നോമ്പ്: ചില നിവാരണങ്ങള്‍

ചോദ്യം: മുന്‍സമുദായങ്ങള്‍ക്ക് നോമ്പുണ്ടായിരുന്നോ?

 

ഉത്തരം: അതെ, എന്നാല്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന റമളാന്‍ നോമ്പ് നമ്മുടെ പ്രത്യേകതയാണ്. (ഇആനത്ത് 2:215)
ചോദ്യം: റമളാന്‍ നോമ്പ് ഫര്‍ളാക്കപ്പെട്ടതെന്ന്?
ഉത്തരം: ഹിജ്‌റ രണ്ടാം വര്‍ഷത്തിലെ ശഅബാനില്‍
(എ.ഡി 642) -(തുഹ്ഫ 3:408)
ചോദ്യം: 30 നോമ്പ് ലഭിച്ചാലും 29 നോമ്പ് ലഭിച്ചാലും പ്രതിഫലം തുല്യമാണോ?
ഉത്തരം: റമളാന്‍ നോമ്പ് എന്ന നിലക്ക് പ്രതിഫലം തുല്യമാണ്. ദിവസങ്ങളെ പരിഗണിച്ച് നോക്കിയാല്‍ മുപ്പത് പൂര്‍ത്തിയായി കിട്ടിയ നോമ്പില്‍ മാസത്തില്‍ കൂടുതല്‍ പ്രതിഫലമുണ്ട്. (തുഹ്ഫ 3:408)
ചോദ്യം: നബി(സ) എത്ര വര്‍ഷം നോമ്പ് പിടിച്ചിട്ടുണ്ട്?
ഉത്തരം: ഒമ്പത് വര്‍ഷം.
ചോദ്യം: ഈ വര്‍ഷങ്ങളില്‍ മുപ്പത് പൂര്‍ത്തിയാക്കിയിട്ടുണ്ടോ?
ഉത്തരം: ഇല്ല. ഒമ്പത് വര്‍ഷങ്ങളില്‍ ഒരു വര്‍ഷമാണ് മുപ്പത് പൂര്‍ത്തിയായി കിട്ടിയത്. (തുഹ്ഫ 3:408)
ചോദ്യം: റമളാന്‍ ആരംഭത്തില്‍ അവലംബിക്കേണ്ട മാനദണ്ഡങ്ങള്‍ എന്തെല്ലാം?
ഉത്തരം: ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കുക. അല്ലെങ്കില്‍ ഇരുപത്തി ഒമ്പതിന് മാസം കണ്ടതായി സ്ഥിരപ്പെടുക. (തുഹ്ഫ 3:409)
ചോദ്യം: കണക്കു നോക്കി റമളാന്‍മാസം മുന്‍കൂട്ടി ഉറപ്പിച്ചു കൂടേ?
ഉത്തരം: പാടില്ല. അതിന് ഖുര്‍ആനിലോ ഹദീസിലോ കര്‍മശാസ്ത്രഗ്രന്ഥങ്ങളിലോ തെളിവില്ല. (നിഹായ 3:153)
ചോദ്യം: നോമ്പിനേക്കാള്‍ മഹത്വമുള്ള നിസ്‌കാരത്തിന്റെ സമയം നിര്‍ണയിക്കാന്‍ കണക്ക് അവലംബിക്കാറില്ലേ?
ഉത്തരം: അതെ. അത് അവലംബിക്കുകയും ചെയ്യാം. കാരണം നിസ്‌കാരസമയം പ്രവേശിക്കുന്നത് (ഉദാ: ളുഹ്‌റ്) സൂര്യന്‍ മദ്ധ്യത്തില്‍നിന്ന് തെറ്റല്‍ കൊണ്ടാണ്. തെറ്റല്‍ കാണല്‍കൊണ്ടല്ല. മഗ്‌രിബിന്റെ സമയം സൂര്യന്‍ അസ്തമിക്കലാണ്. അസ്തമിക്കല്‍ കാണല്‍ കൊണ്ടല്ല. ഇതുപോലെത്തന്നെയാണ് മറ്റു നിസ്‌കാരങ്ങളുടെ സമയങ്ങളും അതുകൊണ്ടുതന്നെ ഏതു മാര്‍ഗത്തിലൂടെയാവട്ടെ സമയമായി എന്നറിഞ്ഞാല്‍ മതി. നിസ്‌കാരം നിര്‍ബന്ധമാവും.
നോമ്പും പെരുന്നാളും നിര്‍ണയിക്കാന്‍ കേവലം ചന്ദ്രനുദിക്കല്‍ കാരണമായി പറഞ്ഞിട്ടില്ല. മറിച്ച് അതിന്റെ ദര്‍ശനമാണ് പറഞ്ഞിട്ടുള്ളത്. നബി(സ) പറയുന്നത് കാണുക: ”മാസപ്പിറവി ദര്‍ശിച്ചതിനു വേണ്ടി നിങ്ങള്‍ നോമ്പനുഷ്ഠിക്കുക. അതു ദര്‍ശിച്ചതിനുവേണ്ടി നിങ്ങള്‍ പെരുന്നാള്‍ ആഘോഷിക്കുക. ഇനി നിങ്ങള്‍ക്ക് മേഘംമൂടപ്പെട്ടാല്‍ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കുക.” (ബുഖാരി 2:388)
ചോദ്യം: നോമ്പ് സ്ഥിരപ്പെടാന്‍ എത്രപേര്‍ മാസം കാണണം?
ഉത്തരം: നീതിമാനായ ഒരു വ്യക്തി. (പെരുന്നാള്‍ സ്ഥിരപ്പെടാന്‍ രണ്ടാള്‍ കാണണം.) (തുഹ്ഫ 3:412)
ചോദ്യം: സ്ത്രീ മാസം കാണല്‍കൊണ്ട് നോമ്പ് പിടിക്കാമോ?
ഉത്തരം: ഖാളിക്ക് ഉറപ്പിക്കാന്‍ പറ്റില്ല. സ്ത്രീയെ വിശ്വസിച്ചവര്‍ക്ക് അവളുടെ വാക്ക് സ്വീകരിക്കാം. (തുഹ്ഫ 3:416)
ചോദ്യം: സ്ത്രീ മാസം കണ്ട അടിസ്ഥാനത്തില്‍ ഒരാള്‍ നോമ്പ് പിടിച്ചു. റമളാന്‍ മുപ്പത് പൂര്‍ത്തിയാക്കി. പക്ഷെ പെരുന്നാള്‍ മാസപ്പിറവി കണ്ടില്ല. എന്നാല്‍ ഇയാള്‍ക്ക് പെരുന്നാള്‍ ആഘോഷിക്കാമോ?
ഉത്തരം: പറ്റില്ല. മാസം കാണാതെ പെരുന്നാള്‍ ആഘോഷിച്ചുകൂടാ. (ചിലപ്പോള്‍ ഇയാള്‍ 31 നോമ്പ് പിടിക്കേണ്ടി വരും). (തുഹ്ഫ 3:418)
ചോദ്യം: എല്ലാ മാസങ്ങളിലും മാസപ്പിറവി കണ്ടുപിടിക്കുന്നതിന്റെ വിധിയെന്ത്?
ഫര്‍ള്കിഫായ (സാമൂഹ്യ ബാധ്യത). (ബിഗായ 108)


(, സുന്നി അഫ്കാര്‍ വാരിക, 2005, ഒക്ടോബര്‍: 19, സുന്നി മഹല്‍, മലപ്പുറം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter