അബൂബക്ര്‍(റ): ബൈഅത്തും ആദ്യകാല ജീവിതവും

നബി(സ) ഇഹലോകവാസം വെടിഞ്ഞ അന്ന് തന്നെ (ഹി.11 റബീഉല്‍ അവ്വല്‍ 12) അബൂബക്കര്‍(റ)നെ മുസ്ലിംകള്‍ തങ്ങളുടെ ഖലീഫ(ഭരണത്തലവന്‍)യായി  തെരഞ്ഞെടുത്തു. ഇങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ രാഷ്ട്രത്തില്‍ അഭ്യന്തര കുഴപ്പം പൊട്ടിപ്പുറപ്പെടുകയും രക്തപ്പുഴ ഒഴുകുവാന്‍ കപട വിശ്വാസികള്‍ക്ക് ഒരവസരം കിട്ടുകയും ചെയ്‌തേനെ. മുഴുവന്‍ സ്വഹാബികളില്‍ വെച്ച് ഖലീഫയാകുവാന്‍ ഏറ്റവും യോഗ്യനായ ആള്‍ അബൂബക്കര്‍ സിദ്ധീഖ്(റ) ആയിരുന്നു. അദ്ദേഹം ഖലീഫയാകണമെന്നത് നബി(സ)യുടെ അഭിലാശമായിരുന്നുവെന്നതിന്ന് വ്യക്തമായ സൂചനകളുണ്ട്. തന്റെ രോഗവേളയില്‍ നമസ്‌ക്കാരത്തിന്ന് നേതൃത്വം വഹിക്കുവാന്‍ നബി(സ) അദ്ദേഹത്തോട് കല്‍പ്പിച്ചതും ഒന്നിലധികം പ്രാവശ്യം നബി(സ) തങ്ങള്‍ അദ്ദേഹത്തെ തുടര്‍ന്ന് നമസ്‌ക്കരിച്ചതും അവയില്‍ ചിലതാണ്.

ഭരണാധികാരത്തെ സംബന്ധിച്ച് ഭിന്നിപ്പ്

നബി(സ)യുടെ നിര്യാണവാര്‍ത്ത കേട്ട ഉടനെ ഒരുകൂട്ടര്‍ മദീനാ പള്ളിയില്‍ ഒരുമിച്ചുകൂടി. മിക്കവാറും മുഹാജിറുകളായിരുന്നു അവിടെ സമ്മേളിച്ചത്. അതേ അവസരം അന്‍സാരികളുടെ ഒരു വന്‍ സമൂഹം (ബനൂസഅദ്കാരുടെ സമ്മേളന സ്ഥലത്തും) ഒരുമിച്ചു കൂടി. ഭരണാധികാരത്തിന്റെ കാര്യത്തില്‍ ചര്‍ച്ച ചെയ്യുവാനാണ് ഇങ്ങനെ ഒരുമിച്ച് കൂടിയത്. ഭരണാധികാരം അന്‍സാരികളുടെ ന്യായമായ അവകാശമാണെന്ന് അവരുടെ നേതാവായ സഅ്ദുബ്‌നു ഉബാദ(റ) ഈ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സ്ഥലത്തുണ്ടായിരുന്ന ചിലര്‍ ഇതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അവിടെ പ്രക്ഷുബ്ധമായ ഒരു അന്തരീക്ഷം സംജാതമായി. വാളുകള്‍ ഊരപ്പെടുമോ എന്ന് ഭയമായി. പള്ളിയിലായിരുന്ന അബൂബക്കര്‍(റ)വിന്ന് ഈ വിവരം കിട്ടി. ഉത്കണ്ഠാകുലനായ അദ്ദേഹം തല്‍ക്ഷണം ബഹുമാന്യരായ ഉമര്‍, അബൂ ഉബാദ:(റ)  എന്നിവരോടൊപ്പം അന്‍സാരികളുടെ സമ്മേളനസ്ഥലത്തെത്തി. അലി(റ)വിനെയും മറ്റും നബി(സ)യുടെ മയ്യത്ത് പരിപാലന ജോലിയില്‍ വിടുകയാണുണ്ടായത്.

അബൂബക്കര്‍(റ) അന്‍സാരികളുടെ സമ്മേളന സ്ഥലത്ത് എത്തിയ ഉടനെ ഇങ്ങിനെ പറഞ്ഞു: ''ഉടനടി ഒരു ഭരണാധിപതിയെ തെരഞ്ഞെടുക്കുകയാണ് നമുക്കാവശ്യം. അല്ലെങ്കില്‍ ദീനിന്റെ കാര്യങ്ങള്‍ മുടങ്ങിപ്പോകാന്‍ ഇടയുണ്ട്. അതിനാല്‍ വേണ്ടപോലെ ചിന്തിച്ച് ഉടനെ ഒരു നേതാവിനെ നമുക്ക് തെരഞ്ഞെടുക്കാം''. ഇത് കേട്ടപ്പോള്‍ സഅ്ദുബ്‌നു ഉബാദ(റ) ഇങ്ങനെ പ്രത്യുത്തരം നല്‍കി. ''ഈ കാര്യത്തില്‍ അന്‍സാരികള്‍ക്കുള്ള യോഗ്യത മറ്റാര്‍ക്കും ഇല്ല. നബിക്കും സ്വഹാബികള്‍ക്കും സംരക്ഷണം നല്‍കിയതും അവര്‍ക്ക് വേണ്ടി ധനവും ജീവനും കൊടുത്ത് ശത്രുക്കളോടുപോരാടിയതും അതുവഴി ദീനിന്റെ പുരോഗതിക്ക് കാരണമുണ്ടാക്കിയതും അന്‍സാരികളാണ്''.

ഇത് കേട്ടപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞത് അന്‍സാരികളുടെ മഹത്വങ്ങളും ഔദാര്യങ്ങളും ഞങ്ങള്‍ സമ്മതിക്കുന്നുവെന്നും എന്നാല്‍ നബി(സ)യുടെ സ്വന്തക്കാരായ ഖുറൈശികള്‍ക്ക് അറബികളില്‍ വെച്ച് ഏറ്റവും ഉന്നതമായ പദവിയുണ്ടെന്നും അതിനാല്‍ അവരില്‍ നിന്ന് ആരെങ്കിലും ഭരണ നേതൃത്വം ഏറ്റെടുക്കുവാന്‍ തയ്യാറുള്ള കാലത്തോളം മറ്റാര്‍ക്കും അത് നല്‍കാന്‍ അനുയോജ്യമല്ലെന്നുമാണ്. അബൂബക്കര്‍(റ)വിന്റെ ഈ അഭിപ്രായത്തിന്ന് ഒരു അന്‍സാരി നേതാവായ ബുശൈറുബ്‌നു നുഅ്മാന്‍(റ) പിന്തുണ പ്രഖ്യാപിക്കുകയും ഖുറൈശിയായ ഒരാളെ തന്നെ ഭരണത്തലവനാക്കണമെന്ന് ശക്തിയായി വാദിക്കുകയും ചെയ്തു. അതിന്ന് പിന്‍ബലമായി 'നേതാക്കന്മാര്‍ ഖുറൈശികളില്‍ നിന്നാണ്' എന്ന നബി വചനം അദ്ദേഹം ഉദ്ധരിക്കുകയും ചെയ്തു.

ഇതോടെ പ്രക്ഷുബ്ധമായ ആ അന്തരീക്ഷം ശാന്തമായി. ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തിക്കൊണ്ട് അബൂബക്കര്‍(റ) ഇങ്ങിനെ പറഞ്ഞു: ഖുറൈശി നേതാക്കന്മാരില്‍ പ്രധാനികളായ ഉമര്‍(റ), അബൂഉബൈദ(റ) എന്നിവര്‍ ഇതാ ഇവിടെ ഹാജറുണ്ട്. അവരില്‍ നിന്ന് ഒരാളെ നിങ്ങള്‍ക്ക് ഖലീഫയായി തെരഞ്ഞെടുക്കാമല്ലോ. പക്ഷേ അവര്‍ വിട്ടില്ല. നമ്മളില്‍വെച്ച് ഏറ്റവും വിശിഷ്ടനും യോഗ്യനും അബൂബക്കര്‍(റ) തന്നെയാണ് എന്ന് അവര്‍ ഇരുപേരും പറഞ്ഞു. മാത്രമല്ല, ഉമര്‍(റ) മുന്നോട്ട് വരികയും അബൂബക്കര്‍(റ)ന്റെ കൈപിടിച്ചു ബൈഅത്ത് (താങ്കളെ ഞാന്‍ ഖലീഫയായി അംഗീകരിക്കുന്നു) എന്ന് കരാര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അബൂഉബൈദ(റ), നുഅ്മാനുബ്‌നു ബഷീര്‍(റ) എന്നിവരും അവിടെയുണ്ടായിരുന്ന എല്ലാ മുഹാജിറുകളും അന്‍സാരികളും ബൈഅത്ത് ചെയ്തു. എന്നാല്‍ അന്‍സാരികളില്‍ നിന് സഅ്ദുബ്‌നു ഉബാദ ഇതില്‍ പങ്കുകൊണ്ടിരുന്നില്ല. മുഹാജിറുകളില്‍ നിന്ന് നബി(സ)യുടെ മയ്യത്ത് പരിപാലനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കും ആ സമയത്ത് ഇതില്‍ ചേരാന്‍ കഴിഞ്ഞിരുന്നില്ല. പിറ്റേദിവസം മയ്യത്ത് പരിപാലന ക്രിയകളെല്ലാം കഴിഞ്ഞ ശേഷം അബൂബക്കര്‍(റ) മിന്‍ബറില്‍ കയറിയിരിക്കുകയും ജനങ്ങളില്‍ നിന്ന് പൊതുവായി ബൈഅത്ത് സ്വീകരിക്കുകയും ചെയ്തു. ജനങ്ങള്‍ കൂട്ടം കൂട്ടമായി ബൈഅത്ത് ചെയ്യുകയുണ്ടായി.

അലി(റ), സുബൈര്‍(റ), ത്വല്‍ഹ(റ), എന്നിവര്‍ നാല്‍പ്പത് ദിവസത്തോളം അബൂബക്കര്‍(റ)നെ ബൈഅത്ത് ചെയ്തില്ല. എന്നാല്‍ ഇതിന് കാരണം തനിക്ക് അധികാരം കിട്ടണമെന്ന് അലി(റ) ആഗ്രഹിച്ചതായിരുന്നില്ല. മറിച്ച് സഖീഫത്തുബ്‌നു സഅ്ദില്‍വെച്ച് ഖലീഫയെ തെരഞ്ഞെടുക്കുമ്പോള്‍  തന്നോടുകൂടി ആലോചിച്ചില്ല എന്നതില്‍ അലി(റ)വിന്നുണ്ടായിരുന്ന ഖേദപ്രകടനവും പ്രതിഷേധവുമായിരുന്നു അത്. ഈ കാലത്ത് അബൂസുഫ്‌യാന്‍(റ) അലി(റ)ന്റെ അടുക്കല്‍ വരികയും അബൂബക്കര്‍(റ)വിന്നെതിരില്‍ അഭ്യന്തരയുദ്ധം അഴിച്ചുവിടാന്‍ ഒരു പരിശ്രമം നടത്തുകയുമുണ്ടായി. അലി(റ) അതിന്ന് വഴങ്ങിയില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ അതില്‍ നിന്ന് വിരട്ടുകകൂടി ചെയ്തു. അലി(റ)ന്ന് അധികാരമോഹം ഉണ്ടായിരുന്നില്ല എന്നതിന്ന് ഇത് എത്രയും വ്യക്തമായ തെളിവാണ്. വാസ്തവത്തില്‍ അബൂബക്കര്‍(റ) ബനൂസഅ്ദ് സമ്മേളന സ്ഥലത്തേക്ക് പോയത് താന്‍ ഖലീഫയായി തെരഞ്ഞെടുക്കപ്പെടണമെന്ന ആഗ്രഹത്തോടുകൂടിയായിരുന്നില്ല. അവിടെയുണ്ടായിരുന്ന കുഴപ്പം സമാശ്വസിപ്പിക്കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍ അവിടെ വെച്ച് സന്ദര്‍ഭവശാല്‍ അദ്ദേഹം ഭരണനേതാവായി തെരഞ്ഞെടുക്കപ്പെടുകയാണുണ്ടായത്. ആ അവസരത്തില്‍ ഇത് തള്ളിക്കളയുന്നത് മുസ്ലിംകള്‍ക്കിടയില്‍ അഭ്യന്തരകുഴപ്പത്തിനും രക്തച്ചൊരിച്ചിലിനും കാരണമായേക്കുമെന്ന് ന്യായമായും അദ്ദേഹം ഭയപ്പെട്ടു. വേണ്ടപ്പെട്ട എല്ലാവരോടും കൂടിയാലോചന നടത്തുവാന്‍ ഇത്തരം അവസരങ്ങളില്‍ സാധ്യമല്ലെന്നത് വ്യക്തമാണല്ലോ. ഈ സംഗതികള്‍ മനസ്സിലായപ്പോള്‍ അലി(റ) പള്ളിയില്‍ വരികയും പൊതുജനമദ്ധ്യത്തില്‍ വെച്ചുതന്നെ അബൂബക്കര്‍ സിദ്ധീഖ്(റ)വിന്റെ കൈപിടിച്ചു ബൈഅത്ത് ചെയ്യുകയും ചെയ്തു.

 

അബൂബക്കര്‍ സിദ്ധീഖ്(റ)ന്റെ ആദ്യകാല ജീവിതം
അബൂബക്കര്‍(റ)വിന്റെ ഭരണത്തെപറ്റിയും ഭരണകാലത്തുണ്ടായ വികസനങ്ങളെപറ്റിയും പറയുന്നതിന്ന് മുമ്പ് അദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെപറ്റി അല്‍പം പരാമര്‍ശിക്കുന്നത് സമുചിതമായിരിക്കും. അദ്ദേഹത്തിന്റെ ആദ്യപേര്‍ അബ്ദുല്ലാ എന്നായിരുന്നു. പിതാവിന്റെ പേര്‍ അബൂഖുഹാഫഃ എന്നും. അബൂബക്കര്‍ എന്നത് അദ്ദേഹത്തിന്റെ ഓമനപ്പേരാണ്. എല്ലാവിധ എതിര്‍പ്പുകളെയും തൃണവല്‍ഗണിച്ചുകൊണ്ട് പുരുഷന്മാരില്‍വെച്ച് ആദ്യം ഇസ്‌ലാംമതം സ്വീകരിച്ചത് അദ്ദേഹമാണ്. നബി(സ) മിഅ്‌റാജിന്റെ സംഭവം വിവരിച്ചുകൊടുത്തപ്പോള്‍ അല്‍പ്പംപോലും അലോചിച്ച് നില്‍ക്കാതെ അത് അംഗീകരിക്കുകയാണ് അബൂബക്കര്‍(റ) ചെയ്തത്. ഇക്കാരണങ്ങളാല്‍ നബി(സ) അദ്ദേഹത്തെ സിദ്ധീഖ് (സത്യവാന്‍) എന്ന് വിളിച്ചു. നബി(സ)യുടെ ഗോത്രമായ ഖുറൈശ് തന്നെയായിരുന്നു അദ്ദേഹത്തിന്റെയും ഖബീല.

നബി(സ)യുടെ മുര്‍റത്ത് എന്ന പിതാമഹനില്‍ അദ്ദേഹത്തിന്റെ പിതൃബന്ധം ചെന്ന്മുട്ടുന്നു. നബി ജനിച്ച് രണ്ട് വര്‍ഷവും അല്‍പം മാസങ്ങളും കഴിഞ്ഞ ശേഷമാണ് അബൂബക്കര്‍ സിദ്ധീഖ(റ) ഭൂജാതനായത്. നബി(സ)യെപ്പോലെ മക്കയില്‍ തന്നെയാണ് ജനിച്ചത്. അദ്ദേഹത്തന്റെ കുടുംബതൊഴില്‍ കച്ചവടമായിരുന്നു. അതിനാല്‍ അദ്ദേഹവും ഒരു വ്യാപാരിയായിത്തീര്‍ന്നു. ധാരാളം ധനവും സമ്പാദിച്ചു. സല്‍സ്വഭാവിയും സര്‍വ്വ സ്വീകാര്യനുമായിരുന്നു അദ്ദേഹം. മദ്യപാനികളുടെ മധ്യത്തില്‍ ജീവിച്ചിട്ടും ഒരു തുള്ളി മദ്യംപോലും അദ്ദേഹം കഴിച്ചില്ല. തന്റെ പിതാക്കന്മാരും പിതാമഹന്മാരും ബിംബാരാധകന്മാരായിരുന്നുവെങ്കിലും ചെറുപ്പം മുതല്‍ക്ക് തന്നെ അദ്ദേഹത്തിന് അതിനോട് കഠിന വെറുപ്പായിരുന്നു.

പുരുഷന്മാരില്‍വെച്ച് ആദ്യമായി ഇസ്‌ലാംമതം സ്വീകരിച്ചത് അദ്ദേഹമാണ്. തുടര്‍ന്ന് അദ്ദേഹം എപ്പോഴും നബി(സ)യോടൊപ്പം തന്നെ വര്‍ത്തിക്കുകയും എല്ലാവിധേനയും നബി(സ)യെ സഹായിച്ചുകൊണ്ടിരിക്കുകയും ചെയ്തു. നബി(സ) മദീനയിലേക്ക് പലായനം ചെയ്തപ്പോള്‍ എല്ലാം കൈവെടിഞ്ഞുകൊണ്ട് അബൂബക്കര്‍(റ) നബി(സ)യെ അനുഗമിച്ചു. അദ്ദേഹം ഒരു ധനികനായിരുന്നു. എന്നാല്‍ തന്റെ ധനമെല്ലാം ഇസ്‌ലാമിന്ന് വേണ്ടി ചെലവഴിച്ചു. തന്റെ സ്വന്തം കുടുംബത്തിന് പോലും യാതൊന്നും ബാക്കിവെക്കുകയൂണ്ടായിരുന്നില്ല. പണക്കാരനായതോടുകൂടി തന്റെ എത്രയും ലളിതമായ ഒരു ജീവിതമാണ് അദ്ദേഹം സ്വീകരിച്ചത്. ഭരണത്തലവനായതിന്റെ ശേഷവും ഇതേനിലതന്നെ അദ്ദേഹം തുടര്‍ന്നു. ഭരണാധികാരം ഏറ്റെടുത്തതിന്റെ അടുത്ത ദിവസം തന്റെ കുറച്ച് വസ്ത്രങ്ങളുമായി കച്ചവടത്തിന്ന് വേണ്ടി പട്ടണത്തിലേക്ക് നടക്കുകയായിരുന്നു. വഴിയില്‍ വെച്ച് ഉമര്‍(റ) അദ്ദേഹത്തെ തടയുകയും അങ്ങ് മുസ്‌ലിംകളുടെ ഖലീഫയായി കഴിഞ്ഞിരിക്കുന്നതിനാല്‍ ഈ ജോലി പറ്റുകയില്ലെന്ന് അദ്ദേഹത്തെ ഉണര്‍ത്തുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം ചോദിച്ചത് തന്റെ കുടുംബത്തിന്റെ ജീവിതത്തിന്ന് മറ്റെന്ത് മാര്‍ഗമാണ് സ്വീകരിക്കേണ്ടത് എന്നായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് സ്വഹാബികള്‍ അദ്ദേഹത്തിന് തുഛമായ ഒരു വേതനം നിശ്ചയിച്ചുകൊടുത്തു.

 

ഖലീഫയായ ശേഷം ആദ്യംചെയ്ത പ്രസംഗം
ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അബൂബക്ര്‍ (റ) ജനങ്ങളെ അഭിസംബോധന ചെയ്തു ഒരു ഉഗ്രന്‍ പ്രഭാഷണം നടത്തി. ഈ പ്രസംഗത്തില്‍ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത, സത്യസന്ധത, വിശ്വാസദാര്‍ഢ്യം എന്നിവ തെളിഞ്ഞ് കാണുന്നുണ്ട്. അദ്ദേഹം പ്രസ്താവിച്ചു:

''മുസ്‌ലിംകളെ, ഞാന്‍ നിങ്ങളുടെ നേതാവായിരിക്കുകയാണ്. ഞാനാണെങ്കില്‍ നിങ്ങളില്‍വെച്ച് ഉത്തമനൊന്നുമല്ല. ഞാന്‍ നല്ലത് പ്രവര്‍ത്തിക്കുമ്പോള്‍ എന്നെ പിന്തുണക്കല്‍ നിങ്ങളുടെ കര്‍ത്തവ്യമാണ്. ഞാന്‍ തെറ്റായ മാര്‍ഗം സ്വീകരിച്ചാല്‍ എന്നെ സന്മാര്‍ഗത്തിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുവരലും നിങ്ങളുടെ കടമയാണ്. നിങ്ങള്‍ ജിഹാദിനെ കൈവിട്ട് കളയരുത്. ജിഹാദിനെ കൈയ്യൊഴിക്കുന്ന ഏതൊരു ജനതയും പരാജിതരും നിന്ദ്യരുമായിത്തീരുകയാണ് ചെയ്യുന്നത്. ഞാന്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്ന കാലത്തോളം എന്നെ നിങ്ങള്‍ അനുസരിക്കുക. ഞാന്‍ അല്ലാഹുവിന്നും റസൂലിന്നും നേരെ ധിക്കാരം കാണിക്കുകയാണെങ്കില്‍ നിങ്ങള്‍ എന്നെ കൈവിട്ട് കളയേണ്ടതാണ്. കാരണം പിന്നീട് എന്നെ അനുസരിക്കേണ്ട ബാധ്യത നിങ്ങള്‍ക്കില്ല''.

ഈ പ്രസംഗത്തിന്റെ അവസാനത്തില്‍ മര്‍ദ്ദിതരെ സഹായിക്കുകയും മര്‍ദ്ദകരെ അടിച്ചമര്‍ത്തുകയും ചെയ്യേണ്ട സംഗതി ഊന്നിപ്പറയുകയുണ്ടായി. ആയിരക്കണക്കായ സ്വഹാബികള്‍ ഈ പ്രസംഗം പള്ളിയില്‍വെച്ച് ശ്രവിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter