ഹജ്ജ്:നിര്‍ബന്ധങ്ങളും നിബന്ധനകളും

മക്കയിലുള്ള കഅ്ബ എന്ന അല്ലാഹുവിന്റെ ഭവനത്തെ താഴെ പറയും പ്രകാരം കരുതി പോകുന്നതിന്നാണ് ഹജ്ജ് എന്നു പറയുന്നത്.

ഹജ്ജും ഉംറയും നിര്‍ബന്ധമാകുന്നതിന്ന് എട്ട് ശര്‍ത്തുകളുണ്ട്: 1) മുസ്‌ലിമും 2) പ്രായപൂര്‍ത്തിയായവരും 3) ബുദ്ധിക്ക് സ്ഥിരതയുള്ളവരും 4) സ്വതന്ത്രരും 5) ഹജ്ജിന്ന് കഴിവുള്ളവരുമായിരിക്കല്‍. കഴിവ് രണ്ട് വിധത്തിലുണ്ട്: ഒന്ന് ശാരീരികമായ കഴിവ്. ഹജ്ജിന്ന് പോകാന്‍ ശരീരശേഷിയുള്ളതിനോട് കൂടി തിരിച്ചു വരുന്നത് വരെ താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്ക് അതിന്നുള്ള വകയുമുണ്ടായിരിക്കേണ്ടതാണ്. കൂടാതെ തനിക്ക് ഭക്ഷണസാധനങ്ങള്‍ കൊണ്ടുപോകാനുള്ള പാത്രങ്ങള്‍ മറ്റുപകരണങ്ങള്‍ എന്നിവയും യാത്രചെയ്യാനുള്ള വാഹനങ്ങള്‍ എന്നിവക്കും സൗകര്യമുണ്ടാകണം. ഇതെല്ലാം കടങ്ങളും മറ്റും വീട്ടിയ ശേഷമായിരിക്കേണ്ടതാണ്. 6) കടല്‍ മാര്‍ഗ്ഗമോ കരമാര്‍ഗ്ഗമോ യാത്ര ചെയ്യുന്നവര്‍ സ്വശരീരത്തിലും സ്വത്തിലും നിര്‍ഭയരായിരിക്കല്‍. സ്വത്തില്‍ നിന്ന് അല്‍പമെങ്കിലും -അത് പത്തിലൊന്നായിരുന്നാലും- ചുങ്കമായോ മറ്റോ നല്‍കേണ്ടിവരുന്ന സാഹചര്യത്തില്‍ ഹജ്ജ് നിര്‍ബന്ധമാകുന്നതല്ല. 7) ഹജ്ജ് നിര്‍ബന്ധമായ ശേഷം നടന്നോ മറ്റ് മാര്‍ഗ്ഗത്തിലോ യാത്ര ചെയ്താല്‍ സാധാരണ ഗതിയില്‍ മക്കയില്‍ എത്തിച്ചേരാനുള്ള സമയമുണ്ടായിരിക്കുക. 8) വലിയ ബുദ്ധിമുട്ട് കൂടാതെ വാഹനത്തിലിരുന്ന് യാത്ര ചെയ്യാന്‍ സാധിക്കുക. ഒട്ടകപ്പുറത്ത് യാത്രചെയ്യുന്നവനായിരുന്നാല്‍ ഒട്ടകക്കട്ടിലില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ സാധിക്കണം. സ്ത്രീകളായിരുന്നാല്‍ ഈ ശര്‍ത്തുകള്‍ക്ക് പുറമെ അവരുമായി ഭര്‍ത്താവോ വിവാഹ ബന്ധം തടയപ്പെട്ട ബാപ്പ, സഹോദരന്മാര്‍ മുതലായവരോ അവരുടെ അടിമസ്ത്രീകള്‍, നല്ല തുണക്കാരികള്‍ മുതലായവ ഉണ്ടായിരിക്കുകയും വേണം. ഹജ്ജ് നിര്‍ബന്ധമായ ശേഷം അത് നിര്‍വ്വഹിക്കാതെ മരിച്ചുപോയ വ്യക്തികള്‍ക്ക് വേണ്ടി അവരുടെ സ്വത്തില്‍നിന്നും ഹജ്ജ് ചെയ്യിക്കല്‍ നിര്‍ബന്ധമാണ്. അത് പോലെത്തന്നെ വയസ്സ് കാരണത്താലോ രോഗം കാരണത്താലോ മറ്റോ പോകാന്‍ സാധിക്കാതെ വന്നാലും പകരമായി ഹജ്ജ് ചെയ്യിക്കല്‍ നിര്‍ബന്ധമാകും. മരിച്ചവര്‍ക്ക് വേണ്ടി അവരുടെ അവകാശികള്‍ ഹജ്ജ് ചെയ്യല്‍ സുന്നത്താണ്. അന്യര്‍ ചെയ്യലും അനുവദനീയമാകും. മറ്റൊരാള്‍ക്കു വേണ്ടി ചെയ്യുന്ന വ്യക്തി തന്റെ സ്വന്തം ഹജ്ജ് നിര്‍വഹിച്ചവനായിരിക്കണം. മേല്‍ പറഞ്ഞ നിബന്ധനകളെല്ലാം ഒരുമിച്ചു കൂടിയവര്‍ക്ക് ആയുസ്സില്‍ ഒരു തവണ മാത്രമേ ഹജ്ജ് നിര്‍ബന്ധമാകുകയുള്ളൂ.

ഫര്‍ളുകള്‍ ഹജ്ജിന്റെ ഫര്‍ളുകള്‍ ആറാകുന്നു: 1) ഇഹ്‌റാം ചെയ്യല്‍: ഹജ്ജിനെ ഞാന്‍ കരുതുകയും അല്ലാഹുവിന്നുവേണ്ടി അതിന്ന് ഞാന്‍ ഇഹ്‌റാം കെട്ടുകയും ചെയ്തിരിക്കുന്നു എന്ന് നിയ്യത്തു ചെയ്യുന്നതാണ് ഇഹ്‌റാം. 2) അറഫയില്‍ സന്നിഹിതമാകല്‍: ദുല്‍ഹിജ്ജ ഒമ്പതിന്റെ ഉച്ചക്കു ശേഷവും പത്തിന്റെ പ്രഭാതത്തിന്നിടയിലും ആയിട്ടാണ് ഇത്. അവിടെ ഉറങ്ങിയോ നടന്നോ ഇരുന്നോ എങ്ങനെ ഹാജറായാലും മതി. ഹസ്രത്ത് ഇബ്രാഹീം(അ)ന്റെ പള്ളിയും നമിറ എന്ന സ്ഥലവും അറഫയില്‍ പെട്ടതല്ല. 3) ഇഫാളത്തിന്റെ ത്വവാഫ്: അറഫയില്‍ പങ്കെടുത്ത ശേഷം ചെയ്യുന്ന ത്വവാഫാണിത്. ദുല്‍ഹിജ്ജ പത്താം രാവിന്റെ പകുതിമുതല്‍ ഇതിന്റെ സമയം ആരംഭിക്കുന്നതാണ്. 4) സഅ്‌യ്: മേല്‍ത്വവാഫിന്നു ശേഷം ഏഴുവട്ടം സഫാ-മര്‍വാ കുന്നുകള്‍ക്കിടയില്‍ നടക്കുക. 5) മുടി നീക്കല്‍: തലയില്‍ നിന്ന് ചുരുങ്ങിയത് മൂന്ന് മുടിയെങ്കിലും നീക്കണം. വെട്ടുകയും കളയുകയും ചെയ്യാം. സ്ത്രീകള്‍ക്ക് വെട്ടലും പുരുഷന്മാര്‍ക്ക് കളയലുമാണ് ഉത്തമം. 6) തര്‍ത്തീബ്: ആദ്യം ഇഹ്‌റാം ചെയ്യുക, പിന്നീട് അറഫയില്‍ നില്‍ക്കുക, സഅ്‌യിനേക്കാള്‍ മുടി കളയുന്നതിനേയും ഇഫാളയുടെ ത്വവാഫിനേയും മുന്തിക്കുക എന്നീ വിധത്തില്‍ വഴിക്കുവഴിയായി നിര്‍വഹിക്കലാണ് തര്‍ത്തീബ്.

മേല്‍പറഞ്ഞ ഫര്‍ളുകളില്‍ ഒന്ന് ഒഴിഞ്ഞു പോയാല്‍ അതിന്ന് പ്രായശ്ചിത്തമായി അറുത്തു കൊടുക്കല്‍ മതിയാകുന്നതല്ല. അറഫയിലുള്ള നിറുത്തം അല്ലാത്തവയെല്ലാം ഉംറയുടെയും ഫര്‍ളുകളാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter