സ്വൂഫിജ്ഞാനികളുടെ കാഴ്ചപ്പാട്
കളങ്കരഹിതമായ ആരാധനാത്മകജീവിതം ഏറ്റമധികമാഗ്രഹിക്കുന്നവര്‍ സ്വൂഫികളായ മഹാന്മാരാണ്. വഴികാട്ടിയായ ഒരു ഗുരുവിന്റെ മാര്‍ഗദര്‍ശനങ്ങള്‍ക്ക് വഴങ്ങുക എന്നതും ഒരു ഗുണകാംക്ഷിയുടെ ഉപദേശത്തിന് കീഴ്‌പ്പെടുകയും അനുസരിക്കുകയും ചെയ്യുക എന്നതുമാണ് ആ ആരാധനാത്മക ജീവിതത്തിന്റെ അടിത്തറ. അങ്ങനെയാണ് അവര്‍ക്കിടയില്‍ വിവിധ ആധ്യാത്മികചിന്താധാരകള്‍ രൂപം കൊണ്ടത്. ശൈഖിനും മുരീദിനുമിടയിലുള്ള അതിശക്തമായ ആത്മബന്ധങ്ങളിലും സംസ്‌കരണത്തിന്റെയും ശിക്ഷണത്തിന്റെയും മഹോന്നതമായ രീതികളിലും നിലകൊണ്ടതായിരുന്നു ആ ചിന്താധാരകള്‍.
അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനത്തിലേക്കും അവന്റെ സംതൃപ്തിയിലേക്കും കൊണ്ടെത്തിക്കുന്ന തസ്വവ്വുഫിന്റെ മാര്‍ഗത്തില്‍ പ്രവേശിക്കാനുദ്ദേശിക്കുന്നവരോടൊക്കെ മഹാന്മാരായ ആരിഫുകള്‍ സമ്പര്‍ക്കവിഷയം ഉപദേശിച്ചിരുന്നത് മേല്‍പറഞ്ഞ കാരണങ്ങളാലാണ്. ഈ സമ്പര്‍ക്കത്തിന്റെ കാതലായ വശം ആ ശൈഖുമാരെ വിശ്വസിച്ചംഗീകരിക്കലത്രേ. റബ്ബിന്റെ തിരുസാന്നിധ്യത്തിലെത്തിച്ചേരാനുള്ള പന്ഥാവിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുകയും അവന്റെ മഹനീയസവിധത്തിങ്കല്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നവരാണല്ലോ ആ മഹാന്മാര്‍.
ഹുജ്ജത്തുല്‍ ഇസ്‌ലാം അബൂഹാമിദില്‍ ഗസ്സാലി(റ) പറയുന്നു: സ്വൂഫികളുമായുള്ള സഹവാസം ഫര്‍ള് ഐന്‍ ആകുന്നു. കാരണം, പ്രവാചകന്മാരൊഴിച്ചുള്ള ഒരു മനുഷ്യനും എന്തെങ്കിലും ഹൃദയപരമായ രോഗമോ മാനസികമായ ന്യൂനതയോ ഉണ്ടാകാതിരിക്കയില്ല.
ശൈഖ് ഥാഹാ അബ്ദുല്‍ബാഖി സുറൂര്‍ ഇമാം ഗസ്സാലി(റ)യെ ഉദ്ധരിച്ച് എഴുതുന്നു-ഇമാം പറയുകയാണ്: തുടക്കത്തില്‍ ഞാന്‍ സ്വൂഫികളുടെ പദവികളും സദൃത്തരായ ആളുകളുടെ അവസ്ഥാവിശേഷങ്ങളും തള്ളിപ്പറയുന്ന ആളായിരുന്നു. എന്റെ ശൈഖ് യൂസുഫുന്നസ്സാജുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതുവരെയും അതായിരുന്നു അവസ്ഥ. പിന്നീട് മുജാഹദയിലൂടെ അദ്ദേഹമെന്നെ സ്ഫുടം ചെയ്‌തെടുക്കാന്‍ തുടങ്ങി. അങ്ങനെ ഉള്‍വിളികളുണ്ടായി ഞാന്‍ സൗഭാഗ്യവാനായി. ഒരിക്കല്‍ അല്ലാഹുവിനെ സ്വപ്നത്തില്‍ കണ്ടു. അവന്‍ പറഞ്ഞു: അബൂഹാമിദ്, നിന്റെ ജോലികളൊക്കെ ഒഴിവാക്കുക. ഭൂമിയില്‍ എന്റെ തിരുദര്‍ശനത്തിന്നര്‍ഹരായിത്തീര്‍ന്ന ഒരു വിഭാഗവുമായി നീ സമ്പര്‍ക്കം പുലര്‍ത്തുക. എന്റെ സ്‌നേഹലബ്ധിക്കു പകരമായി രണ്ട് ലോകങ്ങളെയും വിറ്റവരാണവര്‍.
ഞാന്‍ പറഞ്ഞു: നിന്റെ പ്രതാപം തന്നെ സത്യം! അവരെക്കുറിച്ച സദ്ഭാവനയുടെ കുളിര്‍മ എന്നെ നീ ആസ്വദിപ്പിച്ചേ പറ്റൂ. അല്ലാഹു പ്രതികരിച്ചു: ശരി, ഞാന്‍ അങ്ങനെ ചെയ്തിരിക്കുന്നു! നിനക്കും അവര്‍ക്കുമിടയില്‍ ബന്ധം വിച്ഛേദിച്ചുകളയുന്നത് ഭൗതികപ്രേമം കൊണ്ടുള്ള നിന്റെ കര്‍മനൈരന്തര്യമാണ്. അതുകൊണ്ട്, ഭൗതികപ്രേമത്തില്‍ നിന്ന് നിസ്സാരനായി ബഹിഷ്‌കരിക്കപ്പെടുംമുമ്പ് സ്വേഷ്ടപ്രകാരം നീ അതില്‍ നിന്ന് പുറത്തുകടക്കുക. എന്റെ പവിത്രമായ മഹനീയ സാമീപ്യത്തില്‍ നിന്ന് കുറെ പ്രകാശങ്ങള്‍ നിനക്ക് നാം ചൊരിഞ്ഞുതന്നിരിക്കുന്നു!
ഇത്രയുമായപ്പോള്‍ സന്തോഷാഹ്ലാദത്തോടെ ഞാന്‍ ഉണര്‍ന്നു. എന്റെ ആത്മിക ഗുരു യൂസുഫുന്നസ്സാജിനടുത്തു ചെന്ന് ഞാന്‍ വിവരങ്ങള്‍ വിസ്തരിച്ചുകൊടുത്തു. പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: അബൂഹാമിദ്, ഞങ്ങളുടെ പ്രാരംഭഘട്ടത്തിലുള്ള ചില ചൂണ്ടുപലകകളാണിത്. ഇനിയും നീ ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തുകയാണെങ്കില്‍ ദൈവികപിന്‍ബലത്തിന്റെ അഞ്ജനം കൊണ്ട് നിന്റെ ആന്തരികദര്‍ശനത്തിന്റെ നേത്രങ്ങള്‍ക്ക് സുറുമയിടപ്പെടുന്നതായിരിക്കും…!
ഇമാം ഗസ്സാലി(റ)തന്നെ മറ്റൊരിടത്ത് സ്വന്തം ഗ്രന്ഥത്തില്‍ പറയുന്നു: തസ്വവ്വുഫിന്റെ പന്ഥാവില്‍ പ്രവേശിക്കാനുദ്ദേശിക്കുന്നയാള്‍ക്ക് ഒരു മാര്‍ഗദര്‍ശിയും സംസ്‌കര്‍ത്താവും ഉണ്ടായേ പറ്റൂ. അല്ലാഹുവിന്റെ മാര്‍ഗം ഏതെന്ന് അവന് കാണിച്ചുകൊടുക്കുക, ദുഷിച്ച സ്വഭാവങ്ങള്‍ അവനില്‍ നിന്ന് ഉന്മൂലനം ചെയ്യുക, ഉത്തമ സ്വഭാവഗുണങ്ങള്‍ തല്‍സ്ഥാനത്ത് പുനഃസ്ഥാപിക്കുക എന്നിവക്കു വേണ്ടിയാണത്. സംസ്‌കരണം എന്നുവെച്ചാല്‍, കൃഷി ശ്രദ്ധിച്ച് സംരക്ഷിച്ചുവരുന്ന ഒരു കര്‍ഷകനെപ്പോലെയാകണം ആ മുറബ്ബി (സംസ്‌കരണം നടത്തുന്നയാള്‍). കൃഷിക്കു ദോഷകരമായ കളകളോ കല്ലുകളോ കാണുമ്പോള്‍ അയാളത് പറിച്ചെടുത്ത് പുറത്തെറിയും. വലുതാവുകയും വളര്‍ച്ചയെത്തുകയും ചെയ്യുന്നതുവരെ പലതവണ അതിന് വള്ളം നനക്കും. തന്റെ കൃഷി മറ്റുള്ളവയെക്കാളെല്ലാം മെച്ചപ്പെടണമെന്നാവും അയാളുടെ ചിന്ത.
ഇങ്ങനെ, കൃഷിക്ക് ഒരു സംസ്‌കര്‍ത്താവ് ആവശ്യമാണെന്നുവന്നാല്‍, ഥരീഖത്തില്‍ പ്രവേശിക്കുന്നയാള്‍ക്ക് ഒരു മാര്‍ഗദര്‍ശി നിശ്ചയമായും അനിവാര്യമാണെന്ന് നിനക്ക് ബോധ്യമാകും. കാരണം, പ്രവാചകശ്രേഷ്ഠന്മാരെ അല്ലാഹു നിയോഗിച്ചത് അവര്‍ ജനങ്ങള്‍ക്ക് വഴികാട്ടികളാകാന്‍ വേണ്ടിയായിരുന്നു. നേരായ മാര്‍ഗത്തിലേക്ക് ജനങ്ങളെ കൊണ്ടുപോകുന്നതിനാണ് അല്ലാഹു അവരെ അയച്ചത്. മുഹമ്മദ്(സ്വ) പരലോകപ്രാപ്തിക്കു മുമ്പായി ഖുലഫാഉര്‍റാശിദുകളെ പകരക്കാരാക്കിയിരുന്നു. മനുഷ്യരെ അല്ലാഹുവിന്റെ വഴിയിലേക്ക് നയിക്കുന്നതിനുവേണ്ടി തന്നെയായിരുന്നു അതും. ഖിയാമനാള്‍ വരെയും ഇങ്ങനെ ഉണ്ടായിക്കൊണ്ടിരിക്കും. ചുരുക്കത്തില്‍, ഥരീഖത്തില്‍ പ്രവേശിക്കാനുദ്ദേശിക്കുന്നയാള്‍ക്ക് ഒരു സന്മാര്‍ഗദര്‍ശി ഒരുനിലക്കും ഒഴിച്ചുകൂടാനാവാത്തതാണ്.
ഇമാമവര്‍കളുടെ ഇഹ്‌യാഉ ഉലൂമിദ്ദീനില്‍ ഇങ്ങനെ കാണാം: ഥരീഖത്തില്‍ പ്രവേശിക്കാനുദ്ദേശിക്കുന്നയാള്‍ക്ക് പിന്തുടരാനായി അനിവാര്യമായി ഒരു ശൈഖും ഗുരുവര്യനും ഉണ്ടായേതീരൂ. റബ്ബിന്റെ മാര്‍ഗത്തിലേക്ക് അദ്ദേഹം വഴി കാണിച്ചുതരുന്നതിനുവേണ്ടിയാണിത്. കാരണം, ദീനിന്റെ പന്ഥാവ് അസ്പൃശ്യതയുള്ളതാണ്; പൈശാചിക മാര്‍ഗങ്ങളാകട്ടെ ഒട്ടേറെയുള്ളതും. അവതന്നെ സ്പഷ്ടവുമാകുന്നു. ഈ പശ്ചാത്തലത്തില്‍, തനിക്ക് മാര്‍ഗദര്‍ശനം ചെയ്യാനായി ഒരു ശൈഖ് ഇല്ലാത്തയാളെ പിശാച് തന്റെ പന്ഥാവുകളിലേക്ക് വലിച്ചുകൊണ്ടുപോവുക തന്നെ ചെയ്യും.
മനുഷ്യനെ അപകടപ്പെടുത്തിയേക്കുന്ന മരുഭൂമികളിലൂടെ വഴികാട്ടികളില്ലാതെ സഞ്ചരിക്കാന്‍ ധൃഷ്ടനാകുന്നവന്‍ സ്വയംസാഹസികത പ്രവര്‍ത്തിക്കുകയും സ്വന്തത്തെതന്നെ നശിപ്പിക്കുകയും ചെയ്യുക എന്നതാവും സംഭവിക്കുക. തന്റെ കാര്യം സ്വന്തം തന്നെ നോക്കിക്കളയാമെന്ന് ചിന്തിക്കുന്നവന്റെ ഉപമ ഒറ്റപ്പെട്ട മരത്തിന്റേതുപോലെയായിരിക്കും. സ്വയം പൊട്ടിമുളച്ചുണ്ടായി സ്വന്തമായി വളരുന്ന അത് താമസിയാതെ ഉണങ്ങിയേക്കാം; ഇനി കുറച്ചുകാലം നിലകൊണ്ടാല്‍ തന്നെ ഇലകളുമായി നിന്ന് പഴം ഉല്‍പാദിപ്പിക്കാതെ പോകാവുന്നതുമാണ്. ചുരുക്കത്തില്‍, മുരീദിന്റെ അവലംബം ശൈഖാണ്. അവന്‍ അദ്ദേഹത്തെ മുറുകെ പിടിച്ചുകൊള്ളട്ടെ.(2)
ഹുജ്ജത്തുല്‍ ഇസ്‌ലാം മറ്റൊരിടത്ത് പറയുന്നു: അല്ലാഹു ഒരു വ്യക്തിയുടെ കാര്യത്തില്‍ നന്മ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍, തന്റെ സ്വന്തം ന്യൂനതകള്‍ അവന് മനസ്സിലാക്കിക്കൊടുക്കുന്നതാണ്. നല്ല ഉള്‍ക്കാഴ്ചയുള്ളവനാണെങ്കില്‍ ആ ന്യൂനതകള്‍ അയാള്‍ മനസ്സിലാക്കാതെ പോകില്ല. അവ കാണാന്‍ പറ്റിയാല്‍ ചികിത്സിക്കാനും കഴിയും. പക്ഷേ, അധികമാളുകളും സ്വന്തം കുറവുകള്‍ കാണാന്‍ സാധിക്കാത്തവരാണ്. സ്വന്തം കണ്ണിലെ കരട് കണ്ടുപിടിക്കാന്‍ വയ്യാത്തവര്‍ ആരാന്റെ കണ്ണിലെ കുന്തം കാണുന്നു..!
സ്വന്തം ശരീരത്തിന്റെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കാന്‍ ഒരാള്‍ക്കാഗ്രഹമുണ്ടെങ്കില്‍ അതിന് നാലു മാര്‍ഗങ്ങളുണ്ട്. ഒന്ന്: മനുഷ്യഹൃദയത്തിന്റെ ന്യൂനതകളെപ്പറ്റി സ്പഷ്ടമായ കാഴ്ചപ്പാടുള്ള ഒരു ശൈഖുമായി സഹവസിച്ചുവരണം. മനുഷ്യന് വന്നുപെട്ടേക്കാവുന്ന വിപത്തുകളുടെ ഉള്ളറകളെപ്പറ്റി ബോധമുള്ളവനുമാകണം അദ്ദേഹം. എന്നിട്ട് ഈ മുരീദ് തന്റെ കാര്യങ്ങളില്‍ ശൈഖിനെ വിധികര്‍ത്താവാക്കണം. അദ്ദേഹത്തിന്റെ മുജാഹദകളിലും സൂചനകളിലുമൊക്കെ പിന്തുടരുകയും ചെയ്യണം. മുരീദ് ശൈഖിനോടൊപ്പവും ശിഷ്യന്‍ ഉസ്താദിനോടൊപ്പവും ഈ നിലയിലാണാവേണ്ടത്. അങ്ങനെയാകുമ്പോള്‍ ഉസ്താദും ശൈഖും ശിഷ്യന് തന്റെ ന്യൂനതകള്‍ മനസ്സിലാക്കിക്കൊടുക്കും. അവക്ക് ചികിത്സിക്കേണ്ടത് ഏത് രീതിയിലാണെന്നും അവര്‍ അവനെ ധരിപ്പിക്കും..
അമീര്‍ അബ്ദുല്‍ ഖാദിര്‍ അല്‍ജസാഇരി തന്റെ അല്‍മവാഖിഫില്‍ എഴുതുന്നു: …ഖളിര്‍സംഭവം ഉദ്ധരിക്കവെ മൂസാനബി(അ) അപേക്ഷിച്ചതായി അല്ലാഹു പറയുന്നു: താങ്കള്‍ക്ക് അധ്യാപനം നടത്തപ്പെട്ട സന്മാര്‍ഗം എനിക്ക് പഠിപ്പിച്ചുതരാമെന്ന വ്യവസ്ഥയില്‍ ഞാന്‍ താങ്കള്‍ക്കൊപ്പം വരട്ടെയോ?(3) ഇവിടെ പ്രത്യേകം ഗ്രഹിക്കേണ്ടതുണ്ട്: ശൈഖിന്റെ അറിവുകളിലും അവസ്ഥകളിലും നിന്ന് മുരീദിന് ഗുണഫലങ്ങള്‍ ലഭിക്കണമെങ്കില്‍, അദ്ദേഹത്തോട് ശിഷ്യന്‍ പൂര്‍ണവിധേയത്വം കാണിക്കണം. അദ്ദേഹത്തിന്റെ കല്‍പനകളും നിരോധങ്ങളും അപ്പടി അനുസരിക്കുകയും വേണം. രണ്ടുപേരും പരസ്പരാശ്രയമുള്ളവരാണെങ്കിലും ശ്രേഷ്ഠതയും പൂര്‍ണതയും ശൈഖിനാണെന്ന് വിശ്വസിക്കേണ്ടതാണ്. എന്നാല്‍, ചിലരുടെ സ്ഥിതി മറിച്ചാണ്. ശൈഖിന്റെ പൂര്‍ണതയും പവിത്രതയുമൊക്കെ അവരംഗീകരിക്കും. പക്ഷേ, തന്റെ ഉദ്ദേശ്യസാധ്യത്തിനും ലക്ഷ്യസാക്ഷാല്‍ക്കാരത്തിനും അതുമാത്രം മതി എന്നാണവര്‍ വിചാരിക്കുന്നത്. ശൈഖ് കല്‍പിക്കുന്നതോ നിരോധിക്കുന്നതോ ആയ കാര്യങ്ങളൊന്നും അവര്‍ അനുസരിക്കില്ല; പ്രയോഗത്തില്‍ കൊണ്ടുവരാതെവിടും.
മേല്‍സൂചിപ്പിച്ച സംഭവത്തില്‍ മൂസാ നബി(അ)യുടെ കാര്യമെടുത്തുനോക്കുക. അത്യുന്നതപദവിയും സ്ഥാനമാനങ്ങളുമൊക്കെ ഉണ്ടായിട്ടും ഖളിര്‍(അ)യെ കാണാനദ്ദേഹം ആവശ്യപ്പെടുകയും കൂടിക്കാഴ്ചക്കുള്ള മാര്‍ഗമന്വേഷിക്കുകയുമാണ്. മാത്രമല്ല, ആ യാത്രയില്‍ താന്‍ ഏറെ പ്രയാസങ്ങളും കഷ്ടപ്പാടുകളും തരണം ചെയ്യുന്നുമുണ്ട്. ‘നമ്മുടെ ഈ യാത്രയില്‍ ക്ഷീണം ഏറെ ബാധിച്ചുപോയി’ എന്ന് ഖുര്‍ആനില്‍ തന്നെ പറയുന്നു. ഇങ്ങനെയെല്ലാമായിട്ടും ഖളിറിന്റെ ഒരേയൊരു നിരോധത്തിന് വഴങ്ങാന്‍-എന്റെ ചെയ്തികളെക്കുറിച്ചൊന്നും, ഞാന്‍ പറഞ്ഞുതരും മുമ്പായി ഇങ്ങോട്ട് ചോദിക്കരുത് എന്ന കല്‍പന അനുസരിക്കാന്‍-മൂസാനബി(അ)ക്ക് കഴിയാതായപ്പോള്‍, ഖളിറിന്റെ വിജ്ഞാനങ്ങളൊന്നും അദ്ദേഹത്തിന് ഉപകരിക്കാതെ പോയി.
ഖളിര്‍(അ) ആണ് തന്നെക്കാള്‍ വിജ്ഞാനിയെന്ന് നബിക്കറിയാമായിരുന്നു. കാരണം, അതിന്ന് അല്ലാഹുവിന്റെ സാക്ഷ്യമുണ്ട്. ‘എന്നെക്കാള്‍ വിജ്ഞാനമുള്ളവരായി ആരുമില്ല’ എന്ന് മൂസാ നബി(അ) പറഞ്ഞപ്പോഴാണല്ലോ അല്ലാഹുവിന്റെ അറിയിപ്പുണ്ടായത്,’അല്ല, എന്റെ ദാസന്‍ ഖളിര്‍ ഉണ്ട്’ എന്ന്. അറിവിന്റെ ഏതെങ്കിലും പ്രത്യേകശാഖയിലാണ് അദ്ദേഹത്തിന് കൂടുതല്‍ പാണ്ഡിത്യം എന്നൊന്നും അവിടെ പരാമര്‍ശിച്ചിട്ടില്ല. മൂസാനബിയെക്കാള്‍ കൂടുതല്‍ വലിയ പണ്ഡിതന്‍ എന്ന് മൊത്തത്തില്‍ പറയുകയാണ് ചെയ്തിട്ടുള്ളത്.
തന്റെ നിലപാടും സന്നദ്ധതയും ഖളിറിന്റെ വിജ്ഞാനമാര്‍ജിക്കാന്‍ അപര്യാപ്തമാണെന്ന് മൂസാനബി ആദ്യം മനസ്സിലാക്കിയിട്ടില്ലായിരുന്നു. എന്നാല്‍, ഖളിര്‍(അ) ആകട്ടെ പ്രഥമദൃഷ്ട്യാ തന്നെ അത് ഗ്രഹിച്ചു: നിശ്ചയം, താങ്കള്‍ക്ക് എന്റെയൊന്നിച്ച് ക്ഷമിച്ചു സഹിച്ചുകൂടാനേ സാധ്യമല്ല(1) എന്ന് അദ്ദേഹം പറഞ്ഞുവല്ലോ. ഖളിര്‍(അ)ന്റെ സമുന്നത വൈജ്ഞാനികാവസ്ഥക്കുള്ള സാക്ഷ്യമാണത്. ബുദ്ധിയുള്ള മനുഷ്യന് ഈ രണ്ട് മഹാന്മാരുടെയും സംസ്‌കാരം കാണാന്‍ കഴിയേണ്ടതുണ്ട്.
താങ്കള്‍ക്ക് അധ്യാപനം നടത്തപ്പെട്ട സന്മാര്‍ഗം എനിക്ക് പഠിപ്പിച്ചുതരാമെന്ന വ്യവസ്ഥയില്‍ ഞാന്‍ താങ്കള്‍ക്കൊപ്പം വരട്ടെയോ എന്നാണല്ലോ മൂസാ നബി(അ) അപേക്ഷിച്ചത്. അറിവ് പഠിക്കാനായി അങ്ങയുടെ കൂടെ വരുന്നതിന് സമ്മതം തരുമോ എന്നാണ് ചോദ്യം. ആസ്വാദനശേഷിയുള്ള ആര്‍ക്കും ഗ്രഹിക്കാനാകുംവിധമുള്ള മര്യാദയുടെ മാധുര്യം ഈ വാക്കുകളില്‍ ദര്‍ശിക്കാന്‍ കഴിയും.
അപ്പോള്‍ ഖളിര്‍(അ)ന്റെ പ്രതികരണമിതായിരുന്നു: ശരി, നിങ്ങള്‍ എന്റെ കൂടെ വരികയാണെങ്കില്‍ ഒരു കാര്യം ഓര്‍ക്കണം-ഞാന്‍ അങ്ങോട്ട് വിവരിച്ചുതരുന്നതിനു മുമ്പായി യാതൊരു കാര്യത്തെപ്പറ്റിയും ഇങ്ങോട്ട് ചോദിക്കരുത്. എന്നോട് യാതൊന്നും ചോദിച്ചുപോകരുത് എന്ന് നിരോധനോത്തരവ് പുറപ്പെടുവിച്ച് അദ്ദേഹം മിണ്ടാതിരിക്കയല്ല ചെയ്യുന്നത്. അങ്ങനെയെങ്കില്‍ മൂസാനബി(അ) പരിഭ്രമചിത്തനായേനെ. മറിച്ച്, അതിന്റെ യുക്തി എന്താണെന്ന്, അല്ലെങ്കില്‍ അതിനെപ്പറ്റി സവിസ്തരം വഴിയെ ഞാന്‍ പറഞ്ഞുതരുമെന്ന് വാഗ്ദാനം ചെയ്യുകയാണുണ്ടായത്.
ചുരുക്കത്തില്‍, ശൈഖിന്റെ കല്‍പനകള്‍ ശിരസാവഹിക്കണം; നിരോധനങ്ങള്‍ അപ്പടി ദൂരീകരിക്കണം. അല്ലാത്തപക്ഷം, ഉദ്ദിഷ്ട വിജ്ഞാനത്തില്‍ ശൈഖിനുള്ള പൂര്‍ണത കൊണ്ട് മുരീദിന് യാതൊരുവിധ നേട്ടവും ലഭിക്കുന്നതല്ല. ‘ഹാശിം ഗോത്രത്തിന്റെ പുരാതന കുടുംബാഭിജാത്യം ബാഹില ഗോത്രക്കാരനായ ഒരാള്‍ക്ക് ലഭിക്കില്ലല്ലോ.’
ഉദ്ദിഷ്ട ലക്ഷ്യത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുന്ന ഒരു സൂചന എന്ന നിലക്ക് മാത്രമേ ശൈഖിന്റെ പൂര്‍ണത ഉപകാരപ്പെടുകയുള്ളൂ. മറിച്ചൊന്ന് സംഭവിക്കുകയില്ല. പഠനത്തിനും ഗ്രഹണത്തിനുമുള്ള സന്നദ്ധത എത്രമാത്രമാണോ ശൈഖിനു മുന്നില്‍ മുരീദ് സമര്‍പ്പിക്കുന്നത്, അതിനനുസരിച്ചായിരിക്കും അയാള്‍ക്ക് ഗുരു നല്‍കുക. മുരീദിന്റെ സന്നദ്ധത അവന്റെ കര്‍മങ്ങളിലും അവനിലും പരിമിതമായിരിക്കുമല്ലോ.
വിദഗ്ദനായ ഒരു ഭിഷഗ്വരന്റെ ഉപമയാണിതിന്റേത്. അയാള്‍ രോഗിയുടെ സമീപത്ത് വരികയും മരുന്നുകള്‍ വിധിക്കുകയും ചെയ്തു. പക്ഷേ, ആ മരുന്നുകളൊന്നും യഥാവിധി രോഗി ഉപയോഗിച്ചില്ല. ഇവിടെ, ഡോക്ടര്‍ അതിവിദഗ്ദനായി എന്നതുകൊണ്ടുമാത്രം വല്ല പ്രയോജനവുമുണ്ടാകുമോ? രോഗിയുടെ അനുസരണരാഹിത്യം, അല്ലാഹു അവന് ശമനം വിധിച്ചിട്ടില്ല എന്നതിന് തെളിവാണ്; കാരണം, അവന്‍ ഒരു കാര്യമുദ്ദേശിച്ചാല്‍ അതിന്റെ മാധ്യമങ്ങള്‍ സജ്ജീകരിക്കുന്നതായിരിക്കും.
ശൈഖുമാരില്‍ ശ്രേഷ്ഠനും സമ്പൂര്‍ണനുമായ വ്യക്തിയെ അന്വേഷിക്കല്‍ മുരീദിന് നിര്‍ബന്ധമാണ്. അതിന് കാരണമുണ്ട്. അല്ലാഹുവിന്റെ സാന്നിധ്യം എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനെക്കുറിച്ച് വിവരമില്ലാത്ത ഒരു ജാഹിലിന്റെ കൈയില്‍ തന്റെ കടിഞ്ഞാണ്‍ വന്നേക്കുമോ എന്ന ഭയമാണത്. അങ്ങനെ വന്നാല്‍ മുരീദിന്റെ വിനാശത്തില്‍ കലാശിക്കുക എന്നതാകും അനന്തരഫലം.
സുപ്രസിദ്ധ സ്വൂഫിചിന്തകന്‍ ഇബ്‌നുഅഥാഇല്ലാഹിസ്സികന്‍ദരി(റ) പറയുന്നു: സത്യത്തിന്റെ പന്ഥാവ് അന്വേഷിക്കാനും തസ്വവ്വുഫിന്റെ വഴിയില്‍ പ്രവേശിക്കാനും ദൃഢനിശ്ചയം ചെയ്ത വ്യക്തി ദൃഢവിജ്ഞാനിയായ ഒരു ശൈഖിനെ അന്വേഷിക്കണം. സ്വൂഫികളുടെ മാര്‍ഗത്തില്‍ പ്രവേശിച്ചയാളും സ്വന്തം ദേഹേച്ഛകള്‍ കൈവെടിഞ്ഞവനും അല്ലാഹുവിന്റെ സേവനത്തില്‍ അടിയുറച്ചവനും ആകണം അദ്ദേഹം. ഈവിധം ലക്ഷണമൊത്ത ഒരു ശൈഖിനെ കണ്ടെത്തിയാല്‍ അദ്ദേഹം പറയുന്നതെല്ലാം അനുസരിക്കുകയും നിരോധിക്കുന്നവയില്‍ നിന്നൊക്കെ പൂര്‍ണമായി ഒഴിഞ്ഞുനില്‍ക്കുകയും ചെയ്യണം.
അദ്ദേഹം വീണ്ടും ഇങ്ങനെ പറയുകയുണ്ടായി: നീ ആരില്‍ നിന്ന് അറിവ് പഠിച്ചുവോ അയാളല്ല, മറിച്ച് നീ ഥരീഖത്ത് സ്വീകരിച്ച വ്യക്തിയാണ് യഥാര്‍ഥ ശൈഖ്. ആരുടെ പദസമുച്ചയങ്ങള്‍ നിന്നെ അഭിമുഖീകരിച്ചിട്ടുണ്ടോ അയാളല്ല, മറിച്ച് ആരുടെ ആംഗ്യങ്ങള്‍ നിന്നില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടോ അയാളാണ് നിന്റെ ശൈഖ്. വീട്ടുവാതില്‍ക്കലേക്ക് ക്ഷണിച്ചവനല്ല, മറിച്ച് തനിക്കും നിനക്കുമിടയിലെ മറ ഉയര്‍ത്തിക്കളഞ്ഞവനാണ് നിന്റെ ശൈഖ്. നിനക്ക് കേവലാധ്യാപനങ്ങള്‍ നല്‍കിയവനല്ല, അല്ലാഹുവിങ്കലേക്കടുക്കാന്‍ പറ്റിയവിധം നിന്റെ അവസ്ഥകള്‍ മാറ്റിയവനാണ് ശൈഖ്.
ദേഹേച്ഛകളുടെ കാരാഗൃഹത്തില്‍ നിന്ന് പുറത്തുകൊണ്ടുവന്ന് നാഥങ്കലേക്ക് നിന്നെ പ്രവേശിപ്പിച്ചവന്‍; റബ്ബിന്റെ പ്രകാശങ്ങള്‍ തെളിഞ്ഞുകാണുംവിധം നിന്റെ ഹൃദയക്കണ്ണാടി തെളിച്ചുകൊണ്ടിരിക്കുന്നവന്‍-അവനാണ് നിന്റെ ശൈഖ്. അല്ലാഹുവിങ്കലേക്ക് നിന്നെ എഴുന്നേല്‍പിക്കുകയും അങ്ങനെ നിന്നെയും കൊണ്ടുനടന്ന് അല്ലാഹുവിങ്കല്‍ എത്തുകയും ചെയ്തു. നിനക്കഭിമുഖമായിക്കൊണ്ട് നിലയുറപ്പിച്ച് നിന്നെ അല്ലാഹുവിന്റെ മുമ്പില്‍ സമര്‍പ്പിക്കുകയും അവന്റെ പ്രകാശസാന്നിധ്യത്തിലേക്ക് നിന്നെ തള്ളിവിടുകയും ചെയ്ത് അദ്ദേഹം പറഞ്ഞു: ഇതാ നീയും നിന്റെ നാഥനും!
മറ്റൊരിക്കല്‍ ഇബ്‌നു അഥാഇല്ലാഹിസ്സികന്‍ദരി(റ) ഉപദേശിച്ചു: ഏതൊരാളുടെ അവസ്ഥകള്‍ അല്ലാഹുവിങ്കലേക്ക് നിന്നെ എഴുന്നേല്‍പിക്കുകയും, വാക്കുകള്‍ അല്ലാഹുവിന്റെ സാന്നിധ്യത്തിലെത്താനുള്ള ചൂണ്ടുപലകകളാവുകയും ചെയ്യുന്നില്ലയോ അത്തരമാളുകളുമായി നീ സമ്പര്‍ക്കം പുലര്‍ത്തരുത്.
ശൈഖ് സയ്യിദ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) തന്റെ ഒരു കവിതയില്‍ പറയുന്നത് കാണുക:
(ഹഖീഖത്തില്‍ നിപുണനായ ഒരു ശൈഖിന്റെയടുത്തേക്ക് ദൈവനിര്‍ണയസഹായത്തോടെ വിധി നിന്നെ കൊണ്ടെത്തിച്ചാല്‍ അദ്ദേഹത്തിന്റെ സംതൃപ്തിയിലായി നിലകൊള്ളുകയും താല്‍പര്യങ്ങള്‍ പിന്‍പറ്റുകയും ചെയ്യണം. അതുവരെയും തിരക്കിട്ട് നീ സഞ്ചരിക്കുകയായിരുന്ന സകലവഴികളും ഉപേക്ഷിക്കേണ്ടതാണ്. അദ്ദേഹത്തിന്റെ പ്രവൃത്തികളുടെ ഉദ്ദേശ്യ-രഹസ്യങ്ങള്‍ നിനക്ക് മനസ്സിലാകുന്നില്ലെങ്കിലും തര്‍ക്കിക്കാനോ ചോദ്യം ചെയ്യാനോ പോകരുത്. അദ്ദേഹവുമായുള്ള പിണക്കമായിരിക്കും അത്. ഖളിര്‍(അ) കുട്ടിയെ കൊന്നപ്പോള്‍ മൂസാനബി(അ) തര്‍ക്കിച്ച സംഭവത്തില്‍ ഇപ്പറഞ്ഞതിന് മതിയായ പാഠമുണ്ട്. ആ ദുര്‍ഗ്രാഹ്യതയുടെ രാത്രിക്കു ശേഷം പ്രഭാതം പുലരുകയും നിഗൂഢതയുടെ കൂരിരുട്ടുകള്‍ വിച്ഛേദിക്കുന്ന ഖഡ്ഗം ഖളിര്‍ ഊരുകയും ചെയ്തപ്പോള്‍ മൂസാനബി(അ) കുറ്റസമ്മതം നടത്തുകയാണ് ചെയ്തത്. ആത്മജ്ഞാനികളുടെ അറിവ് ഇങ്ങനെയാണ്. അവയില്‍ നിരവധി വിസ്മയങ്ങളുണ്ടായിരിക്കും!)
ഇമാം ശൈഖ് അബ്ദുല്‍ വഹ്ഹാബ് ശഅ്‌റാനി തന്റെ അല്‍ഉഹൂദുല്‍ മുഹമ്മദിയ്യയിലെഴുതുന്നു: ഓരോ വുളൂഇനുശേഷവും രണ്ട് റക്അത്ത് പതിവായി നമസ്‌കരിക്കണമെന്ന് നമ്മോടൊക്കെ നബി(സ്വ)യില്‍ നിന്ന് പൊതുവായി ഉടമ്പടി ചെയ്യപ്പെട്ടിട്ടുണ്ട്. ദുന്‍യാവുമായി ബന്ധപ്പെട്ട കാര്യങ്ങളോ നമസ്‌കാരത്തില്‍ കല്‍പിക്കപ്പെട്ടിട്ടില്ലാത്ത വിഷയങ്ങളോ ആ രണ്ട് റക്അത്തുകളില്‍ നമ്മുടെ മനസ്സില്‍ വന്നുകൂടെന്ന നിബന്ധനയും നബി(സ്വ) നിശ്ചയിച്ചിരിക്കുന്നു. ഈ പറഞ്ഞ കരാര്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ അല്ലാഹുവിന്റെ വഴിയിലേക്ക് തന്റെ കൈപിടിച്ചുയര്‍ത്തുന്ന ഒരു ശൈഖ് അനിവാര്യമാണ്. അല്ലാഹുവുമായുള്ള അഭിമുഖ(നമസ്‌കാര)വേളയില്‍ ഹൃദയത്തെ മറ്റു കാര്യങ്ങളില്‍ വ്യാപൃതമാക്കുന്ന ചിന്തകളെ വിച്ഛേദിച്ചുകളയാന്‍ അദ്ദേഹത്തിന് സാധിക്കും…
അതുകൊണ്ട്, സഹോദരാ, ഗുണകാംക്ഷിയായ ഒരു ശൈഖ് മുഖേന നീ തസ്വവ്വുഫിന്റെ വഴിയില്‍ പ്രവേശിക്കുക. എങ്കില്‍ അല്ലാഹുവിന്റെ വിഷയത്തില്‍ അദ്ദേഹം നിന്നെ വ്യാപൃതനാക്കിത്തീര്‍ക്കുന്നതാണ്. അത് പറയണം, ഇത് ചെയ്യണം, ഇന്നതിനായി പോകണം തുടങ്ങി നമസ്‌കാരത്തിലുണ്ടാകുന്ന വ്യത്യസ്ത ചിന്തകളൊക്കെ അദ്ദേഹം ഇല്ലായ്മ ചെയ്യും. ഇങ്ങനെ ശൈഖിനെ സ്വീകരിക്കുന്നില്ലെങ്കില്‍ നീ മനസ്സിലാക്കണം, നമസ്‌കാരത്തിലുണ്ടാകുന്ന ചിന്തകള്‍ നിന്നെ വിടാതെ പിന്തുടരും; ഫര്‍ളോ സുന്നത്തോ ആയ ഒറ്റ നമസ്‌കാരവും ഒഴിവാകില്ല. വിവരമില്ലാതെ തര്‍ക്കിക്കുന്നവന്‍ പറയുന്നതുപോലെ, ശൈഖ് ഇല്ലാതെ മേല്‍പറഞ്ഞ സുരക്ഷിതാവസ്ഥയില്‍ എത്തിച്ചേരുകയെന്നത് സംഭവിക്കുന്നതേയല്ല.
മറ്റൊരിടത്ത് ഇമാം ശഅ്‌റാനി പറയുന്നു: ആദ്യഘട്ടങ്ങളില്‍ എന്റെ മുജാഹദയുടെ രീതി ശൈഖ് ഇല്ലാതെയായിരുന്നു. രിസാലത്തുല്‍ ഖുശൈരി, അവാരിഫുല്‍ മആരിഫ്, അബൂഥാലിബില്‍ മക്കിയുടെ ഖൂത്തുല്‍ ഖുലൂബ്, ഇമാം ഗസ്സാലിയുടെ ഇഹ്‌യാ തുടങ്ങിയ ഗ്രന്ഥങ്ങല്‍ പാരായണം ചെയ്യുകയും എനിക്കവയില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നതനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. പക്ഷേ, പിന്നെ കുറെ കഴിയുമ്പോള്‍ മറ്റൊരഭിപ്രായമാണെനിക്ക് നന്നായി തോന്നുക. അപ്പോള്‍ ആദ്യത്തേതുപേക്ഷിച്ച് ഞാന്‍ രണ്ടാമത്തേതനുഷ്ഠിക്കും. ഇങ്ങനെ പോയി അത്…
മറുകര പറ്റാന്‍ കഴിയുന്നതാണോ അല്ലേ എന്ന് നിശ്ചയമില്ലാതെ ഒരു വഴിയില്‍ പ്രവേശിക്കുന്ന ഒരാളെപ്പോലെയായി ഞാന്‍. കഴിയുമെങ്കില്‍ മറുകര പറ്റുക, അല്ലെങ്കില്‍ മടങ്ങിപ്പോരുക-ഇതായിരിക്കുമല്ലോ അയാളുടെ നില. അതിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുതന്നെ അതിനെപ്പറ്റി അറിയുന്ന ഒരു വ്യക്തിയുമായി സന്ധിച്ചിരുന്നുവെങ്കില്‍, അയാളതിന്റെ വിവരങ്ങളൊക്കെ പറഞ്ഞുകൊടുക്കുകയും ഭാരിച്ച അധ്വാനം ഒഴിവാക്കുകയും ചെയ്യുമായിരുന്നു.
ശൈഖ് ഇല്ലാത്ത ഒരാളുടെ ഉപമ ഇതാണ്. മുരീദിന് വഴി എളുപ്പമാക്കിക്കൊടുക്കുക എന്നതാണ് അദ്ദേഹത്തെക്കൊണ്ടുള്ള നേട്ടം. ഒരു മാര്‍ഗദര്‍ശിയില്ലാത്ത ഥരീഖത്തില്‍ ചേര്‍ന്നാല്‍ വഴിതെറ്റിപ്പോകും; ആയുഷ്‌കാലമത്രയും വിനിയോഗിച്ചാലും ലക്ഷ്യത്തിലെത്തിച്ചേരുകയില്ല. അന്ധകാരനിബിഡമായ രാത്രികളില്‍ ഹാജിമാര്‍ക്ക് മക്കയിലേക്ക് വഴികാണിച്ചുകൊടുക്കുന്നവരെപ്പോലെയാണ് ഥരീഖത്തിന്റെ ശൈഖ്.
ഇമാം ശഅ്‌റാനി മറ്റൊരിടത്ത് പറയുന്നു: മുരീദിനെയും കൂട്ടി അല്ലാഹുവിങ്കലേക്ക് സഞ്ചരിക്കുന്ന ശൈഖിന്റെ ആവശ്യമില്ലെന്നും സ്വൂഫികളുടെ മാര്‍ഗത്തിലേക്ക് സ്വന്തം ബുദ്ധി കൊണ്ട് ചെന്നെത്താന്‍ കഴിയുമെന്നും ആണെങ്കില്‍, ഇമാം ഗസ്സാലി, ഇസ്സുദ്ദീനിബ്‌നു അബ്ദിസ്സലാം മുതലായവര്‍ക്കൊന്നും തങ്ങളുടെ ശൈഖുമാരില്‍ നിന്ന് തസ്വവ്വുഫ് സ്വീകരിക്കേണ്ടതില്ലായിരുന്നു. അവരാകട്ടെ ഥരീഖത്തില്‍ പ്രവേശിക്കുംമുമ്പ് ഇങ്ങനെ പ്രഖ്യാപിച്ചിരുന്നവരാണ്: ‘നമ്മുടെ കൈവശമുള്ളതല്ലാത്ത മറ്റൊരു വഴി വിജ്ഞാനത്തിനുണ്ടെന്ന് പറയുന്നവരൊക്കെയും അല്ലാഹുവിന്റെ മേല്‍ വ്യാജം ചമച്ചവരത്രേ!’ എന്നാല്‍ സ്വൂഫീ മാര്‍ഗത്തിലെത്തിയപ്പോഴാകട്ടെ, ‘ഞങ്ങള്‍ അനാവശ്യത്തിലും അല്ലാഹുവുമായുള്ള മറയിലുമായി കാലം കളഞ്ഞു’ എന്ന് അവന്‍ ഏറ്റുപറയുകയായിരുന്നു. പിന്നീടവരിരുവരും സ്വൂഫികളുടെ പാതയെ സ്ഥിരീകരിക്കുകയും അതിനെ ശ്ലാഘിച്ച് സംസാരിക്കുകയുമുണ്ടായി.
താങ്കള്‍ക്ക് അധ്യാപനം നടത്തപ്പെട്ട സന്മാര്‍ഗം എനിക്ക് പഠിപ്പിച്ചുതരാമെന്ന വ്യവസ്ഥയില്‍ ഞാന്‍ താങ്കള്‍ക്കൊപ്പം വരട്ടെയോ എന്ന് മൂസാനബി(അ) ഖളിര്‍(അ)നോട് അപേക്ഷിച്ചത്, സ്വൂഫിയായ അബൂഹംസല്‍ ബഗ്ദാദി തന്നെക്കാള്‍ മഹാനാണെന്ന് ഇമാം അഹ്മദുബ്‌നുഹമ്പല്‍ അംഗീകരിച്ചത്, ഹുജ്ജത്തുല്‍ ഇസ്‌ലാം എന്ന പദവി പ്രാപിച്ചിട്ടും തന്നെ ഥരീഖത്തിലേക്ക് നയിക്കുന്ന ഒരു ശൈഖിനെ ഇമാം ഗസ്സാലി അന്വേഷിച്ചത്, സുല്‍ഥാനുല്‍ ഉലമാ (പണ്ഡിതരുടെ രാജാവ്) എന്ന സ്ഥാനപ്പേര് വിളിക്കപ്പെട്ടിട്ടും ശൈഖ് ഇസ്സുദ്ദീനുബ്‌നു അബ്ദിസ്സലാം മാര്‍ഗദര്‍ശിയായ സ്വൂഫിയെ തെരഞ്ഞുനടന്നത് മുതലായവയെല്ലാം തസ്വവ്വുഫിന്റെയാളുകളുടെ മഹത്ത്വത്തിന് മതിയായ തെളിവാണ്.
ഇസ്സുബ്‌നു അബ്ദിസ്സലാം പറഞ്ഞത് ശൈഖ് അബുല്‍ഹസനിശ്ശാദിലിയുമായി സന്ധിച്ച ശേഷംമാത്രമേ പൂര്‍ണമായ ഇസ്‌ലാമിനെ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതുള്ളൂ എന്നത്രേ. വിസ്തൃതമായ വിജ്ഞാനത്തിന്റെ ഉടമകളായിരുന്നിട്ടും ഇദ്ദേഹത്തിനും ഇമാം ഗസ്സാലിക്കും ഒരു ശൈഖിന്റെ ആവശ്യം വന്നുവെങ്കില്‍ നമ്മെപ്പോലുള്ള മറ്റുള്ളവര്‍ക്ക് പിന്നെയെന്തുപറയാന്‍?!
അബൂഅലിയ്യിനിസ്സഖഫിയുടെ അഭിപ്രായം കാണുക: ഒരാള്‍ സകല വിജ്ഞാനങ്ങളും ആര്‍ജിക്കുകയും വിവിധ ജനവിഭാഗങ്ങളുമായി ഇടപഴകുകയും ചെയ്താലും ഗുണകാംക്ഷിയും സംസ്‌കാരസമ്പന്നനുമായ ഒരു ശൈഖില്‍ നിന്ന് ലഭിക്കുന്ന പരിശീലനങ്ങള്‍ (രിയാള) വഴി മാത്രമേ അയാള്‍ക്ക് സ്വൂഫികളുടെ സ്ഥാനമാര്‍ജിക്കാന്‍ സാധിക്കൂ. കല്‍പിക്കുകയും നിരോധിക്കുകയും ചെയ്യുകയും സ്വന്തം ന്യൂനതകളും മനസ്സിന്റെ പാരുഷ്യങ്ങളും കാണിച്ചുകൊടുക്കുകയും ചെയ്യുന്ന ഒരു ഗുരുവില്‍ നിന്ന് സംസ്‌കാരം പഠിക്കാത്ത വ്യക്തിയെ ക്രയവിക്രയങ്ങള്‍ ശരിയാക്കുന്നതില്‍ പിന്തുടരാന്‍ പറ്റുന്നതല്ല.
ഇമാം അബൂമദീന്‍ പറഞ്ഞത്, സ്വൂഫികളുടെ സംസ്‌കാര-സദാചാരങ്ങള്‍ പരിശീലിച്ചവരില്‍ നിന്ന് അദബ് പഠിച്ചിട്ടില്ലാത്തവന്‍ തന്നെ പിന്തുടരുന്നവരെ ദുഷിപ്പിക്കും എന്നാണ്.
ശൈഖ് അഹ്മദ് സര്‍റൂഖ് തന്റെ ഖവാഇദില്‍ രേഖപ്പെടുത്തുകയാണ്: വിജ്ഞാനവും കര്‍മവും മശാഇഖുമാരില്‍ നിന്ന് സ്വീകരിക്കലാണ് മറ്റുള്ളവരില്‍ നിന്ന് സ്വീകരിക്കുന്നതിനേക്കാള്‍ പൂര്‍ണരീതിയിലുള്ളത്. ‘വിജ്ഞാനം നല്‍കപ്പെട്ടവരുടെ ഹൃദയങ്ങളിലുള്ള സ്പഷ്ടമായ ദൃഷ്ടാന്തങ്ങളാകുന്നു അവ’, ‘എന്നിലേക്ക് മടങ്ങിയവരുടെ പാത നിങ്ങള്‍ പിന്തുടരുക’, എന്നൊക്കെയാണ് ഖുര്‍ആനിലുള്ളത്. ശൈഖ് വേണം എന്ന് ഇത് പഠിപ്പിക്കുന്നു.
വിശിഷ്യ സ്വഹാബത്ത് പഠിച്ചത് തിരുമേനി(സ്വ)യില്‍ നിന്നായിരുന്നു; നബി(സ്വ)യാകട്ടെ ജിബ്‌രീലില്‍ (അ) നിന്നും. അങ്ങ് അല്ലാഹുവിന്റെ അടിമയും പ്രവാചകനും ആവുക എന്ന ജിബ്‌രീലിന്റെ സൂചന അവിടന്ന് അനുസരിച്ചതായി കാണാം. താബിഉകളാകട്ടെ സ്വഹാബികളില്‍ നിന്നാണ് വിദ്യ നുകര്‍ന്നത്. പിന്നീട് അവര്‍ക്കെല്ലാം പ്രത്യേക അനുയായികളുണ്ടായിരുന്നു എന്നു കാണാം-അബൂഹുറൈറക്ക് ഇബ്‌നുസീരീന്‍, ഇബ്‌നുല്‍ മുസയ്യിബ്, അഅ്‌റജ്(റ) എന്നിവര്‍, ഇബ്‌നുഅബ്ബാസിന് ഥാഊസ്, വഹ്ബ്, മുജാഹിദ്(റ).. എന്നിങ്ങനെ. സ്വൂഫികള്‍ പറഞ്ഞതുപോലെ കര്‍മങ്ങളും വിജ്ഞാനങ്ങളും പൂര്‍വികമായി മശാഇഖുമാരില്‍ നിന്ന് അവരുടെ ദര്‍ശനമനുസരിച്ചുതന്നെയാണ് സ്വീകരിക്കപ്പെട്ടുപോന്നിട്ടുള്ളത്.
എന്നാല്‍, ശൈഖിന്റെ മനക്കരുത്തും ജീവിതാവസ്ഥകളും വഴിയുള്ള വൈജ്ഞാനികബോധനമോ? അനസ്(റ)ന്റെ ഒരു ഹദീസിലെ സൂചന അതിലേക്കാണ്. അദ്ദേഹം പറയുന്നു: തിരുമേനി(സ്വ)യെ മറവു ചെയ്ത് കഴിഞ്ഞിട്ടേയുള്ളൂ, അപ്പോഴേക്കും ഞങ്ങളുടെ ഹൃദയങ്ങള്‍ക്കൊക്കെ ഒരപരിചിതത്വം സംജാതമായി.
റസൂലി(സ്വ)നെ കണ്ടുകൊണ്ടിരിക്കല്‍ തങ്ങളുടെ ഹൃദയങ്ങള്‍ക്ക് ഫലദായകമായിരുന്നുവെന്നാണ് അനസ്(റ) പറയുന്നതിനര്‍ഥം. കാരണം, ഒരു സുദൃഢാവസ്ഥയില്‍ ഒരാള്‍ നിലകൊള്ളുകയാണെങ്കില്‍ അയാള്‍ക്കടുത്ത് സന്നിഹിതരാകുന്നവരും അതില്‍ നിന്നൊഴിവാകില്ല. അതുകൊണ്ടാണ് നബി(സ്വ) സജ്ജനങ്ങളോട് സമ്പര്‍ക്കം പുലര്‍ത്താന്‍ കല്‍പിച്ചതും ദുര്‍ജനങ്ങളോട് സഹവസിക്കുന്നതിനെക്കുറിച്ച് നിരോധിച്ചതും.
സയ്യിദ് അലിയ്യുല്‍ ഖവ്വാസ് പറയുന്നു:
(അപരിചിതമായ വഴിയില്‍ മാര്‍ഗദര്‍ശിയില്ലാതെ നീ പ്രവേശിച്ചുപോകരുത്. അങ്ങനെ ചെയ്താല്‍ അതിലെ ആപല്‍ഗര്‍ത്തങ്ങളില്‍ നീ നിപതിച്ചുപോകുന്നതാണ്.)(2) കാരണം, ആ വഴികാട്ടിയും സന്മാര്‍ഗദര്‍ശിയുമൊക്കെ മുരീദിനെ വിശ്വസ്തതയുടെ തീരത്തേക്ക് കൊണ്ടെത്തിക്കുന്നതാണ്. വഴിയിലെ അപകടസാധ്യതാമേഖലകളിലും കാല്‍ വഴുതി വീണേക്കാവുന്ന സ്ഥലങ്ങളിലും നിന്ന് ശിഷ്യനെ അവര്‍ ദൂരീകരിക്കുകയും ചെയ്യും. കാരണം, ഈ മാര്‍ഗദര്‍ശി ജ്ഞാനിയായ ഒരു ശൈഖ് മുഖേന ഥരീഖത്തില്‍ പ്രവേശിച്ചവനാണ്. യാത്രയിലെ നിഗൂഢകാര്യങ്ങളെയും അജ്ഞാതതലങ്ങളെയും സുരക്ഷാകേന്ദ്രങ്ങളെയും കുറിച്ചൊക്കെ സൂക്ഷ്മവിവരമുണ്ടായിരുന്നു അദ്ദേഹത്തിന്. ആ ശൈഖ് ഈ ശിഷ്യന്റെ സന്തതസഹചാരിയാവുകയും ഇദ്ദേഹത്തെ ലക്ഷ്യസ്ഥാനത്തെത്തിക്കുകയും പിന്നീട് മറ്റുള്ളവരെ മാര്‍ഗദര്‍ശനം ചെയ്യുന്നതിന് അനുമതി നല്‍കുകയും ചെയ്തു.
ഈ വസ്തുതയിലേക്കാണ് ഇബ്‌നുല്‍ബന്നാ തന്റെ കാവ്യത്തില്‍ വിരല്‍ ചൂണ്ടുന്നത്:
(തസ്വവ്വുഫിന്റെയാളുകള്‍ സഞ്ചാരികളും അല്ലാഹുവിന്റെ തിരുസന്നിധിയിലേക്ക് യാത്ര ചെയ്യുന്നവരുമാണ്. അക്കാര്യത്തില്‍ അവര്‍ക്ക് യാത്രയെയും വിശ്രമസ്ഥലത്തെയും കുറിച്ചൊക്കെ നന്നായറിയുന്ന ഒരു മാര്‍ഗദര്‍ശിയുടെ ആവശ്യമുണ്ടാകും. അദ്ദേഹം ഥരീഖത്തില്‍ പ്രവേശിച്ച ആളായിരിക്കണം. പിന്നീട് താന്‍ ഗ്രഹിച്ചതും കൈവരിച്ചതുമായ കാര്യങ്ങള്‍ മറ്റു ജനങ്ങള്‍ക്ക് കൈമാറുവാനായി അദ്ദേഹം തിരിച്ചുവരുന്നു.)
ആത്മജ്ഞാനികളുടെ മാര്‍ഗദര്‍ശിയും അല്ലാഹുവിങ്കലേക്കുള്ള വഴികാട്ടിയും നമ്മുടെ മഹാനായ ഗുരുവര്യരുമായ ശൈഖ് സയ്യിദ് മുഹമ്മദുല്‍ ഹാശിമി(റ) പറയുന്നു: … സഹോദരാ, സത്യസന്ധനും ഗുണകാംക്ഷിയും ദൈവജ്ഞാനിയും ജീവിച്ചിരിക്കുന്നവനുമായ ഒരു ശൈഖ് മുഖേന നീ തസ്വവ്വുഫിന്റെ മാര്‍ഗത്തില്‍ പ്രവേശിക്കുക. ശരിയായ വിജ്ഞാനവും സ്പഷ്ടമായ ആസ്വാദ്യതയും ഉയര്‍ന്ന മനക്കരുത്തും സംതൃപ്തമായ അവസ്ഥകളുമുള്ള വ്യക്തിയായിരിക്കണം അദ്ദേഹം.
മാര്‍ഗദര്‍ശികളായ ആത്മജ്ഞാനികള്‍ മുഖേന ഥരീഖത്തില്‍ പ്രവേശിച്ചയാളും സംസ്‌കാരസമ്പന്നരായ സ്വൂഫികളില്‍ നിന്ന് അദബുകള്‍ സ്വാംശീകരിച്ച വ്യക്തിയും ഥരീഖത്തുകളെക്കുറിച്ച് പരിജ്ഞാനിയുമാകണം ആ ശൈഖ്. നിന്റെ മാര്‍ഗത്തിലെ അപകടങ്ങളില്‍ നിന്ന് നിന്നെ സംരക്ഷിക്കുവാനും അല്ലാഹുവിങ്കല്‍ ഒത്തുകൂടുവാനായി നിനക്കറിവ് തരുവാനും അവന്റേതല്ലാത്ത വഴികളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ നിന്നെ പഠിപ്പിക്കുവാനുമാണിത്. റബ്ബിന്റെ സാന്നിധ്യത്തിലെത്തുന്നതുവരെയും നിന്റെ പന്ഥാവിലദ്ദേഹം സഹസഞ്ചാരം നടത്തണം. നിന്റെ മനസ്സിന്റെ ദുഷ്‌ചെയ്തികളെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും അല്ലാഹു ചെയ്തുകൊണ്ടിരിക്കുന്ന ഔദാര്യങ്ങള്‍ നിന്നെ മനസ്സിലാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന മാര്‍ഗദര്‍ശിയാകണം അദ്ദേഹം.
അങ്ങനെ അല്ലാഹുവിനെ യഥാവിധി അറിഞ്ഞുകഴിഞ്ഞാല്‍ നീ അവനെ സ്‌നേഹിക്കും. സ്‌നേഹിച്ചുകഴിഞ്ഞാലാകട്ടെ അവനുവേണ്ടി എന്ത് ത്യാഗവും നീ ചെയ്യും. നാഥന്റെ വഴിയിലായി നിന്റെ ത്യാഗസമര്‍പ്പണമുണ്ടായാലാകട്ടെ തന്റെ നേര്‍മാര്‍ഗത്തിലേക്ക് അവന്‍ നിന്നെ വഴികാട്ടുകയും തന്റെ തിരുസാന്നിധ്യത്തിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്യുന്നതാണ്. ഖുര്‍ആന്‍ പറയുന്നു: നമ്മുടെ മാര്‍ഗത്തില്‍ ത്യാഗസമര്‍പ്പണം (മുജാഹദ) ചെയ്തവരാരോ അവര്‍ക്ക് നാം നമ്മുടെ വഴികള്‍ സുഗമമാക്കിക്കൊടുക്കുന്നതാണ്.(1)
അപ്പോള്‍ ശൈഖിനെ തുടരലും അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തലും നിര്‍ബന്ധമാകുന്നു. ‘എന്നിലേക്ക് മടങ്ങിയവരുടെ വഴി പിന്തുടരുക'(2) എന്നും ‘ഹേ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യസന്ധന്മാരോടൊപ്പം ആവുകയും ചെയ്യുക'(3) എന്നുമുള്ള ഖുര്‍ആന്‍ വാക്യങ്ങളാണ് അതിന്റെ അടിസ്ഥാനം.
ശക്തമായ ഉള്‍ക്കാഴ്ചയുള്ള സമ്പൂര്‍ണനായ ഒരു മാര്‍ഗദര്‍ശിയില്‍ നിന്ന് ആളുകളെ സംസ്‌കരിക്കുന്നതിനുള്ള അനുമതി ലഭിച്ച വ്യക്തി കൂടിയാകണം ഈ ശൈഖ് എന്നത് അതിന്റെ ഉപാധിയാണ്. ഇങ്ങനെയുള്ള ഒരാള്‍ എവിടെയാണുണ്ടാവുക എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇബ്‌നു അഥാഇല്ലാഹിസ്സികന്‍ദരി(റ)യുടെ വാക്കുതന്നെയാണ് ഇതിനു മറുപടിയായി നമുക്ക് പറയാനുള്ളത്: ‘ഇത്തരം മാര്‍ഗദര്‍ശികള്‍ ഉണ്ടോ എന്നല്ല നീ നോക്കേണ്ടത്. അത്തരക്കാരെ അന്വേഷിക്കുന്നതിലുള്ള സത്യസന്ധതയാണ് നിനക്ക് വേണ്ടത്.’ നിഷ്‌കളങ്കമായ ശ്രമത്തിലൂടെ അന്വേഷണം നടത്തുക, എങ്കില്‍ നിനക്ക് ഒരു മാര്‍ഗദര്‍ശിയെ ലഭിക്കും. ഇതാണ് കവി പാടിയത്: അന്വേഷണത്തിന്റെ സത്യനിഷ്ഠയിലാണ് ഒരു ശൈഖിനെ നേടിക്കൊടുക്കുന്നതിലുള്ള അല്ലാഹുവിന്റെ രഹസ്യം നിലകൊള്ളുന്നത്. ഇക്കാര്യത്തില്‍ സ്വൂഫികളില്‍ നിന്ന് എത്രയെത്ര അത്ഭുതങ്ങള്‍ പ്രകടമായിട്ടുണ്ട്!
ലഥാഇഫുല്‍ മിനനില്‍ ഇങ്ങനെ കാണാം: അല്ലാഹു നിനക്ക് അറിയിച്ചുതന്ന ഒരു വലിയ്യിനോടാകണം പിന്തുടരേണ്ടത്. അല്ലാഹുവിന്റെ പക്കല്‍ അയാള്‍ക്കുള്ള പ്രത്യേകപരിഗണനകളും നിനക്കവന്‍ മനസ്സിലാക്കിത്തന്നിരിക്കും. ദൈവികമായ ആ സവിശേഷപരിഗണനകളുണ്ടാകുമ്പോള്‍ അദ്ദേഹത്തിന്റെ സാധാരണ മാനുഷികമായ സാക്ഷ്യങ്ങല്‍ നിനക്ക് അപ്രത്യക്ഷമായിത്തീരും. അങ്ങനെ നിന്റെ നിയന്ത്രണത്തിന്റെ കടിഞ്ഞാണ്‍ അദ്ദേഹത്തിന് ഏല്‍പിച്ചുകൊടുക്കുന്നു. അദ്ദേഹമാകട്ടെ തസ്വവ്വുഫിന്റെ പന്ഥാവിലേക്ക് നിന്നെയും കൊണ്ട് പ്രവേശിക്കുകയായി…
ഇബ്‌നു അഥാഇല്ലാഹിസ്സികന്‍ദരി(റ) തന്റെ ഹികമില്‍ പറയുന്നു: അല്ലാഹു എത്ര പരിശുദ്ധന്‍! തന്നെക്കുറിച്ചറിയാനുള്ള തെളിവുകള്‍ എന്തൊക്കെയാണോ അവ തന്നെയാണ് ഔലിയാക്കളെക്കുറിച്ചറിയാനുമുള്ള തെളിവുകളായി അവന്‍ നിശ്ചയിച്ചിട്ടുള്ളത്. തന്നിലേക്ക് ആരെയൊക്കെ കൊണ്ടെത്തിക്കാന്‍ അവന്‍ ഉദ്ദേശിച്ചിട്ടുണ്ടോ, അവരെ മാത്രമേ തന്റെ ഔലിയാക്കളിലേക്കും അവന്‍ കൊണ്ടെത്തിച്ചിട്ടുള്ളൂ!
Leave A Comment