ശൈഖ് ഹിശാം ഖബ്ബാനി: ആത്മീയതയുടെ ‌ആധുനിക പ്രതീകം

ലോകപ്രശസ്ത പണ്ഡതിനും സ്വൂഫീവര്യനുമായ ഹിശാം ഖബ്ബാനിയുടെ വിയോഗമായിരുന്നു പോയ വാരത്തിലെ പ്രധാന വാര്‍ത്തകളിലൊന്ന്. സുന്നീ ആത്മീയാചാര്യനായിരുന്ന ശൈഖ് ഹിശാം ഖബ്ബാനി (28 ജനുവരി 1945 - 05 ഡിസംബർ 2024), ലെബനീസ് അമേരിക്കൻ പണ്ഡിതന്‍ കൂടിയായിരുന്നു. നഖ്ശബന്ദി സൂഫി സരണിയുടെ ലോകോത്തര നേതാവും, ലോകത്തുടനീളം ലക്ഷക്കണക്കിന് അനുയായികളുടെ ആത്മീയാചാര്യനുമായ അദ്ദേഹം അമേരിക്കൻ ഐക്യ നാടുകളിൽ ഇസ്‍ലാമിന്റെ ആശയ-സന്ദേശങ്ങൾ പുതുമയോടെ സമർപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ച വ്യക്തി കൂടിയാണ്. ഭൗതികതയിൽ സുഖവും സൗഖ്യവും തേടുന്ന ജനതയെ ആത്മീയ മാർഗ്ഗങ്ങളിലൂടെ സമാധാനപൂർണ്ണമായ ജീവിതം നയിക്കാൻ പ്രാപ്തരാക്കുന്നതിലും അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ സർവരാലും സ്വീകരിക്കപ്പെട്ടു.  അമേരിക്കൻ യൂറോപ്യൻ നാടുകളിൽ നിലനിൽക്കുന്ന ഇസ്‍ലാമിനെതിരെയുള്ള തെറ്റിദ്ധാരണകളെ നീക്കാനും ഇസ്‍ലാമിന്റെ തനിമയെ പാശ്ചാത്യർക്കു ബോധ്യപ്പെടുത്താനും അദ്ദേഹത്തിനും താൻ നേതൃത്വം നൽകുന്ന പ്രസ്ഥാനത്തിനും സാധിച്ചുവെന്നത് അദ്ദേഹത്തെ ജനങ്ങൾ ഉൾക്കൊണ്ടുവെന്നതിന്റെ തെളിവാണ്.

ജീവിതം, ദർശനം
1945-ൽ ലെബനോണിന്റെ മനോഹരമായ ബെയ്റൂത്തിൽ ഒരു പരമ്പരാഗത സുന്നി മുസ്‍ലിം കുടുംബത്തിൽ ജനിച്ച ശൈഖ് ഹിശാം ഖബ്ബാനി, ബാല്യകാലം മുതലേ ആധ്യാത്മികതയോടുള്ള സ്വാഭാവിക ആകർഷണം പ്രകടമാക്കിയിരുന്ന ഒരു വ്യക്തിയായിരുന്നു. പൈതൃകവും മതപരവുമായ ചുറ്റുപാടുകൾ അദ്ദേഹത്തിന് ആത്മീയതയുടെ അടിത്തറയായി. മദ്രസ വിദ്യാഭ്യാസവും ഫഖ്‌റുദ്ധീൻ അരാസ്‌ലാൻ കോളജിൽ നടന്ന പഠനങ്ങളും അദ്ദേഹത്തിലെ ഇസ്‍ലാമിക ചിന്തയെ ആഴങ്ങളിലേക്ക് കൊണ്ടുപോയി.

അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ബെയ്റൂതിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയശേഷം, ബെൽജിയത്തിലെ ലൂവെയ്നിലേക്ക് പോയി മെഡിക്കൽ ബിരുദം പഠനം ആരംഭിച്ചു. പിന്നീട്, ഡമസ്കസിൽ നിന്ന് ഇസ്‍ലാമിക നിയമത്തിലും ബിരുദം നേടി.

പ്രഗത്ഭ സൂഫി ഗുരുവായ ശൈഖ് മുഹമ്മദ് നസീം അൽഖുബ്ബാരിയുടെ കീഴിൽ ശൈഖ് ഹിശാം ആത്മീയതയുടെ അനുഭവ-താളങ്ങൾ അന്വേഷിച്ചു. ലോകത്ത് സമാധാനവും സഹവർത്തിത്വവും പ്രചരിപ്പിക്കാനുള്ള സൂഫിസത്തിന്റെ സന്ദേശത്തിൽ അദ്ദേഹം ആഴത്തിലുള്ള പഠനങ്ങൾ നടത്തി. അതിന്റെ ഫലമെന്നോണം, തന്റെ ജീവിതം തന്നെ, സൂഫിസത്തിന്റെ സാരം പ്രയോഗത്തിൽ കൊണ്ടുവരാനുള്ള പ്രതിജ്ഞയാക്കി മാറ്റി അദ്ദേഹം.

1970കളിൽ, തന്റെ ആത്മീയ ദൗത്യത്തിനായി, ശൈഖ് ഹിശാം അമേരിക്കയിലേക്ക് യാത്ര തിരിച്ചു. പാശ്ചാത്യ ലോകത്ത് ഇസ്‍ലാമിക മൂല്യങ്ങളെ ശരിയായി അവതരിപ്പിക്കണമെന്ന് ലക്ഷീകരിച്ച് Islamic Supreme Council of America (ISCA) എന്ന പ്രസ്ഥാനം അദ്ദേഹത്തിന്റെ കാർമികത്വത്തിൽ സ്ഥാപിക്കുകയും, അതിലൂടെ ഇസ്‍ലാമിന്റെ സഹിഷ്ണുതയുള്ള മുഖം ആധുനിക അമേരിക്കൻ സമൂഹത്തിന് പരിചയപ്പെടുത്താന്‍ ഒരു പരിധി വരെ അദ്ദേഹത്തിനു സാധ്യമാവുകയും ചെയ്തു.

ശൈഖ് ഖബ്ബാനി മതാതീതമായ സൗഹൃദവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി രാജ്യ തലവന്മാരും നയതന്ത്രജ്ഞരും പണ്ഡിതരും പൊതുജനങ്ങളും ഉൾപ്പെടെയുള്ളവരോട് ആശയവിനിമയം നടത്തി. അദ്ദേഹം റാഡിക്കലിസം ചെറുക്കുകയും, സംഘർഷഭരിത പ്രദേശങ്ങളിൽ സമാധാന പ്രോത്സാഹന പരിപാടികൾ വിജയകരമായി നടപ്പാക്കുകയും ചെയ്തു. ഒക്‌സ്‌ഫോർഡ്, എസ്‌ഒഎഎസ്, യേൽ, ബെർക്ക്‌ലി, ചിക്കാഗോ, കൊളംബിയ, ഹോവാർഡ്, മക്‌ഗിൽ തുടങ്ങിയ പ്രശസ്ത സർവകലാശാലകളിലും നിരവധി അന്താരാഷ്ട്ര വേദികളിലും പ്രഭാഷണം നടത്തിയ ശൈഖ് ഖബ്ബാനി ഇസ്‍ലാം മുന്നോട്ടുവെക്കുന്ന ലളിത സുന്ദര ബഹുസ്വരതയെ തന്റെ സംസാരങ്ങളിലൂടെ പരിചയപ്പെടുത്തുകയുണ്ടായി.

ഇസ്‍ലാമിനെ ഒരു മിതമായ, സഹിഷ്ണുതയുള്ള, സമാധാനവും നീതിയുമുളവാക്കുന്ന മതമായി അവതരിപ്പിക്കുന്നതിനും, ആധുനിക, ഭൗതിക ലോകത്ത് ഇസ്‍ലാമിക വിശ്വാസങ്ങൾ ശാസ്ത്രീയവും അതേ സമയം, പാരമ്പര്യപരവുമായ സമീപനങ്ങളിലൂടെ പരിചയപ്പെടുത്തുന്നതിനും  അദ്ദേഹം മേൽനോട്ടം വഹിക്കുന്ന ISCA സംഘത്തിനു കഴിഞ്ഞുവെന്നത് പരസ്യമായ യാഥാർഥ്യമണ്. പാശ്ചാത്യ സമൂഹത്തിൽ നിലനിന്നിരുന്ന തെറ്റിദ്ധാരണകൾ നീക്കുന്നതിലും ഇസ്‍ലാമിക വിശ്വാസങ്ങളെ വിശ്വസനീയമായി അവതരിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നിർണായകമായിരുന്നു.

വഹാബിസം മുന്നോട്ട് വെക്കുന്ന ഇസ്‍ലാമിന് വിരുദ്ധമായി,  ISCA-യുടെ പ്രചാരണം പാരമ്പര്യ ഇസ്‍ലാമിക നിയമങ്ങളിലും ആശയങ്ങളിലുമായി അദ്ദേഹം ശക്തിപ്പെടുത്തി. അമേരിക്കയിലെ വലിയ നഗരങ്ങളിൽ നടത്തിയ പ്രാർത്ഥനാ യോഗങ്ങൾ, ശില്പശാലകൾ, പ്രഭാഷണങ്ങൾ എന്നിവയിലൂടെ, പാശ്ചാത്യ സമൂഹത്തിൽ ഇസ്‍ലാമിന്റെ സൗന്ദര്യം, സഹിഷ്ണുത, കരുണ, സഹവർത്തിത്വം എന്നിവയിലൂടെ പുതുമുഖങ്ങളെ ആകർഷിക്കാനുള്ള ശ്രമങ്ങൾ അദ്ദേഹം തുടർന്നു. ആധുനികതയും മതപരമായ പ്രൗഢിയും ചേർന്ന ഒരു സമവായത്തിന്‍റെ മാതൃകയായി അദ്ദേഹം സംവാദങ്ങൾ നയിച്ചു.

ശൈഖ് ഹിശാമിന്റെ രചനകൾ ആത്മീയതയുടെയും ജീവിത തത്വങ്ങളുടെയും രത്നച്ചുരുക്കമായിരുന്നു. "എത്തിക്കൽസ് ഓഫ് സൂഫിസം" എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധ കൃതിയിലൂടെ അദ്ദേഹം ആത്മീയ മൂല്യങ്ങൾ ശാസ്ത്രീയമായ രീതിയിൽ വിശദീകരിച്ചു. ആധുനികതയുടെയും ഭൗതികതയുടെയും അമിത സ്വാധീനങ്ങളിൽ നിന്ന് മനുഷ്യൻ മോചിതനാകേണ്ടതിന്റെ പ്രാധാന്യമോതിയ അദ്ദേഹം, സമാധാനപരമായ സഹവർത്തിത്വത്തിന്റെ സന്ദേശം, പുതിയ തലമുറകളെ ഉജ്ജ്വലമായ ഭാവിയിലേക്ക് നയിക്കാനുള്ള മുഖ്യ ഹേതുകമാണെന്ന് ഈ ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നുണ്ട്. പരമ്പരാഗതയും ആധുനികതയും സമന്വയിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ എഴുത്തുകൾക്ക് സുപ്രധാനമായൊരു സ്ഥാനമുണ്ട്. ഇസ്‍ലാമിക ആശയങ്ങളുടെ ആധുനിക വായനയായും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലെ ദർശനങ്ങളെ ഗ്രഹിക്കാവുന്നതാണ്.

ജീവിതത്തിന്റെ ഭൂരിപക്ഷവും താമസിച്ചത് അമേരിക്കയിലാണെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തന പഥം ലോകത്തിന്റെ പലകോണുകളിലും വ്യാപിച്ചുകിടക്കുന്നു. തന്നെ ഉൾക്കൊണ്ട, തന്റെ ആശയങ്ങളെ സ്വാംശീകരിച്ച അനവധി ശിഷ്യന്മാരിലൂടെ ഭൂഗോളത്തിന്റെ സകല മൂലകളിലും അദ്ദേഹത്തിന്റെ ചലനങ്ങൾ പ്രതിഫലിച്ചു. ലോകപ്രശസ്ത ബോക്സർ മുഹമ്മദലിയും, മുൻ ഇന്തോനേഷ്യൻ പ്രസിഡന്റ് സുസിലോ ബാംബാഗും അദ്ദേഹത്തിന്റെ ദർശനങ്ങളെ ശിരസാവഹിച്ച ലക്ഷോപ ശിഷ്യന്മാരിൽ പ്രമുഖരാണ്.

അന്ത്യയാത്ര

2024 ഡിസംബർ 4 ന്, തന്റെ 79-ാം വയസ്സിൽ, ശൈഖ് ഹിശാം ഖബ്ബാനി തന്റെ ജീവിത ദൗത്യത്തിന്റെ അന്തിമഘട്ടത്തിലെത്തി. അദ്ദേഹത്തിന്റെ മരണവാർത്ത ലോകമെമ്പാടുമുള്ള അനുയായികളെയും സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. സമാധാനത്തിനായുള്ള ആത്മാർത്ഥമായ പരിശ്രമങ്ങളും ആത്മീയ പാഠങ്ങളും അവശേഷിപ്പിച്ച് ശൈഖ് ഹിശാം ഖബ്ബാനി ദൈവിക സാമീപ്യം പുൽകി. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പരമ്പരാഗത ഇസ്‍ലാമിന്റെ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ ശൈഖ് ഖബ്ബാനി ഇന്ന് ആധുനിക ലോകത്തിന് ഒരു ദീപസ്തംഭമാണ്. അതില്‍നിന്ന് ഇനിയും വെളിച്ചം നുകരാന്‍ സമൂഹത്തിന് സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter