പരസ്യമല്ല; സ്വകാര്യതയാണ് കൂടുതല്‍ സ്വീകാര്യം

അല്ലാഹു എല്ലാം അറിയുന്നവനാണ്, എല്ലാം കാണുന്നവനാണ്. രഹസ്യവും പരസ്യവും അവനിക്കറിയാം. മറഞ്ഞതും തെളിഞ്ഞതും അവനിക്ക് കാണാം. ഒളിവിലുള്ളതും വെളിയിലുള്ളതും അവനിക്ക് സമം തന്നെ. പരോക്ഷമായതും പ്രത്യക്ഷമായതും അവന്റെ നിയന്ത്രത്തില്‍ തന്നെ. 

'നിശ്ചയം ഭുവന വാനങ്ങളിലെ അദൃശ്യങ്ങളറിയുന്നവനാണ് അല്ലാഹു, ഹൃദയങ്ങളിലുള്ളവയെക്കുറിച്ചും സൂക്ഷ്മജ്ഞാനേ്രത അവന്‍' (ഖുര്‍ആന്‍, സൂറത്തുല്‍ ഫാത്വിര്‍ 38). 'ആകാശത്തോ ഭൂമിയിലോ ഉള്ള യാതൊന്നും അവനു ഗോപ്യമല്ല' (സൂറത്തു ആലു ഇംറാന്‍ 05).

രഹസ്യമായാലും പരസ്യമായാലും സല്‍ക്കര്‍മ്മങ്ങളും സുകൃതങ്ങളും അനുവര്‍ത്തിക്കണമെന്നാണ് സര്‍വ്വജ്ഞനായ അല്ലാഹു കല്‍പ്പിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ ദൃഷ്ടിയില്‍പ്പെടാതെ സ്വകാര്യമായി ചെയ്യുന്ന ചെയ്തികളാണ് അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നതും ഏറെ പ്രതിഫലാര്‍ഹമായി നിശ്ചയിച്ചിട്ടുള്ളതും. അല്ലാഹു പറയുന്നു: ധര്‍മ്മങ്ങള്‍ നിങ്ങള്‍ പരസ്യപ്പെടുത്തുന്നുവെങ്കില്‍ നല്ലതു തന്നെ. രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് നല്‍കുകയുമാണെങ്കില്‍ അത് ഏറ്റവുമുത്തമമായി ഭവിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുപ്പിച്ച് കളയുകയും ചെയ്യും. നിങ്ങളുടെ ചെയ്തികളെപ്പറ്റി അല്ലാഹു സൂക്ഷ്മജ്ഞാനിയാകുന്നു (ഖുര്‍ആന്‍, സൂറത്തുല്‍ ബഖറ 271). 

സല്‍പ്രവര്‍ത്തനങ്ങള്‍ പരസ്യമാക്കുന്നതിനേക്കാള്‍ ശ്രേഷ്ഠം രഹസ്യമാക്കലാണെന്നും പരസ്യമാക്കുന്നതില്‍ ജനങ്ങള്‍ക്ക് പ്രചോദനമാവുന്ന രീതിയില്‍ പൊതു ഉപകാരമുണ്ടെങ്കില്‍ അതുമാവാമെന്നുമാണ് മേല്‍ ഖുര്‍ആനിക സൂക്തം വ്യക്തമാക്കുന്നത് (തഫ്‌സീറുല്‍ ഖുര്‍ത്വുബി 3/233, തഫ്‌സീറുത്ത്വബ് രി 5/15, തഫ്‌സീറു ഇബ്‌നു കസീര്‍ 1/701). 

കാരണം പരസ്യമാക്കാത്ത സല്‍ക്കര്‍മ്മങ്ങളാണല്ലൊ കൂടുതല്‍ ആത്മാര്‍ത്ഥമായത്. സല്‍ക്കര്‍മ്മി സൃഷ്ടികളില്‍ നിന്ന് യാതൊരു പ്രതിഫലമോ നന്ദി പ്രകടനമോ പ്രതീക്ഷിക്കുന്നില്ല. മറിച്ച് സ്രഷ്ടാവില്‍ നിന്നുള്ള പ്രതിഫലങ്ങളാണ് ഇഛിക്കുന്നത്. സത്യമത പ്രബോധന പ്രചാരകരായ നബിമാര്‍ ജനങ്ങള്‍ കാണാത്ത രീതിയില്‍ സ്വകാര്യമായി സല്‍കൃത്യങ്ങള്‍ ചെയ്തിരുന്നുവെന്ന് ചരിത്രത്തില്‍ കാണാം. മനുഷ്യവേഷത്തില്‍ അതിഥികളായി വന്ന മലക്കുകളെ ഇബ്രാഹിം നബി (അ) സല്‍ക്കരിച്ചത് പരിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്: 

ഇബ്രാഹിം നബിയുടെ വിശിഷ്ടാതിഥികളെക്കുറിച്ചുള്ള വൃത്താന്തം താങ്കള്‍ക്ക് ലഭിച്ചുവോ? അവര്‍ തന്റെ സന്നിധിയിലെത്തി സലാം പറഞ്ഞപ്പോള്‍ അദ്ദേഹം പ്രതികരിച്ചു: 'അല്ലാഹുവിന്റെ രക്ഷ നിങ്ങള്‍ക്കുണ്ടാവട്ടെ, അപരിചിതരാണല്ലൊ?' അങ്ങനെയദ്ദേഹം വേഗം സഹധര്‍മിണിയുടെയടുത്ത് ചെന്നു. എന്നിട്ട് തടിച്ച കാളക്കുട്ടിയെ പാകം ചെയ്ത് കൊണ്ടുവന്ന് അവരുടെയടുത്തേക്ക് വെച്ച് കഴിക്കുകയല്ലേ എന്ന് ചോദിച്ചു (സൂറത്തുദ്ദാരിയാത്ത് 24, 25, 26, 27). 

ഇബ്രാഹിം നബി (അ) സല്‍ക്കാരം തയ്യാറാക്കുവാനുള്ള പോക്കുവരവുകള്‍ ആരെയും അറിയിക്കാതെ ചെയ്തിരുന്നെന്ന് പ്രസ്തുത സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം ത്വബ്‌രി (റ) വ്യക്തമാക്കുന്നു.

ആയിശ (റ) പറയുന്നു: ഒരു ദിവസം രാത്രി ഉറങ്ങുന്നയിടത്തുനിന്ന് നബി (സ്വ) തങ്ങളെ  കാണാതായി. അന്വേഷിച്ചപ്പോള്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു (ഹദീസ് മുസ്ലിം 486). 

രാത്രിയുടെ യാമങ്ങളില്‍ ചെയ്യുന്ന ആരാധനകളും പ്രാര്‍ത്ഥനകളും സ്വന്തം സഹധര്‍മിണിയെ പോലും അറിയിക്കാതെയായിരുന്നെന്ന് സാരം. പരിപാവന ഇസ്ലാം മതം മറ്റുള്ളവരെ ബോധ്യപ്പെടുത്താത്ത മാത്രയില്‍ സല്‍പ്രവര്‍ത്തനങ്ങള്‍ അധികരിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുന്നുണ്ട്. പ്രമുഖ സ്വഹാബി വര്യന്‍ സുബൈര്‍ ബ്‌നു അവ്വാം (റ) പറയുന്നു: നിങ്ങള്‍ക്ക് സല്‍ക്കര്‍മ്മങ്ങള്‍ മറ്റുള്ളവര്‍ കാണാതെ രഹസ്യമായി ചെയ്യാനാവുമെങ്കില്‍ അങ്ങനെ ചെയ്യുക .

ദാനധര്‍മ്മങ്ങളും നന്മയുടെ മാര്‍ഗത്തിലുള്ള ധനവിനിയോഗവുമാണ് പ്രധാനമായും രഹസ്യമാക്കി ചെയ്യേണ്ട സല്‍ക്കര്‍മ്മങ്ങള്‍. രഹസ്യമായി ദാനധര്‍മ്മം ചെയ്യുന്നവന് അല്ലാഹു സാമീപ്യം അനുവദിക്കുന്നതും അന്ത്യനാളില്‍ അര്‍ഷിന്റെ (ദൈവ സിംഹാസനം) തണല്‍ നല്‍കുന്നതുമാണ്. നബി (സ്വ) പറയുന്നു: അല്ലാഹുവിന്റെ തണലല്ലാതെ മറ്റൊരു തണലും ഇല്ലാത്ത ഖിയാമത്ത് നാളില്‍ അല്ലാഹു ഏഴു വിഭാഗം ആളുകള്‍ക്ക് തണല്‍ നല്‍കും. അതില്‍പ്പെട്ടതാണ് വലതുകൈ നല്‍കുന്നത് ഇടതുകൈ അറിയാത്ത വിധം രഹസ്യമായി ദാനധര്‍മ്മം ചെയ്യുന്നവന്‍ (ഹദീസ് ബുഖാരി, മുസ്ലിം). സച്ചരിതരായ മുന്‍ഗാമികള്‍ ഇത്തരത്തില്‍ ആരാരുമറിയാതെ ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു. അബ്ദുല്ലാ ബ്‌നു മുബാറകി (റ)നെ സന്ദര്‍ശിച്ച് ഒരു യുവാവ് ഹദീസുകള്‍ കേള്‍ക്കുകയും കാര്യങ്ങള്‍ പഠിക്കുകയും ചെയ്തിരുന്നു. ഒരു ദിവസം അബ്ദുല്ലാ (റ) വന്നപ്പോള്‍ അയാളെ കാണ്‍മാനില്ല. അയാളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ആയിരം ദിര്‍ഹം കടം മടക്കി നല്‍കാനാവാത്തതിന്റെ പേരില്‍ തടഞ്ഞുവെക്കപ്പെട്ടിരിക്കുകയാണെന്നറിഞ്ഞു. ഉടനെ അബ്ദുല്ലാ ബ്‌നു മുബാറക് (റ) ആ മുതലാളിയുടെ അടുക്കലേക്ക് ചെന്ന് പണം പൂര്‍ണമായും നല്‍കുകയും ജീവിച്ചിരിക്കുന്ന കാലത്തോളം ഇക്കാര്യം ആരോടും പറയരുതെന്ന് സത്യം ചെയ്യിപ്പിക്കുകയും ചെയ്തു. അങ്ങനെ ആ യുവാവ് മോചിതനായി. അബ്ദുല്ലാ ബ്‌നു മുബാറക്  (റ) മരിച്ചശേഷമാണ് അദ്ദേഹം യുവാവിന്റെ കടം വീട്ടിയതെന്ന് ലോകം അറിയുന്നത് (കിതാബു സിയറു അഅ്‌ലാമുല്‍ നുബലാഅ് 8/378). 

അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചുക്കൊണ്ടുള്ള നിഷ്‌കളങ്കമായ പരസ്പര സ്‌നേഹം അല്ലാഹുവിന്റെ സ്‌നേഹത്തിനും കാരണമായിത്തീരും. നബി (സ്വ) പറഞ്ഞിട്ടുണ്ട്: രണ്ടാളുകള്‍ പരസ്പരം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇഷ്ടപ്പെട്ടുകഴിഞ്ഞാല്‍, അതില്‍ ആരാണോ തന്റെ കൂട്ടുകാരനോട് കൂടുതല്‍ സ്‌നേഹം കാട്ടുന്നത് അവനോട് അല്ലാഹുവും കൂടുതല്‍ സ്‌നേഹം കാട്ടും (ഹദീസ് മുഅ്ജമുല്‍ അൗസത്വ് 8279). 

അതായത് ഒരാള്‍ മറ്റൊരാളെ ഇഷ്ടപ്പെട്ടാല്‍ അയാളുടെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും അവന് ഗുണം മാത്രമേ കാംക്ഷിക്കാന്‍ പാടുള്ളൂവല്ലൊ. മറ്റൊരിക്കല്‍ നബി (സ്വ) പറയുകയുണ്ടായി: ഒരു സത്യവിശ്വാസി തന്റെ സഹോദരനായ സത്യവിശ്വാസിക്ക് വേണ്ടി ആറ് കാര്യങ്ങള്‍ ചെയ്തിരിക്കണം. അതിലൊന്ന് സഹോദരന്‍ സന്നിദ്ധതനായി ഉണ്ടെങ്കിലും ഇല്ലെങ്കിലും അവന് നല്ലത് മാത്രമേ ആഗ്രഹിക്കാനാവൂ എന്നതാണ് (ഹദീസ് തുര്‍മുദി 1938, നസാഈ 2737). 

അതായത് നല്ലത് പറഞ്ഞും ബുദ്ധിമുട്ടുകള്‍ നീക്കിയും പ്രതിരോധിച്ചും അവനെ സംരക്ഷിക്കണമെന്നാണ്. തന്റെ സഹോദരന്റെ അഭാവത്തില്‍ അവന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കാതെ പ്രതിരോധിക്കുന്നവന് അല്ലാഹു നരകത്തില്‍ നിന്നുള്ള മോചനം സാക്ഷാല്‍ക്കരിച്ചിരിക്കുമെന്നും നബി (സ്വ) പഠിപ്പിക്കുന്നു (ഹദീസ് ത്വബ് റാനി 443). 

ഈ വിശേഷഗുണങ്ങള്‍ സിദ്ധിച്ചവന്  അല്ലാഹുവില്‍ നിന്ന് മഹത്തായ പ്രതിഫലവും ജനങ്ങളില്‍ നിന്ന് നിസ്തുലമായ ബഹുമാനവും അര്‍ഹിക്കുന്നതായിരിക്കും. ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ഞാനെത്ര കിണഞ്ഞു ശ്രമിച്ചാലും മൂന്നുകൂട്ടം ആളുകള്‍ക്ക് പ്രത്യുപകാരം ചെയ്യാന്‍ എന്നെക്കൊണ്ടാവുന്നില്ല. എന്റെ അഭാവത്തില്‍ എന്നെ മാനിക്കുന്നവനാണ് അവരില്‍ ഒരു കൂട്ടം (കിതാബു ബിദായ വന്നിഹായ 8/338).

ഒരാള്‍ മറ്റൊരാള്‍ക്ക് വേണ്ടി അയാളുടെ സാന്നിധ്യമില്ലായിരിക്കെ പ്രാര്‍ത്ഥിച്ചാല്‍ അതിന്റെ ഗുണം രണ്ടുപേര്‍ക്കും ലഭിക്കുന്നതായിരിക്കും. 'ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് വേണ്ടി അവന്റെ അഭാവത്തില്‍ നടത്തുന്ന പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്. അവന്റെ തലഭാഗത്ത് അവന്റെ കാര്യം ഏല്‍പ്പിക്കപ്പെട്ട ഒരു മലക്കുണ്ടായിരിക്കും. അവന്‍ തന്റെ സഹോദരന്റെ നല്ലതിന് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം ആ മലക്ക് 'ആമീന്‍, അതുപോലെത്തത് നിനക്കുമുണ്ടാവട്ടെ' എന്ന് പറയും (ഹദീസ് ബുഖാരി, മുസ്ലിം). 

അസാന്നിധ്യത്തിലുള്ള പ്രാര്‍ത്ഥന കൂടുതല്‍ സ്‌നേഹാര്‍ദ്രത വളര്‍ത്തുന്നതോടൊപ്പം ഉത്തരം ലഭിക്കാന്‍ സാധ്യത കൂടുതലുള്ളതുമാണ്. അത്തരത്തില്‍ നബി (സ്വ) പ്രാര്‍ത്ഥിക്കുമായിരുന്നു. അബ്ദുല്ലാ ബ്‌നു അബ്ബാസി (റ)ന് വേണ്ടി അദ്ദേഹത്തിന്റെ അഭാവത്തില്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ, അദ്ദേഹത്തെ നീ നിന്റെ മതത്തിന്റെ പണ്ഡിതനാക്കണേ, അദ്ദേഹത്തിന് പരിശുദ്ധ ഖുര്‍ആനിന്റെ വ്യാഖ്യാനം പഠിപ്പിക്കണമേ (ഹദീസ് സുനനു ബൈഹഖി 16685). അങ്ങനെ അബ്ദുല്ലാ ബ്‌നു അബ്ബാസ് (റ) ലോകം കണ്ട ഏറ്റവും വിഖ്യാതനായ ഖുര്‍ആന്‍ പണ്ഡിതനായി.

സ്വഹാബികളും ഇപ്രകാരം മറ്റുള്ളവര്‍ക്ക് വേണ്ടി അവരുടെ അസാന്നിധ്യത്തില്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. ഒരിക്കല്‍ അബൂദര്‍ദ്ദാഅ് (റ) രാത്രി നമസ്‌ക്കാരം കഴിഞ്ഞ ഉടനെ മറ്റുള്ളവര്‍ക്ക് പ്രായശ്ചിത്തം തേടി പ്രത്യേകം പ്രത്യേകം പ്രാര്‍ത്ഥിക്കുകയുണ്ടായി. അപ്പോള്‍ ഒരാള്‍ ചോദിച്ചു: താങ്കള്‍ സ്വന്തത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നുവെങ്കില്‍!  അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് വേണ്ടി അയാളുടെ അഭാവത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ മലക്കുകള്‍ ആമീന്‍ പറയും. മലക്കുകളുടെ ആ ആമീന്‍ പറച്ചില്‍ ഞാനും ആഗ്രഹിക്കുന്നു. അദ്ദേഹം തുടരുന്നു: എത്ര ഉറങ്ങുന്നവര്‍, അവര്‍ക്ക് പാപമോചനം നല്‍കപ്പെടുന്നു. എത്ര ഉണര്‍ന്നിരിക്കുന്നവര്‍, അവര്‍ക്ക് നന്ദി പ്രകടിപ്പിക്കപ്പെടുന്നു. അപ്പോള്‍ ചോദിക്കപ്പെട്ടു: അതെങ്ങനെയാ? അദ്ദേഹം പറഞ്ഞു: ഒരാള്‍  രാത്രി നമസ്‌ക്കരിച്ച് തന്റെ സഹോദരന് വേണ്ടി പൊറുക്കലിനെ തേടി പ്രാര്‍ത്ഥിക്കുന്നു, അപ്പോള്‍ ആ ഉറങ്ങുന്നവന് പാപമോചനം നല്‍കപ്പെടുന്നു. ഉറങ്ങാതെ പ്രാര്‍ത്ഥിച്ചവന് അതിന്റെ നന്ദികള്‍ നല്‍കപ്പെടുന്നു.

സത്യവിശ്വാസികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ വേണ്ടി അല്ലാഹു മലക്കുകളെ നിയോഗിച്ചിട്ടുണ്ടെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ദൈവിക സിംഹാസനം വഹിച്ചുകൊണ്ടിരിക്കുന്നവരും അവര്‍ക്ക് ചുറ്റുമുള്ളവരുമായ മാലാഖമാര്‍ തങ്ങളുടെ നാഥന് സ്തുതികീര്‍ത്തനങ്ങളര്‍പ്പിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും വിശ്വാസികള്‍ക്ക് പാപമോചനമര്‍ത്ഥിച്ച് കൊണ്ട് ഇങ്ങനെ പ്രാര്‍ത്ഥിക്കും ചെയ്യുന്നുണ്ട് :

'നാഥാ നിന്റെ അനുഗ്രഹവും വിജ്ഞാനവും സര്‍വ്വവസ്തുക്കള്‍ക്കും പ്രവിശാലമായിരിക്കുന്നു. അതുകൊണ്ട് പാപമോചനമര്‍ത്ഥിക്കുകയും നിന്റെ വഴി പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക് നീ മാപ്പരുളുകയും നരകശിക്ഷയില്‍ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യണമേ. നാഥാ അവരെയും അവരുടെ മാതാപിതാക്കള്‍, ഭാര്യാസന്തതികള്‍ എന്നിവരില്‍ സദ് വൃത്തരെയും ശാശ്വത നിവാസത്തിനുള്ള വാഗ്ദത്ത സ്വര്‍ഗങ്ങളില്‍ നീ പ്രവേശിപ്പിക്കണമേ. നിശ്ചയം നീ തന്നെയാണ് അജയ്യനും യുക്തിമാനും' (സൂറത്തു ഖാഫിര്‍ 7, 8)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter