ഈ വിധിക്ക് നീതിയുമായി അശേഷം ബന്ധം പോലുമില്ല, ഇത് തെളിവുകളുടെ  അടിസ്ഥാനത്തിലുള്ളതുമല്ല- ബാബരി വിധിയിൽ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്
ന്യൂഡൽഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട ലഖ്‌നോവിലെ പ്രത്യേക കോടതി വിധിയിൽ പ്രതികരണവുമായി ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്. വിധിയിൽ അസംതൃപ്തി പ്രകടിപ്പിച്ച് ബോർഡ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. ഈ വിധി ന്യായത്തിന് നീതിയുമായി അശേഷം ബന്ധം പോലുമില്ല. ഈ വിധി തെളിവുകളുടെയോ നിയമത്തിന്റെയോ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ചിട്ടുള്ളതല്ല. ബാബരി തകർത്തതിന് ഫോട്ടോകളും വീഡിയോകളും നാമെല്ലാവരും കണ്ടവരാണ് അതൊരു കൃത്യമായ ഗൂഢാലോചന ആയിരുന്നു എന്നതും രഹസ്യമല്ല.- ബോർഡ് പറഞ്ഞു. 1994 ൽ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് സംഭവത്തെ ദേശീയ നാണക്കേടെന്നും നിയമവ്യവസ്ഥയിലുള്ള വിശ്വാസത്തെ തകർത്തുകളഞ്ഞ സംഭവമാണെന്നും വ്യക്തമാക്കിയിരുന്നു. രാജ്യത്തെ സർക്കാരിന്റെ കൈകളിൽ സുരക്ഷിതമായി തുടരേണ്ട 500 വർഷത്തെ പാരമ്പര്യമുള്ള ഒരു സമുച്ചയമാണ് തകർന്ന് വീണതെന്നും കോടതി നിരീക്ഷിച്ചിരുന്നു-ബോർഡ് കുറ്റപ്പെടുത്തി. അതേസമയം ഇന്ത്യൻ മുസ്‌ലിംകൾ നിയമവ്യവസ്ഥയെ അനുസരിക്കുന്നവരാണെന്നും സമാധാനത്തോടെ നിലകൊണ്ടവരാണെന്നും വ്യക്തമാക്കിയ ബോർഡ്, നിലവിൽ ന്യൂനപക്ഷങ്ങൾക്ക് ഏറെ പ്രതീക്ഷ നഷ്ടപ്പെട്ട സ്ഥിതിയാണെന്നും പറഞ്ഞു. കേസിൽ തിരിച്ചടി ഉണ്ടായെങ്കിലും തുടർ ഹരജി ഫയൽ ചെയ്യാൻ ബോർഡ് സിബിഐയോട് ആവശ്യപ്പെട്ടു. അതേസമയം വിധി ജനാധിപത്യത്തിന്റെ മരണമണിയാണെന്നും ഇന്ന് രാജ്യത്ത് കറുത്ത ദിനമാണെന്നും മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് അംഗവും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയുമായ സിറാജ് ഇബ്രാഹിം സേട്ട് വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter