പ്രവാചകര്‍, അതുല്യ വ്യക്തിത്വം- 3

ഭാഗം 3

അധികാരം ആ കൈകളിലെത്തിയപ്പോള്‍

ക്രിസ്ത്വബ്ദം 631. പ്രവാചകര്‍ അനുയായികളോടൊപ്പം തന്റെ ജന്മ നാടായ മക്കയിലേക്ക് തിരിച്ചുവരുന്നു. ഏകദൈവവിശ്വാസത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചു എന്ന ഏകകാരണം കൊണ്ട് ഒമ്പത് വര്‍ഷം മുമ്പ് തന്നെയും അനുയായികളെയും ജന്മനാട് ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബദ്ധരാക്കിയവരാണ് മക്കാനിവാസികള്‍. ഇന്ന് പ്രവാചകരുടെ അനുയായികള്‍ ഏറെയാണ്, ശക്തിയും സന്നാഹവും വേണ്ടത്രയുണ്ട്. മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും പ്രതിരോധിക്കണമെന്നും ആദ്യമൊക്കെ പലരും അഭിപ്രായപ്പെട്ടെങ്കിലും പ്രവാചകരും അനുയായികളും കടന്നുവരുന്നത് കണ്ടതോടെ അവരെല്ലാം ആ ചിന്ത ഉപേക്ഷിച്ച്, സുരക്ഷിത താവളങ്ങള്‍ തേടി ഉള്‍വലിഞ്ഞു. വിജയശ്രീലാളിതനായ പ്രവാചകര്‍ കഅ്ബാലയത്തിന് സമീപമെത്തി. രക്ഷപ്പെടാനാവാതെ പലരും അവിടെ കുടുങ്ങിനില്‍പ്പുണ്ട്. ചുറ്റുപാടുമുള്ള കുന്നുകളിലൊളിച്ചവരും വീടുകള്‍ക്കുള്ളില്‍ വാതിലടച്ചിരുന്നവരും ആ രംഗം വീക്ഷിക്കുന്നുണ്ട്. തന്നെയും അനുയായികളെയും പീഢിപ്പിച്ചവരോട് എന്തെങ്കിലും പ്രതികാരനടപടി ഉണ്ടാവാതിരിക്കില്ലെന്ന് അവരൊക്കെ ന്യായമായും പ്രതീക്ഷിച്ചു. എന്നാല്‍ ചരിത്രം പോലും മൂക്കത്ത് വിരല്‍ വെച്ചുപോയ രംഗങ്ങളാണ് പിന്നീട് അവിടെ കാണാനായത്. സ്വതസിദ്ധമായ പുഞ്ചിരിയോടെ പ്രവാചകര്‍ അവരെ അഭിസംബോധനചെയ്തു, അവിടന്ന് ചോദിച്ചു, നിങ്ങളോട് ഞാന്‍ എങ്ങനെ പെരുമാറുമെന്നാണ് നിങ്ങള്‍ കരുതുന്നത്? പ്രതീക്ഷ ഒട്ടുമില്ലെങ്കിലും അവര്‍ ഇങ്ങനെ പ്രതിവചിച്ചു, താങ്കള്‍ മാന്യനായ ഒരു സഹോദരനാണ്, താങ്കളുടെ പിതാവും അങ്ങനെത്തന്നെയായിരുന്നല്ലോ. അത് പറയുമ്പോഴും അവരുടെ കാല്‍മുട്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു, വാക്കുകള്‍ പുറത്തുവരാതെ അവര്‍ ഗദ്ഗദകണ്ഠരാവുന്നുണ്ടായിരുന്നു.

അവരുടെ ഭീതമനസ്സുകളില്‍ ആശ്വാസത്തിന്റെ തെളിനീര്‍ പൊഴിച്ച് പ്രവാചകര്‍ ഇങ്ങനെ പറഞ്ഞു, നിങ്ങളെക്കുറിച്ച് ആക്ഷേപത്തിന്റെ ഒരു വാക്ക് പോലും ഞാന്‍ പറയുന്നില്ല, പോയിക്കൊള്ളുക, നിങ്ങളെല്ലാം സ്വതന്ത്രരാണ്, അല്ലാഹു എനിക്കും നിങ്ങള്‍ക്കും പൊറുത്തൂതരട്ടെ. ആ അധരങ്ങളില്‍ അപ്പോഴും വിടര്‍ന്നുനിന്നത് പുഞ്ചിരിയായിരുന്നു.

തന്റെ മുന്നില്‍ വിറയലോടെ നില കൊണ്ട ആ ജനക്കൂട്ടത്തെ സ്വതന്ത്രരായി പറഞ്ഞയക്കുമ്പോള്‍ അവിടെ പ്രവാചകര്‍ കീഴടക്കിയത് അവരുടെ മനസ്സുകളെയായിരുന്നു.

പോരാട്ടങ്ങളുടെയും സൈനിക ഇടപെടലുകളുടെയും അതുവരെയുള്ള ചരിത്രത്താളുകള്‍ വീര്‍പ്പടക്കി നിന്ന  സന്ദര്‍ഭമായിരുന്നു അത്. ശേഷം വരാനിരിക്കുന്ന ദിനങ്ങളും ആ ചരിത്രമുഹൂര്‍ത്തത്തെ മനസ്സാ നമിക്കാതിരിക്കില്ല.

ആ വിനയഗോപുരത്തിന് മുന്നില്‍

ഒരിക്കല്‍ നബി തിരുമേനിയെ കാണാന്‍ വേണ്ടി ഒരാള്‍ വന്നു.

തിരു സന്നിധിയില്‍ വന്നു നിന്ന അയാള്‍ സംസാര മദ്ധ്യേ പേടിച്ചു വിറക്കുന്നുണ്ടായിരുന്നു. അത് ശ്രദ്ധയില്‍ പെട്ട പ്രവാചകര്‍ (സ്വ) പുഞ്ചിരിച്ചുകൊണ്ട് സ്നേഹ പൂര്‍വ്വം ഇങ്ങനെ പറഞ്ഞു: സഹോദരാ.. നിങ്ങള്‍ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്. ധൈര്യപൂര്‍വ്വം സമാധാനത്തോടെ കാര്യം പറഞ്ഞോളൂ. ഞാന്‍ ഒരു രാജാവൊന്നും അല്ല കേട്ടോ.

തിന്നാന്‍ ഉണക്ക മാംസം അല്ലാതെ യാതൊന്നും കൈ വശം ഉണ്ടായിരുന്നില്ലാത്ത ഒരു പാവം പെണ്ണിന്റെ മകന്‍ ആയി ഈ മരുഭൂമിയില്‍ വളര്‍ന്നു വന്ന ഒരു പാവം മനുഷ്യന്‍ മാത്രമാണ് ഞാന്‍”

അധികാരത്തിന്റെ നാലയലത്ത് കൂടി സഞ്ചരിക്കുമ്പോഴേക്കും പ്രമത്തരാവുകയും അഹന്തയും ഔദ്ധത്യവും പ്രകടിപ്പിക്കാനും ഇതരരോട് പ്രതികാരം തീര്‍ക്കാനും അതൊരു അവസരമായി മുതലെടുക്കുകയും ചെയ്യുന്നവര്‍ക്ക് ആ വാക്കുകള്‍ക്ക് കാതോര്‍ത്തിരുന്നെങ്കില്‍ ….

ആ സമക്ഷത്തില്‍ എല്ലാവരും തുല്യര്‍

പ്രവാചകരുടെ പള്ളി അടിച്ചു വാരാന്‍ വരാറുണ്ടായിരുന്ന ഒരു പാവം വൃദ്ധ ഒരു രാത്രി കാലത്ത് മരണപ്പെട്ടു. ഉറ്റവരും ഉടയവരുമായി ആരും ഇല്ലാതിരുന്ന ആ സ്ത്രീയെ പ്രവാചകാനുചരന്മാര്‍ ആരെയും അറിയിക്കാതെ രാത്രി തന്നെ അവരുടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. പ്രവാചകരെയും അവര്‍ ആ വിവരം അറിയിച്ചില്ല.

പിന്നീട്, ആ സ്ത്രീയെ കാണാതെ വന്നപ്പോള്‍ വിവരം തിരക്കിയ പ്രവാചകരോട് അവര്‍ പറഞ്ഞു:

അവര്‍ മരണപ്പെട്ടു പ്രവാചകരേ, അവര്‍ക്ക് ബന്ധുക്കളായി ആരുമില്ലായിരുന്നല്ലോ, അത് കൊണ്ട് ആരോടും വിവരം പറയാന്‍ നില്‍ക്കാതെ അന്ന് രാത്രി തന്നെ ഖബറടക്കം ചെയ്യുകയായിരുന്നു.

തെല്ലു വിഷമത്തോടെ നബി (സ്വ:) പറഞ്ഞു:

എന്തേ നിങ്ങള്‍ക്ക് എന്നോടൊന്ന് വിവരം പറയാമായിരുന്നില്ലേ? ഏതായാലും അവരുടെ ഖബ്ര്‍ (അടക്കം ചെയ്ത സ്ഥലം) എനിക്കൊന്നു കാണിച്ചു തരൂ.

അവര്‍ പ്രവാചകര്‍ക്ക് ആ സ്ഥലം കാണിച്ചു കൊടുത്തു. പ്രവാചകര്‍ അവിടെ ചെന്ന് പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി.

അതായിരുന്നു പ്രവാചകര്‍. സാമൂഹ്യസ്ഥാനമാനങ്ങള്‍ക്ക് അവിടെ ഒട്ടുമേ പ്രസക്തിയില്ലായിരുന്നു. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഉള്ള വ്യത്യാസം പോലും പ്രവാചകര്‍ക്കറിയില്ലായിരുന്നു. ലോകാവസാനം വരുന്ന തന്റെ അനുയായികള്‍ക്ക് കൂടി മാനവികതയുടെ ആ വലിയ പാഠം പകര്‍ന്നുനല്‍കുക കൂടിയായിരുന്നു പ്രവാചകര്‍ ഇതിലൂടെ ചെയ്തത്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter