പ്രവാചകന്‍ സാധിച്ച സാമൂഹിക വപ്ലവം

അല്ലാഹുവിന്റെ അതുല്യമായ അനുഗ്രഹ വര്‍ഷത്തിന്റെ ഏറ്റവും പ്രകടിതമായ നിമിഷമാണ് ചരിത്രത്തില്‍ തിരുപ്പിറവിയുടെ ഘട്ടം. ഇന്നും നമ്മുടെ മനാന്തരങ്ങളില്‍ ആ സന്തോഷത്തിന്റെ അലകളുയര്‍ന്നുപൊങ്ങുന്നു. ഖുര്‍ആന്‍ പറഞ്ഞു: നബിയേ, ലോകത്തിന് സര്‍വ്വം അനുഗ്രഹമായിട്ടാണ് ഞാന്‍ താങ്കളെ നിയോഗിച്ചത്. മറ്റൊരിടത്ത് പറഞ്ഞു: അടിമകളേ, എന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ സന്തോഷത്തോടെ വരവേല്‍ക്കുക.
പ്രവാചകരുടെ തിരുജീവിതം വിസ്മയങ്ങളുടെ സമാഹാരമാണ്. തിരുജീവിതച്ചീന്തുകളിലൂടെ പഠിച്ചിറങ്ങുമ്പോള്‍ ഏതൊരാളും അല്‍ഭുതം കൂറിപ്പോകുന്നു. മാനുഷിക ജീവിതത്തില്‍ കടന്നുവരാവുന്ന സര്‍വ്വ ഘട്ടങ്ങളിലും വ്യക്തവും പവിത്രവുമായ മാതൃക സൃഷ്ടിച്ചവരാണ് തിരുമേനി. ജീവിതം പരിപൂര്‍ണമായും കളങ്കരഹിതമായിരുന്നു. തെറ്റുകളും കുറ്റങ്ങളും വന്നുഭവിക്കാന്‍ പാടില്ലായിരുന്നു. മാനവ കുലത്തിനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ട സമ്പൂര്‍ണവും സമഗ്രവുമായ ജീവിതം അതുതന്നെയായിരുന്നു. അതിനാലാണ് ഖുര്‍ആന്‍ നിര്‍ദ്ദേശിച്ചത്: നബിയേ, അരുളുക. അല്ലാഹുവിനെ ആരെങ്കിലും ഇഷ്ടപ്പെടുന്നുവെങ്കില്‍ എന്റെ ജീവിതം യഥാവിധി പിന്തുടരുക.
മനുഷ്യനോട് അവന്റെ കണ്ഠനാഡിയെക്കാള്‍ അടുത്തവനാണ് അല്ലാഹു. തന്റെ അടിമകളുടെ ആവശ്യങ്ങളും സൗകര്യങ്ങളും നിറവേറ്റിക്കൊടുക്കുന്നതില്‍ റബ്ബ് ഏറെ തല്‍പരനാണ്. അടിമകള്‍ അപഥ സഞ്ചാരത്തില്‍ ഗമിക്കുന്നത് അല്ലാഹുവിന് തീരെ ഇഷ്ടമില്ലാത്ത കാര്യമത്രെ. അതുകൊണ്ടായിരുന്നു ക്രമേണയായി അവന്‍ ഓരോ പ്രവാചകന്മാരെയ നിയോഗിച്ചതും ജീവിത സല്‍പന്ഥാവ് വരച്ചുകാട്ടുന്ന ദിവ്യഗ്രന്ഥം അവതരിപ്പിച്ചതും.
അടിമകളില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അറ്റമില്ലാത്തതത്രെ. അനുഗ്രഹങ്ങളില്‍ അനുഗ്രഹമാണ്  നബിതിരുമേനിയുടെ പുണ്യാഗമനവും പരിശുദ്ധ ഖുര്‍ആന്റെ തിരുവവതരണവും.ഇഖ്‌റഅ് പരത്തിയ വെളിച്ചം
പ്രരാബ്ധങ്ങളുടെ നടുവില്‍നിന്നാണ് വിശ്വവിഖ്യാത ജീവിതങ്ങള്‍ ജന്മമെടുക്കാറ്. ഇതൊരു പ്രാപഞ്ചിക പ്രതിഭാസമാണ്. തിരുമേനിയുടെ മഹല്‍ ജീവിത്തിന്റെ ഉള്‍പൊരുളും ഇതുതന്നെയായിരുന്നു.
ബാല്യത്തിലേ അനുഭവിക്കേണ്ടിവന്ന അനേകം നൊമ്പരങ്ങള്‍ തിരുമേനിയെ പാകപ്പെടുത്തിത്തുടങ്ങിയിരുന്നു. ചുറ്റുപാടുകളിലെ കാഴ്ചകള്‍ ആ മനസ്സുകളിലേക്ക് വേദനകള്‍ പകര്‍ന്നു. പരിസരങ്ങളിലെ അനാചാരങ്ങളുടെ തിമര്‍ത്താട്ടത്തില്‍ തിരുഹൃദയം ഏറെ നൊന്തുനീറി. അവരുടെ കഥയില്ലായ്മ കണ്ട് തിരുമനസ്സ് വിങ്ങിത്തേങ്ങി. നഗ്ന നൃത്തങ്ങള്‍ ഉത്സവച്ചന്തകളില്‍ സജീവമായി രംഗം മുറുകുമ്പോള്‍ പ്രവാചകന്‍ അതില്‍നിന്നെല്ലാം അകലം പാലിച്ചു. കഷ്ടപ്പെടുന്നവരുടെ പരീക്ഷണങ്ങളില്‍ അതീവ ദു:ഖിതനായിരുന്നു. പീഢിത വിഭാഗങ്ങളോടൊപ്പം സങ്കടങ്ങള്‍ പങ്കിട്ടു. അശരണര്‍ക്ക് എപ്പോഴും സഹായ ഹസ്തമായി വര്‍ത്തിച്ചു. രാത്രിയുടെ നിശബ്ദതയില്‍ ആ വ്യഥകളാല്‍ തിരുനയനങ്ങള്‍ സജലങ്ങളായി.
ഇതെല്ലാമായിരുന്നു ഹിറയുടെ ഏകാന്തതയിലേക്ക് തിരുമേനിയെ ആനയിച്ചത്. തന്റെ മനോനൊമ്പരങ്ങള്‍ ആരുമറിയാതെ അവിടെ തളംകെട്ടിനിന്നു. ചുറ്റുപാടും ഇരുട്ട് വ്യാപിച്ചുവരുന്നതിനിടെ ദൈവത്തിന്റെ മാലാഖ വജ്രത്തിളക്കത്തിന്റെ പ്രകാശമുഖവുമായി ഹിറയിലേക്ക് കടന്നുവന്നു. ‘ഇഖ്‌റഅ്’. തിരുമേനി തരിച്ചുനിന്നു. ലോകത്ത് അക്ഷരജ്ഞാന വിപ്ലവത്തിന് അടിത്തറപാകിയ ആ ശബ്ദ വീചികള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. ഏതോ ഉള്‍വിളി കാത്തിരുന്നപോലെ പ്രവാചകന്‍ അത് ഏറ്റു ചൊല്ലി.
കാലത്തിന്റെ അനിവാര്യതയായി വന്നവതരിച്ച ഇഖ്‌റഇന്റെ ദിവ്യവെളിച്ചം ഇരുട്ട് കട്ടപിടിച്ച അറേബ്യന്‍ മരുഭൂമിയിലെ പര്‍വതപ്പൊത്തില്‍നിന്ന് പ്രപഞ്ചത്തിന്റെ കിളിവാതിലുകളിലൂടെ ചുറ്റുപാടുകളിലേക്കും പരന്നൊഴുകി. ആ വെളിച്ച പ്രവാഹത്തില്‍ അന്ധകാരത്തിന്റെ പ്രതിബിംബങ്ങള്‍ കടപുഴകി. അനുസരണത്തിന്റെ ശക്തരായ സൈനിക സന്നാഹങ്ങള്‍ രൂപംകൊണ്ടു. അവന്‍ വന്‍കരകളും മഹാസമുദ്രങ്ങളും ചാടിക്കടന്ന് മാനവ സഞ്ചാര പഥങ്ങളില്‍ ആ വെളിച്ചം കൊളുത്തിവെച്ചു. അങ്ങനെ, നവീനമായൊരു ഹിജാസിയന്‍ സംസ്‌കാരം  രൂപം കൊണ്ടു. മുസ്‌ലിം സ്‌പെയ്‌നിന്റെ പുതുപുത്തന്‍ നാഗരികത ജന്മമെടുത്തു. കൊര്‍ഡോവിയന്‍ വിജ്ഞാന പട്ടണങ്ങള്‍ ഉയര്‍ന്നുപൊങ്ങി. ഇരുണ്ട ഭൂഖണ്ഠങ്ങള്‍ പ്രകാശഗോപുരങ്ങളായി പരിലസിച്ചു.

കാരുണ്യത്തിന്റെ തൂവല്‍സ്പര്‍ശം
പ്രവാചകത്വ പദവി തിരുമേനിയെ മനുഷ്യരില്‍ നിന്നകറ്റി ഉന്നതങ്ങളില്‍ മാറ്റി സ്ഥാപിക്കുന്ന ഒന്നായിരുന്നില്ല. മാനവികതയുടെ ദിവ്യമതത്തിന് അടിവേരുകള്‍ നല്‍കാനുള്ള ഒരു വഴിയായിരുന്നു. ജനങ്ങളെ തന്റെ സ്രഷ്ടാവിലേക്ക് നയിക്കാനുള്ള ദൗത്യമാര്‍ഗമായിരുന്നു. മനുഷ്യ ഹൃദയങ്ങളിലൂടെ മാത്രമേ സ്രഷ്ടാവിനെ അടിത്തറിയാന്‍ കഴിയൂ.
അനാഥത്വത്തിന്റെ വേദനകളിലൂടെയാണ് തിരുമേനി വളര്‍ന്നുവലുതായത്. അത് പ്രവാചകര്‍ക്ക് വേദനിക്കുന്ന മനുഷ്യഹൃദയങ്ങളുടെ ആഴങ്ങള്‍ തൊട്ടറിയാന്‍ വെളിച്ചം നല്‍കി. ആ വെളിച്ചം തിരുമേനിയെ കൂടുതല്‍ ദയാവായ്പിലേക്ക് നയിച്ചു. കഷ്ടപ്പാടുകളും നെരിപ്പോടുകളും അതിരറ്റ കാരുണ്യം ചൊരിഞ്ഞു. തന്റെ സമസൃഷ്ടികളില്‍ തിരുമേനി ആ കാരുണ്യമാസകലം പകര്‍ന്നു. പ്രവാചക ലബ്ധിക്കു ശേഷം കണ്ണില്‍ പുതിയൊരു പ്രകാശവും ചുണ്ടില്‍ പുത്തന്‍ ദിവ്യ ശബ്ദവുമായി തിരിച്ചുവന്നു. ഇതുവരെ തന്റെ ഹൃദയത്തിനുള്ളില്‍ കാത്തുസൂക്ഷിച്ചിരുന്ന മൂല്യബോധങ്ങള്‍ക്കും കാരുണ്യ വീക്ഷണങ്ങള്‍ക്കും അതോടെ കൂടുതല്‍ കരുത്തും ഊര്‍ജ്ജവും കൈവന്നു. തന്റെ ത്യാഗങ്ങള്‍ക്ക് ആരോടും വില ചോദിക്കുകയോ അവകാശവാദങ്ങളുന്നയിക്കുകയോ ചെയ്തില്ല. തിരുമേനി ജനങ്ങള്‍ക്കു കാണിച്ചുകൊടുത്ത അല്ലാഹു ഏറെ കരുണാവാരിധിയാണ്. കാരുണ്യമാണ് ആ സ്രഷ്ടാവില്‍ കൂടുതല്‍ മികച്ചുനിന്നത്. റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തില്‍ സര്‍വ്വ സുകൃതങ്ങള്‍ക്കും ആരംഭം കുറിക്കാന്‍ അനുയായികളെ പഠിപ്പിച്ചു. നബി അരുളി: കാരുണ്യത്തെ അല്ലാഹു നൂറായി പകുത്തു. അതില്‍ ഒരോഹരി ഭൂമിയിലിറക്കി. ബാക്കിവന്ന തൊണ്ണൂറ്റി ഒമ്പതും അവിടെ പിടിച്ചുവച്ചു. നാളെ പാരത്രിക ലോകത്ത് തന്റെ വിശിഷ്ട അടിമകള്‍ക്കായി അനുഗ്രഹങ്ങള്‍ നല്‍കാന്‍.  ഭൂമുഖത്തെ സര്‍വ്വ കാരുണ്യ പ്രവര്‍ത്തനങ്ങളും ഒരോഹരിയുടെ ഭാഗമാണെങ്കില്‍ അല്ലാഹു തടഞ്ഞുവെച്ചത്  എത്രമാത്രം അപാരമായിരിക്കും.
കാരുണ്യത്തിന്റെ നനുത്ത കാറ്റേല്‍ക്കാതെ ആരാധനകള്‍പോലും മുന്നോട്ടു നീങ്ങാന്‍ തിരുമേനി അനുവദിച്ചില്ല. കണ്‍നിറയെ ആനന്ദവും അനുഭൂതിയും പകര്‍ന്നിരുന്ന നിസ്‌കാരത്തിനിടയില്‍ പിന്നില്‍നിന്ന് ഒരു കൊച്ചു കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ നിസ്‌കാരം പെട്ടെന്ന് അവസാനിപ്പിച്ച് കുട്ടിയെ ആശ്വസിപ്പിക്കാന്‍ വെമ്പുന്നു. നോമ്പുകാലത്ത് യാത്ര ചെയ്യവെ അനുയായികള്‍ക്ക് വിഷമമുണ്ടെന്ന് മനസ്സിലാക്കിയ ആ കാരുണ്യവന്‍ തിരുമേനി വെള്ളപാത്രം ഉയര്‍ത്തിക്കാണിക്കുകയും അതില്‍നിന്ന് കുടിക്കുകയും ചെയ്യുന്നു. എന്നിട്ടും നോമ്പുമുറിക്കാത്തവരെ നോക്കി അവിടന്നു പറഞ്ഞു: അവര്‍ ആരാധന പീഢനമാക്കി മാറ്റിയിരിക്കുന്നു.
ചെറിയവരോട് കാരുണ്യം കാണിക്കലും വലിയവരെ ആദരിക്കലും ഈമാനിന്റെ ഭാഗമാണെന്നാണ് പ്രവാചക ദര്‍ശനം. ഭൂമുഖത്ത് കരുണ ചൊരിയാത്തവര്‍ക്ക് ആകാശത്തുള്ളവര്‍ കാരുണ്യം ചെയ്യില്ല.

ഹിജ്‌റ: മരുഭൂമി വിതുമ്പുന്നു
സഹനജീവിതത്തിലൂടെ മാത്രമേ ലോകത്ത് ഉത്തമ മൂല്യാദര്‍ശങ്ങള്‍ വിഭാവം ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നതായിരുന്നു ആ ജീവിത സന്ദേശം. ദുര്‍ഘട നിമിഷങ്ങളിലെല്ലാം തികഞ്ഞ ക്ഷമാശീലത്തോടെ കാര്യങ്ങളെ അഭിമുഖീകരിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു. കൊച്ചുകുട്ടികള്‍പോലും അസഭ്യമായി പെരുമാറിയപ്പോള്‍ പുഞ്ചിരി തൂകിയ പ്രസന്ന മുഖനായി മാത്രം അവരെ ലാളിക്കുകയെന്നത് ലോകം ദര്‍ശിച്ച അപൂര്‍വം കാഴ്ചകളാണ്. ആദര്‍ശ സംരക്ഷണത്തിന് വേണ്ടി മാത്രം സ്വന്തം നാടും നാട്ടുകാരെയും വീടും പരിസരവും  ത്യജിച്ച് മദീനയുടെ പുണ്യഭൂമിയിലേക്ക് പലായനം ചെയ്തത് ഭൂമുഖത്ത് സംഭവിച്ച അതിധീരതകളിലൊന്നായിരുന്നു. മക്കയുടെ അതിര്‍വരമ്പുകള്‍ താണ്ടിക്കടക്കുമ്പോള്‍ ആ തിരുമനസ്സ് വേദനയാല്‍ വിങ്ങിപൊട്ടി. ഇതുവരെ സ്‌നേഹിച്ചുജീവിച്ച പുണ്യഭൂമിയെ നോക്കി അവിടം വിതുമ്പി.
മക്ക… തന്റെ സ്വന്തം നാട്. അമ്പത്തിമൂന്നു വര്‍ഷത്തെ ജീവിതത്തിനിടയില്‍ ആ മണ്ണും മണല്‍കാടും   തിരുമേനിക്ക് പ്രിയങ്കരമായിത്തീര്‍ന്നിരുന്നു. ആ മലകളും താഴ്‌വരകളും ഉല്ലാസമായിരുന്നു. വൃക്ഷങ്ങളും പക്ഷികളും ആശ്വാസമായിരുന്നു.

 

മനുഷ്യന്‍ മഹാന്‍
അറേബ്യയിലെ അധര്‍മകാരികള്‍ക്കിടയില്‍ മാനുഷിക ധര്‍മങ്ങള്‍ ഞെരിഞ്ഞമര്‍ന്നപ്പോഴും ആയിരങ്ങള്‍ അകാരണമായി രക്തം ചിന്തി മരിച്ചപ്പോഴും ആ കാട്ടാളന്മാരുടെ മാനസിക നിലപാടുകള്‍ക്ക് മാറ്റം സംഭവിച്ചിരുന്നില്ല. ഗോത്രമഹിമയുടെയും ആത്മാഭിമാനത്തിന്റെയും പേരില്‍ വീറോടെ പോരിനിറങ്ങിയിരുന്നവരുടെ ഇടയിലേക്കാണ് പുതിയൊരു മാനുഷിക ബന്ധത്തിന്റെ സമവാക്യവുമായി തിരുമേനി രംഗപ്രവേശം ചെയ്തത്. ഒരു മനുഷ്യ ജീവനെ ഇല്ലായ്മ ചെയ്താല്‍ മാനുഷിക കുലത്തെ ഒന്നാകെ ഇല്ലായ്മ ചെയ്തതിനു തുല്യമാണെന്ന് തിരുമേനി പഠിപ്പിച്ചു. അത് സമഗ്രമായും ഉള്‍കൊള്ളാന്‍ അവര്‍ തയ്യാറായി. ആത്മ രക്ഷക്കുവേണ്ടി ശത്രുനിരകളോട് യുദ്ധം ചെയ്യുമ്പോഴും തന്റെ അനുയായികളില്‍ തികഞ്ഞൊരു അച്ചടക്കം പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി: വഴിവക്കുകളിലെ ഫലവൃക്ഷങ്ങള്‍ വെട്ടിമാറ്റരുത്, സ്ത്രീകളെ നോവിക്കരുത്, മഠങ്ങളിലെ സന്യാസിമാരെ ദ്രോഹിക്കരുത്, കുട്ടികളുടെ രക്തം ചിന്തരുത്.
യുദ്ധഭൂമിയില്‍ തിരുമേനി ഒരു പിഞ്ചു പൈതലിന്റെ ചലനമറ്റ ശരീരം കാണുന്നു. കാരുണ്യം ത്രസിച്ചുനിന്ന പൂമേനിയുടെ തിരുഹൃദയം സ്പന്ദിച്ചു. കണ്ണുകള്‍ ചുവന്നു. വേദന മുറ്റിയ വാക്കുകളിലൂടെ അവര്‍ ചോദിച്ചു: ആരാണിത് ചെയ്തത്? അതൊരു ബഹുദൈവവിശ്വാസിയുടെ കുട്ടിയല്ലേയെന്നായിരുന്നു അനുയായികളുടെ പ്രതികരണം. ‘പക്ഷെ, അതൊരു മനുഷ്യ കുഞ്ഞാണ്’ പ്രവാചകന്‍ ഓര്‍മിപ്പിച്ചു.

കഥ പറയുന്ന നബിചരിതം
ചരിത്രത്തിലിന്നോളം വന്നിട്ടുള്ള യുഗപുരുഷന്മാരിലും ദര്‍ശിക്കാന്‍ കഴിയാത്ത വിവിധ സവിശേഷതകളും പ്രത്യേകതകളും നമുക്ക് ആ പ്രവാചകരില്‍ ഉള്‍കൊണ്ടതായി കാണാം. വലിയൊരു സാമ്രാജ്യത്തെ തന്റെ കാല്‍ക്കീഴില്‍ കൊണ്ടുവന്ന അത്യുന്നതനായ ചക്രവര്‍ത്തിയാണ് നബി തിരുമേനി (സ്വ). എങ്കിലും സ്വന്തം ശരീരത്തിനു വേണ്ടിയോ കുടുംബാംഗങ്ങള്‍ക്കുവേണ്ടിയോ തന്റെ പരമാധികാരം വിനിയോഗിച്ചില്ല. ‘അല്ലാഹുവിന്റെ വിനീതനായൊരു ദാസന്‍’ എന്ന് പരിചയപ്പെടുത്തുന്നതിലാണ് തിരുമേനി ആശ്വാസം കൊണ്ടത്. സമീപങ്ങളില്‍നിന്നും വിദൂരങ്ങളില്‍നിന്നും തന്നിലേക്കു വന്നു ചേരുന്ന വമ്പിച്ച സമ്പത്ത് കൂമ്പാരങ്ങള്‍ മുന്നില്‍ കിടക്കുമ്പോള്‍ ദരിദ്രരില്‍ ദരിദ്രരായിട്ടാണ് ജീവിച്ചത്. ദരിദ്രനായി ജീവിക്കാനും ദരിദ്രനായിത്തന്നെ ലോക്തോട് വിടപറയാനുമാണ് തിരുമേനി ആശിച്ചതും പടച്ച തമ്പുരാനോട് പ്രാര്‍ത്ഥിച്ചതും.
വയറുനിറയെ ഭക്ഷണം കഴിക്കുന്നത് നബി ജീവിതത്തില്‍ അപൂര്‍വ്വമായിരുന്നു. വീട്ടിലെ അടുപ്പുകളില്‍ പുകയുയരാത്ത ആഴ്ചകള്‍ അനവധിയായിരുന്നു. പ്രിയ പുത്രിയുടെ വീട്ടിലേക്കു കടന്നുചെല്ലുന്ന പ്രവാചക പുംഗവര്‍, വിശപ്പ് സഹിക്കവയ്യാതെ കരഞ്ഞുക്ഷീണിച്ച തന്റെ പ്രിയ പൗത്രരെ കാണുമ്പോള്‍ ആ നബി ഹൃദയം വിതുമ്പുന്നു. പുറത്തിറങ്ങി കൂലിവേല ചെയ്ത് കിട്ടിയ ഈത്തപ്പഴവുമായി പ്രസന്ന മുഖനായി വീട്ടിലേക്കു തിരിച്ചുവരുന്ന തിരുമേനിയെ കാണുമ്പോള്‍ ആ പിഞ്ചു പൈതങ്ങളുടെ ഇളം മനസുകള്‍ നിറഞ്ഞുകുളിര്‍ക്കുന്നു.
ഖന്തഖ് കുഴിക്കുന്ന വേളയില്‍ തങ്ങള്‍ക്കനുഭവപ്പെടുന്ന ശക്തമായ വിശപ്പിനെക്കുറിച്ച് പ്രിയ സ്വഹാബാക്കള്‍ വേവലാതിപ്പെടുന്നു. നിവര്‍ന്നുനിന്ന് ജോലിചെയ്യാന്‍ തങ്ങളുടെ വയറ്റിന്മേല്‍ വെച്ചുകെട്ടിയ പാറക്കഷ്ണം സ്വഹാബികള്‍ തിരുമേനിക്ക് കാണിച്ചുകൊടുക്കുന്നു. പ്രവാചകര്‍ പ്രത്യുത്തരം നല്‍കി: നോക്കൂ. ഞാന്‍ രണ്ട് പാറക്കഷ്ണങ്ങളാണ് വെച്ചുകെട്ടിയിരിക്കുന്നത്.
ശക്തനായ ഒരു ആക്രമണകാരിയെപ്പോലെ, സര്‍വ്വായുധ സജ്ജരായ ഒരു എതിരാളി വൃന്ദത്തെ തകര്‍ത്തെറിയാനും അടിയറവ് പറയിക്കാനും തിരുമേനിക്ക് കഴിഞ്ഞിരുന്നു. ഉമറുബ്‌നുല്‍ ഖഥാബിനെയും അലി ബിന്‍ അബി ഥാലിബിനെയും പോലോത്ത ധീരരായ ആണ്‍പുലികള്‍ തിളച്ചുതുള്ളിയിട്ടും, അനുചരന്മാര്‍ പോരാടി മരിക്കാന്‍ ദാഹിച്ചുനിന്നിട്ടും ഒരവസരത്തില്‍, നിസ്സങ്കോചം സമാധാന ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ മാത്രം സമാധാന പ്രിയനും കരാര്‍ പാലകനുമായിരുന്നു പ്രവാചകന്‍ (സ്വ). ആശങ്ക മുറ്റിനിന്ന കരാര്‍ നിര്‍മാണ പ്രക്രിയയില്‍ തിരുമേനിയുടെ ഭാഗത്തുനിന്നും പലതും തിരുത്തിയെഴുതാന്‍ ഖുറൈശികള്‍ ആവശ്യപ്പെടുന്നു. കോപംകൊണ്ട് ഉമറുല്‍ ഫാറൂഖ് അരിശം കൊള്ളുമ്പോഴും തിരുമേനി അതെല്ലാം തിരുത്തിയൊഴിവാക്കി. ഒരു തുള്ളി രക്തം പോലും ഭൂമിയില്‍ വീഴാതെ വലിയൊരു യുദ്ധാന്തരീക്ഷത്തെ ഉരുകിയൊലിപ്പിച്ചു. തീവ്രവികാരത്തള്ളിച്ചകള്‍ വിവേകപരമായ പരിഹാരങ്ങളിലേക്ക് വഴിനീക്കിയാല്‍ ഏത് പ്രതികൂല കൊടുങ്കാറ്റുകളെയും വകഞ്ഞുമാറ്റി, രംഗം തീര്‍ത്തും അനുകൂലമാക്കാന്‍ കഴിയുമെന്ന് മാലോകരെ പഠിപ്പിച്ച അദ്ധ്യാപനങ്ങളായിരുന്നു അത്.
നബി തിരുമേനി തന്നോട് കോപിച്ചവരെ ശപിച്ചില്ല. തര്‍ക്കിച്ചവരെ പരിഹസിച്ചില്ല. ബുദ്ധിമുട്ടിച്ചവരോട് പ്രതികാരം ചോദിച്ചില്ല. വഴിസഞ്ചാരം തടസ്സപ്പെടുത്താന്‍ ശ്രമിച്ചവരെ അങ്ങോട്ടു ചെന്ന് തലോടി, പുഞ്ചിരിതൂകി മയപ്പെടുത്തി. കല്ലെറിഞ്ഞ് രക്തമൊലിപ്പിച്ചവര്‍ക്ക് മനം നിറയെ പ്രാര്‍ത്ഥന നല്‍കിയനുഗ്രഹിച്ചു. ഭക്ഷണം നല്‍കാതെ പട്ടിണി കിടത്തിയവര്‍ക്ക്, വധിക്കാന്‍ ഗൂഢാലോചന നടത്തിയവര്‍ക്ക്, പിറന്നു വീണ സ്വന്തം നാട്ടില്‍നിന്നും ആട്ടിയോടിച്ചവര്‍ക്ക് പൊതുമാപ്പ് നല്‍കി വിട്ടയച്ചു.
പക്ഷെ, ദൈവത്തിന്റെ ശത്രുക്കളോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു. അവരോട് യുദ്ധപ്രഖ്യാപനം നടത്തി. ഒരു യുദ്ധ ഭൂമിയില്‍ ശത്രുക്കള്‍ നിമിത്തം ഒരു നിസ്‌കാരം നഷ്ടപ്പെടാനടുത്തപ്പോള്‍ ആ പ്രവാചക കണ്ണുകള്‍ ചുവന്നു, മുഖം വിവര്‍ണ്ണമായി, അവര്‍ക്കെതിരെ റബ്ബിനോട് പ്രാര്‍ത്ഥന നടത്തി. കഠിനമായ ശിക്ഷയിറങ്ങുമെന്ന് തിരുമേനി മുന്നറിയിപ്പ് നല്‍കി. തൊഴിലാകളികളുടെ വേതനം തടഞ്ഞുനിര്‍ത്തിയ അബൂജഹ്‌ലിന്റെ വീട്ടുപടിക്കല്‍പോയി ആ പ്രവാചക ശബ്ദം സിംഹഗര്‍ജ്ജനമായി പരിണമിച്ചു. പേടിച്ചരണ്ട അബൂ ജഹ്ല്‍ തിരുമേനിക്കു മുമ്പില്‍ പഞ്ചപുച്ഛമടക്കി.
പ്രവാചകര്‍ അന്ത്യയാത്ര ചോദിച്ച ഹജ്ജത്തുല്‍ വിദാഇല്‍ ഒന്നര ലക്ഷത്തോളം അനുചരന്മാരാണ് ഒരുമിച്ചുകൂടിയത്. തിരുമേനി വിളിച്ചിടത്തേക്കെല്ലാം അവര്‍ ആവേശപൂര്‍വ്വം മുന്നോട്ടുവന്നിരുന്നു. ജീവനും സമ്പത്തും പരിപൂര്‍ണമായും തിരുമേനിക്ക് സമര്‍പ്പിക്കാന്‍ അവര്‍ തയ്യാറായിരുന്നു. ഭൂമുഖത്ത് ഭരണവീര്യംകൊണ്ട് പുകള്‍പെറ്റിരുന്ന കിസ്‌റയും കൈസറും ആ വിളികള്‍ക്കുമുമ്പില്‍ ശിരസ്സ് കുനിച്ചിരുന്നു. കഴിഞ്ഞ കാലങ്ങളിലാകട്ടെ, വര്‍ത്തമാന സാഹചര്യങ്ങളിലാകട്ടെ, ലോകം കണ്ട പ്രതിഭാ ശാലികളും ചരിത്രവിശാരദന്മാരും രാജ്യതന്ത്രജ്ഞരുമെല്ലാം പൂമേനിയെ ആഴമറിഞ്ഞ് പ്രശംസിക്കാനും ആദരിക്കാനും തയ്യാറായിരുന്നു.  പ്രപഞ്ചം ഇന്നോളം കണ്ടുമുട്ടിയ അത്യുന്നത യുഗപുരുഷനായിട്ടാണ് അവരെല്ലാം തിരുമേനിയെ പരിചയപ്പെടുത്തിയത്. ആ പ്രവാചകന് നിശാപ്രയാണ രാവില്‍ ആകാശവാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെട്ടിരുന്നു. അനേകം മാലാഖമാര്‍ അഭിവാദ്യങ്ങളര്‍പ്പിച്ചിരുന്നു. പൂര്‍വ്വ പ്രവാചകരെല്ലാം തിരുമേനിക്ക് പിന്നില്‍ അണിനിരന്നിരുന്നു.  വൃക്ഷങ്ങളും പക്ഷികളും മരുഭൂമികളും മാമലകളും ആശംസകളര്‍പ്പിച്ചിരുന്നു. ശത്രുസമൂഹത്തിന്മേല്‍ മറിഞ്ഞുവീഴാന്‍ കൊടുംപര്‍വതങ്ങള്‍ അനുവാദം തേടിയിരുന്നു. ആഗ്രഹിക്കുന്നുവെങ്കില്‍ ഉഹ്ദ് മലകള്‍ സ്വര്‍ണക്കൂമ്പാരങ്ങളായി പരിണമിക്കുമായിരുന്നു.
ഇത്രയെല്ലാമായിട്ടും, ഒട്ടിയ വയറുമായിട്ടാണ് പ്രവാചകന്‍ അന്തിയുറങ്ങിയിരുന്നത്. പരുപരുത്ത പനയോലപ്പായയിലാണ് കിടന്നിരുന്നത്. ഈത്തപ്പനയോലയുടെ കണ്ണികള്‍ ആ പുണ്യമേനിയില്‍ പാടുകള്‍ വീഴ്ത്തിയിരുന്നു. ഒരു പിടി ധാന്യവും ഒന്നു രണ്ടു തോല്‍പാത്രങ്ങളും മാത്രമായിരുന്നു പലപ്പോഴും തന്റെ വീട്ടില്‍ അവശേഷിച്ചത്. പ്രവാചക പുംഗവരുടെ ക്ലേശപൂര്‍ണമായ ഈ ജീവിതം കണ്ട ഹസ്രത്ത് ഉമറുല്‍ ഫാറൂഖ് (റ)  വിങ്ങിപൊട്ടുമായിരുന്നു:
പ്രവാചകരെ, കിസ്‌റമാരും കൈസര്‍മാരും ഭൂമിയിലെ ആഢംബരൈശ്വര്യങ്ങള്‍ നുകര്‍ന്നും ആസ്വദിച്ചും ജീവിതം നയിക്കുമ്പോള്‍ അല്ലാഹുവിന്റെ പ്രവാചകരായ അങ്ങെന്തിനാണ് ഇത്രമാത്രം ക്ലേശങ്ങള്‍ സഹിച്ചുകൊണ്ട് ജീവിക്കുന്നത്?
അതിനോട് തിരുമേനിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: കിസ്‌റയും കൈസറും ജീവിതത്തിന് നശ്വരമായ ഈ ലോകം തെരഞ്ഞെടുക്കുമ്പോള്‍ എന്നെന്നും അവശേഷിക്കുന്ന ലോകം ഞാന്‍ തെരഞ്ഞെടുക്കുന്നത് താങ്കള്‍ക്ക് ഇഷ്ടമല്ലേ?

പ്രവാചകന്‍ സാധിച്ച സാമൂഹിക വിപ്ലവം
23 വര്‍ഷംകൊണ്ടാണ് പ്രവാചക തിരുമേനി തന്റെ ദൗത്യങ്ങള്‍ സകലവും പൂര്‍ത്തിയാക്കിയത്. മനുഷ്യ ചരിത്രത്തില്‍ 23 വര്‍ഷം എന്നത് തുലോം തുച്ഛമായിരിക്കാം. പക്ഷെ, ഈ ചുരുങ്ങിയ കാലംകൊണ്ട് സമഗ്രമായ പരിവര്‍ത്തനങ്ങളുടെ ഒരു പരമ്പര തന്നെയാണ് പ്രവാചകന്‍ സാധിച്ചെടുത്തത്. വലിയൊരു സാമ്രാജ്യം മുഴുവന്‍ അധാര്‍മികതയില്‍ ലയിച്ചുചേരുമ്പോള്‍ ഒറ്റയാനായിട്ടാണ് തിരുമേനി പോരാട്ടം ആരംഭിച്ചത്. ആ പോരാട്ടങ്ങള്‍ക്കിടയില്‍ പലതും നഷ്ടപ്പെടേണ്ടിവന്നു. പ്രിയങ്കരായ അനുയായികളുടെ ജീവനുകള്‍ ക്രൂരകരങ്ങളാല്‍ ഹോമിക്കപ്പെട്ടു. മരുഭൂമിയിലെ കത്തിയാളുന്ന മണല്‍ത്തരികള്‍ ആ അനുയായികളുടെ ദീനരോധനങ്ങളാല്‍ വ്യഥപൂണ്ടു. അല്ലാഹു അഹദിന്റെ പ്രതിധ്വനികളാല്‍ അന്തരീക്ഷം മുഖരിതമായി. അവസാനം ആ തേങ്ങളുകള്‍ വിജയ ഭേരി മുഴക്കുന്നതിലേക്ക് രൂപാന്തരപ്പെട്ടു. സമൂഹത്തെ പരിഗ്രസിച്ചിരുന്ന അനാചാരങ്ങള്‍ ഒന്നൊന്നായി തുടച്ചുനീക്കപ്പെട്ടു. ജീവിത സ്വാതന്ത്ര്യം തിരിച്ചുകിട്ടിയ പെണ്‍ജീവനുകള്‍ അതിരറ്റു ആഹ്ലാദിച്ചു. ചങ്ങലക്കുരുക്കുകള്‍ അഴിഞ്ഞൂരിയ അടിമക്കൂട്ടങ്ങള്‍ സ്വതന്ത്രമായി ചലിച്ചുതുടങ്ങി. കൈമെയ് മറന്ന് അധ്വാനിക്കാന്‍ ഇറങ്ങിയവര്‍ക്ക് ശരീരത്തിലൂടെ ഒലിച്ചിറങ്ങിയ വിയര്‍പ്പുതുള്ളികള്‍ വറ്റുന്നതിന് മുമ്പുതന്നെ അര്‍ഹമായ വേതനം കയ്യില്‍ വന്നെത്തി. യുദ്ധക്കളത്തിലെ അലറിവിളികള്‍ക്കുപകരം സ്‌നേഹ-സൗഹൃദ-സാഹോദര്യത്തിന്റെ മൃതുമന്ദഹാസം ചുണ്ടുകളില്‍ പൂത്തുലഞ്ഞു. ഹൃദയങ്ങള്‍ അടുത്തു. നെഞ്ചകങ്ങള്‍ ആലിംഗനബദ്ധരായി. ഭാഷയുടെയും വേഷത്തിന്റെയും ദേശത്തിന്റെയും പേരില്‍ നടന്നുവന്ന ഉച്ഛനീചത്വങ്ങള്‍ തുടച്ചുനീക്കപ്പെട്ടു. മദ്യത്തിന്റെ നീരാളിപ്പിടുത്തത്തില്‍നിന്നും മാനവികത പൂര്‍ണമായും രക്ഷപ്പെട്ടു. പലിശയും മറ്റു സാമ്പത്തിക ചൂഷണങ്ങളും സമൂഹം പാടെ വര്‍ജ്ജിച്ചു. സമ്പത്തും അഭിമാനവും പരസ്പരം പങ്കിട്ടെടുത്തു.
അഞ്ചുനേരത്തെ ആരാധനകളിലൂടെ മാനുഷിക സമത്വത്തിന്റെ സന്ദേശങ്ങള്‍ പാരില്‍ ഉയര്‍ന്നുപൊങ്ങി. മുപ്പതു ദിവസത്തെ വ്രതാനുഷ്ഠാനം വഴി വിശപ്പിന്റെ വിഴി മാലോകര്‍ കേട്ടു. നിര്‍ബന്ധധാന സിദ്ധാന്തങ്ങളിലൂടെ പട്ടിണിയും ദാരിദ്ര്യവും സാമൂഹിക ജീവിതത്തില്‍നിന്നും പതുക്കെ പിന്‍വലിഞ്ഞു. അറഫാ ഭൂമിയിലെ വാര്‍ഷിക സംഗമങ്ങള്‍ വഴി വിശ്വ സാഹോദര്യം വേരുറച്ചു.
തിരുമേനി വളര്‍ത്തിയെടുത്ത അനുചര വൃന്ദം മാനവ ചരിത്രത്തിലെ നിത്യവിസ്മയങ്ങളാണ്. താഴെ നോക്കിയാല്‍ ഭൂമി, മേലെ നോക്കിയാല്‍ ആകാശം എന്ന തരത്തില്‍ ഒന്നുമറിയാതെ മരൂഭൂമിയില്‍ അലഞ്ഞുതരിഞ്ഞു നടന്നിരുന്ന അറേബ്യന്‍ നാടോടികളെ ലോകത്തെ നിസ്തുല മാതൃകാ പുരുഷന്മാരായി പരിവര്‍ത്തനപ്പെടുത്തിയെടുത്തത് ആരെയാണ് അല്‍ഭുതപ്പെടുത്താതിരിക്കുക. തങ്ങളുടെ ജീവനെക്കാള്‍ സ്‌നേഹം പതിച്ചുകിട്ടാന്‍ മാത്രം തിരുമേനി അവരില്‍ സ്വാധീനം ചെലുത്തിയിരുന്നു. ആപല്‍ഘട്ടങ്ങളില്‍ അവര്‍ രക്ഷാകവചമായി വര്‍ത്തിച്ചു. യാത്രാവേളകളില്‍ നിഴലായി പിന്തുടര്‍ന്നു. പ്രഭാഷണോപദേശ വേളകളില്‍ അനുസരണയോടെ മുന്നിലിരുന്നു. സംഭാഷണങ്ങളില്‍ ഒതുക്കത്തേടെ പ്രതികരിച്ചു. പ്രാര്‍ത്ഥനാ നിമിഷങ്ങളില്‍ അക്ഷരം പ്രതി അനുകരിച്ചു. വിശ്രമസമയങ്ങളില്‍ അലോസരപ്പെടുത്താതെ കാത്തിരുന്നു. യുദ്ധപ്രഖ്യാപന വേളകളില്‍ ആവേശത്തോടെ മുന്നോട്ടുവന്നു. ജീവനും സമ്പത്തും സകലവും സമര്‍പ്പിച്ചു.
ചുരുങ്ങിയ കാലംകൊണ്ട് പ്രവാചകന്‍ സാധിച്ചെടുത്ത ധാര്‍മിക വിപ്ലവം വിശ്വചരിത്രത്തില്‍ തുല്യതയില്ലാതെ മാറുകയായിരുന്നു. ആ ഒരു വിപ്ലവത്തിന്റെ അനുരണനങ്ങളാണ് ഇന്നും ലോകത്തെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്നത്. ആ പ്രവാചകീയ ദീപ്തി ഇന്നും ലോകത്തെ വഴി നടത്തിക്കൊണ്ടിരിക്കുന്നു.


(തിരുമേനി: സമ്പൂര്‍ണയുടെ ദിവ്യജ്യോതിസ്സ്, 2004, അസാസ് ബുക്‌സെല്‍, ചെമ്മാട്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter