സമുദായത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനം സ്വപ്‌നംകണ്ട ശാസ്ത്രകാരന്‍
ശാസ്ത്രവും മാനവികതയും കാലങ്ങളായി കലഹത്തിലാണെന്നാണ് നമ്മുടെ സങ്കല്‍പം. എന്നാല്‍, ശാസ്ത്രത്തെയും മാനവികതയെയും മനോഹരമായി സമന്വയിപ്പിക്കാന്‍ ചിലര്‍ക്കു കഴിയും. തന്‍െറ വിഖ്യാത കണ്ടുപിടിത്തമായ ഡൈനാമിറ്റു മൂലം ഒരു ജനതയൊന്നാകെ തകര്‍ന്നു തരിപ്പണമായതു കണ്ട് മനംനൊന്ത് ആല്‍ഫ്രഡ് നൊബേല്‍, ജീവിതകാലം മുഴുവന്‍ സമ്പാദിച്ചതത്രയും വിവിധ മേഖലകളില്‍ നിസ്തുല സേവനം ചെയ്യുന്നവര്‍ക്കുള്ള ബഹുമതിക്കായി മാറ്റിവെച്ചപ്പോള്‍ നമുക്കു ലഭിച്ചത് നൊബേല്‍ സമ്മാനമെന്ന ലോകം വാഴ്ത്തുന്ന പുരസ്കാരമാണ്. ശാസ്ത്രത്തെയും മാനവികതയെയും ഒരു കുടക്കീഴില്‍ ചേര്‍ത്തു പിടിച്ച ഒരു പ്രതിഭാധനന്‍ . മുംബൈയിലെ ഭാഭാ ആറ്റോമിക് റിസര്‍ച് സെന്‍ററില്‍ (ബാര്‍ക്) നിന്ന് സീനിയര്‍ സയന്‍റിഫിക് ഓഫിസറായി വിരമിച്ച, കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും വ്യാപിച്ചു കിടക്കുന്ന കരിയര്‍ ഗൈഡന്‍സ് സെന്‍റര്‍ സിജിയുടെ സാരഥി. അതായിരുന്നു ഈയിടെ അന്തരിച്ച ഡോ. കെ.എം. അബൂബക്കര്‍ സാഹിബ്.
അടങ്ങാത്ത വിദ്യാദാഹം
1928ല്‍ ഡിസംബര്‍ 30ന് ഞാറക്കലിനടുത്ത് നായരമ്പലത്ത് കോയാലിപ്പറമ്പില്‍ മൊയ്തുവിന്‍െറയും ബീവാത്തുവിന്‍െറയും മൂന്നാമത്തെ മകനായി ഒരു സാധാരണ കുടുംബത്തില്‍ ജനനം. ഞാറക്കല്‍ ഗവ. ഹൈസ്കൂളില്‍നിന്ന് ഫസ്റ്റ്ക്ളാസോടെ പത്താംതരം വിജയിച്ചു. പഠനത്തോടുള്ള അടങ്ങാത്ത അഭിനിവേശം ആ കൗമാരക്കാരനെ വീണ്ടും വിദ്യാലയത്തിലേക്കു നയിച്ചു. എറണാകുളം മഹാരാജാസിലായിരുന്നു പ്രീഡിഗ്രി. മുസ്ലിം വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒന്നാംറാങ്കോടെയായിരുന്നു ഈ ജയം. തുടര്‍ന്ന് സ്കോളര്‍ഷിപ്പോടെ കെമിസ്ട്രിയില്‍ ബിരുദപഠനം. കോഴ്സ് കഴിഞ്ഞയുടന്‍ ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റി സെക്രട്ടറി കെ.എം. സീതി സാഹിബിന്‍െറ നിര്‍ദേശപ്രകാരം ഫാറൂഖ് കോളജില്‍ ലെക്ചററായി ചേരുന്നു.
അവിടെവെച്ചാണ് സാമൂഹികപ്രവര്‍ത്തനത്തിന്‍െറ ആദ്യ ചുവടുവെപ്പ്. പരേതരായ വി. മുഹമ്മദിന്‍െറയും ടി. അബ്ദുല്ലയുടെയും കൂട്ടുചേര്‍ന്ന് കലാലയത്തിലെ ദരിദ്ര വിദ്യാര്‍ഥികള്‍ക്കായി ഒരു പുവര്‍ ഹോസ്റ്റല്‍ തുടങ്ങി. അദ്ദേഹത്തിന്‍െറ വിദ്യാഭ്യാസത്തോടുള്ള അര്‍പ്പണബോധം കണ്ടറിഞ്ഞ സുഹൃത്തുക്കള്‍ (പ്രഫ. വി. മുഹമ്മദ്, എ.പി. ഇബ്രാഹിം കുഞ്ഞു, ടി. അബ്ദുല്ല) ചേര്‍ന്ന് അലീഗഢ് സര്‍വകലാശാലയില്‍ എം.എസ്.സി പഠനത്തിനായി അപേക്ഷ അയച്ചു. സര്‍വകലാശാലയില്‍നിന്ന് പ്രവേശന അറിയിപ്പ് വന്നു. എം.എസ്.സി ഫിസിക്കല്‍ ആന്‍ഡ് ഇനോര്‍ഗാനിക് കെമിസ്ട്രിയിലെ ആദ്യബാച്ച് വിദ്യാര്‍ഥിയായി അലീഗഢില്‍ പഠനം. അവിടെയും ഒന്നാംറാങ്കോടെയാണ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് അവിടത്തെന്നെ പിഎച്ച്.ഡി. രണ്ടു വര്‍ഷത്തിനുള്ളില്‍ ഡോക്ടറേറ്റ് നേടി. കേരളത്തിലെ മുസ്ലിംകള്‍ക്കിടയില്‍ കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെയാളായി ഡോ. അബൂബക്കര്‍.
ബാര്‍ക്കിലേക്ക് കൂടുമാറ്റം
അലീഗഢില്‍ ലെക്ചററായിരിക്കെയാണ് ബാര്‍ക്കില്‍ ജൂനിയര്‍, സീനിയര്‍ റിസര്‍ച് ഓഫിസര്‍മാരുടെ ഒഴിവുണ്ടെന്ന് പത്രത്തില്‍ പരസ്യംകാണുന്നത്. സുഹൃത്തുക്കളുടെ നിര്‍ബന്ധം ഏറി. കിട്ടിയാലും ഇല്ളെങ്കിലും മുംബൈയില്‍ ഒന്ന് കറങ്ങിവരാമല്ലോ എന്നായിരുന്നു അവരുടെ നിലപാട്. എന്നാല്‍, വിധി കാത്തുവെച്ചത് ബാര്‍ക്കിലെ ജൂനിയര്‍ റിസര്‍ച് ഓഫിസര്‍ നിയമനം കൂടിയായിരുന്നു. അങ്ങനെ 1955 ജൂലൈ 15ന് ബാര്‍ക്കില്‍ ജോലിയില്‍ പ്രവേശിച്ചു. പുതിയ ട്രെയ്നി ബാച്ചിനെ പരിശീലിപ്പിക്കുന്ന ജോലിയും ഒപ്പമുണ്ടായിരുന്നു. ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായരുള്‍പ്പെടെ 1000ത്തിലേറെ പേര്‍ക്കാണ് പരിശീലനം നല്‍കിയത്. 1958 ജൂണില്‍ എടവനക്കാട്ടെ കിഴക്കേവീട്ടില്‍ മുഹമ്മദ് ഹാജിയുടെ മകള്‍ ആയിഷയെ വിവാഹം ചെയ്തു. സാമൂഹിക പ്രവര്‍ത്തനത്തിലും സജീവമായത് അക്കാലത്താണ്.
കോഓപറേറ്റിവ് സൊസൈറ്റി വികസിപ്പിക്കല്‍, കോളനിയിലെ വിദ്യാര്‍ഥികളുടെ പഠനസൗകര്യം വര്‍ധിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളായിരുന്നു ഇതിലാദ്യത്തേത്. ദക്ഷിണ മുംബൈയുടെ ഭാഗമായ പരേലില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാസ് കമ്പനിയില്‍ നിന്നുള്ള വിഷവാതകം മൂലം ആ പ്രദേശം മുഴുവന്‍ അന്തരീക്ഷമലിനീകരണം നേരിടുകയായിരുന്നു. ഇതിനെതിരെ ഡോ. അബൂബക്കറും ചില സുഹൃത്തുക്കളും ചേര്‍ന്ന് ‘സോ ക്ലീന്‍’ എന്നപേരില്‍ സൊസൈറ്റിയുണ്ടാക്കി. ഇപ്പോള്‍ രാജ്യസഭാംഗമായ സുബ്രമണ്യസ്വാമി ഉള്‍പ്പെടെയുള്ളവര്‍ അന്നത്തെ പ്രവര്‍ത്തനങ്ങളില്‍ കൂടെയുണ്ടായിരുന്നു. രണ്ട് എണ്ണ കമ്പനികളുടെ സഹകരണത്തോടെ എന്‍വയണ്‍മെന്‍റല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ കോഴ്സുകള്‍ തുടങ്ങി. ഫാക്ടറികളിലെ വിഷവാതകങ്ങളെക്കുറിച്ച് പൊതുജനബോധവത്കരണം നടത്താന്‍ ഇതിലൂടെ സാധിച്ചു.
ആറ്റമിക് എനര്‍ജി കമീഷന്‍ ചെയര്‍മാന്‍ ഡോ. എച്ച്.എന്‍. സേഥ് അദ്ദേഹത്തെ ആറ്റമിക് എനര്‍ജി എജുക്കേഷന്‍ സൊസൈറ്റിയിലെ അംഗമാക്കി. ബാര്‍ക്കിന്‍െറ ഉപകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന പത്തിടങ്ങളില്‍ സൊസൈറ്റിയുടെ കീഴില്‍ സ്കൂള്‍ സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ക്ലാസ് ഫോര്‍ ജീവനക്കാരുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട അബൂബക്കര്‍ അവര്‍ക്കായി ആറ്റമിക് എനര്‍ജി എംപ്ലോയീസ് ബെനവലന്‍റ് സ്കീം ആരംഭിച്ചു. ഇതിലെ നന്മ തിരിച്ചറിഞ്ഞ ആദായനികുതി വകുപ്പ് പദ്ധതിക്കായി നികുതിയിളവ് അനുവദിക്കുകയും സമാനമായ പദ്ധതി വകുപ്പില്‍ ആരംഭിക്കുകയും ചെയ്തത് ഡോ. അബൂബക്കറിന് പ്രോത്സാഹനമായി. പല സ്വകാര്യ കമ്പനികളും തങ്ങളുടെ ജീവനക്കാര്‍ക്കായി പിന്നീട് സമാന സ്കീം തുടങ്ങി.
ബാര്‍ക്കിന്‍െറ പ്രവേശനകവാടത്തില്‍ 900ത്തിലേറെ കുടിലുകളുണ്ടായിരുന്ന വലിയൊരു കോളനി ഒഴിപ്പിക്കേണ്ടതിന്‍െറ പ്രധാന ഉത്തരവാദിത്തം അബൂബക്കറിന്‍െറ ചുമലിലായിരുന്നു. ആറ്റമിക് എനര്‍ജി ഡിപ്പാര്‍ട്മെന്‍റിന് വിപുലീകരണാര്‍ഥമാണ് സ്ഥലം ഏറ്റെടുക്കുന്നത്. അവിടെയുള്ളവരെ യുക്തിപൂര്‍വം ഒഴിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി ഡോ. കെ.എം. അബൂബക്കര്‍ പറയുന്നു. അവരെ മാറ്റിപ്പാര്‍പ്പിച്ച ട്രോംബെയിലെ ഹൗസിങ് കോളനി ഇന്ന് വികസനത്തിന്‍െറയും പുരോഗതിയുടെയും മേഖലയാണ്. 1988ല്‍ ആ ശാസ്ത്രജ്ഞന്‍ ബാര്‍ക്കില്‍നിന്ന് ഒൗദ്യോഗികമായി പടിയിറങ്ങി.
ബാര്‍ക്കില്‍നിന്ന് വിരമിച്ച ശേഷം ഒരു നിയോഗം പോലെയാണ് മുമ്പ് ജോലിചെയ്ത കോഴിക്കോട് ഫാറൂഖ് കോളജ് കാമ്പസിലേക്ക് എത്തുന്നത്. റൗദത്തുല്‍ ഉലൂം ട്രസ്റ്റിനുകീഴില്‍ അല്‍ ഫാറൂഖ് എജുക്കേഷനല്‍ സെന്‍റര്‍ സ്ഥാപിക്കുന്ന ചുമതലയായിരുന്നു അദ്ദേഹത്തിനു ലഭിച്ചത്. അല്‍ഫാറൂഖിന്‍െറ സ്ഥാപക ഡയറക്ടറായിരുന്നു അദ്ദേഹം. 1992ല്‍ വൈപ്പിനിലെ സുഹൃത്തും കാലിക്കറ്റ് സര്‍വകലാശാല പ്രോ.വി.സിയുമായ ഡോ.v പല്‍പു വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് നല്‍കേണ്ടതിന്‍െറ ആവശ്യകതയെക്കുറിച്ച് ഡോ. അബൂബക്കറുമായി ചര്‍ച്ചചെയ്തു. അധികം താമസിയാതെ അദ്ദേഹം സര്‍വകലാശാലയില്‍ കൗണ്‍സലിങ് സംവിധാനത്തിന് തുടക്കമിട്ടു. റൗദത്തുല്‍ ഉലൂം ട്രസ്റ്റിനു കീഴില്‍ അല്‍ഫാറൂഖ് സെന്‍ററില്‍ ഡോ. അബൂബക്കര്‍ ഒരു കരിയര്‍ ഗൈഡന്‍സ് വിഭാഗവും തുടങ്ങിയിരുന്നു.
പിന്നീട് സെന്‍റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) 1997ല്‍ മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്ത്, അന്നത്തെ ജാമിഅ ഹംദര്‍ദ് സര്‍വകലാശാല വി.സി ഡോ.സയ്യിദ് ഹാമിദ് ഒൗദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. തികച്ചും സൗജന്യമായ കരിയര്‍ ഗൈഡന്‍സും കൗണ്‍സലിങ്ങും, വിവിധ സ്കോളര്‍ഷിപ്പുകള്‍, വിദ്യാര്‍ഥികളുടെ അഭിരുചി നിര്‍ണയിക്കാനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ശാസ്ത്രീയമായ ശില്‍പശാലകളും സെമിനാറുകളും, കരിയര്‍ പ്രദര്‍ശനങ്ങള്‍, പ്രതിഭ പരിശീലനങ്ങള്‍, മത്സരപരീക്ഷ പരിശീലനങ്ങള്‍, പഠനവൈകല്യമുള്ള കുട്ടികളുടെ പരിഹാരത്തിന് ലേണിങ് ക്ളിനിക്, സൈക്കോളജിക്കല്‍ കൗണ്‍സലിങ് സംവിധാനം തുടങ്ങി കേരളത്തിലും വിവിധ ഗള്‍ഫ് രാജ്യങ്ങളിലുമായി ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് രണ്ടുപതിറ്റാണ്ടിലേറെക്കാലം സിജിയുടെ ഗുണഭോക്താക്കള്‍.
വിശ്രമമില്ലാത്ത ജീവിതസായാഹ്നം
വയസ്സ് 88 കഴിഞ്ഞെങ്കിലും ഇന്നും ഊര്‍ജസ്വലനും ആരോഗ്യവാനുമാണ് ഡോ. കെ.എം. അബൂബക്കര്‍. സിജിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും മറ്റും വീട്ടിലെത്തുന്നവരോടൊപ്പം അദ്ദേഹം കര്‍മനിരതനായി ചര്‍ച്ചകളിലും മറ്റും പങ്കെടുക്കുന്നു. മൂന്ന് പെണ്‍മക്കളാണുള്ളത്. മൂത്തയാള്‍ സായ അബൂദബി മിലിട്ടറി ആശുപത്രിയില്‍ ബയോടെക്നോളജി വിഭാഗം മേധാവിയും രണ്ടാമത്തെ മകള്‍ യു.എസിലെ വാഷിങ്ടണില്‍ ജോണ്‍ഹോപ്കിന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ജെറിയാട്രിഷ്യനുമാണ്. ഇളയമകള്‍ നജു എന്ന ഗുല്‍നാര്‍ പിതാവിന്‍െറ പാത പിന്തുടര്‍ന്ന് ബാര്‍ക്കിലത്തെി. മെറ്റലര്‍ജിയില്‍ പിഎച്ച്.ഡി ചെയ്ത ഗുല്‍നാര്‍ ബാര്‍ക്കിലെ മെറ്റലര്‍ജി വിഭാഗം മേധാവിയാണ്. ഭാര്യ ആയിഷ 2013 ഡിസംബറില്‍ ഈ ലോകത്തോടു വിടപറഞ്ഞു. അതിനുശേഷം പാലക്കാട്ടുകാരിയായ ഹാജറയെ വിവാഹം ചെയ്തു. ജീവിതസായാഹ്നത്തില്‍ എന്തിനും ഏതിനും ഹാജറയായിരുന്നു കൂട്ട്, ഒപ്പം കര്‍മമണ്ഡലത്തിലൂടെ സമ്പാദിച്ച എണ്ണമറിയാത്ത സൗഹൃദങ്ങളും.
വാർധക്യ സഹജമായ അസുഖങ്ങളാൽ പ്രയാസങ്ങൾ അനുഭവിച്ചിരുന്നുവെങ്കിലും 2018 നവമ്പർ 6 ന് സിജി ചേവായൂർ ക്യാമ്പസിൽ നടന്ന 22 -) o "സിജി ഡേ" പരിപാടിയിൽ അദ്ദേഹം കുടുംബ സമേതം പങ്കെടുത്തു. പിന്നിട് അധിക ദിവസം കഴിയുന്നതിന് മുൻപേ രോഗം മൂർഛിച്ച് എറണാംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വവസതിയിൽ വെച്ച് 2018 നവമ്പർ 27 (1440 റബീഉൽ അവ്വൽ 19) ചൊവ്വാഴ്ച അദേഹം നിര്യാതനായി.
Leave A Comment