ഗാന്ധിയോട് രാജ്യസ്നേഹ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നവര്‍...!
khadiiചരിത്രസ്മൃതികളെ ഇല്ലാതാക്കുക എന്നതാണ് ഫാഷിസത്തിന്റെ വഴി. ഒടുവിലവര്‍ കലണ്ടറില്‍ മിണ്ടാതിരുന്ന ഗാന്ധിയെ താഴെയിറക്കി. അവതാര പരിവേഷം പൂണ്ട നരേന്ദ്ര മോഡി സര്‍വ്വ സന്നാഹങ്ങള്‍ കാട്ടി കെട്ടിയാടുകയാണ്. നിറയൊഴിച്ച RSS കാരന്‍ നാഥുറാം വിനായക് ഗോഡ്സെക്ക് അമ്പലം പണിത് ജന്മദിവസം ബലിദാന്‍ ദിവസമായി കൊണ്ടാടാന്‍മാത്രം അവര്‍ ധൃഷ്ടരായി. 1948 ജനുവരി 20 ന് ഗാന്ധിയെ വധിക്കാനുള്ള ആദ്യ ശ്രമം പാഴായപ്പോള്‍ പത്തുദിവസത്തിന് ശേഷം വധിക്കാനുള്ള കമാന്‍ഡര്‍ പദവി സ്വയം ഏറ്റെടുത്ത് രാജ്യസ്നേഹി ഗോഡ്‌സെ ഗാന്ധിക്കെതിരെ നിറയൊഴിച്ചത് പാക്കിസ്ഥാന്‍ നല്കാമെന്ന, 65 കോടിക്കുള്ള വാശിയുടെ മേലാണ്. രാജ്യം സ്വാതന്ത്ര്യം നേടി ചെങ്കോട്ടക്കയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുമ്പോള്‍ വംശീയതയുടെ ഉണങ്ങാത്ത മുറിവുകള്‍ക്ക് മീതെ നടന്ന് മനുഷ്യക്കുരുതിക്ക് അവസാനം കുറിക്കാന്‍ തന്റെ ശരീരം സമര്‍പ്പിച്ച് സത്യാഗ്രഹം കിടന്ന മനുഷ്യനെ അപമാനിക്കുന്നതില്‍ രാജ്യസ്നേഹത്തിന്റെ അമാനുഷികത എത്രത്തോളമാണ്. 1948 ജനുവരി 30 ന് ബിര്‍ളാ ഹൗസിന്റെ പ്രാര്‍ത്ഥന മുറിയില്‍ ഇരുകൈകളിലും ധൈര്യം സമാഹരിച്ച് ഞാന്‍ ഗാന്ധിജിക്കു നേരെ വെടിയുതിര്‍ത്തു എന്നതാണ് ഗോഡ്സെ നല്‍കിയ കുറ്റസമ്മത മൊഴി. ബ്രിട്ടീഷുകാരന് മാപ്പെഴുതി നല്‍കി സ്വാതന്ത്ര്യ പോരാട്ടത്തില്‍ നിന്ന് പിന്‍വലിഞ്ഞ് ചാരപ്പണിയെടുത്തവര്‍ രൂക്ഷ വര്‍ഗീയതയില്‍ അടിസ്ഥാനമാക്കിയ അതിദേശീയത ഏറ്റുപിടിച്ച് രാജ്യത്ത് പുതിയ ചരിത്രത്തിന് വേണ്ടി വിളറിപിടിക്കുകയാണ്. ജസ്റ്റിസ് ജി.ഡി ഗോസ്ലെയുടെ ബെഞ്ചിന് മുമ്പാകെ അപ്പീല്‍ പരിഗണനയ്ക്ക് വന്നപ്പോള്‍ താന്‍ തന്നെയാണ് മഹാത്മജിയെ കൊന്നതെന്നും കൊല്ലാനുണ്ടായിരുന്ന കാരണങ്ങള്‍ എന്തായിരുന്നുവെന്നും അര്‍ദ്ധശങ്കക്കിടയില്ലാത്തവിധം വിവരിച്ചു. ഗാന്ധിയുടെ ഉറ്റമിത്രം വാരിയസ് എല്‍വിന്‍ തന്റെ ഡയറിയില്‍ കുറിച്ച് വെച്ചത് സോക്രട്ടീസിന്റെ വിചാരണ പ്രസംഗത്തിന് ശേഷം ശിക്ഷിക്കപ്പെട്ട ഒരു മനുഷ്യന്‍ നടത്തിയ ഏറ്റവും ഉജ്ജ്വലമായത് എന്നാണ്. മീറത്തില്‍ ഗോഡ്സെക്ക് വേണ്ടി പ്രതിമ പണിയുന്നതിന്റെ രാജ്യബോധം എന്താണെന്ന് പിടികിട്ടണമെങ്കില്‍ തീവ്ര ഹിന്ദു ആശയതലം പരിശോധിക്കണം. യു.പി. യിലെ നിയമസഭ തിരഞ്ഞെടുപ്പിലെ അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണ പ്രഖ്യാപനം ചിലതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ഹിംസാത്മക രാഷ്ട്രീയം ഭയപ്പെടുത്തലുകളുടെ രാഷ്ട്രീയമായതിനാല്‍ പ്രതിരോധ രാഷ്ട്രീയത്തിലേക്ക് ഉള്‍വലിഞ്ഞ് ഭീതിപ്പെടുത്തിയവര്‍ക്ക് മുന്നില്‍ നിസ്സംശയം കുമ്പിടാന്‍ സാധിക്കുമെന്നതിന്റെ അവസാന അടയാളമാണ് ഗാന്ധിജിയോട് ചോദിക്കാനിരിക്കുന്ന രാജ്യസ്നേഹ സര്‍ട്ടിഫിക്കറ്റ്. khadiഗാന്ധിജിയുടെ അഭാവത്തില്‍ ഇന്ത്യ പ്രായോഗികമായി വളരുകയും സായുധസേന വഴി കരുത്താര്‍ജ്ജിക്കുകയും തിരിച്ചടിക്കാനുള്ള പ്രാപ്തി നേടുകയും ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. കൊലയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ചുമലിലേല്‍ക്കാനാണ് നീതിപീഠത്തിന്റെ മുമ്പാകെ ഞാന്‍ നില്‍ക്കുന്നത്. ഉചിതമായ ഉത്തരവ് ജഡ്ജിമാര്‍ പുറപ്പെടുവിക്കണമെന്ന് ഗോഡ്സെ തുറന്ന് പറഞ്ഞപ്പോള്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യ തീവ്രവാദി RSS കാരനായ ഗോഡ്സെക്ക് തൂക്കുകയര്‍ വിധിച്ചു. രക്തസാക്ഷി ഗാന്ധിക്കുമേല്‍ ഗോഡ്സെയുടെ വിജയം അറുപതുകള്‍ക്കിപ്പുറം മോദി പ്രഖ്യാപിക്കുമ്പോള്‍ കലണ്ടറുകളില്‍ തൂങ്ങിക്കിടക്കുന്ന എം.കെ. ഗാന്ധിയെ പിടിച്ചിറക്കുമ്പോള്‍ കൈവിട്ടുപോയ ചര്‍ക്കക്കുവേണ്ടി കേണിരിക്കും. ചരിത്രത്തിലെ ഏതെങ്കിലുമൊരു വശത്ത് ആരും കാണാതെ ചര്‍ക്കയില്‍ നൂല്‍ നൂറ്റ് ജീവിക്കാനുള്ള ഗാന്ധിയുടെ അവകാശത്തെ പോലും മോദി സര്‍ക്കാര്‍ നിഷ്ഠൂരം ഇല്ലാതാക്കി. പകരം രാജ്യം ക്യൂവിലായപ്പോള്‍ ദണ്ഡിയാത്രയെ ഓര്‍മ്മിപ്പിച്ച് അവര്‍ വീരേതിഹാസങ്ങള്‍ മുഴക്കി. ബിര്‍ളാ ഹൗസിന്റെ പ്രാര്‍ത്ഥനാ മുറിയില്‍ ഒഴുകിയ ഗാന്ധിയുടെ രക്തം മലിനജലമാണെന്ന് വരും തലമുറ വിധിയെഴുതാന്‍ കാത്തുനില്‍ക്കുന്ന ദേശീയ ബോധവും, രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഭൂരിപക്ഷം അടിച്ചമര്‍ത്തുന്ന അതിദേശീയ മനോഭാവം യഥാര്‍ത്ഥ രാജ്യസ്നേഹമാണെന്ന് തെറ്റിദ്ധരിക്കുന്ന വരും കാലവും രാജ്യത്തിന്റെ ആത്മഗോപുരം വിറകൊള്ളുമെന്നതില്‍ ശങ്കക്കിടവരുത്തുന്നില്ല. നെഹ്റുവും അംബേദ്കറും ടാഗോറും ഗാന്ധിജിയും ഭയപ്പെട്ട അതിദേശീയത തന്നെയാണ് രാജ്യത്തെ പാവപ്പെട്ട ജനങ്ങളും ഇപ്പോള്‍ ഭയപ്പെടേണ്ടതും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter