അബൂമൂസാ അൽഅശ്അരി(റ):  പ്രവാചകര്‍ പ്രശംസിച്ച പാരായണം

സ്വഹാബിവര്യന്മാരിൽ ഉന്നതൻ, ഖുർആൻ പാരായണത്തിൽ പ്രവാചകന്റെ പ്രത്യേകപ്രശംസ  ലഭിച്ച മഹാൻ, കര്‍മശാസ്ത്രത്തിലെ  അതീവജ്ഞാനി, നീതി ന്യായങ്ങളിൽ വ്യതിരിക്ത പാടവത്തിനുടമ, അബൂ മൂസ അൽഅശ്അരി(റ)ന് ഇങ്ങനെ വിശേഷണങ്ങളേറെയാണ്. അത് കൊണ്ട് തന്നെ, പ്രവാചക തിരുമേനിയുടെയും നാലു ഖലീഫമാരുടെയും ഗവർണറാകാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിക്കുകയും ചെയ്തു. 

ആനക്കലഹ സംഭവത്തിന്റെ ഏതാണ്ട് 30 വർഷങ്ങൾക്ക് ശേഷം, ഖഹ്താനീ അശ്അരീ കുടുംബത്തിലെ ഖൈസുബ്നു സലീമിന്റെയും അകിയ്യഃ കുടുംബത്തിലെ ളബിയ്യ ബിൻത് വഹബിന്റെയും മകനായി ക്രി. 602ൽ യമനിലെ സബീദിലായിരുന്നു ജനനം. വിശ്വാസ ശാസ്ത്രത്തിലെ പ്രമുഖ സരണിയായ അശ്അരീ സരണിയുടെ ഇമാം അബൂ ഹസൻ അൽഅശ്അരിയുടെ ഏഴാമത്തെ പിതാമഹനാണ് അബൂമൂസ(റ). 

മക്കയിൽ പ്രവാചകൻ(സ്വ) പ്രബോധനം നടത്തുമ്പോഴാണ് അബൂമൂസ അൽഅശ്അരി കടന്നുവരുന്നത്. ഇസ്‍ലാമാശ്ലേഷാനന്തരം ജന്മ നാടായ സബീദിലേക്ക് തന്നെ തിരിച്ചുപോയി. ശേഷം തന്റെ മാതാവ് ളബിയ്യ(റ) ഉൾപ്പെടെ അമ്പതിൽപരം ആളുകളെ ഹിജ്റക്ക് ശേഷം മദീനയിൽ എത്തിക്കുകയും അവരെല്ലാം ഇസ്‍ലാം ആശ്ലേഷിക്കുകയും ചെയ്തു. സബീദിൽ നിന്ന് മദീനയുടെ അടുത്തുള്ള തുറമുഖത്തേക്ക് പോകുന്നതിനിടയിൽ കപ്പൽ കാറ്റിന്റെ ഗതിയനുസരിച്ച് എത്യോപ്യയിലേക്ക് നീങ്ങുകയും തുടർന്ന് അവിടെനിന്ന് മടങ്ങിവരുന്ന ജഅ്ഫര്‍(റ)ന്റെ നേതൃത്വത്തില്‍ പലായനം ചെയ്ത സ്വഹാബിവര്യന്മാരടങ്ങുന്ന കപ്പലുമായി കണ്ടുമുട്ടുകയും അവർ ഒരുമിച്ച് കരയിൽ നങ്കൂരമിടുകയും ചെയ്തുവെന്നും ചരിത്രത്തില്‍ കാണാം. ഇതിന്റെ പശ്ചാത്തലത്തില്‍, പ്രവാചകൻ(സ്വ) അബൂ മൂസ(റ)യോട് ഇങ്ങനെ പറഞ്ഞു: നിങ്ങൾക്ക് രണ്ട് ഹിജ്റയുണ്ട്, ഒന്ന് നജ്ജാശിയുടെ അടുത്തും മറ്റൊന്ന് എന്റെയടുത്തും. (യമനിൽ  നിന്ന് വരുന്ന വഴി കപ്പൽ ഗതി തെറ്റി എത്യോപ്യൻ തീരത്തണിഞ്ഞതിനെ സൂചിപ്പിച്ചായിരുന്നു ഇത്).

പ്രവാചകന്റെ വിശ്വസ്തനായിരുന്നു അബൂ മൂസാ(റ). ഇസ്‍ലാമിന് കീഴിൽ വന്ന സബീദിന്റെയും അദനിന്റെയും ഗവർണറായി അദ്ദേഹത്തെ നബി(സ്വ) നിയമിച്ചത് അതിന്റെ തെളിവാണ്. മഹാനായ ഖലീഫ ഉമര്‍(റ)ന്റെ കാലത്ത് ബസ്വറയിലെ  ഗവർണറാകാനുള്ള നിയോഗവുമുണ്ടായി. മഹാനായ ഖതാദ(റ) പറയുന്നു: ഒരിക്കൽ അബൂ മൂസ(റ) ഒരു നാട്ടിലെത്തി. അവിടെയുള്ള ജനങ്ങൾ വസ്ത്രക്ഷാമം കാരണത്താൽ ജുമുഅ നിസ്കാരത്തിന് പോവുന്നില്ലെന്ന് അറിഞ്ഞത്. തുടർന്ന് അദ്ദേഹം അബാഅ (നീളൻ വസ്ത്രം) കൊണ്ടുവരികയും അവർക്കെല്ലാം നല്‍കുകയും ചെയ്തു. 
ഹി.17നായിരുന്നു അദ്ദേഹം ബസ്വറയിലെ ഗവർണറായി ചുമതലയേറ്റത്. മുഗീറ(റ)യെ മാറ്റിയായിരുന്നു ആ നിയമനം. ശേഷം ഉമർ(റ) അഹ്‌വാസിലേക്ക് പോകാൻ അവശ്യപ്പെടുകയും അദ്ദേഹത്തിന്റെ കരങ്ങളിലൂടെ അഹ്‌വാസ് ഇസ്‍ലാമികഭരണത്തിന് കീഴിലാവുകയും ചെയ്തു.

മഹാനായ ഉമർ(റ) മിഹ്റാബിൽ വെച്ച് കൊല്ലപ്പെട്ടപ്പോൾ അദ്ദേഹം ബസ്വറയിലായിരുന്നു. തുടര്‍ന്ന് വന്ന ഉസ്മാന്‍(റ)വും അദ്ദേഹത്തെ ഗവർണറായി തുടർത്തി. പിന്നീട് അദ്ദേഹത്തെ മാറ്റി ശേഷം ഇബ്നു ആമിറിനെ നിയമിക്കുകയും അബൂ മൂസാ(റ) കൂഫയിലേക്ക് പോവുകയും ചെയ്തു. കൂഫയിലെത്തിയ അബൂമൂസ(റ)നെ അവർ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തു. അദ്ദേഹത്തിന് വളരെ പെട്ടന്ന് തന്നെ ജനസ്വാധീനം ലഭിക്കുകയും തുടർന്ന് അവിടത്തെ ഗവർണർ സഈദ് ബ്നു ആസ്(റ)നെ മാറ്റി അദ്ദേഹത്തെ കൂഫയുടെ ഗവർണറായി നിയമിക്കുകയും ചെയ്തു. ഉസ്മാൻ(റ) കലാപകാരികളാൽ കൊല്ലപ്പെടുന്നത് വരെ അദ്ദേഹം കൂഫയുടെ ഗവർണറായി തുടര്‍ന്നു. അലി(റ)  അധികാരത്തിലേറിയ ശേഷം അല്‍പകാലം ആ സ്ഥാനത്ത് തുടര്‍ന്നു. ശേഷം, അദ്ദേഹത്തെ ഔദ്യോഗിക ചുമതലകളിൽ നിന്നും മാറ്റി. മുആവിയ(റ)വും അലി(റ)വും തമ്മിലുണ്ടായ സ്വിഫീന്‍ യുദ്ധത്തിനൊടുവില്‍ ഇരുപക്ഷത്ത് നിന്നും രണ്ട് മധ്യസ്ഥരെ നിയമിച്ച് അവര്‍ കാര്യങ്ങള്‍ തീരുമാനിക്കട്ടെ എന്ന തലത്തിലെത്തിയപ്പോള്‍, അലി(റ)ന്റെ പക്ഷത്ത് നിന്ന് മധ്യസ്ഥനായി തെരഞ്ഞെടുക്കപ്പെട്ടതും കഥാപുരുഷനായ അബൂമുസല്‍അശ്അരി(റ) ആയിരുന്നു.

ഒരുപാട് ഹദീസുകൾ അദ്ദേഹം നിവേദനം ചെയ്തിട്ടുണ്ട്.  പ്രവാചകര്‍(സ്വ)യില്‍ നിന്ന് നേരിട്ടും അബൂബക്ർ(റ),  ഉമർ(റ),  ഉസ്മാൻ(റ),  അലി(റ),  ഇബ്നു അബ്ബാസ്(റ),  ഉബയ്യുബ്നു കഅബ്(റ),   അമ്മാറുബ്നുയാസിർ(റ),  മുആദുബ്നു ജബൽ(റ) എന്നിവരിലൂടെയും അദ്ദേഹം നിരവധി ഹദീസുകൾ നിവേദനം ചെയ്തിട്ടുണ്ട്.

വളരെ വ്യത്യസ്തമായ, എല്ലാവരെയും ആകര്‍ഷിക്കുന്ന ഖുർആൻ പാരായണ ശൈലി കൊണ്ട് അനുഗ്രഹീതനായിരുന്നു അദ്ദേഹം. ഒരിക്കൽ നബി(സ്വ) അദ്ദേഹത്തോട് പറഞ്ഞു: ദാവൂദ് നബി(അ)ന്റെ നല്ല ശബ്ദം താങ്കൾക്ക് നൽകപ്പെട്ടിരിക്കുന്നു. അദ്ദേഹം ബസ്വറയിലായിരിക്കെ സുബ്ഹിക്ക്  ശേഷം വിശ്വാസികൾക്ക് ഖുർആൻ ഓതികൊടുക്കുമായിരുന്നു. അറിവിലും നീതിന്യായത്തിലും അദ്ദേഹം മുൻപന്തിയിലായിരുന്നു. അസ്‌വദുന്നഖഈ(റ) പറയുന്നു: കൂഫയിൽ അലി(റ)വിനേക്കാളും അബൂ മൂസ(റ)വിനേക്കാളും അറിവുള്ളവനെ എനിക്കറിയില്ല. മഹാനായ സഫ്‌വാൻ ബ്നു സലീം(റ) പറയുന്നു: പ്രവാചകന്റെ കാലത്ത് പള്ളിയിൽ ഫത്‍വ നൽകുന്നവർ ഉമർ(റ),  അലി(റ), മുആദ്(റ), അബൂമൂസാ(റ) എന്നിവരായിരുന്നു.

മഹാനായ ഫള് ലുബ്നു അബ്ബാസ്(റ)വിന്റെ മകൾ ഉമ്മുകുൽസൂം(റ)യെയും മഹതി ഉമ്മുഅബ്ദില്ല(റ)യെയും അദ്ദേഹം വിവാഹം കഴിച്ചു. ഈ ദാമ്പത്യ ജീവിതത്തിൽ നിന്ന് ഇബ്രാഹീം, അബൂബക്കർ, മൂസ, അബൂബുർദ എന്നീ മക്കളുണ്ടായി.

ഹിജ്റ 42ല്‍ കൂഫയില്‍ വെച്ചാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്. അദ്ദേഹത്തിനന്ന് അറുപത്തിമൂന്ന് വയസ്സായിരുന്നു. അതോടെ ഖുര്‍ആന്‍ പാരായണ ശൈലിയുടെ വിപ്ലവ ജീവിതം കൂടി അവസാനിക്കുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter