മുസ്‍ലിം പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയ വര്‍ത്തമാനം

nyto-muslim-tmagArticleബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥിതിയും വര്‍ഗീയ വല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്നു വേണം കരുതാന്‍. ബി.ജെപി അധികാരത്തിലിരിക്കുന്ന കേന്ദ്രത്തിലും ഒമ്പതോളം വരുന്ന സംസ്ഥാനങ്ങളിലും ഭീമമായ തോതിലാണ് മുസ്‍ലിംകള്‍ തഴയപ്പെട്ടിരിക്കുന്നത്.

പുതുതായി ബിജെപി അധികാരത്തിലേറുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും ആകെ 12 മുസ്‍ലിം എം.എല്‍.എമാര്‍ മാത്രമാണുള്ളത്. രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളിലായി ഉള്ളത് വെറു ഒരൊറ്റ മുസ്‍ലിം മന്ത്രിയും. ബിജെപി ഇതര കക്ഷികള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ആപേക്ഷികമായി മുസ്‍ലിം പ്രാതിനിധ്യം കൂടുതലാണെങ്കിലും കോണ്‍ഗ്രസ് ഭരിക്കുന്ന ഉത്തരാഖഢില്‍ ഒരൊറ്റ മുസ്‍ലിം മന്ത്രിയും ഇല്ലെന്ന കാര്യം അവഗണിക്കാവതല്ല. ബിജെപി തകര്‍പ്പന്‍ വിജയം കാഴ്ചവെച്ച കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പോടെ ലോക്സഭയിലെ മുസ്‍ലിം പ്രാതിനിധ്യം അന്‍പത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി എന്നത് ഞെട്ടിപ്പിക്കുന്ന വസ്തതുയാണ്.

വര്‍ഗീയത രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥികളെയും വോട്ടര്‍മാരെയും എത്രമാത്രം സ്വാധീനിക്കുന്നുണ്ട് എന്നതിനു മേലുദ്ധരിച്ച കണക്കുകള്‍ മതിയാകും. മുസ്‍ലിം ഭൂരിപക്ഷമുള്ള മണ്ഢലങ്ങളില്‍ നിന്നും മാത്രമേ മുസ്‍ലിം സ്ഥാനാര്‍ഥികള്‍ക്ക് വിജയം നേടാനാകൂ എന്ന നിലയിലാണ് ഇപ്പോഴത്തെ കാര്യങ്ങളുടെ പോക്ക്. 2004 ലോക്സഭാ തെരെഞ്ഞെടുപ്പോടെയാണ് ഇക്കാര്യം കൂടുതല്‍ പ്രകടമായി തുടങ്ങിയത്. 20 ശതമാനം മുസ്‍ലിം ജനസംഖ്യയുള്ള മണ്ഢലങ്ങളില്‍ നിന്നും ആ സമയത്ത് ഒരു മുസ്‍ലിം പ്രതിനിധിയുടെ വിജയസാധ്യത വെറും 1 ശതമാനം മാത്രമായിരുന്നു. ഈ വിജയസാധ്യത മനസിലാക്കിയ രാഷ്ട്രീയ കക്ഷികള്‍ മുസ്‍ലിം സ്ഥാനാര്‍ഥികള്‍ക്കുള്ള ടിക്കറ്റ് പരമാവധി വെട്ടിക്കുറക്കാന്‍ ‘നിര്‍ബന്ധിതരായി’. ഇതുവരെ മുസ്‍ലിം പ്രതിനിധികളെ ‘കാര്യമായി’ പരിഗണിച്ചിരുന്ന യു.പിയിലെ സമാജ് വാദി പാര്‍ട്ടി, ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ പരമാവധി മുസ്‍ലിം പേരുകള്‍ ഒവിവാക്കാനാണ് ശ്രമിച്ചത്. കഴിഞ്ഞ മെയിലായിരുന്നു യു.പിയില്‍ ബി.ജെ.പി അധികാരത്തിലെത്തിയത്.

മുസ്‍ലിം രാഷ്ട്രീയ പ്രാതിനിധ്യം അവരുടെ സാമൂഹികമായ ഉന്നതിക്ക് എത്രമാത്രം സഹായകമാവുന്നുണ്ട് എന്നത് തര്‍ക്കമുള്ള വിഷയമാണ്. രാഷ്ട്രീയ പ്രാതിനിധ്യം മാത്രമല്ല ഒരു സമൂഹത്തിന്റെ പിന്നാക്കാവസ്ഥക്കും അധസ്ഥിതിക്കും പരിഹാരം എന്നിരിക്കെ തന്നെ, സച്ചാര്‍ കമ്മിറ്റി രാഷ്ട്രീയ പ്രാതിനിധ്യം മുസ്‍ലിംകളുടെ വിദ്യാഭ്യാസ-സാമ്പത്തിക പുരോഗതിക്ക് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ദക്ഷിണേന്ത്യയിലെ പിന്നാക്ക വിഭാഗങ്ങള്‍ സാമൂഹികമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ, രാഷ്ട്രീയ പ്രാതിനിധ്യത്തിനും പുരോഗതിക്കും വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ നമുക്ക് പാഠമാണ്. പല വടക്കന്‍ സംസ്ഥാനങ്ങളിലെയും സവര്‍ണ വിഭാഗക്കാരെ കവച്ചുവെക്കുന്ന സാമൂഹിക പുരോഗതി തമിഴ്നാട്ടിലെയും കേരളത്തിലെയും പിന്നാക്ക വിഭാഗങ്ങള്‍ നേടിയിട്ടുണ്ട്. രാഷ്ട്രീയമായ ഉന്നതി സാമ്പത്തിക-വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന് സഹായകമാണെന്നര്‍ഥം.

വിവ: മുഹമ്മദ് ശഫീഖ്

(കടപ്പാട്: നവംബര്‍ 9 നു ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter