ഇമാം നവവിയും കര്‍മശാസ്ത്ര തീര്‍പ്പുകളും

ഇമാം ശാഫിഈ(റ) മുതല്‍ ഹിജ്‌റ ഏഴാം നൂറ്റാണ്ട് വരെയുള്ള നീണ്ട നാലു നൂറ്റാണ്ടുകളിലേറെ കാലത്ത് ശാഫിഈ കര്‍മധാരയിലുണ്ടായ കര്‍മശാസ്ത്ര വികാസങ്ങളെ വിലയിരുത്തുകയും യോഗ്യമായതിനെ (സ്വഹീഹിനെ) പ്രബലപ്പെടുത്തുകയും ചെയ്യേണ്ട ഏറ്റവും ശ്രമകരമായ ദൗത്യമാണ് ഇമാം യഹ്‌യബ്‌നു ശറഫ് മുഹ്‌യിദ്ദീന്‍ അബൂസൂരിയ്യാ അന്നവവി(ഹി. 631-676 / ക്രി. 1233-1277) എന്ന മഹാപണ്ഡിതനു അല്ലാഹു അനുഗ്രഹിച്ചു നല്‍കിയത്. ഇമാം നവവി (റ)വിന് മുമ്പുണ്ടായ എല്ലാ കര്‍മശാസ്ത്രപണ്ഡിതരുടെയും അഭിപ്രായങ്ങളേക്കാളും രചനകളേക്കാളും നവവി(റ)യുടെ തര്‍ജീഹുകള്‍ക്കും കര്‍മ ശാസ്ത്രഗ്രന്ഥങ്ങള്‍ക്കും മുന്‍ഗണന ലഭിക്കുമാറ് ശാഫിഈ കര്‍മധാരയുടെ വളര്‍ച്ചാഗതിയെ തന്നെ മാറ്റിയെഴുതുകയായിരുന്നു ആ വലിയ പണ്ഡിതന്‍. ഇന്ന് ഏതു കര്‍മശാസ്ത്ര തീര്‍പ്പുകളുടെയും ആദ്യവും അവസാനവും ഇമാം നവവി(റ)യാണ്.

ഹിജ്‌റ ഏഴാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ് ഇമാം നവവി(റ) കടന്നുവരുന്നത്. ഡമസ്‌കസിലെ ഹൗറാനിയിലെ കൊച്ചു പ്രദേശമായ നവ എന്ന സ്ഥലത്താണു ഇമാം ജനിക്കുന്നത്. തികച്ചും അപ്രശസ്തമായ ഒരു നാട് പില്‍ക്കാലത്ത് ഏറ്റവും പ്രശസ്തമായത് ഇമാം നവവി(റ)യിലൂടെയാണ്. പ്രവാചകനായ അയ്യൂബ് നബി(അ)ന്റെ വീടും നൂഹ്(അ)ന്റെ മകനായ സാമിന്റെ ഖബറും നവയിലായിരുന്നുവെന്ന് അഭിപ്രായമുണ്ട്. ഈ നവയിലേക്ക് ചേര്‍ത്തി നവാവി എന്നും നവവി എന്നും പറയാറുണ്ടെങ്കിലും ഇമാം തന്നെ സ്വന്തം രേഖകളില്‍ നവവി എന്നാണ് ഉപയോഗിച്ചിട്ടുള്ളത്.

സുല്‍ത്താന്‍ നൂറുദ്ദീന്‍ സന്‍കിയും സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി(ഹി. 532 - 589, ക്രി. 1138 - 1193) യുമൊക്കെ കുരിശ് സൈന്യത്തെയും താര്‍ത്താരികളെയും നിഷ്പ്രഭമാക്കിയതിനാല്‍ തന്നെ ഇമാം നവവി(റ)യുടെ കാലം വളരെ ശാന്തമായിരുന്നു. അയ്യൂബി ഭരണ വംശത്തിന്റെയും അടിമവംശജരായ അല്‍ ളാഹിര്‍ ബൈബറൂസിന്റെയും ഭരണകാലമായിരുന്നു ഇമാം നവവി(റ)യുടേത്. ഒരു പണ്ഡിതനു വേണ്ട എല്ലാവിധ അനുകൂല സാഹചര്യങ്ങളും അക്കാലത്തുണ്ടായിരുന്നു.

ശേഷകാലത്തുണ്ടായ പ്രതിഭാധനത്വത്തിന്റെയും ആത്മീയ വിശുദ്ധിയുടെയും പ്രകാശനം ഇമാം നവവി(റ)യുടെ ബാല്യകാലത്ത് തന്നെ കാണാനാവും. കച്ചവടക്കാരനായ പിതാവ് വല്ല ആവശ്യങ്ങള്‍ക്കും വേണ്ടി കച്ചവടം മകനെ ഏല്‍പിച്ചുപോകുമ്പോളും അതില്‍ ശ്രദ്ധിക്കാതെ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകുകയായിരുന്നു പതിവ്. തന്റെ സമപ്രായക്കാരായ കുട്ടികളോടൊപ്പം കളിയില്‍ ഏര്‍പ്പെടാതെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് ശേഷം തന്റെ ഗുരുവായി തീര്‍ന്ന ശൈഖ് മറാക്കിശി (റ) ഒരിക്കല്‍ കാണാനിടയായി. കളിയില്‍നിന്ന് മാറി ഖുര്‍ആന്‍ ഓതുന്ന ഈ കുട്ടിയെ കണ്ടപ്പോള്‍ ശൈഖ് മറാക്കിശ്ക്ക്(റ) വലിയ അത്ഭുതം തോന്നി. കുട്ടിയെ കുറിച്ച് വിശദമായി അന്വേഷിക്കുകയും കുട്ടിയെ ഖുര്‍ആന്‍ പഠിപ്പിച്ചിരുന്ന ഉസ്താദിന്റെ അടുക്കല്‍ ചെന്ന് സംഭവം ബോധിപ്പിക്കുകയും ചെയ്തു. മറാക്കിശി(റ) അദ്ദേഹത്തോട് പറഞ്ഞു: ഈ കുട്ടി തന്റെ സമകാലികരില്‍ ഏറ്റവും വലിയ പണ്ഡിതനും ഏറ്റവും ഉയര്‍ന്ന ഭയഭക്തിയുള്ളവനും ആയിത്തീരും. ഈ കുട്ടി വഴി ലോകത്തിനു മുഴുവന്‍ ഉപകാരം ലഭിക്കും. ഇതുകേട്ട ഉസ്താദ് ശൈഖ് മാറാക്കിശി(റ)യോട് ചോദിച്ചു. അല്ല, നിങ്ങള്‍ എങ്ങനെ ഇപ്രകാരം പറയും? നിങ്ങള്‍ വല്ല ജ്യോത്സനോ മറ്റോ ആണോ? ശൈഖ്(റ) പറഞ്ഞു: ഒരിക്കലുമല്ല. എന്നെ അല്ലാഹു അപ്രകാരം പറയിപ്പിക്കുകയായിരുന്നു.59

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം, ഉപരിപഠനത്തിനായി ഇമാം തെരഞ്ഞെടുത്തത് ഡമസ്‌കസായിരുന്നു. നിരവധി പണ്ഡിതന്മാരും പ്രശസ്തരും താമസിച്ചിരുന്ന നാടായിരുന്നു അക്കാലത്ത് ഡമസ്‌കസ്. ഡമസ്‌കസില്‍ വന്നതു മുതല്‍ വഫാത്താകും വരെ അവിടെ തന്നെയാണ് ഇമാം നവവി(റ) കഴിച്ചുകൂട്ടിയത്. പിതാവിനോടൊപ്പം ഡമസ്‌കസിലെത്തിയ ഇമാം നവവി(റ) ആദ്യമായി ജാമിഉല്‍ കബീറിലെ (അമവി മസ്ജിദ്) ഇമാം താജുദ്ദീന്‍ അല്‍ ഫര്‍ക്കാഹ്(റ) എന്ന വലിയ പണ്ഡിതനെയാണ് സമീപിച്ചത്. പിന്നീട് ഇസ്ഹാഖുല്‍ മഗ്‌രിബി(റ)യുടെ അടുക്കല്‍ നിന്ന് ജ്ഞാനം സ്വീകരിക്കുകയും അദ്ദേഹത്തിന്റെ റവാഹിയ്യാ കലാലയത്തിനോട് ചേര്‍ന്നുള്ള ഒരു ചെറിയ വീട്ടില്‍ താമസിക്കുകയും ചെയ്തു. വലിയ സൗകര്യങ്ങള്‍ സാധ്യമായിട്ടും മരണം വരെ ആ കൊച്ചുവീട്ടിലാണ് ഇമാം ജീവിച്ചത്.

റവാഹിയ്യ കലാലയത്തിലെ പഠനമാണ് ഇമാമിന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവായത്. അവിടുത്തെ സാഹസിക പഠനമാണ് നവവി(റ)വിനെ ഉയരങ്ങളിലെത്തിച്ചത്. സതീര്‍ത്ഥ്യരെ മുഴുവന്‍ വെല്ലുന്ന ഇമാമിന്റെ പഠനശ്രമങ്ങള്‍ ഗുരുവര്യരെ പോലും അതിശയിപ്പിച്ചിരുന്നു.

സാമ്പത്തികമായ അഭിവൃദ്ധിയുണ്ടായിരുന്നെങ്കിലും വളരെ കുറച്ച് മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. റവാഹിയ്യയില്‍ നിന്ന് ലഭിച്ചിരുന്ന തുച്ഛമായ ഭക്ഷണം മാത്രമാണ് ഇമാമിന്റെ ജീവിതം നിലനിര്‍ത്തിയിരുന്നത്. ഇമാം സഖാവി(റ) പറയുന്നു: ഓരോ ദിവസവും ഓരോ റൊട്ടി വീതമായിരുന്നു ആഹാരം. അതില്‍ നിന്നും മിച്ചം വെച്ച് ഇമാം പതിവായി ധര്‍മം ചെയ്തിരുന്നുവെന്നതാണ് വലിയ അത്ഭുതം.

റവാഹിയ്യയില്‍ പഠിച്ചുകൊണ്ടിരിക്കെയാണ് ഹിജ്‌റ 651-ല്‍ പിതാവിനോടൊപ്പം ഇമാം ഹജ്ജിന് പോയത്. തന്റെ യൗവ്വനകാലത്ത് തന്നെ ഹജ്ജ് ചെയ്യാന്‍ ഭാഗ്യം കിട്ടിയ ഇമാം നവവി(റ)ക്ക് ആ യാത്ര ജീവിതത്തിലെ ഉയര്‍ച്ചകളുടെ പ്രാരംഭമായിരുന്നു. പഠനവും ഇബാദത്തുമായി ശേഷജീവിതം കൂടുതല്‍ അര്‍ത്ഥവത്താക്കി. ഹജ്ജ് യാത്രയുടെ സ്വാധീനം ഇമാമിന്റെ പിതാവ് വിവരിക്കുന്നതായി നവവി(റ)യുടെ പ്രമുഖ ശിഷ്യനായ ഇബ്‌നുല്‍ അതാര്‍ ഉദ്ധരിക്കുന്നുണ്ട്. പിതാവ് പറയുന്നു: ഹജ്ജ് കഴിഞ്ഞ് നവയില്‍ തിരിച്ചെത്തിയ ഉടനെ മകന്‍ ഡമസ്‌കസിലേക്ക് പോയി. അന്ന് തൊട്ട് വിജ്ഞാനത്തിന്റെ ഒരു കോരിച്ചൊരിയലായിരുന്നു പിന്നെ. വിജ്ഞാനത്തോട് ലയിച്ച് ചേരുകയും തന്റെ ശൈഖ് മറാക്കിശിയുമായുള്ള ആത്മീയ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട് മകന്‍ വളര്‍ന്നു. നിസ്‌കാരം, നിരന്തര വ്രതാനുഷ്ഠാനം, ഭൗതിക പരിത്യാഗം, അതിസൂക്ഷ്മത എന്നിവ മുറകെ പിടിച്ച് കൊണ്ടായിരുന്നു പിന്നീടങ്ങോട്ട് ജീവിതം നയിച്ചത്. മരണനിമിഷംവരെയും വിലപ്പെട്ട അല്‍പസമയം പോലും ഉപകാരമില്ലാതെ മകന്‍ വൃഥാവിലാക്കിയിട്ടില്ല.'' 60

ഹജ്ജ്‌യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷം റവാഹിയ്യയില്‍ വിശ്രമമില്ലാത്ത പഠനതപസ്യയിലായിരുന്നു ഇമാം നവവി(റ).  ഇമാമിന്റെ പഠനോത്സുക്യം ജനങ്ങള്‍ക്കിടയില്‍ സംസാരവിഷയമായിരുന്നു. ചരിത്രകാരനായ ഖുത്വബുദ്ദീന്‍ യൂനീനി(റ) പറയുന്നു: രാപ്പകലില്‍ ഒരുനിമിഷം പോലും ഇമാം പാഴാക്കിയിരുന്നില്ല. സദാ സമയവും വിജ്ഞാന വര്‍ദ്ധനവിനുള്ള പരിശ്രമത്തിലായിരിക്കും പോക്കുവരവുകളില്‍ പോലും ഇതായിരുന്നു സ്ഥിതി. യാത്രയില്‍ മനഃപ്പാഠമാക്കിയത് പരിശോധിക്കാനോ വായനക്കോ ഉപയോഗിക്കുമായിരുന്നു. ഇങ്ങനെ പഠനതപസ്യയില്‍ ആറു വര്‍ഷം മുഴുകി. പഠനത്തിനിടയില്‍ ഉറക്കം വല്ലാതെ ശല്യപ്പെടുത്തിയാല്‍ അല്‍പനേരം ബെഞ്ചില്‍ തലവെച്ചുറങ്ങി പിന്നീട് പഠനത്തില്‍ മുഴുകുകയും ചെയ്യുമെന്ന് ഇമാം നവവി(റ) തന്നെ പറയുന്നുണ്ട്.

കാര്യങ്ങള്‍ വേഗത്തില്‍ ഗ്രഹിക്കാനും ഓര്‍ത്തുവെക്കാനുമുള്ള ശേഷി ഇമാം നവവി(റ)ക്ക് ധാരാളമുണ്ടായിരുന്നു. അബൂ ഇസ്ഹാഖ് ശീറാസി(റ)യുടെ ബൃഹത്തായ അത്തന്‍ബീഹ് എന്ന ഗ്രന്ഥം നാലര മാസംകൊണ്ടാണ് ഇമാം മനഃപ്പാഠമാക്കിയത്. ഹി. 650-ല്‍ മനഃപ്പാഠമാക്കിയ ഈഗ്രന്ഥം പ്രസിദ്ധ പണ്ഡിതനായ ഇബ്‌നു റസീന്‍(റ)വിനെ കേള്‍പ്പിച്ച് അംഗീകാരം നേടുകയുണ്ടായി. അതേവര്‍ഷം തന്നെ ശീറാസി(റ)യുടെ മറ്റൊരു ഗ്രന്ഥമായ മുഹദ്ദബിന്റെ നാലില്‍ ഒരു ഭാഗവും മനഃപാഠമാക്കി. പതിവായി നടക്കുന്ന പഠനക്ലാസുകള്‍ക്ക് പുറമെയാണ് ഇമാം നവവി(റ) ഇതിന് സമയം കണ്ടെത്തിയിരുന്നത്.

പഠനത്തിലും എഴുത്തിലുമായി മുഴുകുമ്പോഴും ആരാധനകളിലൂടെ അല്ലാഹുവിന്റെ അടുക്കല്‍ വലിയ ആത്മീയോന്നതി നേടാന്‍ ഇമാം മറന്നില്ല. വെറും 46 വര്‍ഷം മാത്രം ജീവിച്ച ഇമാം നവവി(റ) ആരാധനകള്‍ക്കും എഴുത്തിനും ക്ലാസിനും എല്ലാറ്റിനും സമയം കണ്ടിരുന്നുവെന്നതാണ് സത്യം. ഇതിനെല്ലാം എവിടുന്ന് സമയം ലഭിക്കുന്നുവെന്ന് ഇമാം നവവി(റ)യുടെ ജീവിതം പഠിക്കുന്ന ആരും ചിന്തിച്ചുപോകും.

നവവി(റ)യുടെ ശിഷ്യനായ ഇബ്‌നുല്‍ അത്വാര്‍(റ) പറയുന്നു: എന്റെ മറ്റൊരു ഗുരുനാഥനായ ശൈഖ് മുഹമ്മദ് അന്‍സ്വാരി(റ) ഒരിക്കല്‍ എന്നോട് പറഞ്ഞു- സൂഫികളുടെ ആധികാരിക താത്വികനായ ഇമാം ഖുശൈരി(റ) നിങ്ങളുടെ ശൈഖിനെയും (നവവി(റ) അദ്ദേഹത്തിന്റെ ശൈഖിനെയും (അബൂ ഇസ്ഹാഖ് മഗ്‌രിബി(റ) നേരില്‍ കണ്ടിരുന്നുവെങ്കില്‍ തന്റെ വിഖ്യാതമായ രിസാലയില്‍ സൂഫികളുടെ ശൈഖുമാരായി ഇവര്‍ രണ്ടുപേരേക്കാളും പ്രധാനികളായി മറ്റാരെയും എടുത്തുപറയുമായിരുന്നില്ല. കാരണം ഇല്‍മ് (ജ്ഞാനം), അമ (കര്‍മം), സുഹ്ദ് (ഭൗതികപരിത്യാഗം), വറഅ്(അതിസൂക്ഷ്മത) എന്നിവയിലും തത്വജ്ഞാനസംസാരത്തിലും ഇവര്‍ കാണിച്ച മികവ് മറ്റാരും കാണിച്ചിട്ടില്ല.'' ഡമസ്‌കസില്‍ ഉപരിപഠനം നിര്‍വ്വഹിച്ച ഇമാം നവവി(റ)യുടെ കര്‍മമണ്ഡലവും ഡമസ്‌കസായിരുന്നു. ഡമസ്‌കസിലെ ഇഖ്ബാലിയ്യ ദാറുല്‍ ഹദീസ് അശ്‌റഫിയ്യ എന്നീ സ്ഥാപനങ്ങളില്‍ ഇമാം നവവി(റ) അദ്ധ്യാപനം നടത്തുകയുണ്ടായി. അല്‍ മലിക്കുല്‍ അശ്‌റഫ് മുളഫ്ഫറുദ്ദീന്‍ രാജാവിന്റെ കീഴിലെ ദാറുല്‍ ഹദീസ് അശ്‌റഫിയ്യയിലെ അദ്ധ്യാപനകാലമാണ് ഇമാം നവവി(റ)യുടെ ജീവിതത്തെ സംഭവബഹുലമാക്കിയത്. സമകാലികരില്‍വെച്ചേറ്റവും പക്വതയുള്ള ഹദീസ് അടക്കം എല്ലാ ജ്ഞാനശാഖകളിലും അറിവിന്റെ താഴ്ച്ചയുള്ള ഏറ്റവും പ്രഗത്ഭനായ പണ്ഡിതനേ ദാറുല്‍ ഹദീസിലെ മേധാവിത്വം ഏല്‍പിക്കാറുള്ളൂ. ഇബ്‌നു സ്വലാഹ്(റ) ഇമാമിന്റെ ഗുരുവായ ആബൂശാമ(റ) തുടങ്ങിയ പണ്ഡിതന്മാര്‍ അലങ്കരിച്ച ഈ സ്ഥാനം പിന്നീട് ഇമാം നവവി(റ)യെ തേടിയെത്തുകയായിരുന്നു. ഈ പദവി ഭരണവ്യവസ്ഥിതിയുടെ ഭാഗമായിരുന്നെങ്കിലും ഒരു നാണയത്തുട്ടു പോലും ശമ്പള ഇനത്തില്‍ ഇമാം സ്വീകരിച്ചിരുന്നില്ല. ഇമാം നവവി(റ)ക്ക് ശേഷം പ്രഗത്ഭരായ പല പണ്ഡിതന്മാരും ഈ പദവിയില്‍ വന്നെങ്കിലും ഇമാം നവവി(റ)യുടെ സ്ഥാനം വേണ്ട പോലെ നിര്‍വഹിക്കാനാകുമോ എന്ന ശങ്ക അവര്‍ക്കുണ്ടായിരുന്നു. ഇമാമിനുശേഷം ദാറുല്‍ ഹദീസ് അശ്‌റഫിയ്യയുടെ ചുമതല ഏറ്റെടുത്ത തഖ്‌യുദ്ദീന്‍ സുബ്കി(റ) ദാറുല്‍ ഹദീസിലെ ഇമാം നവവി(റ)യുടെ ജീവിത അടയാളങ്ങളെ വലിയ ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. ഇമാം നവവി(റ) ദര്‍സ് നടത്താന്‍ വേണ്ടി ഇരുന്നിരുന്ന പുണ്യസ്ഥലത്ത് തന്റെ മുഖമമര്‍ത്തി സുബ്കി ഇമാം(റ) അതു പ്രകടിപ്പിച്ചു. നവവി(റ)യുടെ പാദം സ്പര്‍ശിച്ചിരുന്ന സ്ഥലത്ത് എന്റെ മുഖം സ്പര്‍ശിക്കട്ടെ എന്ന സുബ്കി(റ)യുടെ കവിത വളരെ പ്രസിദ്ധാണ്.

സമകാലികരായ നിരവധി പ്രഗത്ഭരായ പണ്ഡിതന്മാര്‍ അക്കാലത്തുണ്ടായിരുന്നെങ്കിലും കര്‍മനൈരന്തര്യം കൊണ്ടും ജ്ഞാനത്തികവ് കൊണ്ടും ഇമാം നവവി(റ) ഇസ്‌ലാമിക ചരിത്രത്തില്‍ ഇതിഹാസം രചിക്കുകയായിരുന്നു. ഇമാം ഇബ്‌നു സ്വലാഹ്(റ), ഇബ്‌നു അസാക്കിര്‍(റ), ഇസ്സുബ്‌നു അബ്ദിസ്സലാം(റ)വിന്റെ ശിഷ്യനായ ശൈഖ് അല്‍ ഫര്‍ക്കാഹ്, അല്‍ ഫസാരി(റ),  ഇമാം അബൂ ശാമ(റ), മുഅ്ജമുല്‍ ബുല്‍ദാന്റെ രചയിതാവായ യാഖൂത്തുല്‍ ഹമവി(റ), വഫയാത്തുല്‍ അഅ്‌യാന്റെ കര്‍ത്താവായ ഇബ്‌നു ഖല്ലികാന്‍(റ) പ്രസിദ്ധ അറബി വ്യാകരണ ശാസ്ത്രഗ്രന്ഥമായ അല്‍ഫിയ്യയുടെ കര്‍ത്താവായ ഇബ്‌നു മാലിക്(റ) തുടങ്ങി ഒട്ടേറെ പ്രതിഭകള്‍ നിറഞ്ഞ് നിന്ന കാലഘട്ടമായിരുന്നു ഇമാം നവവി(റ) യുടേത്. അല്‍ഫിയ്യയിലെ ഒരു ഉദാഹരണത്തില്‍ നമ്മുടെ അടുത്ത് മാന്യനൊരാളുണ്ട് എന്ന് ഇബ്‌നു മാലിക്(റ) പറയുന്നത് ഇമാം നവവി(റ) യെ ഉദ്ദേശിച്ചാണെന്ന് അഭിപ്രായമുണ്ട്.

ഇന്ന് ഇസ്‌ലാമിലെ ഏതു ജ്ഞാനശാഖയിലൂടെ കടന്നുപോകുന്നവര്‍ക്കും ഇമാം നവവി(റ)യുടെ രചനകളെയും ആശയങ്ങളെയും അവഗണിക്കാനാവില്ല. കര്‍മശാസ്ത്രത്തിലും ഹദീസ് പഠനത്തിലും വലിയ തികവ് കൈവരിച്ചവരായിരുന്നു ഇമാം നവവി(റ). ഹിജ്‌റ നാലാം ശതകത്തിനു ശേഷം ഇമാം നവവി(റ)യുടെ അത്രവലിയ സ്ഥാനം നേടിയ ഒരൊറ്റ ഹദീസ് പണ്ഡിതനുമുണ്ടായിട്ടില്ലെന്നത് ചരിത്രവസ്തുതയാണ്. ഇമാം നവവി(റ)യുടെ ഹദീസ് പാണ്ഡിത്യത്തിന് തന്റെ ശര്‍ഹുമുസ്‌ലിം വേണ്ടുവോളം സാക്ഷി നില്‍ക്കുന്നുണ്ട്. ഇമാം നവവി(റ)ക്ക് ശേഷം വന്ന ഏതെങ്കിലും ഒരു ഹദീസ് പണ്ഡിതനോ കര്‍മ്മശാസ്ത്ര പണ്ഡിതനോ തന്റെ പഠനത്തിന് ഇമാമിന്റെ ഗ്രന്ഥങ്ങള്‍ അവലംബിക്കാതിരുന്നിട്ടില്ല എന്നത് അനുഭവ യാഥാര്‍ത്ഥ്യമാണ്.

എല്ലാ അര്‍ത്ഥത്തിലും ശാഫിഈ കര്‍മ്മശാസ്ത്രത്തിന്റെ വളര്‍ച്ചാ ഗതിയെ ത്വരിതപ്പെടുത്തുകയായിരുന്നു ഇമാം നവവി(റ) ചെയ്തത്. ശാഫിഈ കര്‍മ്മധാരയിലെ മുന്‍ഗാമികളുടെ അഭിപ്രായങ്ങളെ വിശകലനം ചെയ്ത് ശാഫിഈ(റ)വിന്റെ നസ്സ്വിനോട് യോജിക്കുന്ന അഭിപ്രായത്തെ തര്‍ജീഹ് ചെയ്യുകയായിരുന്നു ഇമാം  നവവി(റ). അതിനാല്‍തന്നെ ഏതു കര്‍മ്മശാസ്ത്ര വിശകലനത്തിലും ഇമാം നവവി(റ)യുടെ അഭിപ്രായങ്ങള്‍ക്കു മുന്‍ഗണന നല്‍കപ്പെട്ടു. മദ്ഹബിനകത്തുള്ള വിവിധാഭിപ്രായങ്ങളെ നിര്‍ദ്ധാരണം ചെയ്തു പ്രബലപ്പെടുത്താനുള്ള യോഗ്യത കൈവന്നതിനാല്‍ മുജ്തഹിദുല്‍ മദ്ഹബ് (മുജ്തഹിദുത്തര്‍ജീഹ്) എന്ന അംഗീകാര പദവി ഇമാമിന് കൈവന്നു. മുഹര്‍രിറുല്‍ മദ്ഹബ് (മദ്ഹബ് സംശോധകന്‍) നാസ്വിറുല്‍ മദ്ഹബ് (മദ്ഹബ് സഹായി) അശ്ശാഫിഈ അസ്സഗീര്‍(ചെറിയ ശാഫിഈ) തുടങ്ങിയ സ്ഥാനങ്ങളൊക്കെ ശാഫിഈ കര്‍മധാരയിലെ ഇമാം നവവി(റ)യുടെ അജയ്യമായ ഇടപെടലുകളെയാണ് ഓര്‍മപ്പെടുത്തുന്നത്.

ശാഫിഈ കര്‍മശാസ്ത്രത്തില്‍ ഇന്ന് ഇമാം നവവി(റ)യോളം പ്രാധാന്യവും പരിഗണനയുമുള്ള പണ്ഡിതന്‍ വേറെ ഇല്ലെന്നുതന്നെ പറയാം. ശാഫിഈ ഫിഖ്ഹിലെ എല്ലാ തലങ്ങളിലും ശക്തമായ നവവി പ്രഭാവം കാണാനാകും. കൃത്യതകൊണ്ടും നേരുകൊണ്ടും ഇമാം നവവി(റ)യുടെ തീര്‍പ്പുകള്‍ ശാഫിഈ കര്‍മ്മധാരയില്‍ എന്നും ജ്വലിച്ചുനില്‍ക്കും. ഇമാം തീര്‍പ്പു പറഞ്ഞ ഒരു കാര്യത്തില്‍ പിന്നീട് മറ്റൊരാള്‍ക്കും ഇന്നേവരെ ഇടപെടേണ്ടിവന്നിട്ടില്ല. ഇനിയൊരിക്കലും ഇടപെടാന്‍ സാധ്യതയില്ലാത്തവിധം സുതാര്യമാണ് ശാഫിഈ കര്‍മശാസ്ത്രത്തിലെ ഇമാം നവവി(റ)യുടെ ഇടപെടലുകളും തര്‍ജീഹുകളും.

റഫറന്‍സ് 59- ത്വബഖാത്ത് / ഇബ്‌നു സുബ്കി (റ) പേജ് 472, വാള്യം 4 60-തുഹ്ഫത്തു ത്വാലിബീന്‍ / ഇബ്‌നു അത്വാര്‍(റ), പേജ് 35, വാള്യം 1 61- തര്‍ജുമത്തുന്നവവി / ഇമാം സഖാവി(റ) പേജ് 11,12

Related Posts

Leave A Comment

Voting Poll

Get Newsletter

Success

Your question successfully uploaded!