ഇന്ത്യക്കാര്‍ ഹിന്ദുക്കളാണ്, ഹിന്ദു വിദേശിയും
സത്യം, വസ്തുത, യാഥാര്‍ത്ഥ്യം തുടങ്ങിയവയൊന്നും പലപ്പോഴും നേര്‍ക്കുനേര്‍ വന്നു മുഖം കാണിക്കാറില്ല. ഏതെങ്കിലമൊരു മഹാ പൊള്ളിന്റെയുള്ളില്‍ കയറിയിരുന്നു എല്ലാവരുടെയും കളികളും കടിപിടികളുമെല്ലാം കണ്ടാസ്വദിക്കാനാണ് മിക്കപ്പോഴും അവയുടെ വിധി. ആ വിധിയുടെ പുറംതോട് പൊട്ടിച്ചെറിഞ്ഞു പുറത്തേക്കു തലയിടുന്നവയാകട്ടെ വലിയ വിവാദങ്ങള്‍ക്കും സംവാദങ്ങള്‍ക്കും വഴിമരുന്നിടാറുമുണ്ട്. അത്തരമൊന്നാണ് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് കൊളുത്തിവെക്കുകയും കേന്ദ്ര ന്യൂനപക്ഷവകുപ്പ് മന്ത്രി നജ്മ ഹെബ്ത്തുല്ല ആളിക്കത്തിക്കുകയും ചെയ്ത `ഹിന്ദു’വിവാദം.
`ഇംഗ്ലണ്ടില്‍ താമസിക്കുന്നവര്‍ ഇംഗ്ലീഷുകാരെന്നും ജര്‍മനിയില്‍ വസിക്കുന്നവര്‍ ജര്‍മന്‍സ് എന്നും അമേരിക്കയിലുള്ളവര്‍ അമേരിക്കന്‍സ് എന്നും അറിയപ്പെടുമ്പോള്‍, ഹിന്ദുസ്ഥാനില്‍ വസിക്കുന്നവരെല്ലാംം ഹിന്ദുക്കള്‍ എന്നറിയപ്പെടാത്തതെന്തുകൊണ്ട്?’ ഈ ചോദ്യം 2014 ആഗസ്റ്റ് 17 നു മോഹന്‍ ഭഗവത് ഉന്നയിച്ച തോടെയാണ് വിവാദത്തിന്റെ തുടക്കം. കോണ്‍ഗ്രസിലെ മനീഷ് തിവാരിയും സി.പി.എമ്മിന്റെ സിതാറാം യെച്ചൂരിയും ബി.എസ്.പിയുടെ മായാവതിയും ഉള്‍പ്പെടെയുള്ള ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖരെല്ലാം ഇതിനോട് കടുത്തഭാഷയില്‍ പ്രതികരിച്ചുകൊണ്ടിരിക്കെയാണ് മുസ്ലിം നാമധാരികൂടിയായ നജ്മ ഹെബ്ത്തുല്ലയുടെ പ്രതികരണം വരുന്നത്. മോഹന്‍ ഭഗവതിനെ പിന്തുണച്ചുകൊണ്ട്, ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളാണെന്നു പറയുന്നതില്‍ തെറ്റില്ലെന്നു ഹിന്ദുസ്ഥാന്‍ടൈംസിനു എഴുതിക്കൊടുത്ത അഭിമുഖത്തിലൂടെ അവര്‍ വ്യക്തമാക്കി. വിഷയമേറ്റെടുത്ത മീഡിയകള്‍ ഭഗവതിനെക്കാള്‍ വലിയ `സംഘ’ഭക്തിയായി അതിനെ ചിത്രീകരിച്ചു. ഞാന്‍ `ഹിന്ദു’എന്നല്ല, `ഹിന്ദി’ എന്നാണ് പ്രയോഗിച്ചതെന്നും ഗള്‍ഫിലെത്തുന്ന ഇന്ത്യക്കാരെ അറബികള്‍ `ഹിന്ദി’ എന്നു വിളിക്കാറുണ്ടെന്നും വിശദീകരിച്ച് വിവാദത്തില്‍ നിന്ന് തലയൂരാനാണ് പിന്നീട് നജ്മ ശ്രമിച്ചത്.
പരിവാര പ്രത്യയശാസ്ത്രത്തിലേക്ക് പുതുതായി `പരിവര്‍ത്തനം’ ചെയ്ത നജ്മയും `സംഘ’തലവന്‍ മോഹന്‍ ഭഗവതും ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളാണെന്നു ഉറക്കെ പറയുമ്പോള്‍, പല അജണ്ടകളും അവര്‍ മുന്നില്‍ കാണുന്നുണ്ടാവാം. പക്ഷേ, ആ അജണ്ടകളെ ആകമാനം പൊളിച്ചടക്കുന്ന ചില വസ്തുതകള്‍ അവരുടെ പ്രസ്താവനകള്‍ക്കിടയില്‍ തന്നെ ഒളിഞ്ഞിരിക്കുന്നുണ്ട്. വിവാദങ്ങളുടെ പുറംതോടുപൊട്ടിച്ചു അവയെ പുറത്തെടുത്ത് സംവാദ വിധേയമാക്കുമ്പോള്‍, പരിവാര ഫാഷിസത്തിന്റെ അടിക്കല്ലടക്കം ആടിയുലയുമെന്നുറപ്പ്. അതുകൊണ്ടുതന്നെ ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളാണെന്ന വാദത്തെ `ശരി’വെച്ചുകൊണ്ടുള്ള സംവാദങ്ങള്‍ രാജ്യത്തുടനീളം നടക്കേണ്ടതുണ്ട്. അതേകുറിച്ചുള്ള ചില വിചാരപ്പെടലുകളാണീ കുറിപ്പ്.
ആരാണ് ഹിന്ദു? ഹൈന്ദവത എന്നൊരു മത/ദര്‍ശനമുണ്ടോ? ഇപ്പോഴും നിര്‍വചിക്കാനാവാത്ത, ചരിത്രാന്വേഷികളെയും ആത്മീയ അന്വേഷകരെയും കുഴക്കുന്ന, പ്രഹേളികയായി തുടരുന്ന ഒരു പ്രശ്നമാണിത്. ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കി നിര്‍വചിക്കുമ്പോള്‍ സംഭവിക്കുന്ന സങ്കീര്‍ണതകളില്‍ തപ്പിതടയുകയാണിവിടെ എല്ലാവരും. അയ്യായിരം വര്‍ഷത്തെ സാംസ്‌കാരിക പാരമ്പര്യമുണ്ടെന്ന് അവകാശപ്പെടുന്ന ഇന്നാട്ടില്‍ എണ്ണിയാലൊടുങ്ങാത്ത വേദോപനിഷത്തുകളും ഇതിഹാസ പുരാണങ്ങളും ധര്‍മസൂക്തങ്ങളുമെല്ലാം വിരചിതമായിട്ടുണ്ട്. അവയൊന്നും ഒരു `ഹിന്ദു’മതത്തെ പരിചയപ്പെടുത്തുന്നില്ല. അതിലൊന്നും ഹിന്ദു എന്ന പദം പോലും കണ്ടെത്താനാവില്ല. ഹിന്ദുവിന്റെ പേരിലൊരു മതമോ `ഹൈന്ദവത’യെന്ന ഒരൊറ്റ ദര്‍ശനമോ ഇവിടെ നിലവിലുണ്ടായിരുന്നെങ്കില്‍, അക്കാര്യം കഴിഞ്ഞുപോയ സന്ന്യാസിമാരും മഹര്‍ഷിമാരും തങ്ങളുടെ പിന്മുറക്കാരെ വാമൊഴിയും വരമൊഴിയുമൊക്കെ ഉപയോഗിച്ച് അറിയിക്കുമായിരുന്നു. അങ്ങനെ ഉണ്ടായിരുന്നില്ലെന്നതുകൊണ്ടുതന്നെ `ഹിന്ദു’ വിദേശിയാണെന്ന വസ്തുതയിലേക്കാണ് `ഹിന്ദുത്വ’ത്തിനകത്തും പുറത്തുമുള്ള ചരിത്രാന്വേഷികളെല്ലാം എത്തിപ്പെടുന്നത്.
ഈ വസ്തുത ശരിവെക്കുന്ന സ്വാമി ശ്രദ്ധാസുധാശരനാനനന്ദ യുടെ വാക്കുകളിങ്ങനെ: The fact is that the BOTH the words ‘Hindu’ and ‘India’ have foreign origin. The word ‘Hindu’ is neither a Sanskrit word nor is this word found in any of the native dialects and languages of India. It should be noted that ‘Hindu’ is NOT a religious word at all. There is no reference of the word ‘hindu’ in the Ancient Vedic Scripturse.
`ഇന്ത്യ’യും `ഹിന്ദു’വും വിദേശ പദങ്ങളാണെന്നും `ഹിന്ദു’വിന് മതപരമായ ബന്ധമില്ലെന്നും, വേദങ്ങളിലും സംസ്‌കൃതമുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളിലും അങ്ങനെ കണ്ടെത്താനാവില്ലെന്നും തുറന്നു പറയുകയാണിവിടെ സ്വാമി ശ്രദ്ധാസുധാശരനാനനന്ദ. യഥാര്‍ത്ഥത്തില്‍ ഹിന്ദു എന്ന വാക്ക് ആദ്യം പ്രത്യക്ഷപ്പെട്ടത് ഒരു പ്രാചീന പേര്‍ഷ്യന്‍ ഭൂമിശാസ്ത്ര പദമായിട്ടാണ്. `സിന്ധു’നദിയുടെ പേരില്‍ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. സിന്ധു നദിയ്ക്കു മറുവശത്തുള്ള ജനതയെ സൂചിപ്പിക്കാന്‍ `ഹിന്ദു’ എന്നപദമാണ് പേര്‍ഷ്യക്കാര്‍ ഉപയോഗിച്ചിരുന്നത്. പേര്‍ഷ്യന്‍ ഭാഷയില്‍ `സി’ എന്ന് ഉച്ചരിക്കാന്‍ പ്രയാസപ്പെട്ടവര്‍ അതിനു പകരം `ഹി’ എന്ന് ഉച്ചരിക്കുകയായിരുന്നത്രെ. അങ്ങനെയാണ് `സിന്ധു’ വിനു പകരം `ഹിന്ദു’വന്നത്. പ്രാചീന പേര്‍ഷ്യന്‍ ലിഖിതങ്ങളിലും സെന്റ്അവസ്ത പോലുള്ള ഗ്രന്ഥങ്ങളിലും `ഹിന്ദു’എന്ന് പ്രയോഗിച്ചിരിക്കുന്നത് ഒരു ഭൂമിശാസ്ത്രപരമായ പദം എന്ന നിലയ്ക്കാണ്. ബി.സി 517 പേര്‍ഷ്യന്‍ രാജാവായിരുന്ന ഡാരിയസ് ഒന്നാമന്‍ തന്റെ സാമ്രാജ്യം ഇന്ത്യാഉപഭൂഖണ്ഡത്തിന്റെ അതിര്‍ത്തിയോളം വ്യാപിപ്പിച്ചു. സ്വാഭാവികമായും പല ഇന്ത്യക്കാരും അദ്ദേഹത്തിന്റെ സൈന്യത്തിലും ഭരണത്തിലും പെട്ടു. അവരെല്ലാം അന്ന് `ഹിന്ദു’ എന്നാണ് അഭിസംബോധനം ചെയ്യപ്പെട്ടത്. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ അധിനിവേശക്കാലത്തും അതിനു ശേഷവുമെല്ലാം പ്രാചീന ഗ്രീക്കുകാരും അമേരിക്കക്കാരും ഇന്നാട്ടുകാരെ `ഇന്ദു’ എന്നും `ഹിന്ദു’ എന്നും തന്നെയാണ് വിളിച്ചത്.
പിന്നീട് യോദ്ധാക്കളും സഞ്ചാരികളുമൊക്കെയായി ഇവിടെയെത്തിയ അറബികള്‍ `അല്‍’ എന്ന അവ്യയം ചേര്‍ത്ത് ഇന്നാടിനെ `അല്‍ഹിന്ദ്’ എന്നു വിളിച്ചു. ഇന്നും അറബികള്‍ക്ക് ഇന്ത്യക്കാരെല്ലാം `ഹിന്ദി’കള്‍തന്നെയാണ്. ഇവിടെ ഉണ്ടായിരുന്ന `എല്ലാ മുഗള ചക്രവര്‍ത്തിമാരും 18-ാം ശതകം വരെ ബ്രിട്ടീഷ് സാമ്രാജ്യവും `ഹിന്ദുസ്ഥാനി’ലെ ജനങ്ങളെ `ഹിന്ദു’ എന്ന പദത്താല്‍ പരാമര്‍ശിച്ചിരുന്നു. ക്രമേണ `ഹിന്ദു’ എന്ന പദം `അബ്രഹാമികവംശനാമം’ സ്വീകരിക്കാത്ത ഏതൊരു ഭാരതീയനെയും സൂചിപ്പിക്കുന്ന പദമായി `മാറുക’യും അങ്ങനെ മഹത്തായ വ്യാപ്തിയുള്ള വിശ്വാസങ്ങളെയും ആചാരങ്ങളെയും ഉള്‍കൊള്ളുന്ന ഒരു ജനതതിയുടെ പൊതുനാമമായി തീരുകയും ചെയ്തു’.
ഭാരതീയ ദര്‍ശനങ്ങളെ ആഴത്തില്‍ വിലയിരുത്തിയ മലയാളി കെ. ദാമോദരന്‍ എഴുതുന്നു. `ഇന്നു നാം അറിയുന്ന വിധത്തിലുള്ള ഹിന്ദുമതം വേദങ്ങളുടെ കാലത്തോ ഉപനിഷത്തുകളുടെ കാലത്തോ ഒരിടത്തുമുണ്ടായിരുന്നില്ല. പ്രാചീന ദാര്‍ശനിക കൃതികളിലൊന്നും `ഹിന്ദു’എന്ന പദം പോലും കാണാന്‍ കഴിയില്ല. സാരാംശത്തില്‍ അത് മധ്യകാലത്തിന്റെ ഒരു സന്തതിയാണ്. എട്ടാം നൂറ്റാണ്ടിനു ശേഷമാണ് `ഹിന്ദു’എന്ന പദം പ്രചാരത്തില്‍ വന്നത്. ഇന്ദു(സിന്ധു) നദീതടത്തില്‍ പാര്‍ത്തിരുന്നവര്‍ `ഹിന്ദുക്കള്‍’ എന്നു വിളിക്കപ്പെടാന്‍ തുടങ്ങി. അറബികളുടെ ആക്രമണത്തെ തുടര്‍ന്നു ഇസ്ലാംമതാനുയായികള്‍ ഇന്ത്യയിലെത്തിയപ്പോഴാണ് ഈ പദത്തിനു പ്രത്യേകമായ ഒരു അര്‍ത്ഥം ലഭിച്ചത്. പുറമെ നിന്നു വന്ന മുസ്ലിംകളുടെ മതവിശ്വാസങ്ങളും ഇന്ത്യയില്‍ അവര്‍ കീഴടക്കിയ പ്രദേശങ്ങളിലെ ജനങ്ങളുടെ മതവിശ്വാസങ്ങളും തമ്മിലുള്ള വ്യത്യാസം ഊന്നാന്‍ വേണ്ടി `ഹിന്ദു’എന്ന പദം കൂടുതല്‍ കൂടുതല്‍ ഉപയോഗിക്കപ്പെടാന്‍ തുടങ്ങി’.
അധിനിവേശത്തിന്റെ ആദ്യകാലങ്ങളില്‍ ബ്രിട്ടീഷുകാരടക്കം`ഹിന്ദുസ്ഥാനി’ലെ ജനങ്ങളെ`ഹിന്ദു’ക്കള്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നതെന്നു 1830 നു ശേഷമാണ് ലോകമതങ്ങളില്‍ നിന്നു ഭാരതീയ ദര്‍ശങ്ങളെ വേര്‍പ്പെടുത്തിക്കൊണ്ട് അവയെ മാത്രം `ഹിന്ദു’എന്ന് അഭിസംബോധനം ചെയ്യുന്നത് വ്യാപകമായതെന്നും ഹിന്ദു ഓക്സ്ഫോഡ് സെന്റര്‍ ഫോര്‍ ഹിന്ദു സ്റ്റഡീസ് ഡയറക്ടറും ഭാരതീയ മതദര്‍ശനങ്ങളെ താരതമ്യപഠനവിധേയമാക്കിയ പണ്ഡിതനുമായ ഗാവിന്‍ ഫ്ളൂഡ് അടക്കമുള്ളവര്‍ തുറന്നു പറഞ്ഞിട്ടുണ്ട്.
അപ്പോള്‍ 1830 നു ശേഷമാണ് ഹിന്ദുസ്ഥാനിലെ ജനങ്ങള്‍ ഹിന്ദുവും അഹിന്ദുവുമായി വിഭജിക്കപ്പെട്ടത്. വാസ്തവത്തില്‍ അതൊരു സവര്‍ണ/കൊളോണിയല്‍ തന്ത്രമായിരുന്നു. ചരിത്രാതീത കാലം മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടുവരെയുള്ള നീണ്ട സഹസ്രാബ്ദങ്ങള്‍ `ഹിന്ദുസ്ഥാനി’ലെ ആസ്തികനും നാസ്തികനും, ഏകദൈവ വിശ്വാസിയും ബഹുദൈവ വിശ്വാസിയും, ദ്വൈതവാദിയും അദ്വൈതവാദിയുമെല്ലാം `ഹിന്ദു’എന്ന് അഭിസംബോധനം ചെയ്യപ്പെട്ടിരുന്നു. അത് ഈ രാജ്യത്തെ ഒരുമയുടെയും ഐക്യത്തിന്റെയും അടയാള മുദ്രകൂടിയാണെന്ന് അധിനിവേശപ്പിശാച് തിരിച്ചറിഞ്ഞു. വെള്ളക്കാരനവിടെ `ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന കറുത്ത പോളിസി പുറത്തെടുത്തു. അങ്ങനെയവര്‍ ഹിന്ദുക്കളെയും അഹിന്ദുക്കളെയും വേര്‍തിരിച്ചു. `അബ്രാഹാമികവംശ’ ഗന്ധമുള്ളതിനെ ഹിന്ദുവിരുദ്ധ ചേരിയിലും മറ്റുള്ളവയെ മുഴുവന്‍ ഹിന്ദുചേരിയിലും മാറ്റിനിര്‍ത്തി അവര്‍ മതിലുകെട്ടി. അങ്ങനെ `ഹിന്ദു’ക്കളെല്ലാം ഹിന്ദുസ്ഥാനിന്റെ മക്കളായി. അഹിന്ദുക്കള്‍ ഹിന്ദുസ്ഥാനിലേക്ക് കടന്നു കയറിയ വിദേശികളും. വൈദേശിക വെള്ളക്കാരനു പുറമെ `സ്വദേശി വെള്ളാക്കാരു’ടെയും കൂടി ആവശ്യമായിരുന്നു അത്തരമൊരു വിഭജനം. ചാതുര്‍വര്‍ണ്യ വ്യവസ്ഥ നിശ്ചയിച്ചു സഹസ്രാബ്ദങ്ങളായി അടിസ്ഥാന വര്‍ഗത്തെ ചൂഷണം ചെയ്തുകൊണ്ടിരുന്ന ബ്രാഹ്മണമതത്തിന്റെ വക്താക്കള്‍ക്ക് ഭാരതീയ ദര്‍ശനങ്ങളുടെയെല്ലാം അമരത്തുവന്നിരിക്കാന്‍ അത് അവസരമൊരുക്കുമെന്ന് അവര്‍ മുന്‍കൂട്ടിക്കണ്ടു. ചൂഷണത്തിന്റെ ചമ്മട്ടി താങ്ങാനാവാത്ത കീഴാളവര്‍ഗം അഭയം കണ്ടെത്തിയിരുന്ന ഇടങ്ങളെയും ഇസങ്ങളെയും `ഹിന്ദു’സ്ഥാനിന്റെ ശത്രുപക്ഷത്ത് നിര്‍ത്തേണ്ടത് അവരുടെ മുഖ്യ ആവശ്യമായിരുന്നല്ലോ. അങ്ങനെയാണവര്‍ ശിവനെ ആരാധിക്കുന്ന ശൈവമതത്തെയും, വിഷ്ണുവിനെ ആരാധിക്കുന്ന വൈഷണവ മതത്തെയും, വേദ-ദൈവ നിഷേധികളുടെ ചാര്‍വാകമതത്തെയും, ബ്രാഹ്മണമതത്തിനു ശക്തമായ വെല്ലുവിളി ഉയര്‍ത്തി രംഗപ്രേവശം ചെയ്ത ബുദ്ധ-ജൈന മതങ്ങളെയും, മറ്റനേകായിരം ദര്‍ശനങ്ങളെയും `ഹിന്ദു’മുന്നണിയുടെ ഘടകങ്ങളാക്കി അവരുടെ വല്ല്യേട്ടനായി മുന്നില്‍ നിന്നത്. അതോടെ `ഹിന്ദു’മതം ഒരു `യാഥാര്‍ത്ഥ്യ’മായി. ഇന്ന് `ഹിന്ദു’മതം `യാഥാര്‍ത്ഥ്യ’മാണ്. കൊളോണിയല്‍ ശക്തികളും സവര്‍ണ തമ്പ്രാക്കന്മാരും സൃഷ്ടിച്ചെടുത്ത `പൊതുബോധ’ത്തില്‍ നിന്ന് ഉയിരെടുത്ത യാഥാര്‍ത്ഥ്യം.
പക്ഷേ ഈ `യാഥാര്‍ത്ഥ്യ’ത്തിനു മുന്നിലും `ഹിന്ദു’വിനെ നിര്‍വചിക്കാനാവാതെ വട്ടം കറങ്ങുകയാണ് `ഹിന്ദു’ത്വര്‍. അതുകൊണ്ടാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം പോലും `ഹിന്ദുമതമെന്നത് വിശാലമായ ഒരു ജീവിത രീതിക്കപ്പുറം മറ്റൊന്നുമല്ലെ’ന്നു പ്രഖ്യാപിച്ചത്. 1995 ല്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ആയിരുന്ന പി.ബി ഗജേന്ദ്രഗാഡ്കര്‍ പരമോന്നത നീതിപീഠത്തില്‍ വെച്ച് ഉദ്ധരിച്ച വാക്കുകളിങ്ങനെ: When we think of the Hindu religion, unlike other religions in the world, the Hindu religion does not claim any one prophet; it does not worship any one god; it does not subscribe to any one dogma; it does not believe in any one philoosphic concept; it does not follow any one set of religious rites or performances; in fact, it does not appear to satisfy the narrow traditional features of any religion or creed. It may broadly be described as a way of life and nothing more. (നാം ഹിന്ദുമതത്തെ പറ്റി ചിന്തിക്കുമ്പോള്‍ ലോകത്തെ മറ്റുമതങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു പ്രത്യേക ദൈവത്തെ മാത്രം ആരാധിക്കുന്നില്ല. ഒരു പ്രത്യേക സിദ്ധാന്തമോ തത്ത്വമോ പിന്തുടരുന്നില്ല. ഒരു പ്രത്യേക ദാര്‍ശനിക ആശയത്തില്‍ മാത്രം വിശ്വസിക്കുന്നില്ല. ഒരു പ്രത്യേക രീതിയില്‍ മാത്രമുള്ള മതപരമായ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ പിന്തുടരുന്നില്ല. വാസ്തവത്തില്‍ അത് ഒരു മതത്തിന്റെ പരമ്പരാഗത സങ്കുചിത ലക്ഷണങ്ങളൊന്നും പൂര്‍ത്തീകരിക്കുന്നില്ല. അതിനെ വളരെ വിശാലമായ ഒരു ജീവിത രീതി എന്നു വിശദീകരിക്കാം. അതിലപ്പുറം ഒന്നുമല്ല).
കേവലമൊരു ജീവിതരീതിക്കപ്പുറം മറ്റൊന്നുമല്ലാത്ത `ഹിന്ദു’വിനെ ഒരു സംഘടിത മതത്തിന്റെ ഉടയാടകളിട്ടുകൊടുത്ത് രംഗത്തിറക്കിയതിന്റെ ഒന്നാം തിയതി തൊട്ട് സങ്കുചിത ദേശീയതയുടെ ഈച്ചയാര്‍ക്കുന്ന മുദ്രാവാക്യങ്ങളും അത് വിസര്‍ജിച്ചിട്ടുണ്ടായിരുന്നു. തങ്ങള്‍ വിഭാവനം ചെയ്യുന്ന `ഹിന്ദുത്വ’ത്തിന്റെ കുടക്കീഴില്‍ വന്നു നില്‍ക്കുന്ന മതങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും മാത്രമാണ് ദേശക്കൂറുള്ളതെന്നും മറ്റുള്ളതെല്ലാം ദേശവിരുദ്ധമാണെന്നും അവര്‍ പ്രചരിപ്പിച്ചു. 1875 ഏപ്രില്‍ 7 നു സ്വാമി ദയാനന്ദസരസ്വതി(1824-1883) സ്ഥാപിച്ച `ആര്യസമാജി’ല്‍ നിന്നു തുടങ്ങുന്നു അത്. ഭാരതീയ നവോത്ഥാനത്തിനു തുടക്കം കുറിച്ചുകൊണ്ട് കല്‍കത്തയില്‍ രാജാറാം മോഹന്‍ റോയ് 1850 ല്‍ സ്ഥാപിച്ച ബ്രഹ്മ സമാജും, ബോംബെയില്‍ ഡേ. ആത്മറാം 1867 ല്‍ സ്ഥാപിച്ച പ്രാര്‍ത്ഥനാ സമാജും ഉള്‍പ്പെടെയുള്ള സമാജങ്ങളെയെല്ലാം ദേശക്കൂറില്ലാത്തവയെന്ന് വിമര്‍ശിച്ചുകൊണ്ടായിരുന്നു ആര്യസമാജത്തിന്റെ പ്രവര്‍ത്തനം. ദയാനന്ദസരസ്വതി എഴുതി:
`ഈ സമാജങ്ങളില്‍പെട്ടയാളുകള്‍ക്ക് ദേശസ്നേഹം കുറവാണ്. പലകാര്യങ്ങളിലും അവര്‍ ക്രിസ്ത്യാനികളെ അനുകരിക്കുകയാണ് ചെയ്യുന്നത്. വിവാഹം, മിശ്രവിവാഹം എന്നിവയെ സംബന്ധിച്ചുള്ള നിയന്ത്രണ വ്യവസ്ഥകള്‍ പോലും അവര്‍ മാറ്റിയിരിക്കുന്നു….. അവര്‍ യാതൊരു വകതിരിവുമില്ലാതെ തിന്നുകയും കുടിക്കുകയും ചെയ്യുന്നു. യൂറോപ്യന്മാര്‍, മുഹമ്മദീയര്‍, ജാതിയില്‍ നിന്നു ഭ്രഷ്ടരാക്കപ്പെട്ടവര്‍ മുതലായവരുടെ കൂടെയിരുന്നു പോലും അവര്‍ തിന്നുകയും കുടിക്കുകയും ചെയ്യുന്നു’.
ആര്യസമാജം വിസര്‍ജിച്ചിട്ടുപോയ ഈച്ചയാര്‍ക്കുന്ന ഇത്തരം ആശയങ്ങള്‍ പുതിയ കുപ്പിയിലിട്ട് അവതരിപ്പിച്ചുകൊണ്ടാണ് 1914 ല്‍ അമൃത്സറില്‍ വെച്ച് മദന്‍ മോഹന്‍ മാളവ്യയുടെയും ലാലാ ലജ്പത് റായിയുടെയും നേതൃത്വത്തില്‍ `ഹിന്ദുമഹാസഭ’യും, 1925 ല്‍ ഹെഡ്ഗേവാറിന്റെ നേതൃത്വത്തില്‍ `രാഷ്ട്രീയ സ്വയം സേവക്സംഘ’വുമെല്ലാം രംഗത്തുവരുന്നത്. അവയുടെ അരങ്ങേറ്റത്തോടെയാണ് പൊതു`യാഥാര്‍ത്ഥ്യമായി’ ഉയര്‍ന്നു വന്ന `ഹിന്ദു’ തീക്ഷണ രൗദ്രഭാവങ്ങളുള്ള `ഹിന്ദുത്വ’മായി മാറുന്നത്. `ഹിന്ദു മഹാസഭ’യുടെ നേതാവും ഗാന്ധിവധക്കേസിലെ മുഖ്യപ്രതികളിലൊരാളുമായിരുന്ന വി.ഡി സവര്‍ക്കര്‍ ആണ് `ഹിന്ദുത്വ’യുടെ ഉപജ്ഞാതാവ്. അദ്ദേഹം 1923 ല്‍ എഴുതിയ Hindutva: Who Is a Hindu? എന്ന പുസ്‌കത്തിലാണ് ആദ്യമായി `ഹിന്ദുത്വം’ പരാമര്‍ശിക്കപ്പെടുന്നത്. ഒന്നാന്തരം നിരീശ്വരവാദിയായിരുന്ന സവര്‍ക്കര്‍ `ദേശീയ’വും `വിദേശീ’യവുമായ മതങ്ങളുടെ പേരില്‍ രാജ്യത്തെ ജനങ്ങളെ രണ്ടാക്കി മുറിച്ചു എന്നത്, കേവല വൈചിത്ര്യത്തിനപ്പുറം ആ മനസ്സിന്റെ വൈകല്യത്തെ കൂടി അടയാളപ്പെടുത്തുന്നു.
ഇന്ത്യയില്‍ `ഉദയം’ ചെയ്തു എന്ന ഏക കാരണത്താല്‍ ജൈന-ബുദ്ധ-സിക്ക് മതങ്ങളെ `ഹിന്ദുത്വ’ത്തിന്റെ കൊടിക്കീഴില്‍ കൊണ്ടുവരാനും, അതിലൂടെ `അഖണ്ഡ ഭാരത’വും `ഹിന്ദുരാഷ്ട്ര’വും സ്ഥാപിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. അദ്ദേഹത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് വിശാല `ഹിന്ദുത്വ’ത്തിന്റെ സംസ്ഥാപനത്തിനുവേണ്ടി നടക്കുന്ന ശ്രമങ്ങളാണിപ്പോള്‍ രാജ്യത്തുടനീളം അരങ്ങേറുന്നത്.
ചില മതങ്ങളെ മാത്രം വൈദേശികമെന്നു മുദ്രകുത്തി ശത്രുപക്ഷത്തുനിര്‍ത്തി വേട്ടയാടുക മാത്രമാണ് അഭിനവ `ഹിന്ദുത്വ’ത്തിന്റെ ലക്ഷ്യം. ഇന്ത്യയില്‍ `ഉദയം’ചെയ്ത മതങ്ങളില്‍ വിശ്വസിക്കുന്നവരെ മാത്രം ഹിന്ദുക്കളെന്നും ദേശക്കൂറുള്ളവരെന്നും ചിത്രീകരിക്കുന്നവര്‍, ഇന്നാട്ടിലെ ഒരു മതവും പൂര്‍ണാര്‍ത്ഥത്തില്‍ ഇന്ത്യന്‍`നിര്‍മിത’മല്ലെന്ന ചരിത്ര യാഥാര്‍ത്ഥ്യത്തെ ബോധപൂര്‍വം മറച്ചുവെക്കുകയാണ്. നവീന ഹിന്ദുത്വത്തിന്റെ അമരത്തിരിക്കുന്ന ബ്രാഹ്മണമതം പോലും അടിമുടി വിദേശിയാണെന്ന് അറിയാത്ത ഏതു ചരിത്രവിദ്യാര്‍ത്ഥിയാണുള്ളത്? വൈദിക മതവും വര്‍ണാശ്രമ വ്യവസ്ഥയും പേര്‍ഷ്യയില്‍ നിന്നുംഅക്രമകാരികളായി വന്ന ആര്യന്മാര്‍ ഇറക്കുമതി ചെയ്തതാണെന്ന് `ഇന്തോളജി’യില്‍ മുങ്ങിത്തപ്പിയ പ്രതിഭകളെല്ലാം തുറന്നു പറഞ്ഞതാണ്. സംഘികളെല്ലാം ചേര്‍ന്നു ഇപ്പോള്‍ `അഖണ്ഡഭാരത’ത്തിന്റെ അമരത്തു പ്രതിഷ്ഠിച്ചിരിക്കുന്ന സാക്ഷാല്‍ ശ്രീരാമന്‍ പോലും പ്രാചീന അറബിയായിരുന്നു എന്ന് `പരിവാര’കുടുംബത്തിലെ `കാര്യവാഹകു’മാര്‍ പോലും ഉറക്കെ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ആര്‍.എസ്.എസ് ജിഹ്വ കേസരി വാരികയുടെ പത്രാധിപനായിരുന്ന ടി.ആര്‍. സോമശേഖരന്‍ ഇയ്യിടെ നടത്തിയ വെളിപ്പെടുത്തലുകള്‍ അത് വ്യക്തമാക്കുന്നു.
ശ്രീരാമന്‍ പോലും അറബിയായിരുന്നു എന്നയിടത്താണ് അന്വേഷണങ്ങള്‍ എത്തിനില്‍ക്കുന്നതെങ്കില്‍, പിന്നെ ആരെയാണ് അഹിന്ദുക്കളെന്നും വിദേശികളെന്നും പറഞ്ഞു നാടുകടത്തുന്നത്? പേര്‍ഷ്യക്കാരുടെയും അറബികളുടെയും ഉല്‍പന്നമായ `ഹിന്ദു’വിനെ മേല്‍വിലാസമായി സ്വീകരിച്ചവര്‍ക്ക് എങ്ങനെ അറേബ്യ വഴി വന്ന മതങ്ങളെ ആട്ടിപ്പുറത്താക്കാനാവും? ഇവിടെ ഉയിരിരെടുത്ത ദര്‍ശനങ്ങള്‍ മാത്രമാണ് വിശുദ്ധമെന്ന് വാദിക്കുന്നവര്‍ ആദ്യം അഴിച്ചുമാറ്റി വലിച്ചെറിയേണ്ടത് വിദേശ നിര്‍മിതമായ `ഹിന്ദു’ കുപ്പായമല്ലേ?
ബ്രാഹ്മണ മതത്തില്‍ മാത്രമല്ല, എ.ഡി ഏഴാം നൂറ്റാണ്ടിനു ശേഷം ഇന്ത്യയില്‍ ഉയരെടുത്ത മതദര്‍ശനങ്ങളിലെല്ലാം `വിദേശി’യായ ഇസ്ലാമിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ സ്വാധീനമുണ്ടായിട്ടുണ്ട്. `സനാധന ധര്‍മ’ത്തിന്റെ വക്താക്കള്‍ സാഭിമാനം ഉയര്‍ത്തിക്കാണിക്കുന്ന, ശ്രീ ശങ്കര(എ.ഡി 788-820)ന്റെ അദ്വൈത ദര്‍ശനം രാമാനന്ദ(1400-1476)ന്റെ ഭക്തിപ്രസ്ഥാനവും ഇസ്ലാമിന്റെ ചൂടും ചൂരുമേറ്റു വളര്‍ന്നവയാണ്. ആദിശങ്കരന്റെ അദ്വൈത വേദാന്തം കേരളത്തിന്റെ കാലടിയില്‍ നിന്ന് ഉയരെടുക്കുന്നത്, ഏകത്വ ദര്‍ശനവുമായി കൊടുങ്ങല്ലൂരില്‍ ഇസ്ലാം കപ്പലിറങ്ങിയതിനു ശേഷമാണ്. `നാലാംവേദ’ത്തിലേക്ക് മാര്‍ഗംകൂടുന്നവരെ ശങ്കരന്‍ തടുത്തുനിര്‍ത്തിയത് ഇസ്ലാമിനെ അനുകരിച്ചു നടപ്പാക്കിയ പ്രത്യക്ഷ ഏകത്വം(അദ്വൈതം)കൊണ്ടാണ്. കൊടുങ്ങല്ലൂരില്‍ നിന്ന് കാലടിയിലേക്കുള്ള ദൂരവും, ഇസ്ലാം വന്നിറങ്ങിയ കാലവും ഇക്കാര്യം ശരിവെക്കുന്നുണ്ടെന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.
മുസ്ലിം പണ്ഡിനതന്മാരുമായുള്ള ബന്ധമാണ് `ഭക്തിപ്രസ്ഥാന’വുമായി മുന്നിട്ടിറങ്ങാന്‍ രാമാന്ദനെ പ്രേരിപ്പിച്ചത്. `രാമാന്ദന്‍ കാശിയില്‍ വെച്ച് മുസ്ലിം പണ്ഡിതന്മാരുമായി ബന്ധപ്പെട്ടു എന്നത് തീര്‍ച്ചയാണ്’.
ഭക്തിപ്രസ്ഥാനം ഇസ്ലാമികാശയങ്ങളോട് കടപ്പെട്ടിരിക്കുന്നു എന്നും ഇസ്ലാമികാശയങ്ങള്‍ മഹാരാഷ്ട്രയിലെ ജനഹൃദയങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുകയുണ്ടായി എന്നും റാനഡെ The Rise of the Maratha Power എന്ന തന്റെ പ്രബന്ധത്തില്‍ ഉറപ്പിച്ചു പറയുന്നുണ്ട്.
ഇന്ത്യയിലെ ഓരോ മതദര്‍ശനങ്ങളും ഇസ്ലാമില്‍ നിന്ന് പലതും കടം കൊണ്ടിട്ടുണ്ടെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. അതുപോലെ `ഹിന്ദ്’ എന്നു പേരുള്ള ഭാര്യയെ സ്വീകരിക്കുകയും, തന്നെ `ഇന്ത്യന്‍ നിര്‍മിത വാള്‍’ എന്ന് പ്രകീര്‍ത്തിച്ച അനുയായിയെ അനുമോദിക്കുകയും ചെയ്ത പ്രവാചകന്റെ മതക്കാരും ഇവിടെ വന്നപ്പോള്‍ ഈ മണ്ണില്‍ നിന്ന് പലരും സ്വീകരിച്ചുണ്ടാകാം. സംസ്‌കാരങ്ങള്‍ക്കിടയിലെ കൊള്ളക്കൊടുക്കലുകള്‍ക്കിടയില്‍ അതെല്ലാം സ്വാഭാവികമായും സംഭവിക്കുന്നതാണ്. ഇതിനിടയിലെല്ലാം ഇടുങ്ങിയ ചിന്തകളുമായി വന്നു വിദേശിയെന്നു മുദ്രകുത്തി മുള്‍വേലി കെട്ടുമ്പോള്‍ ഭാരതീയ സംസ്‌കാരത്തില്‍ ബാക്കിയാവുന്നത് ഒരൊറ്റ തണല്‍ മരങ്ങളുമില്ലാത്ത കുറേ മൊട്ടക്കുന്നുകള്‍ മാത്രമായിരിക്കും.
ഭ്രാന്തന്‍ ദേശീയതയുടെ വിഷം വിസര്‍ജിക്കുന്ന `പരിവാര’ത്തിനു `ഇന്ത്യ’യെക്കാളിഷ്ടം `ഭാരത’ത്തോടാണല്ലോ. `ഇന്ത്യ’ വിദേശ നിര്‍മിതവും `ഭാരതം’ സ്വദേശീ ഉല്‍പന്നവുമാണെന്നതാണ് അതിനവര്‍ പറയുന്ന ന്യായം. ഇതിഹാസ കൃതിയായ `മഹാഭാരത’ത്തില്‍ ഭരതന്‍ എന്ന ഒരു രാജാവിനെ പരിചയപ്പെടുത്തുകയും, അദ്ദേഹം ഭരണം നടത്തിയ പ്രദേശമെന്ന നിലയ്ക്ക് ഇന്നാടിനെ `ഭാരതം’എന്നും അഭിസംബോധനം നടത്തുകയും ചെയ്യുന്നുണ്ടെന്നത് ശരി. സഹസ്രാബ്ദങ്ങള്‍ക്കു ശേഷം ആര്‍ക്കെങ്കിലും ഭാരതമെന്ന ആ പ്രയോഗത്തോട് ഇമ്പവും കമ്പവും തോന്നുന്നുണ്ടെങ്കില്‍ അതില്‍ ന്യായമുണ്ടെന്നു പറയാം. പക്ഷേ `ഇന്ത്യ’യെ ജാതി പറഞ്ഞു അയിത്തം കല്‍പ്പിക്കുന്നവര്‍, അതിന്റെ ഇരട്ട സഹോദരിയായ `ഹിന്ദു’വുമായി സംബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം മറച്ചുവെക്കുന്നത് ഇരട്ടത്താപ്പാണ്. ഹിന്ദുസ്ഥാനിലെ ജനങ്ങളെയാണല്ലോ പുറത്തുള്ളവര്‍ `ഹിന്ദു’ എന്നു വിളിച്ചത്. ആ `ഹിന്ദു’വുമായി `നൂറില്‍ നൂറു പൊരുത്തം’ തോന്നുന്നുവെങ്കില്‍ `ഇന്ത്യ’യെ `വേളി’കഴിക്കുന്നതും പ്രശ്നമാകരുത്. ഇരട്ടകളിലൊന്നിനു മാത്രം പൗരത്വം നിഷേധിക്കുന്നതാണ് തകരാറ്.
വൈദേശികതയുടെ പേരും ചൂരും ഏറ്റിനടക്കുന്നവര്‍, ദേശീയതയുടെ മറപിടിച്ചു മറ്റുള്ളവരെ വിദേശികളാക്കി പുറംതള്ളുന്ന വൈരുദ്ധ്യപൂര്‍ണമായ രംഗമാണ് ഇവിടെ അരങ്ങേറുന്നത്. ആ അരങ്ങേറ്റത്തെ പ്രതിരോധിക്കുകയാണ് ഇന്ത്യയിലെ മുസ്ലിംകളും ക്രിസ്ത്യാനികളുമെല്ലാം ഉള്‍പ്പെടുന്ന, പുറത്താക്കപ്പെട്ട `ഹിന്ദു’ക്കള്‍ ചെയ്യേണ്ടത്. അതിനുള്ള പിടിവള്ളിയാണ് മോഹന്‍ഭഗവതും നജ്മ ഹെബ്ത്തുല്ലയും ഇട്ടിരിക്കുന്നത്. ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങളും `ഇംഗ്ലണ്ടില്‍ വസിക്കുന്നവരെല്ലാം ഇംഗ്ലീഷുകാരായതുപോല, അമേരിക്കയിലെ താമസക്കാരെല്ലാം അമേരിക്കന്‍സ് ആയതുപോലെ, ഹിന്ദുസ്ഥാനില്‍ വസിക്കുന്ന ഞങ്ങളെല്ലാം ഹിന്ദുക്കളാണെന്നു’ ഉറക്കെ പറയുമ്പോള്‍ തകര്‍ന്നുപോകുന്നത് നൂറ്റാണ്ടുകളുടെ കൗശലങ്ങളിലൂടെ സവര്‍ണമതം കൃത്രിമമായി സൃഷ്ടിച്ച `ഹിന്ദുത്വ’മാണ്. ഹിന്ദുസ്ഥാനിലെ/ഇന്ത്യയിലെ എല്ലാവരും `ഹിന്ദു’എന്ന് അഭിസംബോധനം ചെയ്യപ്പെടുമ്പോള്‍ മേല്‍വിലാസം നഷ്ടപ്പെടുന്നത് പരിവാര ഫാഷിസം `യാഥാര്‍ത്ഥ്യ’മാക്കിയ പ്രത്യയശാസ്ത്രത്തിനു മാത്രമാണ്. വൈഷ്ണവ, ശൈവ മതങ്ങളുള്‍പ്പെടെ ഇന്ത്യയിലെ നാനാജാതി മതവിഭാഗങ്ങളുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അഡ്രസ്സും ഐഡന്റിറ്റിയുമാണ് തിരിച്ചു കിട്ടുന്നത്. തങ്ങള്‍ വിഭാവനം ചെയ്യുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിനു കനത്ത തിരിച്ചടിയായി അത് മാറുമെന്ന് സവര്‍ണതയുടെ അമരത്തിരിക്കുന്ന ചിലരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്. അത് കൊണ്ടാണ് അയോധ്യയിലെ രാം ജന്‍കി മന്ദിറിലെ പണ്ഡിറ്റ് ജുഗല്‍ കിഷോര്‍ If everyone in India is Hindu, then what’s the identity of Hindus living in, say, Pakistan, England or Saudi Ar-ab?’ എന്നു ചോദിച്ചത്.
ഇന്ത്യക്കാരെല്ലാം ഹിന്ദുവായി അഭിസംബോധനം ചെയ്യപ്പെടുന്നത് `പരിവാര’ പ്രത്യയശാസ്ത്രത്തിലെ തലയും തലച്ചോറുമുള്ളവര്‍ പേടിക്കുന്നുണ്ടെന്നു ഈ ചോദ്യത്തില്‍ നിന്നു വ്യക്തം. അതുകൊണ്ടുതന്നെ വെറുപ്പിന്റെ വേദമോതുന്ന `സംഘ’ഫാഷിസത്തിന്റെ അടത്തറയിളകണമെങ്കില്‍ ഹിന്ദുസ്ഥാനികളെല്ലാം `ഹിന്ദു’ആയേ പറ്റൂ. അത്തരമൊരു `ഹിന്ദു’വിനെ കുറിച്ചാണല്ലോ മഹാകവി ഇഖ്ബാല്‍ പറയുന്നത്.
കടപ്പാട്: സത്യധാര
Leave A Comment