അബൂബക്ര്‍(റ): ഭരണനേട്ടങ്ങളും വിയോഗവും
ഇറാഖില്‍
മശിയ്യു ബ്‌നു ഹാരിസ്(റ)വിനെ ഇറാഖിന്റെ ഭാഗത്തേക്ക് അയച്ചിരുന്നുവെന്ന് മുമ്പ് പ്രസ്താവിച്ചിരുന്നുവല്ലോ. പിന്നീട് ഖാലിദ്ബനു വലീദ്(റ)വിന്റെ നേതൃത്വത്തില്‍ ഒരു മുസ്ലിം പോഷക സൈന്യത്തെ അങ്ങോട്ടയച്ചു. അതോടുകൂടി ആ ഭാഗത്ത് ശരിയായ യുദ്ധം ആരംഭിച്ചു. ഹിജ്‌റ 12ല്‍ ഖാലിദ്(റ) ഹീറ: കൈവശപ്പെടുത്തി. വര്‍ഷം പ്രതി 70000 പവന്‍ കപ്പം നിശ്ചയിച്ചു. ഒരു അന്യരാജ്യത്തിന്റെ പക്കല്‍ നിന്ന് മുസ്ലിംകള്‍ സ്വീകരിച്ച ആദ്യത്തെ കപ്പമാണ് ഇത് എന്ന് പറയപ്പെടുന്നു.
ഹീറ: അധീനപ്പെടുത്തിയ ശേഷം ഖാലിദ്(റ) ഐലത്തിനു നേരെ തിരിയുകയും അവിടത്തെ ഭരണാധികാരിയായിരുന്ന യര്‍മുസിനെ പരാജയപ്പെടുത്തി ഐലത്ത് കൈവശമാക്കുകയും ചെയ്തു. ഒരു ലക്ഷം ഉറുപ്പിക വില വരുന്ന അയാളുടെ കിരീടം ഖാലിദ്(റ)വിന്ന് കിട്ടി. ഇതിനെ തുടര്‍ന്ന് കിസ്രാ അയച്ച മറ്റു വന്‍ സൈന്യങ്ങളെയും ഖാലിദ്(റ) പരാജയപ്പെടുത്തുക തന്നെ ചെയ്തു. പിന്നീട് ഖാലിദ്(റ) യൂഫ്രട്ടീസ്, ടൈഗ്രീസ് എന്നീ നദികളുടെ ഭാഗങ്ങളിലേക്ക് തിരിഞ്ഞു. ആ പ്രദേശങ്ങളിലുണ്ടായിരുന്ന എല്ലാ പട്ടണങ്ങളെയും കീഴടക്കി. തുടര്‍ന്ന് ഇറാഖിന്റെ മറ്റുപ്രദേശങ്ങളും അധീനപ്പെടുത്തി. അങ്ങിനെ ഹി.12ല്‍ മുഴുവന്‍ ഇറാഖിലും മുസ്ലിംകളുടെ വിജയപതാക പാറിക്കളിച്ചു. ഈ യുദ്ധങ്ങളില്‍ മുസ്ലിംകള്‍ക്ക് അളവറ്റ യുദ്ധമുതലുകള്‍ ലഭിച്ചു. അവയുടെ അഞ്ചിലൊരംശവും ഹുര്‍മുസിന്റെ കിരീടവും ഖാലിദ്(റ) മദീനയിലേക്ക് അയച്ചുകൊടുക്കുകയും ബാക്കിയുള്ളത് ഭടന്മാരില്‍ ഭാഗിക്കുകയും ചെയ്തു.
ഇറാഖ് വിജയത്തെ തുടര്‍ന്ന് ഖാലിദ്(റ) പേര്‍ഷ്യന്‍ രാജാവായ കിസ്രാക്ക് ഇങ്ങിനെ ഒരു സന്ദേശമെത്തിച്ചു. ”ഒന്നുകില്‍ ഇസ്ലാംമതം സ്വീകരിക്കുക, അല്ലെങ്കില്‍ ജിസ്‌യ (കപ്പം) നല്‍കുക. രണ്ടും തള്ളിക്കളയുകയാണെങ്കില്‍ ഇറാഖിന്റെ ഗതി തന്നെ പേര്‍ഷ്യക്കും വന്നെത്തുന്നതായിരിക്കും”. കിസ്രാ ഈ സന്ദേശം തള്ളിക്കളയുകയാണുണ്ടായത്. അതിനെ തുടര്‍ന്ന് പേര്‍ഷ്യയിലും യുദ്ധങ്ങള്‍ ആരംഭിച്ചു.
ബസ്വറ വിജയം
ഇറാഖില്‍ മുസ്ലിംകള്‍ക്ക് പ്രശസ്ത വിജയങ്ങള്‍ കൈവന്നുകൊണ്ടിരിക്കുമ്പോള്‍ ശാമിലെ യുദ്ധമുഖങ്ങളില്‍ പലതിലും അവര്‍ക്ക് പരാജയങ്ങള്‍ നേരിടേണ്ടി വന്നു. ശാമിലെ സര്‍വ്വ സൈന്യാധിപന്‍ അബൂഉബൈദ:(റ) ആയിരുന്നുവല്ലോ. അദ്ദേഹത്തിന്റെ കീഴിലുള്ള സൈന്യങ്ങള്‍ക്ക് പരാജയങ്ങള്‍ നേരിടുന്നത് കണ്ടപ്പോള്‍ ഇറാഖിലെ നായകത്വം മശിയ്യു ബ്‌നു ഹാരിസ്(റ)നെ ഏല്‍പ്പിച്ചുകൊണ്ട് തന്റെ പട്ടാളത്തോടുകൂടി ശാമിലേക്ക് പോകുവാനും അവിടെയുള്ള മുസ്ലിം സൈന്യങ്ങളോട് ചേര്‍ന്ന് യുദ്ധം നടത്തുവാനും ഖലീഫ അബൂബക്കര്‍(റ) ഖാലിദ്ബ്‌നു വലീദ്(റ)വിന്ന് കല്‍പ്പന കൊടുത്തു.
ഖാലിദ്(റ) ശാമിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ അബൂ ഉബൈദ(റ)ന്റെ ആജ്ഞപ്രകാരം ശുര്‍ജയില്‍(റ)ന്റെ നേതൃത്വത്തില്‍ ഒരു സൈനിക സംഘം ബസ്വറ നഗരത്തെ വളഞ്ഞ് അക്രമം തുടങ്ങിക്കഴിഞ്ഞിരുന്നു. ശത്രുക്കളുടെ ശക്തികേന്ദ്രമായ ബസ്രയെ വേണ്ടത്ര മുന്‍കരുതലുകള്‍ കൂടാതെ ആക്രമിക്കുവാന്‍ ഒരുങ്ങിയതിന്റെ ഫലമായി ശുര്‍ജെയില്‍(റ)വിന്റെ സൈന്യത്തിന്ന് കനത്ത തിരിച്ചടികള്‍ കിട്ടുവാന്‍ തുടങ്ങി. ഭാഗ്യത്തിന്ന് ഈ അവസരത്തില്‍ ഖാലിദ്(റ)വും സേനയും അവിടെയെത്തി. കടുത്ത പോരാട്ടത്തിന്ന് ശേഷം ശത്രുക്കള്‍ അവരുടെ ഭദ്രമായ കോട്ടയില്‍ അഭയം തേടുവാന്‍ നിര്‍ബന്ധിതരായി.
പിന്നീട് അവര്‍ ഒരു പുതിയ നേതാവിന്റെ കീഴില്‍ കോട്ടയില്‍ നിന്ന് പുറത്ത് വരികയും മുസ്ലിംകളോട് യുദ്ധം തുടങ്ങുകയും ചെയ്തു. എന്നാല്‍ അബ്ദുറഹ്മാനുബ്‌നു അബീബക്കര്‍(റ)ന്റെയും ഖാലിദ്ബ്‌നു വലീദ്(റ)ന്റെയും കീഴിലുള്ള മുസ്ലിം സൈനിക സംഘങ്ങള്‍ ധീരധീരം പോരാടി ശത്രുക്കളെ പരാജയപ്പെടുത്തുകയും പോര്‍ക്കളത്തില്‍ നിന്ന് അവരെ ആട്ടിയോടിക്കുകയും ചെയ്തു. അവര്‍ വീണ്ടും കോട്ടക്കകത്ത് പ്രവേശിച്ചു വാതിലുകളടച്ചു. മുസ്ലിംകള്‍ കോട്ടവാതില്‍ക്കല്‍ തങ്ങളുടെ കൊടി നാട്ടി.
മുസ്ലിംകള്‍ക്ക് കീഴടങ്ങുകയല്ലാതെ തങ്ങള്‍ക്കു ഗത്യന്തരമില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ ബസ്‌റയിലെ മുന്‍നേതാവായിരുന്ന റോമാനസ് അവരുടെ തന്നെ വീട്ടുതടങ്കലില്‍ കഴിയുകയായുരുന്നു. അദ്ദേഹം കൗശലത്തില്‍ ഒരു തുരങ്കമുണ്ടാക്കി പുറത്ത് വരികയും മുസ്ലിംകളുമായി സഹകരിച്ച് അവരുടെ ഒരു സംഘത്തോടുകൂടി വീണ്ടും അകത്ത് പോവുകയും കോട്ടവാതില്‍ തുറക്കുകയും ചെയ്തു. ഇതോടുകൂടി മുസ്ലിം സൈന്യം ബസ്‌റയില്‍ പ്രവേശിച്ചു. ഭയങ്കര യുദ്ധം നടന്നു. ഒടുവില്‍ ശത്രുക്കള്‍ കീഴടങ്ങി. ബസ്‌റ അധീനമായ ശേഷം മുസ്ലിംകള്‍ അവിടത്തെ നിവാസികള്‍ക്ക് സുരക്ഷിതത്വം നല്‍കി.
ദമസ്‌കസ്
ബസ്‌റാ വിജയത്തിന്നു ശേഷം ഏകദേശം നാല്‍പതിനായിരം പേര്‍ അടങ്ങിയ മുസ്‌ലിം സേന ഡമസ്‌കസിനെ ലക്ഷ്യമാക്കി മാര്‍ച്ച് ചെയ്തു. ഉണങ്ങിവരണ്ട മരുഭൂമികളില്‍ ജീവിച്ച അറബികളെ ദിമിഷ്‌ക്കിലെ പച്ചപിടിച്ചതും ഫലസമ്പത്ത് നിറഞ്ഞതുമായ പ്രദേശങ്ങളുടെ ദൃശ്യം സ്വര്‍ഗത്തിലെന്നപോലെ പുളകം കൊള്ളിച്ചു.
ഡമസ്‌ക്കസ് നഗരത്തിന്റെ അമ്പരചുംബികളായ ഗോപുരങ്ങളെയും ദീപസ്തംബങ്ങളെയും കണ്ടുതുടങ്ങി. അപ്പോഴേക്കും മുമ്പില്‍ നിന്ന് രണ്ടു റോമന്‍ സൈന്യാധിപന്മാരുടെ കീഴില്‍ ഒരുസൈന്യം മുസ്ലിംകളെ തടയുവാന്‍ മുന്നോട്ട് വന്നു. ഒരു ചെറുപോരാട്ടത്തിന് ശേഷം രണ്ടുപേരുടെയും തലകള്‍ കൊയ്‌തെടുത്ത് ഡമസ്‌ക്കസ് നിവാസികളെ പരിഭ്രാന്തരാക്കുവാനായി നഗരത്തിനപ്പുറത്തേക്കിറിങ്ങി. തുടര്‍ന്ന് ഡമസ്‌ക്കസ് നഗരം വളയുകയും ചെയ്തു.
കോട്ടയില്‍ കുടുങ്ങിയ ക്രിസ്ത്യാനികള്‍ രക്ഷപ്പെട്ടുകിട്ടുവാന്‍ വേണ്ടി പണം തരാമെന്ന് പറഞ്ഞ് വ്യാമോഹിപ്പിച്ച് നോക്കിയെങ്കിലും ഭൗതിക നേട്ടങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത മുസ്ലിംകളുടെ അടുത്ത് അത് വിലപോയില്ല. ഉപരോധം തുടര്‍ന്നു. അധികനാള്‍ കഴിയുന്നതിന്ന് മുമ്പ് ഒരു ലക്ഷം സുശക്ഷിതരായ ഭടന്മാര്‍ അടങ്ങിയ ഒരു വന്‍ സേനയെ മുസ്ലിംകള്‍ക്കെതിരെ കൈസര്‍ രാജാവ് അയച്ചുകൊടുത്തു. ഇവരെ നേരിടുവാന്‍ ളിറാര്‍(റ) വിന്റെ നേതൃത്വത്തില്‍ ആയിരം പേരടങ്ങിയ ഒരു സംഘമാണ് നിയോഗിക്കപ്പെട്ടത്. ഒരു സംഘട്ടനത്തെ തുടര്‍ന്ന് ളിറാര്‍(റ) ബന്ധസ്ഥനാക്കപ്പെട്ടു. ഇതിനെ തുടര്‍ന്ന് റഫീഅ്(റ) നായകത്വം ഏറ്റെടുക്കുകയും ഒരുജ്വല പ്രസംഗം ചെയ്തു മുസ്ലിംകളുടെ നഷ്ടപ്പെട്ട ധൈര്യം വീണ്ടെടുക്കുകയുമുണ്ടായി. കൂടാതെ ഖാലിദ്(റ)ന്റെ സൈന്യം സഹായത്തിനെത്തുകയും ചെയ്തു. ഇതോടുകൂടി യുദ്ധത്തിന്റെ നിലയാകെ മാറി. ളിറാര്‍(റ) മോചിതനായി. അതിന്ന് ശേഷം ഖാലിദ്, റഫീഅ്, ളിറാര്‍ (റ) എന്നീ മൂന്ന് നേതാക്കന്മാര്‍ മുസ്ലിം സൈന്യത്തെ മൂന്നായി വിഭജിച്ച് മുന്ന് മുഖങ്ങളില്‍കൂടി ശത്രുവിനെ അക്രമിക്കുവാന്‍ തുടങ്ങി. റോമന്‍ സേനാനായകന്‍ യുദ്ധക്കളം വിട്ടോടി. ആറായിരം ക്രിസ്ത്യന്‍ ഭടന്മാര്‍ കൊല്ലപ്പെട്ടു. നിരവധി യുദ്ധമുതലുകളും മുസ്ലിംകള്‍ക്ക് കിട്ടി. അങ്ങിനെ മുസ്ലിം സൈന്യം നവീന ആയുധങ്ങള്‍കൊണ്ട് സുസജ്ജമായി. ഈ യുദ്ധം കഴിഞ്ഞ ശേഷം ഖാലിദ്(റ) ഡമസ്‌ക്കസിലേക്ക് മടങ്ങുകയും അവിടെ കോട്ട ഉപരോധിച്ചുനിന്നിരുന്നവരോടൊപ്പം ചേരുകയും ചെയ്തു.
റോമന്‍ സൈന്യത്തിന് പറ്റിയ ഈ പരാജയം കാരണം കൈസര്‍ രാജാവ് രോഷാകുലനായി. സുസജ്ജവും സുശക്തവുമായ ഒരു വന്‍ സൈന്യത്തെ ഉടനടി പകവീട്ടുവാന്‍ അദ്ദേഹം അയച്ചുകൊടുത്തു. ഈ സൈന്യത്തെ നേരിടുന്നതിന്ന് മുസ്ലിംകള്‍ ഡമസ്‌ക്കസ് ഉപരോധം നീക്കുകയുണ്ടായി. കോട്ടയില്‍ നിന്നും പുറത്ത് വന്ന ക്രിസ്ത്യാന്‍ ഭടന്മാര്‍ അവിടെ അവശേഷിച്ചിട്ടുണ്ടായിരുന്ന മുസ്ലിംകളുടെ നേര്‍ക്ക് ചാടുകയും കുറേപേരെ വധിക്കുകയും മുസ്ലിം വനിതകളെ തടവിലാക്കുകയും ചെയ്തു. തടവിലായ സ്ത്രീകളുടെ കൂട്ടത്തില്‍ ളിറാര്‍(റ)വിന്റെ പെങ്ങള്‍ ഖാഇല:(റ) യുമുണ്ടായിരുന്നു.
സഹോദരനെപ്പോലെ ധീരയായ ഒരു സ്ത്രീയായിരുന്നു ‘ഖാഇല:’ മറ്റു സ്ത്രീകളെയെല്ലാം സംഘടിപ്പിച്ചുകൊണ്ട് അവര്‍ ഒരു പ്രക്ഷോഭത്തിന് തയ്യാറെടുത്തു. റോമന്‍ പട്ടാളത്തലവന്‍ ഇവരെയെല്ലാം കൊന്നു കളയാന്‍ കല്‍പ്പന കൊടുത്തുവെങ്കിലും ഈ സ്ത്രീകളുടെ ഭാഗ്യത്തിന് മുസ്ലിം സൈന്യം അവരുടെ സഹാത്തിനെത്തി. ഘോരമായൊരു പോരാട്ടം നടന്നു. സ്ത്രീകളെല്ലാം രക്ഷപ്പെട്ടു. റോമക്കാരെ അവരുടെ കോട്ടയിലേക്കോടിച്ചു.
ഖാലിദ്(റ)നെ വധിക്കുവാന്‍ ഗൂഢ ശ്രമം
എഴുപതിനായിരം ഭടന്മാരടങ്ങിയ റോമന്‍ സൈന്യത്തിന്റെ കഥ മുമ്പ് പറഞ്ഞിരുന്നുവല്ലോ. അവര്‍ ‘അജ്‌നാദീന്‍’ എന്ന സ്ഥലത്ത് താവളമടിച്ചു. മരണഭയം തീണ്ടുകപോലും ചെയ്തിട്ടില്ലാത്ത മുസ്ലിംസേന ഇവരെ നേരിടുവാന്‍ തന്നെ തയ്യാറായി. ആദ്യമായി ളിറാര്‍(റ)വും ഒരു സംഘം സേനയും പോര്‍ക്കളത്തിലിറങ്ങി. പിന്നീട് മറ്റുള്ളവരും. അങ്ങിനെ അവിടെ ഘോരയുദ്ധം നടന്നു. മുസ്ലിംകളുടെ വിജയത്തിന്റെ എല്ലാ ലക്ഷണങ്ങളും പ്രത്യക്ഷമായി. റോമക്കാര്‍ പരാജയപ്പെടുമെന്നുറപ്പായി. അപ്പോള്‍ അവര്‍ ഒരു തന്ത്രം കണ്ടുപിടിച്ചു. സമാധാന സന്ധി ചെയ്യാമെന്ന് വ്യാജേന യുദ്ധം നിര്‍ത്തിക്കുകയും പിന്നീട് ഖാലിദിനെ സംഭാഷണത്തിന് വേണ്ടി വേണ്ടി ക്ഷണിച്ചുവരുത്തി ഉപായത്തില്‍ കൊന്നുകളയുകയും ചെയ്യാമെന്നായിരുന്നു ആ തന്ത്രം. അങ്ങിനെ യുദ്ധം നിറുത്തി സമാധാന സംഭാഷണത്തിലേര്‍പ്പെടുവാന്‍ റോമക്കാര്‍ മുസ്ലിംകളോടഭ്യര്‍ത്ഥിച്ചു. ഈ അഭ്യര്‍ത്ഥന ഖാലിദ്(റ) സ്വീകരിക്കുകയും സംഭാഷണത്തിന് വരാമെന്ന് സമ്മതിക്കുകയും ചെയ്തു.
റോമക്കാര്‍, വിദഗ്ദ്ധന്മാരായ പത്ത് പട്ടാളക്കാരെ തിരഞ്ഞെടുത്ത് സംഭാഷണ ഹാളിന് ചുറ്റും ഒരുക്കി നിര്‍ത്തി. സൂചന കിട്ടുമ്പോള്‍ പെട്ടെന്ന് അക്രമിച്ചു കയറി ഖാലിദ്(റ)നെ വധിക്കണമെന്നായിരുന്നു അവരോടുള്ള കല്‍പന. തന്റെ അന്വേഷകന്മാര്‍ മുഖേന ഈ വിവരമെല്ലാം ഖാലിദ്(റ) ന് യഥാസമയം കിട്ടിയിരുന്നു. ഒരു സംഘം ആളുകളെ അദ്ദേഹം അയച്ച് ആ പത്തുപേരെ നിദ്രയില്‍വെച്ച് കൊല്ലുകയും റോമന്‍ വേശത്തില്‍ ആ സ്ഥാനത്ത് മുസ്ലിം പട്ടാളക്കാര്‍ നിലയുറപ്പിക്കുകയും ചെയ്തു.
നിശ്ചയപ്രകാരം ഖാലിദ്(റ) സംഭാഷണത്തിന് ചെന്നു. റോമന്‍ സേനാധിപതി സംഭാഷണത്തിന് പകരം ശകാരമാണ് തുടങ്ങിയത്. അയാളുടെ ഉള്ളിലിരുപ്പ് മറ്റൊന്നായിരുന്നുവല്ലോ. ഒടുവില്‍ ഈ വാക്കുസമരം ദന്ദ്വയുദ്ധത്തിലെത്തി. റോമന്‍ നേതാവ് അട്ടഹസിച്ചു. അതോടെ പതുങ്ങി നിന്നിരുന്ന അവര്‍ ഹാളിലേക്ക് വന്നു. അവര്‍ തന്റെ പട്ടാളക്കാരാവുമെന്നായിരുന്നു റോമന്‍ തലവന്‍ വിചാരിച്ചിരുന്നത്. വന്നത് റോമന്‍ വേഷത്തിലുള്ള മുസ്ലിം ഭടന്മാരാണെന്നറിഞ്ഞപ്പോള്‍ അവന്‍ ഞെട്ടിപ്പോയി. കഥ മനസ്സിലായപ്പോള്‍ തന്നെ രക്ഷിക്കുവാന്‍ അവന്‍ കേണപേക്ഷിച്ചുനോക്കി. പക്ഷേ അതിന്റെ സമയം കഴിഞ്ഞുപോയിരുന്നു. അവന്‍ കൊല്ലപ്പെട്ടു. അതോയെ യുദ്ധം വീണ്ടും ആരംഭിച്ചു. എന്നാല്‍ നേതാവ് വധ്യനായെന്നറിഞ്ഞ റോമന്‍ സൈന്യത്തിന്റെ യുദ്ധ ശേഷി നശിച്ചുപോയിരുന്നു. അവര്‍ നെട്ടോട്ടം തുടങ്ങി. മുസ്ലിംങ്ങള്‍ക്ക് കണക്കില്ലാത്ത യുദ്ധമുതലുകള്‍ ലഭിച്ചു.
ഡമസ്‌ക്കസില്‍ പ്രവേശിക്കുന്നു
അജ്‌നാദില്‍വെച്ച് റോമക്കാരെ പരാജയപ്പെടുത്തിയ ശേഷം മുസ്ലിം സേന ഡമസ്‌ക്കസിലേക്ക് തിരിക്കുകയും വീണ്ടും അതിനെ ഉപരോധിക്കുകയും ചെയ്തു. റോമക്കാര്‍ അവിടെ വളരെയധികം ശക്തികള്‍ സംഭരിച്ച് കഴിഞ്ഞിരുന്നു. അതിനാല്‍ നിരവധി സംഘട്ടനങ്ങള്‍ നടക്കുകയും ഇരുവിഭാഗങ്ങളില്‍ നിന്നും ധാരാളമാളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. എഴുപത് നാളത്തെ ഉപരോധത്തിന്ന് ശേഷം ഡമസ്‌ക്കസ് നിവാസികള്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായി. അവര്‍ സന്ധിക്കാവശ്യപ്പെട്ടു. പക്ഷേ, ഖാലിദ്(റ) അതിന്ന് വഴങ്ങിയില്ല. ശക്തികൊണ്ടുതന്നെ അതിനെ പിടിച്ചടക്കുവാന്‍ അദ്ദേഹം തീരുമാനിച്ച് കഴിഞ്ഞിരുന്നു.
സന്ധിസംസാരമൊന്നും ഖാലിദ്(റ)വിന്റെയടുക്കല്‍ ഫലപ്പെടുകയില്ലെന്ന് ബോധ്യമായപ്പോള്‍ ഡമസ്‌ക്കസ് വാസികള്‍ അബൂ ഉബൈദ(റ)വെ സമീപിക്കുവാന്‍ തീരുമാനിച്ചു. ഖാലിദിനെ അപേക്ഷിച്ച് മൃദുസ്വഭാവിയാണെന്ന് അബൂ ഉബൈദ(റ)നെ പറ്റി ധരിച്ചത്‌കൊണ്ടാണ് അവര്‍ അങ്ങിനെ ചെയ്തത്. സന്ധി സ്വീകരിക്കുവാന്‍ അവര്‍ അദ്ദേഹത്തോടപേക്ഷിച്ചു. താഴെ പറയുന്ന വ്യവസ്ഥകള്‍ അനുസരിച്ച് സന്ധിചെയ്യുവാന്‍ അദ്ദേഹം സമ്മതിച്ചു.
വ്യവസ്ഥകള്‍
1. എതിര്‍പ്പ് നിര്‍ത്തുകയും ഡമസ്‌ക്കസ് നഗരം മുസ്ലിംകള്‍ക്ക് വിട്ട്‌കൊടുക്കുകയും ചെയ്യുക.
2. ഇസ്ലാംമതം സ്വീകരിക്കുന്നവര്‍ക്കെതിരില്‍ യാതൊരു നടപടിയും എടുക്കാതിരിക്കുക.
3. ഇസ്ലാംമതം സ്വീകരിക്കാത്തവര്‍ ജിസ്‌യ: നല്‍കുക.
4. നാടുവിട്ടുപോകുവാനുദ്ദേശിക്കുന്നവര്‍ക്ക് അവരുടെ മുതലും സാമഗ്രികളുമെല്ലാം കൂടെ കൊണ്ടുപോകാം.
5. അവരുടെ ആരാധനാലയങ്ങള്‍ അവര്‍ക്ക് തന്നെ വിട്ടുകൊടുക്കുന്നതായിരിക്കും.
അബൂ ഉബൈദ(റ) സര്‍വ്വ സൈന്യാധിപന്‍ അല്ലാതിരുന്നതിനാല്‍ ഈ കരാറില്‍ ഒപ്പ് വെച്ചിട്ടില്ലെങ്കിലും ഇതിലെ വ്യവസ്ഥകള്‍ അദ്ദേഹം സമ്മതിക്കുകയും മുസ്ലിംകളെല്ലാം അത് സമ്മതിക്കുമെന്ന് ക്രിസ്ത്യാനികള്‍ക്ക് ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 100 ഭടന്മാരോടുകൂടി ഡമസ്‌ക്കസ് കൈവശപ്പെടുത്തുവാന്‍ വേണ്ടി ആ പട്ടണത്തില്‍ അദ്ദേഹം പ്രവേശിച്ചു. ഇതൊന്നും ഖാലിദ്(റ) അറിഞ്ഞിരുന്നില്ല. വിശാലമായ ഡമസ്‌ക്കസ് പട്ടണത്തിന്റെ വേറൊരു ഭാഗത്ത് ഒരു പാതിരിയുടെ സഹായത്തോടെ കുറേ മുസ്ലിം പടയാളികളെ അദ്ദേഹം കോട്ടക്കകത്ത് കടത്തുകയും കോട്ടയുടെ കിഴക്കേവാതില്‍ തുറപ്പിക്കുകയും ചെയ്തു. വാതില്‍ തുറക്കേണ്ട താമസം ഖാലിദ്(റ) തന്റെ സൈന്യത്തോടൊപ്പം കോട്ടക്കകത്ത് തള്ളിക്കയറുകയും നരവേട്ട തുടങ്ങുകയും ചെയ്തു. കോട്ടമധ്യത്തിലെത്തിയപ്പോള്‍ അബൂഉബൈദ(റ)വിനെ സമാധാന ചിത്തനായി നില്‍ക്കുന്നതായിട്ടാണ് ഖാലിദ്(റ) കണ്ടത്. യുദ്ധം തുടരേണ്ട ആവശ്യമില്ലെന്നും ഈ പട്ടണം നമുക്ക് കിട്ടിക്കഴിഞ്ഞെന്നും അബൂ ഉബാദ(റ) ഖാലിദ്(റ)നോട് പറഞ്ഞു. പക്ഷേ, ഖാലിദ്(റ) അത് സ്വീകരിച്ചില്ല. സര്‍വ്വ സൈന്യാധിപന്‍ ഉണ്ടായിരിക്കവെ അബൂ ഉബാദ(റ) ക്രിസ്ത്യാനികളുമായി ഒരു കരാറിലേര്‍പ്പെട്ടത് അന്യായിമായിപ്പോയെന്ന് ഖാലിദ്(റ) വാദിച്ചു. സത്യം ഖാലിദ്(റ)ന്റെ ഭാഗത്തായിരുന്നു. അബൂ ഉബൈദ(റ) തെറ്റ് സമ്മതിക്കുകയും യുദ്ധം നിറുത്തുവാന്‍ അപേക്ഷിക്കുകയും ചെയ്തു. എല്ലാവരുടെയും അഭിപ്രായം യുദ്ധം നിറുത്തുന്നതിലാണെന്ന് മനസ്സിലായപ്പോള്‍ അദ്ദേഹം അതിന്ന് വഴങ്ങി. അതോടുകൂടി യുദ്ധം അവസാനിച്ചു. കരാറിലെ വ്യവസ്ഥ അനുസരിച്ച് കുറേ ക്രിസ്ത്യന്‍ നേതാക്കന്മാര്‍ തങ്ങളുടെ ധന സാമഗ്രികളോടുകൂടി നാടുവിട്ടുപോയി. ബാക്കിയുള്ളവര്‍ ജിസ്‌യ: നല്‍കുകയോ ഇസ്ലാംമതം സ്വീകരിക്കുകയോ ചെയ്തു. അങ്ങിനെ ഹിജ്‌റ വര്‍ഷം 13ല്‍ ഡമസ്്ക്കസ് മുസ്ലിംകള്‍ക്ക് അധീനമായി.
അബൂബക്കര്‍ സിദ്ദീഖ്(റ)വിന്ന് രോഗം പിടിപെടുന്നു
മുസ്ലിം സൈന്യം ഡമസ്‌ക്കസ് പ്രതിരോധിച്ചു നിന്നിരുന്ന കാലത്ത് ഖലീഫ: അബൂബക്കര്‍(റ)വിന്ന് രോഗം പിടിപെട്ടു. ഒരു യഹൂദി സമ്മാനമായി കൊടുത്തയച്ച വിഷലിപ്തമായ ഭക്ഷണം കഴിച്ചതാണ് ഈ രോഗത്തിന് കാരണമായതെന്ന് ചരിത്രകാരന്മാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. രോഗം കഠിനതരമാവുകയും ഇനി അതില്‍ നിന്ന് മോചനം ലഭിക്കാനിടയില്ലെന്നും മനസ്സിലാക്കിയപ്പോള്‍ ഖലീഫ: (റ) തന്റെ ശേഷം ഭരണകാര്യം എന്താകുമെന്ന ചിന്തയിലായി. പണ്ടത്തെ മുഹാജിര്‍-അന്‍സാര്‍ കുഴപ്പം വീണ്ടും തലപൊക്കിയേക്കാമെന്ന് അദ്ദേഹം ഭയപ്പെട്ടു. അതിനാല്‍ തന്റെ വിയോഗത്തിന്ന് മുമ്പ് തന്നെ ഒരു പ്രതിനിധിയെ നിശ്ചയിച്ചുകൊണ്ട് ആ കുഴപ്പത്തിന്റെ വാതിലടച്ചുകളയാമെന്ന് അദ്ദേഹം കരുതി. വേണ്ടത്ര ചിന്തിക്കുകയും മുഖ്യ നേതാക്കന്മാരുമായി കൂടിയാലോചനകള്‍ നടത്തുകയും ചെയ്ത ശേഷം അടുത്ത ഭരണത്തലവനായി ബഹു: ഉമര്‍(റ)നെ നാമനിര്‍ദ്ദേശം ചെയ്തു. ഈ നാമനിര്‍ദ്ദേശത്തില്‍ എല്ലാ നേതാക്കന്മാര്‍ക്കും തൃപ്തിയാണുള്ളതെന്ന് കണ്ടപ്പോള്‍ ഖലീഫ:(റ) അബൂബക്കര്‍(റ), ഉസ്മാന്‍(റ)വിനെ വിളിച്ചു താഴെ പറയും പ്രകാരം വസിയ്യത്ത് പത്രം എഴുതിവെച്ചു.
”അബൂബക്കര്‍ബിന്‍ അബീഖുഹാഫ: തന്റെ ഇഹലോകജീവിതത്തിന്റെ അവസാനത്തെയും പരലോകജീവിതത്തിന്റെ ആദ്യത്തെയും നിമിഷത്തില്‍ എഴുതിച്ച വസിയ്യത്ത് പത്രമാണിത്. ഈ സമയമാണെങ്കില്‍ അവിശ്വാസികള്‍ വിശ്വസിക്കുകയും അസത്യം പറയുന്നവന്‍ സത്യം പറയുകയും ചെയ്യുന്ന ഘട്ടമാണ്. എന്റെ ശേഷം മുസ്ലിംകളുടെ ഭരണ കര്‍ത്താവായി ഉമര്‍(റ)നെ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. മുസ്ലിംകളുടെ ഉത്തമഗുണം ഇതില്‍ ഞാന്‍ കാണുന്നു. എന്നാല്‍ ഉമര്‍(റ) ക്ഷമയോടും നീതിയോടുംകൂടി തന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ചാല്‍ എന്റെ നിഗമനം ശരിയായി. നേരെ മറിച്ച് വല്ല ദുര്‍വൃത്തിയും അദ്ദേഹം ചെയ്യുകയാണെങ്കില്‍ എനിക്ക് അദൃശ്യജ്ഞാനമില്ലല്ലോ. ഞാന്‍ ഏതൊന്ന് പ്രവര്‍ത്തിച്ചിരിക്കുന്നുവോ അത് മുസ്ലിംകളുടെ ഉത്തമഗുണത്തെയും ക്ഷേമത്തെയും കരുതിയിട്ട് മാത്രമാണ് ചെയ്തിട്ടുള്ളത്”.
അധികാരപത്രം എഴുതിച്ച ശേഷം അത് പുറത്ത് കൊണ്ടുപോയി ജനസമക്ഷം വായിക്കുവാന്‍ കല്‍പ്പിച്ചു. അങ്ങിനെ ജനങ്ങളുടെ മുമ്പില്‍ അത് വായിക്കപ്പെട്ടു. അനന്തരം അബൂബക്കര്‍(റ)നേരില്‍ തന്നെ ജനങ്ങളുടെ മുമ്പില്‍ വരികയും ഒരു ചെറു പ്രസംഗം നടത്തുകയും ചെയ്തു. മുസ്ലിംകളില്‍വെച്ച് ഉത്തമനും യോഗ്യനുമാണ് ഉമര്‍(റ) എന്ന് താന്‍ മനസ്സിലാക്കിയതുകൊണ്ടാണ് അദ്ദേഹത്തെ ഖലീഫയാക്കിയിരിക്കുന്നതെന്ന് ആ പ്രസംഗത്തില്‍ അബൂബക്കര്‍(റ) പ്രസ്താവിക്കുകയും അതുകൊണ്ട് എല്ലാവരും അദ്ദേഹത്തെ അനുസരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എല്ലാവരും അത് സമ്മതിച്ചു.
പിന്നീട് ഉമര്‍(റ)വിനെ വിളിച്ച് ഭരണ കാര്യങ്ങളെയും രാജ്യരക്ഷാ കാര്യങ്ങളെ സംബന്ധിച്ചും ആവശ്യമായ ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കി. അനന്തരം അബൂബക്കര്‍(റ)വിന്റെ രോഗം കലശലായി. ഹിജ്‌റ 13 ജമാദുല്‍ ഉഖ്‌റാ 23ന് തന്റെ 63-ാം വയസ്സില്‍ സര്‍വ്വരെയും ദു:ഖസാഗരത്തിലാഴ്ത്തിക്കൊണ്ട് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അപ്പോള്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു. പിതാവിന്ന് അന്ന് 97 വയസ്സായിരുന്നു പ്രായം.
അബൂബക്കര്‍(റ)വിന്ന് നാല് ഭാര്യമാരും ധാരാളം സന്തതികളുമുണ്ടായിരുന്നു. നബി(സ)യുടെ പത്‌നി ആഇശ(റ) അദ്ദേഹത്തിന്റെ പുത്രിയാണ്. പുത്രന്മാരില്‍ അബ്ദുറഹ്മാന്‍, മുഹമ്മദ് എന്നിവര്‍ വിശ്രുതരാണ്.
ഖുര്‍ആനിന്ന് ഗ്രന്ഥരൂപം നല്‍കി
ചര്‍മ പത്രങ്ങള്‍, ഈത്തപ്പനമടല്‍പൊളികള്‍, എല്ലിന്‍തുണ്ടുകള്‍, നേരിയ കല്ലുകള്‍ എന്നിവകളില്‍ നബി(സ)യുടെ ജീവിത കാലത്ത് തന്നെ ഖുര്‍ആന്‍ മുഴുവന്‍ എഴുതി സൂക്ഷിക്കപ്പെട്ടിരുന്നെങ്കിലും അവ വിവിധ സ്ഥലങ്ങളില്‍ ചിതറിക്കിടക്കുകയായിരുന്നു. ഒരു ഗ്രന്ഥത്തിന്റെ രൂപം അതിന്ന് ലഭ്യമായിരുന്നില്ല. ഉമര്‍(റ)ന്റെ ആവശ്യപ്രകാരം തന്റെ ഭരണകാലത്ത് അബൂബക്കര്‍(റ)വാണ് ഇത് നിര്‍വ്വഹിച്ചത്. നബി(സ) ചെയ്യാത്ത ഒരു കാര്യമായിരുന്നതിനാല്‍ ഉമര്‍(റ)വിന്റെ ഈ ആവശ്യം നിര്‍വ്വഹിക്കുന്നതില്‍ അബൂബക്കര്‍(റ) ആദ്യം ശങ്കിച്ചു നിന്നുവെങ്കിലും പിന്നീട്, കാലത്തിന്റെ ഒരാവശ്യമാണതെന്ന് അദ്ദേഹത്തിന്ന് ബോധ്യം വന്നപ്പോള്‍ അദ്ദേഹം അതിന്ന് സമ്മതിച്ചു. നബി(സ)യുടെ മുഖ്യ വഹ്‌യ് എഴുത്ത്കാരനായ സൈദ്ബ്‌നു സാബിത്ത്(റ)വിനെ വിളിച്ചു എല്ലാ ഖുര്‍ആന്‍ ആയത്തുകളെയും തിരഞ്ഞുപിടിച്ച് ഒരു ഗ്രന്ഥമാക്കി എഴുതുവാന്‍ കല്‍പ്പിച്ചു. ഭാരമേറിയ ഈ ജോലി അദ്ദേഹം ഭംഗിയായി നിറവേറ്റി. ഖുര്‍ആന്റെ ഈ പ്രഥമ പതിപ്പ് ആബുബക്കര്‍(റ)വിന്റെ വശം തന്നെ സൂക്ഷിക്കപ്പെട്ടു. അദ്ദേഹത്തിന്ന് ശേഷം ഉമര്‍(റ)ന്റെ കയ്യില്‍ വന്നു. അതിന്ന് ശേഷം ഈ പ്രതി ഉമര്‍(റ) മകള്‍ ഹഫ്‌സ:(റ)ന്റെ വശമാണ് സൂക്ഷിക്കപ്പെട്ടത്.
Leave A Comment