സര്‍ക്കാറിന്റെ ബാലനീതി നിയമവും നമ്മുടെ അനാഥാലയങ്ങളും
childകേന്ദ്ര സര്‍ക്കാര്‍ ജനുവരി 15 മുതല്‍ നടപ്പിലാക്കിയ പുതിയ ബാലനീതി നിയമം അനാഥാലയങ്ങള്‍ക്ക് താഴിട്ട് പൂട്ടാനുള്ളതാണ്. ബോധപൂര്‍വം നിര്‍മിച്ചെടുത്ത ന്യൂനപക്ഷ വിരുദ്ധത ഇത്തരമൊരു ദുഷ്ടനിയമത്തിന്റെ പിന്നിലുണ്ട്. ജനുവരി 15ന് പാര്‍ലമെന്റ് പാസാക്കിയ പുതിയ ജുവനൈല്‍ ജസ്റ്റിസ് ആക്ടി (ജെ.ജെ) ല്‍ ഇത് അടിവരയിട്ടു പറയുന്നു. ബാലനീതി നിയമം കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്റ് ഭേദഗതി ചെയ്യാനും ജനുവരിയില്‍ പുതിയ ബാലനീതി നിയമം പാസാക്കുവാനും സര്‍ക്കാരിനെ പ്രചോദിപ്പിച്ചത് അനാഥാലയങ്ങളുടെ നടത്തിപ്പിലെ താളപ്പിഴകളായിരുന്നില്ല. 2012 ഡിസംബറില്‍ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിനിരയായ ജ്യോതിസിങ് എന്ന പെണ്‍കുട്ടിയുടെ മരണം രാജ്യാന്തരതലത്തില്‍ തന്നെ ഏറെ കോളിളക്കം ഉണ്ടാക്കിയതായിരുന്നു. ബസ് ജീവനക്കാര്‍ നടത്തിയ ഈ ഹീനകൃത്യത്തില്‍ ഏറെ ക്രൂരമായി പെരുമാറിയത് പതിനഞ്ചുകാരനായ കൗമാരക്കാരനായിരുന്നു. സംഭവം നടന്നതിന് ശേഷം ഡല്‍ഹിയില്‍ വമ്പിച്ച ബഹുജന രോഷം പൊട്ടിപ്പുറപ്പെട്ടു. കുട്ടിക്കുറ്റവാളിയൊഴികെയുള്ളവരെയെല്ലാം വധശിക്ഷക്ക് വിധിക്കപ്പെട്ടപ്പോള്‍ ഏറ്റവും ക്രൂരമായി പെണ്‍കുട്ടിയോട് പെരുമാറിയ കുട്ടിക്കുറ്റവാളിയെ പ്രായപൂര്‍ത്തിയായില്ല എന്ന പരിഗണനയില്‍ മൂന്ന് വര്‍ഷത്തേക്ക് ജുവനൈല്‍ ഹോമിലേക്കയക്കുകയായിരുന്നു. നിയമത്തിലെ ഈ പോരായ്മക്കെതിരേ ഡല്‍ഹിയില്‍ പിന്നീടും പ്രതിഷേധം ഇരമ്പി. നേരത്തേ വിചാരണ കാലം ശിക്ഷയിളവായി പരിഗണിച്ച് രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുകയും ചെയ്തു. ഈ മോചനത്തിനെതിരേ ജ്യോതിസിങിന്റെ മാതാപിതാക്കളുടെ നേതൃത്വത്തില്‍ പിന്നെയും ഡല്‍ഹിയില്‍ സമരം ആരംഭിച്ചു. കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടു. എന്നാല്‍ നിലവിലുള്ള നിയമമനുസരിച്ച് കേസ് കേട്ട ജഡ്ജിമാര്‍ ഹരജികളെല്ലാം തള്ളി. ഡിസംബറില്‍ പാര്‍ലമെന്റ് ചേര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കാനുള്ള വിധി വന്നത്. വിധിക്കെതിരേയുള്ള വിമര്‍ശനങ്ങള്‍ ബാലനീതി നിയമത്തിലെ ഭേദഗതിക്കായുള്ള മുറവിളിയായി പരിണമിച്ചപ്പോള്‍ പാര്‍ലമെന്റിന് അതവഗണിക്കാനാകുമായിരുന്നില്ല. ദിവസങ്ങളായി ഡല്‍ഹിയില്‍ തമ്പടിച്ച ജനക്കൂട്ടത്തെ തണുപ്പിക്കാന്‍ നിലവിലുള്ള ബാലനീതി നിയമത്തില്‍ ഭേദഗതി കൂടിയേ തീരൂ എന്ന ഘട്ടമെത്തിയപ്പോഴാണ് 16 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ ഗുരുതരമായ കുറ്റം ചെയ്താല്‍ അവരെ മുതിര്‍ന്ന കുറ്റവാളികളായി പരിഗണിച്ച്് കുറ്റത്തിനനുസരിച്ചുള്ള ശിക്ഷ ശുപാര്‍ശ ചെയ്യുന്നത്. താല്‍ക്കാലിക ഭേദഗതി പാര്‍ലമെന്റ് പാസാക്കി. ഈ നിയമഭേദഗതിക്ക് തൊട്ടുപിന്നാലെയുണ്ടായ ബാലനീതി നിയമത്തിന്റെ മറപിടിച്ച് ന്യൂനപക്ഷ സ്ഥാപനങ്ങളെ ദ്രോഹിക്കുകയാണ് സര്‍ക്കാര്‍. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ നടത്തുന്ന അനാഥാലയങ്ങളുടെ മരണമണി മുഴക്കുന്നതാണ് പുതിയ ബാലനീതി നിയമം. നിര്‍ധനരും രക്ഷിതാക്കള്‍ നഷ്ടപ്പെട്ടവരുമായ അനാഥരായ കുട്ടികളെ സംരക്ഷിച്ച് പരിപാലിച്ചു പോരുന്ന സ്ഥാപനങ്ങളാണ് അനാഥാലയങ്ങള്‍. അവര്‍ക്ക് ഭക്ഷണവും വസ്ത്രവും പഠനസൗകര്യങ്ങളും നല്‍കി സമൂഹത്തിന് ഗുണകരമാകും വിധമുള്ള പൗരന്‍മാരായി വാര്‍ത്തെടുക്കുന്ന ഇത്തരം സ്ഥാപനങ്ങളെ കരുതിക്കൂട്ടി നശിപ്പിക്കുകയാണ് സര്‍ക്കാര്‍. ഇത്തരം അനാഥരെ വളര്‍ത്തി വലുതാക്കുന്നതോടെ അവര്‍ ഉയര്‍ന്ന സ്ഥാനങ്ങളിലെത്തുന്നത് തടയുക എന്നതായിരിക്കണം സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസം കിട്ടാതെ അലയുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട മുസ്്‌ലിം യുവാക്കളെ തീവ്രവാദികളായും സാമൂഹ്യ വിരുദ്ധരായും മുദ്രകുത്താന്‍ എളുപ്പമാണ്. രാജ്യദ്രോഹികളായി ചാപ്പ കുത്തുന്ന ഇത്തരം യുവാക്കളെ എന്നെന്നും കാരാഗൃഹത്തിലടക്കുവാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണോ അനാഥാലയങ്ങള്‍ക്ക് നേരെയുള്ള കാടന്‍ നിയമം? കേരളത്തിലും പ്രത്യേകിച്ച് മലബാറിലും പ്രവര്‍ത്തിച്ചുപോരുന്ന മുസ്്‌ലിം അനാഥാലയങ്ങള്‍ ചരിത്രപരമായ ദൗത്യമാണ് നിര്‍വഹിച്ചുപോന്നത്. കോളറയെ തുടര്‍ന്നും 1921 ലെ കലാപങ്ങളെ തുടര്‍ന്നും രക്ഷിതാക്കള്‍ നഷ്ടപ്പെട്ട അനാഥരായ കുട്ടികളെ സംരക്ഷിക്കാനായിരുന്നു സമുദായ സ്‌നേഹികളായ മുസ്്‌ലിം നേതാക്കള്‍ അനാഥാലയങ്ങള്‍ ആരംഭിച്ചത്. പല സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചുവളര്‍ന്ന അനാഥരായ കുട്ടികള്‍ സമൂഹത്തിനും സമുദായത്തിനും ഗുണകരമായിത്തീരുകയും ചെയ്തു. ഈയൊരു വളര്‍ച്ച തടയുവാനായിരിക്കണം ബി.ജെ.പി സര്‍ക്കാര്‍ അനാഥാലയങ്ങള്‍ക്ക് കുരുക്ക് തീര്‍ക്കുന്നത്. അനാഥരായിത്തീരുന്ന മുസ്്‌ലിം കുട്ടികള്‍ സനാഥരായിത്തീരുന്നതും അവര്‍ വിദ്യാഭ്യാസം നേടുന്നതും തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ നിയമം സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുന്നത്. കുട്ടിക്കുറ്റവാളികള്‍ക്കെതിരേയുള്ള ബാലനീതി നിയമഭേദഗതി അനാഥരായ കുട്ടികള്‍ക്കെതിരേയുള്ള ബാലഅനീതിയായി രൂപാന്തരപ്പെട്ടത് എന്തുമാത്രം ക്രൂരതയാണ്. കാര്‍ക്കശ്യത്തോടെയുള്ള വകുപ്പുകളാണ് പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓര്‍ഫനേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളും സാമൂഹിക നീതി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനാധികാരികള്‍ക്ക് ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും രജിസ്‌ട്രേഷന് താമസം വരുത്തുന്ന ഓരോ മാസവും പുതിയ കേസായി പരിഗണിക്കും. കേരളത്തില്‍ നിലവിലുള്ള അനാഥ സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒഴികെയുള്ള ചിലവുകള്‍ക്ക് 580 കോടി രൂപയോളം ആവശ്യമായി വരുന്നുണ്ട്. നിലവില്‍ സര്‍ക്കാര്‍ 30 കോടി മാത്രമാണ് ഗ്രാന്റായി നല്‍കുന്നത്. ബാക്കി 550 കോടി രൂപ സ്ഥാപനങ്ങള്‍ സ്വയം വഹിച്ച് നടത്തിക്കൊണ്ടുപേകുന്നില്ലെങ്കില്‍ ഒരു വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ആ സ്ഥാപനമേധാവികള്‍ക്കെതിരേ പ്രയോഗിക്കുമെന്ന രാക്ഷസ നിയമത്തിനെതിരേ പ്രതിഷേധ ജ്വാല തന്നെ ഉയരേണ്ടിയിരിക്കുന്നു. നൂറു കുട്ടികളെ പരിപാലിക്കാന്‍ 40 ജീവനക്കാരെ നിയമിക്കണമെന്ന നിബന്ധനയും പുതിയ നിയമത്തില്‍ ഉണ്ട്. ഇത് ബാലനീതിയല്ല, ബാല പീഡനമാണ്. പൊതുജനങ്ങളില്‍ നിന്നും പിരിവെടുത്തും സംഭാവനകള്‍ സ്വീകരിച്ചും ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ നല്ല രീതിയില്‍ നടത്തിപ്പോരുന്ന അനാഥശാലകള്‍ക്കെതിരേയുള്ള ഫാസിസ്റ്റ് നിലപാടുകളെ ചെറുത്ത് തോല്‍പ്പിക്കുക തന്നെ വേണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter