മനുഷ്യാവകാശദിനത്തില്‍ ഓര്‍ക്കാന്‍ ചില ചാരുദൃശ്യങ്ങള്‍
പ്രവാചകരുടെ അനുയായികളില്‍ പ്രമുഖനാണ് മുആദുബ്നു ജബല്‍(റ). പ്രവാചകരില്‍നിന്ന് പലപ്പോഴായി വിശേഷ ഉപദേശങ്ങളും പ്രത്യേക പ്രാര്‍ത്ഥനകളും സ്വീകരിക്കുകയും അവയെല്ലാം കൃത്യമായി ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്നത് അവിടത്തെ പതിവായിരുന്നു. പ്രവാചകര്‍ പഠിപ്പിച്ചത് പ്രകാരം, ആരാധനകള്‍ നന്നായി നിര്‍വ്വഹിക്കാനുള്ള സൌഭാഗ്യം അദ്ദേഹം അല്ലാഹുവിനോട് എപ്പോഴും ചോദിക്കാറുണ്ടായിരുന്നു. അത് കൊണ്ട് തന്നെ, മണിക്കൂറുകള്‍ നീളുന്ന നിസ്കാരം അദ്ദേഹത്തിന് ഹരമായി മാറിയിരുന്നു.
പ്രവാചകരോടൊപ്പം സുബ്ഹി നിസ്കാരം നിര്‍വ്വഹിച്ചിരുന്ന അദ്ദേഹം, സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തി നാട്ടുകാര്‍ക്ക് ഇമാം ആയി നില്ക്കുന്നതും അവിടത്തെ പതിവായിരുന്നു. ഇത്തരത്തിലെ നിസ്കാരങ്ങളില്‍ അദ്ദേഹം ഇടക്കിടെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂറതുല്‍ബഖറ വരെ ഓതാറുണ്ടായിരുന്നു. കര്‍ഷകരായിരുന്നു ആ ഗ്രാമീണരിലധികവും. നിസ്കാരം കഴിഞ്ഞ് വേണം, കൃഷിപ്പണിക്കും മറ്റു ജോലികള്‍ക്കും പോവാന്‍. അത് കൊണ്ട് തന്നെ, മുആദ്(റ)ന്റെ നീണ്ട നിസ്കാരം ചിലര്‍ക്ക് പ്രയാസം സൃഷ്ടിച്ചു. കൂട്ടത്തിലൊരാള്‍ ഒരിക്കല്‍ ഇടക്ക് വെച്ച് ഇമാമുമായി വിട്ട് പിരിഞ്ഞ് വേഗം നിസ്കാരം പൂര്‍ത്തിയാക്കി തന്റെ ജോലിക്ക് പോയി. വിവരമറിഞ്ഞ മുആദ്(റ)ന് അത് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം കപടവിശ്വാസിയായിരിക്കാം എന്ന് അദ്ദേഹം പ്രതികരിച്ചു. വിവരമറിഞ്ഞ ആ ഗ്രാമീണസ്വഹാബി പ്രവാചകരോട് പരാതി പറഞ്ഞു. പ്രവാചകര്‍ മുആദ്(റ)നെ വിളിച്ചുവരുത്തി വളരെ ശക്തമായ ഭാഷയില്‍ ഇങ്ങനെ ചോദിച്ചു, മുആദേ, താങ്കള്‍ ജനങ്ങള്‍ക്കിടയില്‍ പ്രശ്നമുണ്ടാക്കുകയാണോ. എന്തേ താങ്കള്‍ക്ക് സൂറതുല്‍അഅ്‍ലാ, ശംസ് തുടങ്ങിയ ചെറിയ സൂറതുകള്‍ ഓതാമായിരുന്നില്ലേ. പിന്നില്‍ നിസ്കരിക്കുന്നവരില്‍ പ്രായം ചെന്നവരും ബലഹീനരും നിസ്കാരം കഴിഞ്ഞ് വിവിധ ആവശ്യങ്ങള്‍ക്കായി പോവേണ്ടവരുമെല്ലാം ഉണ്ടാവില്ലേ.
മതപരമായ ആരാധനകളുടെ നിര്‍വ്വഹണത്തില്‍ പോലും മനുഷ്യാവകാശങ്ങള്‍ അല്‍പം പോലും ലംഘിക്കപ്പെടരുതെന്ന ഏറ്റവും വലിയ കരുതലായിരുന്നു ഈ പ്രഖ്യാപനം.
കൈയ്യൂക്കുള്ളവന്‍ കാര്യക്കാരനും ബലഹീനന്‍ ചൂഷിതനുമായി കഴിഞ്ഞിരുന്ന, മനുഷ്യാവകാശങ്ങള്‍ക്ക് തെല്ല് പോലും വില കല്പിക്കാതിരുന്ന സമൂഹത്തിലായിരുന്നു പ്രവാചകരുടെ നിയോഗം. ആ സമൂഹത്തോട് മനുഷ്യാവകാശങ്ങളെ കുറിച്ച് നിരന്തരം ഉദ്ബോധിപ്പിച്ചതോടൊപ്പം, അവകാശങ്ങള്‍ അര്‍ഹര്‍ക്ക് നേടിക്കൊടുക്കാനായി അവിടുന്ന് ആവുന്നതെല്ലാം ചെയ്യുകയും ചെയ്തു. പ്രവാചകര്‍ നടത്തിയ ഒരു ഉപദേശം ഇങ്ങനെ വായിക്കാം, അവകാശങ്ങള്‍ അര്‍ഹര്‍ക്ക് നല്കുക തന്നെ വേണം. അല്ലാത്തപക്ഷം, അന്ത്യദിനത്തില്‍ അവയെല്ലാം തിരിച്ചുനല്കപ്പെടും. കൊമ്പുള്ള ആട് കൊമ്പ് ഇല്ലാത്ത ആടിനെ കുത്തിയതിന് വരെ അന്ത്യദിനത്തില്‍ പ്രതികാരം ചെയ്യപ്പെടും.
പ്രവാചകര്‍ ഹജ്ജ് വേളയില്‍ മിനായില്‍ വെച്ച് നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലെ വരികള്‍ ഇങ്ങനെ വായിക്കാം, നിശ്ചയം നിങ്ങളുടെ രക്തവും സമ്പത്തും അഭിമാനവും പാവനമാണ്, നിങ്ങളുടെ ഈ നാട്ടില്‍, ഈ മാസത്തില്‍, ഈ ദിവസം എത്രമാത്രം പാവനമാണോ അത് പോലെ.
ഇത്തരം പ്രഖ്യാപനങ്ങളിലൂടെയും മനസ്സറിഞ്ഞ അധ്യാപനങ്ങളിലൂടെയുമായിരുന്നു ഉത്തമസമൂഹത്തിന്റെ സൃഷ്ടി സാധ്യമായത്, ടൈഗ്രീസിന്റെ തീരത്ത് ഒരു കോവര്‍കഴുത കാല്‍ തെറ്റി വീണാല്‍, അതിനും ഞാന്‍ ചോദ്യം ചെയ്യപ്പെടില്ലേ എന്ന് പേടിക്കുന്ന ഭരണാധികാരികള്‍ ജനിച്ചത്. മനുഷ്യാവകാശങ്ങള്‍ പൂത്തുല്ലസിച്ച ദിനങ്ങളായിരുന്നു ഇതിലൂടെ സംജാതമായത്.
Leave A Comment