മഖാസ്വിദുശ്ശരീഅ: പഠന സീരീസ് (ഭാഗം 1)

മഖാസ്വിദുശ്ശരീഅഃ ഇസ്‌ലാമിക ശരീഅത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങള്‍ 

സ്രഷ്ടാവും സര്‍വ ശക്തനുമായ അല്ലാഹു മനുഷ്യരുടെ ഭദ്രവും യുക്തി പൂര്‍ണവുമായ ജീവിത വ്യവസ്ഥയുടെ നില നില്‍പിന് വേണ്ടിയും ഏകദൈവാരാധനയുടെ സര്‍വകാല പ്രബോധനത്തിനു വേണ്ടിയും ഖുര്‍ആനിലൂടെയും ഹദീസിലുടെയും സ്ഥാപിച്ചു തന്ന വ്യവസ്ഥയാണല്ലോ ശരീഅത്ത്. ശരീഅത്ത് ഇന്ന് ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെടുകയും, തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും, ഭീതിയോടെ വീക്ഷിക്കപ്പെടുകയും, ഏറെ കൗതുകത്തോടെ അക്കാദമിക ലോകത്ത് പഠന വിധേയമാക്കപ്പെടുകയും ചെയ്യുന്ന ഒരു പദമാണ്. 

പാശ്ചാത്യന്‍ രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും മറ്റു സ്ഥാപിത താത്പര്യങ്ങളുള്ള ശക്തികളുംകൂടി മറ്റു രാജ്യങ്ങളില്‍ അധിനിവേശം നടത്തുകയും അതിന്റെ സ്വാഭാവിക പരിണതി എന്നോണം പ്രസ്തുത രാജ്യങ്ങളില്‍ ജീവതസൈ്വര്യവും, നാടും വീടും കുടുംബവും നഷ്ടപ്പെട്ട് നിരാശയില്‍ കഴിയുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ അക്രമത്തിലേക്കും ദുര്‍വൃത്തികളിലേക്കും ചുവടു മാറിയത് ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ട സത്യമാണല്ലോ. പ്രത്യേകിച്ചും മധ്യപൗരസ്ത്യ ദേശത്തെ ജനവിഭാഗങ്ങളാണ് ചൂഷണങ്ങളുടെയും ആഗോള അധിനിവേശ അജണ്ടകളുടെയും പ്രധാന ഇരകള്‍. ഈ നിരാശരായ ഇരകള്‍ സ്വാഭാവികമായും വേട്ടക്കാരായി മാറാന്‍ ശ്രമിച്ചപ്പോള്‍ അവരില്‍ ചിലരെങ്കിലും അധിനിവേശ ശക്തികള്‍ക്കെതിരെ പ്രതികരിച്ച ശൈലി ന്യായീകരിക്കാനാവാത്ത വിധം അപലപനീയമായിപ്പോയി എന്നതാണ് മറ്റൊരു വസ്തുത. ഇത്തരം തിരിച്ചടികളുടെ ഭാഗമായി ലോകത്തെ ഞെട്ടിക്കും വിധം ഭീകരവാദ ഗ്രൂപ്പുകളും സായുധ തീവ്രവാദ സംഘങ്ങളും രംഗപ്രവേശം ചെയ്തപ്പോള്‍; അവര്‍ തങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കാനായി സൃഷ്ടിച്ചെടുത്ത പ്രത്യയ ശാസ്ത്ര പരമായ പശ്ചാത്തലവും ആയുധവുമായിരുന്നു ശരീഅത്തിന്റെ വികലമായ പ്രയോഗവത്കരണം എന്നത്. ശരീഅഃ എന്ന പദം കൈവെട്ടാനും എറിഞ്ഞു കൊല്ലാനും വധ ശിക്ഷ നടപ്പാക്കാനുമൊക്കെ ഉപയോഗിക്കുന്ന ഒരു കേവല നിയമവ്യവസ്ഥ എന്ന വികലമായ അര്‍ഥം ആഗോള ജനതയുടെ പൊതുബോധത്തില്‍ രൂഢമൂലമായിത്തീര്‍ന്നത് ഈ പശ്ചാത്തലത്തിലായിരുന്നു. 
എന്നാല്‍, യഥാര്‍ഥത്തില്‍ ശരീഅത്ത് എന്നാല്‍ സ്വാതന്ത്ര്യം, മാനുഷിക വികസനം, സമാധാന ജീവിതം തുടങ്ങി മാനവികമായ എല്ലാ തരം നന്മകളുടെയും സംസ്ഥാപനം അവയുടെ ക്രമ പ്രവൃദ്ധമായ പരിപാലനവും ഉറപ്പ് നല്‍കുന്ന ഒരു സംവിധാനമാണ്. സര്‍വജ്ഞാനിയും യുക്തിശാലിയും കാരുണ്യവാനുമായ അല്ലാഹു സ്ഥാപിച്ചു തന്ന ഒരു സംവിധാനമായതിനാല്‍, അത് ഏതു സാഹചര്യത്തിലും ഏതു കാലഘട്ടത്തിലും ഏതു വിഭാഗത്തിനും സ്വീകാര്യമാകുന്ന രീതിയില്‍ അവതരിപ്പിച്ചു കൊടുക്കുക എന്നത് അല്ലാഹുവിന്റെ തന്നെ കല്‍പനയും വിശ്വാസിയുടെ ബാധ്യതയുമാണ്. അതാണ് മഖാസിദുശ്ശരീഅയിലൂടെ വിശ്വാസികള്‍ സാധിച്ചെടുക്കേണ്ടത്.
'മഖാസ്വിദുശ്ശരീഅത്തില്‍ ഇസ്‌ലാമിയ്യ' എന്നാല്‍ ഇസ്‌ലാമിക നിയമ വ്യവസ്ഥയുടെ ആത്യന്തിക ലക്ഷ്യങ്ങള്‍ (ശരീഅഃയുടെ നിയമപ്പൊരുളുകള്‍) എന്നര്‍ത്ഥം. മഖാസ്വിദ് എന്നത് പൊതുവെ അറബി ഭാഷയില്‍ ലക്ഷ്യങ്ങള്‍, ഉദ്ദേശ്യങ്ങള്‍, സല്‍പന്ഥാവുകള്‍, മധ്യമനയങ്ങള്‍ എന്നീ അര്‍ത്ഥങ്ങളിലാണ് ഉപയോഗിക്കപ്പെടുന്നത്. ശരീഅ: എന്നാല്‍ ജലത്തിന്റെ ഉറവിടം, ദീന്‍, മില്ലത്ത്, പന്ഥാവ,് സമീപനം, ചര്യ, എന്നീ ആശയങ്ങളും ദ്യോതിപ്പിക്കുന്നു. സാങ്കേതികാര്‍ത്ഥത്തില്‍ അല്ലാഹു അവന്റെ പ്രവാചകര്‍ വഴി മനുഷ്യര്‍ക്കായി സംവിധാനിച്ച നിയമസംഹിതയാണ് ശരീഅ: കൊണ്ട് നിര്‍വചിക്കപ്പെടുന്നത്.
ഇസ്‌ലാം എന്ത് കല്‍പിക്കുന്നു എന്നതിനെ കുറിച്ചാണ് ഏറ്റവും കൂടുതല്‍ ഇസ്‌ലാമിക സമൂഹം അറിഞ്ഞതും പഠിച്ചതും അധ്യാപനം നടത്തിയതുമെല്ലാം. എന്നാല്‍ ആ കല്‍പനകളെല്ലാം എന്തു കൊണ്ട്/എന്തിന് വേണ്ടിയാണ് എന്നതാണ് മഖാസിദുശ്ശരീഅഃയുടെ കൈകാര്യ വിഷയങ്ങളില്‍ പ്രധാനം. അതു കൊണ്ടാണ് പ്രസ്തുത പദത്തിന് ശരീഅത്തിന്റെ നിയമപ്പൊരുളുകള്‍ എന്ന് വ്യംഗ്യാര്‍ഥമുണ്ടെന്ന് മുമ്പ് സൂചിപ്പിച്ചത്. ഇസ്‌ലാമിലെ ലൗകികമായ ഏതൊരു കല്‍പനക്കു പിന്നിലും ആത്യന്തികമായ ഒരു യുക്തി/ലക്ഷ്യം/ ഉണ്ടായിരിക്കും. ഇത്തരം ലക്ഷ്യങ്ങളെ മൊത്തത്തില്‍ സൂചിപ്പിക്കുന്ന ഒരു സങ്കേതമാണ് മഖാസിദ്. പക്ഷേ, ആരാധനാ സംബന്ധമായ (ലൗകികമല്ലാത്ത) ചില കാര്യങ്ങളിലെ യുക്തി മനുഷ്യന്റെ ബുദ്ധിക്കും യുക്തിബോധത്തിനും അപ്രാപ്യമായിരിക്കും. അത്തരം കാര്യങ്ങളുടെ യുക്തിയെ കുറിച്ച് ചിന്തിക്കാതെ അവയെ അങ്ങനെ തന്നെ അനുധാവനം ചെയ്യുകയാണ് വേണ്ടത്.  
ശരീഅത്തിന്റെ അജയ്യത ബോധ്യപ്പെടാനും സാര്‍വകാലികതയും സാര്‍വലൗകികതയും സുഗ്രാഹ്യമാകാനും  പ്രാഥമികമായി പഠന വിധേയമാക്കേണ്ട വിജ്ഞാന ശാഖയാണ് മഖാസ്വിദ്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, ശരീഅത്തിന്റെ മുഴുവന്‍ കല്‍പനയുടെയും ആകത്തുകയാണ് മഖാസ്വിദുശ്ശരീഅഃ. മനുഷ്യജീവിതത്തെ സമഗ്രമായി ചൂഴ്ന്നു നില്ക്കുന്ന ആയിരക്കണക്കിന് നിയമങ്ങള്‍ ശരീഅത്തിലുണ്ടെങ്കിലും അവ മുഴുവന്‍ മഖാസിദുശ്ശരീഅഃ എന്ന ആകത്തുകയെ അടിസ്ഥാനമാക്കിയാണ് നില കൊള്ളുന്നത്. ഖുര്‍ആന്‍, ഹദീസ് മറ്റു മുഴുവന്‍ ഇസ്‌ലാമിക പൈതൃകങ്ങളും ഒരു സമഗ്രമായ അപഗ്രഥനം ചെയ്താല്‍, ഇസ്‌ലാമിലെ മുഴുവന്‍ നിയമങ്ങളും മാനുഷിക നന്മയിലൂന്നിയതും പരമവും ആത്യന്തികവും അടിസ്ഥാന പരവുമായ ഒരു പ്രതലത്തിലാണ് നിലകൊള്ളുന്നത് എന്ന നിഗമനത്തിലെത്താന്‍ കഴിയും. ആ പ്രതലത്തില്‍ നിന്നു കൊണ്ടാണ്, ആ ലക്ഷ്യങ്ങളുടെ സാക്ഷാല്‍ക്കാരത്തിനു വേണ്ടിയാണ് ശരീഅത്തിലെ മുഴുവന്‍ നിയമങ്ങളും വിലയിരുത്തേണ്ടതും നടപ്പിലാക്കപ്പെടേണ്ടതും. അതിനാല്‍, കാലവും സാഹചര്യവും എത്ര മാറിമറിഞ്ഞാലും മഖാസ്വിദിന് സമാന്തരമായ എന്തു കാര്യങ്ങളും മതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ അയത്‌ന ലളിതമായി ഉള്‍ക്കൊള്ളിക്കാനും മഖാസിദുമായി ഒത്തു പോവാത്ത എല്ലാ കാര്യങ്ങളും അനായാസം തിരസ്‌കരിക്കാനുമുള്ള ശേഷി മുസ്‌ലിം ഉമ്മത്തിന് നല്‍കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 
സാധാരണ ഗതിയില്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ആത്യന്തികമായ നിയമങ്ങള്‍ കൂടുതല്‍ പരാമര്‍ശിക്കപ്പെടാറില്ല. ഓരോ നിയമങ്ങളും അതിന്റേതായ പ്രത്യേക കാരണങ്ങളുടെ അടിസ്ഥാനത്തില്‍ (ഇല്ലത്ത്, ൃമശേീ ഹലഴശ)െ വിശദീകരിക്കപ്പെടുകയാണ് പതിവ്. ഉദാഹരണമായി, മദ്യപാനം ഇസ്‌ലാമിക ശരീഅത്ത് പ്രകാരം നിഷിദ്ധമാണ്. എല്ലാ കര്‍മശാസ്ത്രഗ്രന്ഥങ്ങളിലും അതിനു വിശദീകരിക്കപ്പെട്ട കാരണം (ഇല്ലത്ത്) മദ്യപാനം മദ്യപാനിയെ ലഹരി (സക്‌റ്) യിലാഴ്ത്തുന്നു എന്നതാണ്. മാത്രമല്ല, മദ്യം ഹറാമാകുന്നതോട് കൂടെ തന്നെ മദ്യത്തിന്റെ ലഹരി എന്ന സവിശേഷതകയുള്ള മറ്റു ഖരരൂപത്തിലോ ദ്രാവക രൂപത്തിലോ വാതക രൂപത്തിലോ ഉള്ള ഏതു വസ്തുവും ഇസ്‌ലാമില്‍ നിഷിദ്ധമാണ്. മദ്യം നിഷിദ്ധമായതിനു പിന്നില്‍ കാരണമായി വര്‍ത്തിച്ച ലഹരി എന്ന സവിശേഷതയാണ് അതേ സവിശേഷത കുടികൊള്ളുന്ന സമാനമായ മറ്റു പദാര്‍ഥങ്ങളെയും നിഷിദ്ധമാക്കിയത് എന്ന് ഇതില്‍ നിന്ന് മനസിലാക്കാം. എന്നാല്‍, മദ്യപാനം നിഷിദ്ധമാക്കിയതിനു പിന്നില്‍ ശരീഅത്തിന് ആത്യന്തികമായ മറ്റൊരു ലക്ഷ്യമുണ്ട്. പ്രധാനമായും മനുഷ്യന്റെ സ്വാഭാവിക ബോധം/ ബുദ്ധിയെ (അഖ്ല്‍) പരിരക്ഷിക്കുക എന്നതാണ്. മദ്യം കാരണം നശിക്കാന്‍ സാധ്യതയുള്ള മതം (ദീന്‍) ശരീരം, (നഫ്‌സ്), സമ്പത്ത് (മാല്‍) എന്നിവയുടെ സംരക്ഷണവും ഇതിനോട് ആനുഷംഗികമായി കണക്കാക്കപ്പെടുന്നു. ആ പരമ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് ലഹരിയും ഇസ്‌ലാമില്‍ നിഷിദ്ധമായത്. വ്യക്തമായി പറഞ്ഞാല്‍ മദ്യം ഹറാമായതിന്റെ പ്രത്യക്ഷ കാരണം ലഹരി ആണെങ്കിലും അതിന്റെ ആത്യന്തികമായ യുക്തി മനുഷ്യന്റെ ബുദ്ധി, ശരീരം, സമ്പത്ത് എന്നിവ സംരക്ഷിക്കലാണ്. ഇങ്ങനെ ചില പരമവും ആത്യന്തികവുമായ ലക്ഷ്യങ്ങളുടെ സാക്ഷാല്‍ക്കാരമാണ് മഖാസ്വിദുശ്ശരീഅ എന്ന വിജ്ഞാന ശാഖയുടെ ധര്‍മം. 
മഖാസ്വിദുശ്ശരീഅക്ക് പൂര്‍വ്വകാല ഗ്രന്ഥങ്ങളില്‍ വ്യവസ്ഥാപിതമായ ഒരു നിര്‍വചനം രേഖപ്പെടുത്തിയിട്ടില്ല. ശരീഅത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും ഏറെ ബൃഹത്തായ ഗവേഷണങ്ങള്‍ നടത്തിയ ഇമാം ഗസാലി(റ), ഇമാം ശാത്വിബി(റ) തുടങ്ങിയവരുടെ ഗ്രന്ഥങ്ങളില്‍ പോലും കൃത്യമായ ഒരു നിര്‍വചനം കാണാനാവുന്നില്ല. ഇമാം ഗസാലി(റ) വ്യക്തമാക്കുന്നു:
പ്രധാനമായും അഞ്ച് ലക്ഷ്യങ്ങളാണ് ശരീഅത്തില്‍ നിക്ഷിപ്തമാവുന്നത്.
1- ദീനിന്റെ സംരക്ഷണം.
2- മനുഷ്യ ശരീര/ജീവന്റെ സംരക്ഷണം.
3- കുടുംബത്തിന്റെ സംരക്ഷണം.
4-ബുദ്ധിയുടെ സംരക്ഷണം.
5- സമ്പത്തിന്റെ സംരക്ഷണം.
ഈ അഞ്ച് അടിസ്ഥാനലക്ഷ്യങ്ങളുടെ സാക്ഷാല്‍ക്കാരത്തിനുതകുന്നതെല്ലാം നന്മയും (മസ്‌ലഹത്ത്) അവയെ നഷ്ടപ്പെടുത്തുന്നതെല്ലാം തിന്മയുമാണ് (മഫ്‌സദത്ത്). നഷ്ടപ്പെടുത്തുന്നതിനെ പ്രതിരോധിക്കുന്നതും നന്മയില്‍ പെടും. (അല്‍ മുസ്തസ്ഫ: 251).
മാലികീ മുഫ്തിമാരുടെ നേതാവും സൈതൂനാ യൂണിവേഴ്‌സിറ്റിയിലെ ശൈഖുമായിരുന്ന മുഹമ്മദ് ത്വാഹിര്‍ ബിന്‍ ആശൂര്‍ തന്റെ വിശ്വ വിഖ്യാതമായ 'മഖാസ്വിദുശ്ശരീഅത്തില്‍ ഇസ്‌ലാമിയ്യ' എന്ന ഗ്രന്ഥത്തില്‍ മഖാസ്വിദിന് നിര്‍വചനം പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാഷയില്‍ ശാരിഅ് നിയമനിര്‍മാണത്തിന്റെ വേളകളിലെപ്പോഴും അല്ലെങ്കില്‍ മിക്കപ്പോഴും മുഖവിലക്കെടുത്ത പരമാര്‍ത്ഥങ്ങളും പ്രേരകയുക്തികളുമാണ് മഖാസ്വിദുശ്ശരീഅ. (മഖാസിദുശ്ശരീഅത്തില്‍ ഇസ്‌ലാമിയ്യ: 51).
മൊറോക്കന്‍ പണ്ഡിതനായ മുഹമ്മദ് അല്ലാല്‍ ഫാസിയുടെ വീക്ഷണത്തില്‍ ഓരോ മതവിധികളുടെ നിര്‍ണയത്തിലും സര്‍വ്വനാഥന്‍ സംവിധാനിച്ച ലക്ഷ്യങ്ങളും രഹസ്യങ്ങളുമാണ് മഖാസ്വിദ്. (മഖാസിദുശ്ശരീഅത്തില്‍ ഇസ്‌ലാമിയ്യ വമകാരിമുഹാ: 3). 
മനുഷ്യനന്മ കാംക്ഷിച്ചുള്ള ശരീഅയുടെ സ്ഥാപിതലക്ഷ്യങ്ങളാണ് മഖാസ്വിദെന്ന് അഹ്മദ് റയ്‌സൂനി വിശദീകരിക്കുന്നു. (നളരിയ്യത്തുല്‍ മഖാസിദ് ഇന്‍ദ ശ്ശാത്വിബി: 7).
മുന്‍ പറഞ്ഞ വിശദീകരണങ്ങളില്‍ നിന്ന് മഖാസ്വിദ് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്, ശരീഅയുടെ നിയമനിര്‍മാണത്തിലൂടെയും പ്രയോഗവത്കരണത്തിലൂടെയും മനുഷ്യര്‍ക്ക് സാക്ഷാത്കൃതമാകുന്ന നന്മകളും ലക്ഷ്യങ്ങളുമാണെന്നത് വ്യക്തമാണല്ലോ.
മഖാസ്വിദ് ഖുര്‍ആനിലും സുന്നത്തിലും
വ്യത്യസ്തങ്ങളായ ചരിത്രഘട്ടങ്ങളും അനേകം പ്രഗദ്ഭരായ പണ്ഡിതവരേണ്യരുടെ അതുല്യമായ സംഭാവനകളും കൈക്കൊണ്ടാണ് ആധുനിക ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ നെടുംതൂണായി മഖാസ്വിദ് പരിണമിച്ചത്. കര്‍മശാസ്ത്ര  വിശാരദന്‍മാരായ പൂര്‍വ്വകാല പണ്ഡിതരുടെ മഖാസ്വിദ് സംബന്ധമായ കാഴ്ച്ചപ്പാടുകള്‍ വിശദീകരിക്കും മുമ്പ് വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും സ്വഹാബത്തിന്റെ ജീവിതത്തിലും പ്രതിഫലിക്കുന്ന മഖാസ്വിദിന്റെ വശങ്ങള്‍ പരിചയപ്പെടാം.
ഖുര്‍ആനില്‍ വിവിരിക്കപ്പെട്ട പൊതുവായ മഖാസ്വിദില്‍ നിന്ന് ചിലത് താഴെ ചേര്‍ക്കുന്നു:-
1) അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണ് കാംക്ഷിക്കുന്നത്, ഞെരുക്കമല്ല. (അല്‍ ബഖറ: 185)
2) അല്ലാഹു നിങ്ങളുടെ ജീവിതം ക്ലേശകരമാക്കാനുദ്ദേശിക്കുന്നില്ല. (അല്‍ മാഇദ: 6)
3) ദീനില്‍ നിങ്ങളുടെ മേല്‍ യാതൊരു കഷ്ടതയുമുണ്ടാക്കിവെച്ചിട്ടില്ല. (അല്‍ ഹജ്ജ്: 78)
4) അല്ലാഹു നിങ്ങളുടെ ഭാരങ്ങള്‍ ലഘൂകരിക്കാനാഗ്രഹിക്കുന്നു. (അന്നിസാഅ്: 28)
 ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന കര്‍മങ്ങളുടെ പൊരുളുകളിലേക്ക് പലയിടങ്ങളിലും ഖുര്‍ആന്‍ സൂചന നല്‍കിയിട്ടുണ്ട്. അവയില്‍ ചില ഉദാഹരണങ്ങള്‍ താഴെ വായിക്കാം. 
1) നിസ്‌കാരം: നിശ്ചയം നമസ്‌കാരം നിന്നും ദുര്‍വൃത്തികളില്‍ നിഷിദ്ധ കര്‍മങ്ങളില്‍ നിന്നും തടയുന്നതാകുന്നു. (അല്‍ അന്‍കബൂത്ത്: 45)
2) സകാത്ത്: (പ്രവാചകാ), അവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന സകാത്ത് അവരുടെ അവരുടെ സമ്പത്തില്‍ നിന്നും താങ്കള്‍ വാങ്ങുകയും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുക. (അത്തൗബ: 103)
3) നോമ്പ് : ഹേ, വിശ്വാസികളേ, പൂര്‍വിക സമൂഹങ്ങള്‍ക്കെന്ന പോലെ നിങ്ങള്‍ക്കും നിശ്ചിത ദിനങ്ങളില്‍ വ്രതാനുഷ്ഠാനം;  നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍ വേണ്ടി. (അല്‍ ബഖറ 183)
4) ഹജ്ജ്:  മാലോകരില്‍ ഹജ്ജ് വിളംബരം നിര്‍വഹിക്കുക. കാല്‍ നട യാത്രക്കാരായും വിദൂരദിക്കുകള്‍ താണ്ടിയെത്തുന്ന മെലിഞ്ഞ സവാരിമൃഗപ്പുറത്തേറിയും താങ്കളുടെ അടുത്തേക്കവര്‍ വരുന്നതാണ്. താങ്കള്‍ക്ക് ഉപകാര പ്രദമായ സ്ഥലങ്ങളിലവര്‍ ഹാജരാകാനും അല്ലാഹു കനിഞ്ഞേകിയ കാലികളെ നിര്‍ണിത നാളുകളില്‍ അവന്റെ പേരുച്ചരിച്ച് ബലിയറുക്കാനും വേണ്ടിയത്രേ അത്(അല്‍ ഹജ്ജ്: 2728).
തിരുസുന്നത്തിലും മഖാസ്വിദിലേക്ക് വെളിച്ചം വീശുന്ന ധാരാളം പരാമര്‍ശങ്ങള്‍ കാണാനാകും. ചില പൊതുവായ സന്ദേശങ്ങള്‍ :
1) എളുപ്പമാക്കുന്നവരായാണ് നിങ്ങള്‍ അയക്കപ്പെട്ടിരിക്കുന്നത്, പ്രയാസമാക്കുന്നവരായി നിങ്ങള്‍ അയക്കപ്പെട്ടിട്ടില്ല.(ഹദീസ്, ബുഖാരി 1/323)
2) നിശ്ചയം, ദീന്‍ എളുപ്പമാര്‍ഗമാണ്.(ഹദീസ്, ബുഖാരി 1/93)
3) പ്രയാസമോ പ്രയാസപ്പെടുത്തലോ ഇല്ല. (ഹദീസ് മുവത്വ 31)
ചില പ്രത്യേക കര്‍മങ്ങളില്‍ അടങ്ങിയ പൊരുളുകളിലേക്കും ഹദീസ് വിരല്‍ചൂണ്ടുന്നു:-
1) (അകത്തെ അനുവദനീയമല്ലാത്ത) കാഴ്ചയുടെ കാരണം കൊണ്ടാണ് (മറ്റുള്ളവരുടെ) വീട്ടിലേക്ക് പ്രവേശിക്കും മുമ്പ് സമ്മതം ചോദിക്കണമെന്ന് നിയമമാക്കപ്പെട്ടത്. (ഹദീസ്, ബുഖാരി 1/24)
2) അനാവശ്യങ്ങളില് നിന്നും കണ്ണിനെ തടയാനും ഗുഹ്യഭാഗത്തെ സംരക്ഷിക്കാനും വിവാഹം സഹായിക്കുന്നു.(ഹദീസ്, ബുഖാരി 9/106)
3) മുനാഫിഖുകള്‍ ആരാണെന്ന് കൃത്യമായി ബോധ്യപ്പെട്ടിട്ടും അവര്‍ക്കെതിരെ ശിക്ഷാനടപടിയെടുക്കാതിരുന്നത് മുഹമ്മദ് തന്റെ ആളുകളെ തന്നെ വധിക്കുന്നു എന്ന തെറ്റിദ്ധാരണ ഒഴിവാക്കാനായിരുന്നു.(ഹദീസ്, ബുഖാരി 2/374)
ഇത് പോലെ നിരവധി ഖുര്‍ആനിക സൂക്തങ്ങളും ഹദീസ്് വചനങ്ങളും നിയമങ്ങള്‍ക്കും കല്‍പനകള്‍ക്കും പിന്നിലുള്ള ലക്ഷ്യങ്ങളും പ്രേരകയുക്തികളും വ്യക്തമാക്കുന്നുണ്ട്. സ്വഹാബത്തിന്റെ ജീവചരിത്രങ്ങളിലും മഖാസ്വിദിന്റെ പ്രസക്തി ബോധ്യപ്പെടുത്തുന്ന അനേകം മുഹൂര്‍ത്തങ്ങള്‍ കാണാന്‍ സാധിക്കും. വിശുദ്ധ ദീനിന്റെ സംരക്ഷണം എന്ന സമുന്നത ലക്ഷ്യത്തിന്റെ സാക്ഷാത്കാരമായിരുന്നു പരിശുദ്ധ ഖുര്‍ആനിന്റെ ക്രോഡീകരണത്തിലൂടെ സ്വഹാബത്ത് മുന്നോട്ട് വെച്ചത്. ഇത് ഒരു ഉദാഹണം മാത്രം. ഖിയാസ് എന്ന കര്‍മശാസ്ത്രത്തിന്റെ അടിത്തറ മതവിധികളിലുള്ള ലക്ഷ്യങ്ങളും കാരണങ്ങളും കണ്ടെത്തുന്നതിലും അവയിലെ സാധുതയും അസാധുതയും വകതിരിക്കുന്നതിലുമാണ്. ഖിയാസിനെ പുരസ്‌കരിച്ച വിസ്തരിച്ചുള്ള പഠനങ്ങള്‍ മഖാസ്വിദിന്റെ വികാസത്തിനുള്ള ചവിട്ടുപടികള്‍ കൂടിയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter