അലി ബിന്‍ അബീ ഥാലിബ് (റ)

ഇസ്‌ലാമിന്റെ നാലാം ഖലീഫയും പ്രവാചക പുത്രി ഫാഥിമയുടെ പ്രിയ ഭര്‍ത്താവുമാണ് അലി (റ).  നുബുവ്വത്തിന്റെ പത്തു വര്‍ഷം മുമ്പ് ബനൂ ഹാശിം കുടുംബത്തില്‍ ജനിച്ചു. പിതാവ് പ്രവാചക പിതൃവ്യനായ അബൂ ഥാലിബ്. മാതാവ് ഫാഥിമ ബിന്‍തു അസദ്. അബുല്‍ ഹസന്‍ അബൂ തുറാബ് എന്നീ പേരുകളിലാണ് വിളിക്കപ്പെട്ടിരുന്നത്. ഹൈദര്‍, അസദുല്ല തുടങ്ങിയവയായിരുന്നു സ്ഥാനപ്പേരുകള്‍. പ്രവാചകരുടെ വീട്ടിലായിരുന്നു ചെറുപ്പകാല ജീവിതം. കുട്ടികളില്‍ നിന്നും ആദ്യമായി ഇസ്‌ലാംമതം വിശ്വസിച്ചു. പ്രവാചകരോട് അടുത്ത ബന്ധം നിലനിര്‍ത്തുകയും ഇസ്‌ലാമിന്റെ വളര്‍ച്ചയിലും വികാസത്തിലും വലിയ പങ്ക് വഹിക്കുകയും ചെയ്തു.

പ്രവാചകന്‍ മദീനയിലേക്കു ഹിജ്‌റ പോകാന്‍ ഉദ്ദേശിച്ച നേരം. ശത്രുക്കള്‍ വീട് വളഞ്ഞപ്പോള്‍ അലി(റ) നെ സ്വന്തം വിരിപ്പില്‍ കിടത്തിയായിരുന്നു പ്രവാചകന്‍ രക്ഷപ്പെട്ടിരുന്നത്. ഹിജ്‌റാ വേളയില്‍ പ്രവാചകരുടെ അടുത്തുണ്ടായിരുന്ന സൂക്ഷിപ്പുമുതലുകള്‍ അതിന്റെ അവകാശികളിലേക്കു തിരിച്ചുകൊടുക്കാന്‍ ഏല്‍പിക്കപ്പെട്ടതും അദ്ദേഹം തന്നെ. പ്രവാചകന്‍ പുറപ്പെട്ടു മൂന്നു ദിവസത്തിനു ശേഷമാണ് അലി (റ) മദീനയിലെത്തുന്നത്. പ്രവാചക പുത്രി ഫാഥിമയെ വിവാഹം കഴിച്ചു. പ്രവാചകരുടെ ഇഷ്ട പേരമക്കളായ ഹസനും ഹുസൈനും ഇതില്‍ പിറന്നവരാണ്.

തബൂക്ക് യുദ്ധമൊഴികെ ബാക്കി എല്ലാ യുദ്ധങ്ങളിലും പ്രവാചകരോടൊപ്പം പങ്കെടുത്തിട്ടുണ്ട്. ഖൈബര്‍ യുദ്ധ ദിവസം. അല്ലാഹുവിന്റെയും റസൂലിന്റെയും തൃപ്തി സമ്പാദിച്ച ഒരു വ്യക്തിയായിരിക്കും ഇന്ന് പതാക വഹിക്കുകയെന്ന് പ്രവാചകന്‍ പ്രസ്താവിച്ചു. സ്വഹാബികള്‍ ഓരോരുത്തരും അത് തങ്ങളായിരുന്നുവെങ്കിലെന്ന് അഭിലശിച്ചു. ഒടുവില്‍ പ്രവാചകന്‍ പതാക കൈമാറിയത് അലി (റ) വിന്റെ കരങ്ങളിലായിരുന്നു. അദ്ദേഹം ഖൈബറില്‍ മുസ്‌ലിം സൈന്യത്തിന് നേതൃത്വം നല്‍കി. ഇഹലോകത്തും പരലോകത്തും അലി എന്റെ കൂട്ടുകാരനാണെന്നു പ്രവാചകന്‍ അരുളിയിട്ടുണ്ട്.

ധീരനും ഭക്തനും പണ്ഡിതനും സാഹിത്യകാരനുമായിരുന്നു അലി (റ). പ്രവാചകരില്‍നിന്നും അനവധി ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയിശ (റ) യോട് മസ്അലകള്‍ ചോദിച്ചുവരുന്നവരോട് നിങ്ങള്‍  അലിയോട് ചോദിക്കുകയെന്നാണ് പലപ്പോഴും മഹതി പറഞ്ഞിരുന്നത്. ഞാന്‍ അറിവിന്റെ പട്ടണവും അലി അതിന്റെ കവാടവുമാണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്.

ഉസ്മാന്‍(റ) വിനു ശേഷം ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടു. നീതിമാനും കാര്യബോധവുമുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം. ഖലീഫയായി സ്ഥാനമേറ്റെടുത്തതോടെ കേന്ദ്രം മദീനയില്‍നിന്നും ഇറാഖിലേക്കു  മാറ്റി. പ്രജകളുടെ കാര്യങ്ങളില്‍ അതീവ ശ്രദ്ധപുലര്‍ത്തിയിരുന്ന അദ്ദേഹം അങ്ങാടികളില്‍ ഇറങ്ങി നടക്കുകയും ജനങ്ങളെ ദൈവഭക്തിയിലും അളവിലും തൂക്കത്തിലും സൂക്ഷ്മത പുലര്‍ത്തുന്നതിലും ഉപദേശിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അവക്ക് അനുയോജ്യമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചു നല്‍കുകയും ചെയ്തു.
എങ്കിലും, ഇക്കാലം ഭരണ മേഖല പലവിധ അഭ്യന്തര പ്രശ്‌നങ്ങള്‍ക്കും രംഗവേദിയായി. ഒരു വിഭാഗം ഉസ്മാന്‍ (റ) വിന്റെ ഘാതകരെ പിടികൂടിയിട്ടുമതി ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടത് എന്നു വാദിച്ചു. എന്നാല്‍, അന്തരീക്ഷം ശാന്തമായിട്ടുമതി ഘാതകരെ പിടികൂടല്‍ എന്നായിരുന്നു അലി (റ) വിന്റെ നിലപാട്. ഈ അഭിപ്രായ വ്യത്യാസം മൂര്‍ച്ഛിക്കുകയും ജനങ്ങള്‍ രണ്ടു വിഭാഗങ്ങളായി പിരിയാന്‍ നിമിത്തമാവുകയും ചെയ്തു. ജമല്‍-സ്വിഫീന്‍ യുദ്ധങ്ങള്‍ അരങ്ങേറി. ജമല്‍ യുദ്ധത്തില്‍ അലി (റ) വിജയിച്ചു. സ്വിഫീന്‍ മദ്ധ്യസ്ഥം പറഞ്ഞ് കെട്ടടങ്ങി. എന്നാല്‍, മദ്ധ്യസ്ഥം ശരിയല്ലെന്നും അത് ഖുര്‍ആനിനെതിരാണെന്നും പറഞ്ഞ് ഒരു വിഭാഗം രഗത്തു വന്നു. അവരാണ് ഖവാരിജുകള്‍.  അലി(റ) വിന് എതിരാളികളായിരുന്ന ഖവാരിജുകള്‍ എന്നും ഭരണത്തിനെതിരെ ഭീഷണിയുയര്‍ത്തി. വീണ്ടും ഏറ്റുമുട്ടലുകള്‍ നടന്നു. അവരില്‍ പലരും വധിക്കപ്പെട്ടു.

ഒടുവില്‍, ഈ എതിര്‍പ്പ് അലി (റ) വിന്റെ വധത്തില്‍ കലാശിക്കുകയായിരുന്നു. ഒരു ദിവസം സുബഹി നിസ്‌കാരത്തിനായി പോകുമ്പോള്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ മുല്‍ജിം എന്ന ഖവാരിജ് അദ്ദേഹത്തെ വെട്ടി പരിക്കേല്‍പ്പിച്ചു. മൂന്നു ദിവസത്തിനു ശേഷം അദ്ദേഹം ലോകത്തോടു വിടപറഞ്ഞു. ഹിജ്‌റ വര്‍ഷം നാല്‍പതിലായിരുന്നു ഇത്. അന്ന് അദ്ദേഹത്തിന് 65 വയസ്സുണ്ടായിരുന്നു. കൂഫയിലാണ് ഖബര്‍. നാവു വര്‍ഷവും എട്ടു മാസവും ഖലീഫയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter