ബദ്‌റിന്റെ ചരിത്രവും പാഠവും

ചരിത്രത്തില്‍ യുദ്ധങ്ങളും പോരാട്ടങ്ങളും വിരളമല്ല. ഗോത്രം, വര്‍ഗം, രാഷ്ട്രം, മതം എന്നിവയുടെ പേരില്‍ അരങ്ങേറിയ കലാപങ്ങളും യുദ്ധങ്ങളും എണ്ണി തിട്ടപ്പെടുത്തുക അസാധ്യം. മനുഷ്യവര്‍ഗത്തിന്റെ നാളിതുവരെയുള്ള ചരിത്രം മുഴുവനും സംഘട്ടനത്തിന്റേതാണെന്ന് സിദ്ധാന്തിച്ചവര്‍ പോലും ഇവിടെയുണ്ട്. ചരിത്രത്തിലെ ഈ എണ്ണമറ്റ യുദ്ധങ്ങള്‍ക്കിടയില്‍ കേവലം ആയിരത്തി നാനൂറില്‍ താഴെയുള്ള വ്യക്തികള്‍ നടത്തിയ ഒരു പോരാട്ടത്തിന് വലിയ പ്രസക്തിയൊന്നും ഉണ്ടാകില്ല. എന്നിട്ടും എ.ഡി 624 ജനുവരിയില്‍ നടന്ന ബദ്ര്‍ യുദ്ധം ചരിത്രത്തില്‍ ഏറെ കൗതുകവും ആശ്ചര്യവും സൃഷ്ടിക്കുകയും നിരന്തരം സ്മരിക്കപ്പെടുകയും ചെയ്യുന്നു. ചില വേറിട്ട മൂല്യങ്ങളും സവിശേഷതകളും ബദ്‌റിലെ സംഘട്ടനത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണിത് അറിയിക്കുന്നത്.

സാഹചര്യം

ശത്രുപീഡനം സഹിക്കാനാകാതെ പ്രവാചകനും അനുയായികളും മദീനയിലേക്ക് പലായനം (ഹിജ്‌റ) ചെയ്തപ്പോള്‍, അവരുടെ സര്‍വ്വ സമ്പാദ്യങ്ങളും മക്കയില്‍ ഇട്ടേച്ചുപോവുകയായിരുന്നു. ഈ സമ്പാദ്യങ്ങളെല്ലാം പിടിച്ചെടുത്ത ഖുറൈശികള്‍ അത് മൂലധനമാക്കി ഒരു യുദ്ധഫണ്ട് രൂപീകരിക്കുകയും പ്രസ്തുത മൂലധനം വ്യാപാരത്തിനുപയോഗിച്ച് വളര്‍ത്തി മുസ്‌ലിംകളെ ശക്തമായി അടിച്ചമര്‍ത്താന്‍ ഉപയോഗിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. മുസ്‌ലിംകളുടെ സമ്പാദ്യം മുതലിറക്കി ആ ലാഭമുപയോഗിച്ച് അവരെ തന്നെ നശിപ്പിക്കാനുള്ള ശത്രുതീരുമാനം സത്യവിശ്വാസികള്‍ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. ശത്രുവിന്റെ ഈ ഗൂഢനീക്കം തടയാന്‍ ഒരു മാര്‍ഗമേ മുസ്‌ലിംകള്‍ക്കു മുന്നിലുണ്ടായിരുന്നുള്ളൂ. മദീന വഴി സിറിയയിലേക്ക് കച്ചവടത്തിനു പോകുന്ന ഖുറൈശികളെ തടയുക. കിട്ടാവുന്നിടത്തോളം തങ്ങളുടെ സമ്പാദ്യം തിരിച്ചുവാങ്ങുക. സിറിയയുമായുള്ള വ്യാപാരബന്ധം ഖുറൈശി ജീവിതത്തിന്റെ മുഖ്യ ആശ്രയമായിരുന്നു. മദീന വഴി കടന്നുപോകുന്ന വ്യാപാരസംഘത്തെ തടഞ്ഞുവെച്ചാല്‍ തങ്ങളുടെ ജീവിതമാര്‍ഗം ഓര്‍ത്തുകൊണ്ടെങ്കിലും മുസ്‌ലിംകളുമായി സന്ധിചെയ്യാനും അക്രമങ്ങളില്‍ നിന്ന് പിന്തിരിയാനും ഖുറൈശികള്‍ തയ്യാറാകുമെന്ന് അവര്‍ ചിന്തിച്ചു. അങ്ങനെയാണ് ഖുറൈശികളുടെ കച്ചവട മാര്‍ഗം തടസ്സപ്പെടുത്താനും കിട്ടാവുന്നത്ര ധനം തിരിച്ചുപിടിക്കാനും മുസ്‌ലിംകള്‍ തയ്യാറായത്. അബൂസുഫ്‌യാന്റെ നേതൃത്വത്തില്‍ സിറിയയിലേക്ക് കച്ചവടത്തിനു പുറപ്പെട്ട ഖുറൈശി സംഘത്തെ തടയാന്‍ മുഹമ്മദ് നബി(സ)യുടെ നേതൃത്വത്തില്‍ ഒരു സംഘം മുസ്‌ലിംകള്‍ മദീനയുടെ അതിര്‍ത്തി പ്രദേശത്തേക്ക് നീങ്ങിയതറിഞ്ഞ ശത്രുക്കള്‍ വഴിമാറി സഞ്ചരിച്ച് രക്ഷപ്പെടുകയാണുണ്ടായത്. പക്ഷേ, ഖുറൈശി ദൂതന്‍ മക്കയില്‍ ചെന്നു തെറ്റായ സന്ദേശം നല്‍കി. തദടിസ്ഥാനത്തില്‍ ഖുറൈശികള്‍ സര്‍വ്വായുധസജ്ജരായി മദീനയെയും പ്രവാചകനെയും ആക്രമിക്കാന്‍ ബദ്‌റില്‍ എത്തിച്ചേര്‍ന്നതോടെയാണ് ഒരു യുദ്ധത്തിന് കളമൊരുങ്ങുന്നത്.

ഹിജ്‌റ രണ്ടാം വര്‍ഷം റമസാന്‍ 4ന് ഭരണം അബ്ദുല്ലാഹിബ്ന്‍ ഉമ്മി മക്ത്തൂമിനെ ഏല്‍പിച്ച് മദീന വിടുമ്പോള്‍, പ്രവാചകന്‍ ലക്ഷ്യം വെച്ചത് അബൂസുഫ്‌യാന്റെ കച്ചവട സംഘത്തെ തടഞ്ഞ് ഖുറൈശികളെ മുസ്‌ലിംകളുമായി സന്ധി ചെയ്യാന്‍ നിര്‍ബന്ധിക്കുക മാത്രമായിരുന്നു. ഒരു യുദ്ധം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതിനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നില്ല. വെറും രണ്ടു കുതിരകളും എഴുപത് ഒട്ടകങ്ങളും മാത്രമായിരുന്നു അവരുടെ യാത്രാസാമഗ്രികള്‍. പലപ്പോഴും ഊഴം വെച്ചാണ് യാത്ര. മറുഭാഗമാകട്ടെ, സര്‍വ്വസന്നാഹങ്ങളുമായാണ് എത്തിയിട്ടുള്ളത്. നൂറു കുതിരകള്‍, ഏഴുന്നൂറ് ഒട്ടകങ്ങള്‍.... മുസ്‌ലിംകള്‍ സംഘട്ടനം വേണ്ടെന്ന് വെച്ച് മദീനയിലേക്ക് പിന്‍മാറുകയാണെങ്കില്‍ അവരെ പിന്തുടര്‍ന്ന് ആക്രമിക്കുകയോ, തങ്ങളുടെ അധീശത്വവും മേല്‍കോയ്മയും വീണ്ടും ശക്തിപ്പെടുത്തുകയോ ആയിരുന്നു ഖുറൈശികളുടെ പ്ലാന്‍. അതുകൊണ്ട്തന്നെ ബദ്‌റില്‍ ഒരു ചെറുത്ത്‌നില്‍പ് അനിവാര്യമായി. മുന്‍കൂട്ടി ഒരു യുദ്ധത്തിനുള്ള ശക്തമായ തയ്യാറെടുപ്പ് നടത്താത്തത് കൊണ്ട് വിശ്വാസികളില്‍ തന്നെ ചിലര്‍ക്ക് വേണമോ എന്നതില്‍ ചാഞ്ചല്യമുണ്ടായി. (1) പക്ഷേ, ഉറച്ചു നില്‍ക്കാനുള്ള അല്ലാഹുവിന്റെ കല്‍പനയും നിര്‍ദേശവും ലഭിച്ചപ്പോള്‍ അവരും ശക്തമായി മുന്നിട്ടിറങ്ങി. പ്രവാചകന്റെ പ്രാര്‍ഥനാ വചനങ്ങള്‍ മുസ്‌ലിംകള്‍ക്ക് ആവേശവും ആത്മവിശ്വാസവും നല്‍കി. അങ്ങനെ അവര്‍ ബദ്‌റിലേക്ക് പുറപ്പെട്ടു.

ഗോത്രഗര്‍വ്വിന്റെ അധിനിവേശ മന്ത്രങ്ങളാണ് ഖുറൈശികള്‍ ബദ്‌റില്‍ മുഴക്കിയത്. യുദ്ധത്തിന്റെ പ്രഥമ റൗണ്ടില്‍ രംഗത്തുവന്ന ഉത്ത്ബത്തും ശൈബത്തും വലീദും തങ്ങളെ നേരിടാനെത്തിയ അന്‍സ്വാറുകളോട് വര്‍ഗമേന്‍മയുടെ മേലാളസ്വഭാവമാണ് കാണിച്ചത്. ''മദീനയിലെ ദുര്‍ബല അസ്തികൂടങ്ങളെയല്ല, ഞങ്ങള്‍ക്കാവശ്യം ഖുറൈശി തറവാട്ടില്‍ ജനിച്ച ആണ്‍കുട്ടികളെയാണ്' എന്ന വെല്ലുവിളിക്ക് ഹംസയെയും അലിയെയും അബൂഉബൈദ(റ)യെയും അയച്ചുകൊണ്ട് പ്രവാചകന്‍ നല്‍കിയ മറുപടിയില്‍ നിന്നാരംഭിക്കുന്നു അസത്യത്തിനേറ്റ തിരിച്ചടി. പിന്നീട് ബദ്‌റില്‍ സംഭവിച്ചത് അത്ഭുതമായിരുന്നു, ചരിത്രത്തിന്റെ ഭൗതിക വ്യാഖ്യാനത്തിലൂടെ വ്യക്തമാക്കാനാകാത്ത മഹാത്ഭുതം. ഇസ്‌ലാമിക സമൂഹത്തിന്റെ ഈമാനികാവേശത്തിനു മുന്നില്‍ തമസ്സിന്റെ ഉപാസകര്‍ പിന്തിരിഞ്ഞോടിയപ്പോള്‍ അവിടെ ബാക്കിയായത് അസഹിഷ്ണുതയുടെ നാറിയ മനസ്സുംപേറിനടന്ന എഴുപത് ജഡങ്ങളായിരുന്നു.

വിജയരഹസ്യം

ഇല്ലായ്മയുടെ രോദനം മാത്രം അവശേഷിക്കുന്ന മുന്നൂറ്റിപ്പതിമൂന്ന് പേര്‍ സര്‍വ്വസന്നാഹങ്ങളുമുള്ള ആയിരങ്ങളെ പരാജയപ്പെടുത്തിയത് അല്ലാഹുവിന്റെ പ്രത്യേക സഹായം കൊണ്ട് മാത്രമായിരുന്നു. പിന്നീടുണ്ടായ പല യുദ്ധങ്ങള്‍ക്കും ഇല്ലാതിരുന്ന സവിശേഷത ബദ്‌റിനുണ്ടായതുകൊണ്ടാണ് അല്ലാഹുവിന്റെ നേരിട്ടുള്ള സഹായം അവിടെയുണ്ടായത്. ഇസ്‌ലാമിക സമൂഹത്തിന്റെ 'ഇഖ്‌ലാസ്' ബദ്ര്‍പടക്കളത്തില്‍ ശരിക്കും പ്രതിഫലിച്ചിട്ടുണ്ട്. സത്യമതത്തിന്റെ സംരക്ഷണമല്ലാതെ മറ്റൊന്നും അവരുടെ മനസ്സിലുണ്ടായിരുന്നില്ല. ജീവിതത്തെ സ്‌നേഹിക്കുന്നവര്‍ക്ക് മുമ്പില്‍ മരണത്തെ പേടിക്കാത്തവരുടെ ആത്മാര്‍ത്ഥതയാണ് ബദ്‌റില്‍ കാണുന്നത്. മുസ്‌ലിംകളുടെ ചലന നിശ്ചലനങ്ങളിലെല്ലാം ഇഖ്‌ലാസ് പ്രകടമായിരുന്നു. ആവേശം മൂത്ത മിഖ്ദാദുബിന്‍ അസ്‌വദ് (റ) പ്രവാചകനെ കെട്ടിപ്പിടിച്ച് ''മൂസ പ്രവാചകനോട് ബനൂ ഇസ്രായീല്‍ പറഞ്ഞതുപോലെ 'നീയും നിന്റെ ദൈവവും പോയി യുദ്ധം ചെയ്‌തോളൂ, ഞങ്ങളിവിടെ ഇരിക്കട്ടെ' എന്ന് ഒരിക്കലും ഈ സ്വഹാബികള്‍ പറയില്ല പ്രവാചകാ'' എന്നു പറഞ്ഞ് ആനന്ദാശ്രു പൊഴിക്കുമ്പോള്‍ ഈ ഇഖ്‌ലാസാണ് നാം കാണുന്നത്. 'അലറി വിളിക്കുന്ന തിരമാലകള്‍ ആഞ്ഞടിക്കുന്ന മഹാസമുദ്രത്തിലേക്ക് എടുത്തുചാടാനാണ് കല്‍പിക്കുന്നതെങ്കില്‍ പോലും അങ്ങയുടെ കല്‍പന ഞങ്ങളനുസരിക്കും പ്രവാചകാ' എന്ന സഅ്ദ് ബിന്‍ മുആദി(റ)ന്റെ വാക്കുകള്‍ ചരിത്രകാരന്‍ ഒപ്പിയെടുത്തപ്പോഴും നാം ഈ ഇഖ്‌ലാസ് തന്നെയാണ് കാണുന്നത്.

പില്‍ക്കാല യുദ്ധങ്ങളിലെല്ലാം മുസ്‌ലിം പോരാളികള്‍ക്ക് സമരാര്‍ജിത സമ്പത്തിനെ കുറിച്ചും ഗനീമത്തിനെക്കുറിച്ചും ചെറിയൊരു പ്രതീക്ഷയെങ്കിലുമുണ്ടായിരുന്നു. ബദ്‌റില്‍ അത്തരമൊരു ചിന്ത പോലും ഉണ്ടായിരുന്നില്ല. ശത്രു പിന്തിരിഞ്ഞോടുന്ന നിമിഷം വരെ അല്ലാഹുവും റസൂലുമല്ലാത്ത സര്‍വ്വതിനെയും അവര്‍ മറന്നിരുന്നു. യുദ്ധാനന്തരം ഗനീമത്ത് മുതലിനെ കുറിച്ചുണ്ടായ ചര്‍ച്ചയും തുടര്‍ന്ന് അവതരിച്ച ഖുര്‍ആനിക വചനവും നമ്മെ ബോധ്യപ്പെടുത്തുന്നത് മുമ്പ് അത്തരമൊരു ചിന്ത ബദ്‌രീങ്ങളില്‍ ഉണ്ടായിരുന്നില്ലെന്നാണ്.

(2) തുല്യതയില്ലാത്ത ഈ ആത്മാര്‍ത്ഥതയാണ് ദൈവിക സഹായത്തിനവരെ അര്‍ഹമാക്കിയ പ്രധാന ഘടകങ്ങളിലൊന്ന്. മുസ്‌ലിംകള്‍ അവരുടെ ഐക്യവും ബോധവും സാഹോദര്യബന്ധവും ബദ്‌റില്‍ ശരിക്കും വിനിയോഗിച്ചു. ഇസ്‌ലാമിക ബന്ധത്തിന്റെ നൂലില്‍ മാത്രം കോര്‍ത്തിണക്കപ്പെട്ട മുഹാജിറുകളും അന്‍സ്വാറുകളും ദേശീയ ബോധവും പ്രാദേശിക ബന്ധവും പൂര്‍ണമായും മാറ്റിനിര്‍ത്തി ആദര്‍ശം മാത്രം മുന്നില്‍ കണ്ടു. മറുചേരിയില്‍ നില്‍ക്കുന്നത് സ്വന്തം ബന്ധുക്കളും സുഹൃത്തുക്കളുമായിട്ടു പോലും സ്രഷ്ടാവിനോടുള്ള ബന്ധത്തിനവര്‍ ആദരവ് കല്‍പിച്ചു. വിശ്വാസസ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശം കവര്‍ന്നെടുക്കാന്‍ രക്തബന്ധത്തിലെ പിതാവും സഹോദരനുമെല്ലാം ശ്രമിച്ചപ്പോള്‍, സ്വന്തം പിതാവും സഹോദരനും നേതാവുമെല്ലാമായി അവര്‍ മുഹമ്മദ് റസൂലുല്ലാഹി(സ)യെ കണ്ടു. ആ പിതാവിനെതിരെ വാളെടുക്കുന്നവന്റെ രക്തത്തിലെ നിറം നോക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അതുകൊണ്ടാണ് അബൂഉബൈദ (റ)ക്ക് പിതാവായ ജര്‍റാഹിനെ വാളിനിരയാക്കേണ്ടിവന്നത്. അബൂഹുദൈഫ(റ)ക്ക് പിതാവായ ഉത്ത്ബയുടെ ജഡം യുദ്ധക്കളത്തില്‍ കണ്ടപ്പോള്‍ ദുഃഖം തോന്നാതിരുന്നത് ആദര്‍ശം അവരില്‍ സൃഷ്ടിച്ച ബന്ധങ്ങളുടെ പുനര്‍വിചാരണ കൊണ്ടായിരുന്നു. രക്തബന്ധത്തിനു പവിത്രത കല്‍പിച്ച മതത്തില്‍ വിശ്വസിക്കുന്നവരെ മറുനാട്ടിലും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് സ്വന്തക്കാര്‍ വാശി പിടിച്ചാല്‍ ആ 'സ്വന്തം' എന്ന പ്രയോഗം തന്നെ അസ്ഥാനത്താകുന്നു. ജര്‍റാഹില്‍ നിന്നു ഒഴിഞ്ഞുമാറാന്‍ അബൂഉബൈദ(റ) പലവട്ടം ശ്രമിച്ചതും ഉത്ത്ബക്ക് അല്ലാഹു നേര്‍മാര്‍ഗം നല്‍കിയില്ലല്ലോ എന്ന് അബൂഹുദൈഫ ദുഃഖിച്ചതും ആദര്‍ശം രക്തബന്ധത്തെ പാടെ മറക്കാനല്ല; കഴിയുന്നതും പരിഗണിക്കാനാണ് പഠിപ്പിക്കുന്നതെന്നും ഓര്‍മപ്പെടുത്തുന്നുണ്ട്.

പക്വതയുള്ള ഒരു നേതാവിനെ പൂര്‍ണമായി അനുയായികള്‍ അനുസരിച്ചതിന്റെ വിജയമാണ് ബദ്ര്‍. സത്യത്തെ ആക്രമിക്കാന്‍ സാമ്പത്തിക ശേഷി വര്‍ധിപ്പിക്കുന്ന ശത്രുവിന് സാമ്പത്തിക ക്ഷീണമാണ് ആദ്യം നല്‍കേണ്ടതെന്ന് തിരിച്ചറിഞ്ഞ് മദീന വിടുന്ന പ്രവാചകന്‍ ബുദ്ധിമാനായ നേതാവിന്റെ ധീര ഇടപെടലാണ് നടത്തുന്നത്. സര്‍വ്വസന്നാഹങ്ങളുമായി ശത്രു ബദ്‌റിലെത്തിയത് അറിഞ്ഞപ്പോള്‍, ഒരു പോരാട്ടത്തിനു ശക്തിയില്ലാത്ത ദുര്‍ബലരാണെന്ന കാരണത്താല്‍ മദീനയിലേക്ക് തിരിക്കാം എന്ന അഭിപ്രായത്തില്‍ അപകടം മണക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രവാചകന്‍, മനക്കരുത്താണ് ബദിരീങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയത്. മുഹമ്മദ് നബി(സ)യുടെ പരമനേതൃത്വത്തെ ചോദ്യം ചെയ്യാതെ അങ്ങേയറ്റം അനുസരിക്കാന്‍ സ്വഹാബികള്‍ കാണിച്ച ആവേശമാണ് ബദ്‌റിന്റെ ജയം. തങ്ങളുടെ സര്‍വ്വദൗര്‍ബല്യങ്ങളുടെയും പരാധീനതയുടെയും പ്രതിവിധി അവര്‍ നബിയില്‍ കണ്ടു. ആ സര്‍വ്വസൈന്യാധിപന്റെ മാസ്മരികത നിറഞ്ഞ വാക്കുകള്‍ അവര്‍ക്ക് മനക്കരുത്ത് നല്‍കി. അതിന്റെ വെളിച്ചത്തില്‍ ശത്രു ഒന്നുമല്ലാതെയായി. നീതിയുടെയും സത്യത്തിന്റെയും സംരക്ഷണത്തിന് പോരാടുന്നവര്‍ക്ക് സ്വര്‍ഗം ഓഫര്‍ ചെയ്തപ്പോള്‍ സര്‍വ്വദൗര്‍ബല്യങ്ങളും അവര്‍ മറന്നു. പ്രവാചകന്റെ പ്രസംഗത്തില്‍ ആവേശം പൂണ്ട്, തിന്നാന്‍ വേണ്ടി എടുത്ത കാരക്ക വലിച്ചെറിഞ്ഞ് പടക്കളത്തിലേക്ക് എടുത്തുചാടിയ ഉമൈറുബിന്‍ ഹമ്മാമിന്റെ ചിത്രം പ്രവാചക വചനങ്ങള്‍ അവരില്‍ സൃഷ്ടിച്ച പരിവര്‍ത്തനത്തിന്റെ നേര്‍രേഖയാണ്. നബിയുടെ ടെന്റിനു മുന്നില്‍ ഒട്ടകത്തെ ഒരുക്കിനിര്‍ത്തി നബിയോട്, 'ഞങ്ങളീ യുദ്ധത്തില്‍ മരണപ്പെട്ടാല്‍ ഒരിക്കലും അങ്ങ് സ്വന്തം ജീവന്‍ അപകടപ്പെടുത്തരുത് പ്രവാചകാ, ഈ ഒടകപ്പുറത്ത് കയറി അങ്ങ് മദീനയിലേക്ക് പോവുക, സ്വീകരിക്കാന്‍ ബാക്കി അന്‍സ്വാറുകള്‍ അവിടെ തയ്യാറായി നില്‍ക്കുന്നുണ്ടാവും' എന്ന് പറഞ്ഞ ഔസ് ഗോത്രത്തലവന്റെ വാക്കുകള്‍ ആത്മാര്‍ത്ഥതയുള്ള അനുയായിയുടെ അളവറ്റ സ്‌നേഹത്തിന്റെ അതുല്യതയാണ് പറഞ്ഞുതരുന്നത്. നേതൃത്വത്തിന്റെ പക്വമായ ഇടപെടലുകളും അതനുസരിക്കാനുള്ള അനുയായികളുടെ ആത്മാര്‍ത്ഥതയുമാണ് ബദ്‌റിന്റെ വിജയരേഖയെന്നു വ്യക്തം.

രാഷ്ട്രീയ മൂല്യം; ആത്മീയ സന്ദേശം

ബദ്ര്‍, ചരിത്രത്തില്‍ അനിവര്യമായും സംഭവിക്കേണ്ട ഒരു പോരാട്ടമായിരുന്നു. ഗോത്രഗര്‍വ്വിന്റെ ഉരുക്ക്മുഷ്ടികൊണ്ട് എതിരാളിയെ നിലംപരിശാക്കി എക്കാലത്തും വര്‍ഗമേന്‍മയുടെ കൊടി പാറിക്കാമെന്ന ചിന്തക്ക് ഒരു തിരിച്ചടി ആവശ്യമായിരുന്നു. തൗഹീദും ശിര്‍ക്കും തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്നതിലുപരി നിരവധി രാഷ്ട്രീയ മൂല്യങ്ങള്‍ ബദ്‌റ് നിരത്തുന്നുണ്ട്. സത്യമെന്ന് ബോധ്യപ്പെട്ടത് വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനുമുളള ഒരു സമൂഹത്തിന്റെ അവകാശത്തെ ഇല്ലാതെയാക്കാനുള്ള ശ്രമമാണ് പ്രവാചകത്വത്തിന്റെ പ്രഥമ കാലത്തെ പതിനഞ്ചാണ്ടുകളില്‍ അറേബ്യയില്‍ നടന്നത്. കുലമഹിമയുടെ ധാര്‍ഷ്ഠ്യത്തില്‍ സര്‍വ്വരെയും ചൂഷണം ചെയ്ത് ആശ്രിതരാക്കി നിര്‍ത്താനുള്ള കുടില തന്ത്രത്തെയാണ് മുന്നൂറ്റിഅറുപത് വിഗ്രഹങ്ങള്‍ സൂചിപ്പിച്ചത്. അതില്ലാതെയാക്കി എല്ലാവരും ഒരു പോലെയാണെന്നും ചൂഷണത്തിന്റെ കുമിളകള്‍ക്ക് ആയുസ്സില്ലെന്നും ബോധ്യപ്പെടുത്തുന്നതായിരുന്നു ബദ്ര്‍. അതിരുകടന്ന അക്രമം ആരും പൊറുപ്പിക്കില്ലെന്ന സത്യം കണ്ണുതുറന്ന് കാണാന്‍ അവരെ പ്രേരിപ്പിക്കുകയായിരുന്നു പ്രസ്തുത പോരാട്ടം. ഒട്ടകത്തിന്റെ പേരില്‍ പതിറ്റാണ്ടുകള്‍ യുദ്ധം ചെയ്ത് നേരിന്റെ കണ്ണും കാതും ഖല്‍ബും നഷ്ടപ്പെട്ട അറബികള്‍ക്കു മുന്നില്‍ കാണാനും കേള്‍ക്കാനും ചിന്തിക്കാനുമുള്ള കവാടമാണ് ബദ്ര്‍ തുറന്നത്. ''നിങ്ങളോട് പോരാടുന്നവരോട് നിങ്ങള്‍ പോരാടുക. പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിടുന്നവരെ അല്ലാഹു ഇഷ്ടപ്പെടില്ല.''(3) എന്ന വിശുദ്ധ കല്‍പന അനുസരിച്ചുള്ള മുസ്‌ലിംകളുടെ നീക്കം, അന്ധത ബാധിച്ചവരുടെ പരന്ന യുദ്ധമല്ല; സത്യത്തിനു വേണ്ടിയുള്ള വിശുദ്ധസമരമാണ് കാലം ആവശ്യപ്പെടുന്നതെന്ന പുതിയ പാഠം ആ യുദ്ധ പ്രേമികളെ പഠിപ്പിച്ചു.

മുസ്‌ലിംകള്‍ക്ക് എഴുന്നേറ്റുനില്‍ക്കാനുള്ള ശക്തി നല്‍കിയത് ബദ്‌റാണ്. വംശീയമേന്മയുടെ ധാര്‍ഷ്ട്യം കാണിച്ചിരുന്ന ജൂതന്‍മാര്‍, മദീനയിലെ പ്രവാചകന്റെ സാന്നിധ്യത്തില്‍ അസ്വസ്ഥരായി നബി(സ)യോട് ചെയ്ത കരാറുപോലും മാനിക്കാതെ ഖുറൈശികളുമായി കൈകോര്‍ക്കാന്‍ ശ്രമിച്ച വേളയിലാണ് ബദ്ര്‍ സംഭവിക്കുന്നത്. അവിടെ പരാജയപ്പെട്ടാല്‍ മദീനയില്‍നിന്ന് സത്യത്തെ തുരത്തിയോടിക്കാനായിരുന്നു അവരുടെ പ്ലാന്‍. ആസ്ഥാനം നഷ്ടപ്പെട്ട മുസ്‌ലിംകള്‍ ഛിന്നഭിന്നമായി നശിക്കുമെന്നും മുനാഫിക്കുകളുടെയും മുശ്‌രിക്കുകളുടെയും സഹായത്തോടെ ഇസ്‌ലാമിനെ നശിപ്പിക്കാമെന്നുമായിരുന്നു അവരുടെ കണക്കുകൂട്ടല്‍. ഈ പദ്ധതിയാണ് ബദ്‌റിന്റെ വിജയത്തോടെ പാളിപ്പോയത്. ഖുറൈശികളുടെ ജഡത്തോടൊപ്പം ബദ്‌റിലെ പൊട്ടക്കിണറ്റില്‍ വലിച്ചെറിയപ്പെട്ടത് ഇസ്‌ലാമിനെതിരെയുള്ള ഒരുപാട് സ്വപ്നങ്ങളായിരുന്നു.

റമളാന്‍ 17ലെ വിജയാഘോഷത്തില്‍ എല്ലാം മതിമറന്നവരുടെ ചിത്രമല്ല ബദ്‌റ് നല്‍കുന്നത്. പോരാട്ടത്തിന്റെ പരിധി വിടരുതെന്ന ഖുര്‍ആനിക നിര്‍ദേശം, പരാജയപ്പെട്ടവര്‍ക്ക് നേരെ വീണ്ടും വാളുയര്‍ത്താന്‍ മുസ്‌ലിംകളെ അനുവദിച്ചില്ല. ഇസ്‌ലാമിനെ തകര്‍ക്കാന്‍ സര്‍വ്വ കഴിവും വിനിയോഗിച്ചവര്‍ തടവുകാരായി പിടിക്കപ്പെട്ടപ്പോള്‍ തല വെട്ടണമെന്നാണ് സ്വഹാബികളില്‍ പലരും പറഞ്ഞത്. പക്ഷേ, ബദ്‌റിന്റെ ലക്ഷ്യം രക്തമല്ല, ധര്‍മ്മസംസ്ഥാപനമാണെന്ന പ്രവാചകനിലപാട് അതിരുവിടുന്ന ആവേശത്തെ തടയിട്ടു. തടവുകാരെ മോചനദ്രവ്യം വാങ്ങി വിട്ടയച്ച തിരുമേനി(സ) അതിനു സാധിക്കാത്തവരോട് മദീനയുടെ മക്കള്‍ക്ക് എഴുത്തും വായനയും പഠിപ്പിക്കാനാണ് കല്‍പിച്ചത്. സ്വന്തം പിതൃവ്യന്‍ അബ്ബാസും പുത്രനും തടവുകാരാക്കപ്പെട്ടപ്പോള്‍ പോലും മോചനദ്രവ്യം വാങ്ങുന്നയിടത്ത് വിവേചനം കാണിക്കാന്‍ തയ്യാറാകാത്ത നീതിയുടെ നേതാവിനെയാണ് ബദ്ര്‍ നമുക്ക് പരിചയപ്പെടുത്തുന്നത്.

ബദ്‌റിനു ഉന്നതമായ ഒരു ആത്മീയ മൂല്യമുണ്ട്. ബദ്‌റിലേക്ക് നടന്നുനീങ്ങിയത് വെറുമൊറു ആള്‍ക്കൂട്ടമായിരുന്നില്ല. നുബുവ്വത്തിന്റെ വിശുദ്ധജലം കൊണ്ട് തസ്‌കിയത്ത് ചെയ്യപ്പെട്ട സമൂഹമാണ് ബദ്‌രീങ്ങള്‍. അല്ലാഹുവെന്ന ലക്ഷ്യത്തിനപ്പുറം മറ്റൊന്നുമില്ലാത്തവര്‍. മുന്നൂറ്റിപ്പതിമൂന്നിലെ മിക്ക പേരും അല്ലാഹുവിലേക്ക് ഹിജ്‌റ ചെയ്ത് സര്‍വ്വമാലിന്യങ്ങളില്‍ നിന്നും മനസ്സിനെ ശുദ്ധമാക്കിയവരാണ്. അവരില്‍ പലരും ദാറുല്‍ അര്‍ഖമിന്റെ ഭിത്തികള്‍ക്കിടയിലും ശിഅ്ബു അബീത്വാലിബിലെ മരച്ചില്ലകള്‍ക്കു താഴെയും കിടന്നു ആത്മാവിന് പരിശീലനം നല്‍കിയവരാണ്. നബിയോടുള്ള സഹവാസം അവരുടെ ഖല്‍ബുകളില്‍ വെളിച്ചം നിറച്ചു. ആ വെളിച്ചത്തില്‍ ഇരുട്ടിന്റെ ശക്തികള്‍ ആയിരങ്ങളായിട്ടും വളരെ കുറവായി സ്വഹാബികള്‍ കണ്ടു. ഇരുട്ട് ദിശമാറിയപ്പോള്‍ മുസ്‌ലിം സേന തങ്ങളുടെ ഇരട്ടിയുണ്ടെന്ന് മുശ്‌രിക്കുകള്‍ക്ക് തോന്നി. (4) ദീനുല്‍ ഇസ്‌ലാമിന്റെ സംരക്ഷണത്തിന് ശരീരവും സമ്പത്തും ആത്മാവും നല്‍കിയ ബദ്‌റിലേക്ക് വന്നവരെ സഹായിക്കാന്‍ അല്ലാഹു മലക്കുകളെ പറഞ്ഞയച്ചതും. ''നിങ്ങളുടെ രക്ഷിതാവ് മൂവ്വായിരം മലക്കുകളെ അയച്ച് സഹായിക്കുന്നത് പോരേ നിങ്ങള്‍ക്ക്''(5) എന്ന് പ്രവാചകന്‍ സുവിശേഷമറിയിച്ചതും ബദ്‌രീങ്ങളുടെ ആത്മാവിനുള്ള അംഗീകാരമാണ്. അല്ലാഹുവിന്റെ ഇഷ്ടദാസന്‍മാര്‍ക്ക് അവന്‍ അഭൗതിക മാര്‍ഗത്തിലൂടെ ശക്തിയും സഹായവും നല്‍കുമെന്ന് വിശ്വാസികളെ പഠിപ്പിക്കുകയാണ് ബദ്‌റിലെ മലക്കുകളുടെ സാന്നിധ്യം.

ഇസ്‌ലാമിന്റെ പില്‍ക്കാല വിജയങ്ങളുടെയെല്ലാം അടിത്തറപാകിയത് ബദ്‌റായിരുന്നു. ഇസ്‌ലാമിനു നേരെ അധിനിവേശത്തിന്റെ കൂര്‍ത്ത നഖങ്ങളുമായി വന്നവരെ ചെറുത്തു തോല്‍പിക്കാന്‍ അതൊന്നും മുസ്‌ലിങ്ങള്‍ക്ക് ആവേശം നല്‍കിയിട്ടുണ്ട്. പക്ഷേ, ബദ്‌റിന്റെ പേരില്‍ മുസ്‌ലിം യുവതയില്‍ അനാവശ്യമായ ആവേശം സൃഷ്ടിക്കാനുള്ള പുതിയ ശ്രമങ്ങള്‍ നാം കാണാതിരുന്നുകൂടാ. നിരപരാധികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കും ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ആയുധാഭ്യാസങ്ങള്‍ക്കും ബദ്‌റിനെ മറയാക്കുന്നത് ബദ്‌രീങ്ങളെ നിന്ദിക്കലാണ്. ആത്മാവും ആത്മീയതയുമില്ലാത്ത വെറും ആള്‍കൂട്ടമായിരുന്നില്ലല്ലോ അവര്‍. ഭൂരിപക്ഷത്തിനുമേല്‍ ന്യൂനപക്ഷം വിജയം നേടി എന്ന് പറഞ്ഞ് 'ഖൗമി'നെ തരിപ്പിച്ച് ബോംബ് പൊട്ടിക്കാന്‍ പറഞ്ഞയക്കുന്നവര്‍ ബദ്‌റിന്റെ ചൈതന്യം തിരിച്ചറിയാത്തവരാണ്. ബദ്‌രീങ്ങള്‍ക്ക് വെളിച്ചം പകരാന്‍ മുഹമ്മദ് റസൂലുല്ലാഹി(സ) എന്ന അസാധാരണ നേതാവും ആത്മവിശ്വാസം നല്‍കാന്‍ ആയിരക്കണക്കിന് മലക്കുകളും ബദ്‌റില്‍ ഉണ്ടായിരുന്നുവെന്നതിന് ഖുര്‍ആന്‍ സാക്ഷി. പക്വമായ നേതൃത്വമോ സ്വന്തമായ ആദര്‍ശമോ ഇല്ലാത്ത, വെറും വികാരത്തള്ളിച്ചയില്‍ തുള്ളുന്ന ആള്‍കൂട്ടത്തെ നിയമം കയ്യിലെടുത്ത് 'ബദ്‌റു'കളുണ്ടാക്കാന്‍ വിടുന്നവര്‍ എത്ര മലക്കുകളെയാണാവോ പ്രതീക്ഷിക്കുന്നത്? അതെ, ബദ്‌റും ബദ്‌രീങ്ങളും എന്നും മുസ്‌ലിംകള്‍ക്ക് ശരണവും സിദ്ധൗഷധവുമാണ്. അതൊരിക്കലും ചൂഷണത്തിനു രേഖയോ അനീതിക്ക് ന്യായമോ അല്ല. അങ്ങനെയൊന്നും പാടില്ല.

സൂചിക 1- വിശുദ്ധ ഖുര്‍ആന്‍ 8 : 5-6

2- വിശുദ്ധ ഖുര്‍ആന്‍ 8 : 41

3- വിശുദ്ധ ഖുര്‍ആന്‍ 2 : 190

4- വിശുദ്ധ ഖുര്‍ആന്‍ 3 : 13

5- വിശുദ്ധ ഖുര്‍ആന്‍ 3 : 124

*- സീറത്തുന്നബവി; ഇബ്‌നുഹിശാം

*- മുഹമ്മദ് റസൂല്ലാഹ്; മുഹമ്മദ് റിള

*- നൂറുല്‍ യഖീന്‍; മുഹമ്മദ് ഖുള്‌രിബക്

*- താരീഖ്; ഇബ്‌നു അസീര്‍

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter