നഖ്ശബന്ദി സരണി : ഉത്ഭവം, വളർച്ച, വ്യാപനം
മധ്യേഷ്യ, ആഫ്രിക്ക, അമേരിക്കയിലെ മുസ്‍ലിം പ്രദേശങ്ങൾ, യു കെ, തുർക്കി, റഷ്യ, ഇന്ത്യ തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മുസ്‍ലിം സമൂഹം പിന്തുടരുന്ന ആദ്ധ്യാത്മിക സരണിയാണ് നഖ്ശബന്ദി ത്വരീഖത്. മിക്ക ആത്മീയ സരണികളും അലി(റ) യിലൂടെയാണ് നബി(സ്വ)യിലേക്ക് ചേരുന്നതെങ്കിൽ അബൂബക്റ്(റ) വിലൂടെയാണ് നഖ്‌ശബന്ദി സരണി നബി തങ്ങളിലേക്കെത്തുന്നത്. ഹി: 717 ൽ ബുഖാറക്ക് സമീപമുള്ള ഖസ്വറ് ആരിഫീനിൽ ജനിച്ച സയ്യിദ് ബഹാഉദ്ദീൻ അന്നഖ്‌ശബന്ദി(റ) ആണ് ഈ സരണി ക്രോഡീകരിച്ചത്. ഹൃദയം കൊണ്ട് ഉരുവിടുന്ന പ്രത്യേക ദിക്റുകൾ വഴി അല്ലാഹുവിന്റെ നാമം ഹൃദയത്തിൽ കൊത്തിവെക്കപ്പെടുന്നതു കൊണ്ടാണ് "നഖ്ശബന്ദി" എന്ന് വിളിക്കപ്പെടുന്നത്. നാവും ശരീരവും ചലിപ്പിച്ചു കൊണ്ടുള്ള ദിക്റുകൾക്കാണ് ഖാദിരി സരണികൾ പ്രാധ്യാന്യം നൽകുന്നതെങ്കിൽ 'സുകൂൻ' (ശാന്ത ഭാവം) മുറ്റി നിൽക്കുന്ന അന്തരിക ദിക്റുകൾക്കാണ് നഖ്ശബന്ദികൾ മുൻഗണന നൽകുന്നത്.
അമീർ കുലൻ, ബാബാ ശംസി, മഹ്മൂദ് ഫഗ്നാവി, അബ്ദുൽ ഖാലിഖ് ഗിജ്ദുവാൻ, യൂസുഫ് ഹമദാനി, അബൂയസീദ് ബിസ്ത്വാമി, സൽമാനുൽ ഫാരിസി, അബൂബക്ർ(റ) എന്നിവരിലൂടെയാണ് ഈ ധാര നബി തങ്ങളിലേക്ക് ചേരുന്നത്. ആത്മീയ നായകരിലേക്ക് ചേർത്തി വിവിധ നാമങ്ങളിൽ നഖ്ശബന്ദിയ സരണി അറിയപ്പെട്ടിട്ടുണ്ട്. അബ്ദുൽ ഖാലിഖ് ഗജ്‍വദാനിയുടെ കാലം മുതൽ ശൈഖ് ബഹാഉദീൻ അന്നഖ്ശബന്ദി(റ) ന്റെ കാലം വരെ ഗജ്‍വദാനി സരണി എന്നും ശൈഖ് ബഹാഉദീൻ(റ) മുതൽ മുജദ്ദിദ് അൽഫി സ്സാനി അഹ്മദ് സർഹിന്ദിയുടെ കാലം വരെ നഖ്ശബന്ദിയ്യ എന്നും ശേഷം ശൈഖ് ഖാലിദ് അശ്ശഹർസൂരിയുടെ കാലം വരെ മുജദിദിയ്യ എന്നും പിന്നീട് അൽ ഖാലിദിയ്യ എന്നും നഖ്ശബന്ദി സരണി അറിയപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ, മറ്റു പല ശൈഖുമാരിലേക്കും ചേർത്തി അത്വൈഫൂരിയ്യ, ഖവാജ്കാനിയ്യ, അഹ്റാറിയ്യ, മള്ഹരിയ്യ എന്നീ നാമങ്ങളിലും അറിയപ്പെട്ടതായി കാണാം.
ബഹാഉദീൻ അന്നഖ്ശബന്ദി (റ)
ഹി: 717 / 1317 ൽ ബുഖാറക്കു സമീപമുള്ള ഖസ്വ് ർ ആരിഫീനിലായിരുന്നു മഹാനുഭാവന്റെ ജനനം. ശൈഖ് മുഹമ്മദ് ബാബാ സമാസിന്റെയും ശേഷം അമീർ കുലാൻ(റ)ന്റെയും ശിഷ്യത്വം സ്വീകരിച്ച് ആത്മീയ ജ്ഞാനം നേടി. സൂഫികളെയും മഹത്തുക്കളെയും നിരന്തരം സന്ദർശിച്ചിരുന്ന മഹാൻ ചെറിയ പ്രായത്തിൽ തന്നെ ജദ്ബിന്റെ അവസ്ഥയിലേക്ക് ഉയർന്നു. തന്റെ മൂന്നാമത്തെ ഹജ്ജ് കഴിഞ്ഞ് മർവ്, ബുഖാറ എന്നിവിടങ്ങളിൽ താമസിച്ച് മതപ്രബോധനത്തിൽ വ്യാപൃതനാകുകയും അൽപ കാലത്തിനു ശേഷം സ്വദേശത്തേക്ക് മടങ്ങി അവിടെ വച്ച് ഹി: 791 / 1388 ൽ വഫാത്താകുകയും ചെയ്തു. നിരവധി കറാമത്തുകൾ മഹാനുഭാവനിൽ നിന്ന് പ്രകടമായിട്ടുണ്ട്. ഒരിക്കൽ കറാമത്ത് പ്രകടമാക്കാൻ ശിഷ്യർ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: "ഇത്രമേൽ പാപം ചെയ്തിട്ടും സുരക്ഷിതനായി ഭൂമിയിൽ ജീവിക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ കറാമത്ത് ".
ആത്മീയ ചിന്തകൾ ഉൾക്കൊള്ളുന്ന വിവിധ രിസാലകളും ബഹുമാനപ്പെട്ടവർ രചിച്ചിട്ടുണ്ട്. അൽ ഔറാദുൽ ബഹാഇയ്യ, തൻബീഹുൽ ഗാഫിലീൻ, സൽക്കുൽ അൻവാർ, ഹദിയ്യത്തുസ്സാലികീൻ എന്നിവ അവയിൽ ചിലതാണ്. മുഹമ്മദ് ബിൻ മസ്ഊദ് അൽബുഖാരി, അശ്ശരീഫുൽ ജൂർജാനി, സയ്യിദ് പാർസാ ബുഖാരി തുടങ്ങി അനേകം മഹാന്മാര്‍ അദ്ദേഹത്തിന്റെ ജീവചരിത്രം ക്രോഡീകരിച്ചിട്ടുണ്ട്.
സരണിയുടെ അടിസ്ഥാനങ്ങൾ
പ്രധാനമായും പതിനൊന്ന് അടിസ്ഥാനങ്ങളാണ് നഖ്ശബന്ദി സരണിയിലുള്ളത്. വുഖൂഫേ സമാനി, വുഖൂഫേ അദദി, വുഖൂഫേ ഖൽബി, നസ്റേ ബർഖദം, ഹോശ് ദർദം, സഫറേ ദർവത്വൻ, ഖൽദാറേ അൻജുമൻ, യാദ് കറദ്, ബാസ് കശ്ത്, നിഗാഹ് ദശ്ത്, യാദാശ്ത് എന്നീ ഫാരിസി പദങ്ങളിലാണ് അവ അറിയപ്പെടുന്നത്. ശൈഖുമാരുടെ ചിത്രങ്ങൾ മനസ്സിൽ കൊണ്ടുവരുന്നതിന് "റാബിത്വ" എന്നാണ് പറയുക. വിസ്വാലിന്റെ പ്രധാന കാരണമായി ചിലർ ഇതിനെ ഗണിക്കാറുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചില അഭിപ്രായ ഭിന്നതകളും നിലനിൽക്കുന്നുണ്ട്. മറ്റാരു പ്രധാന രിയാളയാണ് "ഖത്മ് ". ശാന്തമായ ഒരു സ്ഥലത്തിരുന്ന് പ്രത്യേക രീതിയിൽ ഖുർആൻ ഖത്മ് തീർക്കുന്ന കർമമാണിത്.
നഖ്‌ശബന്ദി ശൈഖുമാർ ശാന്തഭാവത്തിലുള്ള ദിക്റിനെയാണ് പ്രോത്സാഹിപ്പിക്കുന്നത്. സംഘമായി നിർവഹിക്കുന്ന പ്രാർത്ഥനകളും ഇങ്ങനെ തന്നെ. മറ്റു ചില സരണികളെ പോലെ ഗാനം, നൃത്തം, ഖവ്വാലി എന്നിവ അവര്‍ പ്രോല്‍സാഹിപ്പിക്കാറില്ല. "റുഖ്സകളെ പരമാവധി ഒഴിവാക്കി അസീമകളെ പരിഗണിക്കാനും സുന്നത്തുകളെ കൃത്യമായി ജീവിതത്തിൽ കൊണ്ടുവരാനും അവർ മുരീദുമാരോട് നിഷ്കർഷിക്കുന്നു. സൂഫികൾക്കിടയിലെ കാർക്കശ്യവാദികളായാണ് നഖ്ശബന്ദിയ്യ സൂഫികൾ അറിയപ്പെടുന്നത് സൂറത്തുൽ ഫാത്തിഹ, അൽഇൻശിറാഹ്, അൽഇഖ്‌ലാസ് എന്നീ സൂറത്തുകൾ നഖ്ശബന്ദി മജ്‌ലിസുകളിൽ കൂടുതലായി പാരായണം ചെയ്യപ്പെടുന്നു.
വളർച്ച, വ്യാപനം
മധ്യേഷ, റഷ്യ, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ, ഇറാഖ്, സിറിയ, യു.കെ, അമേരിക്കയിലെ മുസ്‍ലിം പ്രദേശങ്ങൾ, തുർക്കി, ഇന്ത്യ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നഖ്ശബന്ദി സരണി വ്യാപകമാണ്. ശൈഖ് ഉബൈദുല്ലാഹ് അഹ്റാറിയുടെ കാലത്താണ് തുർക്കിയിലേക്ക് നഖ്ശബന്ദിയ്യ വ്യാപിക്കുന്നത്. സുൽത്വാൻ മുഹമ്മദ് ഫാത്തിഹിന്റെ ഭരണകാലത്ത് അത് കൂടുതൽ സജീവമായി. ശൈഖ് മുഹമ്മദ് മഅസും(റ) മുഖേന ഹിജാസിലും ശൈഖ് മുറാദ് അൽബുഖാരി(റ) മുഖേന സിറിയയിലും നഖ്ശബന്ദിയ്യക്ക് വേരോട്ടം ലഭിച്ചു. ശാഹ് അബ്ദുല്ലാഹ് ദഹ്‌ലവി, ഇമാം അഹ്മദ് സർഹിന്ദി എന്നിവരിലൂടെയാണ് ഇന്ത്യയിൽ ഇത് വേരു പിടിച്ചത്. ഖാലിദ് ശഹർസൂരി(റ) ആണ് ഇറാഖിലെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. ശാഹ് അബ്ദുല്ലാഹ് ദഹ്‌ലവിയുടെ മുരീദായിരുന്നു അദ്ദേഹം. ഇറാഖിന്റെ പല ഭാഗങ്ങളിലും നഖ്ശബന്ദിയ്യ ഖാൻഖാഹുകൾ നിർമ്മിക്കപ്പെട്ടിരുന്നു. ഖാൻ ഖാഹെ ഖാലിദ്, സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ നിർമ്മിച്ച മഹ്‍വി ഖാൻ ഖാഹ് എന്നിവ പ്രശസ്തമാണ്.
നഖ്ശബന്ദിയ്യ സൂഫികൾ രാഷ്ട്രീയത്തിലും ഭരണ കാര്യത്തിലും സജീവമായി ഇടപ്പെടുന്നവരായത് കൊണ്ടു തന്നെ ഭരണ കൂട സ്ഥാപകരായും സൈന്യാധിപരായും ഈ ധാരയിലെ സൂഫികൾ ചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് കാണാം. സുൽത്താൻ മുറാദ്, സുൽത്താൻ മുഹമ്മദ് അടക്കമുള്ള ഉസ്മാനി ഭാണാധികാരികൾ നഖ്ശബന്ദി സൂഫികളായിരുന്നു. നഖ്ശബന്ദി സൂഫികളുടെ ഭരണകൂടം എന്നപേരിലാണ് ഓട്ടോമൻ രാജവംശം അറിയപ്പെട്ടത് തന്നെ. അത് കൊണ്ട് തന്നെ ഇസ്‍ലാമിക ഭരണത്തിനായി പോരാട്ടങ്ങൾ നയിക്കാനും ഇവർ തയ്യാറായി. റഷ്യ, ഈജിപ്ത്, സൈപ്രസ്, ഗ്രീസ്, ഹംഗറി, അർമേനിയ, ഫലസ്തീൻ, സിറിയ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ യുദ്ധമുഖങ്ങളിൽ നഖ്ശബന്ദി സൂഫികൾ നിറഞ്ഞു നിന്നിരുന്നു. ഓട്ടോമൻ രാജവംശത്തിനു വേണ്ടിയായിരുന്നു ഇവരുടെ പോരാട്ടങ്ങളിലധികവും.
റഷ്യയിലെ ചെച്നിയൻ വിപ്ലവത്തിനു പിന്നിൽ ഖാദിരിയ്യ സൂഫികളോടൊപ്പം നഖ്ശബന്ദിയ്യ സൂഫികളുമുണ്ടായിരുന്നു. കൊക്കേഷ്യൻ പ്രദേശങ്ങളിലെ ദാഗിസ്ഥാൻ റഷ്യക്കാരിൽ നിന്നും മോചിപ്പിക്കാൻ സമരം ചെയ്ത ഇമാം ശാമിൽ നഖ്ശബന്ദി ധാരയിൽ പെട്ട ആളായിരുന്നു. അഫ്‌ഗാനിൽ സോവിയറ്റ് കടന്നു കയറ്റത്തിനെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയ അഹ്മദ് ഖൈലാനി, സിബ്‍ഗതുല്ലാഹ് മുജദ്ദദി എന്നിവരും പ്രശസ്തരായ നക്ശബന്ദി സൂഫികളായിരുന്നു. സൈപ്രസുകാരനായ ശൈഖ് നാസിം അൽഹഖാനി, ലബനീസ് - അമേരിക്കൻ പണ്ഡിതൻ ശൈഖ് ഹിശാം ഖബ്ബാനി എന്നിവർ ആധുനിക യുഗത്തിലെ പ്രമുഖ നഖ്ശബന്ദി സൂഫികളാണ്.
ബാഖി ബില്ലാഹ് ബെറാങ്, ശൈഖ് അഹമ്മദ് സർഹിന്ദി, മുഗൾ ചക്രവർത്തി ഔറംഗസേബ്, ഷാ വലിയുള്ള, അഹ്മദ് അൽഫാറൂഖി സർഹിന്ദി, ഷാ ഗുലാം അലി ദഹ്‌ലവി, ക്വജാ മഹ്മൂദ് നക്ഷബന്ദി, മൗലാനാ മഹമൂദ് ഹസൻ അശൈഖ് ഉണ്ണിമുഹിയുദ്ദിൻ അൽബക്‍കി എന്നിവർ ഇന്ത്യയിൽ നഖ്ശബന്ദി ധാരയെ സജീവമാക്കിയ സൂഫികളാണ്.
19, 20 നൂറ്റാണ്ടുകളിലാണ് നഖ്‌ശബന്ദി സരണി കേരളത്തിൽ പ്രചരിക്കുന്നത്. പ്രമുഖ പണ്ഡിതൻ നൂഞ്ഞേരി കുഞ്ഞഹമ്മദ് ശൈഖ് (1882), തന്റെ ശിഷ്യൻ താനൂർ അബ്ദുറഹ്മാൻ ശൈഖ് (1904) എന്നിവരാണ് അതിനു നേതൃത്വം നൽകിയത്. മക്കയിൽ താമസിച്ചിരുന്ന നഖ്ശബന്ദി ശൈഖ് യഹ്‌യ ദാഗസ്താനിയായിരുന്നു കുഞ്ഞഹമ്മദ് ശൈഖിന്റെ ഗുരു. ഹജ്ജ് വേളയിൽ കണ്ടുമുട്ടിയതിനെ തുടര്‍ന്നാണഅ, അദ്ദേഹത്തെ ശൈഖ് ആയി സ്വീകരിച്ചതും പിന്തുടർന്നതും.
Read More: ശാദുലീ സരണി: ആത്മീയതയുടെ ശാദ്വല തീരം
ഒരു നാൾ ശൈഖ് തന്റെ ശിഷ്യരുടെ മുന്നിൽ ഒരാവശ്യം സമർപ്പിച്ചു . "നാല്പത് ദിവസം സുബ്ഹിയുടെ മുമ്പേ തന്നെ എനിക്ക് വെള്ളം ചൂടാക്കി തരണം, ആരാണ് തയ്യാർ?". നൂഞ്ഞേരി കുഞ്ഞഹമ്മദ് സൂഫി ഒരു മടിയും കൂടാതെ സന്നദ്ധനായി, ചാരിതാർത്ഥ്യത്തോടെ സേവനം തുടർന്നു. ഉഷ്ണ ശൈത്യ വ്യത്യാസമില്ലാതെ ഒരു വീഴ്ചയും കൂടാതെ മുപ്പത്തിഒമ്പത് ദിവസം തുടർന്നു. നാൽപതാം ദിവസം എഴുന്നേൽക്കാൻ അൽപ്പം വൈകിപ്പോയി. കൃത്യ സമയത്ത് വെള്ളം ചൂടാക്കാൻ കഴിഞ്ഞില്ല. ഭയക്രാന്തനായി അദ്ദേഹം മുറ്റത്തേക്ക് ഓടിയിറങ്ങി. കിണറിനരികിൽ ചെന്ന് വെള്ളം കോരാൻ ബക്കറ്റ് താഴ്ത്തി. മഞ്ഞിന്റെ മറ ഉരുകി തീരാത്തതിനാൽ പുറത്തെ ദൃശ്യങ്ങൾ അവ്യക്തമായിരുന്നു. കപ്പി കരഞ്ഞ് വെള്ളം വലിച്ചു കയറ്റി നോക്കിയപ്പോള്‍ വെള്ളത്തിന് അസാധാരണമായ തിളപ്പിച്ച ചൂട്. അദ്ദേഹം അത് നേരെ ശൈഖ് യഹ്‌യാക്ക് കൊണ്ടുകൊടുത്തു.
അതൊരു ' രിയാള' യായിരുന്നു. ശൈഖ് അതീവ സന്തുഷ്ടനായി. അതോടെ, നഖ്ശബന്ദി ത്വരീഖത്തിന്റെ 'ഖിർഖ' നൽകി ശിഷ്യനെ ആദരിക്കുകയും നാട്ടിലേക്ക് പോകാനുള്ള സമ്മതം നൽകുകയും ചെയ്തു. ആത്മീയ ചികിത്സയുടെ മലബാറിലെ കണ്ണിയായി ശൈഖിനെ വിടുമ്പോൾ ആ മഹാൻ ഒന്നു കൂടി പറഞ്ഞു: "ഞാൻ ഒരു ചികിത്സാ മുറ നിന്നെ ഏല്പിക്കാം. അത് നീ നാട്ടിൽ എത്തുമ്പോൾ ആദ്യം കാണുന്ന വ്യക്തിക്ക് കൈമാറണം". തല കുലുക്കി സന്തോഷത്തോടെ അത് ഏറ്റെടുത്തു.
നൂഞ്ഞേരി ശൈഖ് നാട്ടിലെ പാലത്തുംകരയിലെത്തി. തെങ്ങും കമുങ്ങും വരിവരിയായി നിൽക്കുന്ന പാടവരമ്പിനോട് ചേർന്ന് നടക്കുമ്പോൾ വിശാലമായ പാടത്ത് ആദ്യം കണ്ടത് മൂലയിൽ റമളാൻ എന്ന മനുഷ്യനെയായിരുന്നു. കുശലാന്വേഷണങ്ങൾ കഴിഞ്ഞ് ശൈഖ് പിരിഞ്ഞു നടക്കാനൊരുങ്ങുമ്പോൾ റമളാൻ ചോദിച്ചു : " അല്ല, എനിക്ക് തരാൻ മക്കയിൽ നിന്നേല്പിച്ച അമാനത്ത് എവിടെ? മറന്നുവോ..?". അതോടെ ഉടമ്പടി കൈമാറ്റം സുഖകരമായി നടന്നു. റമളാൻ ശൈഖായി വളർന്നു. മഹാനുഭാവനാണ് ശൈഖ് റമളാൻ പാലത്തുങ്കര എന്ന പേരിൽ പിന്നീട് പ്രശസ്തനായത്.
തസ്വവ്വുഫ് ഗ്രന്ഥങ്ങളുടെ കർത്താവും സൂഫി വര്യനുമായ താനൂർ അബ്ദു റഹ്മാൻ ശൈഖ് നൂഞ്ഞേരി ശൈഖിന്റെ ശിഷ്യരിൽ പ്രമുഖരാണ്. ഗുരുവിനു ശേഷം അദ്ദേഹത്തിലൂടെയാണ് ഈ സരണി മലബാറിൽ പ്രചാരം നേടിയത്. അല്ലഫൽ അലിഫ് എന്ന കൃതിക്ക് വ്യാഖ്യാനമായി തയ്യാറാക്കിയ അവാരിഫുൽ മആരിഫ്, അസ്റാറുൽ മുഹഖിഖീൻ ഫീ മഅ്‍രിഫത്തി റബ്ബിൽ ആലമീൻ, ഇഫാളത്തുൽ ഖുദ്സിയ്യ ഫീ ഇഖ്തിലാഫി ത്വുറുഖി സ്വൂഫിയ്യ തുടങ്ങിയവ തസവ്വുഫുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ രചനകളാണ്. കുന്നത്തേരി തങ്ങൾ, തൃശൂർ കാളത്തോട് അന്ത്യവിശ്രമം കൊള്ളുന്ന കമ്മുക്കുട്ടി വലിയ്യ്, നണ്ടാടി ശൈഖ്, സി.എം വലിയ്യുല്ലാഹ്, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ, പുലി മൊയ്തീൻ വലിയ്യ്, മണലിൽ മൂപ്പർ തുടങ്ങിയവർ ഈ സരണിയിൽ കണ്ണി ചേർന്ന പ്രഗത്ഭരാണ്.
അവലംബം
അത്വരീഖത്തുന്നഖ്ശബന്ദിയ്യ വ അഅലാ മുഹാ
ഡോ: മുഹമ്മദ് അഹ്മദ്
ഇൻതിശാറുന്നഖ്‌ശബന്ദിയ്യ ഫീ ശിമാലിൽ ഇറാഖ്
അബ്ദുൽ ജബ്ബാർ , തുർക്കി
മലയാളത്തിലെ സൂഫിസം
ഡോ: മോയിൻ മലയമ്മ
സൈനുദ്ദീൻ വലി
പി. എസ്.കെ മൊയ്തു ബാഖവി മാടവന
Leave A Comment