കുന്നു
ഇസ്‍ലാമിക ജ്ഞാനചരിത്രത്തില്‍ മുന്‍കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും രചനകള്‍ക്ക് വേദിയൊരുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പില്‍ക്കാലത്ത് വികസിക്കാതെ പോയ വൈജ്ഞാനിക മേഖലകള്‍ പലതുണ്ട്. അത്തരത്തില്‍ ഉത്തമ നൂറ്റാണ്ടുകളിലെ സംഭാവനകളില്‍ മാത്രം ഒതുങ്ങിപ്പോയ ഒന്നായിരുന്നു മനശ്ശാസ്ത്രം. അതിനെ പുനരാവിഷ്‌കരിക്കാനും പുതിയ തലങ്ങളിലേക്ക് വികസിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സുഡാനിയന്‍ എഴുത്തുകാരനും അകാഡമിഷ്യനുമായ മാലിക് ബദ്‍രിയാണ്.
പാശ്ചാത്യ പശ്ചാത്തലങ്ങളില്‍ വികസിച്ചു വന്ന ഏതൊരു വിജ്ഞാന ശാഖയെയും പോലെ പൂര്‍ണ്ണമായും മതേതരവല്‍ക്കരിക്കപ്പെട്ട മനശാസ്ത്ര രംഗത്തെ ആത്മീയമായ വായനകളിലൂടെ കണ്ടെത്താന്‍ അദ്ദേഹം പരിശ്രമിച്ചു. മരണം വരെ ഈ വൈജ്ഞാനിക രംഗത്തിന്റെ പരിപോഷണത്തിനും ഏകീകരണത്തിനും വേണ്ടിയുള്ള അധ്വാനങ്ങളിലാണ് അദ്ദേഹം ശ്രദ്ധിച്ചത്.
മനശ്ശാസ്ത്ര രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന മുസ്‍ലിം വ്യക്തികളടക്കം പൂര്‍ണ്ണമായും പടിഞ്ഞാറന്‍ മനശാസ്ത്ര സമ്പ്രദായങ്ങളും തിയറികളും മാത്രം അവലംബിക്കുന്ന ഒരു ചുറ്റുപാടില്‍ നിന്നാണ് ഡോ. ബദ്‍കി തന്റെ പരീക്ഷണത്തിന് ഇറങ്ങി പുറപ്പെടുന്നത്. 1963 ല്‍ ആദ്യമായി ബദ്‍കി തന്റെ ദീര്‍ഘകാല ചിന്തയായ 'മനശ്ശാസ്ത്രത്തിന്റെ ഇസ്‍സാമീകരണം' എന്ന വിഷയത്തില്‍ ബൈറൂത് സര്‍വ്വകലാശാലയില്‍ ഒരു പ്രബന്ധമവതരിപ്പിച്ചു. സഹപാഠികളില്‍ നിന്ന് ശക്തമായ എതിര്‍പ്പുകള്‍ അദ്ദേഹത്തിന് ഈ വിഷയത്തില്‍ നേരിടേണ്ടി വന്നു. മനശ്ശാസ്ത്രം ഒരു സ്വതന്ത്ര വ്യവഹാരമായി നിലനില്‍ക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്ന അവര്‍ക്ക് മതകീയ കാഴ്ചപ്പാടുകള്‍ കൂടി സംയുക്തമായി ഇതിനെ വായിക്കുന്നതില്‍ ശക്തമായ വിയോജിപ്പ് ഉണ്ടായിരുന്നു.
ഇവ്വിഷയകമായി കൂടുതല്‍ ഗവേഷണങ്ങളും പഠനങ്ങളുമായി കഴിച്ചു കൂട്ടിയ അദ്ദേഹം ബിഹേവിയര്‍ തെറാപ്പിക്ക് ഇസ്‍സാമിലെ മനശ്ശാസ്ത്ര കാഴ്ചപ്പാടുകളോട് കൂടുതല്‍ ഇഴയടുപ്പമുണ്ടെന്ന് മനസ്സിലാക്കി. ഒരു വ്യക്തിയുടെ സ്വഭാവത്തിലോ മാനസിക നിലയിലോ ഉള്ള വീഴ്ചകളെ പരിഹരിക്കുകയും പുതിയ നല്ല ചിന്താ രീതികള്‍ സ്വീകരിക്കുകയും ചെയ്യുന്ന തെറാപ്പി എന്ന് ചുരുക്കത്തില്‍ ഈ രീതിയെ വിവരിക്കാം. തുടര്‍ന്ന്, ബിഹാവിയര്‍ തെറാപ്പി പരിശീലിക്കാന്‍ ബ്രിട്ടണിലെത്തിയ അദ്ദേഹം പ്രശസ്ത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ വിക്ടര്‍ മേയറുടെ അടുത്ത് പരിശീലനം നേടുകയും ഇക്കാലയളവില്‍ അദ്ദേഹത്തോട് തെറാപ്പി രീതികള്‍ കൂടുതല്‍ മനുഷ്യത്വവത്കരിക്കേണ്ട ആവശ്യകതയെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ബദ്‍രിയുടെ ചിന്താഗതിയില്‍ ആകൃഷ്ടനായ അദ്ദേഹം ഈ പഠനം പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടു. ഈ പ്രബന്ധം ശ്രദ്ധിക്കപ്പെടുകയും അക്കാലത്തെ പ്രഗത്ഭരായ പല മനശ്ശാസ്ത്രഞ്ജരും അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു.
Also Read:മാർട്ടിൻ ലിങ്സ് : ഇംഗ്ലീഷ് സാഹിത്യകാരനായ ആധ്യാത്മികൻ
ബിഹേവിയര്‍ തെറാപ്പി പഠനം പൂര്‍ത്തിയാക്കിയ ശേഷം ഖര്‍തൂം യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസര്‍ ആയി സേവനമനുഷ്ഠിക്കുമ്പോഴാണ് തന്റെ ചിന്താധാരയിലൂടെ വലിയ ചുവടുവെപ്പുകള്‍ നടത്താന്‍ അദ്ദേഹത്തിന് സാധിച്ചത്. ഖര്‍ത്തൂമിലെ സൈക്കോളജി വിഭാഗം തലവനായ പ്രൊഫസര്‍ താഹ ബഷീറിന്റെ പിന്തുണയോടെ ഈ ഗവേഷണവുമായി അദ്ദേഹം മുന്നോട്ട് പോയി. റിയാദ് യൂണിവേഴ്‌സിറ്റിയില്‍ ആദ്യമായി സൈക്കോളജിക് ക്ലിനിക് രൂപീകരിച്ച് അദ്ദേഹം പുതിയ വഴികള്‍ വെട്ടിയെടുത്തു. തുടര്‍ന്ന് നടന്ന മുസ്‍ലിം സോഷ്യല്‍ സയന്റിസ്റ്റുകളുടെ കോണ്ഫറന്‌സില്‍ അദ്ദേഹം മുസ്‍ലിം മനശാസ്ത്രജ്ഞരുടെ അനാസ്ഥയെ നിശിതമായി വിമര്‍ശിക്കുകയും ഇത് അക്കാദമിക സമൂഹത്തിനിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
ഈ കോണ്‍ഫറന്‍സിലെ പ്രതികരണങ്ങളാണ് ദി ഡിലമ്മ ഓഫ് മുസ്‍ലിം സൈക്കോളജിസ്‌റ്റ്‌സ് എന്ന പുസ്തക രചനയിലേക്ക് അദ്ദേഹത്തെ നയിച്ചത്. പാശ്ചാത്യ മനശ്ശാസ്ത്ര സമീപനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച ഈ ഗ്രന്ഥത്തില്‍ ഇമാം റാസി, ഇമാം ഗസാലി, ഇബ്നു സീന തുടങ്ങിയ മുസ്‍ലിം പണ്ഡിതരുടെ മനശ്ശാസ്ത്ര കാഴ്ചപ്പാടുകളെയും ചികിത്സാ രീതികളെയും അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്.
മനശ്ശാസ്ത്ര രംഗത്ത് ആധിപത്യം സ്ഥാപിച്ചിരുന്ന ഫ്രോയിഡിയന്‍ കാഴ്ചപ്പാടുകളോട്, വിദ്യാഭ്യാസ കാലത്ത് തന്നെ ബദ്‍രിക്ക് വിയോജിപ്പുണ്ടായിരുന്നു. മനുഷ്യന്റെ സാധാരണവും അസാധാരണവുമായ (നോര്‍മല്‍ ആന്‍ഡ് അബ്‌നോര്‍മല്‍) പെരുമാറ്റങ്ങള്‍ക്കെല്ലാം കാരണം അബോധ മനസ്സിലെ ലൈംഗിക ചോദനകളാണ് എന്ന് തുടങ്ങിയ കാഴ്ചപ്പാടുകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വാദിച്ചു . അതേസമയം മറ്റൊരു പ്രധാന മനശ്ശാസ്ത്ര സമീപനമായിരുന്ന, കാള്‍ റോജര്‍സിന്റെ ക്ലയന്റ് സെന്റര്‍ഡ് തെറാപ്പിയോടും അദ്ദേഹത്തിന് മതിപ്പുണ്ടായിരുന്നില്ല. ഫ്രോയിഡിന്റെ ചിന്താ രീതികളുടെ പ്രശ്‌നങ്ങള്‍ അനാവരണം ചെയ്യുന്നതില്‍ മനശ്ശാസ്ത്രജ്ഞനായ കാള്‍ ഹെയ്സിങ്ക് ആണ് അദ്ദേഹത്തിന് ആശയപരമായ പിന്തുണ നല്‍കിയത്.
ബദ്‍രിയുടെ മറ്റൊരു പ്രധാന പരിശ്രമം, ചരിത്രത്തില്‍ അവഗണിക്കപ്പെട്ട മുസ്‍ലിം മനശാസ്ത്രജ്ഞരുടെ സംഭാവനകള്‍ വെളിച്ചത്തു കൊണ്ടുവരാനായിരുന്നു. അബൂ സൈദ് അല്‍ ബല്‍ഖിയെ പോലെയുള്ള ശാസ്ത്രജ്ഞരുടെ പുസ്തകങ്ങള്‍ വീണ്ടെടുക്കാനും അവയില്‍ പ്രസക്തമായത് പരിഭാഷപ്പെടുത്താനും അദ്ദേഹം മുന്നോട്ടു വന്നത് ഇതിന്റെ ഭാഗമാണ്. ഇത്തരം പരിശ്രമങ്ങളുടെ തുടര്‍ച്ചയായാണ് മുസ്‍ലിം മനശ്ശാസ്ത്രജ്ഞരുടെ വൈജ്ഞാനിക വികാസം ലക്ഷ്യം വെച്ചുകൊണ്ട് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ഇസ്‍ലാമിക് സൈക്കോളജി അദ്ദേഹം രൂപീകരിച്ചത്.
ഇസ്‍ലാമിക മനശ്ശാസ്ത്ര രംഗത്തെ ബൗദ്ധികാടിത്തറ കണ്ടെത്തിയും അതിനെ വീണ്ടെടുക്കാന്‍ കിടയറ്റ പരിശ്രമങ്ങള്‍ക്ക് നേത്രത്വം നല്‍കിയുമാണ് അദ്ദേഹം ജീവിതകാലം കഴിച്ചുകൂട്ടിയത്.
Leave A Comment