ഹുദൈബിയ്യ സന്ധി
ഉംറക്കുവേണ്ടി മക്കയിലേക്ക്
അഞ്ചുവര്‍ഷം കഴിഞ്ഞതോടെ മദീനയില്‍ മുസ്‌ലിംകള്‍ക്ക് നിര്‍ഭയമായ ഒരസ്തിത്വം കൈവന്നു. ഇനി തങ്ങളുടെ ഹൃദയഭൂമിയായ മക്കയിലേക്കു കടന്നുചെല്ലുന്നതിനെക്കുറിച്ച് അവര്‍ ആഗ്രഹിച്ചുതുടങ്ങി. അപ്പോഴേക്കും അതിന്റെ സാധ്യതകള്‍ പ്രകടമായിത്തുടങ്ങിയിരുന്നു. ആയിടെയാണ് താന്‍ മക്കയിലേക്കു പ്രവേശിക്കുന്നതും കഅബാലയം പ്രദക്ഷിണം ചെയ്യുന്നതുമായി പ്രവാചകന്‍ ഒരു സ്വപ്നം കാണുന്നത്. അവരിത് അനുയായികളുമായി പങ്കുവെച്ചു. സ്വഹാബികള്‍ക്ക് സന്തോഷിക്കാനുള്ള അവസരമായിരുന്നു ഇത്. അടുത്തുതന്നെ മക്കാപ്രവേശം സാധ്യമാകുമെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചു. അതിനായി തയ്യാറാവുകയും ചെയ്തു.
ഹിജ്‌റ വര്‍ഷം ആറ്; ദുല്‍ഖഅദ മാസം. പ്രവാചകന്‍ ഉംറ നിര്‍വഹിക്കാനായി മക്കയിലേക്കു പുറപ്പെട്ടു. കൂടെ ആയിരത്തി അഞ്ഞൂറോളം അനുചരന്മാരുമുണ്ടായിരുന്നു. ഇഹ്‌റാമിന്റെ വേശത്തിലായിരുന്നു യാത്ര. മദീനയുടെ മീഖാത്തായ ദുല്‍ഹുലൈഫയിലെത്തിയപ്പോള്‍ ഉംറക്കുവരുന്നവരാണെന്നറിയിക്കാന്‍ ബലിമൃഗങ്ങളുടെമേല്‍ അടയാളങ്ങള്‍ വെച്ചു. യാത്ര തുടര്‍ന്നു.
വിവരം ഖുറൈശികളുടെ അടുത്തെത്തി. മുഹമ്മദ് യുദ്ധത്തിനുള്ള പുറപ്പാടാണെന്നു ചിന്തിച്ച അവര്‍ താമസിയാതെ സൈന്യത്തെ സജ്ജീകരിക്കുകയും ഒരു ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയും ചെയ്തു. പ്രവാചകന്‍ അസ്ഫാനിലെത്തിയപ്പോള്‍ ഖുറൈശികള്‍ തനിക്കെതിരെ പുറപ്പെട്ടിട്ടുണ്ടെന്ന വിവരം കിട്ടി. ഖാലിദ് ബ്‌നുല്‍ വലീദിന്റെ നേതൃത്വത്തില്‍ നൂറോളം വരുന്ന കുതിരപ്പടയാളികള്‍ തങ്ങളെ ലക്ഷ്യം വെച്ച് കടന്നുവരുന്നു. പ്രവാചകന്‍ പ്രധാന വഴിയില്‍നിന്നും മാറി ഒരു ഉള്‍വഴിയിലൂടെ ഹുദൈബിയ്യയിലേക്കു പുറപ്പെട്ടു. അവിടെയെത്തിയ സ്വഹാബികള്‍ക്ക് ആവശ്യത്തിന് വെള്ളം ലഭിച്ചില്ല. അവര്‍ പ്രവാചകനോട് ആവലാതിപ്പെട്ടു. പ്രവാചകന്‍ ആവനാഴിയില്‍നിന്നും ഒരമ്പെടുക്കുകയും അവിടത്തെ ഒരു കുളത്തില്‍ വെക്കുകയും ചെയ്തു. വെള്ളം ധാരാളമായി ഉറവുപൊട്ടി സ്വഹാബികള്‍ ആവശ്യത്തിന് അതുപയോഗിച്ചു. പ്രവാചകനും അനുയായികളും ഹുദൈബിയ്യയിലെത്തിയെന്നറിഞ്ഞതോടെ ഖുറൈശിപ്പട മക്കയിലേക്കു തിരിച്ചു. മുസ്‌ലിംകളെ പ്രതിരോധിക്കാന്‍ തയ്യാറായി നിന്നു.
പ്രതിനിധി സംഘങ്ങള്‍ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ അതിന്റെ ഭവിഷ്യത്ത് മുഴുവന്‍ തങ്ങള്‍ക്കായിരിക്കുമെന്ന് മനസ്സിലാക്കിയ ഖുറൈശികള്‍ മധ്യവര്‍ത്തികള്‍വഴി പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനാണ് തുടക്കംമുതലേ ശ്രമിച്ചത്. അതനുസരിച്ച്, ആദ്യമായി ഖുസാഅ ഗോത്രക്കാരനായ ബദീല്‍ ബിന്‍ വര്‍ഖാഅ് ഒരു സംഘത്തോടൊപ്പം പ്രവാചക സവിധം വന്നു. തങ്ങള്‍ വന്ന കാരണമന്വേഷിച്ചു. കഅബ സന്ദര്‍ശനാര്‍ത്ഥമാണ് തങ്ങള്‍ വന്നതെന്നും യുദ്ധമോ മാര്‍ഗത്തടസ്സമുണ്ടാക്കലോ തങ്ങളുടെ ലക്ഷ്യമല്ലെന്നും പ്രവാചകന്‍ പറഞ്ഞു. ബദീല്‍ തിരിച്ചുപോയി. ഖുറൈശികളെ വിവരമറിയിച്ചു. അവര്‍ മിക്‌രിസ് ബിന്‍ ഹഫ്‌സിനെ ഇതേ ദൗത്യവുമായി വീണ്ടും വിട്ടു. അതേ പ്രതികരണംതന്നെയാണ് അദ്ദേഹത്തിനും ലഭിച്ചത്. മൂന്നാമതായി ഹലീസ് ബിന്‍ അല്‍ഖമ നിയമിക്കപ്പെട്ടു. അദ്ദേഹത്തെ കണ്ടമാത്രയില്‍ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞു: ബലിമൃഗങ്ങളെ ആദരിക്കുന്ന വ്യക്തിയാണിത്. അതിനാല്‍ അവയെ അദ്ദേഹത്തിന് അഭിമുഖമായി നിര്‍ത്തുക. ബലിമൃഗങ്ങളെ കാണേണ്ട സമയംതന്നെ അദ്ദേഹത്തിന് കാര്യം മനസ്സിലായി. കഅബാലയത്തിലേക്ക് ബലിമൃഗവുമായി വരുന്നവര്‍ അതിനെ ഒരിക്കലും ആക്രമിക്കുകയില്ലെന്ന് അദ്ദേഹം ഖുറൈശികളോട് പറഞ്ഞു. ഈ പ്രതികരണം അവര്‍ക്ക് രസിച്ചില്ല. കുപിതരായ അവര്‍ സഖീഫ് ഗോത്രക്കാരനായ ഉര്‍വത് ബിന്‍ മസ്ഊദിനെ പറഞ്ഞയച്ചു. അദ്ദേഹത്തോടും പ്രവാചകരുടെ മറുപടി അതുതന്നെയായിരുന്നു.
പ്രവാചകരുടെയും അനുചരന്മാരുടെയും ഇടപാടുകള്‍ വീക്ഷിച്ച അദ്ദേഹത്തിന് അല്‍ഭുതമായി. ഖുറൈശികള്‍ക്കടുത്ത് തിരിച്ചെത്തിയ അദ്ദേഹം പറഞ്ഞു: 'ഞാന്‍ പല രാജാക്കന്മാരെയും സന്ദര്‍ശിച്ചിട്ടുണ്ട്. കിസ്‌റയുടെയും ഖൈസറിന്റെയും നജാശിയുടെയും സിംഹാസനത്തില്‍ പോയിട്ടുണ്ട്. പക്ഷെ, മുഹമ്മദിന്റെ അനുയായികള്‍ മുഹമ്മദിനെ ആദരിക്കുന്നപോലെയുള്ള ഒരാദരവ് മറ്റെവിടെയും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം അംഗശുദ്ധി വരുത്തുമ്പോള്‍ ആ വെള്ളം താഴെ വീഴാന്‍ പോലും അവര്‍ അനുവദിക്കുന്നില്ല.' ഒരു യുദ്ധത്തന് അവസരം കാത്തിരുന്ന ഖുറൈശീ യോദ്ധാക്കളെ സംബന്ധിച്ചിടത്തോളം ഈ മറുപടിയൊന്നും തൃപ്തികരമായിരുന്നില്ല. ഒരു സന്ധിക്ക് അവസരമൊരുങ്ങാതെ കാര്യങ്ങള്‍ മുന്നോട്ടുപോവാനായിരുന്നു അവരുടെ ശ്രമം. ഒടുവില്‍ അവരില്‍നിന്നും എഴുപതോളമാളുകള്‍ രാത്രിയുടെ മറവില്‍ പ്രവാചകരുടെ വിവരങ്ങളറിയാന്‍ പുറപ്പെട്ടു. പ്രവാചകരുടെ സൈന്യത്തിലേക്ക് നുഴഞ്ഞു കയറാനായിരുന്നു അവരുടെ ശ്രമം. പക്ഷെ, പാതിവഴിയില്‍ പിടിക്കപ്പെടുകയും പ്രവാചക സവിധം ഹാജറാക്കപ്പെടുകയും ചെയ്തു. ഒരു സന്ധിയുടെ സാധ്യതകള്‍ കണ്ട പ്രവാചകന്‍ അവരെ വെറുതെ വിടുകയായിരുന്നു.
ബൈഅതുര്‍രിള്‌വാന്‍ ഒടുവില്‍ നേരിട്ടുതന്നെ ഒരു ദൂതനെ പറഞ്ഞയക്കാനും താന്‍ വന്ന കാര്യം ഔദ്യോഗികമായി ഖുറൈശികളെ അറിയിക്കാനും പ്രവാചകന്‍ തീരുമാനിച്ചു. അങ്ങനെ, ഉസ്മാന്‍ (റ) വിനെ അവരുടെ അടുക്കലേക്ക് പറഞ്ഞയച്ചു. അബൂ സുഫ്‌യാനടക്കം എല്ലാ പ്രമുഖരെയും കണ്ട് ഉസ്മാന്‍ (റ) സന്ദേശം കൈമാറി. എല്ലാം കഴിഞ്ഞപ്പോള്‍, താങ്കള്‍ക്കുവേണമെങ്കില്‍ ഥവാഫ് ചെയ്തു പോവാമെന്നായിരുന്നു അവരുടെ പ്രതികരണം. പ്രവാചകന്‍ കടന്നുവരികയും ഥവാഫ് നിര്‍വഹിക്കുകയും ചെയ്യാതെ ഞാനത് ചെയ്യുകയില്ലെന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞു. അതിനിടെ, ഉസ്മാന്‍ (റ) വധിക്കപ്പെട്ടിരിക്കുന്നുവെന്നൊരു വാര്‍ത്ത സ്വഹാബികള്‍ക്കിടയില്‍ പ്രചരിച്ചു. ഇതവരെ രോഷാകുലരാക്കി. ശത്രുക്കളോട് പടപൊരുതിയിട്ടല്ലാതെ തങ്ങള്‍ തിരിച്ചുപോകില്ലെന്ന് അവര്‍ പ്രവാചകരോട് പ്രതിജ്ഞ ചെയ്തു. തന്റെ ഒരു കൈ മറ്റെ കയ്യില്‍ പിടിച്ചുകൊണ്ട് പ്രവാചകന്‍ ഉസ്മാന്‍ (റ) വിന്റെ ബൈഅത്തും നടത്തി. എല്ലാം കഴിഞ്ഞതോടെ ഉസ്മാന്‍ (റ) തിരിച്ചെത്തി. ഹുദൈബിയ്യയിലെ ഒരു മരച്ചുവട്ടിവെച്ചായിരുന്നു ഈ സംഭവം. ഇത് ബൈഅതുര്‍രിള്‌വാന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഖുര്‍ആന്‍ പറയുന്നു: 'ആ മരച്ചുവട്ടില്‍വെച്ച് സത്യവിശ്വാസികള്‍ അങ്ങയോട് പ്രതിജ്ഞ ചെയ്ത സംന്ദര്‍ഭം, നിശ്ചയം അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു' (ഫതഹ്:18). സന്ധിയും നിബന്ധനകളും ഒടുവില്‍, ഒരു സന്ധിയുടെ ആവശ്യകത ഖുറൈശികള്‍ക്ക് ബോധ്യപ്പെട്ടു. അവര്‍ സുഹൈല്‍ ബിന്‍ അംറിനെ പ്രവാചക സവിധം പറഞ്ഞയച്ചു. എന്തുതന്നെയായാലും, ഈ വര്‍ഷം തിരിച്ചുപോകണമെന്നതായിരുന്നു തീരുമാനം. സുഹൈല്‍ വരുന്നത് കണ്ടതോടെത്തന്നെ സന്ധി തീരുമാനമായ വിവരം പ്രവാചകന് മനസ്സിലായി. സന്ധിയിലെ നിബന്ധനകളുമായി ബന്ധപ്പെട്ട് അയാള്‍ പ്രവാചകരുമായി കുറേ നേരം സംസാരിച്ചു. ശേഷം, സന്ധിയില്‍ ഒപ്പുവെച്ചു. കരാറിലെ നിബന്ധനകള്‍ സ്വഹാബികളെ ചിന്തിപ്പിച്ചു. നാം സത്യത്തിന്റെ ആളുകളായിരിക്കെ എന്തിന് ശത്രുക്കളുടെ മുമ്പില്‍ താഴ്ന്നുകൊടുക്കണമെന്നായിരുന്നു അവരുടെ ഉള്ളകം മന്ത്രിച്ചുകൊണ്ടിരുന്നത്. ഉമര്‍ (റ) സിദ്ദീഖ് (റ) വിനെ കണ്ട് ഇക്കാര്യം ചോദിച്ചു. ശേഷം, പ്രവാചകനു മുമ്പിലും ഇതിന്റെ ആവശ്യകത ആരാഞ്ഞു. 'ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനും ദൂതനുമാണ്; അവന്‍ എന്നെ കൈവെടിയുകയില്ലായെന്നായിരുന്നു' പ്രവാചകരുടെ പ്രതികരണം. സന്ധിയനുസരിച്ച് അതിലെ വ്യവസ്ഥകള്‍ ഇങ്ങനെയായിരുന്നു: 1) ഈ വര്‍ഷം മുഹമ്മദും അനുയായികളും ഉംറ നിര്‍വഹിക്കാതെ മദീനയിലേക്ക് മടങ്ങിപ്പോവുക. അടുത്ത വര്‍ഷം വന്നു ഉംറ നിര്‍വഹിക്കാം. 2) പത്ത് വര്‍ഷത്തോളം ഇരു വിഭാഗവും തമ്മില്‍ യുദ്ധം പാടില്ല. ജനങ്ങളെ പേടിയില്ലാതെ ജീവിക്കാന്‍ അനുവദിക്കുക. 3) മുഹമ്മദുമായി സഖ്യത്തിലാവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ഖുറൈശികളുമായി സഖ്യമാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഇത്തരം സഖ്യകക്ഷികളെ അവയുടെ ഭാഗമായി പരിഗണിക്കപ്പെടുന്നതായിരിക്കും. സഖ്യകക്ഷികളെ ആക്രമിക്കല്‍ അവയെ ആക്രമിക്കുന്നതിനു തുല്യമാണ്. 4) മുഹമ്മദിന്റെ ഭാഗത്തുനിന്നും ആരെങ്കിലും ഖുറൈശികളുടെ പക്ഷത്തേക്കു പോയാന്‍ അവനെ അവിടെ കഴിയാന്‍ അനുവദിക്കണം. നേരെമറിച്ച്, ഖുറൈശികളുടെ പക്ഷത്തുനിന്നും ആരെങ്കിലും മുഹമ്മദിന്റെ പക്ഷത്തേക്കു പോയാല്‍ അവനെ തിരികെ നല്‍കേണ്ടതാണ്. അലി (റ) വാണ് പ്രവാചകര്‍ക്കു വേണ്ടി സന്ധി വ്യവസ്ഥകള്‍ എഴുതിയിരുന്നത്. മുഹമ്മദ് റസൂലുല്ലാഹി എന്ന് എഴുതാനാണ് പ്രവാചകന്‍ പറഞ്ഞിരുന്നതെങ്കിലും സുഹൈല്‍ അതിന് സമ്മതിച്ചില്ല. ഞങ്ങള്‍ അങ്ങയെ ദൈവദൂതനായി അംഗീകരിക്കാത്ത പക്ഷം മുഹമ്മദ് ബിന്‍ അബ്ദില്ലാഹ് എന്നെഴുതണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ബന്ധം. നിങ്ങള്‍ സമ്മതിച്ചില്ലെങ്കിലും ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്നു പറഞ്ഞ പ്രവാചകന്‍ അവസാനം അത് സമ്മതിച്ചു. എല്ലാം കഴിഞ്ഞതോടെ, അടുത്ത വര്‍ഷം ഉംറക്കു വരാം എന്ന ഉറപ്പില്‍ പ്രവാചകനും അനുയായികളും മദീനയിലേക്കു തന്നെ തിരിച്ചുപോയി. സന്ധിയുടെ നേട്ടങ്ങള്‍ സന്ധി വ്യവസ്ഥകള്‍ പ്രത്യക്ഷത്തില്‍ മുസ്‌ലിംകള്‍ക്കു എതിരായി തോന്നിയിരുന്നുവെങ്കിലും എല്ലാ അര്‍ത്ഥത്തിലും ഇസ്‌ലാമിന് അനുകൂലമായിരുന്നു അത്. മക്കയുമായി യാതൊരു ബന്ധവുമില്ലാത്ത മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഔദ്യോഗികമായിത്തന്നെ മക്കയില്‍ വന്ന് ഉംറ നിര്‍വഹിക്കാനുള്ള അവസരമുണ്ടായി. പത്തു വര്‍ഷം യുദ്ധം നിഷിദ്ധമാക്കിയത് ഇരു വിഭാഗങ്ങള്‍ക്കും സധൈര്യം പരസ്പരം ബന്ധപ്പെടാനും അതുവഴി എല്ലാവര്‍ക്കും ഇസ്‌ലാമിനെ മനസ്സിലാക്കാനുമുള്ള വഴിയൊരുക്കി. പ്രവാചകരുമായി സഖ്യത്തിലേര്‍പ്പെടുന്നവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യവും അവരെപ്പോലെയുള്ള പരിഗണനയും പ്രഖ്യാപിച്ചത് എല്ലാ അര്‍ത്ഥത്തിലും ഇസ്‌ലാമിക വളര്‍ച്ചയിലെ വലിയൊരു വിപ്ലവത്തിനുതന്നെ വാതില്‍ തുറന്നു. പ്രവാചകരുമായി ഏതു ഗോത്രങ്ങള്‍ക്കും ബന്ധപ്പെടാനും ഇസ്‌ലാമിനെ മനസ്സിലാക്കാനും അവസരമുണ്ടായി. ഇങ്ങനെ, നാനാവിധേനയും ഈ സന്ധി മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പ്രയോജനപ്രദമായിരുന്നു. സന്ധി കഴിഞ്ഞ് ഹിജ്‌റ ഏഴാം വര്‍ഷമായപ്പോഴേക്കും മക്കയില്‍നിന്നും അനവധിയാളുകള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നു. പല പൗരപ്രധാനികളും പ്രവാചകരുടെ നിത്യസന്ദര്‍ശകരായി മാറി. ഒരു ഫതഹു മക്കക്ക് വഴി തുറക്കാന്‍ മാത്രം ഇത് അവര്‍ക്കിടയില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് വേര് നല്‍കി.
Leave A Comment