നോമ്പുകാലത്തെ സംശയങ്ങള്‍

നോമ്പുകാരനായ ഒരാള്‍ പുഴവക്കിലൂടെ നടന്നുപോവുമ്പോള്‍ ഒരാള്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടു. ഉടനെ നോമ്പുകാരന്‍ വെള്ളത്തില്‍ ചാടുകയും മുങ്ങുന്ന ആളെ രക്ഷപ്പെടുത്തുകയും ചെയ്തു. പക്ഷേ ഉള്ളിലേക്ക് വെള്ളം കടന്ന് അയാളുടെ നോമ്പ് മുറിഞ്ഞുപോയി. ഒരാളെ രക്ഷപ്പെടുത്താന്‍ വേണ്ടി നോമ്പു മുറിച്ചതിന് അയാള്‍ കുറ്റക്കാരനാവുമോ. നഷ്ടപ്പെട്ട നോമ്പു ഖളാഅ്‌വീട്ടിയാല്‍ മതിയോ?


= അപകടത്തില്‍പെട്ട ഒരാളെ രക്ഷപ്പെടുത്തല്‍ അതിനു കഴിവുള്ളവര്‍ക്ക് നിര്‍ബന്ധമാണ്. നോമ്പു മുറിച്ചാണെങ്കിലും രക്ഷപ്പെടുത്തണം. അതിനാല്‍ ചോദ്യത്തില്‍ പറഞ്ഞ നോമ്പുകാരന്‍ കുറ്റക്കാരനാകുന്നതല്ല. അയാളുടെ ബാധ്യത നിറവേറ്റുക മാ്രതമാണയാള്‍ ചെയ്തത്. എങ്കിലും നഷ്ടപ്പെട്ട നോമ്പ് ഖളാഅ് വീട്ടണം. മറ്റൊരാള്‍ക്ക് വേണ്ടി മുറിച്ചതായതിനാല്‍ ഒരു മുദ്ദ് ധാന്യം ഫിദ്‌യയായി നല്‍കുകയും വേണം.
ഗര്‍ഭിണിയും മുലയൂട്ടുന്നവളും റമളാന്‍ നോമ്പ് നഷ്ടപ്പെടുത്തിയാല്‍ ഖളാഅ് വീട്ടുന്നതിനു പുറമെ ഫിദ്‌യ കൊടുക്കുക കൂടി വേണമെന്ന് ഒരു പ്രസംഗത്തില്‍ കേട്ടു. ഇത് ശരിയാണോ?
= ഒരാള്‍ ഗര്‍ഭിണിയോ മുലയൂട്ടുന്നവളോ ആയത് കൊണ്ട് മാത്രം റമളാന്‍ നോമ്പ് ഉപേക്ഷിക്കാവതല്ല. നോമ്പ് നോല്‍ക്കുന്നത് കൊണ്ട് തയമ്മും അനുവദനീയമാകുന്ന വിധത്തിലുള്ള പ്രയാസമുണ്ടായാല്‍ മാത്രമെ നോമ്പ് ഉപേക്ഷിക്കാവൂ. നോമ്പ് ഉപേക്ഷിച്ചത് കുട്ടിക്ക് വേണ്ടി മാത്രമാണെങ്കില്‍ ഖളാഅ് വീട്ടുന്നതിനു പുറമെ ഫിദ്‌യ കൊടുക്കുക കൂടി വേണം. സ്വന്തം ശരീരത്തിന്റെ വിഷമം കൊണ്ടോ കുട്ടിയുടെയും സ്വന്തത്തിന്റെയും ബുദ്ധിമുട്ടിന് വേണ്ടിയോ ആണ് നോമ്പ് ഒഴിവാക്കിയതെങ്കില്‍ ഖളാഅ് വീട്ടിയാല്‍ മാത്രം മതി. ഫിദ്‌യ വേണ്ടതില്ല. (ബുശ്‌റല്‍കരീം 2/72)
ഈ കൊല്ലം എനിക്കു കുറച്ചു ദിവസം തറാവീഹ് നഷ്ടപ്പെട്ടിട്ടുണ്ട്. റമളാന്‍ കഴിഞ്ഞസ്ഥിതിയില്‍ ഒഴിവുള്ള സമയത്ത് അവ ഖളാഅ് വീട്ടാമോ?


= സമയം നിശ്ചയിക്കപ്പെട്ട സുന്നത്ത് നിസ്‌കാരങ്ങള്‍ അവ ഏതു സമയത്താണെങ്കിലും ഖളാഅ് വീട്ടല്‍ സുന്നത്താകുന്നു. (തുഹ്ഫ 2/237). തറാവീഹ് നിസ്‌കാരം സമയം നിശ്ചയിക്കപ്പെട്ട സുന്നത്ത് നിസ്‌കാരമാണല്ലോ. അതിനാല്‍ നഷ്ടപ്പെട്ട തറാവീഹ് നിസ്‌കാരം റമളാന്‍ കഴിഞ്ഞ ശേഷമാണെങ്കിലും ഖളാഅ് വീട്ടല്‍ സുന്നത്താകുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ട നിസ്‌കാരമാണെങ്കിലും ഖളാഅ് വീട്ടല്‍ സുന്നത്തുണ്ട്.
വുളൂഅ് ചെയ്ത് പള്ളിയില്‍ പ്രവേശിച്ച ഒരാള്‍ വുളൂഇന്റെ സുന്നത്തും തഹിയ്യത്തും വെവ്വേറെ നിസ്‌കരിക്കാനുദ്ദേശിക്കുന്നു. ഏതിനെയാണ് മുന്തിക്കേണ്ടത്?
= വുളൂഅ് ചെയ്ത് പള്ളിയില്‍ പ്രവേശിച്ച ആള്‍ രണ്ടിലൊന്നോ രണ്ടും കൂടിയോ കരുതി രണ്ട് റക്അത്ത് നിസ്‌കരിച്ചാല്‍ രണ്ടിന്റെയും സുന്നത്ത് വീടാന്‍ അതു മതിയാകുന്നതാണ്. എങ്കിലും രണ്ടും വെവ്വേറെ നിസ്‌കരിക്കലാണ് ശ്രേഷ്ടമേറിയത്. ഇങ്ങനെ ചെയ്യുമ്പോള്‍ തഹിയ്യത് നിസ്‌കാരമാണ് ആദ്യം നിസ്‌കരിക്കേണ്ടത്. വുളൂഇന്റെ സുന്നത്ത് ആദ്യം നിര്‍വഹിച്ചാല്‍ തഹിയ്യത്ത് നഷ്ടപ്പെടുമെന്നത് തന്നെ കാരണം. (ശര്‍വാനി 2/237)


വുളു ഇല്ലാതെയാണ് ഒരാള്‍ പള്ളിയില്‍ പ്രവേശിച്ചത്. അപ്പോള്‍ തഹിയ്യത്ത് നിസ്‌കരിക്കാന്‍ പറ്റില്ലല്ലോ. ഈ സാഹചര്യത്തില്‍ തഹിയ്യത്തിന് പകരമായി വല്ലതും ചെയ്യാനുണ്ടോ?
= പള്ളിയില്‍ ഇരിക്കാന്‍ വേണ്ടി വുളൂവോട് കൂടിയല്ലാതെ പ്രവേശിക്കല്‍ കറാഹത്താകുന്നു. വുളൂഅ് ഇല്ലാതെ പ്രവേശിച്ചതുകൊണ്ടോ സൗകര്യപ്പെടാത്തതു കൊണ്ടോ തഹിയ്യത്ത് നിസ്‌കരിക്കാത്ത സാഹചര്യത്തില്‍ ‘സുബ്ഹാനല്ലാഹ് വല്‍ഹംദുലില്ലാഹ് വലാ ഇലാഹ ഇല്ലല്ലാഹ് വല്ലാഹു അക്ബര്‍’ എന്നു നാലു പ്രാവശ്യം പറയല്‍ സുന്നത്താകുന്നു. (തുഹ്ഫ 2/236). ‘വലാ ഹൗലവലാ ഖുവ്വത ഇല്ലാ ബില്ലാഹില്‍ അലിയ്യില്‍ അളീം’ എന്നു കൂടി പറയല്‍ സുന്നത്തുണ്ടെന്ന് ശര്‍വാനി പ്രസ്താവിച്ചിരിക്കുന്നു.


ഖസ്വ്ര്‍ കരുതി ളുഹര്‍ നിസ്‌കാരം ആരംഭിച്ച ഒരു യാത്രക്കാരന്‍ മറന്ന് മൂന്നാം റക്അത്തിലേക്ക് എഴുന്നേറ്റാല്‍ എന്തുചെയ്യണം?
= ഖസ്വ്‌റായി നിസ്‌കരിക്കുന്ന ആള്‍ പൂര്‍ത്തിയാക്കലിനെ നിര്‍ബന്ധമാക്കുന്ന കാരണമില്ലാതെ മനഃപൂര്‍വം മൂന്നാം റക്അത്തിലേക്കെഴുന്നേറ്റാല്‍ നിസ്‌കാരം ബാത്വിലാകുന്നതാണ്. സാധാരണ ളുഹര്‍ നിസ്‌കരിക്കുന്ന ആള്‍ മനഃപൂര്‍വം അഞ്ചാം റക്അത്തിലേക്കെഴുന്നേല്‍ക്കുന്നത് പോലെയാണത്. മൂന്നാം റക്അത്തിലേക്കെഴുന്നേറ്റത് മറന്നുകൊണ്ടാണെങ്കില്‍ ഇരുത്തത്തിലേക്ക് മടങ്ങുകയും സഹ്‌വിന്റെ സൂജൂദ് ചെയ്ത് സലാം വീട്ടുകയും വേണം. മറന്നവനായി മൂന്നാം റക്അത്തിലേക്ക് എഴുന്നേറ്റ ആള്‍ പൂര്‍ത്തിയായി നിസ്‌കരിക്കാന്‍ ഉദ്ദേശിച്ചാല്‍ ഇരുത്തത്തിലേക്ക് മടങ്ങുകയും പൂര്‍ത്തിയാക്കുകയാണെന്ന നിയ്യത്തോടെ വീണ്ടും എഴുന്നേല്‍ക്കുകയും വേണം. (തുഹ്ഫ 2/391)


സഹ്‌വിന്റെയും തിലാവത്തിന്റെയും സുജൂദില്‍ ചൊല്ലാന്‍ പ്രത്യേക ദിക്‌റ് ഉണ്ടല്ലോ. എന്നാല്‍ ശുക്‌റിന്റെ സുജൂദില്‍ എന്താണ് ചൊല്ലേണ്ടത്?-നൗഷാദ് ചെറുവണ്ണൂര്‍
= രൂപത്തിലും, നിര്‍ബന്ധവും സുന്നത്തുമായ കാര്യങ്ങളിലും തിലാവത്തിന്റെ സുജൂദ് പോലെയാണ് ശുക്‌റിന്റെ സജൂദെന്ന് തുഹ്ഫ 2/218-ല്‍ പ്രസ്താവിച്ചിരിക്കുന്നു. തിലാവത്തിന്റെ സുജൂദില്‍ ചൊല്ലാനുള്ള ദിക്‌റ് തന്നെയാണ് ശുക്‌റിന്റെ സുജൂദിലും ചൊല്ലേണ്ടതെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.


ഉറങ്ങാന്‍ കിടക്കുമ്പോള്‍ വുളൂഅ് എടുക്കല്‍ സുന്നത്താണെന്ന് പറയുന്നു. നമ്മുടെ മദ്ഹബില്‍ ഭാര്യയെ തൊട്ടാല്‍ വുളൂഅ് മുറിയുകയും ചെയ്യും. എങ്കില്‍ ഭാര്യാഭര്‍ത്താക്കള്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ വുളുചെയ്യല്‍ സുന്നത്തുണ്ടോ? ഉണ്ടെങ്കില്‍ ആ വുളൂ അ് കൊണ്ട് പ്രയോജനമെന്താണ്, തൊട്ടാല്‍ മുറിയുമല്ലോ?
= ഉറങ്ങാന്‍ കിടക്കുമ്പോള്‍ വുളു ചെയ്യല്‍ സുന്നത്തുണ്ട്. ഭാര്യ-ഭര്‍ത്താക്കന്‍മാര്‍ക്കും സുന്നത്തുണ്ട്. തൊട്ടാല്‍ വുളൂഅ് മുറിയുമെങ്കിലും വുളൂഅ് എടുത്തതിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. തൊട്ടാല്‍ എന്നതു പോലെ ഉറങ്ങിയാലും വുളൂഅ് മുറിയുമല്ലോ.


ഖബ്‌റിനു സമീപം വെച്ച് മയ്യിത്ത് നിസ്‌കരിക്കുമ്പോള്‍ പലരും ചെരിപ്പ് ധരിക്കുന്നതായി കാണുന്നു. ഇതിന് വിരോധമുണ്ടോ?
= പാദരക്ഷ ധരിച്ച് നിസ്‌കരിക്കുന്നതിന് വിരോധമൊന്നുമില്ല. നിസ്‌കാരത്തിന്റെ ശര്‍ത്വുകള്‍ മയ്യിത്ത് നിസ്‌കാരത്തിനും ബാധകമാണ്. ചെരുപ്പില്‍ നജസുണ്ടെങ്കില്‍ അത് ധരിച്ച് നിസ്‌കരിച്ചാല്‍ സ്വഹീഹാകുന്നതല്ല. നിസ്‌കാരത്തില്‍ നജസ് ചുമക്കാന്‍ പാടില്ല എന്നതുതന്നെ കാരണം.


ഖുര്‍ആന്‍ ഓതിക്കൊണ്ട് ഒരാള്‍ പള്ളിയിലേക്കു വരുന്നു. തിലാവത്തിന്റെ സുജൂദ് ചെയ്യാനുള്ള ആയത്ത് അവസാനിച്ചതും പള്ളിയില്‍ പ്രവേശിച്ചതും ഒപ്പമാണ്. സുജൂദാണോ തഹിയ്യത്ത് നിസ്‌കാരമാണോ ആദ്യം നിര്‍വഹിക്കേണ്ടത്.
= തിലാവത്തിന്റെ സുജൂദാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട് തഹിയ്യത്ത് നിസ്‌കരിക്കണം. തഹിയ്യത്ത് ആദ്യം നിസ്‌കരിച്ചാല്‍ സുജൂദ് നഷ്ടപ്പെടുന്നതാണ്. സുജൂദ് ആദ്യം ചെയ്താല്‍ തഹിയ്യത്ത് നഷ്ടപ്പെടുകയില്ല. അത് ഇനിയും നിര്‍വഹിക്കാവുന്നതാണ്. രണ്ടില്‍ ഒന്നുമാത്രമെ ചെയ്യുന്നുള്ളൂവെങ്കില്‍ തിലാവത്തിന്റെ സുജൂദാണ് തഹിയ്യത്തിനേക്കാള്‍ ശ്രേഷ്ടമേറിയത്. (ബുശ്‌റല്‍കരീം 1/ 101)


ഫര്‍ളിനെക്കാള്‍ ശ്രേഷ്ടതയുള്ള സുന്നത്തുണ്ടോ?
= സുന്നത്തിനെക്കാള്‍ ഫര്‍ളിനാണ് ശ്രേഷ്ടതയുള്ളത് (പ്രതിഫലം കൂടുതലുള്ളത്). സുന്നത്തിന്റെ എഴുപത് ഇരട്ടി പ്രതിഫലം ഫര്‍ളിന് ലഭിക്കുന്നതാണ്. എങ്കിലും ചില സുന്നത്തുകള്‍ക്ക് ഫര്‍ളിനെക്കാള്‍ പുണ്യമുണ്ട്. സലാം പറയല്‍ സുന്നത്തും മടക്കല്‍ ഫര്‍ളുമാണല്ലോ. ഇവിടെ മടക്കുന്നതിനെക്കാള്‍ പറയലാണ് പുണ്യമേറിയത്. ഞെരുക്കക്കാരനായ കടക്കാരന് കഴിവുണ്ടാകുന്നത് വരെ താമസംചെയ്തുകൊടുക്കല്‍ നിര്‍ബന്ധമാണ്. കടം വിട്ടു കൊടുക്കല്‍ സുന്നത്തുമാണ്. ഇവിടെ താമസംചെയ്തു കൊടുക്കുന്നതിനെക്കാള്‍ ശ്രേഷ്ടകരമായത് വിട്ടുകൊടുക്കുന്നതിനാണ്. (ബുശ്‌റല്‍കരീം 1/101)


സുന്നത്ത് നിസ്‌കാരങ്ങളില്‍ ഏറ്റം ശ്രേഷ്ടമേറിയത് ഏതാണ്?  ചെറിയപെരുന്നാള്‍ നിസ്‌കാരമാണോ വലിയപെന്നാള്‍ നിസ്‌കാരമാണോ ശ്രേഷ്ടമേറിയത്?
=സുന്നത്ത്‌നിസ്‌കാരങ്ങളില്‍ ഏറ്റം ശ്രേഷ്ടമേറിയത് രണ്ട് പെരുന്നാള്‍നിസ്‌കാരങ്ങളാകുന്നു. ജമാഅത്ത് സുന്നത്തുണ്ടെന്നതിലും സമയം നിര്‍ണ്ണിതമാണെന്നതിലും പെരുന്നാള്‍ നിസ്‌കാരം ഫര്‍ളിനോട് തുല്യമായതാണ്. മാത്രമല്ല, പെരുന്നാള്‍ നിസ്‌കാരം ഫര്‍ള് കിഫായ ആണെന്ന് അഭിപ്രായവുമുണ്ട്. രണ്ട് പെരുന്നാള്‍ നിസ്‌കാരത്തില്‍ വലിയ പെരുന്നാള്‍ നിസ്‌കാരമാണ് ശ്രേഷ്ടതയേറിയത്. ഹജ്ജ്, ഉളുഹിയ്യത്ത് എന്നീ രണ്ട് പുണ്യകര്‍മങ്ങളുള്ള ആദരണീയമായ മാസങ്ങളില്‍പെട്ട ദുല്‍ഹിജ്ജ മാസത്തിലാണല്ലോ വലിയപെരുന്നാള്‍നിസ്‌കാരം നിര്‍വഹിക്കുന്നത്. (ബുശ്‌റല്‍കരീം 1/101)


മാരക രോഗം പോലെയുള്ള വിപത്തിലകപ്പെട്ട ആളെ കാണുമ്പോള്‍ ചൊല്ലാന്‍ വല്ല ദിക്‌റുമുണ്ടോ?
= വിപത്തിലകപ്പെട്ട ആളെ കാണുമ്പോള്‍ ‘അല്‍ഹംദുലില്ലാഹില്ലദീ ആഫാനീ മിമ്മബ്തലാക ബിഹീ വ ഫള്ളലനീ അലാ കസീരിന്‍ മിമ്മല്‍ ഖലഖ തഫ്‌ളീലാ’ എന്നു പതുക്കെ പറയല്‍ സുന്നത്താകുന്നു. ഇങ്ങനെ ചൊല്ലിയാല്‍ അയാളുടെ ജീവിതകാലം മുഴുവനും ആ വിപത്ത് എത്തുകയില്ലെന്ന് തുര്‍മുദി നിവേദനം ചെയ്ത ഹദീസില്‍ വന്നിരിക്കുന്നു. (ബുശ്‌റല്‍കരീം 1/101)

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter