ധര്മ്മയുദ്ധത്തിനൊരു പൂര്‍ണ്ണനിര്‍വ്വചനം
ചരിത്രത്തിന്റെ ദശാസന്ധികളില്‍ ചില സാഹചര്യങ്ങളിലെങ്കിലും അനിവാര്യമായിത്തീരുന്നതാണ് യുദ്ധങ്ങള്‍. സ്നേഹത്തിന്റെ ഗീതികള്‍ മാത്രം ആലപിച്ച് മനുഷ്യചരിത്രത്തില്‍ സമഗ്രമായ മാറ്റം വരുത്താന്‍ എപ്പോഴും കഴിയണമെന്നില്ല. നന്മയുടെ കൊടിയശത്രുക്കളും ബദ്ധവൈരികളുമായി ധര്‍മ്മത്തിന്റെ അന്തകരായി നിലകൊള്ളുന്ന നംറൂദുമാരും ഫറോവമാരും അവരുടെ ഉപാസകരായ ശിങ്കിടികളും എന്നും ചരിത്രത്തിന്റെ ഭാഗമാണ്. അത്തരക്കാരോട് സ്നേഹത്തിന്റെ മധുരാലാപനം ഫലിക്കണമെന്നില്ല. അത്തരം ഘട്ടങ്ങളില്‍ സായുധസംഘട്ടത്തിലൂടെ ഇതരരെ അവരുടെ ശല്യങ്ങളില്‍നിന്ന് മുക്തമാക്കുകയേ നിര്‍വ്വാഹമുള്ളൂ. അവിടെയാണ് യുദ്ധങ്ങള്‍ ധര്‍മ്മയുദ്ധങ്ങളായിത്തീരുന്നത്.
ധര്‍മ്മയുദ്ധമെന്നത് മനുഷ്യചരിത്രത്തില്‍ ഏറെ പുരാതനവും ചിരപരിചിതവുമായ ഒരു സംജ്ഞയാണ്. നിര്‍വ്വചനത്തിലും പ്രഖ്യാപനങ്ങളിലും പലരും അതിനെ പലവിധം വരച്ചുകാണിച്ചെങ്കിലും ഏറ്റവും വലിയ ധര്‍മ്മയുദ്ധങ്ങളായി ഐതിഹ്യങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നവയില്‍പോലും അധര്‍മ്മത്തിന്റെയും കൊടും ചതികളുടെയും കാര്‍മേഘങ്ങള്‍ കുമിഞ്ഞുകൂടിയതായി കാണാം.
എന്നാല്‍, അനിവാര്യഘട്ടത്തില്‍ യുദ്ദത്തിനായി പുറപ്പെടാനിരിക്കുന്ന തന്റെ അനുയായികളോട് പ്രവാചകരുടെ ഉപദേശം ഇങ്ങനെയായിരുന്നു, അല്ലാഹുവിനെ ഭയന്നുകൊണ്ടായിരിക്കണം നിങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും, അല്ലാഹുവിന്റെ പേരിലായിരിക്കണം നിങ്ങള്‍ യുദ്ധം ചെയ്യുന്നത്, അത് അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കണം, നിങ്ങള്‍ യുദ്ധം ചെയ്യുക, ഒരിക്കലും അതില്‍ ചതിയോ വഞ്ചനയോ ചെയ്യരുത്, യുദ്ധത്തില്‍ മരിക്കാനിടയാവുന്നവരെ ഒരിക്കലും അംഗച്ചേദം ചെയ്യരുത്, കൊച്ചുകുട്ടികളെയോ വൃദ്ധരെയോ സ്ത്രീകളെയോ ആരാധനാമഠങ്ങളിലിരിക്കുന്ന പുരോഹിതരെയോ നിങ്ങള്‍ സ്പര്‍ശിക്കുകപോലും അരുത്, നന്മ മാത്രമായിരിക്കണം നിങ്ങളുടെ ഉദ്ദേശ്യം, നന്മ ചെയ്യുന്നവരെയാണ് അല്ലാഹുവിന് ഇഷ്ടം.
യഥാര്‍ത്ഥ ധര്‍മ്മയുദ്ധം എങ്ങനെയായിരിക്കണമെന്ന് കൃത്യമായി വരച്ചുകാണിക്കുകയും പ്രായോഗികമായി ആ നിര്‍വ്വചനം നടപ്പിലാക്കുകയും ചെയ്യുകയായിരുന്നു ഇതിലൂടെ പ്രവാചകര്‍. അതോടൊപ്പം ഇതര മതങ്ങളോടും മതസ്ഥരോടുമുള്ള ഇസ്ലാമിന്റെ സമീപനം സുവ്യക്തമാക്കുന്നത് കൂടിയാണ് ഈ വാക്കുകള്‍. ലോകചരിത്രത്തില്‍തന്നെ സൌഹാര്‍ദ്ദത്തിന്റെയും പരസ്പരബഹുമാനത്തിന്റെയും സമാനമായ പ്രഖ്യാപനങ്ങള്‍ മറ്റൊരു മതനേതാവില്‍നിന്ന് കാണുക സാധ്യമല്ല, യുദ്ധമുഖത്ത് സ്വീകരിക്കേണ്ട സമീപനമാണ് മേല്‍വാക്കുകളിലൂടെ വരച്ചുകാണിക്കുന്നത് എന്ന്കൂടി പരിഗണിക്കുമ്പോള്‍ പ്രതിപക്ഷബഹുമാനത്തിന്റെ ഉദാത്തമായ രേഖാചിത്രം കൂടിയാണ് ഇത്.
ഹിജ്റ രണ്ടാം വര്‍ഷം. യുദ്ധത്തിനായി മുസ്ലിം സൈന്യം ബദ്റില്‍ തമ്പടിച്ചിരിക്കുകയാണ്. ശത്രുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനായി നിയോഗിക്കപ്പെട്ട അലി(റ), സുബൈര്‍(റ), സഅ്ദ്(റ) എന്നിവര്‍ ചുറ്റുപാടും റോന്ത്ചുറ്റിക്കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ശത്രുസൈന്യത്തിന്റെ കൂടെയുള്ള അസ്ലം, അരീള് എന്നീ രണ്ട് കുട്ടികള്‍ അവര്‍ക്ക് മുമ്പില്‍ പെട്ടത്. അവര്‍ ആ കുട്ടികളെ പിടിച്ചുകൊണ്ടുവന്ന് ചോദ്യം ചെയ്തു. പ്രവാചകര്‍ അപ്പോള്‍ നിസ്കരിക്കുകയായിരുന്നു. അവരുടെ യഥാര്‍ത്ഥ ലക്ഷ്യമായിരുന്ന അബൂസുഫിയാന്‍റെ സംഘത്തിലെ കുട്ടികളാണെന്നായിരുന്നു അവരുടെ ധാരണ. ആളുകള്‍ക്ക് വേണ്ടി വെള്ളമെടുക്കാന്‍ വന്നവരാണെന്ന് പറഞ്ഞിട്ട് സമ്മതിക്കാതെ സത്യം പറയിക്കാനായി അവര്‍ കുട്ടികളെ തല്ലി. തല്‍ക്കാലം രക്ഷപ്പെടാനായി, തങ്ങള്‍ അബൂസുഫിയാന്റെ സംഘത്തിലുള്ളവരാണെന്ന് അവര്‍ പറഞ്ഞു. അപ്പോഴേക്കും നിസ്കാരം കഴിഞ്ഞ് പ്രവാചകര്‍ സലാം വീട്ടിയിരുന്നു. അവിടുന്ന് അനുചരരോട് ദേഷ്യപ്പെട്ട് ഇങ്ങനെ പറഞ്ഞു, അവര്‍ സത്യം പറഞ്ഞപ്പോള്‍ നിങ്ങള്‍ അവരെ അടിക്കുന്നു, കളവ് പറഞ്ഞപ്പോള്‍ വെറുതെ വിടുകയും ചെയ്യുന്നു. ശേഷം ആ കുട്ടികളെ അടുത്തിരുത്തി അവരോട് ഏറെ സ്നേഹവാല്‍സല്യത്തോടെ ഏറെ നേരം സംസാരിച്ചു. യുദ്ധത്തിനായി തയ്യാറായി നില്ക്കുമ്പോഴും തന്റെ ശത്രുസൈന്യത്തിലെ കുട്ടികളോട് ഇത്ര സ്നേഹത്തോടെ പെരുമാറാന്‍ പ്രവാചകര്‍ക്കല്ലാതെ മറ്റാര്‍ക്ക് സാധിക്കും.
ഹിജ്റ ആറാം വര്ഷം ശഅ്ബാന്‍ മാസം. വടക്ക്പടിഞ്ഞാറന്‍ പ്രവിശ്യയായ ദൂമതുല്‍ജന്ദലിലേക്ക് തന്റെ അനുചരസംഘത്തെ മതപ്രചാരണത്തിനായി നിയോഗിച്ചയക്കുകയാണ്. സംഘത്തലവനായ അബ്ദുറഹ്മാന്‍ബിന്‍ഔഫ്(റ)വിനെ പ്രവാചകര്‍ ഇങ്ങനെ ഉപദേശിച്ചു, അവിടെയെത്തിയ പാടെ നിങ്ങള്‍ അവരെ അല്ലാഹുവിലേക്ക് ക്ഷണിക്കുക. ആ സന്ദേശം അംഗീകരിക്കാതിരിക്കുകയും അവിടത്തുകാര്‍ക്ക് മതപ്രചാരണം നടത്തുന്നതില്‍ അവര്‍ തടസ്സം നില്‍ക്കുകയും ചെയ്താല്‍, അവരോട് നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുക, അത് അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ടായിരിക്കണം, അതില്‍ ചതിയോ വഞ്ചനയോ അരുത്, യുദ്ധത്തില്‍ കൊല്ലപ്പെടുന്നവരെ അംഗഛേദം വരുത്തരുത്, കുട്ടികള്‍ ഒരിക്കലും കൊല്ലപ്പെടരുത്, ഇത് അല്ലാഹുവിന്റെ ആജ്ഞയാണ്, നിങ്ങളുടെ പ്രവാചകന്റെ ചര്യയും.
Leave A Comment