മുഹമ്മദ് (സ്വ); കാലത്തെ അതിജീവിച്ച വിശ്വവിമോചകൻ

മുന്‍വിധി ഒരു മാരകവിഷമാണ്. മുളയിലേ നുള്ളിക്കളഞ്ഞില്ലെങ്കില്‍ ഒരു പക്ഷേ അത് മനുഷ്യ മനസ്സില്‍ കാന്‍സര്‍ പോലെ പടര്‍ന്നു പിടിക്കുകയും ശരിയേത് തെറ്റേത് എന്ന് വേര്‍തിരിച്ചറിയാന്‍ സാധിക്കാത്ത പരിതസ്ഥിതിയിലേക്ക് മനസ്സിനെ കൊണ്ടെത്തിക്കുകയും ചെയ്‌തേക്കാം. മറ്റുള്ള മതങ്ങളോട് സഹിഷ്ണുതയോടെ പെരുമാറുമെങ്കില്‍ പോലും തന്റെ മതം മാത്രമാണ് ശരിയെന്നും മറ്റുള്ള മതങ്ങളേക്കാളും വിശ്വാസധാരകളേക്കാളും ഔന്നിത്യം അതിനാണെന്നും വിശ്വസിക്കുന്നതാണ് ഏറ്റവും അപകടകരവും ആപത്കരവുമായ മുന്‍വിധി. ലോകത്ത് ക്രിസ്തുമതത്തിന് ശേഷം ഏറ്റവും കൂടുതല്‍ അനുയായികളുള്ള ഇസ്‌ലാമാണ് ഇന്ന് ഏറ്റവും കൂടതല്‍ തെറ്റിദ്ധരിക്കപ്പെടുന്ന മതം. മറ്റു മതങ്ങളിലേക്കുള്ളതിനേക്കാളേറെ വിശ്വാസികളുടെ ഒഴുക്ക് ഇസ്‌ലാമിലേക്കുണ്ട് എന്നതും ശ്രദ്ധേയമാണ്.

മിഡില്‍ ഈസ്റ്റിലും വടക്കന്‍ ആഫ്രിക്കയിലും സ്‌പെയിനിലുമൊക്കെ ഇസ്‌ലാം ആധിപത്യമുറപ്പിക്കുന്ന കാലത്താണ് ക്രിസ്ത്യന്‍ ലോകത്ത് ഇസ്‌ലാമിനെ കുറിച്ചുള്ള മുന്‍വിധികളും മിഥ്യാധാരണകളും പരക്കാന്‍ തുടങ്ങുന്നത്. മുസ്‌ലിം പോരാളികള്‍ക്കു മുന്നില്‍ കുരിശുപോരാളികള്‍ പരാജയമടഞ്ഞെങ്കിലും ഇസ്‌ലാമിന്റെ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ അവര്‍ വീണ്ടും വീണ്ടും ഉന്നയിച്ചു കൊണ്ടേയിരുന്നു. അല്‍ഖാഇദഃയെയും താലിബാനെയും പോലുള്ള ഭീകര സംഘങ്ങളുടെ കടന്നു വരവ് അവരുടെ വാദഗതികള്‍ക്ക് ശക്തി പകരുകയും ചെയ്തു. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിനെതിരെയും വാഷിംഗ് ടണിലെ പെന്റഗണിനെതിരെയും 2001 സെപ്തംപര്‍ 11 ന് ഉണ്ടായ ആക്രമണങ്ങള്‍ ഇസ്‌ലാം വിരോധികള്‍ക്ക് ലഭിച്ച മാരകമായ ആയുധങ്ങളായിരുന്നു. അതോടെ 'ഇസ്‌ലാമോഫോബിയ' അമുസ്‌ലിം രാഷ്ട്രങ്ങളില്‍ ഒരു വൈറസ് പോലെ പരക്കാന്‍ തുടങ്ങി.

ഇസ്‌ലാമിന്റെ എതിരാളികള്‍ക്ക് പ്രധാനമായും രണ്ട് വാദങ്ങളാണുള്ളത്; ഒന്ന്, ഇസ്‌ലാമിക പ്രചരണം ലോകത്ത് സാധ്യമായത് വാളുകൊണ്ടാണ്. രണ്ട്, മുസ്‌ലിംകള്‍ പറയുന്നത് പോലെ പ്രവാചകന്‍ മുഹമ്മദ് നബി നന്മയുടെ പ്രതീകമായിരുന്നില്ല. ഈ രണ്ട് വാദങ്ങളും ചരിത്രപരമായ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. നിഷ്പക്ഷമായ ചരിത്ര വായന നടത്തുന്ന ആര്‍ക്കും ഇസ്‌ലാം പ്രചരിച്ചത് വാളു കൊണ്ടല്ല എന്ന സത്യം സംശയലേശമന്യെ വ്യക്തമാവും. ഇസ്‌ലാം ലോകത്തിന് മുന്നില്‍ കാഴ്ച വെച്ചത് മനുഷ്യ സമത്വമായിരുന്നു. സ്ത്രീകള്‍ക്ക് അത് മറ്റാരും നല്‍കാത്ത അവകാശങ്ങള്‍ വകവെച്ച് നല്‍കി. ഇന്തോനേഷ്യയിലും മലേഷ്യയിലുമൊന്നും ഇസ്‌ലാം ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പിക്കപ്പെടുകയായിരുന്നില്ല.

മുസ്‌ലിംകള്‍ തങ്ങളുടെ പ്രവാചകരെ വിമര്‍ശിക്കുന്നതിനോട് വളരെ വൈകാരികമായിട്ടാണ് പെരുമാറുക. പ്രശസ്തമായ ഒരു പേര്‍ഷ്യന്‍ പഴഞ്ചൊല്ല് നമുക്കിങ്ങനെ വായിക്കാം: (ബെ ഖുദാ ദീവാനാ ബാഷോ, ബെ മുഹമ്മദ് ഹോഷിയാര്‍) നിങ്ങള്‍ ദൈവത്തെ പറ്റി എന്ത് തന്നെ പറഞ്ഞാലും ഞങ്ങള്‍ സഹിക്കാന്‍ തയാറാണ്, പക്ഷേ മുഹമ്മദ് (സ്വ) യെ കുറിച്ച് പറയുമ്പോള്‍ നിങ്ങള്‍ സൂക്ഷിക്കണം. ലോകത്ത് കഴിഞ്ഞു പോയിട്ടുള്ളവരില്‍ വെച്ചേറ്റവും ശ്രേഷ്ഠ വ്യക്തിയായിട്ടാണ് മുസ്‌ലിംകള്‍ അവരുടെ പ്രവാചകനെ കാണുന്നത്. ആദമിന്റെയും അബ്രഹാമിന്റെയും മോസയുടെയും ജീസസിന്റെയും പിന്‍ഗാമിയായി ലോകത്തിലേക്ക് ദൈവം അവസാനമായി പറഞ്ഞയച്ച പ്രവാചകരായിരുന്നു അവര്‍ക്ക് അദ്ദേഹം. 

മുസ്‌ലിംകള്‍ എങ്ങനെയാണ് അദ്ദേഹത്തെ വിലയിരുത്തുന്നതെന്ന് അറിയണമെങ്കില്‍ ലോകത്തിനു മുന്നില്‍ തനിക്ക് ദിവ്യ ബോധനം ലഭിച്ചുവെന്ന് പറഞ്ഞ് അദ്ദേഹം അവതരിപ്പിച്ച അധ്യാപനങ്ങളും ജീവിതവും എടുത്ത് പരിശോധിച്ചാല്‍ മതി. അല്‍ഖാഇദയുടെയും താലിബാനിന്റെയും പ്രവൃത്തികളും ആയത്തുല്ലമാരില്‍ നിന്നും 'മുല്ലമാരി'ല്‍ നിന്നും അടിക്കടി വരുന്ന ഫത്‌വകളും ആധാരമാക്കി അദ്ദേഹത്തെ വിലയിരുത്തുന്നത് വളരെ വലിയ അബദ്ധമായിപ്പോവും. വേദങ്ങളും ഉപനിഷത്തുകളും പഠിപ്പിച്ച ഹിന്ദു മതത്തെ വിലയിരുത്താന്‍ ഹിന്ദു മതത്തിന്റെ പേരില്‍ പള്ളികള്‍ നശിപ്പിക്കുകയും മതാചാര്യന്മാരെ വധിക്കുകയും ലൈബ്രറികളും കലകളുടെ ശേഷിപ്പുകളും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ നാം ആധാരമാക്കാറില്ല. സിഖ് ഗുരുക്കന്മാരുടെ അധ്യാപനങ്ങളറിയാന്‍ ജര്‍നൈല്‍ സിംഗ് ബിന്ദ്രന്‍ വാലയുടെ ജല്‍പനങ്ങളിലേക്ക് നാം തിരിയാറില്ല. എന്നത് പോലെ മുഹമ്മദിനെ വിലയിരുത്താനും പഠിക്കാനും അദ്ദേഹത്തിന്റെ അധ്യാപനങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും മാത്രം നോക്കുക. അദ്ദേഹത്തിന്റെ സോ കാള്‍ഡ് അനുയായികളുടെ ഹീന കൃത്യങ്ങളെ ഒരിക്കലും അവലംബിക്കാതിരിക്കുക.

എ.ഡി 570 മക്കയിലാണ് മുഹമ്മദ് ജനിക്കുന്നത്. വളരെ ചെറുപ്രായത്തില്‍ തന്നെ ഉമ്മയെയും ഉപ്പയെയും അദ്ദേഹത്തിന് നഷ്ടമായി. പിന്നീട് വല്യുപ്പയും പിതൃസഹോദരനുമായിരുന്നു അദ്ദേഹത്തെ വളര്‍ത്തിയത്. ഒരു വിധവയുടെ കച്ചവടം അദ്ദേഹം നോക്കി നടത്തുകയും പിന്നീടവരെ വിവാഹം ചെയ്യുകയും ചെയ്തു. ആ ദാമ്പത്യ വല്ലരിയില്‍ ആറു കുസുമങ്ങള്‍ വിരിഞ്ഞു. ആദ്യ ഭാര്യ ഖദീജഃ ഇഹലോകം വെടിയുന്നത് വരെ അദ്ദേഹം മറ്റൊരു വിവാഹം ചെയ്യാന്‍ തയ്യാറായില്ല.

നാല്പതാം വയസ്സില്‍ ദിവ്യ ബോധനം ലഭിക്കാന്‍ തുടങ്ങി. അവ അദ്ദേഹത്തെ വിശ്വ വിമോചകനാക്കി ഉയര്‍ത്തി. പിന്നീട് ദിവ്യബോധനം ഇടതടവില്ലാതെ വന്നു കൊണ്ടിരുന്നു. ഇഹലോകത്തെ കുറിച്ചും പരലോകത്തെ കുറിച്ചും അവ മനുഷ്യനെ ഉല്‍ബോധിപ്പിച്ചു. ചിലപ്പോള്‍ സമൂഹത്തെ ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങളെ അവ പരിഹരിച്ചു, മറ്റു ചിലപ്പോള്‍ ആത്മീയമായി മനുഷ്യനെ ഉന്നതങ്ങളിലേക്ക് നയിച്ചു. അദ്ദേഹത്തിന്റെ അനുചരര്‍ അവ മനഃപാഠമാക്കുകയും എഴുതി വെക്കുകയും ചെയ്തു, അതാണ് 'വായന' എന്നര്‍ത്ഥമുള്ള ഖുര്‍ആന്‍ എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്നത്. മുഹമ്മദ് പ്രചരിപ്പിക്കാന്‍ ശ്രമിച്ചത് സ്വന്തം ആശയങ്ങളോ ആദര്‍ശങ്ങളോ ആയിരുന്നില്ല, അവ അതിനു മുമ്പേ ജൂതന്മാരിലൂടെ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കപ്പെട്ടവയായിരുന്നു എന്നത് ശ്രദ്ധേയമാണ്. 'അല്ലാഹു' എന്ന പേരില്‍ തന്നെയായിരുന്നു അദ്ദേഹം വരുന്നതിന് മുമ്പും ദൈവം അറേബ്യയില്‍ അറിയപ്പെട്ടിരുന്നത്. അതുപോലെ തന്നെ 'ഇസ്‌ലാം' എന്നാല്‍ 'കീഴടങ്ങല്‍' എന്നായിരുന്നു അര്‍ത്ഥം, സലാം എന്നാല്‍ 'സമാധാനം' എന്നും. മക്ക അന്നത്തെ ഏറ്റവും വലിയ മാര്‍ക്കറ്റായിരുന്നു.

ജനങ്ങള്‍ ഹജ്ജിനു വേണ്ടിയും ഉംറക്ക് വേണ്ടിയും അവിടേക്ക് ഒഴുകിക്കൊണ്ടേയിരുന്നു. ജൂത മതത്തിലെ പല ആചാരങ്ങളും മുഹമ്മദും അനുവര്‍ത്തിച്ച് പോന്നു; ഭക്ഷണ ക്രമത്തില്‍ ഹലാലും ഹറാമും ഉണ്ടായിരുന്നു, അഞ്ചു നേരത്തെ പ്രാര്‍ത്ഥനയും ആണ്‍കുട്ടികളുടെ ചേലാ കര്‍മവും അദ്ദേഹം അംഗീകരിച്ചു. അദ്ദേഹം പുതുതായി അവതരിപ്പിച്ച സിദ്ധാന്തം ദൈവത്തിന്റെ ഏകത്വം മാത്രമായിരുന്നു. വിവിധ ഗോത്ര വര്‍ഗക്കാര്‍ ആരാധിച്ചു പോന്നിരുന്ന കല്‍ദേവതകളെ അദ്ദേഹം അംഗീകരിച്ചില്ല. മുഹമ്മദ് ഒരിക്കലും തന്റെ വിശ്വാസം പുല്‍കാന്‍ ആരെയും നിര്‍ബന്ധിച്ചില്ല, പ്രത്യുത വിശ്വാസ സ്വാതന്ത്യത്തെ വകവെച്ചു നല്‍കുന്ന ദൈവിക വെളിപാടുകള്‍ അദ്ദേഹം ഓതിക്കൊണ്ടേയിരുന്നു; ''മതകാര്യങ്ങളില്‍ ബലപ്രയോഗമേ ഇല്ല.'' (അല്‍ ബഖറ 256), ''അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷേ, നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ പരീക്ഷിക്കുവാന്‍ (അവന്‍ ഉദ്ദേശിക്കുന്നു). അതിനാല്‍ സല്‍പ്രവര്‍ത്തികളിലേക്ക് മത്സരിച്ച് മുന്നേറുക.'' (മാഇദഃ 48).

സ്വാഭാവികമായും മുഹമ്മദിന്റെ അധ്യാപനങ്ങളും വിശ്വാസങ്ങളും ശക്തമായ എതിര്‍പ്പുകള്‍ക്ക് വിധേയമായി. ശത്രുക്കള്‍ പലവുരു അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഓരോ പ്രാവശ്യവും അത്ഭുതകരമായി അദ്ദേഹം രക്ഷപ്പെട്ടു. അവസാനം ഗത്യന്തരമില്ലാതെ വന്നപ്പോള്‍ എ.ഡി 622 ല്‍ മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്യാന്‍ ദൈവിക കല്‍പന വന്നു. അതാണ് ഇന്നും ഹിജ്‌റ എന്നറിയപ്പെടുന്നത്, മുസ്‌ലിം കലണ്ടറിന്റെ തുടക്കവും ആ സംഭവത്തെ ആധാരമാക്കിയാണ്. ഹിജ്‌റക്ക് ശേഷവും മക്കക്കാര്‍ മദീന കീഴടക്കാന്‍ പലവുരു വിഫല ശ്രമങ്ങള്‍ നടത്തി. അവസാനം മുഹമ്മദിന്റെ സൈന്യം മക്ക കീഴടക്കി. മുഹമ്മദ് എ.ഡി 632 ല്‍ പരലോകം പൂകുമ്പോള്‍ അറേബ്യന്‍ ഉപദ്വീപ് ഇസ്‌ലാമെന്ന ലേബലില്‍ രൂപീകരിക്കപ്പെട്ട വ്യത്യസ്ത ഗോത്രങ്ങളുടെ മഹാ സഖ്യമായി മാറിയിരുന്നു.

ആദ്യ ഭാര്യ ഖദീജ മരണമടഞ്ഞതിന് ശേഷം മുഹമ്മദ് വിവാഹം ചെയ്ത ഭാര്യമാരുടെ എണ്ണം പറഞ്ഞാണ് അധിക വിരോധികളും അദ്ദേഹത്തെ ആക്ഷേപിക്കാറുള്ളത്. അറേബ്യയുടെ അന്നത്തെ സാമൂഹ്യ സ്ഥിതി മനസ്സിലാക്കി മാത്രമേ ഇതിനെ വിലയിരുത്താന്‍ സാധിക്കൂ. നിരന്തരമായുണ്ടായിരുന്ന യുദ്ധങ്ങളും ആക്രമണങ്ങളും സമൂഹത്തെ വലിയ ലൈംഗിക അസമത്വത്തിലേക്ക് തള്ളിയിട്ടു. വധിക്കപ്പെടുന്നവരുടെ വിധവകള്‍ക്കും മക്കള്‍ക്കും അഭയം കൊടുത്തില്ലെങ്കില്‍ ഒരു പക്ഷേ അവര്‍ പിന്നീട് വേശ്യാലയങ്ങളിലോ ഭിക്ഷാടന കേന്ദ്രങ്ങളിലോ കാണപ്പെടുന്ന അവസ്ഥ സംജാതമായി. വിധവ സംരക്ഷണത്തിനുള്ള ഏറ്റവും നല്ലൊരു മാര്‍ഗമായിരുന്നു അവരെ വിവാഹം ചെയ്യുക എന്നത്. തന്നെയുമല്ല വൈവാഹിക ബന്ധങ്ങള്‍ ഗോത്രങ്ങള്‍ക്കിടയില്‍ നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ സഹായകമാവുകയും ചെയ്തു. അതിനൊക്കെ വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ വിവാഹങ്ങളത്രയും. തന്റെ അനുചരര്‍ക്ക് അഹിതമായിട്ടുള്ള ഒന്നും തന്നെ മുഹമ്മദ് ഒരിക്കലും ചെയ്തിരുന്നില്ല. മാത്രവുമല്ല, ഏറ്റവും നല്ലത് ഏക ഭാര്യാ സമ്പ്രദായമാണെന്ന് പ്രഖ്യാപിക്കുകയും ബഹുഭാര്യത്വത്തിന്റെ പരിധി നാലാക്കി ചുരുക്കുകയും ചെയ്ത ചരിത്രത്തിലെ ഏക വ്യക്തിയും അദ്ദേഹമായി മാറി. മാത്രമല്ല, രണ്ട് കെട്ടണമെങ്കില്‍ തന്നെ രണ്ട് ഭാര്യമാരോടും ഒരേ നിലയില്‍ അനിഷ്ടങ്ങള്‍ക്ക് ഇട നല്‍കാതെ പെരുമാറാന്‍ സാധിക്കണം എന്ന വളരെ ശക്തമായ നിബന്ധനയും അദ്ദേഹം മുന്നോട്ടു വെച്ചു.

ഖുര്‍ആന്‍ പറയുന്നു: ''അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്തു കൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതി പുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം ചെയ്യുക). അല്ലെങ്കില്‍ നിങ്ങളുടെ അധീനതയിലുള്ള അടിമ സ്ത്രീയെ (ഭാര്യയെ പോലെ സ്വീകരിക്കുക). നിങ്ങള്‍ അതിരു വിട്ടു പോകാതിരിക്കാന്‍ അതാണ് ഏറ്റവും അനുചിതം''. (അന്നിസാഅ് 3). പുരുഷാധിപത്യം നിലനിന്നിരുന്ന അക്കാലത്ത് എല്ലാ സമുദായങ്ങളിലും ബഹുഭാര്യത്വം വളരെ ശക്തമായി നിലവിലുണ്ടായിരുന്നു എന്നു കൂടി നാം ഓര്‍ക്കണം.

കാരണ്‍ ആംസ്‌ട്രോങിന്റെ Muhammed: A prophet for Our Time എന്ന കൃതിക്ക് ഇസ്‌ലാമിനെതിരെയുള്ള മുന്‍വിധികളില്‍ നിന്നും നമ്മുടെ മനസ്സിനെ സംശുദ്ധമാക്കാന്‍ സാധിക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇന്ന് മത താരതമ്യ പഠന മേഖലയില്‍ അറിയപ്പെടുന്ന ഒരു എഴുത്തുകാരിയാണ് ആംസ്‌ട്രോംങ്. അവര്‍ ഒരിക്കലും ഒരു മുസ്‌ലിമല്ല.

ഡെയ്‌ലി ടെലഗ്രാഫില്‍ 2008 ഫെബ്രുവരി 16 ന് പ്രസിദ്ധീകരിച്ച A meessaih for our time എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച കുഷ്‌വന്ത് സിംഗിന്റെ ലേഖനത്തിന്റെ വിവര്‍ത്തനം

സ്വതന്ത്ര്യ മൊഴിമാറ്റം:ഷഹിന്‍ഷാ ഹുദവി ഏമങ്ങാട് 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter