ധീരരില്‍ ധീരനായ പ്രവാചകന്‍

ഖുറൈശികളിലെ അതിശക്തനാണ് റുകാന. ആര്‍ക്കും അയാളെ പരാജയപ്പെടുത്താനാവുമായിരുന്നില്ല. എല്ലാവരെയും ദ്വന്ദ്വയുദ്ധത്തില്‍ പരാജയപ്പെടുത്തിയിരുന്ന റുകാന, മക്കക്കാര്‍ക്കിടയില്‍ മല്ലനായാണ് അറിയപ്പെട്ടത്. ഒരിക്കല്‍ മക്കയിലെ ഒരു മലഞ്ചെരുവിലൂടെ നടക്കുകയായിരുന്ന പ്രവാചകര്‍ അവിചാരിതമായി റുകാനയെ കണ്ട് മുട്ടി. തന്റെ ദൌത്യം പ്രവാചകര്‍ റുകാനയോടും നിര്‍വ്വഹിക്കാന്‍ മടി കാണിച്ചില്ല, അവിടുന്ന് ചോദിച്ചു, റുകാനേ, നീ അല്ലാഹുവിനെ ഭയപ്പെടണം. ഞാന്‍ ക്ഷണിക്കുന്ന ഈ സത്യസന്ദേശം നിനക്കും സ്വീകരിച്ചുകൂടേ. താങ്കള്‍ പറയുന്നത് സത്യമാണെന്ന് ബോധ്യപ്പെട്ടിരുന്നെങ്കില്‍ ഞാന്‍ താങ്കളെ പിന്‍പറ്റുമായിരുന്നേനെ എന്നായിരുന്നു റുകാനയുടെ മറുപടി. ഉടനെ പ്രവാചകര്‍ തിരിച്ചുചോദിച്ചു, മല്‍പിടുത്തത്തില്‍ നിന്നെ ഞാന്‍ പരാജയപ്പെടുത്തിയാല്‍ ഇത് സത്യമാണെന്ന് നീ അംഗീകരിക്കുമോ. തീര്‍ച്ചയായും ഞാന്‍ അംഗീകരിക്കും, റുകാന സമ്മതിച്ചു.

പ്രവാചകരും റുകാനയും മല്‍പിടുത്തം നടത്തി. അധികം താമസിയാതെ പ്രവാചകര്‍ റുകാനയെ മലര്‍ത്തിയടിച്ചു. പ്രവാചകരുടെ പിടിയിലൊതുങ്ങി അനങ്ങാനാവാതെ റുകാന ഭൂമിയില്‍ കിടന്നു. റുകാനക്ക് അല്‍ഭുതം അടക്കാനായില്ല. അദ്ദേഹം പ്രവാചകരെ ഒരിക്കല്‍ കൂടി വെല്ലുവിളിച്ചു. രണ്ടാം തവണയും അത് തന്നെ സംഭവിച്ചു. റുകാന പറഞ്ഞു, മുഹമ്മദ്, തീര്‍ച്ചയായും ഇത് വല്ലാത്തൊരു അല്‍ഭുതം തന്നെ. ഇത് വരെ എന്നെ ഒരാളും പരാജയപ്പെടുത്തിയിട്ടില്ല.

പ്രവാചകരുടെ ധീരതയെ കുറിക്കുന്ന വേറെയും അനേകം സംഭവങ്ങള്‍ ചരിത്രത്തില്‍ കാണാം. അനസ്(റ) പറയുന്നു, ഒരു ദിവസം രാത്രി മദീനയുടെ ഒരു ഭാഗത്ത് നിന്ന് ശക്തമായൊരു ശബ്ദം കേള്‍ക്കാനിടയായി. ആളുകളെല്ലാം പേടിച്ചുപോയി. പലരും പുറത്തിറങ്ങാന്‍ തന്നെ ഭയന്നു. അല്‍പസയത്തിനകം ഏതാനും ആളുകള്‍ ഒന്നിച്ച് കൂടി ശബ്ദം കേട്ട ഭാഗത്തേക്ക് പോയി നോക്കാന്‍ തീരുമാനിച്ച് പുറപ്പെട്ടു. അപ്പോഴുണ്ട് ആ ഭാഗത്ത് നിന്ന് പ്രവാചകര്‍ കൈയ്യില്‍ വാളുമായി കുതിരപ്പുറത്ത് വരുന്നു. ഭയചകിതരായ അനുയായികളെ കണ്ട പ്രവാചകര്‍ പറഞ്ഞു, ഇല്ല, പേടിക്കാനൊന്നുമില്ല. ഞാന്‍ അവിടെ പോയിനോക്കിയിട്ടാണ് വരുന്നത്.

ശത്രുക്കള്‍ വീട് വളഞ്ഞ വേളയിലും ഹിജ്റയുടെ വിവിധ ഘട്ടങ്ങളിലും പ്രവാചകര്‍ കാണിച്ച ധീരതയും മനോസ്ഥൈര്യവും ചരിത്രം ഇന്നും ഓര്‍ത്തുവെക്കുന്നുണ്ട്. വൃക്ഷത്തണലില്‍ വിശ്രമിക്കുകയായിരുന്ന പ്രവാചകരുടെ വാള്‍ കൈക്കലാക്കി, നിന്നെയാര് രക്ഷിക്കുമെന്ന് ചോദിച്ചവനോട്, ഒട്ടും ചാഞ്ചല്യമില്ലാതെ, അല്ലാഹു രക്ഷിക്കും എന്ന് മറുപടി നല്‍കിയതും ചരിത്രത്തിന്റെ ഭാഗമാണ്.

യുദ്ധവേളകളില്‍ പോരാട്ടം രൂക്ഷമാവുമ്പോള്‍ ഏറ്റവും മുന്‍നിരയില്‍ പ്രവാചകരാണ് നിലയുറപ്പിക്കാറുണ്ടായിരുന്നതെന്നും പലരും പ്രവാചകര്‍ക്ക് പിന്നില്‍ രക്ഷ തേടി നില്‍ക്കാറുണ്ടായിരുന്നെന്നും അലി(റ) അടക്കമുള്ള പല സ്വഹാബികളും വിവരിക്കുന്നുണ്ട്.

ഉഹ്ദ് യുദ്ധത്തില്‍ തന്റെ അനുയായികളില്‍ പലരും പിന്തിരിഞ്ഞപ്പോഴും പ്രവാചകര്‍ ഉറച്ച്നിന്നതും തന്റെ കൂടെയുള്ളവര്‍ക്ക് ധൈര്യം പകര്‍ന്ന് യുദ്ധത്തിന്റെ ഗതിതന്നെ മാറ്റിയെടുത്തതും ചരിത്രഗ്രന്ഥങ്ങളില്‍ കാണാം. ഹുനൈന്‍ യുദ്ധത്തില്‍ തന്റെ അനുയായികളില്‍ പലരും പേടിച്ച് പിന്തിരിയുകയും ശത്രുപക്ഷത്തിന്റെ നേതാവായിരുന്ന അബൂസുഫിയാന്‍ വാളുമായി അടുത്തെത്തി പ്രവാചകരുടെ കോവര്‍കഴുതയുടെ മൂക്കുകയര്‍ പിടിക്കുകയും ചെയ്തപ്പോഴും ധൈര്യസമേതം, ഞാന്‍ പ്രവാചകനാണ്, അതൊരിക്കലും കളവല്ല, ഞാന്‍ അബ്ദുല്‍മുത്ത്വലിബിന്റെ മകനാണ് എന്ന് പറഞ്ഞുകൊണ്ട് പ്രവാചകര്‍ ശത്രുക്കളെ നേരിട്ടത് ഇമാം ബുഖാരി ഉദ്ധരിക്കുന്നുണ്ട്.

എന്നാല്‍ ധീരത എന്ന ഗുണം കാണിക്കേണ്ടിടത്ത് മാത്രമേ കാണിക്കാവൂ എന്നതും പ്രവാചകജീവിതം നമുക്ക് കാണിച്ചുതരുന്ന വലിയൊരു പാഠമാണ്. മഹതി ആഇശ(റ) പറയുന്നത് കാണുക, പ്രവാചകര്‍ തന്റെ കൈകൊണ്ട് ഭാര്യയെയോ പരിചാരകനെയോ മറ്റാരെയെങ്കിലുമോ അടിച്ചിട്ടേയില്ല. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള യുദ്ധവേളകളില്‍ മാത്രമേ പ്രവാചകര്‍ അത് ചെയ്തിട്ടുള്ളൂ. തന്നോട് ചെയ്ത ക്രൂരതകള്‍ക്കൊന്നും പ്രവാചകര്‍ ആരോടും പ്രതികാരം വീട്ടിയിട്ടുമില്ല, അല്ലാഹുവിന്റെ ഹുര്‍മതുകള്‍ (പാവനമായ കാര്യങ്ങള്‍) ലംഘിക്കപ്പെടുമ്പോള്‍ മാത്രമേ പ്രവാചകര്‍ പ്രതിക്രിയ സ്വീകരിച്ചിട്ടുള്ളൂ.

ധീരതകാണിക്കേണ്ടിടത്ത് അത് കാണിക്കണമെന്ന പാഠം തന്നെയാണ് പ്രവാചകര്‍ അനുയായികള്‍ക്ക് പകര്‍ന്ന് നല്‍കുന്നതും. ഇമാം മുസ്ലിം നിവേദനം ചെയ്യുന്ന ഹദീസില്‍ പ്രവാചകര്‍ ഇങ്ങനെ പറയുന്നതായി കാണാം, ശക്തനായ വിശ്വാസിയെയാണ് ബലഹീനനായ വിശ്വാസിയേക്കാള്‍ ഗുണപ്രദനും അല്ലാഹുവിന് കൂടുതല്‍ പ്രിയങ്കരനും. ഭീരുത്വത്തില്‍നിന്ന് അല്ലാഹുവിനോട് കാവല്‍ ചോദിക്കുന്ന ദുആകളും പ്രവാചകര്‍ പതിവാക്കിയിരുന്നതായി കാണാം.

പ്രവാചകര്‍ ഏറ്റവും ധീരനായിരുന്നുവെന്നും ധീരതയെ മാനിച്ചിരുന്നുവെന്നുമാണ് ഉപര്യുക്ത ചരിത്രദൃശ്യങ്ങളും സമാനമായ മറ്റനേകം ചിന്തുകളും നമുക്ക് പറഞ്ഞുതരുന്നത്. പ്രതിസന്ധികളും പ്രയാസങ്ങളും ഏറെ നേരിടേണ്ടിവരുന്ന പ്രബോധനപാതയില്‍ ധീരത അനുപേക്ഷണീയം തന്നെ, അതിലുപരി, മനുഷ്യചരിത്രത്തിലെത്തന്നെ സമ്പൂര്‍ണ്ണവ്യക്തിത്വമായ പ്രവാചകര്‍ക്ക് പൌരുഷത്തിന്റെ വലിയൊരു ഗുണമായ ധീരത അത്യന്താപേക്ഷിതം തന്നെയാണല്ലോ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter