ഇസ്‌ലാമും ഭൂക്രിയവിക്രയങ്ങളും

മനുഷ്യര്‍ക്ക് വസിക്കുവാനുള്ള ഇടമെന്ന നിലക്ക് മാത്രമല്ല ഭൂമിക്ക് പ്രാധാന്യമുള്ളത്. മനുഷ്യജീവിതത്തിന്നാവശ്യമായ ആഹാരാദികളുടെ ഉദ്പാദന രംഗവും ഭൂമി തന്നെ. അതിനാല്‍ വാസകേന്ദ്രം, വിളയിടം എന്നീ വീക്ഷണങ്ങളില്‍ കൂടിയായിരിക്കണം ഭൂവിതരണത്തെ വിലയിരുത്തേണ്ടത്. ഇപ്പറഞ്ഞ രണ്ടടിസ്ഥാനങ്ങളില്‍കൂടിയും ഭൂമിയുടെ കാര്യം വിശുദ്ധ ഖുര്‍ആന്‍ സ്പഷ്ടമായി പ്രതിപാദിച്ചിട്ടുണ്ട്.

''നിങ്ങള്‍ക്ക് ഒരു നിശ്ചിത കാലം വരെ ഭൂമിയില്‍ വാസ സ്ഥലവും ജീവിത സൗകര്യങ്ങളുമുണ്ട്'' (2:36).

മനുഷ്യരുടെ ഭൗമിക ജീവിതം വ്യക്തിപരമായാലും വര്‍ഗത്തിന്റെ അടിസ്ഥാനത്തിലെടുത്താലും ഒരു നിശ്ചിത കാലംവരെ മാത്രമേയുള്ളൂ. അതിനു ശേഷം മനുഷ്യരുടെ വാസകേന്ദ്രം പരലോകമാണ്. ഇതുകൊണ്ടാണ് ഭൂമിയില്‍ മനുഷ്യര്‍ക്ക് വാസ സൗകര്യമുള്ളത് ഒരു നിശ്ചിത കാലം വരെയാണ് എന്ന് പറഞ്ഞിരിക്കുന്നത്. മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു:

''നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ ഒരു വിരിപ്പും ആകാശത്തെ ഒരു എടുപ്പുമാക്കി സൃഷ്ടിച്ചു തരികയും ആകാശത്തില്‍ നിന്ന് മഴ വര്‍ഷിപ്പിച്ച്, അതുവഴി നിങ്ങള്‍ക്ക് ആഹാരത്തിന്നായി പലതരം ഫലങ്ങളെ ഉദ്പാദിപ്പിക്കുകയും ചെയ്തിരിക്കുന്ന (രക്ഷിതാവിന്ന് കീഴ്‌പ്പെടുന്നവരായിരിക്കുക.) ഇക്കാര്യങ്ങളെല്ലാം അറിഞ്ഞുകൊണ്ട് അല്ലാഹുവിന്ന് നിങ്ങള്‍ തുല്യ ശക്തികളെ സ്ഥാപിക്കരുത്'' (2:22).

മനുഷ്യരുടെ ആഹാരോദ്പാദനത്തിന്റെ നിലമായി ഭൂമിയെ ആക്കിവെച്ചിട്ടുണ്ടെന്ന് വളരെ വ്യക്തമായി പ്രസ്താവിക്കുകയാണല്ലോ ഇവിടെ ചെയ്തിരിക്കുന്നത്. മനുഷ്യര്‍ക്ക് വസിക്കുവാനും ജീവിതോപാധികള്‍ നിര്‍മിക്കുവാനുമുള്ള ആവശ്യതതിനായി സൃഷ്ടിച്ചിരിക്കുന്ന ഭൂമിയെ ഏതു ക്രമത്തിലാണ് മനുഷ്യര്‍ക്കിടയില്‍ ഇസ്‌ലാം വിതരണം ചെയ്തിട്ടുള്ളതെന്നും ഇനി നമുക്ക് പരിശോധിക്കാം.

ഹിജ്‌റക്കു മുമ്പ് നബി(സ)യുടെയും അനുയായികളുടെയും ജീവിതം വലിയ കഷ്ടത്തിലായിരുന്നു. മുശ്‌രിക്കുകളുടെ  കഠിനമായ ദ്രോഹങ്ങള്‍ തരണം ചെയ്തുകൊണ്ട് 'തൗഹീദിനെ കെട്ടിയുറപ്പിക്കുന്നതില്‍ അവര്‍ മുഴുകിയിരിക്കുകയും ചെയ്തു. ഇസ്‌ലാമിലെ കാര്‍മിക നിയമങ്ങളില്‍ ചെറിയൊരംശം മാത്രമേ അന്ന് പ്രത്യക്ഷമായുള്ളൂ. എന്നാല്‍ ഹിജ്‌റക്ക് ശേഷമുള്ള അവസ്ഥ അതല്ല. ഇസ്‌ലാമിലെ വിശാലമായ ജീവിത വ്യവസ്ഥ പ്രയോഗ വത്കരിക്കുവാന്‍ അപ്പോള്‍ അവസരം കിട്ടി. അതിനാല്‍, ഹിജ്‌റക്കു ശേഷമുള്ള അവസ്ഥ നമുക്ക് അപഗ്രഥിച്ചു നോക്കാം. നബി(സ) മദീനയില്‍ വന്നപ്പോള്‍ അവിടെ ഭൂമിയുടെ സ്ഥിതി എന്തായിരുന്നു? നബി(സ) അതിനെ എന്ത് ചെയ്തു? അതുപോലെ ഖലീഫമാരുടെ കാലത്ത് ഭൂമിയുടെ അവസ്ഥ എന്തായിരുന്നു? അവര്‍ എങ്ങനെയാണ് അതിനെ കൈകാര്യം ചെയ്തത്? ഇതൊക്കെയാണ് നമുക്ക് അറിയേണ്ടത്. ഇത് അറിഞ്ഞു കഴിയുമ്പോള്‍ ഇസ്‌ലാമിലെ ഭൂവിതരണ ക്രമത്തിന്റെ ഒരു ചിത്രം നമ്മുടെ മുമ്പില്‍ വരും.

ചലങ്ങളും അചലങ്ങളുമായ സ്വത്തുക്കള്‍ പലര്‍ക്കുമുണ്ടായിരുന്നു. വീട്, പറമ്പ്, കൃഷിയിടങ്ങള്‍ തുടങ്ങിയവ പലരുടെയും ഉടമസ്ഥതയിലായിരുന്നു. ഇതിന്ന് പുറമെ ആരും അധീനപ്പെടുത്തിയിട്ടില്ലാത്ത കാടുകളും മരുഭൂമിയും ധാരാളമുണ്ടായിരുന്നു. ഹാഫിസ് അബുല്‍ ഫറജ് ഇങ്ങനെ പറയുന്നു: 'മുസ്‌ലിംകളുടെ ഭൂമി രണ്ടു വിധത്തിലാണ്; ഒന്ന് മുസ്‌ലിംകളില്‍ നിന്നു പ്രത്യേക ഉടമസ്ഥനുള്ള ഭൂമി. ശത്രുക്കളില്‍ നിന്നു യുദ്ധത്തില്‍ പിടിച്ചെടുത്തതല്ലാത്ത സ്വന്തമായി അധീനത്തിലാക്കിയ സ്ഥലം, ഇസ്ലാമതം സ്വീകരിക്കുമ്പോള്‍ തന്നെ സ്വന്തം ഉടമയിലുണ്ടായിരുന്ന ഇടം, ശത്രുക്കളില്‍ നിന്ന് പിടിച്ചെടുത്ത ശേഷം 'ഇമാം' വീതിച്ചുകൊടുത്ത വകയില്‍ കിട്ടിയ ഭൂമി എന്നിവ ഈ ഇനത്തില്‍ ഉള്‍പ്പെടുന്നു. മുസ്ലിം വ്യക്തികള്‍ക്ക് സ്വന്തമായ ഉടമാവകാശമുള്ള ഇത്തരം ഭൂമിയുടെമേല്‍ യാതൊരു നികുതിയും അവര്‍ അടക്കേണ്ടതില്ല. ഇതില്‍ ആര്‍ക്കെങ്കിലും അഭിപ്രായ ഭിന്നതയുള്ളതായി അറിയപ്പെടുന്നില്ല. ഇതിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് 'സക്കാത്ത്' നല്‍കണമെന്ന കാര്യം വിസ്മരിക്കുന്നില്ല. രണ്ടാമത്തെ ഇനം: പ്രത്യേകം ഉടമസ്ഥനില്ലാത്ത പൊതു സ്വത്താണ്. ഇത് മുസ്‌ലിംകളുടെ കയ്യിലായാലും ശരി, അമുസ്‌ലിംകളുടെ കയ്യിലായാലും ശരി അതിന്മേല്‍ (സര്‍ക്കാറിന്റെ ഭാഗത്തു നിന്ന്) നികുതി (ഖറാജ്) ചുമത്തപ്പെടുന്നതാണ്' (പേ.11,12 അല്‍ ഇസ്തിഖ്‌റാജ് ലി അഹ്കാമില്‍ ഖറാജ്).

സ്വകാര്യ സ്വത്ത്, പൊതു സ്വത്ത് എന്നിങ്ങനെ രണ്ടുതരം ഭൂമികള്‍ ഉണ്ടായിരുന്നുവെന്ന് മേല്‍പറഞ്ഞ ഉദ്ധരണിയില്‍ നിന്നും  വ്യക്തമാകുന്നു. പൊതു സ്വത്ത് മുസ്‌ലിംകള്‍ക്കെല്ലാം അവകാശപ്പെട്ടതാണ്. എന്നാല്‍ സ്വകാര്യ സ്വത്ത് അതാതിന്റെ ഉടമകള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. സ്വകാര്യ ഉടമകളില്‍ നിന്നും  'മിച്ച'ഭൂമികള്‍ പിടിച്ചെടുത്ത് ഇതരര്‍ക്ക് വിതരണം ചെയ്യുകയോ പൊതുസ്വത്തിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തതായി റസൂലിന്റെയോ സ്വഹാബത്തിന്റെയോ കാലത്തെ ചരിത്രം തെളിവ് നല്‍കുന്നില്ല. നബി(സ) മദീനയിലെത്തിയ ഉടനെ സംജാതമായ ചില പ്രശ്‌നങ്ങളെ നബി(സ) എങ്ങനെ കൈകാര്യം ചെയ്തുവെന്ന് ഈ അവസത്തില്‍ നമുക്ക് ചിന്തിച്ചു നോക്കാം. ആദ്യമായി മദീനയിലെ പള്ളി (മസ്ജിദുന്നബവീ) നിര്‍മിക്കേണ്ട ആവശ്യം നേരിട്ടു. ഇതിന്ന് സമുചിതമായ സ്ഥലം വേണം. സ്ഥലമെടുപ്പ് നബി(സ) എങ്ങിനെയാണ് നടത്തിയിരുന്നത് എന്നു നോക്കാം. 'സുഹ്‌രീ(റ) പറഞ്ഞു: റസൂലുല്ലാഹി(സ)യുടെ പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്ത് നബിയുടെ ഒട്ടകം മുട്ടുകുത്തി. അന്ന് ആ സ്ഥലത്ത് മുസ്‌ലിംകളിലെ കുറേ പുരുഷന്മാര്‍ നിസ്‌ക്കരിക്കാറുണ്ടായിരുന്നു. അന്‍സാരികളായ സഹ്‌ല്, സുഹൈല്‍ എന്നീ രണ്ട് അനാഥക്കുട്ടികളുടെ (ധാന്യവും, ഈതത്തപ്പഴവും) ഉണക്കുന്ന സ്ഥലംകൂടിയായിരുന്നു അത്. അവര്‍ ഇരുപേരും അസ്അദ് ബിന്‍ സുറാറയുടെ ശിക്ഷണത്തില്‍ കഴിയുന്നവരായിരുന്നു. റസൂലുല്ലാഹി(സ) ആ സ്ഥലത്തിന് എന്തു വിലവേണമെന്ന് അന്വേഷിച്ചു. ഞങ്ങള്‍ അത് സംഭാവനയായി തരാമെന്ന് അവര്‍ ബോധിപ്പിച്ചു. റസൂലുല്ലാഹി(സ) അത് സ്വീകരിച്ചില്ല. ഒടുവില്‍ പത്ത് ദീനാര്‍ വിലകൊടുത്ത് അത് വാങ്ങി. (അവിടെ നിര്‍മിച്ച പള്ളി) മച്ചില്ലാത്ത വെറും മതില്‍ മാത്രമായിരുന്നു. അതിന്റെ 'ഖിബ്‌ല' ബൈത്തുല്‍ മഖ്ദസിന്ന് നേരേയുമായിരുന്നു. (സര്‍ക്കശീ: ഇഅ്‌ലാമുസ്സാജിദ് ബി അഹ്ക്കാമില്‍ മസാജിദ്, പേജ്:223).

സ്വകാര്യ ഉടമയില്‍പെട്ട സ്ഥലമായതിനാല്‍ ഉടമയുടെ അനുവാദത്തോടുകൂടി മാത്രമേ റസൂല്‍(സ) സ്ഥലമെടുപ്പ് നടത്തിയുള്ളൂ. അനാഥകളുടെ മുതലായിരുന്നതിനാല്‍ പ്രതിഫലം കൊടുത്തിട്ടല്ലാതെ നബി(സ) അത് സ്വീകരിച്ചതുമില്ല.

പൊതുഭൂമി എങ്ങനെ ഉപയോഗപ്പെടുത്താം

ആരും ഉടമപ്പെടുത്തിയിട്ടില്ലാത്ത ഉടമസ്ഥരഹിത ഭൂമിയെ വ്യക്തികളുടെ ഉടമയില്‍ കൊണ്ടുവരുന്നതിന്ന് വ്യക്തമായ നിയമനിര്‍ദ്ദേശങ്ങള്‍ ഇസ്‌ലാമിലുണ്ട്. മുസ്‌ലിംകള്‍ക്ക് പൊതുവായ അവകാശമുള്ള 'അറഫാത്ത്, മുസ്ദലിഫ, മിന തുടങ്ങിയ സ്ഥലങ്ങള്‍ ഒഴിച്ച് മറ്റെല്ലാ ഇടങ്ങളിലും വ്യവസ്ഥപ്രകാരം ഉടമപ്പെടുത്തല്‍ അനുവദനീയമാണ്. നിര്‍ജ്ജീവമായിക്കിടക്കുന്ന ഭൂമിയെ ആരെങ്കിലും സജീവമാക്കിയാല്‍ അത് അവന്നു തന്നെ' എന്നും ''ഉടമസ്ഥരഹിത ഭൂമി വല്ലവരും സജീവമാക്കിയാല്‍ ആ ഭൂമിയുടെ അവകാശി അവന്‍ തന്നെ' എന്നും റസൂല്‍ കരീം(സ) അരുളിയിട്ടുണ്ട്. അത്തരം ഭൂമികള്‍ സ്വകാര്യ ഉടമസ്ഥതയില്‍ കൊണ്ടുവരാനുള്ള വ്യവസ്ഥ എന്താണെന്നു നോക്കാം. ഇമാം നവവി(റ) വിശ്രുത കര്‍മശാസ്ത്ര ഗ്രന്ഥമായ 'മിന്‍ഹാജി'ല്‍ ഇപ്രകാരം പറയുന്നു: 'ലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമിയെ സജീവമാക്കുന്ന രീതി വ്യത്യാസപ്പെടുന്നതാണ്. വീടുണ്ടാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ സ്ഥലം വളച്ചുകെട്ടുകയും ഏതാനും ഭാഗമെങ്കിലും മേല്‍പുരയുണ്ടാക്കുകയും വാതില്‍ഘടിപ്പിക്കുകയും ചെയ്യേണ്ടതാവശ്യമാണ്. വാതില്‍ ഘടിപ്പിച്ചില്ലെങ്കിലും തരക്കേടില്ലെന്ന ഒരു അഭിപ്രായവുമുണ്ട്. മൃഗശാലയുണ്ടാക്കലാണ് ലക്ഷ്യമെങ്കില്‍ വളച്ചുകെട്ടിയാല്‍ മതി. മേല്‍പ്പുര നിര്‍ബന്ധമില്ല. വാതിലിനെ സംബന്ധിച്ച് മുന്‍പറഞ്ഞ അഭിപ്രായഭിന്നതയുണ്ട്. കൃഷിയിടമാണ് ഉദ്ദേശമെങ്കില്‍ ചുറ്റും കയ്യാല്‍ കോരുകയും ഭൂമി നിരപ്പാക്കുകയും ചെയ്യേണ്ടതാണ്. കാലവര്‍ഷം മതിയാകാത്തിടത്ത് ജലസേചന സജ്ജീകരണവും ചെയ്തിരിക്കണംണം (കിത്താബു ഇഹ്‌യാഉല്‍ മവാത്ത്, മിന്‍ഹാജ്). ഉടമസ്ഥ രഹിത ഭൂമിയെ സജീവമാക്കുന്ന ക്രമങ്ങളാണ് മേലുദ്ധരിച്ചത്. ഈ ക്രമങ്ങളില്‍ ഏതെങ്കിലുമൊന്ന് ചെയ്താല്‍ പൊതുഭൂമി അങ്ങനെ ചെയ്ത വ്യക്തിയുടെ ഉടമയില്‍ വന്നുചേരും. അതാണ് മുമ്പുദ്ധരിച്ച നബിവചനങ്ങളുടെ താത്പര്യം. ഇങ്ങനെ ഒരാളുടെ ഉടമയില്‍ വന്നുകഴിഞ്ഞാല്‍ ആ ഭൂമിയുടെ മേലുള്ള എല്ലാ അധികാരവും അയാള്‍ക്ക് കിട്ടി. അതിനെ വില്‍ക്കാനും സംഭാവന നല്‍കാനും എല്ലാമുള്ള അധികാരമുണ്ട്. അയാള്‍ മരണമടഞ്ഞാല്‍ തന്റെ അനന്തരാവകാശികള്‍ക്കിടയില്‍ അത് ഭാഗിക്കപ്പെടുന്നതുമായിരിക്കും.

എന്നാല്‍ അധീനമാക്കുന്ന ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെങ്കില്‍ അതിന്നുള്ള വിധിനിയമങ്ങള്‍ വ്യത്യസ്ഥമാണ്. താല്‍ക്കാലികമായി അധീനതയില്‍ വരുന്ന അത്തരം ഭൂമിയെപ്പറ്റി 'മിന്‍ഹാജ്' പറയുന്നത് കാണുക: വല്ലവനും ഭൂമിയെ സജീവമാക്കുന്ന (അധീനപ്പെടുത്തുന്ന) ജോലി തുടങ്ങിയ ശേഷം പൂര്‍ത്തിയാക്കാതിരിക്കുകയോ, കല്ലുകള്‍വെച്ചോ മരക്കുറ്റികള്‍ നാട്ടിയോ അടയാളപ്പെടുത്തുകയോ ചെയ്താല്‍ അവന്‍ ആ ഭൂമിയുടെ മേല്‍ 'മുതഹജ്ജിര്‍' (അപൂര്‍ണാവകാശി) ആയി' (കിത്താബു ഇഹ്‌യാഇല്‍ മവാത്ത്). അതേ സമയം തന്റെ കഴിവില്‍ ഒതുങ്ങിയത് മാത്രമായിരിക്കണമെന്ന നിബന്ധനയുമുണ്ട്. ഇത്തരം ഭൂമിയെ വില്‍ക്കാനോ മറ്റോ പാടുള്ളതുമല്ല. ഇങ്ങനെ കൈവശമാക്കിയ ഭൂമിയെ ദീര്‍ഘകാലം വെറുതെ ഇടുകയാണെങ്കില്‍ അവനോട് ശാസിക്കുവാന്‍ ഭരണകൂടത്തിന്ന് അധികാരമുണ്ട്. ഒന്നുകില്‍ നീ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തണം; അല്ലെങ്കില്‍ കയ്യൊഴിയണം എന്ന് അവനോട് കല്‍പിക്കണം. കൂട്ടാക്കിയില്ലെങ്കില്‍ അവന്ന് അതിന്മേലുള്ള അവകാശം തന്നെ നഷ്ടമായിപ്പോഴും. ഇത്തരം ഭൂമിയെ സംബന്ധിച്ചാണ് ഉമര്‍(റ) ഇങ്ങനെ പറഞ്ഞത്: 'നിര്‍ജ്ജീവ ഭൂമിയെ ആരെങ്കിലും സജീവമാക്കിയാല്‍ അത് അവന്നുതന്നെ, അധീനപ്പെടുത്തിയവന്ന് മൂന്ന് വര്‍ഷത്തിന്ന് ശേഷം അവകാശമില്ല'. നബി(സ)ഇപ്രകാരം പറഞ്ഞു: 'പുരാതന ഭൂമി അല്ലാഹുവിന്നും റസൂലിന്നുമാണ്. പിന്നീട് നിങ്ങള്‍ക്കും. വല്ലവനും നിര്‍ജ്ജീവ ഭൂമിയെ സജീവമാക്കിയാല്‍ അത് അവന്ന് തന്നെ. മൂന്ന് വര്‍ഷത്തിന്ന് ശേഷം അധീനമാക്കിയവന്ന് അതില്‍ അവകാശമില്ല.  കൃഷി മുതലായവ ചെയ്യുവാന്‍ വേണ്ടി ഗവണ്‍മെന്റ് പതിച്ചുകൊടുക്കുന്ന ഭൂമിയുടെ നിയമങ്ങളും ഇതുതന്നെയാണ്. മാത്രമല്ല, പണികള്‍ നടത്താന്‍ സാധിക്കുന്ന ആളുകള്‍ക്ക് മാത്രമേ ഈ വിധം പതിച്ചുകൊടുക്കാന്‍ പാടുള്ളൂ. അതും ഒരോരുത്തര്‍ക്കും സാധിക്കുന്ന അളവില്‍ മാത്രം. ഒഴിഞ്ഞ ഭൂമിയെ കൈവശമാക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഇവ്വിധം വിശദവും സമുചിതവുമായ നിയമ നിര്‍ദ്ദേശങ്ങളാണ് ഇസ്‌ലാമിലുള്ളത്. ഇസ്‌ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങളെല്ലാം ഇതൊക്കെ വിവരിച്ചിട്ടുണ്ട്.

സംരക്ഷിത മേച്ചിന്‍ പ്രദേശം

ഒഴിഞ്ഞ ഭൂമിയില്‍ ആവശ്യമായിടത്ത് സംരക്ഷിത മേച്ചിന്‍ മേഖല (ഹിമ) നിശ്ചയിച്ചിടുവാന്‍ ഗവണ്‍മെന്റിന് അധികാരമുണ്ട്. യുദ്ധാവശ്യത്തിനുള്ള കുതിരകളെയും സക്കാത്തിലുള്ള മൃഗങ്ങളെയും കളഞ്ഞുകിട്ടിയ മൃഗങ്ങളെയും വിദൂരങ്ങളില്‍ ചെന്ന് മേയ്ക്കാനാവാത്ത ബലഹീനരുടെ മൃഗങ്ങളെയും അതുപോലുള്ളതിനെയുമൊക്കെ മേയ്ക്കുവാന്‍ വേണ്ടിയാണ് ഇങ്ങനെ പ്രത്യേക മേച്ചിന്‍സ്ഥലം തിരിച്ചിടുന്നത്. ഇങ്ങിനെ ചെയ്യുവാന്‍ ഭരണാധികാരികള്‍ക്ക് മാത്രമേ അധികാരമുള്ളൂ. വ്യക്തികള്‍ക്കില്ല. റസൂല്‍(സ) പറഞ്ഞു: 'അല്ലാഹുവിന്നും റസൂലിന്നുമല്ലാതെ സംരക്ഷിത മേച്ചില്‍ മേഖല പാടില്ല' (ബുഖാരി).

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter