ഭൂമി വിനിയോഗത്തിന്റെ വിവിധ രൂപങ്ങള്‍

കൃഷി ചെയ്യല്‍ ആകാശത്തില്‍ നിന്നു മഴ ഇറങ്ങി ഭൂമിയില്‍ ഉത്പന്നങ്ങളുണ്ടാക്കുന്നതിനെ പരാമര്‍ശിക്കുന്ന ധാരാളം സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. കൃഷിചെയ്യുവാന്‍ റസൂല്‍കരീം(സ) പ്രേരിപ്പിച്ചിട്ടുമുണ്ട്. നബി(സ) പറഞ്ഞു: ഒരാള്‍ വൃക്ഷം നടുകയോ കൃഷി ചെയ്യുകയോ ചെയ്യുകയും അതില്‍ നിന്ന് പക്ഷിയോ മനുഷ്യനോ മൃഗമോ തിന്നുകയും ചെയ്താല്‍ അത് അവന്ന് സ്വദഖ(പ്രതിഫലം) ആവാതിരിക്കുകയില്ല (ബുഖാരി). ആയിശ(റ)വിനെ ഉദ്ധരിച്ചുകൊണ്ട് തുര്‍മുദി(റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ പറയുന്നു: 'ഭൂമിയിലെ മറവുകളില്‍ നിന്നും നിങ്ങള്‍ ആഹാരം തേടിക്കൊള്ളുക.' കൃഷി ചെയ്യല്‍ 'ഫര്‍ള് കിഫായ' (സാമൂഹ്യബാധ്യത) യാണെന്നും ജനങ്ങളെ അതിന്ന് നിര്‍ബന്ധിക്കേണ്ടത് ഭരണത്തലവന്ന് നിര്‍ബന്ധമാണെന്നും ഇമാം ഖുര്‍ത്തുബീ പ്രസ്താവിച്ചിട്ടുണ്ട്.

പാട്ടത്തിനു നല്‍കല്‍ ഭൂമി പാട്ടത്തിന് കൊടുക്കുന്നതിനെപറ്റി ചര്‍ച്ചയാവാം ഇനി. മുന്‍കാലത്ത് കൃഷിഭൂമി പാട്ടത്തിന് കൊടുക്കുന്ന സമ്പ്രദായം പലതരത്തിലുമുണ്ടായിരുന്നു. കൃഷിഭൂമിയുടെ ഒരു നിശ്ചിത ഭാഗത്ത് വിളയുന്നത് ഉടമയ്ക്കും മറ്റേഭാഗത്ത് വിളയുന്നത് കര്‍ഷകനും എന്ന് നിശ്ചയിച്ച് പാട്ടത്തിന് കൊടുക്കുക, ഉല്‍പനന്നത്തിന്റെ ഒരു നിശ്ചിത അംശം (ഉദാ: മുന്നിലൊരംശം, നാലിലൊരംശം) നിശ്ചയിച്ചു പാട്ടത്തിന് കൊടുക്കുക എന്നിവയെല്ലാം ആ സമ്പ്രദായത്തിന്റെ ചില രീതികളാണ്. ഇവയില്‍ ആദ്യത്തെ ഇനം ഇസ്‌ലാമില്‍ വിരോധിച്ചതാണ്. കാരണം അതില്‍ വന്‍ പരാജയവും കലഹങ്ങളും വരാന്‍ വലിയ സാധ്യതയുണ്ട്. ഒടുവില്‍ പറഞ്ഞ ഇനം അനുവദനീയമാണോ എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്ന വീക്ഷണങ്ങളാണുള്ളത്. ഇമാം അബൂഹനീഫ(റ) പറയുന്നത് അനുവദനീയമല്ലെന്നാണ്. ഇമാം ശാഫിഈ(റ) പറയുന്നത് ഈത്തപ്പഴം, മുന്തിരി എന്നിവയിലും അത്തരം തോട്ടങ്ങള്‍ക്കിടയില്‍ കിടക്കുന്ന ധാന്യകൃഷിയിലും മാത്രം അനുവദനീയവും മറ്റുള്ളതില്‍ പാടില്ലാത്തതുമാണെന്നാണ്. ഇമാം മാലിക്(റ)പറയുന്നത് ഇവ എല്ലാറ്റിലും അനുവദനീയമാണ് എന്നും (ഇബ്‌നുറുഷ്ദ്, ബിദാത്തുല്‍ മുജ്തഹിദീന്‍ കാണുക). അനുവദനീയമാണെന്നതിന്ന് വ്യക്തമായ തെളിവുകളുണ്ട്. നബി(സ) അത്തരത്തില്‍ പാട്ടത്തിന് അനുമതി കൊടുത്തിട്ടുണ്ട്. നബി(സ)ക്ക് ശേഷം തന്റെ അനുചരന്മാരും അങ്ങനെ ചെയ്തിട്ടുണ്ട്. ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ കാണാം: റസൂലുല്ലാഹി(സ) ഖൈബറില്‍ വിളയുന്ന ധാന്യം, പഴം എന്നിവയുടെ പകുതി തരണമെന്ന കരാറില്‍ ഖൈബര്‍കാരോട് ഇടപാട് നടത്തിയിരുന്നു' (ബുഖാരി).

മുഹമ്മദ് ബാഖിര്‍(റ) പറയുന്നു: 'മൂന്നിലൊരംശം, നാലിലൊരംശം എന്നിങ്ങനെ നിശ്ചയിച്ച് കൃഷി ഇടപാട് ചെയ്യുന്നവരല്ലാതെ 'മുഹാജിറു'കളായ ഒരൊറ്റ വീട്ടുകാരും മദീനയിലുണ്ടായിരുന്നില്ല. അലീ(റ) പാട്ട ഇടപാട് ചെയ്തിരുന്നു. അതുപോലെ സഅ്ദ്ബ്‌നു മാലിക്(റ), അബ്ദില്ലാഹിബ്‌നു മസ്ഊദ്(റ), ഉമറുബ്‌നു അബ്ദില്‍ അസീസ്(റ), ഖാസിം, ഉര്‍വ, അബൂബക്കര്‍(റ)വിന്റെ കുടുംബം, ഉമര്‍(റ)ന്റെ കുടുംബം, അലി(റ)ന്റെ കുടുംബം, ഇബ്‌നു സീരീന്‍(റ) തുടങ്ങിയവരെല്ലാം ഇത് ചെയ്തിരുന്നതായി കാണാം (ബുഖാരി). വാസ്തവത്തില്‍ ഭൂവുടമയും കര്‍ഷകനും തമ്മില്‍ പരസ്പര സഹായാടിസ്ഥാനത്തിലുള്ള ഒരിടപാടാണ് ഈ പറഞ്ഞ പാട്ട സമ്പ്രദായം. സമര്‍ത്ഥനായ കര്‍ഷകന്‍ നിലമില്ലാതെ ചിലപ്പോള്‍ ഉലയുന്നുണ്ടാകും. ഭൂവുടമ പണിയെടുക്കാനാവാതെ വിഷമിക്കുന്നുമുണ്ടാകാം. അവര്‍ തമ്മില്‍ ഇത്തരം ഒരിടപാട് ചെയ്യുന്നത് രണ്ടുകൂട്ടര്‍ക്കും ഗുണകരമാണ്. അതുകൊണ്ട് ഇസ്‌ലാം ഇതിനെ അനുവദിച്ചു. പാട്ടത്തിനെ നിരോധിച്ചുകൊണ്ടുള്ള ചില ഹദീസുകള്‍ വന്നിട്ടുണ്ട്. ആദ്യത്തെ സമ്പ്രദായത്തെ പറ്റിയാണ് ആ നിരോധനം എന്നു വേര്‍തിരിച്ചു മനസ്സിലാക്കണം. അല്ലെങ്കില്‍, കൂടുതല്‍ നല്ലത് യാതൊരു പ്രതിഫലവും വാങ്ങാതെ നിലം കര്‍ഷകന്ന് സൗജന്യമായി നല്‍കലാണ് എന്നാണ് ഈ ഹദീസുകളിലൂടെ നബി(സ) ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇത് വ്യക്തമാക്കുന്ന ഒരു സംഭവം ഉദ്ധരിക്കാം: അംറുബ്‌നുദീനാര്‍ പറയുന്നു: റാഫിഅ്ബ്‌നു ഖദീജിന്റെ വാക്കുകള്‍ കേള്‍ക്കുന്നതുവരെ പാട്ടത്തിന് കൊടുക്കുന്ന സമ്പ്രദായം ദോഷമില്ലാത്തതാണെന്ന് ഞങ്ങള്‍ ധരിച്ചു. റാഫിഅ്ബ്‌നുഖദീജ് പറഞ്ഞത് റസൂലുല്ലാഹി(സ) അത് വിരോധിച്ചിട്ടുണ്ട് എന്നാണ്. ഈ സംഗതി ഞാന്‍ ത്വാഊസ്(റ)നോട് പറഞ്ഞു. അപ്പോള്‍ അദ്ധേഹം പ്രതിവചിച്ചത് ഇങ്ങനെയാണ്: അവരെ അറിയിക്കുക: റസൂല്‍(സ) അത് നിരോധിച്ചിട്ടില്ല, മറിച്ച്, റസൂല്‍(സ) പറഞ്ഞത് ഇങ്ങിനെയാണ്: നിങ്ങളിലൊരാള്‍ തന്റെ ഭൂമിയെ സൗജന്യമായി കൊടുക്കുന്നത് അതിന്മേല്‍ നിശ്ചിത പാട്ടം വാങ്ങുന്നതിനേക്കാള്‍ 'ഖൈര്‍' (നല്ലത്) ആണ് എന്നാണ്' (ബുഖാരി ഒഴിച്ചുള്ള അഞ്ചുപേരും ഇത് നിവേദനം ചെയ്തിട്ടുണ്ട്).

നിലം കൂലിക്ക് കൊടുക്കല്‍ കൃഷിസ്ഥലം നിശ്ചിത പ്രതിഫലം നിശ്ചയിച്ച് കൃഷി ആവശ്യത്തിന് വാടകക്ക് കൊടുക്കുന്നതിന് വിരോധമില്ല. എന്നാല്‍ കാലവര്‍ഷംകൊണ്ട് ലഭിക്കുന്ന ജലം കൃഷി ആവശ്യത്തിന് മതിയാവുകയോ ജലലഭ്യതക്ക് മറ്റു സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തിരിക്കണം. അല്ലാത്തപക്ഷം പാടില്ല. നിലത്തിന് നിശ്ചയിക്കുന്ന (കൂലി) നാണയം തന്നെ ആകണമെന്ന് നിര്‍ബന്ധമില്ല. അത് ഭക്ഷ്യസാധനങ്ങളടക്കം ഏതുമാവാം. ഇമാം ശാഫിഈ(റ) ഈ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത് (ഇബ്‌നുറുഷ്ദ്). ഒരു വസ്തുവില്‍ നിന്നുള്ള നിശ്ചിത പ്രതിഫലമാണ് വാടക. ഈ ഗണത്തില്‍ നിലം കൂലിക്ക് കൊടുക്കുന്നതും ഉള്‍പ്പെടുന്നുണ്ട് എന്നതുതന്നെയാണ് അതിനുള്ള നീതീകരണം. നിലം കൂലിക്ക് കൊടുക്കുന്നതിനെ നിരോധിച്ചുകൊണ്ട് ചില ഹദീസുകള്‍ വന്നിണ്ടുണ്ട്. പക്ഷേ, നിലത്തിന്റെ ഒരു ഭാഗത്ത് വിളഞ്ഞത് ഉടമക്കും മറ്റൊരു ഭാഗത്ത് വിളഞ്ഞത് കര്‍ഷകനും എന്ന നിശ്ചയത്തിന്മേല്‍ കൂലിക്ക് കൊടുക്കുന്ന സമ്പ്രദായത്തെ പറ്റിയാണ് ആ നിരോധനം എന്ന കാര്യം ശ്രദ്ധേയമാണ്. റാഫിഅ്(റ)നെ തൊട്ട് നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു. അദ്ധേഹം പറഞ്ഞു: 'മദീനാവാസികളില്‍ വെച്ച് ധാരാളം നിലം ഉള്ളവരായിരുന്നു ഞങ്ങള്‍. ഞങ്ങളിലൊരുത്തന്‍  തന്റെ ഭൂമി കൂലിക്ക് കൊടുക്കുകയും ഇപ്രകാരം പറയുകയും ചെയ്യും: ഈ ഭാഗം എനിക്ക്, മറ്റേ ഭാഗം നിനക്ക്. ചിലപ്പോള്‍ ഈ ഭാഗത്തില്‍ വിളവുണ്ടാവുകയും മറ്റേതില്‍ വിളവില്ലാതാവുകയും ചെയ്‌തേക്കും! അതിനാല്‍ നബി(സ) അത് നിരോധിക്കുകയുണ്ടായി' (ബുഖാരി).

ഇസ്‌ലാമിലെ വിതരണ സ്ഥിതികള്‍ ഒട്ടാകെ എടുത്ത് നോക്കിയാല്‍, പരസ്പര സഹായം, ഉദ്പാദനവൃദ്ധി, തോറ്റുപോവുന്നതിന സൂക്ഷിക്കുക എന്നീ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് അത് സംവിധാനിച്ചിരിക്കുന്നത് എന്നു കാണാവുന്നതാണ്. മനുഷ്യ സമൂഹത്തിന്റെ നിലനില്‍പ്പിന്നുവേണ്ടി കര്‍ഷകോദ്പാദന പ്രക്രിയ മുറക്ക് നടക്കുകയും വേണം. ഇസ്‌ലാമിക ഭൂവിതരണ നിയമങ്ങളില്‍ ഈ കാര്യങ്ങളെല്ലാം വേണ്ടുവോളം പരിഗണിച്ചിട്ടുണ്ട്. സ്വകാര്യ ഉടമാവകാശം അനുവദിച്ചുകൊണ്ട് തന്നെ ഇവയെല്ലാം സംരക്ഷിച്ചു നിറുത്തിയിരിക്കുന്നു. വാസ്തവത്തില്‍ സ്വകാര്യ ഉടമത്വമോ പൊതു ഉടമത്വമോ ഒരു ലക്ഷ്യമല്ല. മനുഷ്യവര്‍ഗത്തിന്റെ ശാന്തസുന്ദരമായ ജീവിതത്തിന്നാവശ്യമായ രീതിയില്‍ ഭൂവിതരണവും കാര്‍ഷിക ഉത്പാദന പ്രക്രിയയും നടന്നുകൊണ്ടിരിക്കണം, ആതാണാവശ്യം. അല്ലാഹു പറഞ്ഞു: 'ഭൂമിയിലുള്ളതെല്ലാം നിങ്ങളുടെ ഗുണത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു'.

വഖഫ് സ്വത്തുക്കള്‍ അറേബ്യയിലെ 'മുശ്‌രികു'കള്‍ക്ക് പതിവില്ലാതിരുന്ന ഒരു വ്യവസ്ഥയായിരുന്നു വഖഫ്. റസൂലുല്ലാഹി(സ) ഇസ്‌ലാംമതവുമായി വന്ന ശേഷം നടപ്പിലായ ഒരു പ്രത്യേക സംവിധാനം. 'വഖഫ്' എന്നതിന്റെ ഭാഷാര്‍ത്ഥം തടഞ്ഞുവെക്കുക എന്നാണ്. ക്രയവിക്രയാതി കൈമാറ്റങ്ങള്‍ ചെയ്യുന്നതിനെ തടഞ്ഞിരിക്കുന്നത് കൊണ്ടാണ് ആ പേര് അതിന് സിദ്ധിച്ചത്.

ഒരു സ്വത്ത് 'വഖഫ്' ചെയ്തു കഴിഞ്ഞാല്‍ അതിന്റെ ഉടമത്വം അല്ലാഹുവിലേക്ക് നീങ്ങുന്നു. ഇനി അതിന്മേല്‍ വ്യക്തികള്‍ക്കോ സര്‍ക്കാറിന്നോ ഉടമാവകാശമില്ല. അതിനെ ക്രയവിക്രയം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. അതിന്റെ ഉടമ അല്ലാഹു മാത്രം. ഇവിടെ ഒരു ചോദ്യം ഉന്നയിച്ചേക്കാം: പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളുടേയും യഥാര്‍ത്ഥ ഉടമ അല്ലാഹു തന്നെ ആണല്ലോ. അപ്പോള്‍ വഖഫ് ചെയ്ത വസ്തുവിന്റെ ഉടമത്വം അല്ലാഹുവിലേക്ക് നീങ്ങി എന്നുപറഞ്ഞതിന്റെ വിവക്ഷ എന്ത്? ഇതിന്റെ ഉത്തരം ഇങ്ങിനെയാണ്: എല്ലാ വസ്തുക്കളുടേയും യഥാര്‍ത്ഥ ഉടമ അല്ലാഹുവാണെങ്കിലും ചില സാധനങ്ങളില്‍ പല അധികാരങ്ങളും അല്ലാഹു മനുഷ്യവ്യക്തികള്‍ക്ക് നല്‍കിയിട്ടുണ്ട്. ആ അധികാരങ്ങള്‍ക്കാണ് സ്വകാര്യ ഉടമത്വം എന്ന് പറയുന്നത്. ആ അധികാരംകൂടി വഖഫ് ചെയ്യുന്നതോടുകൂടി ഇല്ലാതാവുന്നു എന്നതാണ് ഇതിന്റെ വിവക്ഷ.

ഇസ്‌ലാം വഖഫ് ചെയ്യുന്നതിനെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. റസൂലുല്ലാഹി(സ) പറഞ്ഞു: 'മനുഷ്യര്‍ മരണമടഞ്ഞാല്‍ മൂന്നുകാര്യങ്ങളിലൊഴിച്ച് അവന്റെ 'അമലുകള്‍' അവസാനിച്ചു; എക്കാലത്തും തുടര്‍ന്നുകൊണ്ടിരിക്കുന്ന ദാനം, ഉപകാരപ്രദമായ ജ്ഞാനം, തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന സന്താനം എന്നിവയാണ് ആ മൂന്ന് കാര്യങ്ങള്‍'. ഇതില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ദാനം എന്നു പറഞ്ഞിരിക്കുന്നത് വഖഫ് ചെയ്ത സ്വത്തിനെ പറ്റിയാണ്. ഒരാള്‍ മരിച്ച ശേഷവും അയാള്‍ക്ക് വഖഫ് ചെയ്ത സ്വത്തുകൊണ്ടുള്ള ഉപകാരം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാലാണ് ഇങ്ങിനെ പറഞ്ഞിരിക്കുന്നത്.

ഉസ്മാന്‍(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ കാണാം. പ്രവാചകന്‍ പറഞ്ഞു:  'ആരെങ്കിലും 'ബിഅ്‌റു റൂമ' (റൂമ എന്ന കിണര്‍) കഴിപ്പിച്ചാല്‍ അവന്ന് സ്വര്‍ഗമുണ്ട്ണ്ട്. ഞാന്‍ അത് കഴിപ്പിച്ചു' (ബുഖാരി, തിര്‍മുദി, നസാഈ). ഇമാം ബഗ്‌വീ(റ)ന്റെ നിവേദനത്തില്‍ ഇങ്ങനെ പറയുന്നു: ആ കിണര്‍ ബനൂ ഗിഫാര്‍ ഗോത്രത്തില്‍പെട്ട ഒരാളുടെ നീരുറവയായിരുന്നു. അതിന്ന് റൂമ എന്നു പേര് പറയും. അതില്‍ നിന്നുള്ള ഒരു തോല്‍പാത്രം വെള്ളം ഒരു 'മുദ്ദ്' (സുമാറ് 650 മി.ലി.) ധാന്യത്തിന് പകരം അയാള്‍ വില്‍ക്കുകയായിരുന്നു. ഒരിക്കല്‍ നബി(സ) അയാളോട് ചോദിച്ചു: സ്വര്‍ഗത്തില്‍ ഒരു അരുവി തരാമെന്ന നിശ്ചയത്തില്‍ നിങ്ങള്‍ അതെനിക്ക് വില്‍ക്കുമോ?  തനിക്കും തന്റെ കുടുംബത്തിന്നും ഇതല്ലാതെ മറ്റൊന്നുമില്ല എന്നായിരുന്നു അപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം. ഇതറിഞ്ഞ ഉസ്മാന്‍(റ) മുപ്പത്തി അയ്യായിരം ദിര്‍ഹം കൊടുത്ത് അതിനെ വിലക്കു വാങ്ങി. പിന്നീടദ്ദേഹം നബി(സ)യുടെ അരികില്‍ വന്ന് അയാള്‍ക്ക് അങ്ങ് കൊടുക്കാമെന്നു പറഞ്ഞത് എനിക്കു തരുമോ എന്നു ചോദിച്ചു. നബി(സ) അതെയെന്ന് മറുപടി നല്‍കി. ഉസ്മാന്‍(റ) പറഞ്ഞു: എന്നാല്‍ ഞാന്‍ അതിനെ മുസ്‌ലിംകളുടെ പൊതു ഉപയോഗത്തിന്ന് വിട്ടിരിക്കുന്നു.

ഉമര്‍(റ)വിന് ഖൈബറില്‍ ഭൂമി കിട്ടിയപ്പോള്‍ അദ്ദേഹം ഉപദേശം തേടിക്കൊണ്ട് നബി(സ)യെ സമീപിച്ച് ഇപ്രകാരം ചോദിച്ചു: ഖൈബറില്‍ എനിക്ക് ഒരു ഭൂമി കിട്ടിയിരിക്കുന്നു. അതിനെക്കാള്‍ അമൂല്യമായ മറ്റൊരു മുതലും എനിക്ക് കിട്ടിയിട്ടില്ല. ആ ഭൂമി എന്തു ചെയ്യണമെന്നാണ് അങ്ങ് എന്നോട് കല്‍പിക്കുന്നത്? റസൂല്‍(സ) പ്രതിവചിച്ചു: നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ അതിന്റെ അടിസ്ഥാനം തടഞ്ഞുവെച്ചുകൊണ്ട് അതിനെ ദാനം ചെയ്യാമല്ലോ. അങ്ങനെ ഉമര്‍(റ) വില്‍ക്കുവാനോ സൗജന്യമായി കൊടുക്കുവാനോ അനന്തരാവകാശമായി ഭാഗിക്കപ്പെടുവാനോ പാടില്ലെന്ന വ്യവസ്ഥയോടെ അതിനെ ദാനം ചെയ്തു. (അതിന്റെ ആദായം) ദരിദ്രര്‍, ബന്ധിജനങ്ങള്‍, അടിമമോചനം, ധര്‍മയുദ്ധം, യാത്രക്കാര്‍, അതിഥികള്‍ എന്നിവര്‍ക്ക് നല്‍കണമെന്നും നിശ്ചയിച്ചു. അതിന്റെ മേല്‍നോട്ടക്കാരന് ന്യായമായ തോതില്‍ അതില്‍ നിന്ന് ഭക്ഷിക്കുന്നതിന് വിരോധമില്ല എന്നും നിജപ്പെടുത്തി. തുര്‍മുദി (റ) പറയുന്നു: സഹാബാക്കളും ശേഷമുള്ളവരും ഈ ഹദീസു പ്രകാരം പ്രവര്‍ത്തിച്ചു പോന്നു. അവര്‍ക്കിടയില്‍ യാതൊരു ഭിന്നാഭിപ്രായവുമുണ്ടായിരുന്നില്ല. ഇസ്‌ലാമില്‍ ആദ്യമായി നടന്ന വഖഫായിരുന്നു ഇത്. സ്വത്ത് എക്കാലവും നിലനിര്‍ത്തിക്കൊണ്ട് ആദായം ഗുണമാര്‍ഗങ്ങളില്‍ ചിലവഴിച്ചുകൊണ്ടിരിക്കുവാന്‍ ഉതകുന്ന ഈ സമ്പ്രദായം വലിയ ഉപകാരമായി ഭവിച്ചിരിക്കുന്നു. വഖഫിന്റെ വിശദവശങ്ങള്‍ ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ ഒട്ടേറെ പ്രതിപാദിച്ചിട്ടുണ്ട്.

യുദ്ധമുതല്‍, ശത്രുമുതല്‍ രാഷ്ട്രത്തിന്നു ശത്രുക്കളില്‍ നിന്നും ലഭ്യമാക്കുന്ന മുതല്‍ ഗനീമത്തത്ത്, ഫൈഅ് എന്നിങ്ങനെ രണ്ടു തരത്തിലുണ്ട്. നേരിട്ടുള്ള പോരാട്ടത്തെ തുടര്‍ന്ന് കിട്ടുന്ന മുതലിന്ന് 'ഗനീമത്ത്' എന്നും പോരാട്ടം കൂടാതെ പലതരത്തില്‍ കിട്ടുന്ന മുതലിന്ന് 'ഫൈഅ്' എന്നും പേര് പറയുന്നു. ഇങ്ങനെ ലഭ്യമാകുന്ന ധനങ്ങളുടെ കൂട്ടത്തില്‍ സ്ഥിര സ്വത്തും (ഭൂമി, എടുപ്പുകള്‍ തുടങ്ങിയവ) ചരസ്വത്തും (മറ്റു ഇളകുന്ന സ്വത്ത്) ഉള്‍പ്പെടുമല്ലോ. ഭൂമി തുടങ്ങിയവയെ പറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്. അവ എന്തുചെയ്യണമെന്ന കാര്യത്തില്‍ വ്യക്തമായ വിധികള്‍ ഇസ്‌ലാമിലുണ്ട്. ഫൈഅ് മുതലാണെങ്കില്‍ ഭൂമി തുടങ്ങിയവയെ യോദ്ധാക്കള്‍ക്കിടയില്‍ ഭാഗിക്കാതെ വഖഫ് ചെയ്തു അതിന്റെ വരുമാനം വിതരണം ചെയ്യുവാന്‍ ഇമാമിന്ന് (ഭരണത്തലവന്ന്) അധികാരമുണ്ട് എന്നാണ് ശാഫിഈ മദ്ഹബ്. അഞ്ചുഭാഗങ്ങളാക്കി അവകാശികള്‍ക്കിടയില്‍ വിതരണം ചെയ്യുകയുമാവാം. തീരുമാനിക്കേണ്ടത് ഇമാമാണ്. ഗനീമത്തില്‍ പെട്ടതാണെങ്കില്‍ ഭാഗിച്ചുകൊടുക്കുക തന്നെ വേണം (മിന്‍ഹാജ്, മുഹദ്ദബ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ കാണുക). ഇമാം മാലിക്(റ)ന്റെ പക്ഷം എന്താണെന്ന് വിവരിക്കാം: മാലിക്(റ) പറഞ്ഞു: ഭൂമി ഭാഗിക്കപ്പെടുകയില്ല; മറിച്ച്, അത് വഖഫായിത്തീരും. അതിന്റെ വരുമാനം പടയാളികളുടെ വേതനം, പാലങ്ങളും പള്ളികളും നിര്‍മിക്കല്‍ തുടങ്ങിയ മുസ്‌ലിംകള്‍ക്ക് ഗുണകരമായ നല്ലമാര്‍ഗങ്ങളില്‍ ചിലവഴിക്കപ്പെടേണ്ടതാണ്. അത് ഭാഗിച്ചുകൊടുക്കലാണ് മുസ്‌ലിംകള്‍ക്ക് ഗുണകരമെന്നു ഇമാമിന്നു ബോധ്യമായാല്‍ അങ്ങനെയും ചെയ്യാം (ഇബ്‌നുറുഷ്ദ്, ബിദായ).

ശത്രുമുതലായി ലഭിക്കുന്ന ഭൂമി പല ആളുകള്‍ക്കായി ഭാഗിച്ചുകൊടുക്കുകയോ എല്ലാവര്‍ക്കും അതിന്റെ ഉപകാരം ലഭിക്കുംവിധം പൊതുഭൂമി (വഖഫ്) ആയി നിലനിര്‍ത്തപ്പെടുകയോ ചെയ്യണമെന്ന് മേല്‍വിവരിച്ച കാര്യങ്ങളില്‍ നിന്നും വ്യക്തമാവുന്നു.

ഇസ്‌ലാമിലെ മറ്റു നിയമങ്ങളെപ്പോലെ ഭൂവിതരണ രീതിയിലും നീതി, ജനോപകാരം എന്നിവ സംപൂര്‍ണമായി പരിഗണിച്ചിരിക്കുന്നു. വ്യക്തി അവകാശം ഹനിക്കാതെ സമൂഹ ഗുണത്തെയും സമൂഹഗുണം തകര്‍ക്കാതെ വ്യക്തി സ്വാതന്ത്ര്യത്തെയും നിലനിര്‍ത്തിയിരിക്കുന്നു. സമൂഹത്തിന് അതിന്റെ സ്ഥാനത്തെയും വ്യക്തികള്‍ക്ക് അവരുടെ സ്ഥാനങ്ങളെയും വകവെച്ചുകൊടുത്തിരിക്കുന്നു. നീതിനിഷ്ഠവും സുന്ദരവും അതുല്യവുമായ ജീവിത രീതി അത് പ്രധാനം ചെയ്യുന്നു.

ഖാസി സി.എം. അബ്ദുല്ല മൗലവി ചെമ്പിരിക്ക

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter