മുഹമ്മദ്‌ ബ്ൻ ഹസൻ അ-ശൈബാനിയും അദ്ദേഹത്തിന്റെ സാമ്പത്തിക ചിന്തകളും

എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വലിയ കർമ്മ ശാസ്ത്ര പണ്ഡിതനും മുജ്തഹിദുമായിരുന്നു മുഹമ്മദ് ബിൻ ഹസൻ അശൈബാനി. ഇമാം അബൂ ഹനീഫ (റ) വിന്റെ ശിഷ്യനും അതേസമയം ഇമാം ഷാഫിയുടെ ഗുരുവര്യനും ആയിരുന്നു അദ്ദേഹം. ഹനഫി കർമ്മ ശാസ്ത്ര വിദഗ്ധനായിരുന്ന അദ്ദേഹം അബ്ബാസികളുടെ ചീഫ് ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ചിരുന്നു.

ക്രി. 750 ൽ ഇറാഖ് നഗരമായ വാസിതിലാണ് ശൈബാനി ജനിക്കുന്നത്. ഫലസ്തീനിൽ നിന്നും കൂടിയേറി പാർത്തവരായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. പ്രാഥമിക വിദ്യാഭ്യാസങ്ങൾക്ക് ശേഷം അദ്ദേഹം ഇമാം അബൂഹനീഫയുടെ ശിഷ്യത്വം സ്വീകരിക്കുകയും മഹാനവർകളുടെ മരണം വരെ അദ്ദേഹത്തിന്റെ കീഴിൽ വിദ്യ നുകരുകയും ചെയ്തു. തന്റെ ഗുരുവിന്റെ മരണശേഷം അദ്ദേഹം വിശുദ്ധ നഗരമായ മദീനയിലേക്ക് യാത്ര തിരിക്കുകയും മാലിക് ബിൻ അനസ് (റ) വിന്റെ കീഴിൽ പഠനം തുടരുകയും ചെയ്തു. ഇക്കാരണത്താൽ തന്നെ മദനീ ഫിഖ്ഹ്, ഇറാഖീ ഫിഖ്ഹ് എന്നീ രണ്ട് കർമ്മ ശാസ്ത്ര ശാഖകളിലും പാണ്ഡിത്യം നേടാൻ അദ്ദേഹത്തിന് സാധിച്ചു. ശേഷം മദീനയിൽ നിന്നും ബാഗ്ദാദിലേക്ക് പുറപ്പെട്ട അദ്ദേഹം അവിടെയും തന്റെ പഠനങ്ങൾ തുടർന്നു.

മുഹമ്മദ്‌ അശൈബാനിയുടെ പാണ്ഡിത്യത്തിന്റെ ഫലമെന്നോണം അന്നത്തെ അബ്ബാസി ഖലീഫ ആയിരുന്ന ഹാറൂന്‍ റഷീദ് ക്രി. 769 നു ശേഷം അദ്ദേഹത്തെ തലസ്ഥാന നഗരമായ റഖയുടെ ജഡ്ജിയായി നിയമിച്ചു. ശേഷം അദ്ദേഹം ഈ സ്ഥാനം ഒഴിഞ്ഞെങ്കിലും പിന്നീട് കുറച്ചു കാലശേഷം അബ്ബാസികളുടെ മുഖ്യ ജഡ്ജിയായി ശൈബാനി നിയമിതനായി. ക്രി. 805 ൽ (ഹി: 189) തന്റെ അമ്പത്തി ആറാം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.

കർമ്മ ശാസ്ത്ര സംബന്ധവും അല്ലാത്തതുമായി നിരവധി രചനകൾ ശൈബാനി (റ) നടത്തിയിട്ടുണ്ട്. നിയമസംബന്ധമായി അദ്ദേഹം രചിച്ച "മുഖദ്ദിമതുൻ അൻ ഖാനൂനിൽ ഉമം" എന്ന ഗ്രന്ഥം ഏറെ പ്രശസ്തമാണ്. അമുസ്‍ലിംങ്ങൾക്കെതിരെയുള്ള ജിഹാദിന്റെ വിശദമായ നിയമവശങ്ങളും അത് സംബന്ധിയായ മാർഗനിർദ്ദേശങ്ങളുമെല്ലാം അദ്ദേഹം പ്രസ്തുത ഗ്രന്ഥത്തിൽ ചർച്ചചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ മിക്ക രചനകളും ഹനഫീ മദ്ഹബിലെ പ്രധാന അവലംബങ്ങളായി നിലനിൽക്കുന്നവയാണ്.

സാമ്പത്തിക ചിന്തകൾ

മുഹമ്മദ്‌ ബ്ൻ ഹസൻ അ-ശൈബാനിയുടെ മരണത്തിന്റെ ഏതാനും ദിവസങ്ങൾക്കു മുമ്പ് രചിച്ചത് എന്ന് പറയപ്പെടുന്ന സാമ്പത്തിക ശാസ്ത്ര സംബന്ധിയായ ഗ്രന്ഥമാണ് "അൽ-കസ്ബ്" എന്ന പേരിൽ പുറത്തിറങ്ങിയത്. സാമ്പത്തിക തലത്തോടുള്ള അദ്ദേഹത്തിന്റെ താല്പര്യം വ്യക്തമാക്കുന്ന ഒരു രചനയാണിത്. പ്രസ്തുത ഗ്രന്ഥത്തിന്റെ രചന നിർവഹിച്ചത് അദ്ദേഹം തന്നെയാണോ അതോ അദ്ദേഹത്തിന്റെ ശിഷ്യൻ മുഹമ്മദ് ബിൻ സമ്മാഹ് ആണോ എന്ന വിഷയത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഏതായാലും പുസ്തകത്തിന്റെ ഉറവിടം ശൈബാനിയിൽ നിന്നാണെന്ന് പണ്ഡിതന്മാർ അംഗീകരിക്കുന്നു.

സാമ്പത്തിക സംബന്ധമായ നിരവധി സിദ്ധാന്തങ്ങളാണ് അൽ-കസ്ബ് എന്ന ഗ്രന്ഥത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്. പണത്തിനെ കുറിച്ച് ശൈബാനിക്ക് പ്രത്യേക നിലപാട് ഉണ്ടായിരുന്നു. പണം എന്നത് സ്വർണമോ വെള്ളിയോ ആവണമെന്ന് നിർബന്ധമല്ലെന്നും മറിച്ച് ഇടപാടുകൾക്കായി ഉപയോഗിക്കുന്നത് എന്തും പണം തന്നെയാണെന്നും അദ്ദേഹം പറയുന്നുണ്ട്.

"കസ്ബ്" എന്നാൽ ജീവിക്കാൻ വേണ്ടിയുള്ള സമ്പാദ്യം എന്നാണ് അർത്ഥം. "നിയമാനുസൃതമായ മാർഗങ്ങളിലൂടെ സമ്പത്തിനെ കൈവശപ്പെടുത്തുക" എന്നതാണ് ശൈബാനി കസ്ബിന് നൽകിയിട്ടുള്ള നിർവചനം. സമ്പാദ്യം നേടിയെടുക്കുക എന്നത് വിദ്യ തേടുന്നതുപോലെ ഏതൊരു മുസ്‍ലിമിനും നിർബന്ധമായ ഒരു ചുമതലയാണെന്ന് അദ്ദേഹം പറയുന്നു.

സമ്പാദ്യത്തിനു വേണ്ടിയുള്ള പ്രയത്നത്തെ മൂന്ന് തരങ്ങളായി അദ്ദേഹം തരം തിരിക്കുന്നു. ഒരാൾക്കും കുടുംബത്തിനും ജീവിക്കാൻ ആവശ്യമായത് മാത്രം സമ്പാദിക്കലാണ് ഒന്നാമത്തേത്. ഈയൊരു അളവിലുള്ള സമ്പാദ്യം എല്ലാവർക്കും നിർബന്ധമായ ബാധ്യതയാണ്. ഒരാൾക്ക് ജീവിക്കാൻ ആവശ്യമായത് കഴിച്ച് മിച്ചം വെക്കും വിധം അധികം സമ്പാദിക്കലാണ് രണ്ടാമത്തെ വിധം. എന്നാൽ ഇതിലും അധികം വരുന്ന അളവിലുള്ള അമിത സമ്പാദ്യ സമാഹരണത്തെയാണ് മൂന്നാം തരമായി അവതരിപ്പിക്കുന്നത്.

സാമ്പത്തിക ശാസ്ത്രത്തിൽ കടന്നുവരുന്ന മറ്റൊരു പ്രധാന സിദ്ധാന്തമാണ് "ആവശ്യകതയും പരിപൂർണ്ണതയും" (Need and Perfection). ആധുനിക സാമ്പത്തിക വിദഗ്ധർ ഒരാളുടെ ആവശ്യത്തെ ആവശ്യകത, പരിപൂർണ്ണത എന്നിങ്ങനെ രണ്ട് വിധം ആയിട്ടാണ് തിരിക്കുന്നത്. എന്നാൽ മുസ്‍ലിം കർമ്മ ശാസ്ത്ര പണ്ഡിതര്‍ അതിനെ മൂന്ന് തരങ്ങളായി വേർതിരിച്ചിട്ടുണ്ട്. അത്യാവശ്യങ്ങൾ (ദറൂറിയ്യാത്), ആവശ്യങ്ങൾ (ഹാജിയ്യാത്), അലങ്കാരങ്ങള്‍ (തഹ്സീനിയ്യാത്) എന്നിവയാണവ. കിതാബുൽ കസ്ബിൽ ഒരാളുടെ "അത്യാവശ്യകത"യെ വിശദീകരിക്കുന്നത് ഇപ്രകാരമാണ്:

"എല്ലാ മനുഷ്യർക്കും അത്യാവശ്യമായത് ഭക്ഷണം, പാനീയം, വസ്ത്രങ്ങൾ, പാർപ്പിടം എന്നിവയാണ്. അതോടൊപ്പം തന്നെ അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടിയുള്ള സുരക്ഷിതമായ കാലാവസ്ഥയും അവന് ആവശ്യമാണ്. എന്നാൽ ഈയൊരു പരിധിയിൽ അധികം സമ്പാദിക്കുക എന്നത് അവന് അനുവദനീയമായ കാര്യമാണ്. നബി തങ്ങൾ തന്റെ കുടുംബത്തിന്റെ ഏകദേശം ഒരു വർഷത്തേക്കുള്ള ചിലവിന് വേണ്ടത്ര സമ്പാദിച്ചത് പോലെ".

ആധുനിക സാമ്പത്തിക വിദഗ്ധരുടെ മറ്റൊരു സിദ്ധാന്തമാണ് "മാർജിനൽ യൂട്ടിലിറ്റി തിയറി". ചരക്കോ മറ്റോ കൂടുതൽ ലഭിക്കുമ്പോൾ ഉണ്ടാവുന്ന അധിക സംതൃപ്തിയാണ് മാർജിനൽ യൂട്ടിലിറ്റി. ഇത്തരത്തിൽ ഒരു പ്രയോഗം ഉപയോഗിച്ചിട്ടില്ലെങ്കിലും ഇതിനോട് സമാനമായിട്ടുള്ള ഒരു ആശയം ശൈബാനി അവതരിപ്പിക്കുന്നുണ്ട്. അൽ-കസ്ബിൽ അദ്ദേഹം പറയുന്നു:

"ഒരാളുടെ യൂട്ടിലിറ്റിക്ക് അനുസരിച്ചാണ് അവൻ ഭക്ഷണം കഴിക്കുക. വയറു നിറഞ്ഞു കഴിഞ്ഞാൽ പിന്നെ അവിടെ യൂട്ടിലിറ്റി ഉണ്ടാവില്ല. മറിച്ച് അത് ഡിസ് യൂട്ടിലിറ്റി ആകും".

ഇത്തരത്തിൽ ഇന്നും കാലിക പ്രസക്തമായ നിരവധി സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങൾ അവതരിപ്പിച്ച ഒരു മഹൽ വ്യക്തിത്വമാണ് മുഹമ്മദ്‌ ബ്ൻ ഹസൻ അ-ശൈബാനി. അവയുടെ തുടര്‍ച്ചകള്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter