അബൂബക്ര്‍(റ): കള്ളപ്രവാചകന്മാര്‍ക്കെതിരെ
നബി(സ) യുടെ നിര്യാണത്തെ തുടര്‍ന്ന് അറബ് ഉപദീപിന്റെ നാനാഭാഗത്തും ഇസ്‌ലാമിന്നും മുസ്‌ലിംകള്‍ക്കുമെതിരെ പലവിധ അക്രമങ്ങള്‍ തലപൊക്കുകയുണ്ടായി. ഇതിന്റെ ഫലമായി ഇസ്‌ലാമിന്ന് ഭൂമുഖത്ത് ഇനി അധികം നിലനില്‍പ്പുണ്ടാവുകയില്ലെന്ന ഒരു പൊതുവായ ഒരു തോന്നല്‍ വരെ സംജാതമായി. മുസ്‌ലിംകളില്‍തന്നെയും ഭയത്തിന്റെ കരിനിഴല്‍ പതിഞ്ഞു. ഈ അവസത്തില്‍ അബൂബക്കര്‍(റ)വിന്റെ സുധീരമായ നിലപാടാണ് ഇസ്‌ലാമിന്ന് രക്ഷയും ദാര്‍ഢ്യവും നല്‍കിയത്.
അബൂബക്കര്‍(റ) ഭരണനായകത്വം ഏറ്റെടുത്ത കാലത്ത് അറബ് ഉപദീപിന്റെ പലഭാഗങ്ങളിലും പലഗോത്രക്കാരും 'മുര്‍തദ്ദു' (മതത്യാഗിക) കളായിമാറിയിരുന്നു. അതിന്ന് പുറമെ പലവ്യാജപ്രവാചകന്മാരും പലയിടങ്ങളിലും ജനങ്ങളെ പിഴപ്പിക്കാനും തുടങ്ങി.
വേറൊരുവിഭാഗം ഇസ്‌ലാമിക നിയമങ്ങളില്‍നിന്ന് സക്കാത്ത് ഒഴിവാക്കിക്കിട്ടണമെന്ന ആവശ്യവുമായി പുറപ്പെട്ടു. ഇസ്‌ലാമിന്റെ മറ്റു നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുവാന്‍ അവര്‍ തയ്യാറാണ്. സക്കാത്ത് ഒഴിവായിക്കിട്ടണമെന്ന അവരുടെ ആവശ്യം സിദ്ധീഖ്(റ)വിന്റെ മുമ്പിലെത്തിയപ്പോള്‍ രോഷാകുലനായുംകൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചത് ഇങ്ങിനെയായിരുന്നു:
ഇസ്‌ലാമിന്റെ നിയമങ്ങള്‍ക്ക് മാറ്റം വരുത്തുവാന്‍ ലോകത്തിലൊരു മനുഷ്യന്നും സാദ്ധ്യമല്ല. അല്ലാഹുവിനെക്കൊണ്ട് സത്യം, സക്കാത്ത് വകയിലുള്ള ഒരാട്ടിന്‍കുട്ടിയെയാണെങ്കിലും നല്‍കാതെ ആരെങ്കിലും തടഞ്ഞുവെക്കുകയാണെങ്കില്‍ അവരോട് ഞാന്‍ യുദ്ധംചെയ്ത് അത് പിടിച്ചുവാങ്ങുന്നതാണ്.
സിദ്ധീഖ്(റ)വിന്റെ ഈ പ്രഖ്യാപനത്തിന്ന് ശേഷവും പ്രതിലോമ ശക്തികള്‍ മുറക്ക് പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരുന്നു. മുര്‍ത്തദ്ദുകള്‍, വ്യാജപ്രവാചകന്മാര്‍, സക്കാത്ത് നിഷേധികള്‍ എന്നീ വിവിധ തരക്കാര്‍ തങ്ങളുടെ പ്രചരണപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയെന്നുമാത്രമല്ല ജനങ്ങളെ വശീകരിക്കുവാന്‍ ആവുന്ന എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുകയും ചെയ്തു. ചില വ്യാജപ്രവാചകന്മാര്‍ തങ്ങളുടെ അനുയായികള്‍ക്ക് മദ്യപാനം, വ്യഭിചാരം എന്നീ ദുഷ്‌കൃത്യങ്ങളെ പരസ്യമായി അനുവദനീയമാക്കിക്കൊടുത്തു. ചിലര്‍ നമസ്‌കാരം ഒഴിവാക്കി. ചിലര്‍ പന്നിമാംസം അനുവദിച്ചുകൊടുത്തു. ചുരുക്കത്തില്‍ നബി(സ)വര്‍ഷങ്ങള്‍കൊണ്ട് പടുത്തുയര്‍ത്തിയ സാംസ്‌കാരിക ധാര്‍മിക സൗധത്തെ ഈകൂട്ടര്‍ തകര്‍ത്തുതുടങ്ങി. ഭമുഖത്ത് നിന്ന് ഇസ്‌ലാമിനെ പിഴുതെറിയുവാനുള്ള ലക്ഷ്യത്തോടെ അവര്‍ പ്രവര്‍ത്തനത്തിന്ന് മുറുക്കം കൂട്ടുകയും ചെയ്തു.
നബി(സ) തന്റെ ജീവിത കാലത്ത് തന്നെ അസാധാരണ ധൈര്യവും അപാരമായ സ്ഥൈര്യവും കൈമുതലുള്ളവരും അര്‍പ്പണബോധത്തോടെ ദീനിന്നുവേണ്ടി എന്ത് ത്യാഗവും വരിക്കുവാന്‍ സന്നദ്ധതയുള്ളവരുമായ ഒരുകൂട്ടം മുസ്ലിംകളെ തയ്യാറാക്കിവെച്ചിരുന്നില്ലെങ്കില്‍ പ്രളയം കണക്കെ പ്രവഹിച്ചുവന്ന പ്രസ്തുത ശത്രുശക്തിയെ ചെറുത്ത് തോല്‍പ്പിക്കുവാന്‍ ആരുമുണ്ടാകുമായിരുന്നില്ല. ഈ അവസരത്തില്‍ സിദ്ധീഖ്(റ)വിന്റെ ധീരമായ നായകത്വം ഇസ്ലാമിന്ന് യഥാസമയത്ത് കിട്ടിയ ഭാഗ്യമായി ഭവിച്ചു. മുര്‍തദ്ദുകളുടെയും വ്യാജപ്രവാചകന്മാരുടെയും പ്രവര്‍ത്തനം ഒടുവില്‍ മദീനാപട്ടണത്തെ തന്നെ അക്രമിക്കുന്നതില്‍ ചെന്നുകലാശിക്കുമെന്ന് അബൂബക്കര്‍(റ) ഭയപ്പെടുകയും അക്കാരണത്താല്‍ വേണ്ട മുന്‍കരുതലുകള്‍ ചെയ്യുകയും ചെയ്തു. ഇത് അസ്ഥാനത്തായിരുന്നില്ല. ചില ഗോത്രക്കാര്‍ സംഘടിച്ചുകൊണ്ട് മദീനയെ ആക്രമിച്ചു. പക്ഷേ, അലി(റ), ത്വല്‍ഹ(റ) എന്നിവരുടെ സുധീര നേതൃത്വത്തില്‍ മുസ്ലിം സേന ഈ ശത്രുക്കളെ മദീനക്ക് പുറത്തുവെച്ചുതന്നെ നിലംപതിപ്പിച്ചുകളഞ്ഞു. ഈ പരാജയംകൊണ്ട് ശത്രുക്കള്‍ അടങ്ങിയില്ല. അവര്‍ മറ്റൊരു വഴിക്ക് മദീനയെ വീണ്ടും അക്രമിക്കുകയും മുസ്ലിംകള്‍ക്ക് കഠിനമായ ആള്‍നാശവും സ്വത്ത് നാശവും വരുത്തിവെക്കുകയും ചെയ്തു!. പക്ഷേ, ഉടനെതന്നെ അബൂബക്കര്‍(റ) ഒരു സുശക്ത സൈന്യസമേതം പടക്കളത്തിലിറങ്ങുകയും കാഫിറുകളെ ദയനീയമാംവിധം പരാജയപ്പെടുത്തുകയും ചെയ്തു. പടക്കളം വിട്ട് നെട്ടോട്ടം തുടങ്ങിയ ആ വഞ്ചകന്മാരെ മുസ്ലിംസേന പിന്തുടരുകയും അവരുടെ നാടുകളില്‍ കടന്നു ഒരിക്കലും മറക്കാനാവാത്ത ഒരു പാഠം അവര്‍ക്ക് പഠിപ്പിക്കുകയും ചെയതു. ഇതിനെ തുടര്‍ന്ന് നബി(സ)യുടെ നിര്യാണത്തോടുകൂടി മുസ്ലിംകളുടെ ശക്തി ക്ഷയിച്ചുപോയിട്ടില്ലെന്ന് മുശ്‌രിക്കുകള്‍ക്ക് ബോധ്യമായി.
മദീനയുടെ നേരെയുണ്ടായ ഈ ആക്രമണത്തിന്ന് ശേഷം അറബ് ഉപദീപിലെ എല്ലാ പ്രതിലോമകാരികളെയും അടിച്ചമര്‍ത്തേണ്ടത് ഇസ്ലാമിന്റെ നിലനില്‍പ്പിന്നും വളര്‍ച്ചക്കും അനിവാര്യമാണെന്ന് മുസ്ലിം നേതാക്കള്‍ മനസ്സിലാക്കുകയുണ്ടായി. അങ്ങനെ മുസ്ലിംകളുടെ പതിനൊന്ന് സൈനികസംഘങ്ങളെ അറേബ്യയുടെ വിവിധ ഭാഗങ്ങളിലേക്കയച്ചു. മുര്‍തദ്ദുകളെയും വ്യാജപ്രവാചകന്മാരെയും നേരിട്ട് അവരെ അറുതി വരുത്തേണമെന്ന് ഈ സൈന്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
വ്യാജപ്രവാചകന്മാരുടെ പതനങ്ങള്‍
വ്യാജപ്രവാചകന്മാര്‍ക്ക് അധികനാള്‍ തലയുയര്‍ത്തി നില്‍ക്കുവാന്‍ സാധിച്ചില്ല. മുസ്ലിം സേനകള്‍ക്ക് മുമ്പില്‍ ഒന്നിനുപിറകില്‍ മറ്റൊന്നായി അവര്‍ പരാജയമടഞ്ഞു. മജ്ദിന്നു സമീപം താവളമടിച്ച് മക്കയെ അക്രമിക്കുവാന്‍ വട്ടംകൂട്ടിക്കൊണ്ടിരുന്ന ത്വല്‍ഹത്തുല്‍ അസ്‌രീ എന്ന കള്ളപ്രവാചകനെ ഖാലിദുബ്‌നു വലീദ്(റ)വിന്റെ നേതൃത്വത്തില്‍ ചെന്ന ഒരു മുസ്‌ലിം സേന പൊടുന്നനെ അക്രമിച്ച് തരിപ്പണമാക്കി. അയാള്‍ ശാമിന്റെ ഭാഗത്തേക്ക് ഓടിപ്പോയി. പിന്നീട് അലി(റ)ന്റെ ഭരണകാലത്ത് അദ്ദേഹം തിരിച്ചുവന്നു ഇസ്ലാംമതം സ്വീകരിക്കുകയുണ്ടായി.
എടുത്തുപറയേണ്ട മറ്റൊരാള്‍ മാലിക്ബ്‌നു നുവൈര്‍ ആണ്. നബി(സ)യുടെ കാലത്ത് ഇയാള്‍ മുസ്ലിമായിരുന്നു. നബി(സ)യുടെ നിര്യാണാനന്തരം ഇയാള്‍ വിപ്ലവകാരിയായി മാറി. മക്കയും മദീനയും കീഴടക്കി ആധിപത്യം സ്ഥാപിക്കണമെന്ന് മോഹിക്കുകയും ചെയ്തു. ഖാലിദ്ബ്‌നു വലീദ്(റ) തന്നെയാണ് ഇയാളെയും നേരിട്ടത്. ഘോരമായ ഒരുസംഘട്ടത്തിന് ശേഷം മാലിക്ക് കീഴടങ്ങി. സക്കാത്ത് നിഷേധിയായിരുന്ന ഇയാള്‍ കീഴടങ്ങിയ ശേഷവും അതില്‍ തന്നെ ഉറച്ചുനിന്നു. അങ്ങനെ ഖാലിദ്(റ) അയാളെ വധിക്കുവാന്‍ കല്‍പിച്ചു. അയാള്‍ വധിക്കപ്പെടുകയും ചെയ്തു.
സജ്ജഹ് റാണി
കള്ളപ്രവാചകത്വം വാദിച്ച ഈ സ്ത്രീ സബായിലെ രാജ്ഞിയായിരുന്നു. കള്ളപ്രവാചകനായ മുസൈലിമത്തുല്‍ കദ്ദാബ് ഇവളെ വിവാഹം കഴിച്ചു. ആ കഥ രസകരമാണ്. സുന്ദരിയായ സജാഹിന്റെ അനുകൂലികളായി ധാരാളം ആളുകളുണ്ടായിരുന്നു. പന്നിയിറച്ചി തിന്നല്‍, മദ്യപാനം, വ്യഭിചാരം എന്നീ നിന്ദ്യക്രിയകള്‍ തന്റെ അനുയായികള്‍ക്ക് ഇവള്‍ അനുവദിച്ചുകൊടുത്തു. സുഖലോലുപയായ ഈ റാണി എല്ലാതരം സുഖലോലുപതയും നടപ്പിലാക്കി. ഈ റാണിയെ വശത്താക്കിയാല്‍ കൊള്ളാമെന്ന് മുസൈലിമത്തിന് ആഗ്രഹം ജനിച്ചു. അവന്‍ സജാഹിന്ന് ഇങ്ങനെ എഴുതി: മുഹമ്മദ്(സ)യുടെ ജീവിത കാലത്ത് പ്രവാചകത്വത്തിന്റെ പകുതി ഞാന്‍ അദ്ദേഹത്തിന് വിട്ടുകൊടുത്തിരുന്നു. ഇപ്പോള്‍ അദ്ദേഹം മരിച്ചുകഴിഞ്ഞിരിക്കയാല്‍ ആ പകുതി നിങ്ങള്‍ക്ക് വിട്ടുതരാം. നിങ്ങള്‍ സൈന്യത്തെ കൂടാതെ ഒറ്റക്ക് ഇങ്ങോട്ട് വരിക. ബാക്കി സംഗതികളെല്ലാം നമുക്ക് നേരില്‍ പറഞ്ഞുതീര്‍ക്കാം''. ഇതായിരുന്നു എഴുത്തിന്റെ ഉള്ളടക്കം. എഴുത്തിന്റെ ഉള്ളടകം ഗ്രഹിച്ചയുടനെ സജാഹ് മുസൈലിമത്തിന്റെ സന്നിധിയില്‍ ചെന്നു. മൂന്ന് ദിനരാത്രങ്ങള്‍ അവന്റെ തമ്പില്‍ കൂടിയ ശേഷം അവര്‍ തമ്മില്‍ വിവാഹം നടന്നു. പിന്നീട് സജാഹ് തന്റെ സൈനികരിലേക്ക് തിരിച്ചു. പ്രതീക്ഷക്കെതിരായി അവള്‍ അവിടെ കണ്ട കാഴ്ച ഭയങ്കരമായിരുന്നു. അവര്‍ തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്ന് റാണിക്ക് ബോധ്യമായി. അവരെ തൃപ്തിപ്പെടുത്തുവാന്‍ വേണ്ടി ഇശാ, ഫജ്ര്‍ എന്നീ നിസ്‌കാരങ്ങളെ ഇളവ്‌ചെയ്തു കൊടുത്തുനോക്കി. പക്ഷേ ഫലമുണ്ടായില്ല. ഒടുവില്‍ തന്റെ ജീവന്‍പോലും രക്ഷപ്പെടുത്തുവാന്‍ സജാഹിന്ന് സാധിക്കാതെ വന്നു. ഇങ്ങനെ ഈ ശല്യം സ്വയം കെട്ടടങ്ങി.
മുസൈലിമത്തുല്‍ കദ്ദാബ്
ഇയാളുടെ ആദ്യനാമം മുസൈലിമത്തുബ്‌നുല്‍ ഹബീബ് എന്നായിരുന്നു. ഇയാള്‍ യമാമ:യിലെ ബനു ബനീഫ ഗോത്രത്തലവനായിരുന്നു. നബി(സ)യുടെ ജീവിതകാലത്തുതന്നെ പ്രവാചകത്വം വാദിച്ചിരുന്ന ആളാണിയാള്‍. നബി(സ)യുടെ നിര്യാണത്തെ തുടര്‍ന്ന് ഇയാള്‍ തന്റെ നിര്‍മിത മതത്തിനുവേണ്ടിയുള്ള കുപ്രചരണങ്ങള്‍ ശക്തിപ്പെടുത്തി. കുറേ ഗോത്രങ്ങളെ പാട്ടിലാക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞു. ഇയാളെ നേരിടാന്‍ ആദ്യം നിയുക്തമായ ഒരു മുസ്ലിംസേന പരാജയപ്പെട്ടുപോയി! പിന്നീട് ഖാലിദുബ്‌നു വലീദ് തന്നെ നിയോഗിക്കപ്പെട്ടു. യമാമക്ക് സമീപം ഒരിടത്ത് വെച്ചു രണ്ടു സൈന്യങ്ങളും ഏറ്റുമുട്ടി. പ്രഥമ സംഘട്ടനത്തില്‍ തന്നെ മുസൈലിമ: വധ്യനായി. തുടര്‍ന്ന് അവന്റെ സൈന്യം ഛിന്നഭിന്നമായി. ഈ യുദ്ധത്തില്‍ മുസ്ലിംകള്‍ക്ക് വലിയ ആള്‍നാശം സംഭവിച്ചു. ഖുര്‍ആന്‍ മന:പാഠമുണ്ടായിരുന്ന ഒട്ടേറെ സഹാബികള്‍ രക്തസാക്ഷികളായി. എങ്കിലും ഇവന്റെ ശല്യങ്ങളില്‍ നിന് ഇസ്ലാമും മുസ്ലിംകളും രക്ഷപ്പെട്ടു.
ബഹ്‌റൈനിയിലെ കുഴപ്പം
നബി(സ)യുടെ വഫാത്തിനെ തുടര്‍ന്ന് ബഹറൈനിയിലെ ബനൂബക്ക്ര്‍ ഗോത്രക്കാര്‍ മതത്യാഗികളായിമാറി. കുഴപ്പങ്ങള്‍ സൃഷ്ടിക്കുവാന്‍ തുടങ്ങി. അവരെ അമര്‍ത്തുവാനും ഒരു യുദ്ധം ചെയ്യേണ്ടി വന്നു മുസ്ലിംകള്‍ക്ക്. യുദ്ധത്തില്‍ അവരുടെ നേതാവ് കൊല്ലപ്പെടുകയും അവര്‍ ദയനീയമാംവിധം പരാജയമടയുകയ ചെയ്തു.
അമ്മാനില്‍
നബി(സ)യുടെ വിയോഗവാര്‍ത്ത കേട്ട് അമ്മാനില്‍ ലഖീത്വ്ബ്‌നുമാലിക് എന്നൊരാള്‍ പ്രവാചകത്വം വാദിച്ചു. കുറേ ആളുകള്‍ അനുഗമിക്കുകയും ചെയ്തു. ഈ ശല്യം അപകടമായിത്തീരുമെന്ന് കണ്ടപ്പോള്‍ ഖലീഫ: അബൂബക്കര്‍(റ) ഒരു സൈന്യത്തെ അങ്ങോട്ടയച്ചു. വ്യാജപ്രവാചകന്‍ വലിയ ധീരതയോടുകൂടെ പോരാടിയെങ്കിലും മുസ്ലിം സൈന്യത്തിന്റെ മുമ്പില്‍ അതൊന്നും ഫലപ്പെട്ടില്ല. അവന്‍ പരാജയപ്പെടുക തന്നെ ചെയ്തു. അങ്ങനെ അമ്മാനിലെ കുഴപ്പവും കെട്ടടങ്ങി.
അസ്‌വദു അന്‍സി
നബി(സ)യുടെ ജീവിത കാലത്ത് തന്നെ ഇയാള്‍ നുബുവത്ത് വാദിച്ചിരുന്നു. സ്വന്തം ജനതയുടെ കൈകള്‍കൊണ്ട് തന്നെ ഇയാള്‍ കൊല്ലപ്പെട്ടു. എങ്കിലും ഇയാളുടെ അനുയായികള്‍ യമനില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. നബി(സ)യുടെ നിര്യാണാനന്തരം ഇവരുടെ ശല്യം ഉഗ്രമായി. ഇതിനെ തുടര്‍ന്ന് ഇവരെ നേരിടുവാന്‍ ഒരു മുസ്ലിം സൈന്യത്തെ അങ്ങോട്ടയച്ചു. ഘോരമായ ഒരു പോരാട്ടത്തിന്ന് ശേഷം ഈ മതത്യാഗികള്‍ തോറ്റമ്പി.
ഇതിന് ശേഷം മുസ്ലിംകള്‍ ഗോത്രക്കാരുടെ നേരെ തിരിഞ്ഞു. ഇസ്ലാമതം ത്യജിച്ചുകളഞ്ഞ ഈ കൂട്ടര്‍ ഒരു ഉഗ്രന്‍ സമരത്തിന് തയ്യാറെടുക്കുകയായിരുന്നു. മുസ്ലിംസേന അവരെ പെട്ടെന്ന് ആക്രമിച്ചു തോല്‍പ്പിച്ചു. അനന്തരം അവരുടെ നേതാവായിരുന്ന അഷ്അശ് ഇസ്ലാംമതം സ്വീകരിച്ചു. തുടര്‍ന്ന് അനുയായികളും. ചുരുക്കിപ്പറഞ്ഞാല്‍ നബി(സ)യുടെ വഫാത്തിനെ തുടര്‍ന്ന് അറബ് ഉപദ്വീപില്‍ കൊടുങ്കാറ്റുപോലെ അടിച്ചുകയറിയ മതത്യാഗികളുടെയും വ്യാജപ്രവാചകന്മാരുടെയും കലാപകാരികളുടെയും മുന്നേറ്റങ്ങളെ ഒരുവര്‍ഷത്തില്‍ കുറഞ്ഞ കാലയളവിനുള്ളില്‍ അബൂബക്ര്‍(റ) അടിച്ചമര്‍ത്തുകയും അവരുടെ തെറ്റായ ആദര്‍ശങ്ങളേയും വിശ്വാസാചാരങ്ങളേയും തുടച്ച് നീക്കുകയും ചെയ്തു. അങ്ങിനെ ഒരിക്കല്‍കൂടി അറബ് ഉപദ്വീപിന്റെ സകല മുക്ക്മൂലകളില്‍ നിന്നും അല്ലാഹു അക്ബര്‍ എന്ന ധ്വനി അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കുവാന്‍ തുടങ്ങി.
ഖാസി സി.എം. അബ്ദുല്ല മൗലവി
Leave A Comment