ഖവാരിജുകളുടെ രംഗപ്രവേശം

ഇസ്‌ലാമിക സമൂഹത്തിനു മുന്നില്‍ 'ഫിത്‌ന'യുടെ കവാടം തുറക്കുകയായിരുന്നു ഉസ്മാന്‍(റ)ന്റെ വധം. പിന്നീട് ഖലീഫയായി സ്ഥാനമേറ്റ അലി(റ)യുടെ ഭരണ സംവിധാനങ്ങളെ അത് ആഴത്തില്‍ ബാധിച്ചു. ത്വല്‍ഹ, സുബൈര്‍, ആയിശ(റ) എന്നിവര്‍ ഇറാഖിലെ ബസ്വറയില്‍ ഒത്തുകൂടി. ഉസ്മാന്‍(റ)ന്റെ ഘാതകരോട് പ്രതികാരം ചോദിക്കാന്‍ തീരുമാനിച്ചു. പ്രമുഖ സ്വഹാബികളുടെ പ്രസ്തുത തീരുമാനം തനിക്കെതിരെയുള്ള നീക്കമാണെന്നു അലി(റ) മനസ്സിലാക്കി. അതിനനുസരിച്ചുള്ള കിംവദിന്തി ഇരുപക്ഷത്തും പരന്നു. അങ്ങനെ അലി(റ) ഇറാഖിലേക്ക് പുറപ്പെട്ടു. അവിടെവെച്ച് ഇരുവിഭാഗവും ഏറ്റുമുട്ടി. ത്വല്‍ഹ(റ)യും സുബൈര്‍(റ)യും അടക്കം പതിമൂന്നായിരം മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു. ഹിജ്‌റ 36 ജുമാദുല്‍ ആഖിറയിലായിരുന്നു വിശ്വാസികള്‍ പരസ്പരം ഏറ്റുമുട്ടിയ ഈ ജമല്‍യുദ്ധം നടന്നത്. ശാമില്‍ കുറെ അനുയായികളെ സംഘടിപ്പിച്ചിരുന്ന മുആവിയ (റ) ജമല്‍ യുദ്ധത്തിനുശേഷം അലി(റ)ക്കെതിരെ രംഗത്തിറങ്ങി. സിറിയന്‍ പ്രദേശങ്ങളില്‍ മുആവിയ(റ) തനിക്കെതിരെ ഒരു റിബല്‍ ശക്തിയെ ഒരുക്കി നിറുത്തുന്നുണ്ടെന്നു മനസ്സിലാക്കിയ അലി(റ) അവിടേക്കു പുറപ്പെട്ടു. ഹിജ്‌റ 37 സഫര്‍ മാസത്തില്‍ ഇരുവിഭാഗവും 'സിഫ്ഫീനി'ല്‍ വെച്ചു ഏറ്റുമുട്ടി. ദിവസങ്ങളോളം നീണ്ടുനിന്ന പോരാട്ടത്തില്‍ അലീ പക്ഷം വളരെ മുന്നേറി. മുആവിയ(റ)യുടെ പക്ഷത്തുള്ള ശാമുകാര്‍ നിരന്തരം മരിച്ചുവീഴുകയും അലിപക്ഷം മുആവിയ(റ)യുടെ കൂടാരത്തിനടുത്ത് എത്തുകയും ചെയ്തു.

പരാജയം മുന്നില്‍കണ്ട അവരുടെ സൈന്യം ഒരു തന്ത്രം പ്രയോഗിച്ചു. കുന്തമുനകളില്‍ മുസ്ഹഫ് ഉയര്‍ത്തിപ്പിടിക്കുക!. മുആവിയ(റ)യുടെ സൈന്യം കുന്തമുനകളില്‍ മുസ്ഹഫ് ഉയര്‍ത്തിപ്പിടിക്കുന്നത് കണ്ടപ്പോള്‍ അലീ പക്ഷത്തുള്ളവര്‍ ചോദിച്ചു: എന്താണിത്? 'നമുക്ക് യുദ്ധം നിര്‍ത്തി ഖുര്‍ആനിലേക്കു മടങ്ങാം. നമുക്കിടയില്‍ ഖുര്‍ആന്‍ വിധി കല്‍പ്പിക്കട്ടെ, നാം പരസ്പരമിങ്ങനെ കൊന്നുതീര്‍ന്നാല്‍ ദീനിന്റെ യഥാര്‍ത്ഥ ശത്രുക്കള്‍ക്കെതിരെ പോരാടാന്‍ ആരാണ് ബാക്കിയുണ്ടാവുക?' മുആവിയ പക്ഷത്തിന്റെ വാക്കുകള്‍ കേട്ടവര്‍ അലി(റ)യെ വിവരമറിയിച്ചു. 'ഇത്പരാജയം മുന്നില്‍ കണ്ടുകൊണ്ടുള്ള മുആവിയയുടെ തന്ത്രമാണ്, നിങ്ങള്‍ യുദ്ധം തുടരുക' അലി(റ)യുടെ കല്‍പ്പന ഇതായിരുന്നു. പക്ഷേ, അലി(റ)യുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ പക്ഷത്തുള്ള ഇറാഖികള്‍ അനുസരിക്കാന്‍ തയ്യാറായില്ല. 'അല്ലാഹുവിന്റെ ഗ്രന്ഥത്തിലേക്ക് ക്ഷണിച്ചിട്ട് നിരസിക്കുകയാണോ നിങ്ങള്‍? എങ്കില്‍ ഉസ്മാന്റെ ഗതിയായിരിക്കും നിങ്ങള്‍ക്കുമുണ്ടാവുക' അവര്‍ അലി(റ)യെ ഭീഷണിപ്പെടുത്തി. അലീപക്ഷത്തുള്ള ഭൂരിപക്ഷവും ഇറാഖികളായിരുന്നു. അവര്‍ അലി(റ)യെ സന്ധി സംഭാഷണത്തിനു നിര്‍ബന്ധിച്ചു. സമ്മര്‍ദ്ധങ്ങള്‍ക്കൊടുവില്‍ അദ്ദേഹത്തിനു അവരെ അംഗീകരിക്കേണ്ടിവന്നു. ഇരുപക്ഷത്തുനിന്നും രണ്ടു മധ്യസ്ഥന്മാരെ തിരഞ്ഞെടുത്ത് അവര്‍ എടുക്കുന്ന തീരുമാനമനുസരിച്ചു നീങ്ങുകയായിരുന്നു ഉദ്ദേശ്യം. മുആവിയ പക്ഷത്തിന്റെ പ്രതിനിധി അംറിബിന്‍ ആസ്വ്(റ) ആയിരുന്നു. തികഞ്ഞ നയതന്ത്രജ്ഞനും സമര്‍ത്ഥനുമായിരുന്നു അദ്ദേഹം. അതിനു തുല്യനായ ഒരാള്‍ തന്റെ പക്ഷത്തു നിന്നും വേണമെന്ന് അലി(റ) ആഗ്രഹിച്ചു. അദ്ദേഹം ഇബ്‌നു അബ്ബാസ്, ഇബ്‌റാഹീം അശ്തര്‍ എന്നിവരുടെ പേരു നിര്‍ദ്ദേശിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഇറാഖികള്‍ അതു തള്ളിക്കളഞ്ഞു.

അബൂമൂസല്‍ അശ്അരി(റ)യെ ആയിരുന്നു അവര്‍ നിര്‍ദ്ദേശിച്ചത്. സാത്വികനും നിഷ്പക്ഷമതിയുമായിരുന്ന അദ്ദേഹം എഴുപതിനായിരം മുസ്‌ലിംകള്‍ മരിച്ചുവീണ ഈ പോരാട്ടം എങ്ങിനെയങ്കിലും അവസാനിക്കണെന്ന ആഗ്രഹക്കാരനായിരുന്നു. അതുകൊണ്ട് തന്നെ എന്തു വിട്ടുവീഴ്ചക്കും അദ്ദേഹം ഒരുക്കമായിരുന്നു. ഇത് മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ് അലി(റ) മുറ്റുള്ളവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചത്. പക്ഷേ, തന്റെ കൂടെയുണ്ടായിരുന്ന ഇറാഖികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി അവരുടെ നിര്‍ദ്ദേശത്തെ അലി(റ) അംഗീകരിച്ചു. ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ ഖലീഫ ആരാണെന്നു തീരുമാനിക്കാനുള്ള സന്ധി സംഭാഷണം പരാജയപ്പെട്ടു. അബൂമൂസല്‍ അശ്അരി(റ) പക്ഷപാതിത്തപരമായ ഒരു തീരുമാനം പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിച്ച ഇറാഖികള്‍ക്ക് തെറ്റി. അവര്‍ അലി(റ)ക്കു നേരെ തിരിഞ്ഞു. 'അല്ലാഹുവിന്റെ മതത്തില്‍ മനുഷ്യരെ വിധികര്‍ത്താക്കളാക്കിയ അലി കാഫിറായിരിക്കുന്നു' എന്ന വിചിത്രവാദമുന്നയിച്ചുകൊണ്ടാണ് പിന്നെയവര്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്. മതപരമായ വിഷയങ്ങളില്‍ മനുഷ്യരെ വിധികര്‍ത്താക്കളാക്കിയ അലി, മുആവിയ, മധ്യസ്ഥര്‍, അതിനെ അനുകൂലിച്ചവര്‍... എല്ലാവരും കാഫിറുകളായിരിക്കുന്നു എന്നവര്‍ ആക്രോശിച്ചു. ഇനില്‍ ഹുക്കുമു ഇല്ലാലില്ലാഹ് (വിധികര്‍തൃത്വം അല്ലാഹുവിനു മാത്രം) എന്ന വിശുദ്ധ വചനം ഒരു മുദ്രാവാക്യം പോലെ അവര്‍ ഏറ്റു വിളിച്ചു. അങ്ങനെ അലിയാരുടെ സംഘത്തില്‍നിന്നു പുറത്തുപോയ ഈ വിഭാഗമാണ് ഖവാരിജുകള്‍ എന്നറിയപ്പെട്ടത്.

'ഖവാരിജ്' എന്ന അറബിപദത്തിന്റെ അര്‍ത്ഥം 'പുറത്തുപോയവര്‍' എന്നാണ്. നിയമാനുസൃതം തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ക്കെതിരെ പുറപ്പെട്ടതുകൊണ്ടും നേരിന്റെ പൊതുധാരയില്‍ നിന്നും പുറത്തേക്കു വന്നതുകൊണ്ടും ഇവരെ ഖവാരിജുകളെന്നു വിളിക്കുന്നു. 'സ്വിഫ്ഫീന്‍' യുദ്ധം അവസാനിപ്പിച്ചു മടങ്ങിയ അലി(റ)യുടെ സംഘത്തില്‍ ഇവര്‍ ശിഥിലീകരണം സൃഷ്ടിച്ചു. 'നിങ്ങള്‍ ആവശ്യപ്പെട്ടതു കൊണ്ടാണല്ലോ ഞാന്‍ യുദ്ധം അവസാനിപ്പിച്ചു മധ്യസ്ഥരെ നിയോഗിച്ചത്. പിന്നെന്തിനാണ് ഇങ്ങനെ പ്രശ്‌നങ്ങളുണ്ടാക്കുന്നത്?' അലി(റ) അവരോട് ചോദിച്ചു. അതിനവര്‍ക്ക് വ്യക്തമായ മറുപടി ഇല്ലായിരുന്നു. 'മധ്യസ്ഥരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടതു കാരണം ഞങ്ങളും കാഫിറുകളായി മാറിയിരുന്നു. പക്ഷേ, ഞങ്ങള്‍ പശ്ചാതപിച്ചിരിക്കുന്നു.' എന്നിങ്ങനെ ന്യായീകരിച്ച അവര്‍ സ്വയം തവ്വാബീന്‍ (പശ്ചാതപിച്ചവര്‍) എന്ന പേര് സ്വീകരിച്ചു. പന്ത്രണ്ടായിരം പേരാണ് 'സ്വിഫ്ഫീനി'ല്‍ നിന്നു മടങ്ങുമ്പോള്‍ അലി(റ)യുടെ സംഘത്തില്‍ നിന്നു പുറത്തുപോയത്.

അലി(റ)യും അനുയായികളും കൂഫയിലേക്ക് തിരിച്ചപ്പോള്‍ അവര്‍ അവിടേക്കു പ്രവേശിക്കാന്‍ കൂട്ടാക്കിയില്ല. അതിനടുത്തുള്ള 'ഹറൂറാഅ്' എന്ന പ്രദേശത്തവര്‍ ഒത്തുകൂടി. അബ്ദുല്ലാഹിബ്‌നു കവ്വാ ആയിരുന്നു അവരുടെ അമീര്‍. ആരാധനാ ചടങ്ങുകളിലും അനുഷ്ഠാന കര്‍മ്മങ്ങളിലും തീവ്രത വെച്ചുപുലര്‍ത്തിയിരുന്ന ഖവാരിജുകള്‍ 'ഹറൂറാ' കേന്ദ്രീകരിച്ചു വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതിനിടയില്‍ ഇബ്‌നു അബ്ബാസ്(റ) അവരുടെ അടുത്തുചെന്നു സംവാദത്തിനു ക്ഷണിച്ചു. അവരുടെ ചോദ്യങ്ങള്‍ക്കെല്ലാം അദ്ദേഹം വ്യക്തമായ മറുപടി നല്‍കി. അതോടെ സത്യം ബോധ്യപ്പെട്ട അമീര്‍ ഇബ്‌നു കവ്വാ അടക്കം നാലായിരം പേര്‍ സത്യത്തിലേക്ക് തിരിച്ചെത്തി.

നഹ്‌റുവാനിലെ പോരാട്ടം

ഇബ്‌നു അബ്ബാസ് (റ)വുമായുള്ള സംവാദത്തോടെ അംഗസംഖ്യ കുറഞ്ഞ ഖവാരിജുകള്‍ പിന്നീട് 'ഹറൂറാ'യില്‍ നിന്നു 'നഹ്‌റുവാനി'ലേക്ക് മാറി. അവിടെയവര്‍ കൂടുതല്‍ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും പൊതു മുസ്‌ലിംകള്‍ക്ക് ഭീഷണി ഉയര്‍ത്തുകയും ചെയ്തു. അതിനിടെ പ്രമുഖ സ്വഹാബി ഖബ്ബാബ്(റ)ന്റെ പുത്രന്‍ അബ്ദുല്ല(റ)യെയും ഭാര്യയെയും വഴിയില്‍ വെച്ചവര്‍ കഴുത്തറുത്തു കൊന്നു. ഈ ക്രൂര കൃത്യത്തിനു പകരം ചോദിക്കാന്‍ അലി(റ) നാലായിരം പടയാളികളോടൊപ്പം നഹ്‌റുവാനിലേക്ക് പുറപ്പെട്ടു. അദിയ്യുബിന്‍ ഹാതിം(റ) ആയിരുന്നു നായകന്‍. ഖവാരിജുകളുടെ അടുത്തെത്തിയ അലി(റ) ഒരു ദൂതനെ വിട്ടുകൊണ്ടു അബ്ദുല്ലയുടെ ഘാതകനെ വിട്ടുതരാന്‍ ആവശ്യപ്പെട്ടു. 'ഞങ്ങളെല്ലാവരും ചേര്‍ന്നാണ് അവനെ കൊന്നത്. വേണമെങ്കില്‍ ഞങ്ങള്‍ നിന്നെയും കൊല്ലും' എന്ന മറുപടിയുമായാണവര്‍ ദൂതനെ എതിരേറ്റത്. അപ്പോഴേക്കും അലി(റ)യും സൈന്യവും അവരെ വളഞ്ഞു. പെട്ടെന്ന് ആക്രമിച്ചു കീഴ്‌പ്പെടുത്തുന്നതിനു പകരം അവരെ ഉപദേശിച്ചു ശരിപ്പെടുത്താന്‍ അലി(റ) ശ്രമിച്ചു. അവരുടെ വാദങ്ങള്‍ക്കെല്ലാം മറുപടി പറയാനും അവരുടെ തെറ്റിദ്ധാരണകള്‍ അകറ്റാനും അദ്ദേഹം തന്നെ മുന്നോട്ടുവന്നു. അവിടെവച്ച് ഖവാരിജുകളുമായി അലി(റ) നടത്തിയ സംവാദം 'ഇമാം അബ്ദുല്‍ ഖാഹിര്‍ ബഗ്ദാദി' യില്‍ നിന്ന് ഇങ്ങനെ ഉദ്ധരിക്കാം. അലി: എന്നെ എന്തുകൊണ്ടാണ് നിങ്ങള്‍ വെറുക്കുന്നതും കുറ്റപ്പെടുത്തുന്നതും? ഖവാരിജുകള്‍: നിങ്ങളോടൊപ്പം ഞങ്ങള്‍ ജമല്‍ യുദ്ധത്തില്‍ പങ്കെടുത്തു. എതിരാളികള്‍ തോറ്റോടിയപ്പോള്‍ അവരുടെ സമ്പത്ത് ഞങ്ങള്‍ക്ക് നിങ്ങള്‍ അനുവദിച്ചുതന്നു. അതേസമയം അവരുടെ സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കുന്നതില്‍ നിന്നു ഞങ്ങളെ തടഞ്ഞുനിര്‍ത്തി. അപ്പോള്‍ എങ്ങനെയാണ് അവരുടെ സമ്പത്ത് അനുവദനീയമാവുകയും സ്ത്രീകളും കുട്ടികളും അനുവദിക്കപ്പെടാതിരിക്കുകയും ചെയ്യുക? അലി: ഞാന്‍ എത്തുന്നതിനു മുമ്പ് ബസ്വറയിലെ പൊതുട്രഷറിയിലെ ധനം അവര്‍ കൊള്ള ചെയ്തു. അതിനു പകരമാണ് അവരുടെ സ്വത്ത് ഞാന്‍ അനുവദിച്ചത്. സ്ത്രീകളും കുട്ടികളും നമ്മോടു യുദ്ധം ചെയ്തിട്ടില്ല. ഇസ്‌ലാമിന്റെ മണ്ണില്‍ ഇസ്‌ലാമിന്റെ വിധിയാണ് അവര്‍ക്കുള്ളത്. അവര്‍ ഒരിക്കലും ഇസ്‌ലാമില്‍ നിന്നു പുറത്തു പോയവരല്ല. കാഫിറുകളെ മാത്രമേ അടിമകളാക്കാവൂ. സ്ത്രീകളെ ഞാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ ആയിശ(റ)യെ ആരാണ് സ്വീകരിക്കുക? ഖവാരിജുകള്‍: നിങ്ങളും മുആവിയയും ഒപ്പിട്ട കരാര്‍ പത്രത്തില്‍, നിങ്ങളുടെ പേരിനൊപ്പമുണ്ടായിരുന്ന അമീറുല്‍ മുഅ്മിനീന്‍ എന്ന പദം മുആവിയയുടെ നിര്‍ബന്ധത്തിനു വഴങ്ങി നിങ്ങള്‍ മായ്ച്ചുകളഞ്ഞു. അതുകൊണ്ടാണ് നിങ്ങളെ ഞങ്ങള്‍ വെറുക്കുന്നതും കുറ്റപ്പെടുത്തുന്നതും. അലി: ഹുദൈബിയ: സന്ധിയില്‍ നബി(സ) ചെയ്തതു പോലെയാണ് ഞാന്‍ പ്രവര്‍ത്തിച്ചത്.

ശത്രുക്കളുടെ പ്രതിനിധിയായിരുന്ന സുഹൈല്‍, കരാര്‍ പത്രത്തില്‍ നിന്നു 'റസൂലുല്ലാഹ്' എന്ന പദം മായ്ക്കണമെന്ന് നിര്‍ബന്ധിച്ചപ്പോള്‍ റസൂല്‍(സ) അത് മായിച്ചു. ഇതുപോലെ ഒരു ദിവസം നിനക്കും വരുമെന്ന് അന്നു നബി(സ) എന്നോട് പറഞ്ഞിരുന്നു. പ്രവാചകന്റെ പാരമ്പര്യമാണ് ഞാനിവിടെ പിന്തുടര്‍ന്നത്. ഖവാരിജുകള്‍: 'ഞാന്‍ ഖിലാഫത്തിന് അര്‍ഹനാണെങ്കില്‍ എന്നെ തന്നെ സ്ഥിരപ്പെടുത്തുക' എന്നാണല്ലോ താങ്കള്‍ മധ്യസ്ഥരോടു പറഞ്ഞത്. നിങ്ങള്‍ ഖിലാഫത്തിനു അര്‍ഹനാണോ എന്നതില്‍ നിങ്ങള്‍ തന്നെ സംശയത്തിലാണെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ പറയേണ്ടതില്ലല്ലോ? അലി: ഞാന്‍ അങ്ങനെ പറഞ്ഞത് മുആവിയയോട് കിടപിടിക്കാന്‍ വേണ്ടി മാത്രമാണ്. ഞാന്‍ ഖലീഫയാണെന്നും എനിക്കനുകൂലമായി തന്നെ വിധിക്കണമെന്നും മധ്യസ്ഥരോട് പറഞ്ഞാല്‍ മുആവിയ അത് അംഗീകരിക്കുകയില്ലല്ലോ. ഇതിലും എനിക്ക് നബി(സ)യുടെ മാതൃകയാണുള്ളത്. നജ്‌റാനിലെ ക്രിസ്ത്യാനികളെ മുബാഹലക്കു വിളിച്ചപ്പോള്‍ ഇതേ ശൈലിയാണ് നബി(സ) സ്വീകരിച്ചത്. ഖവാരിജുകള്‍: നിങ്ങള്‍ക്കവകാശപ്പെട്ട വിഷയത്തില്‍ എന്തിനു മധ്യസ്ഥന്മാരെ നിയോഗിച്ചു? അലി: ബനൂഖുറൈള ഗോത്രക്കാരുടെ വിഷയത്തില്‍ സഅദ് ബിന്‍ മുആദ്(റ)നെ നബി(സ) മധ്യസ്ഥനായി നിയോഗിച്ചിട്ടുണ്ട്. അതു തന്നെയാണ് ഞാനും പ്രവര്‍ത്തിച്ചത്. ഇനി നിങ്ങള്‍ക്കു വല്ലതും ചോദിക്കാനുണ്ടോ? അലി(റ)യുടെ വാക്കുകള്‍ക്കു മുന്നില്‍ അവര്‍ക്കൊന്നും തിരിച്ചു പറയാനില്ലായിരുന്നു. സത്യം അലിയാരുടെ ഭാഗത്താണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. ബഹുഭൂരിപക്ഷവും ഖവാരിജിസത്തില്‍ നിന്നു പിന്‍മാറി. അവരോട് അലി(റ) മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. സത്യം ബോധ്യപ്പെട്ടിട്ടും ദുര്‍വാശിയുടെ പേരില്‍ അലി(റ)യോട് പോരാടാന്‍ ഉറച്ചുനിന്ന കുറച്ചു പേരുണ്ടായിരുന്നു. ചാവേറുകളാകാന്‍ തീരുമാനിച്ച ആ വിഭാഗത്തിനു മുന്നില്‍ ആയുധമെടുക്കുക മാത്രമേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. അങ്ങനെ നഹ്‌റുവാനിലെ ഖവാരിജുകളുമായി കൂഫയില്‍ നിന്നുവന്ന അലിയാരുടെ സൈന്യം ഏറ്റുമുട്ടി.

ഒമ്പതു പേരൊഴികെ എല്ലാവരും അതില്‍ കൊല്ലപ്പെട്ടു. പോരാട്ടത്തിനു മുമ്പ് അവശേഷിച്ച ഖവാരിജുകളോടു സത്യത്തിലേക്കു മടങ്ങാന്‍ അലി(റ)യും അബൂഅയ്യൂബില്‍ അന്‍സ്വാരി(റ)യും സരളവും നിഷ്പക്ഷവുമായ ശൈലിയില്‍ ആവശ്യപ്പെട്ടതും അവസാനം മാത്രം യുദ്ധത്തിനു തയ്യാറായതും ചരിത്രപണ്ഡിതനായ ഇബ്‌നുല്‍ അസീര്‍ തന്റെ 'അല്‍ കാമിലി'ല്‍ വിവരിക്കുന്നുണ്ട്. അലി(റ) നേരിന്റെ പക്ഷത്താണെന്നു തന്റെ അനുയായികളെ ബോധ്യപ്പെടുത്തിയ ഒരു സംഭവം അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെ: യുദ്ധം അവസാനിച്ചപ്പോള്‍ അലി(റ) അനുയായികളോടു, കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ തോളന്‍ കയ്യില്‍ മുലക്കണ്ണു പോലെയുള്ള അടയാളമുള്ള ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കാന്‍ കല്‍പ്പിച്ചു. മൃതദേഹങ്ങള്‍ക്കിടയില്‍ അവര്‍ ഒരുപാടു തിരഞ്ഞു. കണ്ടില്ല. അങ്ങനെ ഒരാളെ കാണുന്നില്ല, അവര്‍ അലി(റ)യെ വിവരം അറിയിച്ചു. 'അവന്‍ ആ കൂട്ടത്തില്‍ തന്നെ ഉണ്ടാകും, അല്ലാഹുവാണേ സത്യം, ഞാന്‍ പറയുന്നത് കളവല്ല'. അല്ലാഹുവും റസൂലും കളവു പറയുകയില്ല' അലി (റ) ആവര്‍ത്തിച്ചു. അങ്ങനെ അവര്‍ പലവട്ടം തിരഞ്ഞു. അവസാനം കൊല്ലപ്പെട്ടവരുടെ അന്‍പത് മൃതദേഹങ്ങളുള്ള പുഴവക്കത്തെ ഒരു കുഴിയില്‍ നിന്ന് ആ ശരീരം കണ്ടെത്തി. അതിന്റെ തോള്‍ഭാഗത്തു നോക്കിയപ്പോള്‍ സ്ത്രീകളുടെ മുലക്കണ്ണു പോലെയുള്ള കറുത്ത രോമങ്ങള്‍ നിറഞ്ഞ ഒരു മുലക്കണ്ണ്!. പിടിച്ചുനീക്കിയപ്പോള്‍ കയ്യിന്റെ മുഴുവവന്‍ നീളത്തില്‍ വരുന്ന മാംസം!, പിടുത്തം വിട്ടപ്പോള്‍ കൈമുട്ടുവരെ നീളം!!. ഇതുകണ്ടപ്പോള്‍ തക്ബീര്‍ മുഴക്കിക്കൊണ്ട് അലി(റ) പറഞ്ഞു: ''അല്ലാഹുവാണേ സത്യം, ഞാന്‍ പറഞ്ഞത് കളവല്ല. അല്ലാഹുവും റസൂലും പറഞ്ഞത് സത്യം. ഇവരെ വധിക്കുന്നവര്‍ക്ക് അല്ലാഹു നല്‍കുന്ന പ്രതിഫലം ഞാന്‍ വിവരിച്ചുതന്നാല്‍ നിങ്ങള്‍ അതുമാത്രം ആവലംബിച്ചു നിഷ്‌ക്രിയരായി മാറും. അല്ലെങ്കില്‍ ഞാനത് വെളിപ്പെടുത്തുമായിരുന്നു' ഹുര്‍ബൂസ് ബിന്‍ സുഹൈര്‍ എന്നായിരുന്നു അലി (റ) പ്രവചിച്ച ആ മനുഷ്യന്റെ പേര്. നഹ്‌റുവാന്‍ യുദ്ധത്തില്‍ അലി(റ)യുടെ സൈന്യത്തില്‍ നിന്ന് ഒമ്പത് പേരാണ് രക്തസാക്ഷികളായത്. ഖവാരിജുകളില്‍ നിന്ന് ഓടി രക്ഷപ്പെട്ടതും ഒമ്പതു പേര്‍. അവരില്‍ നിന്നുള്ള ഈരണ്ടു പേര്‍ സിചിസ്ഥാന്‍, യമന്‍, ഒമാന്‍, ജസീറയുടെ ചില ഭാഗങ്ങള്‍... എന്നിവയിലേക്കാണ് പോയത്. പില്‍ക്കാലത്ത് അവിടെങ്ങളിലെല്ലാം ഖവാരിജിസം വളര്‍ത്തിയതും പ്രചരിപ്പിച്ചതും അവരായിരുന്നു.

ആദര്‍ശവും അനുഷ്ഠാന ശൈലിയും 'വിധികര്‍തൃത്വം അല്ലാഹുവിന് മാത്രം' എന്ന മുദ്രാവാക്യം മുഴക്കിയാണ് ഖവാരിജുകള്‍ പുറത്തുപോയതെങ്കിലും പില്‍ക്കാലത്ത് പുതിയ കുറെ സംഭവങ്ങള്‍ അവര്‍ സ്വീകരിച്ചു. അവയില്‍ പ്രധാനപ്പെട്ടതിവയാണ്. 1. പാപം ചെയ്തവര്‍ മതത്തിനു പുറത്താണ്. മോഷണം, വ്യഭിചാരം, കൊലപാതകം തുടങ്ങിയ മഹാപാതകം ചെയ്തവര്‍ കാഫിറുകളാണ്. അതുകൊണ്ട് കാലാകാലങ്ങളില്‍ അവര്‍ ശിക്ഷയേല്‍ക്കേണ്ടി വരും. അല്ലാഹുവിന്റെ നിയമങ്ങളില്‍ സൃഷ്ടികളെ വിധികര്‍ത്താവാക്കുക എന്നത് മഹാപാതകമാണ്. അലി(റ) അക്കാരണത്താല്‍ കാഫിറായിരിക്കുന്നു. പ്രസ്തുത തീരുമാനത്തിന് അനുകൂലമായി നിന്ന ഭൂരിപക്ഷം സ്വഹാബികളും അതുകൊണ്ടുതന്നെ മതഭ്രഷ്ടു സംഭവിച്ചവരാണ്. 2. അക്രമകാരിയായ ഭരണാധികാരിക്കെതിരെ വിപ്ലവം നയിക്കല്‍ നിര്‍ബന്ധമാണ്. അത്തരം വിപ്ലവങ്ങള്‍ക്കു മുതിരാത്തവനും അതില്‍ സഹകരിക്കാത്തവനും മാര്‍ഗഭ്രംശം സംഭവിച്ചവനും പാപിയുമാണ്. അലി(റ)ക്ക് 'തെറ്റു' സംഭവിച്ചപ്പോള്‍ ഖവാരിജുകള്‍ അദ്ദേഹത്തിനെതിരെ പുറപ്പെട്ടു. അതില്‍ പങ്കെടുക്കാത്തവരെല്ലാം തെറ്റിനു കൂട്ടുനിന്നവരാണ്. 3. ഏതൊരു മുസ്‌ലിമിനും ഭരണാധികാരിയാകാന്‍ അവകാശമുണ്ട്. ഭരണാധികാരികള്‍ അലി(റ)യുടെ സന്താന പരമ്പരയില്‍ പെട്ടവരാകണമെന്ന ശിയാക്കളുടെ നിലപാടും ഖുറൈശികളില്‍ യോഗ്യരുണ്ടെങ്കില്‍ അവരാകണമെന്ന മുസ്‌ലിംകളുടെ പൊതു (അഹ്‌ലുസ്സുന്നത്തിന്റെ) നിലപാടും ശരിയല്ല. ഖലീഫാ പദവി പാരമ്പര്യമായി ലഭിക്കുന്ന ഒന്നല്ല. അത് മുസ്‌ലിംകള്‍ തിരഞ്ഞെടുക്കുന്നതാണ്. ആകര്‍ഷണീയമായ ഈ വാദം ഉന്നയിച്ചതു കാരണം മുസ്‌ലിംകളിലെ ആദ്യത്തെ ജനാധിപത്യ വാദികളാണ് ഖവാരിജുകള്‍ എന്നു പലരും വിശേഷിപ്പിച്ചിട്ടുണ്ട്. ഖവാരിജുകളുടെ ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണത്രെ അവര്‍ തങ്ങളുടെ പ്രഥമ ഖലീഫയായി അബ്ദുല്ലാഹിബിന്‍ വഹബുര്‍റാസിയെ തിരഞ്ഞെടുത്തത്. എന്നാല്‍ ഈ ജനാധിപത്യ ബോധമല്ല വാസ്തവത്തില്‍ അവരെ നയിച്ചത്. ഇസ്‌ലാമിനു മുമ്പേ ഖുറൈശികളോടു കടുത്ത ശത്രുത പുലര്‍ത്തിയിരുന്ന റബ്ഇയ്യ ഗോത്രക്കാരായിരുന്നു ഖവാരിജുകളധികവും. പിന്നീട് ഖുറൈശികളോടുള്ള അസൂയയാണ് അതിനവരെ പ്രേരിപ്പിച്ചത്. 4. ഇസ്‌ലാമിലെ അനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കാത്തവന്‍ മുസ്‌ലിമല്ല. അനുഷ്ഠാനങ്ങളില്ലാതെ വെറും ഈമാന്‍ ഉണ്ടാവുകയില്ല. അത്തരക്കാര്‍ വധശിക്ഷക്കര്‍ഹരും മുസ്‌ലിംകളുടെ അവകാശങ്ങള്‍ അനുഭവിക്കാന്‍ അര്‍ഹതയില്ലാത്തവരുമാകുന്നു. ഇത്തരം കുറെ തീവ്രനിലപാടുകള്‍ ഖവാരിജുകള്‍ക്ക് പൊതുവെ ഉണ്ടായിരുന്നു. പിന്നീട് അവര്‍ വിവിധ ഗ്രൂപ്പുകളും ചേരികളുമായപ്പോള്‍ പിന്നെയും പുതിയ വാദങ്ങള്‍ ഉടലെടുത്തു. മുസ്‌ലിംകളിലെ ആദ്യത്തെ തീവ്രവാദികളായിട്ടാണ് ഖവാരിജുകള്‍ അറിയപ്പെടുന്നത്. സ്വന്തം വിശ്വാസത്തിന്റെ പേരില്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരായിരുന്നു അവര്‍. മതാനുഷ്ഠാനങ്ങളില്‍ അവര്‍ വെച്ചുപുലര്‍ത്തിയിരുന്ന നിലപാട് കണിശവും ശക്തവുമായിരുന്നു. മഹാപാപം ചെയ്തവര്‍ മതത്തിനു പുറത്തുപോയ കാഫിറുകളാണ്, മുസ്‌ലിമാകാന്‍ വിശ്വാസം മാത്രം മതിയാകുകയില്ല, കര്‍മ്മങ്ങള്‍ കൂടി വേണം എന്നിങ്ങിനെയുള്ള ഖവാരിജുകളുടെ വാദം അവരുടെ കാര്‍ക്കഷ്യം വിളിച്ചോതുന്നു. പകല്‍ സമയങ്ങളില്‍ വ്രതമനുഷ്ഠിച്ചു ക്ഷീണിച്ചവരും രാത്രികളില്‍ നിസ്‌കാരത്തില്‍ മുഴുകി നെറ്റിത്തടത്തില്‍ വൃണം വന്നവരുമായിരുന്നു അവര്‍. നിരന്തരമുള്ള ഖുര്‍ആന്‍ പാരായണവും മറ്റു ആരാധനാ ചടങ്ങുകളുമായിരുന്നു അവരുടെ ജീവിതം. പക്ഷേ, ബഹുഭൂരിപക്ഷം സ്വഹാബികളെയും കാഫിറുകളായി പ്രഖ്യാപിച്ചുകൊണ്ട്, ഇസ്‌ലാമുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം പരോക്ഷമായെങ്കിലും അറുത്തുമാറ്റുകയായിരുന്നു അവര്‍. ഉസ്മാന്‍, അലി, മുആവിയ, ഇബ്‌നു അബ്ബാസ്, ആയിശ, അബൂമൂസല്‍ അശ്അരി, അംറുബിന്‍ ആസ്വ്, ത്വല്‍ഹ, സുബൈര്‍(റ).. തുടങ്ങിയ പ്രമുഖരടക്കമുള്ള സ്വഹാബികളെയാണവര്‍ മതത്തില്‍ നിന്നു കാഫിറുകളെന്നു പറഞ്ഞു പുറത്താക്കിയതും സ്വയം മുസ്‌ലിംകളായി വാണതും. 'വിധികര്‍തൃത്വം (ഹുക്മ്) അല്ലാഹുവിനു മാത്രം' എന്ന ഖുര്‍ആന്‍ വചനമാണ് (6:67, 6:62, 16:40, 16:67) അവര്‍ തങ്ങളുടെ വാദത്തിനു തെളിവുദ്ധരിച്ചത്. ''അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ചു വിധിക്കാത്തവര്‍ കാഫിറുകളാകുന്നു'' (5:44) എന്ന ഖുര്‍ആന്‍ സൂക്തമോതിയാണവര്‍ സമാദരണീയരായ സ്വഹാബികളെ അവിശ്വാസികളും കാഫിറുകളുമായി ചിത്രീകരിച്ചത്. പ്രവാചകന്‍ (സ)യില്‍ നിന്നു നേരിട്ടു ഖുര്‍ആന്‍ പഠിച്ച സ്വഹാബികള്‍ക്കു മനസ്സിലാകാത്ത ആശയം തങ്ങള്‍ക്കു മാത്രം മനസ്സിലായി എന്ന ധാര്‍ഷ്ഠ്യമാണവര്‍ കാണിച്ചത്. അതു തന്നെയാണവരുടെ ഏറ്റവും വലിയ പരാജയവും. ഖവാരിജുകളുടെ വിമതമുന്നണിയും വിധ്വംസക പ്രവര്‍ത്തനങ്ങളും മുസ്‌ലിം ഭരണകൂടങ്ങള്‍ക്കു വലിയ തലവേദന തന്നെയായിരുന്നു. ഇവരുടെ വിഷയത്തില്‍ ഏറെ വേദനിച്ചത് അലി(റ)യായിരുന്നു.

'സ്വിഫ്ഫീനി'ല്‍ വെച്ച് അദ്ദേഹത്തെ വഞ്ചിക്കുകയായിരുന്നു അവര്‍. കുന്തമുനകളില്‍ മുസ്ഹഫ് ഉയര്‍ത്തിപ്പിടിച്ചു സന്ധി സംഭാഷണത്തിനു ക്ഷണിച്ച എതിരാളികളുടെ തന്ത്രം തിരിച്ചറിഞ്ഞ അലി(റ) അനുയായികളോട് പിന്തിരിയാതെ പോരാട്ടം തുടരാനാണ് കല്‍പ്പിച്ചത്. 'അല്ലാഹുവിന്റെ ഗ്രന്ഥത്തിലേക്ക് ഒരു വിഭാഗം ക്ഷണിക്കുമ്പോള്‍, നിങ്ങള്‍ ഞങ്ങളെ വാളിലേക്കു ക്ഷണിക്കുകയോ' എന്നു ചോദിച്ചു അലി(റ) യെ എതിര്‍ക്കുകയും സന്ധിക്കു നിര്‍ബന്ധിക്കുകയും ചെയ്തവരാണിവര്‍. എന്നിട്ടും അക്കാരണം പറഞ്ഞുതന്നെ അദ്ദേഹത്തെ കാഫിറാക്കി. ഞാന്‍ കാഫിറായി എന്നു തങ്ങളുടെ മുന്നില്‍ വന്നു സമ്മതിച്ചാല്‍ മാത്രമേ അലി(റ)യെ ഖലീഫയായി അംഗീകരിക്കൂ എന്ന് അവര്‍ വാദിച്ചു. ജീവിതത്തില്‍ ഒരിക്കല്‍ പോലും വിഗ്രഹങ്ങള്‍ക്കു മുന്നില്‍ ശിരസ്സു നമിക്കാത്ത സ്വഹാബികളിലെ അപൂര്‍വ്വം വ്യക്തിത്വങ്ങളിലൊരാളായിരുന്നു അലി(റ). അദ്ദേഹത്തെയാണ് പുണ്യനബി(സ) വിജ്ഞാനത്തിന്റെ കവാടമെന്നു വിശേഷിപ്പിച്ചത്. ആ വലിയ മനുഷ്യനെയാണിവര്‍ ഖുര്‍ആന്‍ ഉദ്ധരിച്ചുകൊണ്ട് കാഫിറാക്കിയത്. എന്നാല്‍ അദ്ദേഹമവരെ തിരിച്ചു കാഫിറാക്കാന്‍ ശ്രമിച്ചില്ല. ഇങ്ങനെ ഒരു വിഭാഗം പ്രത്യക്ഷപ്പെടുമെന്നും നബി(സ) പ്രവചിച്ചത് അദ്ദേഹത്തിന് ഓര്‍മ്മയുണ്ടായിരുന്നു.

സ്വിഫ്ഫീനു മുമ്പുതന്നെ പലരോടും അദ്ദേഹമതു പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടു തന്നെയാണ് ഇനില്‍ ഹുക്മു ഇല്ലാലില്ലാഹ് (വിധികര്‍തൃത്വം അല്ലാഹുവിനു മാത്രം) എന്ന മുദ്രാവാക്യം അവര്‍ ഉയര്‍ത്തിയ സമയത്ത് 'തിന്മ ഉദ്ദേശിച്ചുകൊണ്ടുള്ള സത്യവാക്യം' എന്നതിനെ അദ്ദേഹം വിശേഷിപ്പിച്ചതും. ഖുര്‍ആനിലെ അക്ഷരങ്ങളെയും പദങ്ങളെ പ്രത്യക്ഷാര്‍ത്ഥത്തില്‍ മാത്രം സ്വീകരിച്ചിരുന്ന ഖവാരിജുകള്‍ ഒരര്‍ത്ഥത്തില്‍ അക്ഷപൂജകരായിരുന്നു. സാഹിത്യരംഗത്തു വലിയ താല്‍പര്യം പ്രകടിപ്പിച്ചവരായിരുന്നിട്ടും ഖുര്‍ആനിക വചനങ്ങളില്‍ ആലങ്കാരികതയുണ്ടെന്നു സമ്മതിക്കാന്‍ അവര്‍ തയ്യാറായില്ല. അതുകൊണ്ടാണല്ലോ വിധികര്‍തൃത്വം അല്ലാഹുവിനു മാത്രം എന്ന വിശുദ്ധ വചനത്തിന്റെ പ്രത്യക്ഷാര്‍ത്ഥം മാത്രം അവരുയര്‍ത്തിപ്പിടിച്ചത്. ഖുര്‍ആനിക വചനങ്ങളുദ്ധരിച്ച് അവര്‍ അലി(റ)യെ കാഫിറാക്കിയപ്പോള്‍ പ്രതിരോധത്തിനു വേണ്ടി പോലും അദ്ദേഹം അവര്‍ക്കെതിരെ ഖുര്‍ആന്‍ ഉദ്ധരിച്ചില്ല. അലി(റ)യും ഖവാരിജുകളും തമ്മില്‍ നടത്തിയ സംവാദം മുമ്പ് വിവരിച്ചതാണല്ലോ. പ്രവാചക നടപടികള്‍ ചൂണ്ടിക്കാണിച്ചാണ് പ്രസ്തുത സംവാദത്തില്‍ അദ്ദേഹം സ്വന്തം ഭാഗം സത്യമാണെന്നു സമര്‍ത്ഥിച്ചത്. ഖുര്‍ആന്‍ ഉദ്ധരിച്ച് മുസ്‌ലിം ഭൂരിപക്ഷത്തെ കാഫിറാക്കുന്ന എക്കാലത്തുമുള്ള ബിദഇകളോടു എങ്ങിനെ പെരുമാറണമെന്നു പഠിപ്പിക്കുകയായിരുന്നു അലി(റ).

വിവിധ പേരുകള്‍

അലി(റ)യുടെ സംഘത്തില്‍ നിന്നു പുറത്തുപോയവരെ മറ്റുള്ളവര്‍ വിളിച്ച പേരാണ് ഖവാരിജ്. ചരത്രഗ്രന്ഥങ്ങളില്‍ ഏറെ സ്ഥാനം പിടിച്ചതും 'ഖവാരിജ്' എന്ന പേരു തന്നെ. അതിനു പുറമെ മുഹക്കിമ, ഹറൂറിയ്യ, നവാസ്വിബ്, ശൂറാത്ത്, ഹുക്മിയ്യ, മാരിഖ എന്നീ പേരുകളിലും ഖവാരിജുകള്‍ അറിയപ്പെട്ടിട്ടുണ്ട്. വിധികര്‍തൃത്വത്തിന്റെ പേരില്‍ വിവാദം സൃഷ്ടിച്ച് 'ഇനില്‍ ഹുകുമു ഇല്ലാലില്ലാഹ്' എന്ന വാദം മുഴക്കിയതു കാരണമാണ് 'മുഹക്കിമ', 'ഹുക്മിയ്യ' എന്നിങ്ങനെയുള്ള പേരുകള്‍ ലഭിച്ചത്. ഖവാരിജുകളുടെ ഒന്നാം തലമുറ 'മുഹക്കിമത്തുല്‍ ഊല' എന്നാണ് അറിയപ്പെടുന്നത്. സ്വിഫ്ഫീനില്‍ നിന്നു മടങ്ങിയ അലീസൈന്യം കൂഫയില്‍ പ്രവേശിച്ചപ്പോള്‍, അതില്‍ നിന്നും വിഘടിച്ചു തൊട്ടടുത്ത 'ഹറൂറ'യില്‍ ഒത്തു ചേര്‍ന്നതിനാലാണ് 'ഹറൂറിയ്യ' എന്ന പേരു വീണത്. അലി(റ)യോട് കടുത്ത പകയും അമിത വിദ്വേഷവും വെച്ചുപുലര്‍ത്തിയതുകൊണ്ടാണ് വെറുപ്പു കാണിക്കുന്നവര്‍ എന്നര്‍ത്ഥമുള്ള 'നവാസിബ്' എന്നു വിശേഷിപ്പിക്കപ്പെട്ടത്.

ഖവാരിജുകളെക്കുറിച്ച് സൂചിപ്പിക്കുന്ന നബി(സ)യുടെ പ്രവചനത്തില്‍ 'വില്ലില്‍ നിന്നു അമ്പ് തെറിക്കുന്നത് പോലെ ദീനില്‍ നിന്നവര്‍ തെറിച്ചുപോകും' എന്നു വിശേഷിപ്പിച്ചതു കാണാം. പ്രസ്തുത പ്രവചനത്തിന്റെ ഗുണഗണങ്ങള്‍ സമ്മേളിച്ചതുകൊണ്ടാണ് 'മാരിഖ' (തെറിച്ചുപോയവര്‍) എന്നു വിളിക്കപ്പെട്ടത്. എന്നാല്‍ ഖവാരിജുകള്‍ തങ്ങളെ 'ശൂറാത്ത്' എന്നാണ് വിളിച്ചിരുന്നത്. വില്‍പ്പന നടത്തിയവര്‍ എന്നത്രെ ഇതിന്റെ അര്‍ത്ഥം. സ്വന്തം ശരീരത്തെ അല്ലാഹുവിനു വിറ്റിരിക്കുന്നവരാണ് തങ്ങളെന്ന് അവര്‍ വാദിക്കുന്നു. നെഹ്‌റുവാനില്‍ വെച്ച് അലി(റ) ഖവാരിജുകള്‍ക്കെതിരെ നടത്തിയ യുദ്ധത്തില്‍ നിന്നു ഓടി രക്ഷപ്പെട്ടവരാണ് പിന്നീട് ഖവാരിജിസം വളര്‍ത്തിയത്. നഹ്‌റുവാനില്‍ കൊല്ലപ്പെട്ട തങ്ങളുടെ കൂട്ടുക്കാരുടെ പേരില്‍ ജനങ്ങളെ സംഘടിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു. വെറുപ്പിന്റെ തീക്ഷ്ണത കാരണം അന്ധത ബാധിച്ച ആ വിഭാഗം പ്രമുഖ സ്വഹാബികളെ വധിക്കാന്‍ ഗുഢാലോചന നടത്തുകയും ചാവേറുകളെ പറഞ്ഞുവിടുകയും ചെയ്തു. അവരില്‍പ്പെട്ട ഒരാളാണ് ഇബ്‌നുമുല്‍ജിം.

ഹിജ്‌റ 38 റമളാന്‍ മാസത്തിലെ ഒരു സുബ്ഹി നിസ്‌കാരത്തിനു നടന്നുവരികയായിരുന്ന അലി(റ)യെ ഇബ്‌നുമുല്‍ജിം മൂര്‍ദ്ദാവിന് ആഞ്ഞുവെട്ടി. അപ്പോഴും അയാള്‍ ഒരു മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. ലാ ഹുകുമ ഇല്ലാലില്ലാഹ്, ലൈസ ലക യാ അലീ, വലാ ലി അസ്വ്ഹാബിക് (അല്ലാഹുവിനു മാത്രമാണ് വിധിക്കാന്‍ അധികാരം, നിനക്കും നിന്റെ അനുയായികള്‍ക്കും അല്ല, അലീ...)

(മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്)

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter