രണ്ടാം ഖലീഫ: ഹസ്റത്ത് ഉമറുബ്നുല്‍ ഖത്വാബ്

ഹസ്റത്ത് ഉമര്‍ ഖലീഫയായതിനും ശേഷം റോമക്കാരും പേര്‍ഷ്യക്കാരുമായുള്ള യുദ്ധങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിച്ചു. ഖാദിസിയ്യയില്‍ സഅദുബ്നു അബീ വഖാസിന്‍റെ നേതൃത്വത്തില്‍‍‍‍‍‍ മുപ്പതിനായിരം മുസ്‌ലിംകള്‍ അവരുടെ ഇരട്ടിയിലധികം വരുന്ന പേര്‍ഷ്യന്‍ സൈന്യത്തെ പരാജയപ്പെടുത്തി. യര്‍മൂക്ക് യുദ്ധവും നടന്നു. അവിടെ ഖാലിദ് ബ്നു വലീദിന്റെ നേതൃത്വത്തില്‍ നാല്‍പതിനായിരം മുസ്‌ലിംകള്‍ ഒരു ലക്ഷം റോമക്കാരെയും പരാജയപ്പെടുത്തി. പത്ത് വര്‍‍ഷത്തിനകം പേര്‍‍ഷ്യന്‍‍ സാമ്രാജ്യത്തിന് അന്ത്യം കുറിക്കുകയും റോമന്‍ ആധിപത്യത്തില്‍ നിന്ന് സിറിയ, ഈജിപ്ത്, ഫലസ്തീന്‍ തുടങ്ങിയ പ്രദേശങ്ങളെ മോചിപ്പിക്കുകയും ചെയ്തു.


ഇറാഖ്-ഇറാന്‍ വിമോചനം

ഖാദിസിയ്യ യുദ്ധമാണ് ഇതില്‍ ഏറെ നിര്‍ണായകമായത്. സഅദ്ബ്നു അബീ വഖാസിന്റെ നേതൃത്വത്തില്‍ മുസ്‌ലിം സൈന്യം ടൈഗ്രീസിന്റെ തീരത്തെത്തി. നദിയുടെ കിഴക്കെ കരയില്‍ ഇന്നത്തെ ബഗ്ദാദ് സ്ഥിതി ചെയ്യുന്നിടത്തായിരുന്നു അന്നത്തെ പേര്‍ഷ്യക്കാരുടെ തലസ്ഥാന നഗരിയായ മദാഇന്‍. നദി മുറിച്ചു കടക്കാന് മുസ്‌ലിം സംഘത്തിനാവില്ലെന്നായിരുന്നു അവര്‍ കണക്ക് കൂട്ടിയിരുന്നത്. പക്ഷേ, നദിക്കരയില്‍ അത്ഭുതം സംഭവിച്ചു. സൈന്യവുമായി അവിടെയെത്തിയ ഹസ്റത്ത് സഅദ് ബ്നു അബീവഖാസ് അല്ലാഹുവിന്റെ നാമമുച്ചരിച്ച് നദിക്ക് കുറുകെ തന്റെ കുതിരയോടിച്ചു. നേതാവിനെ തുടര്‍ന്ന് മുസ്‌ലിം പടയാളികളും നദി അതുപോലെ മുറിച്ചു കടന്നു. അതു കണ്ടതും പേര്ഷ്യന്‍ പട ചകിതരായി പിന്തിരിഞ്ഞോടി. മദാഇനടക്കമുള്ള മുഴുവന്‍ പ്രദേശങ്ങളും മുസ്‌ലിംകള്‍ക്ക് കീഴിലായി. തങ്ങളുടെ തലസ്ഥാനനഗരി പോലും സംരക്ഷിക്കാന്‍ ശത്രുസൈന്യത്തിന് ആയില്ല.

യുദ്ധത്തില്‍ കിട്ടിയ സ്വത്തുമുഴുവന്‍ ഹസ്റത്ത് സഅദ് ബ്നു അബീവഖാസ് ഹസ്റത്ത് ഉമറിന് അയച്ചു കൊടുത്തു. അതു കണ്ട അദ്ദേഹം കരഞ്ഞു. സന്തോഷകരമയാ ഈ സാഹചര്യത്തില്‍ താങ്കളെന്തേ കരയുന്നു? അവിടെ കൂടിയവരില്‍ ഒരാള്‍‌ ചോദിച്ചു. സന്പത്തിന്റെ പെരുപ്പത്തില്‍ ഞാന്‍ മുസ്‌ലിം സമുദായത്തിന്റെ അധപതനത്തിന്റെ ലക്ഷണം കാണുന്നു. ഹസ്റത്ത് ഉമര്‍ മറുപടി പറഞ്ഞു.

മദാഇന്‍ കീഴടക്കിയതോടെ പിന്നെ ഇറാഖും ഖുസിസ്ഥാനുമെല്ലാം പെട്ടെന്ന് ഇസ്‌ലാമിന് കീഴിലായി. അതോടെ പിന്നെ യുദ്ധം നിര്‍ത്തിവെക്കാന് ഖലീഫ ആലോചിച്ചിരുന്നു. പേര്‍ഷ്യക്കും നമുക്കുമിടയില്‍ ഒരു തീമലയുണ്ടായിരുന്നെങ്കില്‍ എന്നുവരെ അദ്ദേഹം പറയാറുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാന്‍ പേര്‍ഷ്യ യുദ്ധം ചെയ്തു കൊണ്ടിരുന്നു. സ്വാഭാവികമായും പുതിയ പടയോട്ടത്തിനായി ഖലീഫയും ഉത്തരവിട്ടു.

അങ്ങനെയാണ് ഇറാന്റെയും ഇറാഖിന്റെയും ഇടയിലുള്ള സഹാവന്തില്‍ വെച്ച് വീണ്ടുമൊരു യുദ്ധം നടക്കുന്നത്. കൂടുതല്‍ സൈനികബലത്തിലായിരുന്നു പേര്‍ഷ്യക്കാര്‍ വന്നിരുന്നത്. പക്ഷേ അതിലും മുസ്‌ലിംകള്‍ തന്നെ വിജയിച്ചു. മുസ്‌ലിംകളുടെ സൈനിക നേതാവായിരുന്ന നുഅ്മാനു ബ്നു മുഖ്റിഅ് യുദ്ധക്കളത്തില്‍ ശഹീദായി. ഈ വിജയത്തെ ഇസ്ലാമിക ചരിത്രം ഫത്ഹുല്‍ ഫുതൂഹ് (വിജയങ്ങളുടെ വിജയം) എന്ന് വളിക്കുന്നു. ഈ പരാജയത്തോടെ ഇറാനിലെ പേര്‍ഷ്യന്‍ സൈന്യം ഒതുങ്ങി. നാനാഭാഗത്തേക്കും പടയോട്ടം വ്യാപിപ്പിച്ച മുസ്‌ലിം സൈന്യം പെട്ടെന്ന് തന്നെ പ്രദേശമാകെ കീഴടക്കി.

പേര്‍ഷ്യയുടെ വിമോചനത്തില്‍ മുസ്‌ലിം സൈന്യത്തിന് നേതൃത്വം നല്‍കിയവരില്‍ അഹ്നഫ് ബ്നു ഖൈസിന്റെ നാമം പ്രത്യേകം സ്മരണീയമാണ്. ചരിത്രം ഇദ്ദേഹത്തെ ഫാതിഹു ഖുറാസാന്‍ എന്നാണ് പരിചയപ്പെടുത്തുന്നത്. ഹസ്റത്ത് സഅദ് ഇറാഖെന്ന പോലെ ഖുറാസാനെ  മോചിപ്പിച്ചത് ഹസ്റത്ത് അഹ്നഫ് ആയിരുന്നു. മാത്രമല്ല, സാസാനി ഭരണാധികാരിയായിരുന്ന യസ്ദഗിര്‍ദിനെ ഇറാന്റെ അതിര്‍ത്തികളില്‍ നിന്ന് ആട്ടിപ്പുറത്താക്കുകയും ചെയ്തു അദ്ദേഹം. അതോടെ ഹസ്റത്ത് ഖാലിദ് ബനുല്‍ വലീദ് തുടങ്ങി വെച്ച ദൌത്യം സമ്പൂര്‍‍‍‍ണമാകുകയും ഇറാന്‍ തുണ്ടം തുണ്ടമാക്കപ്പെടുമെന്ന നബിയുടെ പ്രവചനം പുലരുകയും ചെയ്തു. യസ്ദഗിര്‍ദിന്റെ ആധിപത്യം തകര്‍ന്നപ്പോള്‍ പേര്‍ഷ്യയിലെ മജൂസികള്‍‍ മുസ്‌ലിംകളോട് സന്ധിക്ക് തയ്യാറാവുകയായിരുന്നു.

ശാമും ഈജിപ്തും

റോമന്‍ സാമ്രാജ്യം അഥവാ, ബൈസന്റൈന്‍ അക്കാലത്തെ ഏറെ പ്രധാനപ്പെട്ട ഒരു ഭരണകൂടമായിരുന്നു. രാജാവായിരുന്ന ഹിറഖല്‍ അക്കാലത്ത അറിയപ്പെട്ട സൈനികത്തലവന്മാരിലൊരാളുമായിരുന്നു. പേര്‍‍‍ഷ്യയെ അദ്ദേഹം അടിക്കട പരാജയപ്പെടുത്തിയിരുന്നെങ്കിലും മുസ്‌ലിംകളോട് ഹിറഖല്‍‍ പരാജയപ്പെടുക തന്നെ ചെയ്തു.

ഹസ്റത്ത് ഖാലിദുബ്നുല്‍ വലീദിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യം യര്‍‍മൂക്കില്‍ റോമാ സൈന്യത്തെ പരാജയപ്പെടുത്തിയ വിവരമറിഞ്ഞ് ഹിറഖല്‍ ഏറെ ദുഖിക്കുകയും കോണ്‍‍‍‍‍‍സ്റ്റാന്റ്നോപ്പിളിലേക്ക് പോകുകയും ചെയ്തു.  ഈ യുദ്ധത്തിനു ശേഷം ഹസ്റത്ത് അബൂ ഉബൈദ സൈനികമേധാവിയായി തെരഞ്ഞെടുക്കപ്പെട്ടു. ഹസ്റത്ത് ഖാലിദുബ്നുല്‍ വലീദ് ഉപമേധാവിയായി മാറി. എന്നാലും അദ്ദേഹം സിറിയന്‍ വിമോചനത്തില്‍ തികഞ്ഞ ഉത്സാഹത്തോടു കൂടെ തന്നെ പങ്കെടുത്തു.

സിറിയ വിജയത്തിന്റെ സുപ്രധാനമായ ഒരു ഏട് ബൈത്തുല്‍ മഖ്ദിസന്‍റെ വിമോചനമാണ്. മുസ്‌ലിംകളുടെ ആദ്യഖിബലയായ ഇവിടെ നിന്നായിരുന്നു നബി ആകാശാരോഹണം തുടങ്ങിയത്. അന്നത് സിറിയയുടെ ഭാഗമായിരുന്നു. മുസ്‌ലിംകള്‍ ബൈത്തുല്‍ മഖ്ദിസ് ഉപരോധിച്ചപ്പോള്‍ പ്രദേശത്തുകാരായ ക്രൈസ്തവര്‍ സന്ധിക്കു തയ്യാറായി. ഹസ്റത്ത് ഉമര്‍ മദീനയില്‍ നിന്ന് വന്ന് കരാര്‍ നേരിട്ട് എഴുതിത്തരണമെന്ന് മാത്രമായിരുന്നു അവരുടെ ആവശ്യം. ഇതറിഞ്ഞ ഹസ്റത്ത് ഉമര്‍ മദീനയില്‍ ഹസ്റത്ത് അലിയെ പകരക്കാരനാക്കി അവിടേക്ക് പോയി. അവരുടെ ജീവിതവും ധനവും മതവും സംരക്ഷിക്കുന്നതാണെന്ന് കരാറില്‍ ഒപ്പിട്ടുകൊടുത്തു. ക്രൈസ്തവരുടെ ആവശ്യം മാനിച്ച് തദ്ദേശീയരായ ജുതന്മാരെ അവിടെ നിന്ന് പുറത്താക്കുകയും ചെയ്തു. ബൈതുല്‍‍ മഖ്ദിസ് മുസ്‌ലിംകളുടെ അധീനതിയിലായി. അവിടെയുള്ള മസ്ജിദുല്‍ അഖ്സാ മുസ്‌ലിംകള്‍ പുനര്‍‍നിര്‍‍മിച്ചു.

സിറിയയില്‍ നിന്നും ഫലസ്തീനില്‍‍ നിന്നുമെല്ലാം റോമക്കാരെ പരാജയപ്പെടുത്തി ഓടിച്ചെങ്കിലും അവര്‍ ഈജിപ്തലുണ്ടായിരുന്നു. അവിടെ നിന്ന് അപ്പോഴും ഭീഷണി തുടര്‍ന്നു. സിറിയയിലെ സൈന്യത്തില്‍ അംറുബ്നുല്‍ ആസ്വ് എന്ന സ്വഹാബിയുണ്ടായിരുന്നു. ഈജിപ്തലേക്ക പടനയിക്കാന്‍ അദ്ദേഹം ഖലീഫയുടെ അനുവാദം തേടി.ഖലീഫ അനുവാദം മൂളി. രണ്ടുമൂന്നു വര്‍‍ഷങ്ങള്‍ക്കകം ഈജിപ്ത് മുസ്‌ലിംകളുടെ കീഴിലായി. റോമക്കാരുടെ ഭരണകാലത്ത് അലക്സാണ്ട്രിയ ആയിരുന്നു ഈജിപ്തിന്റെ തലസ്ഥാനം. മുസ്‌ലിംകള്‍ ഫുസ്ഥാഥ് എന്ന പേരില്‍ പുതിയൊരു നഗരം നിര്‍മിച്ചു തലസ്ഥാനമാക്കി. അധികം കഴിയും മുമ്പെ ഹസ്റത്ത് അംറുബ്നുല്‍ ആസ്വിന്റെ പട്ടാളം ബര്‍‍ഖ, ലിബിയയുടെ തലസ്ഥാനമായ ട്രപ്പോളി എന്നീ പ്രദേശങ്ങളെല്ലാം കൈവശപ്പെടുത്തി. ഇസ്ലാമിക ഖിലാഫത്തിന്റെ അതിര്‍‍ത്തി വീണ്ടും വ്യാപിച്ചു.

പരിഷ്കരണങ്ങള്‍

വിസ്തൃതിയിലും ശക്തിയിലും അക്കാലത്തെ ഏറ്റവും വലിയ ഭരണകൂടം അദ്ദേഹത്തിന് കെട്ടിപ്പടുക്കാനായി. യുദ്ധവിജയങ്ങള്‍ക്കപ്പുറം നീതിനിര്‍വഹണം, പ്രജകളുടെ ക്ഷേമം, ഭരണസംവിധാനം തുടങ്ങി തുടങ്ങിയ ചില കാര്യങ്ങളിലും അദ്ദേഹം ഏറെ ശ്രദ്ധാലുവായിരുന്നു.

ഭരണരംഗത്ത് ഏറെ പരിഷ്കാരങ്ങള്‍ ഹസ്റത്ത് ഉമര്‍ നടത്തിയിട്ടുണ്ട്. അദ്ദേഹം തുടങ്ങി വെച്ചത് എന്ന അര്‍ഥത്തില്‍ പ്രസ്തുത പരിഷ്കാരങ്ങളെല്ലാം അവ്വലിയ്യാത്ത് എന്ന പേരിലാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഏറെ നീണ്ട അവ്വലിയാത്ത് പട്ടികയുടെ സംക്ഷിപ്ത രൂപം താഴെ ചേര്‍ക്കുന്നു.

 

    • മൊത്തം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും ജില്ലകളുമാക്കി തിരിച്ചു.
    • പട്ടാളക്കാരുടെ ശമ്പളം, പെന്ഷന് തുടങ്ങിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു പട്ടാള വകുപ്പ് സ്ഥാപിച്ചു.
    • ധനകാര്യവകുപ്പ്
    • പോലീസ് വകുപ്പ്. കുറ്റവാളികളെ പിടിക്കുക, പ്രജകളുടെ പരാതികള്‍ അന്വേഷിക്കുക, യാത്രാസംഘങ്ങള്‍ക്ക് കാവല്‍ നില്‍ക്കുക തുടങ്ങിയ കാര്യങ്ങളായിരുന്നു വകുപ്പിന്‍റെ പ്രധാന ഉത്തരവാദിത്തങ്ങള്‍.
    • പൊതുഖജനാവ്. സംസ്ഥാനങ്ങളിലും ജില്ലകളിലും ഇതേര്‍പ്പെടുത്തി.
    • കോടതികള്‍
    • ഭൂമി സര്‍വേ ചെയ്തു.
    • ജനങ്ങളുടെ സെന്‍സസ്.
    • തപാല്‍ വകുപ്പ്.
    • ജയിലുകള്‍ നിര്‍മിച്ചു.
    • ഇമാമിനും മുഅദ്ദിനും ശന്പളം ഏര്‍പ്പെടുത്തി.
    • പാഠശാലകള്‍ തുറന്നു. അവിടെ അധ്യാപകര്‍ക്ക് ശന്പളം ഏര്‍പ്പെടുത്തി.
    • മക്കക്കും മദീനക്കുമിടയില്‍ പുതിയ റോഡുകള്‍ വെട്ടുകയും യാത്രക്കാര്‍ക്കായി സത്രങ്ങള്‍ ഒരുക്കുകയും ചെയ്തു.

നേരത്തെ തന്നെ അക്കാലത്തെ ഏറെ വിശാലമായി തീര്‍ന്നിരുന്ന ഭരണകൂടം ഇത്തരം പരിഷ്കാരങ്ങളിലൂടെ ഏറെ വ്യവസ്ഥാപിതവുമായി മാറി.

എല്ലാ മുസ്‌ലിംകള്‍ക്കും പെന്‍ഷന്‍ നടപ്പാക്കിയെന്നതാണ് ഹസ്റത്ത് ഉമറിന്റെ മറ്റൊരു ഭരണപരിഷ്കാരം. കുഞ്ഞുങ്ങള്‍ക്ക് മുലകുടി മാറിയാലായിരുന്നു ആദ്യം പെന്‍ഷനനുവദിച്ചിരുന്നത്. അത് പിന്നീട് ജനനം തൊട്ട് തന്നെയാക്കി അദ്ദേഹം പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. അതിന് പിന്നില്‍ ഒരു കഥയുണ്ട്.

ഒരിക്കല്‍ രാത്രി പ്രജകളുടെ ക്ഷേമൈശ്വര്യങ്ങള്‍ അന്വേഷിക്കാനിറങ്ങിയ ഹസ്റത്ത് ഉമര്‍ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. കാരണമന്വേഷിച്ചപ്പോള്‍ കുട്ടിയുടെ ഉമ്മ പറഞ്ഞു. കുഞ്ഞിന്റെ മുലകുടി മാറ്റിയാലെ പെന്‍ഷന്‍ ലഭിക്കുകയുള്ളൂ എന്നതിനാല്‍ മുലകുടി മാറ്റാനുള്ള ശ്രമം നടത്തുകയാണെന്ന്. അത് കേട്ട ഹസ്റത്ത് ഉമര്‍ വേവലാതിപ്പെട്ടു. ഉടനെ തന്നെ ജനനം മുതല്‍ പെന്‍ഷന്‍ അനവദിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.

പൊതുഖജനാവിലെ സ്വത്ത് സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നില്ല. ഖലീഫക്ക് അദ്ദേഹം ഒരു ശമ്പളം നിശ്ചയിച്ചു. രാജ്യത്തെ സാധാരണ പൌരന്‍റെ ശന്പളത്തിനു തുല്യമായ ഒരു സംഖ്യ.

ഹസ്റത്ത് ഉമറാണ് അമീറുല്‍ മുഅമിനീന്‍ എന്ന സ്ഥാനപ്പേര് ആദ്യമായി ഉപയോഗിച്ചത്. ആളുകള്‍ അദ്ദേഹത്തെ ആദ്യം ഖലീഫത്തു ഖലീഫത്തു റസൂലില്ലാഹ് എന്നായിരുന്നു വിളിച്ചിരുന്നത്. ഓരോ ഖലീഫയെയും മുന്‍ ഖലീഫയുമായി ചേര്‍ത്തുവിളിക്കുന്ന ഈ രീതി തുടരുകയാണെങ്കില്‍ പേര് നീണ്ടുപോകുമെന്നും അത് പ്രായോഗികമല്ലെന്നും മനസ്സിലാക്കിയ ഹസ്റത്ത് ഉമര്‍ അതിന് പകരം അമീറുല്‍ മുഅമിനീന്‍ എന്ന പേര് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നുള്ള. അദ്ദേഹത്തെ തുടര്‍‌ന്നുവന്ന എല്ലാ ഖലീഫമാരും ഈ പേരില്‍ വിളിക്കപ്പെട്ടു.

ലളിതജീവിതമായിരുന്നു ഹസ്റത്ത് ഉമറിന്റേത്. വീട് നിര്‍മിച്ചില്ല. സ്വത്തും ധനവും ശേഖരിച്ചില്ല. ആര്‍ക്കും അദ്ദേഹത്തെ എതിര്‍ത്ത് സംസാരിക്കാമായിരുന്നു. പ്രജകളോട് അനീതി കാണിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. രാത്രിസമയങ്ങളില്‍ പ്രജകളുടെ കാര്യമന്വേഷച്ച് ചുറ്റിക്കറങ്ങും. ഹജജ് കാലങ്ങളില്‍ വിവിധ ദേശത്തു നിന്നു വരുന്ന ഹാജിമാരോട് അവനവന്റെ ദേശത്ത് നിയമിതരായ ഗവര്‍ണര്‌‍‍മാരെ കുറിച്ച് ചോദിക്കുകയും പോരായ്മകള്‍ക്ക് അപ്പോള്‍ തന്നെ പരിഹാരം കാണുകയും ചെയ്തു. അതിന് വേണ്ടി മാത്രമായി ഹജ്ജുകാലത്ത് എല്ലാ ഗവര്‍ണര്മാരും മക്കയിലുണ്ടാവണമെന്ന് അദ്ദേഹം നിയമം പുറപ്പെടുവിച്ചിരുന്നു.

ഹിജ്റ അടിസ്ഥാനമാക്കിയുള്ള മുസ്‌ലിം കലണ്ടറിനു തുടക്കം കുറിച്ചത് ഹസ്റത്ത് ഉമറാണ്. കൂഫ, ബസ്വറ, ഫുസ്ഥ്വാത് എന്നീ മൂന്ന് പുതിയ നഗരങ്ങള്‍ അദ്ദേഹം നിര്‍മിച്ചു.

രാജ്യത്തെ കര്‍ഷകരുടെ ജലസേചനാവശ്യങ്ങള്‍ക്കായി നിരവധി തോടുകള്‍‍‍ ഉമര്‍‍‌‍ വെട്ടിയിട്ടുണ്ട്.

പലകാര്യങ്ങളും ഹസ്റത്ത് ഉമര്‍ ആദ്യം നടപ്പിലാക്കി. അമീറുല്‍ മുഅമിനീന്‍ എന്ന പേര് ആദ്യമായി  ഔദ്യോഗിക നാമമാക്കി. ഹിജ്റ വര്‍ഷം നടപ്പാക്കി. നിശാസഞ്ചാരം പതിവാക്കി. സന്താനങ്ങള്‍ ജനിച്ച ശേഷം അടിമസ്ത്രീയെ വില്‍ക്കുന്ന സമ്പ്രദായം നിരോധിച്ചു. താറാവീഹ് നമസ്കാരം പള്ളിയില്‍ വെച്ച് ഒരു ഇമാമിന്റെ കീഴില്‍ സംഘടിപ്പിച്ചു. നമസ്കാരത്തിനും ഖുര്‍ആന്‍ അധ്യാപനത്തിനും ഖാരിഉകളെ നിയമിച്ചു. പള്ളികളില്‍ വിളക്കുകള്‍ സ്ഥാപിച്ചു. ജനാസ നമസ്കാരത്തിന് നാല് തക്ബീറുകള്‍ നിജപ്പെടുത്തി. അച്ചടക്കത്തിനും ശിക്ഷണത്തിനും കുറുവടി പ്രയോഗം നടപ്പാക്കി. ഗോത്രാടിസ്ഥാനത്തില്‍ ജനഅങ്ങളുടെ പേരുവിവരം രജിസ്റ്ററുകളില്‍ വ്യവസ്ഥാപിതമായി രേഖപ്പെടുത്തി. കേസുകളില്‍‍ തീര്‍പ്പു കല്‍പിക്കാന്‍ ഗവര്‍ണര്‍മാരെ നിയമിച്ചു. ഭരണസൌകര്യാര്‍ഥം രാജ്യത്തെ സംസ്ഥാനങ്ങളും പ്രവിശ്യകളുമാക്കി വിഭജിച്ചു. മഖാമു ഇബ്റാഹീമിനെ കഅബയില്‍ നിന്ന് വേര്‍പ്പെടുത്തി യഥാസ്ഥാനത്ത് പുന്സ്ഥാപിച്ചു. ഇതെല്ലാം ആദ്യമായി നടപ്പില്‍ വരുത്തിയ ഖലീഫ ഹസ്റത്ത് ഉമറാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു

വഫാത്ത്

പേര്‍ഷ്യക്കാരനായ അബൂലുഅ് ലുഅ് എന്ന മജൂസിയുടെ കുത്തേറ്റാണ് മരിച്ചത്. സുബ്ഹി നമസ്കരിക്കുകയായിരുന്ന ഉമറിനെ വയറ്റത്താണ് അയാള്‍ കുത്തിയത്. ഗുരുതര പരിക്കേറ്റ അദ്ദേഹം അടുത്ത ദിവസം തന്നെ പരലോകം പൂകി. അബൂബക്കറിനെ പോലെ നബിയുടെ ഖബ്റിന് സമീപമാണ് ഹസ്റത്ത് ഉമറിനെയും മറമാടിയത്.

വ്യക്തിവിവരങ്ങള്‍

പ്രമുഖ സ്വഹാബികളില്‍ ഒരാള്‍. രണ്ടാം ഖലീഫ. നബിപത്നി ഹഫ്സയുടെ പിതാവ്. ഖുറൈശികളിലെ കുലപതി. അബൂഹഫ്സ് വിളിപ്പേരും ഫാറൂഖ് ഉപനാമവുമാണ്. രണ്ടു പേരും നല്‍കിയത് നബി തന്നെ.

ഹിജ്റക്ക് മുമ്പ്. 40 ല്‍ ജനനം. ക്രിസ്താബ്ദം 582ല്‍. പ്രാരബധങ്ങള്‍ നിറഞ്ഞ ബാല്യം. ഒട്ടകം മേയ്ക്കലായിരുന്നു പ്രധാന ജോലി. വംശചരിത്രം, ലക്ഷണശാസ്ത്രം. പ്രഭാഷണം, ആയുധാഭ്യാസം, കുതിര സാരി, മല്‍പിടിത്തം, തുടങ്ങിയ പാരമ്പര്യ കലകളില്‍ പ്രഗത്ഭന്‍. നബിയുടെ ആഗമന സമയത്ത് ഖുറൈശികളില്‍ അക്ഷരാഭ്യാസമുണ്ടായിരുന്ന 17 പേരിലൊരുത്തന്‍.

നുബുവ്വത്തിന്റെ ആറാം വര്‍ഷം ദുല്ഹിജ്ജ മാസത്തിലായിരുന്നു ഹസ്റത്ത് ഉമര്‍ ഇസ്ലാം വിശ്വസിച്ചത്. ഹിജ്റ 13 ജുമാദുല്‍ ഉഖ്റാ 22 ന് ചൊവ്വാഴ്ചയായിരുന്നു അധികാരമേറ്റത്.

ഹിജ്റ 23 ദുല്‍ഹിജ്ജ 26/27 ന് ആണ് അബൂലുഅലുഅ് അദ്ദേഹത്തെ കുത്തിയത്. മൂന്ന് ദിവസം കഴിഞ്ഞ് മഹുറം 1 ന് ലോകത്തോടു വിടപറഞ്ഞു. നബിയെയും അബൂബക്റിനെയും പോലെ ഉമറിനും 63 വയസ്സായിരുന്നു പ്രായം. ഭരണകാലം 10 വര്‍ഷവും 6 മാസവും 5 ദിവസവും.

ഹസ്റത്ത് ഉമറില്‍ നിന്നു ധാരാളം ഹദീസുകളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വ്യഖാത ഹദീസ്ഗ്രന്ഥങ്ങളുടെ സമാഹാരങ്ങളായ ഇത്ഹാഫുല്‍ മഹറ, തുഹ്ഫതുല്‍ അശ്റാഫ് എന്നീ ഗ്രന്ഥങ്ങളില്‍ 1908 ഹദീസുകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇമാം ബുഖാരി തന്റെ പ്രസിദ്ധഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരി ആരംഭിക്കുന്നത് ഹസ്റത്ത് ഉമര്‍ റിപ്പോര്‍ട്ട് ചെയ്ത പ്രശസ്തമായ ഒരു ഹദീസ് ഉദ്ധരിച്ചു കൊണ്ടാണ്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter