റബീഉല്‍ ആഖര്‍: ഭൂമിയിലെ രണ്ടാം വസന്തം
അറേബ്യയുടെയും ഇസ്‌ലാമിന്റെയും വൈജ്ഞാനിക സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്തേക്ക് കടന്നുചെന്ന് ഗ്രീക്ക്-റോമന്‍ തത്വചിന്തകളുടെ അഗാധതകളില്‍ മുങ്ങിത്തപ്പാനും അറിവിന്റെ പുതിയ ചക്രവാളങ്ങള്‍ കീഴടക്കാനും മുന്നോട്ടുവന്ന അറബികള്‍ സാധ്യമാക്കിയ അന്തര്‍ നാഗരിക വൈജ്ഞാനിക കൈമാറ്റങ്ങള്‍ ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിത്തറ മാന്താനൊരുമ്പെട്ടപ്പോള്‍, ഒരു നിയോഗമെന്നോണം ഇസ്‌ലാമിക സമൂഹത്തെ വഴിനടത്തിയ നവോത്ഥാന നായകനായിരുന്നു ഇമാം ഗസ്സാലി(റ). ഇസ്‌ലാമിക ലോകത്ത് അഭൂതപൂര്‍വമായ ധിഷണാ വിപ്ലവം നടത്തിയ പണ്ഡിത കേസരികളില്‍ അഗ്രേസരനായിരുന്ന ഇമാം ഗസ്സാലി(റ)യുടെ കര്‍മമണ്ഡലം ധൈഷണിക ലോകമായിരുന്നെങ്കില്‍, ഇസ്‌ലാമിക സമൂഹം മറ്റൊരു കര്‍മയോഗിയെ കാത്തിരിക്കുകയായിരുന്നു. സമൂഹത്തിനിടയില്‍ പടര്‍ന്നുപിടിച്ച ആത്മീയ രോഗങ്ങളെ ചികിത്സിച്ചു ഭേദമാക്കാനും ചെളി നിറഞ്ഞ മനുഷ്യാത്മാവിനെ ആദ്യാന്തം സംസ്‌കരിക്കാനും കടന്നുവരുന്ന കര്‍മയോഗിയെ, അതായിരുന്നു ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ).
അഞ്ച്, ആറ് നൂറ്റാണ്ടുകളിലെ മുസ്‌ലിം ഉമ്മത്തിന്റെ പ്രശ്‌നങ്ങളുടെ അടിക്കല്ല് അവരുടെ ആലസ്യവും ഉദാസീനതയും തന്നെയായിരുന്നു. എണ്ണത്തിലും വണ്ണത്തിലും സമ്പത്തിലും ഭൗതിക വിഭവങ്ങളിലും ബൗദ്ധിക നേതൃത്വത്തിലും ബഹുദൂരം മുന്നോട്ടുപോയ മുസ്‌ലിംകള്‍ ആത്മീയമായി ബഹുദൂരം പിന്നിലായിരുന്നു. ഭൗതിക പ്രമത്തതയില്‍ മുങ്ങി സുഖിയന്‍മാരായിത്തീര്‍ന്ന സമൂഹത്തിലേക്ക് ആശാസ്യകരമല്ലാത്ത ആചാരങ്ങള്‍ കറുത്ത വിഷജന്തുവിനെപ്പോലെ ഇഴഞ്ഞെത്തി. സമ്പന്നര്‍ അഹങ്കാരത്തിലും ദരിദ്രര്‍ നിരന്തരം വഴക്കുകളിലുമേര്‍പ്പെട്ട് സമൂഹത്തിന്റെ നിലവാരം താഴേതട്ടിലെത്തിച്ചു. ഉത്തമ സമൂഹത്തിന്റെ നിഴല്‍ മാത്രമായിത്തീര്‍ന്ന ഈ ജനക്കൂട്ടത്തിലേക്ക് ഒരു പരിഷ്‌കര്‍ത്താവ് കാലഘട്ടത്തിന്റെ ആവശ്യകതയായിരുന്നു.
പ്രസക്തി
അഞ്ചാം നൂറ്റാണ്ടിനെ സംബന്ധിച്ചിടത്തോളം വിജ്ഞാനത്തിനും വിജ്ഞാനോപാസകര്‍ക്കും പഞ്ഞമില്ലാത്ത കാലഘട്ടമായിരുന്നു. അറിവിന്റെ ചെന്താമരകള്‍ പൂത്തു പുഷ്‌കലമായ ഇസ്‌ലാമിന്റെ പൂവാടിയില്‍ അനവധി പണ്ഡിത സൂര്യന്‍മാര്‍ പ്രകാശം പൊഴിച്ചു നിന്നു. ഇമാം ഗസ്സാലി(റ), ശീറാസി(റ), ഇബ്‌നു ഉഖൈല്‍(റ), ജുര്‍ജാനി(റ), തിബ്‌രീസി(റ), ഹരീരി(റ), സമഖ്ശരി(റ) തുടങ്ങി നിരവധിയനവധി പണ്ഡിത മഹത്തുക്കള്‍ തലയുയര്‍ത്തി നില്‍ക്കുന്ന അറിവിന്റെ വെണ്‍മിനാരങ്ങള്‍. ബഗ്ദാദ് അക്ഷരാര്‍ത്ഥത്തില്‍ ഒരു സ്വര്‍ഗത്താഴ്‌വരയായിരുന്ന കാലം.
എന്നാല്‍, അറിവു കൊണ്ടു മാത്രം കരപറ്റാന്‍ കഴിയാതെ പോയ സമൂഹത്തിന്റെ അമരത്തിരിക്കാന്‍ ജാഹിലിയ്യത്തിന്റെ ഉപാസകരെ സമൂഹത്തില്‍ നിന്നും കുടഞ്ഞെറിയാന്‍, മേല്‍ വിവരിച്ച പണ്ഡിതരെ കവച്ചുവയ്ക്കുന്ന അഗാധമായ അറിവും കഴിവും ആധ്യാത്മിക ജ്ഞാനവും സമാസമം ചേര്‍ത്ത, അത്യുജ്വലമായ ആത്മീയ ശക്തിയുള്ള ഒരു നായകനെ ലോകം കാത്തിരുന്നു. തെളിമയാര്‍ന്ന വ്യക്തിത്വവും വാക്ചാതുരിയും മാതൃകാ യോഗ്യമായ ജീവിതവും ഒത്തിണങ്ങിയ നായകന്‍. അത് ശൈഖ് ജീലാനി(റ) തന്നെയായിരുന്നു.
വളര്‍ച്ച, വികാസം
ഹിജ്‌റ 470ല്‍ ജീലാനില്‍ ജന്മം കൊണ്ട ശൈഖ് ജീലാനി(റ) തന്റെ 18ാം വയസ്സില്‍ ബഗ്ദാദില്‍ പ്രവേശിക്കുമ്പോള്‍ അവിടെ ചരിത്രം മറ്റൊരു സന്ധിയിലേക്ക് വഴിതിരിഞ്ഞിരുന്നു. ലോകത്തെ അറിവുകൊണ്ട് പ്രഭാപൂരിതമാക്കിയ ഇമാം ഗസ്സാലി(റ) നിളാമിയ്യ മദ്‌റസയിലെ പൊതുജീവിതമവസാനിപ്പിച്ച് ഇലാഹീസന്നിധിയിലേക്ക് തീര്‍ത്ഥയാത്രക്കിറങ്ങിയ വര്‍ഷമായിരുന്നു അത്. ഇബ്‌നു ഉഖൈല്‍(റ), ബാഖില്ലാനി(റ), തിബ്‌രീസി തുടങ്ങിയ പണ്ഡിത പ്രഭുക്കളില്‍ നിന്നും വിദ്യ നുകര്‍ന്ന ഇമാം, തന്റെ ആത്മീയ ദാഹമകറ്റാന്‍ തെരഞ്ഞെടുത്തത് ശൈഖ് അബുല്‍ ഖൈര്‍ ഹമ്മാദ് ബിന്‍ മുസ്‌ലിം അദ്ദബ്ബാസി(റ)യെയായിരുന്നു. അബൂ സഈദുല്‍ മഖ്‌റമി(റ)യിലൂടെ തന്റെ അധ്യാത്മിക ജീവിതം വളര്‍ന്നു; കരുത്താര്‍ജ്ജിച്ചു.
പരിഷ്‌കാരം, മാര്‍ഗദര്‍ശനം
ഗുരുകുല വിദ്യാഭ്യാസത്തിന്റെ കാലം കഴിഞ്ഞ് ശൈഖ് ജീലാനി(റ) ജനമധ്യത്തിലിറങ്ങി. ബാബുല്‍ അസ്ജിലെ തന്റെ ഗുരുവര്യന്റെ സ്ഥാപനത്തിലായിരുന്നു ആദ്യ നിയമനം. അവിടെ, മഹാനവര്‍കളുടെ പ്രഭാഷണ വേദികള്‍ അനന്തമായ ജനസാഗരമായിത്തീര്‍ന്നു. നൂറുകണക്കിന് പണ്ഡിതര്‍, ഭരണകര്‍ത്താക്കള്‍, പരസഹസ്രം പൊതുജനങ്ങള്‍, ശൈഖ് ജീലാനി(റ)യുടെ ശ്രോതാക്കളായി. ബഗ്ദാദ് നഗരം മുഴുവന്‍ മഹാന്റെ ശിഷ്യഗണങ്ങളെ കൊണ്ടു നിറഞ്ഞു. ഒരു പുതിയ ആധ്യാത്മിക വിസ്‌ഫോടനത്തിന്റെ തുടക്കമായിരുന്നു അത്.
വ്യക്തിത്വം, സ്വഭാവം
മാതൃകായോഗ്യനായ ഒരു പ്രബോധകന്റെ സര്‍വ ഗുണവിശേഷണങ്ങളും ഒത്തിണങ്ങിയ അസാമാന്യ വ്യക്തിത്വമായിരുന്നു ശൈഖ് ജീലാനിയു(റ)ടേതെന്ന് സുവിദിതമാണ്. ആകര്‍ഷണീയമായ സല്‍സ്വഭാവം, വശ്യമായ പുഞ്ചിരി, വിനയം, വിശാലമനസ്‌കത, ക്ഷമാശീലം തുടങ്ങി സര്‍വ ഗുണങ്ങളിലും മഹാന്‍ തന്റെ സമകാലികരെക്കാള്‍ ഒരുപാട് മുന്നിലായിരുന്നു. അഗതികളെയും അനാഥകളെയും സംരക്ഷിക്കാനും അവരുടെ വിശപ്പകറ്റി കണ്ണീരൊപ്പാനും മഹാനവര്‍കള്‍ അതിയായി ആഗ്രഹിച്ചു. ജനങ്ങളുടെ മനസ്സില്‍ അതുല്യമായ സ്ഥാനമലങ്കരിക്കുമ്പോഴും സാധു ജനങ്ങളെ കൂടെ നിര്‍ത്തി. ഭരണാധികാരികളിലെ നാണയക്കിലുക്കങ്ങള്‍ക്കു മുമ്പില്‍ ചെവി പൊത്തി.
‘സദാ പുഞ്ചിരി പൊഴിക്കുന്ന ആ മുഖം ഗൗരവപൂര്‍ണമായിരുന്നു. അല്ലാഹുവിന്റെ നിയമങ്ങള്‍ അതിലംഘിക്കപ്പെടുന്ന പക്ഷം വിവര്‍ണമാകുന്ന ആ മുഖത്തിന്റെ ഭയാനകത അവര്‍ണനീയമാണ്’-ഇറാഖിലെ മുഫ്തിയായിരുന്ന മുഹമ്മദ് ബിന്‍ ഹാമിദ് അല്‍ ബഗ്ദാദിയുടേതാണ് ഈ വാക്കുകള്‍.
ഹൃദയങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുന്നു
ഇസ്‌ലാമിക ലോകത്തിന്റെ ഹൃദയഭൂമികയായ ബഗ്ദാദിലെ മലര്‍വാടിയിലിരുന്ന് ആ പൂങ്കുയില്‍ പാടി. അതിന്റെ സുന്ദര രാഗം ദിഗന്തങ്ങള്‍ ഭേദിച്ച് ലോകത്ത് ഒഴുകി നിറഞ്ഞു. ഇരുളടഞ്ഞ മനസ്സിന്റെ അന്ധകാര നാഴികകളില്‍ പ്രകാശപ്പൊട്ടുകള്‍ വിതറി. മരിച്ചുപോയ ഹൃദയഭൂമിയില്‍ അമൃത്‌വര്‍ഷമായി പെയ്തിറങ്ങി. തിന്മയുടെ വെയിലേറ്റു വാടിയ റോസാദളങ്ങള്‍ പൂത്തു പുഷ്പിച്ചു. മനസ്സകങ്ങള്‍ ആധ്യാത്മിക വസന്തത്താല്‍ പ്രഭാ നിര്‍ഭരമായി. ശിഷ്യഗണങ്ങളാല്‍ പ്രഭാഷണ സദസ്സുകള്‍ തിങ്ങിനിറഞ്ഞു.
”മരുഭൂമികളിലും വിജന ദേശങ്ങളിലും ഏകനായ അല്ലാഹുവെ ആരാധിച്ച് അവന്റെ സ്‌നേഹ സാഗരത്തിലലിഞ്ഞുചേരാന്‍ എനിക്കതിയായ മോഹമുണ്ട്. പക്ഷേ, അല്ലാഹു എന്നിലേല്‍പ്പിച്ച ഉത്തരവാദിത്തം മറ്റൊന്നാണ്. അയ്യായിരത്തിലധികം ജൂതരെ ഇസ്‌ലാമിലേക്കടുപ്പിക്കാനും ഒരു ലക്ഷത്തിലധികം ദുര്‍മാര്‍ഗികള്‍ക്ക് സത്യപാതയുടെ വെട്ടം തെളിക്കാനും അല്ലാഹു എനിക്ക് സൗഭാഗ്യം നല്‍കിയതിനാല്‍ അല്ലാഹുവിന്റെ വിധിയിതാണെന്നു ഞാന്‍ മനസ്സിലാക്കുന്നു.”-ശൈഖ് ജീലാനി(റ)യുടെ വാക്കുകളാണിവ.
ആധ്യാത്മിക മണ്ഡലത്തില്‍ വെണ്‍താരമായി മിന്നിത്തെളിയുമ്പോഴും വൈജ്ഞാനിക രംഗത്തെ തന്റെ ഭാഗധേയം മഹാന്‍ വിസ്മരിച്ചില്ല. ജനങ്ങള്‍ക്ക് വിജ്ഞാനപ്രദമായ, പണ്ഡിതോചിത അധ്യാപനങ്ങള്‍ പകര്‍ന്നുനല്‍കാന്‍ മഹാനവര്‍കള്‍ സമയം കണ്ടെത്തി. ഒരേ സമയം ശാഫിഈ, ഹമ്പലീ മദ്ഹബുകളില്‍ മഹാന്‍ ഫത്‌വകള്‍ നല്‍കിയിരുന്നു.
തസ്വവ്വുഫിന്റെ സുബദ്ധീകരണം
സമകാലിക ലോകത്തെ തസ്വവ്വുഫിന്റെ പരിണാമത്തെ നേരിടുകയും എതിര്‍ത്തു തോല്‍പ്പിക്കുകയും ചെയ്യാന്‍ ശൈഖ് ജീലാനി(റ) പക്വമായ നേതൃത്വം നല്‍കിയതായി കാണാം. ഇസ്‌ലാമിക ശരീഅത്തിന്റെ ചട്ടക്കൂടുകളില്‍ ഒതുങ്ങിനിന്നിരുന്ന തസ്വവ്വുഫ് എന്ന ശാസ്ത്രം പതുക്കെ പുറത്തുചാടാനൊരുങ്ങുകയും ശരീഅത്തിനു വില കല്‍പ്പിക്കാത്ത സ്വൂഫി നാമധാരികള്‍ മുഖ്യധാര പിടിച്ചടക്കുകയും ചെയ്തത് തസ്വവ്വുഫ് എന്ന മഹത്തായ ശാഖയുടെ പതനത്തിലേക്ക് കൊണ്ടുപോയ വിപല്‍ഘട്ടത്തില്‍ അത്തരം പ്രവണതകള്‍ക്കെതിരേ ശൈഖ് ജീലാനി(റ) ശക്തമായി നിലകൊണ്ടു. ഇസ്‌ലാമിക ശരീഅത്തിനെ മാറ്റിനിര്‍ത്തിയൊരു ആത്മീയത മതത്തിനന്യമാണെന്ന് മഹാന്‍ അസന്ദിഗ്ദമായി പ്രഖ്യാപിച്ചു.
തസ്വവ്വുഫ് എന്നത് ഇസ്‌ലാമിക നിയമങ്ങളില്‍ നിന്നും ബാധ്യതകളില്‍ നിന്നും ഒളിച്ചോടാനുള്ള കുറുക്കുവഴിയല്ലെന്നും ശരീഅത്ത് സര്‍വ മുസ്‌ലിംകള്‍ക്കും ഒരുപോലെ അത്യന്താപേക്ഷിതമാണെന്നും അതിനെ തൃണവല്‍ഗണിക്കല്‍ ഇസ്‌ലാമിക വിരുദ്ധതയാണെന്നും അദ്ദേഹം അര്‍ത്ഥശങ്കയ്ക്കിടമില്ലാത്ത വിധം തുറന്നടിച്ചു. ഈ ഉറച്ച നിലപാടുകള്‍ തസ്വവ്വുഫിനെ ആസന്നമായ വിപത്തില്‍ നിന്നു രക്ഷിക്കുവാന്‍ ഏറെ സഹായകമായി എന്നത് ചരിത്രപരമായ യാഥാര്‍ത്ഥ്യമത്രെ.
രാഷ്ട്രീയ നിലപാടുകള്‍
ഏഴര പതിറ്റാണ്ടു കാലത്തെ സുദീര്‍ഘമായ ബഗ്ദാദ് വാസത്തിനിടയില്‍ അഞ്ചു ഭരണാധികാരികളുടെ കാലയളവിലൂടെ കടന്നുപോകാന്‍ മഹാനവര്‍കള്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. മറ്റേതു മേഖലയെയും പോലെ, രാഷ്ട്രീയമായി തികഞ്ഞ അരാജകത്വമായിരുന്നു മുസ്‌ലിം ലോകത്തെ ഭരിച്ചിരുന്നത്. ഒരുവശത്ത് രാജകൊട്ടാരത്തിലേക്ക് പതുക്കെ നുഴഞ്ഞുകയറിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമിക വിരുദ്ധമായ മതനവീകരണാശയങ്ങളും പരസ്പരം പോരടിക്കുന്ന മുസ്‌ലിം ഭരണാധികാരികളും. മറുവശത്ത്, ഭരണകര്‍ത്താക്കളെ കാണപ്പെട്ട ദൈവങ്ങളും പൂജ്യരുമായി തലയിലേറ്റി നടക്കുന്ന വിഡ്ഢികളായ പൊതുസമൂഹവും. രാഷ്ട്രീയമായ അസ്ഥിരത സമൂഹത്തെയാകമാനം സന്നിവേശിച്ച ആപത്തു നിറഞ്ഞ ചരിത്രസന്ധിയായിരുന്നു ശൈഖ് ജീലാനി(റ)യുടെ കാലഘട്ടം.
പക്ഷേ, തികഞ്ഞ ഊര്‍ജസ്വലതയോടെയും പക്വമായ നേതൃപാടവത്തോടെയും ശൈഖ് ജീലാനി(റ) അതിനെ ചെറുത്തുനിന്നു. ഭരണാധിപന്‍മാരെ ആള്‍ദൈവങ്ങളായി പൂജിക്കുന്ന വിഗ്രഹ പൂജാ സംസ്‌കാരത്തെ സമൂഹത്തില്‍ നിന്നും വലിച്ചെറിഞ്ഞു. ഭരണകര്‍ത്താക്കള്‍ക്കിടയില്‍ ഐക്യവും സ്‌നേഹവും രൂഢമൂലമാക്കി. ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് വിഴിതിരിച്ചു വിട്ടു. അവനാണ് സര്‍വാധിപനെന്നും അവനെ മാത്രമേ വണങ്ങാവൂ എന്നും അത്യുച്ചത്തില്‍ വിളിച്ചുപറഞ്ഞു. ഭരണാധികാരികളില്‍നിന്നും അകലം പാലിച്ച് മാതൃകാ പുരുഷനായിത്തീര്‍ന്നു.
അതേസമയം, ഭരണാധിപന്‍മാരെ തെറ്റുകളില്‍ നിന്നു പിന്തിരിപ്പിക്കാനും അവര്‍ക്ക് ദിശാബോധം നല്‍കാനും മഹാനവര്‍കള്‍ മുന്നോട്ടു വന്നു. ഏതു വലിയവന്റെയും കൈപ്പിടിക്കാന്‍ മഹാന്‍ ധൈര്യം കാണിച്ചു. അങ്ങനെ, ഭരണനിര്‍വവാഹകരുടെ തലവേദനയായിത്തീര്‍ന്നു കഥാനായകന്‍. തെറ്റുകള്‍ കാണുന്നപക്ഷം അറച്ചുനില്‍ക്കാനോ അലംഭാവത്തോടെ നേരിടാനോ മഹാന്‍ ഒരുക്കമായിരുന്നില്ല. രാഷ്ട്രീയത്തിലും ആ വ്യക്തിവിലാസം പ്രകാശം പൊഴിക്കാന്‍ ഉതകുന്നതായിരുന്നുവെന്ന് ചുരുക്കം.
സമൂഹത്തെയാകമാനം വിഴുങ്ങിക്കളഞ്ഞ അനാശാസ്യ പ്രവണതകളുടെ പുറംതോട് മുഴുവന്‍ തകര്‍ത്തെറിഞ്ഞ് സത്യവിശ്വാസത്തിന്റെ പൊന്‍പുലരിയിലേക്ക് കൈപിടിച്ചു കൊണ്ടുവരാന്‍ തനിക്കല്ലാതെ മറ്റൊരാള്‍ക്കും സാധ്യമല്ല എന്ന അതിശക്തമായ ആശയം തന്റെ വ്യക്തി ജീവിതത്തിലൂടെ തെളിയിച്ചുകൊണ്ട് അദ്ദേഹം ജൈത്രയാത്ര തുടര്‍ന്നു.
ദുഷ്ട പണ്ഡിതന്മാര്‍ക്കെതിരെ
ചക്രവര്‍ത്തിമാരുടെ ദര്‍ബാറുകളിലെ നിറ സാന്നിധ്യമാവുകയും അവരുടെ അരമനകളെ ചുറ്റിപ്പറ്റി നടക്കുകയും ചെയ്യുന്ന പണ്ഡിതവേഷധാരികള്‍ക്കെതിരേ ശൈഖവര്‍കള്‍ ആഞ്ഞടിച്ചു. രാജാക്കന്‍മാര്‍ വച്ചു നീട്ടുന്ന പണക്കിഴികളുടെ നാണയക്കിലുക്കങ്ങളില്‍ വശംവദരായി ഇസ്‌ലാമിക സ്വത്വത്തെ ചെങ്കോലുകള്‍ക്കു മുമ്പില്‍ കാണിക്കയര്‍പ്പിക്കുന്ന പ്രവണത സമൂഹത്തിന്റെ ശാപമാണെന്നദ്ദേഹം തുറന്നടിച്ചു.
”ഹേ, പണ്ഡിത സമൂഹമേ, നിങ്ങളും യഥാര്‍ത്ഥ പണ്ഡിതന്‍മാരും തമ്മില്‍ എന്തുമാത്രം അന്തരമാണ്? സമൂഹവഞ്ചകരേ, തിരുനബി(സ്വ)യുടെ ശത്രുക്കളേ, സമുദായത്തെ ഒറ്റുകൊടുക്കുന്നവരേ, നിങ്ങള്‍ വളരെ വ്യക്തമായ കൂരിരുട്ടില്‍ മുങ്ങിത്തപ്പുകയാണ്; അന്ധമായ കപട വിസ്വാസത്തിലും. രാജസന്നിധിയില്‍ ചെന്ന് കപട വിശ്വാസത്തിലൂടെ പണം പിടുങ്ങുന്ന നീചകൃത്യമവസാനിപ്പിക്കാന്‍ ഇനിയും നേരമായില്ലേ? അല്ലാഹുവേ ഈ കപടന്‍മാരുടെ ശക്തി നീ തകര്‍ത്തുകളയേണമേ…” (ശൈഖ് ജീലാനി ദുഷ്ടപണ്ഡിതരോട്)
കപടന്‍മാര്‍ക്കെതിരെ
ഇസ്‌ലാമിനെ ജീവിതോപാധിയാക്കിത്തീര്‍ത്ത കപട വിശ്വാസികളെ നിലക്കുനിര്‍ത്താന്‍ ശൈഖവര്‍കള്‍ മുന്നോട്ടു വന്നു. ദേഹേച്ഛകളുടെ തടവുകാരായി ജീവിക്കുകയും ഇസ്‌ലാമിന്റെ സല്‍പ്പേരിനെ ചൂഷണം ചെയ്യുകയും ചെയ്യുന്ന ഈ അഭിശപ്ത വിഭാഗത്തെ മഹാനവര്‍കള്‍ ശത്രുക്കളായി കണ്ട് അവരെ എതിര്‍ത്തു തോല്‍പ്പിക്കുന്നതാവട്ടെ, തന്റെ ജന്മ ധര്‍മമായിട്ടായിരുന്നു. സമൂഹത്തെ രക്ഷിക്കേണ്ട ഉത്തരാവദിത്തമുള്ള പണ്ഡിത സമൂഹം, സമുദായത്തിന്റെ കൂട്ടിക്കൊടുപ്പുകാരായിത്തീര്‍ന്നത് ആ മനസ്സിന് അസഹനീയമായിരുന്നു. മുസ്‌ലിം സമുദായത്തെ രക്ഷയുടെ വഴിയിലെത്തിലെത്തിക്കാന്‍ ആ വിശാലമായ മനസ് വെമ്പല്‍കൊണ്ടു. മഹാനവര്‍കള്‍ ഒരു സദസ്സില്‍ ഇങ്ങനെ പറഞ്ഞു: ”പുണ്യ നബി(സ്വ)യുടെ വിശുദ്ധ മതത്തിന്റെ ചുവരുകളിതാ നാശോന്മുഖമായിത്തീര്‍ന്നിരിക്കുന്നു. ശത്രുക്കള്‍ അതിന്റെ അടിക്കല്ലിളക്കികൊണ്ടിരിക്കുകയാണ്. ലോകമേ, കടന്നുവരൂ.. നമുക്ക് ഒറ്റക്കെട്ടായി വിശുദ്ധ ദീനിനെ പുനര്‍നിര്‍മിക്കാം.”
സംഭവ നിര്‍ഭരമായ ആത്മീയ ജീവിതത്തിനു തിരശ്ശീലയിട്ട് ഹിജ്‌റ 561ല്‍ മഹാന്‍ ഇലാഹീ സന്നിധിയിലേക്ക് യാത്രയായി. 90 സംവത്സരം മഹാനവര്‍കളുടെ തണലില്‍ ജീവിക്കാന്‍ അല്ലാഹു മുസ്‌ലിം ലോകത്തിനു ഭാഗ്യമേകി.
വിവ: അന്‍വര്‍ അലി കിഴിശ്ശേരി
Leave A Comment