നാലാം ഖലീഫ: ഹസ്റത്ത് അലി

ഹസ്റത്ത് ഉസ്മാന്റെ വഫാത്തിന് ശേഷം ആളുകള്‍ ത്വല്‍‍‍ഹ, സുബൈര്‍, അലി എന്നീ സ്വഹാബികളോട് ഖിലാഫത്ത് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. ആരും അതിന് സമ്മതിച്ചില്ല. അവസാനം മദീനയില്‍ പോയി ഹസ്റത്ത അലിയോട് ഏറ്റെടുക്കാന്‍ ആളുകള്‍ ആവശ്യപ്പെട്ടു. രഹസ്യമായി താന്‍ ഈ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും പരസ്യമായി ആളുകളുടെ സാന്നിധ്യത്തില്‍ മാത്രമേ അതിന് ആകൂമെന്നും അദ്ദേഹം അറിയിച്ചു. അതനുസരിച്ച് മസ്ജിദ്ദുന്നബവിയില്‍ വിശ്വാസികളെ ഒരുമിച്ചു കൂട്ടുകയും പരസ്യമായി വിവരം പ്രഖ്യാപിക്കുകയും ചെയ്തു. കുറച്ച് സ്വഹാബികളെ മാറ്റിനിറുത്തിയാല്‍ ബാക്കിയെല്ലാവരും ഹസ്റത്ത് അലിയെ ഖലീഫയായി ബൈഅത്ത ചെയ്തു.

ഖിലാഫത്തിന്റെ ആദ്യകാലം പ്രശ്നസങ്കീര്‍ണമായിരുന്നു. ഹസ്റത്ത് ഉസ്മാന്‍റെ ഘാതകരെ ശിക്ഷിക്കുകയായിരുന്നു  അദ്ദേഹത്തിന്റെ പ്രഥമജോലി. ആയിരക്കണക്കിന് ഘാതകരുണ്ടായിരുന്നിട്ടും അവരുടെ പേര് അറിയാതിരുന്നത് കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കി. പലരും മദീനയില്‍ തന്നെയുണ്ടായിരുന്നു. ചിലര്‍ ഹസ്റത്ത് അലിയുടെ പട്ടാളത്തില്‍ നുഴഞ്ഞു കയറിക്കൂടുക വരെ ചെയ്തു.

പ്രശ്നത്തിന്റെ സങ്കീര്‍ണത തിരിച്ചറിയാതിരുന്ന ചില സ്വഹാബിമാര്‍ അലിക്കതിരെ രംഗത്തു വന്നു. അവര്‍ ഹസ്റത്ത് ഉസ്മാന്റെ ഘാതകരെ എത്രയും പെട്ടെന്ന് പിടികൂടി ശിക്ഷിക്കണമെന്ന് ഹസ്റത്ത് അലയോട് ആവശ്യപ്പെട്ടു. നബിയുടെ പ്രിയപത്നി ആഇശ, ത്വല്‍ഹ തുടങ്ങിയ പ്രമുഖ സ്വഹാബികള്‍ വരെയുണ്ടായിരുന്നു ഇക്കൂട്ടത്തില്‍. അവര്‍ ഹസ്റത്ത് ആയിശയുടെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ സംഘടിപ്പിച്ച് ബസ്വറയിലെത്തി. അപ്പോഴേക്കും അലിയും അവടെ എത്തിയിരുന്നു. ഇരുപക്ഷവും പരസ്പരം ചര്‍ച്ച ചെയ്തു. ആഇശ തങ്ങളുടെ ആവശ്യം ഹസ്റത്ത് അലിയെയും അലി തന്റെ വിശമാവസ്ഥ ഹസ്റത്ത് ആഇശയെയും അറിയിച്ചു. കാര്യങ്ങള്‍ മനസ്സിലാക്കി ഇരുകൂട്ടരും പിന്തിരിഞ്ഞുപോകാന്‍ തീരുമാനിച്ചു. കൂട്ടത്തിലെ കുഴപ്പക്കാര്‍ ഈ രജ്ഞിപ്പിനെ ഭയന്നു. അവര്‍ ഇരുവിഭാഗത്തിലുമുള്ള സൈന്യങ്ങള്‍ക്കെതിരെ അവര്‍ ആക്രമണം നടത്തി. മറുവിഭാഗമാണ് ആക്രമിച്ചതെന്ന് തെറ്റുധരിച്ച് സൈന്യങ്ങള്‍ പരസ്പരം യുദ്ധം തുടങ്ങി. യുദ്ധത്തില്‍ ഹസ്റത്ത് അലി വിജയിച്ചു. സംഭവത്തിന്റെ യഥാസ്ഥിതി ആഇശയെ ധരിപ്പിച്ച ശേഷം ഹസ്റത്ത് അലി അവരെ മദീനയിലേക്ക് യാത്രയയച്ചു.

ഈ യുദ്ധം ചരിത്രത്തില്‍ അറിയപ്പെടുന്നത് ജമല്‍ യുദ്ധം എന്ന പേരിലാണ്. ജമല്‍ യുദ്ധത്തിന് ശേഷം ഹസ്റത്ത് അലി മദീനയിലേക്ക് പോയില്ല. കൂഫയെ ഖിലാഫത്തിന്റെ കേന്ദ്രമാക്കി അദ്ദേഹം കൂഫയിലേക്ക് പോകുകയാണ് ചെയ്തത്.

ഹസ്റത്ത് ആഇശയും ഹസ്റത്ത് അലിയും തമ്മിലുള്ള പ്രശ്നം തീര്‍ന്നുവെങ്കിലും മുആവിയയുമായുള്ള പ്രശ്നത്തിന് അവസാനമായിരുന്നില്ല. ഹസ്റത്ത് അലി അദ്ദേഹത്തെ ഗവര്‍ണര്‍ സഥാനത്ത് നിന്ന് സ്ഥാനഭ്രഷ്ടനാക്കി. സിറിയയിലെ ഗവര്‍ണര്‍ പദവിയില്‍ നിന്നൊഴിയാന്‍ മുആവിയ കുട്ടാക്കിയില്ല. ഹസ്റത്ത് ഉസ്മാന്റെ ഘാതകരെ പിടികൂടാത്ത കാലത്തോളം ഹസ്റത്ത് അലിയുടെ ഖിലാഫത്ത് അനുസരിക്കില്ലെന്നായിരുന്നു മുആവിയയുടെ വാദം.

അതേ തുടര്‍ന്നാണ് മുസ്‌ലിം ചരിത്രത്തില്‍ സിഫ്ഫീന്‍ യുദ്ധം നടക്കുന്നത്. ഒരു ഭാഗത്ത് ഹസ്റത്ത് അലിയും മറുഭാഗത്ത് മുആവിയയും അണി നിരന്നു. യുദ്ധം തുടങ്ങി. ഹസ്റത്ത് അലി ജയിക്കുമെന്നായി. ആ സാഹചര്യത്തില്‍‌ മുആവിയ ഒരു കുന്തത്തില് ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ചു, ഖുര്‍ആന്റെ മധ്യസ്ഥം സ്വീകരിക്കാമെന്നു പറഞ്ഞു. അലിയുടെ ഭാഗത്ത് നിന്നു അബൂമൂസല് അശ്അരിയും മുആവിയയുടെ ഭാഗത്ത് നിന്ന് അംറുബ്നുല്‍ ആസ്വും മധ്യസ്ഥരായി തെരഞ്ഞെടുക്കപ്പെട്ടു. അവരുട തീരുമാനം എന്തു തന്നെയായാലും അലിയും മുആവിയയും അംഗീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. അങ്ങനെ ദൌമത്തുല്‍ ജന്ദലില്‍ വെച്ച് മുസ്‌ലിംകളുടെ ഒരു സംഗമം വിളിച്ചു ചേര്‍‌ത്തു. അബൂമുസല്‍‌ അശ്അരിക്ക് നല്‍കിയ വാക്കു അംറുബ്നുല്‍ ആസ്വ് പാലിക്കാതിരുന്നതിനാല്‍ ആ സംഗമം കാര്യമായി പ്രതിഫലനമുളവാക്കിയില്ല. മുസ്‌ലിംകള്‍ നിരാശരായി തിരിച്ചുപോയി. എന്നാലും പരസ്പരം പ്രശ്നങ്ങളുണ്ടാകാതിരിക്കാനായി മുആവിയയും അലയും തമ്മില്‍ ഒരു സന്ധിയിലേര്‍പ്പെട്ടു.

ഖവാരിജുകള്‍

ഇക്കാലത്താണ് മുസ്‌ലിംകള്‍ക്കിടയില്‍‌ ഖവാരിജുകള്‍ എന്ന് പില്‍ക്കാല ചരിത്രം വിളിച്ച പുതിയൊരു വിഭാഗം രൂപപ്പെട്ടത്. മതകാര്യങ്ങളില്‍ മനുഷ്യനെ വിധികര്‍ത്താവാക്കിക്കൂടാ എന്നും അങ്ങനെ ചെയ്യുന്നത് കുഫ്റാണെന്നുമായിരുന്നു ഇവരുടെ വാദം. ഹസ്റത്ത് അലി അബൂമൂസല്‍ അശ്അരിയെ വിധികര്ത്താവാക്കിയതിനെ ഇവര്‍ എതിര്‍ത്തു. അല്ലാഹുവിന് മാത്രമേ ഹുക്മിന് അവകാശമുള്ളൂവെന്ന വാദത്തില്‌ ഉറച്ച് നിന്ന ഇവര്‍ ഖവാരിജുകള്‍ എന്ന കക്ഷിയായി മുസ്‌ലിം മുഖ്യധാരയില് നിന്ന് വേര്‍പെടുകയായിരുന്നു. മതത്തില്‍ തീവ്രവാദക്കാരായിരുന്ന ഇവര് ഭീകരവാദം പ്രവര്‍ത്തന മാര്‍ഗമായി സ്വീകരിച്ചു. തീര്‍ത്തും ഭയാനകമായ ഒരു പദ്ധതി ഇവര്‍ അതിനിടെ ആസൂത്രണം ചെയ്തു. മുസ്ലികംള്‌‍ക്കിടയിലെ യുദ്ധത്തിനുത്തരവാദികള്‍‌ ഹസ്റത്ത് അലി, ഹസ്റത്ത് മഉആവിയ, അംരുബ്നലു് ആസ്വ് എന്നിവരാണെന്നും അതു കൊണ്ട് അവരെ വധിക്കണമെന്നും ഇവര്‍ വിധി പുറപ്പെടുവിച്ചു. അവരെ കൊല്ലാനായി മൂന്ന് പേര്‍ പുറപ്പെട്ടു. അംറുബ്നുല് ആസ്വും മുആവിയയും അവരില്‍ നിന്ന് രക്ഷപ്പെട്ടു. അതെ സമയം അലിക്ക് രക്ഷപ്പെടാനായില്ല. സുബ്ഹ് നിസ്കരിക്കാന്‍ പോകുകയായിരുന്ന അലിയെ ഇബ്നുമുല്‍ജിം എന്ന ഘാതകന്‍ കൊലപ്പെടുത്തി..

നാലരക്കൊല്ലമായിരുന്നു ഹസ്റത്ത് അലിയുടെ ഭരണം. സിറിയയും ഈജിപ്തും ഒഴികെയുള്ള മുഴുവന്‍ പ്രദേശങ്ങളും അദ്ദേഹത്തിന് കീഴില്‍ ആയിരുന്നു. ആഭ്യന്തരപ്രശ്നങ്ങളുടെ കാലമായിരുന്നതിനാല്‍ പുതിയ ഭരണപ്രദേശങ്ങള്‍ വെട്ടിപ്പിടിക്കാന്‍ അദ്ദേഹത്തിനായില്ല.

ഹസ്റത്ത് അലിയുടെ ഭരണസംവിധാനം വലിയൊരളവോളം ഹസ്റത്ത് ഉമറിന്‍റേത് പോലെ തന്നെയായിരുന്നു. ലളിതമായിരുന്നു ജീവിതം. തീരുമാനങ്ങള്‍‌ കൈക്കൊള്ളുമ്പോള്‍ ബന്ധുക്കളോടോ ഉന്നത വ്യക്തികളോടോ ഒരു അനുഭാവവും അദ്ദേഹം കാണിച്ചില്ല. രാജ്യത്തെ സാധാരണപ്രജയെ പോലെയാണ് സ്വന്തത്തെയും അദ്ദേഹം പരിഗണിച്ചിരുന്നത്. മോഷ്ടിക്കപ്പെട്ട തന്റെ അങ്കി ഒരു ജൂതന്റെ പക്കല്‍ കണ്ടപ്പോള്‍ കോടതിയില്‍ പരാതികൊടുത്തു ഹസ്റത്ത് അലി. കോടതി തെളിവ് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ തെളിവുകള്‍ ഒന്നുമുണ്ടായിരുന്നല്ല. തെളിവു ഹാജറാക്കാനാകാത്തതിനാല്‍ കോടതി അങ്കി ജൂതന്റേതാണെന്ന് വിധിച്ചു. ഖലീഫയെന്ന പദവിയുപയോഗിച്ച് വേണമെങ്കില്‍ അപ്പോള്‍ തന്നെ അദ്ദേഹത്തിനത് തിരിച്ചുവാങ്ങാന്‍‌ കഴിയുമായിരുന്നു. ഈ സംഭവം കണ്ട് അത്ഭുതപ്പെട്ടു പോയ ജൂതന്‍ ഉടന്‍‍‍ ഇസ്ലാമാശ്ലേഷിച്ചുവെന്ന ചരിത്രം.

ഹസ്റത്ത് അലിയും തനിക്ക് പിന്‍ഗാമിയെ തീരുമാനിച്ചിരുന്നില്ല. നബി സമുദായത്തെ വിട്ടുപോയ രൂപത്തില് മുസ്‌ലിം സമൂഹത്തെ വിട്ടുപോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു അതെ കുറിച്ച് ചോദിച്ചപ്പോള്‍‌ അദ്ദേഹം നല്‍കിയ മറുപടി.

വ്യക്തി വിവരങ്ങള്‍

ഹിജ്റക്ക് ഏതാണ്ട് 23 വര്‍ഷം മുമ്പ് ജനനം. നബിയുടെ പ്രിയ ശിഷ്യരിലൊരാള്‍. സ്വര്‍ഗപ്രവേശം കൊണ്ട് നേരത്തെ സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടിട്ടുണ്ട്. പിതാവ് അബൂത്വാലിബ് മക്കയുടെ പരിപാലകരില്‍ ഒരാളായിരുന്നു. മക്കയിലെ കടുത്ത ക്ഷാമക്കാലത്ത് അലിയുടെ ചുമതല നബി സ്വയം ഏറ്റെടുത്തു. ചെറുപ്പം മുതലേ അത് കൊണ്ട് തന്നെ അലി നബിയോടൊപ്പമായിരുന്നു.

പത്ത് വയസ്സുള്ളപ്പോള്‍ അലി മുസ്‌ലിമായി. നബിയില്‍ വിശ്വസിച്ച രണ്ടാമത്തെ ആളാണ് ഹസ്റത്ത് അലി. വിശ്വസിച്ച കുട്ടികളില്‍ ഒന്നാമനും. നബിയുടെ കൂടെ ബദര്‍ഉഹുദ്, ഖന്ദഖ്, ഖൈബര്‍ഫത്ഹു മക്കഹുനൈന്‍ തുടങ്ങിയ യുദ്ധങ്ങളിലെല്ലാം പങ്കെടുത്തു. നബിയുടെ കാലത്ത് യൂദ്ധങ്ങളില്‍ ഏറ്റവും ധീരമായി പോരാടി. അദ്ദേഹത്തിന്റെ ധീരത കണക്കിലെടുത്ത് ഹൈദര്‍ എന്ന അപരനാമം വരെ നബി നല്‍കയിരുന്നു. ദുല്‍ഫുഖാര്‍ എന്നൊരു വാളും അദ്ദേഹത്തിന് നബി സമ്മാനിച്ചിട്ടുണ്ട്.

ആദ്യഖലീഫമാര്‍ സുപ്രധാനമായ എല്ലാ പ്രശ്നങ്ങളിലും ഹസ്റത്ത് അലിയുടെ അഭിപ്രായമാരായാറുണ്ടായിരുന്നു. മുര്‍തദാ എന്നായിരുന്നു അലി വിളിക്കപ്പെട്ടിരുന്നത്. ഹിജ്റ പോയപ്പോള്‍ നബി മദീനയില്‍ തന്റെ പ്രതിനിധിയായി നിശ്ചയിച്ചത് ഹസ്റത്ത് അലിയെയായിരുന്നു. നബിയില്‍ നിന്ന് ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നബിയുടെ പ്രിയപുത്രി ഫാതിമയെയാണ് അലി വിവാഹം കഴിച്ചത്. ഹസ്റത്ത് ഉസ്മാന്‍ വധിക്കപ്പെട്ടതിന്റെ അഞ്ചാം ദിവസം അലി ബൈഅത്ത് ഏറ്റെടുത്തു നാലാം ഖലീഫയായി. ഹി. 30 ലായിരുന്നു ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടത്. നാലരക്കൊല്ലം ഭരിച്ചു. ഹി. 40 ലായിരുന്നു ഹസ്റത്ത് അലിയുടെ വഫാത്ത്. ഖവാരിജുകളില്‍ പെട്ട ഇബ്നുമുല്‍ജിം അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.

അഞ്ചാം ഖലീഫ :ഹസ്റത്ത് ഹസന്‍ 

ഹസ്റത്ത് അലി വഫാത്തായി. കൂഫയിലെ ജനങ്ങള്‍ അദ്ദേഹത്തിന്റെ മകന്‍ ഹസനെ ഖലീഫയായി തെരഞ്ഞെടുത്തു. അപ്പോഴേക്കും ഇറാഖില്‍ നിന്ന് മുആവിയ ഖലീഫയാണെന്നു പറഞ്ഞ് ഹസനെതിരെ യുദ്ധം ചെയ്യാന്‍ ഒരുങ്ങിവരുന്നുണ്ടായിരുന്നു. ഹസന്‍ തത്കലാം തന്റെ ഖിലാഫത്തും മുആവിയയെ ഏല്‍പിച്ചു. മുസ്‌ലിം സമുദായത്തെ ഒരു രക്തച്ചൊരിച്ചിലില്‍ നിന്ന് ഒഴിവാക്കി ഈ സംഭവം. അദ്ദേഹം ഖിലാഫത്ത് ഒഴിഞ്ഞു കൊടുത്ത വര്‍ഷം ആമുല്‍ ജമാഅ എന്ന പേരിലാണ് ചരിത്രത്തിലറിയപ്പെടുന്നത്.

ഹസന്‍ കൂഫയില് നിന്ന് മദീനയിലേക്ക് താമസം മാറ്റി. ഒമ്പത് വര്‍ഷത്തിനു ശേഷം ഹിജ്റ 50-ല്‍ അവിടെ തന്നെ അദ്ദേഹം വഫാത്തായി. ആറ്മാസക്കാലമായിരുന്നു ഹസന്‍ ഖലീഫയായത്.

ഖുലഫാഉര്‍ റാഷിദയുടെ ഭരണകാലം

അബൂബക്കര്‍ സിദ്ദീഖ്             ഹി.11- 13 (ക്രി.632- 634)

ഉമറുബ്നുല്‍ ഖത്വാബ്               ഹി.13- 24 (ക്രി.634- 645)

ഉസ്മാനു ബ്നു അഫ്ഫാന്‍         ഹി.24- 35 (ക്രി.645- 655)

അലിയ്യു ബ്നു അബീത്വാലിബ്     ഹി.35- 40 (ക്രി.655- 660)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter