കടലിലേക്കിറങ്ങുന്ന മുസ്‍ലിം സൈന്യവും കോൻസ്റ്റാന്റിനോപ്പിൾ ഉപരോധങ്ങളും
അറേബ്യയുടെ മണൽപരപ്പിലാണ് പ്രവാചകരിലൂടെ ഇസ്‌ലാം അവതരിക്കുന്നതും ഇസ്‍ലാമിക രാഷ്ട്രം സ്ഥാപിതമാവുന്നതും. അതിനാൽ തന്നെ, മരുഭൂമി മാത്രം കണ്ട് പരിചയിച്ചിരുന്ന ആദ്യ കാല മുസ്‌ലിംകൾ കടലിനെയും കടൽയാത്രകളെയും ഭീതിയോടെയാണ് സമീപിച്ചിരുന്നത്. പിൽകാലത്ത് പ്രധാന ശത്രുക്കളെല്ലാം കടൽവഴി ആക്രമണങ്ങൾ തുടർന്നപ്പോൾ അതിനെ പ്രതിരോധിക്കാനായി മുസ്‌ലിംകൾ കടലിലേക്കിറങ്ങാൻ നിർബന്ധിതരായി. പ്രവചകാനുയായികളിൽ നിന്ന് ആദ്യമായി ഈ ഉദ്യമത്തിന് മുതിരുന്നത് മുഅവിയ (റ) യാണ്.
ഖലീഫ ഉമർ(റ)വിന്റെ കാലത്ത് കടൽ മാർഗമുള്ള യുദ്ധങ്ങൾക്ക് മുന്നിട്ടിറങ്ങാൻ മുആവിയ(റ) സമ്മതം ചോദിച്ചിരുന്നു. പക്ഷെ, ഖലീഫ അന്ന് അതിന് സമ്മതം നൽകിയിരുന്നില്ല. പിന്നീട് ഉസ്മാൻ (റ)വിന്റെ കാലത്താണ് അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്. ബൈസന്റൈൻ സാമ്രാജ്യത്തിന്റെ കടലിലെ അഴിഞ്ഞാട്ടങ്ങൾക്ക് തടയിടാൻ വേണ്ടിയാണ് മുആവിയ(റ) മുസ്‌ലിം സൈന്യത്തെ കടലിലേക്കിറക്കുന്നത്. മുസ്‌ലിം അധീന പ്രദേശങ്ങളായ സിറിയയിലും ഫലസ്തീനിലും ഈജിപ്തിലുമെല്ലാം സമാധാനം നിലനിൽക്കണമെങ്കിൽ ബൈസന്റൈൻ ശക്തികളെ നിലക്ക് നിര്‍ത്തല്‍ അനിവാര്യമായി വന്നു.
ക്രി.649ൽ സിറിയൻ ഗവർണറായിരുന്ന മുആവിയ(റ), സിറിയയിൽ നിന്ന് നൂറു കിലോമീറ്റർ മാത്രം അകലത്തിൽ കിടക്കുന്ന സൈപ്രസ് ദ്വീപ് കീഴടക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുന്നതോടെയാണ് കടലിലേക്കുള്ള മുസ്‌ലിം സൈന്യത്തിന്റെ ആദ്യ കാൽവെപ്പുകൾ ആരംഭിക്കുന്നത്. വിജയകരമായി സൈപ്രസ് കീഴടക്കാനും അവിടെ വാർഷിക നികുതി ഏർപ്പെടുത്താനും മുആവിയ(റ)ന്റെ സൈന്യത്തിനായി. കടൽ ഭീതിയിൽ നിന്ന് മാറി കടൽ അടക്കി ഭരിക്കുന്ന രാജാക്കന്മാരായി മാറാൻ പോകുന്ന ഒരു സമൂഹത്തിന്റെ പ്രയാണത്തിനായിരുന്നു അന്ന് നാന്ദി കുറിച്ചത്. സൈപ്രസ് അതിന് ശേഷവും പലപ്പോഴായി മുസ്‌ലിം മുന്നേറ്റങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. ക്രി.654 ൽ മുആവിയ(റ) ഒരിക്കൽ കൂടി സൈപ്രസ് അധീനപ്പെടുത്തുന്നുണ്ട്. സൈപ്രസുകാർ മുസ്‍ലിംകൾക്കെതിരെ ബൈസന്റൈൻ സാമ്രാജ്യത്തെ കപ്പൽ നൽകി സഹായിച്ചു എന്ന വാർത്ത കേട്ടപ്പോഴായിരുന്നു അത്. ഉമവി ഭരണ കാലത്തും സൈപ്രസിലേക്ക് നാവിക മുന്നേറ്റങ്ങൾ നടന്നിട്ടുണ്ട്.
സൈപ്രസിന് ശേഷം മറ്റു പല മെഡിറ്ററേനിയൻ ദ്വീപുകളിലേക്കും മുസ്‌ലിം നാവികസേന എത്തിയിരുന്നു. എങ്കിലും ബൈസന്റൈൻ സൈന്യവുമായി നേരിട്ട് ഏറ്റുമുട്ടിയിരുന്നില്ല. ക്രി.655 ൽ നടന്ന 'മഅ്‍റകതു ദാതുസ്വവാരി'യിലൂടെയാണ് ബൈസന്റൈൻ സാമ്രാജ്യവുമായി മുസ്‌ലിം നാവികസേന ആദ്യമായി ഏറ്റുമുട്ടുന്നത്. ഉസ്മാൻ(റ)വിന്റെ ഭരണകാലത്താണിത്. ഉത്തരാഫ്രിക്കയിലെ തുടർച്ചയായ മുസ്‌ലിം പടയോട്ടങ്ങൾക്ക് തടയിടാൻ വേണ്ടി ബൈസാന്റൈൻ ചക്രവർത്തി കോൻസ്റ്റാൻസ് രണ്ടാമൻ (641-68) തന്റെ വമ്പൻ കപ്പൽ സന്നാഹവുമായി പുറപ്പെട്ടു. ആൾബലത്തിൽ കൂടുതലുള്ള ബൈസന്റൈൻ സേനയെ നേരിടാൻ മുആവിയ(റ) തന്റെ ശക്തനായ നാവിക പോരാളിയായ അബ്ദുല്ലാഹിബ്നു സഈദ് ബ്‌നു അബീ സർഹിനെ പറഞ്ഞയച്ചു. ഇരു വിഭാഗങ്ങളും തമ്മിൽ ഘോരമായ യുദ്ധം നടന്നു. ആൾ ബലത്തിൽ മുന്നിലായിരുന്നെങ്കിലും ശക്തമായ ഈമാനിന്റെ പിൻബലത്തിൽ മുസ്‌ലിം സേന ബൈസന്റൈൻ പടയെ അടക്കിനിർത്തി.
മുസ്‌ലിം നാവികമേഖലയിലെ ഏറെ പ്രസിദ്ധമായ സംഭവമായിരുന്നു കോൻസ്റ്റാന്റിനോപ്പിൾ ഉപരോധം. നബി വചനങ്ങളിലൂടെ മുസ്‌ലിം സമൂഹം പരിചയിച്ച കോൻസ്റ്റാന്റിനോപ്പിൾ കീഴടക്കുന്ന സേന തങ്ങളായിരിക്കണമെന്ന ആഗ്രഹത്തിലായിരുന്നു അധിക മുസ്‌ലിം സേനകളും മാസങ്ങളും വർഷങ്ങളുമെടുത്ത് കോൻസ്റ്റാന്റിനോപ്പിൾ ലക്ഷ്യമാക്കി മുന്നേറിയിരുന്നത്. മുആവിയ(റ)വാണ് അറബികളിൽ നിന്ന് ആദ്യമായി ഈ ഉദ്യമത്തിന് തയ്യാറാവുന്നത്. ക്രി.669/ഹി.49 ൽ ഫുദാലതുബ്നു ഉബൈദില്ലാഹിയുടെ നേതൃത്വത്തിൽ അദ്ദേഹം ഒരു വലിയ സൈന്യത്തെ ഉപരോധത്തിനായി അയച്ചു. ശേഷം സഹായക സംഘങ്ങളായി സുഫ്‌യാനുബ്നു ഔഫിനെയും പിന്നീട് തന്റെ മകനായ യസീദുബ്നു മുആവിയയെയും വന്‍ സന്നാഹങ്ങളോടെ അയച്ചു. ബൈസന്റൈൻ തലസ്ഥാനനഗരി കീഴടക്കാൻ വേണ്ടി മുസ്‌ലിം സേന ഏറെ ശ്രമിച്ചെങ്കിലും ശക്തമായ ബൈസന്റൈൻ കോട്ട മതിലിനു മുന്നിൽ മുസ്‌ലിം സേനക്ക് പരാജയം ഏറ്റു വാങ്ങേണ്ടി വന്നു. ഈ യുദ്ധത്തിലാണ് അബൂ അയ്യൂബ് അൽ അൻസാരി വഫാത്താവുന്നത്. അദ്ദേഹത്തെ കോൻസ്റ്റാന്റിനോപ്പിളിന്റെ കോട്ട മതിലിനോട് ചാരിയാണ് മറവ് ചെയ്തിരുന്നത്. പിന്നീട് 1453ൽ മുഹമ്മദുൽ ഫാതിഹ് കോൻസ്റ്റാന്റിനോപ്പിൾ കീഴടക്കുമ്പോൾ അദ്ദേഹത്തിന്റെ ഖബർ കണ്ടെത്തുകയും അവിടെ അദ്ദേഹത്തിന്റെ പേരിൽ ഒരു പള്ളി പണി കഴിപ്പിക്കുകയും ചെയ്യുന്നുണ്ട്. മുആവിയ(റ)ന്റെ ഭരണ കാലത്ത് തന്നെ വീണ്ടും ഉപരോധശ്രമങ്ങൾ നടന്നിട്ടുണ്ട്. ക്രി.674 ൽ തുടങ്ങിയ രണ്ടാം ഉപരോധം ഏഴു വർഷക്കാലം നീണ്ടു നിന്നു. പക്ഷെ, ബൈസന്റൈൻ കോട്ട ശക്തമായിരുന്നു. മുസ്‌ലിം പടയാളികൾക്ക് നേരെ ഗ്രീക്ക് ഫയർ ഉപയോഗിച്ച് അവർ നഗരം സംരക്ഷിച്ചു.
പിന്നീട് ഖലീഫ വലീദ് ബ്നു അബ്ദിൽ മലിക്കിന്റെ കാലത്ത് അദ്ദേഹം കോൻസ്റ്റാന്റിനോപ്പിൾ കീഴടക്കുന്നതിനായി സൈന്യത്തെ തയ്യാറാക്കിയിരുന്നു. പക്ഷെ, സൈന്യം പുറപ്പെടുന്നതിന് മുമ്പ് അദ്ദേഹം വഫാതായി. പിന്നീട് പിൻഗാമിയായ സുലൈമനുബ്നു അബ്ദിൽമലിക് ആ ദൗത്യം ഏറ്റെടുത്തു. സഹോദരനായ മസ്‌ലമതുബ്നു അബ്ദിൽമലികിന്റെ നേതൃത്വത്തിൽ ഒരു വലിയ സൈന്യത്തെ അദ്ദേഹം ഉപരോധത്തിനായി അയച്ചു. മസ്‌ലമയുടെ സൈന്യം ശൈത്യ കാലം സിസിലിയൻ തീരത്ത് കഴിച്ചുകൂട്ടി. മാസങ്ങൾക്ക് ശേഷം അവർ മർമറ കടലിനടുത്തെത്തി. ക്രി.716 ആഗസ്റ്റ് 15ന് മസ്‌ലമയും സംഘവും കോൻസ്റ്റാന്റിനോപ്പിൾ ഉപരോധം തുടങ്ങി. അതിന് ശേഷം സഹായക സംഘങ്ങളായി വീണ്ടും ഒരുപാട് കപ്പലുകൾ എത്തിത്തുടങ്ങി. കാറ്റ് അനുകൂലമായിരുന്നതിനാൽ അവർ പെട്ടന്ന് ബോസ്ഫറസിലെത്തി. വർധിച്ചു വരുന്ന അറേബ്യൻ കപ്പലുകൾ തകർക്കുന്നതിനായി ബൈസന്റൈൻ ചക്രവർത്തി അഗ്നി സേനയെ പറഞ്ഞയച്ചു. മുസ്‌ലിം കപ്പലുകൾക്കിടയിൽ കയറിപ്പറ്റിയ ബൈസന്റൈൻ യുദ്ധക്കപ്പലുകൾ ശക്തമായി തീ പാറിച്ചു തുടങ്ങി. ഒരുപാട് മുസ്‌ലിം കപ്പലുകൾ തകർന്നു തരിപ്പണമായി. കഷ്ടിച്ചു രക്ഷപ്പെട്ട പല കപ്പലുകളെയും ചക്രവർത്തി കെണിയിൽ പെടുത്താൻ ശ്രമിച്ചു. കോൻസ്റ്റാന്റിനോപ്പിളിൽ നിന്ന് ഗലത നഗരത്തിലേക്ക് വലിച്ചു കെട്ടിയ കൂറ്റൻ ചങ്ങലകൾ താഴ്ത്തി മുസ്‌ലിം കപ്പലുകൾ അകത്തേക്ക് കയറ്റിയത്തിന് ശേഷം ചങ്ങല വീണ്ടും ഉയർത്തി കെണിയിൽ അകപ്പെടുത്താനായിരുന്നു ശ്രമം. ഇത് മനസ്സിലാക്കിയ മുസ്‌ലിം നാവികർ ബോസ്ഫറസിലേക്ക് തന്നെ തിരിച്ചു പോയി, അവിടെ തീരത്ത് തമ്പടിച്ചു.
കാലാവസ്ഥ മാറിയതിനാൽ തന്നെ കൊടും ശൈത്യം കാരണം മുസ്‌ലിം സൈന്യം പൊറുതിമുട്ടി. പിന്നീട് കൂടുതൽ സഹായക സംഘങ്ങളെത്തി. നേരത്തെ സംഭവിച്ചത് പോലെ തീ തുപ്പുന്ന ബൈസന്റൈൻ കപ്പലുകളുടെ കണ്ണിൽ പെടാതിരിക്കാൻ വേണ്ടി പുതുതായി വന്ന മുസ്‌ലിം കപ്പലുകൾ മർമറ കടലിന്റെ ഏഷ്യൻ ഭാഗത്ത് നങ്കൂരമിട്ടു. മുസ്‌ലിം കപ്പൽ പടയിൽ അധികപേരും മുസ്‌ലിം അധീന ബൈസന്റൈൻ പ്രവിശ്യകളിലെ ക്രിസ്ത്യാനികളായിരുന്നതിനാൽ തന്നെ ചിലർ രാത്രിസമയങ്ങളിൽ കോൻസ്റ്റാന്റിനോപ്പിളിലേക്ക് കടക്കുകയും മുസ്‌ലിംകൾ മറച്ചുവെച്ച പുതിയ കപ്പലുകളെക്കുറിച്ച് മുന്നറിയിപ്പ്‌നൽകുകയും ചെയ്‌തു. അറിഞ്ഞയുടനെ അവയെ തകർക്കാൻ വേണ്ടി അഗ്നി വാഹിനികളായ കപ്പലുകളെ ചക്രവർത്തി പറഞ്ഞയച്ചു. ക്രി.718ൽ ഉമറുബ്നു അബ്ദിൽ അസീസ് ഭരണമേറ്റെടുത്തപ്പോൾ ഈ സംഘത്തോട് തിരിച്ചു വരാൻ ആവശ്യപ്പെടുന്നത് വരെ ഇവർ ഉപരോധം തുടർന്നിരുന്നു.
കോൻസ്റ്റാന്റിനോപ്പിളിന്റെ ശക്തമായ മതിൽകെട്ടിനും ശക്തരായ നാവിക പടക്കും മുന്നിൽ പരാജിതരായി മടങ്ങാനായിരുന്നു പലപ്പോഴും മുസ്‌ലിം സേനകളുടെ വിധി. പ്രവാചകന്റെ പ്രവചനങ്ങൾ യാഥാർഥ്യമാക്കാൻ ശേഷം വന്ന ഭരണകൂടങ്ങളും ശ്രമിച്ചുകൊണ്ടിരുന്നു. കോൻസ്റ്റാന്റിനോപ്പിൾ കീഴടക്കുക എന്നത് മുസ്‌ലിം സമൂഹത്തിന്റെ ആത്യന്തിക ലക്ഷ്യമായി മാറി. പിന്നീട് ഓട്ടോമൻ ഖിലാഫത്തിന്റെ സമയത്താണ് മുസ്‌ലിം സ്വപ്നങ്ങൾ സാക്ഷാത്‌കൃതമാവുന്നത്. ഓട്ടോമൻ ഭരണാധികരികളായ സുൽത്താൻ ബായസീദും മുഹമ്മദുൽ ഫാതിഹിന്റെ പിതാവായ സുൽത്താൻ മുറാദ് രണ്ടാമനും കോൻസ്റ്റാന്റിനോപ്പിൾ ഉപരോധിച്ചിരുന്നു. പിന്നീട് ശേഷം വന്ന മുഹമ്മദുൽ ഫാതിഹ് എന്നറിയപ്പെട്ട മുഹമ്മദ് രണ്ടാമനാണ് നഗരം കീഴടക്കി കാലങ്ങളായുള്ള മുസ്‌ലിം സ്വപ്നങ്ങൾക്ക് യാഥാർഥ്യത്തിന്റെ മുഖം നൽകുന്നത്.
അവലംബം:
The Great Arab conquests, by Hugh N. Kennedy
താരീഖുദൗലത് അൽ അമവിയ്യ,
ഫത്ഹുൽ ഖുസ്തുന്ഥീനിയ്യ .
Leave A Comment