മർകസ് നിസാമുദ്ദീനെ പഴി ചാരുന്നത് കേന്ദ്ര സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ

വടക്കൻ ഡൽഹിയിലെ മർക്കസ് നിസാമുദ്ദീൻ എന്ന ആഗോള തബ് ലീഗ് ജമാഅത്ത് ആസ്ഥാനം ഇന്ത്യയിലെ കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ്. മാർച്ച് 13-15 ദിവസങ്ങളിൽ മർകസ് സംഘടിപ്പിച്ച മൂന്നു ദിവസങ്ങൾ നീണ്ടു നിന്ന സംഗമമാണ് ഇതിന് ഹേതുവായി കണക്കാക്കപ്പെടുന്നത്. ഈ പരിപാടിയിൽ ഇന്തോനേഷ്യ, മലേഷ്യ സൗദി അറേബ്യ, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അടക്കം രണ്ടായിരം ആളുകൾ പങ്കെടുത്തിരുന്നു.

പരിപാടി അവസാനിച്ചതിനു ശേഷവും 1400 ലധികം ആളുകൾ മർക്കസിൽ തന്നെ തുടർന്നു. ഇതേ തുടർന്ന് മർക്കസ് അക്ഷരാർത്ഥത്തിൽ കൊറോണ വൈറസ് ബാധയുടെ ടൈം ബോംബായി പരിണമിച്ചു. ഇവിടെയുള്ളവരിൽ 1033 പേർക്ക് കൊറോണയുടെ ലക്ഷണങ്ങളുള്ളതായി കണ്ടെത്തുകയും 134 പേരെ ആശുപത്രിയിലേക്ക് മാറ്റുകയും 700 പേരെ ക്വാറന്റൈനിലേക്ക് അയക്കുകയും ചെയ്തു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് നിസാമുദ്ദീൻ പരിസരങ്ങൾ മുഴുവൻ പോലീസ് കാവൽ ഏർപ്പെടുത്തുകയും സ്ഥാപനം പൂട്ടി സീൽ ചെയ്യുകയും ചെയ്തു. മർക്കസിൽ നടന്ന സംഗമത്തിൽ പങ്കെടുത്ത് തിരിച്ചു സ്വന്തം നാടുകളിലേക്ക് പോയവരിൽ പലർക്കും കൊറോണയുടെ ലക്ഷണം സ്ഥിരീകരിക്കപ്പെട്ടു. ഡൽഹിയിൽ നിന്ന് തെലങ്കാനയിലേക്ക് മടങ്ങിയ ആറുപേർ പേർ വൈറസ് മൂലം മരണത്തിനു കീഴടങ്ങുകയും ചെയ്തു.

മർകസ് നിസാമുദ്ദീനിൽ സംഘടിപ്പിച്ച പരിപാടി ലോക്ക് ഡൗൺ നിയമങ്ങൾ കാറ്റിൽപറത്തി എന്നാണ് അധികൃതർ ആരോപിക്കുന്നത്. അതിനാൽ, മർക്കസിനെതിരെ പോലീസ് എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തു. മർക്കസിലെ സംഗമത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളോടും അധികൃതരുമായി ബന്ധപ്പെടാനും സർക്കാർ നിർദേശിച്ചു.

മർകസിന്റെ മറുപടി

സർക്കാരിൻറെ നടപടിയെ തുടർന്ന് വിഷയത്തിൽ പ്രതികരണവുമായി മർകസ് രംഗത്തെത്തി. "100 വര്‍ഷത്തോളമായി തബ്‌ലീഗ് ജമാഅത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനമാണ് മര്‍കസ് നിസാമുദ്ദീന്‍. ലോകമെമ്ബാടുമുള്ള സന്ദര്‍ശകര്‍/ തീര്‍ത്ഥാടകര്‍ 3-5 ദിവസത്തില്‍ കൂടാത്ത മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത പരിപാടികള്‍ക്കായി സ്ഥലത്തെത്തുന്നുണ്ട്. വിദൂര സ്ഥലങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ പങ്കാളിത്തം പരിഗണിച്ച്‌ എല്ലാ പ്രോഗ്രാമുകളും ഒരു വര്‍ഷം മുമ്ബുതന്നെ തീരുമാനിക്കും.

ബഹുമാനപ്പെട്ട പ്രധാനമന്ത്രി 2020 മാര്‍ച്ച്‌ 22 ന് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍, മര്‍കസ് നിസാമുദ്ദീനില്‍ നടന്നുകൊണ്ടിരിക്കുന്ന പരിപാടി ഉടന്‍ നിര്‍ത്തലാക്കിയിരുന്നു. 2020 മാര്‍ച്ച്‌ 21 ന് രാജ്യത്തുടനീളമുള്ള റെയില്‍ സര്‍വീസുകള്‍ പെട്ടെന്ന് റദ്ദാക്കിയതിനെത്തുടര്‍ന്ന്, സന്ദര്‍ശകരുടെ ഒരു വലിയ സംഘം മര്‍കസ് പരിസരത്ത് കുടുങ്ങി. അതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി 2020 മാര്‍ച്ച്‌ 31 വരെ ഡല്‍ഹി പൂട്ടുന്നതായി പ്രഖ്യാപിച്ചിരുന്നു. അതുവഴി നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ഈ യാത്രക്കാര്‍ക്ക് റോഡ് ഗതാഗതം ലഭിക്കാനുള്ള സാധ്യതയും ഇല്ലാതായി. എന്നാലും മര്‍കസ് ഭരണകൂടത്തിന്റെ സഹായത്തോടെ, പതിനഞ്ചോളം സന്ദര്‍ശകര്‍ക്ക് ചെറിയ ഗതാഗത സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി.

മാര്‍ച്ച്‌ 23 ന് വൈകുന്നേരം പ്രധാനമന്ത്രി സമ്ബൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒറ്റപ്പെട്ടുപോയ സന്ദര്‍ശകരെ നിശ്ചിത മെഡിക്കല്‍ മുന്‍കരുതലുകളോടെ പാര്‍പ്പിക്കുകയല്ലാതെ മറ്റ് വഴികളിലില്ലായിരുന്നു. 2020 മാര്‍ച്ച്‌ 24 ന് മര്‍കസ് പരിസരം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികളെത്തിയിരുന്നു. മര്‍കസ് അടച്ചുപൂട്ടല്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടിരിക്കുകയാണെന്നും 1500 ഓളം പേര്‍ കഴിഞ്ഞ ദിവസം പുറപ്പെട്ടതായും വിവിധ സംസ്ഥാനങ്ങളിലെ ആയിരത്തോളം സന്ദര്‍ശകരെ മര്‍കസിലെത്തിച്ചതായും മറുപടി നല്‍കി.

ബാക്കിയുള്ളവരെ ഡല്‍ഹിക്ക് പുറത്തുള്ള സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ചയക്കുന്നതിന് വാഹന പാസുകള്‍ നല്‍കാന്‍ ബന്ധപ്പെട്ട എസ്.ഡി.എമ്മിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. രജിസ്ട്രേഷന്‍ നമ്ബറുകളുള്ള 17 വാഹനങ്ങളുടെ ലിസ്റ്റുകളും ഡ്രൈവര്‍മാരുടെ പേരും അവരുടെ ലൈസന്‍സ് വിശദാംശങ്ങളും എല്‍ഡിക്ക് സമര്‍പ്പിച്ചുവെന്ന് ഇവിടെ സൂചിപ്പിക്കുന്നത് പ്രസക്തമാണ്. ഒറ്റപ്പെട്ട സന്ദര്‍ശകരെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകാന്‍ എസ്.ഡി.എമ്മിന്റെ അനുമതിയ്ക്കായി ഇപ്പോഴും കാത്തിരിക്കുന്നു. 2020 മാര്‍ച്ച്‌ 25 ന് തഹസില്‍ദാറും മെഡിക്കല്‍ സംഘവും മര്‍കസ് സന്ദര്‍ശിച്ചു. അവരുടെ പരിശോധനയ്ക്കും സന്ദര്‍ശകരുടെ പട്ടിക തയ്യാറാക്കുന്നതിനും പൂര്‍ണ്ണമായി സഹകരിച്ചു

2020 മാര്‍ച്ച്‌ 26 ന് ലെഫ്റ്റനന്റ് എസ്ഡിഎം മര്‍കസ് നിസാമുദ്ദീന്‍ സന്ദര്‍ശിക്കുകയും കൂടുതല്‍ കൂടിക്കാഴ്ചയ്ക്ക് ഞങ്ങളെ വിളിക്കുകയും ചെയ്തു. സന്ദര്‍ശകരെക്കുറിച്ച്‌ ഡിഎം അദ്ദേഹത്തെ അറിയിക്കുകയും ഞങ്ങള്‍ ക്രമീകരിച്ച വാഹനങ്ങള്‍ക്ക് വീണ്ടും അനുമതി തേടുകയും ചെയ്തു. അടുത്ത ദിവസം, അതായത് 2020 മാര്‍ച്ച്‌ 27 ന് ആറ് പേരെ മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോയി.

2020 മാര്‍ച്ച്‌ 28 ന് ലെഫ്റ്റനന്റ് എസ്ഡിഎം, ലോകാരോഗ്യസംഘടന എന്നിവരടങ്ങിയ സംഘം മര്‍കസ് സന്ദര്‍ശിക്കുകയും 33 പേരെ മെഡിക്കല്‍ പരിശോധനയ്ക്കായി രാജീവ് ഗാന്ധി കാന്‍സര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അതിശയകരമെന്നു പറയട്ടെ, അതേ ദിവസം തന്നെ മറ്റൊരു നോട്ടിസ് പുറപ്പെടുവിച്ചു.ലജ്പത് നഗറിലെ എസിപി ഓഫീസിലെ നോട്ടിസ് പ്രകാരം നിരോധന ഉത്തരവുകള്‍ ആവര്‍ത്തിക്കുകയും നിയമനടപടികളെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കൊവിഡ് -19 ബാധിച്ച ആളുകള്‍ മര്‍കസില്‍ ഉണ്ടെന്ന് ആരോപിച്ച്‌ 2020 മാര്‍ച്ച്‌ 30 ന് (ഇന്നലെ) സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹം പരന്നു. ചില മരണങ്ങള്‍ ഇതുമൂലം സംഭവിച്ചതായും പ്രചരിക്കുന്നുണ്ട്. അപ്രതീക്ഷിതമായി, ANI റിപ്പോര്‍ട്ട് ചെയ്തതുപോലെ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി മര്‍കസിന്റെ ഭരണത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ അധികാരികളോട് നിര്‍ദ്ദേശിച്ചതായി അറിഞ്ഞു.

മേല്‍പ്പറഞ്ഞ വസ്തുതാ പരിശോധന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസിന് ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍, ശേഷിക്കുന്ന സന്ദര്‍ശകരെ പിരിച്ചുവിടുന്നതിനായി മര്‍കസ് നടത്തിയ സന്ദര്‍ശനങ്ങള്‍, ചര്‍ച്ചകള്‍, സഹകരണം എന്നിവയെക്കുറിച്ച്‌ അധികാരികള്‍ അദ്ദേഹത്തെ അറിയിച്ചിരുന്നുവെന്ന് വിനീതമായി പ്രസ്താവിക്കുന്നു. ഈ കാലത്തിനിടയില്‍ മര്‍കസ് നിസാമുദ്ദീന്‍ ഒരിക്കലും നിയമ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ല, വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ദല്‍ഹിയിലെത്തിയ സന്ദര്‍ശകരോട് എല്ലായ്പ്പോഴും അനുകമ്ബയോടും യുക്തിസഹമായും പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചു. തെരുവുകളില്‍ കറങ്ങിക്കൊണ്ടോ മെഡിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കാന്‍ അവരെ അനുവദിച്ചില്ല.

ഈ സ്ഥാപനത്തിനെ ക്വാറെൈന്റന്‍ ആവശ്യങ്ങള്‍ക്കായി പൂര്‍ണമായി വിട്ടുതരാന്‍ തയ്യാറാണെന്ന് അധികാരികള്‍ക്ക് വിനയത്തോടെ ഉറപ്പുനല്‍കുന്നു. 100 വര്‍ഷക്കാലത്തിനിടക്ക് ഭരണകൂടവും അധികാരികളുമായും സഹകരിക്കുകയും എല്ലായ്‌പ്പോഴും നിയമവാഴ്ചയെ അക്ഷരത്തിലും ആത്മാവിലും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത കളങ്കമില്ലാത്ത ചരിത്രമാണ് മര്‍കസ് നിസാമുദ്ദീനുള്ളത്. കൊവിഡ്-19 വെല്ലുവിളിയിലും ഞങ്ങള്‍ അങ്ങിനെ തന്നെ ആയിരിക്കും. അവര്‍ നല്‍കുന്ന എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കും. ഇങ്ങനെയാണ് മർക്കസിന്റെ വിശദീകരണം അവസാനിക്കുന്നത്

ആരോപണം അടിസ്ഥാനരഹിതം

എന്നാൽ രാജ്യത്തെ മൊത്തം മാധ്യമങ്ങൾ ആരോപിക്കുന്നതുപോലെ വൈറസ് ബാധയുടെ എല്ലാ കുറ്റവും മർകസ് നിസാമുദ്ദീനാണെന്ന് പറയുന്നത് അംഗീകരിക്കാവുന്നതല്ല. തീർച്ചയായും ഏകപക്ഷീയവും അടിസ്ഥാനരഹിതവുമായ വിലയിരുത്തലാണതെന്നേ അതിനെ നമുക്ക് വിശേഷിപ്പിക്കാനാവൂ. സംഭവത്തെക്കുറിച്ച്പുറത്തുവിട്ട ഒരു റിപ്പോർട്ടിലും സംഭവം നടന്നത് ലോക്ഡൗൺ കാലത്താണെന്ന് പറയുന്നില്ല. സർക്കാരിന്റെ പൂർണ അനുമതിയോടെയാണ് പരിപാടി നടന്നതെന്ന് മർകസ് അധികൃതർ വ്യക്തമാക്കുന്നുണ്ട്, അതായത്, കൊറോണ വൈറസ് വ്യാപിച്ചു കൊണ്ടിരിക്കുമ്പോഴും പരിപാടിക്ക് അനുമതി മതി നൽകുകയായിരുന്നു സർക്കാരെന്ന് ചുരുക്കം. പരിപാടിയിൽ പങ്കെടുക്കാൻ വിദേശികൾക്ക് വിസ അനുവദിക്കാൻ സർക്കാർ തയ്യാറായത് എന്തുകൊണ്ടെന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്. എന്തുകൊണ്ടാണ് അധികൃതർ വിദേശികളെ യാതൊരു തരത്തിലുള്ള മെഡിക്കൽ പരിശോധനക്ക് വിധേയമാക്കുകയോ എയർപോർട്ടിൽ വെച്ച് ക്വാറന്റൈനിലേക്ക് അയക്കുകയോ ചെയ്യാതിരുന്നത്? വിദേശികളാണ് കൊറോണ പ്രചരിപ്പിച്ചതെന്ന വാർത്ത വിശ്വസിക്കുകയാണെങ്കിൽ തന്നെ എയർപോർട്ടിൽ വച്ച് തന്നെ അവരെ പരിശോധനക്ക് വിധേയമാക്കി മഹാദുരന്തത്തെ സർക്കാരിന് തടയാമായിരുന്നു. അതിനാൽ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായത് തീർത്തും കുറ്റകരമായ അനാസ്ഥയാണെന്ന് പറയാതിരിക്കാനാവില്ല.

കൃത്യമായ നടപടികളുടെ അഭാവം മൂലം കൊറോണ വ്യാപിച്ചതോടെ സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ മർകസിന് മേൽ കുറ്റം മുഴുവൻ പഴിചാരുകയാണ് ചെയ്യുന്നത്. മർക്കസിൻറെ പേര് മീഡിയയിൽ പ്രചരിപ്പിക്കുന്നതിൽ ഇസ്‌ലാമോഫോബിയയുടെ വലിയ അംശങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ സർക്കാരിന്റെ കുഴലൂത്തുകാരായ വാർത്താമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും സർക്കാരിന്റെ കുറ്റം മറക്കാൻ മർക്കസിനെ നിരന്തരം വേട്ടയാടുകയാണ്.

എന്നാൽ സത്യം ഒരുനാൾ പുറത്തുവരും. മർക്കസിനെ അത്തരമൊരു വലിയ സദസ്സ് സംഘടിപ്പിക്കുന്നതിൽ നിന്ന് വിലക്കാതിരുന്നതും കൊറോണയുടെ അപകടം അവരെ ബോധ്യപ്പെടുത്താതിരുന്നതും എന്തുകൊണ്ടാണെന്ന് പിന്നീട് സർക്കാർ മറുപടി പറയേണ്ടിവരും. സമീപകാലത്ത് ഡൽഹിയിൽ സംഘ്പരിവാർ അഴിച്ചുവിട്ട കലാപത്തിൽ വലിയ പങ്കുള്ളതുപോലെ പോലെ കൊറോണ മൂലമുള്ള ഈ കൂട്ട മരണങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും സർക്കാറിന് ഒരിക്കലും കൈ കഴുകാനാവില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter