മുഖം മറക്കലും മുജാഹിദ് പ്രസ്ഥാനവും

'നിഖാബ്'' (സത്രീകൾ മുഖം മറക്കുന്ന വസ്ത്രം ) നിരോധിച്ച ശ്രീലങ്കൻ സർക്കാരിന്റെ തീരുമാനവും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിഖാബ് ധരിക്കാൻ അനുവദിക്കില്ലെന്ന എം ഇ എസിന്റെ തീരുമാനവും ഇതിനകം ഏറെ ചർച്ച ചെയ്യപ്പെട്ടു.

സമസ്ത ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ ഇസ്‌ലാമിന്റെ പാരമ്പര്യ നിയമത്തോടൊപ്പം ഉറച്ച് നിന്നപ്പോൾ മുജാഹിദ് വിഭാഗമുൾപ്പെടെയുള്ള ചില മതനവീകരണ സംഘങ്ങളും മുസ്ലിം നാമധാരികളായ ചില യുക്തിവാദികളും 'നിഖാബ് ' നിരോധനത്തെ സ്വാഗതം ചെയ്തു.
ജമാഅത്തെ ഇസ്‌ലാമിയും ഹരിതയുടെ നേതാക്കളും എം എസ് എഫ് പ്രസിഡൻറും നിഖാബ് നിരോധനത്തിനെതിരെ പ്രതികരിച്ചതും ഇസ്‌ലാമിക ശരീഅത്തിനോടൊപ്പം അണിചേർന്നതും പ്രതീക്ഷക്കു വക നൽകുന്നു. ഇസ്‌ലാമിനെതിരായ ഏത് വിവാദത്തിലും ശരീരത്ത്‌ വിരുദ്ധർക്കൊപ്പം മാത്രം ചേർന്നു നിൽക്കുന്ന ചില യുവജന നേതാക്കൾ മൗനം പാലിച്ചു കൊണ്ടാണെങ്കിലും നിഷ്പക്ഷ നിലപാട് സ്വീകരിച്ചത് ശുഭ സൂചനയായി കാണാം
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അജയ്യനായ അധ്യക്ഷൻ സയ്യിദുൽ ഉലമാ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ ആർജ്ജവമുള്ള നിലപാടാണ് ഈ വിഷയത്തിൽ ഇത്ര വലിയ പ്രതികരണമുണ്ടാക്കിയത്
മുജാഹിദ് വിഭാഗങ്ങൾ അവരുടെ ജന്മ വൈകല്യം ഈ വിവാദത്തിലും പ്രകടിപ്പിച്ചു.ബാങ്ക് പലിശ ഹലാലാക്കാൻ വേണ്ടി 1929-ൽ 'രിസാലത്തുൽ ഫിൽ ബങ്ക് ' എന്ന പേരിൽ 'കിതാബ് ' പ്രസിദ്ധീകരിച്ചവരാണവർ. സ്ഥാപക കാല നേതാക്കളായ കെ.എം.മൗലവിയും കെ.എം.സീതി സാഹിബും എറണാകുളത്തു പലിശയധിഷ്ടിത ബാങ്കിനു തുടക്കം കുറിക്കുകയും ചെയ്തു. പലിശ ഹാലാലാക്കാൻ ഖുർആൻ സൂക്തം പോലും അവർ വളച്ചൊടിച്ചു. സമസ്ത ഉൾപ്പെടെയുള്ള മുസ്‌ലിം സംഘടനകളുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് പലിശ ഹലാലാക്കൽ 'ഫത്ത് വ'യിൽ നിന്ന് അവർ പിൻ വാങ്ങിയത്!കെ.എൻ.എം സംസ്ഥാന അദ്ധ്യക്ഷൻ സ്ത്രീകൾ മുഖം മറക്കാൻ പാടില്ലെന്ന കണിശമായ നിലപാടിലാണ്. ഹജ്ജ് വേളയിൽ സ്ത്രീകൾ മുഖം മറക്കരുതെന്ന ഇസ്ലാമിക നിയമമാണ് ഇദ്ദേഹത്തിന്റെ തെളിവ്. ഇമ്മാതിരി തെളിവുകളുമായി വന്നാൽ മുജാഹിദ് പ്രവർത്തകർ കുടുങ്ങും. ഹജ്ജ് വേളയിൽ പുരുഷന്മാർ ഷർട്ട്, അണ്ടർ വെയർ, ഷൂ എന്നിവയൊന്നും ധരിക്കാൻ പാടില്ല.ഇനി മുതൽ മുജാഹിദ് പുരുഷന്മാർ ഷർട്ട് ഒഴിവാക്കുമോ? ബനിയനും അണ്ടർ വെയറും തൊപ്പിയും ഷൂവുമൊക്കെ ഒഴിവാക്കി നടക്കാൻ പറഞ്ഞാൽ മുജാഹിദ് പ്രവർത്തകർ അനുസരിക്കുമോ?ഇവരുടെ ഉപാദ്ധ്യക്ഷൻ തൊപ്പി ഊരി വെക്കുമോ?
കെ.എൻ.എം പ്രസിദ്ധീകരിക്കുകയും ഇവരുടെ പളളികളിൽ വായനക്കായി വഖ്ഫ് ചെയ്യുകയും ചെയ്ത അമാനി മൗലവിയുടെ ഖുർആൻ പരിഭാഷഒരാവർത്തിയെങ്കിലും വായിക്കാത്തവരാണോ മുജാഹിദ് നേതാക്കൾ? തങ്ങൾ പ്രസിദ്ധീകരിച്ച് വിതരണം ചെയ്യുന്ന ഖുർആൻ പരിഭാഷയിലെ മതവിധികൾ സ്വന്തം സംഘടനക്ക് ബാധകമല്ലെങ്കിൽ ഇതിന്റെ പ്രിന്റിംഗും വിതരണവും നിറുത്തി വെച്ച് കൂടെ?പല മതവിധികളും പരിഷ്കരിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്ത പോലെ ഖുർആൻ പരിഭാഷയും പരിഷ്കരിച്ച ശേഷം പ്രസിദ്ധീകരിക്കുകയല്ലേ ഉചിതം? മുജാഹിദ് വിഭാഗത്തിനിത് പുത്തരിയല്ലല്ലോ .
ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും നേർക്കു നേരെ മാത്രമേ മതവിധി സ്വീകരിക്കാവൂ എന്നും ഇമാമുകളെ പിൻപറ്റാൻ പാടില്ലെന്നും ശഠിക്കുന്ന ഇക്കൂട്ടർ സ്വന്തം സംഘടനയിൽ ഭിന്നിപ്പ് വന്നപ്പോൾ നേതാക്കൾ പറയുന്നത് നിരുപാധികം അനുസരിക്കണമെന്നും തെറ്റു പറ്റിയാൽ നാളെ പരലോകത്ത് അതിന്റെ ഉത്തരവാദിത്വം ഞങ്ങൾ നേതാക്കൾ ഏറ്റെടുക്കുമെന്നും പ്രസ്താവിച്ച പ്രസിഡന്റാണ് മുജാഹി ദുകളുടേത്.
സൂറത്തുൽ അഹസാബ് 59-ാം നമ്പർ സൂക്തത്തിന്റെ പരിഭാഷ ഇപ്രകാരം: "നബിയെ, അങ്ങയുടെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസിനികളായ സ്ത്രീകളോടും അവരുടെ മേൽവസ്ത്രം (ജലാബീബ്) അവരുടെ മേൽ താഴ്ത്തിയിടാൻ നിർദ്ദേശിക്കുക.
ഈ സൂക്തം വ്യാഖ്യാനിച്ചു കൊണ്ട് മുജാഹിദ് ഖുർആൻ പരിഭാഷ പറയുന്നത് കാണുക." ശരീരം മുഴുവൻ -തലയും കഴുത്തും മുഖവുമടക്കം - 'ജിൽബാബ്' കൊണ്ട് മൂടി മറക്കേണ്ടതുണ്ടെന്നാണ് പ്രത്യക്ഷത്തിൽ ഇതിൽ നിന്നും വരുന്നത്...സാധാരണ നിലയിൽ ആകുമ്പോൾ മാത്രമാണ് സൂറത്തുന്നൂറിൽ മുഖം ഒഴിവാക്കപ്പെട്ടിരിക്കുന്നതെന്നും വെളിയിൽ പോകുമ്പോൾ മുഖവും മറക്കേണ്ടതുണ്ടെന്നാണ് ഈ വചനത്തിന്റെ താത്പര്യമെന്നും ,എങ്കിലും കണ്ണിന്റെ കാഴ്ച്ചക്ക് ഭംഗം വരാത്തവണ്ണം കണ്ണുകൾ അതിൽ നിന്ന് ഒഴിവാക്കണമെന്നും സ്വഹാബികളും താബിഉകളും അടക്കമുള്ള പല മഹാന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട് താനും.(വി.ഖുർആൻ വിവരണം 3/2620, മുജാഹിദ് സെന്റർ )
ഇസ്ലാമിലെ പർദ്ദാ സമ്പ്രദായത്തിനെതിരെ ഖുർആനും സുന്നത്തും വളച്ചൊടിച്ച് രംഗത്തു വരുന്നവർക്കെതിരെ രൂക്ഷമായാണ് മുജാഹിദ് പരിഭാഷ പ്രതികരിക്കുന്നത്. സ്വന്തം സംഘടനയുടെ നേതൃത്വത്തിൽ പിൽക്കാലത്ത് വരുന്നവരെ ഉദ്ദേശിച്ചായിരിക്കുമോ അമാനി മൗലവി ഇപ്രകാരം പറഞ്ഞതെന്നറിഞ്ഞു കൂടാ.
"ഇസ്ലാമിക സംസ്കാരങ്ങളെയും ധാർമ്മിക മൂല്യങ്ങളെയും പുച്ഛിച്ചു കൊണ്ടുള്ള ഭൗതിക പരിഷ്കാരങ്ങളുടെ തേർവാഴ്ച്ച നിർവിഘ്നം നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് -അറിഞ്ഞോ അറിയാതെയോ - മസ്ലിം സ്ത്രീകളുടെ പർദ്ദയെ കഴിവതും വെട്ടിക്കുറക്കുവാനും അതിനു വേണ്ടി ഖുർആനിനെയും സുന്നത്തിനെയും ദുർവ്യാഖ്യാനം ചെയ്യുവാനും മുസ്ലിംകളുടെ പർദ്ദാ സമ്പ്രദായം അവരുടെ പുരോഗതിക്ക് തടസ്സമാണെന്ന് ഘോഷിക്കുവാനും മുതിരുന്ന പലരെയും ഇന്നു കാണാം.ഇവരുടെ കെണവലയിൽ അകപ്പെടാതിരിക്കുവാനും അങ്ങനെ 57-ാം വചനത്തിലെ :താക്കീതിന് പാത്രമായിത്തീരാതിരിക്കാനും ഓരോ സത്യവിശ്വാസിയും സൂക്ഷിക്കേണ്ടതാകുന്നു .[ അ: പു: [ 3/2621] 
സ്ത്രീ പുരുഷ ദർശനത്തിന്റെ മതവിധി കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങൾ വസ്തുനിഷ്ടമായി വിശദീകരിച്ചിട്ടുണ്ട്. ''അന്യ സ്ത്രീയുടെ ശരീര ഭാഗത്തിൽ നിന്ന് അൽപമെങ്കിലും--- മുഖവും മുൻകയ്യും ഉൾപ്പെടെ--- നോക്കൽ പുരുഷനു നിഷിദ്ധമാണ്'' (ഫത്ത്ഹുൽ മുഈൻ 3/410)
''അന്യ പുരുഷൻ നോക്കുമെന്ന് കണ്ടാൽ മുഖം മറക്കൽ സ്ത്രീക്ക് നിർബന്ധമാണ് '' ( ഇആനത്ത് 3/410)
"അവരോട് (സ്ത്രീകളോട് ) നിങ്ങൾ വല്ല വസ്തുക്കളും ചോദിക്കുകയാണെങ്കിൽ ഒരു കർട്ടന്റെ പിന്നിൽ നിന്ന് ചോദിക്കുക " [വി :ഖുർആൻ: അഹ്സാബ്: 53]
അബൂബക്ർ [റ] വിന്റെ മകൾ "അസ്മാ [റ]യിൽ നിന്ന് നിവേദനം, പുരുഷൻമാർ കാണാതിരിക്കാൻ ഞങ്ങൾ ഞങ്ങളുടെ മുഖം മറക്കാറുണ്ടായിരുന്നു [ഹാകിം]
അറബ് മുസ്ലിം സ്ത്രീകളിൽ മഹാഭൂരിപക്ഷവും ഇന്നും മുഖം മറക്കുന്നവരാണ് ' യു.എ.ഇ യിലെ ഒരു ഗവ: ഹോസ്പിറ്റലിലെ ഡോ: ജൗസൽ എഴുതുതുന്നു.. "എന്റെ രോഗികളിൽ 90 ശതമാനവും തദ്ദേശീയരായ ഇമാറാത്തി പൗരൻമാരാണ്. രോഗികളിൽ 80 ശതമാനത്തോളം സ്ത്രീകളും കുട്ടികളുമായിരിക്കും. 90 ശതമാനം ഇമാറാത്തി സ്ത്രീകളും മുഖം മറക്കുന്നവരാണ്. യുവതികളായ സ്ത്രീകൾ എല്ലാവരും തന്നെ പൊതുവെ നല്ല വിദ്യാസമ്പന്നരാണ്, മാത്രമല്ല നല്ല ഒരു വിഭാഗം സ്ത്രീകളും നല്ലഅമേരിക്കൻ ആക്സൻറ് ഇംഗ്ലീഷിൽ സംസാരിക്കുന്നവരുമാണ് " 
നമ്മുടെ നാട്ടിലെ സ്ത്രീകൾ മുൻ കാലങ്ങളിൽ പുറത്തിറങ്ങുമ്പോൾ ഒരു കുട നിവർത്തിപ്പിടിക്കുമായിരുന്നു. അന്യപുരുഷൻമാർ ഉള്ള സ്ഥലത്തെത്തിയാൽ കുട കൊണ്ട് അവർ മുഖം മറക്കുമായിരുന്നു.
ഇസ്‌ലാമിക നിയമങ്ങൾ അട്ടിമറിക്കാനും ഉൻമൂലനം ചെയ്യാനുമുള്ള ഡോ: ഫസൽ ഗഫൂറിന്റെ നീക്കത്തിനെതിരെയുള്ള പ്രതികരണങ്ങളാണിതു വരെ വന്നത്. മുസ്ലിം ന്യൂന പക്ഷത്തിന്റെ പേരിൽ നേടിയെടുത്ത സ്ഥാപനങ്ങളിൽ ഇസ്‌ലാമിക വേഷം ധരിച്ച് പഠിക്കാനനുവദിക്കില്ലെന്ന നിലപാട് ധിക്കാരമാണ്.ഇത് ചെറുത്ത് തോൽപിക്കൽ അനിവാര്യമാണ്.ലക്ഷ്യം നേടിയെടുക്കാൻ നിയമ വിധേയമായ മാർഗങ്ങളിലൂടെ ഏതറ്റം വരേയും പോകേണ്ടി വരും. ജാഗരൂകരാവുക നാം.]

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter