സമ്പത്തുള്ളവന്‍ സമ്പന്നനല്ല
മൂന്നാം ഖലീഫ ഉസ്മാന്‍(റ)ന്റെ ഭരണകാലം. മഹാനായ ഇബ്‌നു മസ്ഊദ്(റ) രോഗം ബാധിച്ചു കിടപ്പിലാണ്. സന്ദര്‍ശിക്കാന്‍ വന്ന ഖലീഫ ഡോക്ടറെ വിളിക്കാനാജ്ഞാപിച്ചു. ഉടനെ ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: ''ഡോക്ടറാണു എന്നെ രോഗിയാക്കിയത്.'' സഹതാപം തോന്നിയ ഉസ്മാന്‍(റ) അദ്ദേഹത്തിനു അല്‍പം ധനം നല്‍കാന്‍ തുനിഞ്ഞപ്പോള്‍ അദ്ദേഹം വാങ്ങാന്‍ കൂട്ടാക്കിയില്ല. നിങ്ങളുടെ പെണ്‍മക്കള്‍ക്ക് ഉപകരിക്കുമെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ്യൂ''ഞാനവരോടു സൂറത്തുല്‍ വാഖിഅ പതിവാക്കാന്‍ പറഞ്ഞിട്ടുണ്ട്.''
പണക്കാരും ദരിദ്രരായ ലോകമാണു നമ്മുടേത്. പണമുള്ളവന് ഇനിയും വേണമെന്ന ചിന്ത! ഇല്ലാത്തവന് അതിലും പരാതി! മതിയായ പണമുള്ളവന് ആരോഗ്യവും സമാധാനവും സൗന്ദര്യവുമൊക്കെ പോരെന്ന ചിന്ത! അങ്ങനെ, ഒരിക്കലും അവസാനിക്കാതെ എല്ലാം വെട്ടിപ്പിടിച്ചു കീഴടക്കണമെന്ന നിതാന്തജാഗ്രത..! വിശ്രമമില്ലാതെ അവന്‍ ജോലി നിര്‍വഹിച്ചുകൊണ്ടേയിരിക്കുന്നു. മുമ്പൊരാള്‍ കോഴിക്കോട്ടു നിന്നു തിരക്കുള്ള ഒരു വണ്ടിയില്‍ കയറി. ഒരു വിധം വണ്ടിയില്‍ നിലയുറപ്പിച്ച അയാള്‍ അടുത്ത സ്റ്റോപ്പിലെത്തിയപ്പോള്‍ അല്‍പം കൂടി അകത്തേക്കു കയറി. വടകര എത്തിയപ്പോള്‍ കുറച്ചാളുകള്‍ ഇറങ്ങി. അതിനേക്കാളുമേറെ ആളുകള്‍ കയറിയതിനാല്‍ സീറ്റിനടുത്തേക്ക് അയാള്‍ക്ക് ഇനിയും ദൂരമുണ്ടായിരുന്നു. കണ്ണൂര്‍ എത്തിയപ്പോഴാണ് ഒരു സീറ്റിനരികിലെങ്കിലും അയാള്‍ക്കു ഞരങ്ങി നില്‍ക്കാന്‍ സാധിച്ചത്. തൊട്ടടുത്ത സ്റ്റോപ്പെത്തിയപ്പോള്‍ സീറ്റിനരികില്‍ ചെറുതായി ചാരി നില്‍ക്കാന്‍ സാധിച്ചു. അടുത്ത സ്റ്റോപ്പെത്തിയപ്പോള്‍ ഒരു സീറ്റിനരികില്‍ ചെറുതായി ഇരിക്കാന്‍ സാധിച്ചു. അടുത്ത സ്റ്റോപ്പില്‍ ഒരാളിറങ്ങിയപ്പോള്‍ കുറച്ചു നേരെ ഇരുന്നു. കാഞ്ഞങ്ങാട് എത്തിയപ്പോഴാണ് അയാള്‍ക്കു ശരിക്കും സീറ്റ് ഒഴിഞ്ഞുകിട്ടിയത്. അപ്പോഴേക്കും അയാള്‍ക്ക് ഇറങ്ങേണ്ട സമയമായിരുന്നു. എപ്പോഴും മുന്നോട്ടു മാത്രമാണു നാം നോക്കാറുള്ളത്. പിറകിലുള്ളവരെ കാണാന്‍ ശ്രമിക്കാറില്ല.
78 വയസ്സുള്ള ഒരാള്‍ ഈയിടെ പറഞ്ഞത് ഒരു 40 സെന്റ് സ്ഥലം ഇപ്പോള്‍ വാങ്ങി വച്ചിരുന്നുവെങ്കില്‍ ഒരു പത്തുവര്‍ഷം കഴിഞ്ഞാല്‍ ഇരട്ടി വിലയ്ക്കു വില്‍ക്കാമായിരുന്നു എന്നാണ്. കഴിയുന്നിടത്തോളം സമ്പാദിക്കുക എന്നതാണു നമ്മുടെ പ്രമാണം. അതിനുവേണ്ടി പിടിച്ചുപറി, അതിക്രമം, കൊള്ള, കൊലപാതകം, അങ്ങനെ വേണ്ടതൊക്കെ. ജീവിതം കുടുസ്സാണെന്ന ചിന്ത എപ്പോഴും അന്യം തന്നെ. ആഖിറത്തിലേക്കുള്ള സമ്പാദ്യം പേരിലൊതുങ്ങുന്നു. അതുതന്നെ മറ്റാര്‍ക്കോ വേണ്ടി. ശാശ്വത ജീവിതത്തിനു എന്തു തയ്യാറെടുപ്പു നടത്തി എന്നു ചോദിച്ചാല്‍ ഫലം ശൂന്യം. രോഗം വന്നാല്‍ ചികില്‍സിക്കണം. അല്ലെങ്കില്‍ ജോലി ചെയ്യാന്‍ സാധിക്കില്ല. ബിസിനസ് മുടങ്ങിയാല്‍ സമ്പാദ്യം ചുരുങ്ങും. കോടീശ്വരന്മാര്‍ വരെ വല്ലാതെ അധ്വാനിക്കുന്നു. ഫലം മനുഷ്യന്‍ എപ്പോഴും ആവശ്യക്കാര്‍ തന്നെ. ആവശ്യക്കാരാണല്ലോ ദരിദ്രര്‍. മനുഷ്യന്റെ വയറു നിറയ്ക്കാന്‍ മണ്ണിനല്ലാതെ കഴിയില്ലെന്ന നബി(സ്വ)യുടെ വാക്ക് എത്ര അന്വര്‍ത്ഥം. ബാപ്പ ജീവിത കാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണു മകന്‍ ബിസിനസ്സ് തുടങ്ങി മുതലാളിയായത്. അപ്പോള്‍ ആടുത്ത തലമുറ ആരാവുമെന്നു കുഞ്ഞുണ്ണി പറഞ്ഞു ചിന്തിപ്പിച്ചതു വെറുതെയല്ല. തൊഴിലാളിയുടെ മകന്‍ മുതലാളി മുതലാളിയുടെ മകന്‍ ധാരാളി, ധാരാളിയുടെ മകന്‍ എരപ്പാളി.
പണവും പ്രശസ്തിയും ആര്‍ഭാടങ്ങള്‍ക്കുവേണ്ടി മാത്രമായി ചുരുങ്ങിപ്പോവുന്ന ഇക്കാലത്ത് ഭൗതിക സുഖം മാത്രമാണു നമ്മളന്വേഷിക്കുന്നതും കണ്ടെത്തുന്നതും. ഇവിടെ ആത്മീയ അനുഭൂതികള്‍ അന്യമായിപ്പോകുന്നു. ഉള്ളതു കൊണ്ടു തൃപ്തിപ്പെടാന്‍ കഴിയില്ലെനു മാത്രമല്ല, ഇല്ലാത്തതിന്നു വേണ്ടിയും അമിതമായി ആഗ്രഹം വച്ചു കഴിയുന്നു. പാവപ്പെട്ടവന്‍ എപ്പോഴും അവഗണിക്കപ്പെടുന്നത് ഇക്കാരണത്താലാണ്. ജീവിതമാകുന്ന വണ്ടി കയറി അവസാന സ്റ്റോപ്പ് വരെ സഞ്ചരിക്കുന്നവരാണു നമ്മളൊക്കെ. എല്ലാ തയ്യാറെടുപ്പുകളും നടത്തി, വീടും സമ്പാദ്യവുമൊക്കെ ഒരുക്കി സുഖജീവിതത്തിനു തയ്യാറെടുക്കുമ്പോഴാണു മരണം വിരുന്നെത്തുക. പിന്നെ കിടക്കാന്‍ ആറടി മണ്ണു മാത്രം. ശാശ്വത ജീവിതത്തിനു ജീവിത തത്രപ്പാടുകള്‍ക്കിടയില്‍ അവനു സമയം ലഭിച്ചിരുന്നില്ല. അതിനു തയ്യാറെടുക്കുമ്പോഴേക്കും യാത്ര അവസാനിക്കുകയും ചെയ്തു. നിരാശനായി എല്ലാവരെയും ശപിച്ചിറങ്ങുന്ന ആ യാത്രക്കാരനെ നോക്കൂ! അവനാദ്യമേ ഉള്ളതുകൊണ്ടു തൃപ്തിപ്പെട്ടിരുന്നെങ്കില്‍ കിട്ടിയ സീറ്റിനു തന്നെ അവന്‍ എത്ര നന്ദിയുള്ളവനായിരുന്നു. മറിച്ച് അവന്‍ അതിനേക്കാള്‍ വലുതാഗ്രഹിച്ചു.
അതിന്റെ സുഖം എന്താണെന്നറിയാതെ പോവുകയും ചെയ്തു. അറബിക് കോളേജില്‍ പഠിക്കുമ്പോള്‍ ഉസ്താദ് പറയാറുണ്ടായിരുന്നു, ഉറുദിക്കു പോകുമ്പോള്‍ കുറച്ചു പണം മാത്രമേ ആഗ്രഹിക്കാവൂ എന്ന്. കൂടുതല്‍ കിട്ടിയാല്‍ സന്തോഷത്തോടെ മടങ്ങാം. കൂടുതലാഗ്രഹിച്ചു, ആഗ്രഹിച്ചതു കിട്ടാതിരിക്കുമ്പോഴോ, മുഖത്തു വലിയ നിരാശ പ്രകടമാവും സത്യത്തില്‍ ദുരാഗ്രഹങ്ങളാണു മനുഷ്യനെ നശിപ്പിക്കുന്നത്. നമ്മള്‍ തന്നെയാണു നമ്മുടെ ദുരവസ്ഥയ്ക്കു ഉത്തരവാദി. അര്‍ഹിച്ചതിനേക്കാള്‍ കൂടുതല്‍ ആഗ്രഹിക്കുമ്പോഴാണ് അതു ദുരാഗ്രഹമാവുന്നത്. ദുരാഗ്രഹം വലിയ തിന്മയുടെ വാതില്‍ തുറയ്ക്കുകയും ചെയ്യുന്നു. ജീവിതാന്ത്യം വരെ നമ്മള്‍ ആഗ്രഹിച്ചുകൊണ്ടേയിരിക്കുന്നു. ശാശ്വത ജീവിതം അവിടെ ബാക്കിയായിത്തന്നെ നിലകൊള്ളുന്നു. അല്ലാഹുവിന്റെ വിഹിതത്തില്‍ സംതൃപ്തനായവനാണു സമ്പന്നനെന്നു നബി(സ്വ) അരുള്‍ ചെയ്തിട്ടുണ്ട്. മരിക്കുമ്പോഴും ഇബ്‌നു മസ്ഊദ്(റ) ആ സംതൃപ്തി കാത്തുസൂക്ഷിച്ചു. മക്കള്‍ക്കുവേണ്ടി പണം സമ്പാദിച്ചു വച്ചതുകൊണ്ടുള്ള സംതൃപ്തിയല്ല, അവര്‍ സൂറത്തുല്‍ വാഖിഅ പതിവാക്കുന്നവരാണെന്ന സംതൃപ്തി മാത്രം. സൂറത്തുല്‍ വാഖിഅ പതിവാക്കുന്നവനെ ദാരിദ്ര്യം പിടികൂടില്ലെന്നു നബി(സ്വ) അരുളിയതായി ബൈഹഖി റിപോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം. നമ്മളതു കൈവെടിഞ്ഞതാണു നാം പരമ ദരിദ്രരായിത്തീരാന്‍ ഇടയായത്. ദുന്‍യാവില്‍ മാത്രമല്ല, ആഖിറത്തിലും ദരിദ്രരായിത്തീരുന്നു. ഒരു രാത്രി ദുഖാന്‍ സൂറത്ത് ഒരാള്‍ പതിവാക്കിയാല്‍ പ്രഭാതമാകുമ്പോഴേക്കും എഴുപതിനായിരം മലക്കുകള്‍ അവനുവേണ്ടി പാപമോചനത്തിനഭ്യര്‍ത്ഥിക്കുമത്രേ. (തുര്‍മുദി) വെള്ളിയാഴ്ച രാവിലോ പകലിലോ സൂറത്തു ദുഖാന്‍ ഓതിയാല്‍ അല്ലാഹു അവനു സ്വര്‍ഗത്തില്‍ ഒരു മണിമാളിക പണി തീര്‍ക്കുമെന്നു ത്വബ്‌റാനി റിപോര്‍ട്ട് ചെയ്ത ഹദീസിലുണ്ട്.
നബി(സ്വ) പറയുന്നു: ''നിങ്ങളുടെ ഭാര്യമാര്‍ക്കു സൂറത്തുദുഖാന്‍ പഠിപ്പിക്കുക. തീര്‍ച്ചയായും അത് ഐശ്വര്യത്തിന്റെ ആയത്താണ്. (ഇബ്‌നു അദിയ്യ്) ഐശ്വര്യമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നമുക്കു നഷ്ടപ്പെട്ടതും അതു തന്നെ. എന്നാല്‍, അന്വേഷിക്കേണ്ടിടത്തു അന്വേഷിച്ചാലേ അതു കിട്ടൂ. സൂചി നഷ്ടപ്പെട്ടാല്‍ നഷ്ടപ്പെട്ടിടത്തു നിന്നു തന്നെ അതു കണ്ടെത്തണം. കണ്ണുകള്‍ തുറന്നുവക്കുകയും വേണം. എപ്പോഴും ഹൃദയത്തിനു ശാന്തത വേണം. ആവശ്യത്തിനു അധ്വാനിക്കുക. അതിലേറെ ശാശ്വത ജീവിതത്തിനു ശ്രമിക്കുക. നമുക്കുതാഴെയുള്ളവരിലേക്കു നോക്കാതിരുന്നു കൂടാ. അവരിലേക്കു മാത്രമേ നോക്കാവൂ. എന്നിട്ടു നമുക്കു ലഭിച്ചതില്‍ നാം സംതൃപ്തരാവണം. സമുദായത്തിന്റെ ഉന്നമനത്തിനു ചിലര്‍ മാത്രം ശ്രമം നടത്തിയാല്‍ പോരാ. എല്ലാവരും ഒന്നിച്ച് ഐക്യത്തോടെ നിലകൊള്ളണം. തോന്നുന്നതുപോലെ ചെയ്യാന്‍ റബ്ബ് അവസരം തന്നിട്ടില്ല. അവനിച്ഛിച്ച പാതയാണു നാം തെരഞ്ഞെടുക്കേണ്ടത്. അതിലൂടെ മറ്റുള്ളവരെയും വഴിനടത്താനും നമുക്കാവണം. കാരണം, നമുക്കു സത്യമായി അനുഭവപ്പെട്ടതു മറ്റുള്ളവരെയും അനുഭവിപ്പിക്കണം.രുചികരമായ ഭക്ഷണത്തെക്കുറിച്ചറിയാത്തവനു അതു കഴിച്ചവന്‍ വിവരിച്ചാലേ അതിന്റെ മാധുര്യം അനുഭവിക്കാന്‍ അവന്‍ തയ്യാറാവൂ. ദുന്‍യാവില്‍ നമ്മള്‍ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ആവശ്യക്കാരാവുകയും ആഖിറത്തില്‍ അവന്റെ കാരുണ്യം കൊണ്ടു സമ്പന്നരാവുകയും ചെയ്യണം. ദുന്‍യാവിന്റെ കാര്യത്തില്‍ നാം സമ്പന്നരാവുകയും ആഖിറത്തിന്റെ കാര്യത്തില്‍ ഇവിടെ നാം ദരിദ്രരാവുകയും ചെയ്യണമെന്നു സാരം. അല്ലാഹുവിന്റെ അടുക്കല്‍ എറ്റവും അടുത്തവനാവുകയും ജനങ്ങള്‍ക്കിടയില്‍ ഏറ്റവും താഴ്ന്നവനായിരിക്കുകയും ചെയ്യുക എന്നതാണ് ഒരടിമയുടെ മഹത്തായ ദൗത്യം.
Leave A Comment