ഏറ്റവും നല്ല ഗൃഹനാഥന്‍

ആഇശ(റ) പറയുന്നു, ഒരിക്കല്‍ അബ്സീനിയക്കാരായ ഒരു സംഘം ആളുകള്‍ പ്രവാചകരുടെ പള്ളിയില്‍ വന്ന് അവരുടെ പ്രത്യേകമായ ഒരു കളി പ്രദര്‍ശിപ്പിച്ചു. അത് കണ്ട പ്രവാചകര്‍ എന്നോട് ചോദിച്ചു, നിനക്ക് അത് കാണണമെന്നുണ്ടോ. ഞാന്‍ അതെ എന്ന് പറഞ്ഞപ്പോള്‍ പ്രവാചകര്‍ പള്ളിയുടെ വാതിലില്‍നിന്നു, ഞാന്‍ പ്രവാചകരുടെ പിന്നില്‍ എന്റെ താടിയെല്ല് തങ്ങളുടെ തോളില്‍ അമര്‍ത്തിവെച്ച് കൊണ്ട്നിന്നു. എന്റെ മുഖം പ്രവാചകരുടെ കവിളിനോട് ചേര്‍ത്ത് വെക്കുകയും ചെയ്തു. അല്‍പം കഴിഞ്ഞപ്പോള്‍ പ്രവാചകര്‍ പറഞ്ഞു, ഇനി കണ്ടത് മതി. ഞാന്‍ പറഞ്ഞു, ധൃതി കൂട്ടല്ലേ പ്രവാചകരേ. അല്പം കഴിഞ്ഞപ്പോള്‍ വീണ്ടും മതിയെന്ന് പറഞ്ഞു, ഞാന്‍ അതേ മറുപടി നല്‍കി. ശേഷം ആഇശ(റ) പറയുന്നു, കാര്യം പറഞ്ഞാല്‍ എനിക്ക് ആ കളി കാണാനുള്ള താല്‍പര്യം കൊണ്ടായിരുന്നില്ല, മറിച്ച് പ്രവാചകരുടെ മുഖത്തോട് കവിള്‍ ചേര്‍ത്ത് അങ്ങനെ നില്‍ക്കാനും പ്രവാചകര്‍ എനിക്ക്  നല്‍കുന്ന പ്രാധാന്യം ഇതരര്‍ മനസ്സിലാക്കാനും വേണ്ടിയാണ് കൂടുതല്‍ സമയം അങ്ങനെ നിന്നത്.

പ്രവാചകരുടെ മറ്റൊരു പത്നിയായ സ്വഫിയ്യ(റ) പറയുന്നു, ഒരിക്കല്‍ റമദാനിലെ അവസാനപത്തില്‍ പ്രവാചകര്‍ പള്ളിയില്‍ ഇഅ്തികാഫിരിക്കുന്ന വേളയില്‍ ഞാന്‍ അങ്ങോട്ട് ചെന്നു. ഒരു മണിക്കൂറോളം ഞാന്‍ പ്രവാചകരുമായി അവിടെ സംസാരിച്ചിരുന്നു. ശേഷം ഞാന്‍ വീട്ടിലേക്ക് പോന്നപ്പോള്‍ പ്രവാചകര്‍ എന്നോടൊപ്പം വീട്ടുവാതില്‍ക്കല്‍ വരെ വരികയും ചെയ്തു.

യുദ്ധങ്ങളും ഇതരപ്രതിസന്ധികളും അന്താരാഷ്ട്രചര്‍ച്ചകളുമെല്ലാം അഭിമുഖീകരിക്കുന്ന പ്രവാചകര്‍ വീട്ടിലെത്തുന്നതോടെ ഏറ്റവും നല്ല ഭര്‍ത്താവും ഏറ്റവും നല്ല പിതാവും ഏറ്റവും നല്ല പിതാമഹനുമെല്ലാമായി മാറുന്ന കാഴ്ചയാണ് പ്രവാചകജീവിതത്തില്‍ നാം കാണുന്നത്. ഭാര്യമാരുമായി കളി തമാശകളിലേര്‍പ്പെടാനും കുട്ടികളുമായി കളിക്കാനും അവിടുന്ന് സമയം കണ്ടെത്തിയിരുന്നു. ഒരിക്കല്‍ ആഇശ(റ)യോട് പ്രവാചകര്‍ വീട്ടിലെത്തിയാല്‍ എന്താണ് ചെയ്യാറുണ്ടായിരുന്നതെന്ന് ചോദിക്കപ്പെട്ടു. മഹതിയുടെ മറുപടി ഇങ്ങനെയായിരുന്നു, പ്രവാചകര്‍ സാധാരണ ഒരു മനുഷ്യനായി മാറുമായിരുന്നു, സ്വന്തം വസ്ത്രം തുന്നുകയും ആടിനെ കറക്കുകയും കാര്യങ്ങള്‍ സ്വയം ചെയ്യുകയും ചെയ്യുമായിരുന്നു, വീട്ടുജോലിയില്‍ ഭാര്യമാരെ സഹായിക്കാറുണ്ടായിരുന്നു.

ഭാര്യയുടെ വായില്‍ സ്നേഹത്തോടെ വെച്ച് കൊടുക്കുന്ന ചോറ്റുരുളക്ക് പോലും ദാനധര്‍മ്മത്തിന്റെ പ്രതിഫലമുണ്ടെന്ന് പഠിപ്പിച്ചവരാണ് പ്രവാചകര്‍. മറ്റൊരിക്കല്‍ അവിടുന്ന് തന്റെ അനുയായികളോട് പറഞ്ഞു, അല്ലാഹുവിന്റെ സ്മരണയില്ലാത്തതെല്ലാം നിഷ്ഫലമാണ്, നാല് കാര്യങ്ങള്‍ ഒഴികെ, ഇരുലക്ഷ്യങ്ങള്‍ക്കിടയിലുള്ള നടത്തം, കുതിരയെ പരിശീലിപ്പിക്കല്‍, നീന്തം പഠിക്കല്‍, കുടുംബത്തോടൊപ്പമുള്ള കളിതമാശകള്‍ എന്നിവയാണ് അവ.

പല സുപ്രധാനകാര്യങ്ങളിലും പ്രവാചകര്‍ ഭാര്യമാരുടെ അഭിപ്രായം സ്വീകരിക്കാറുണ്ടായിരുന്നുവെന്നും ചരിത്രം ഓര്‍ത്തുവെക്കുന്നു. ഹുദൈബിയ്യ സന്ധിയുടെ വേളയില്‍  പ്രവാചകര്‍ അനുയായികളോട് തലമുടി നീക്കം ചെയ്ത് പ്രായശ്ചിത്തമായി അറവ് നടത്തി ഇഹ്റാം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പലരും മടിച്ചുനിന്നു. അതില്‍ വല്ലാത്ത മനപ്രയാസം തോന്നിയ പ്രവാചകര്‍ ഭാര്യയായ ഉമ്മുസലമയുടെ അടുത്തെത്തി. പ്രവാചകരുടെ അവസ്ഥ മനസ്സിലാക്കിയ ഉമ്മുസലമ(റ) പറഞ്ഞു, നബിയേ, താങ്കള്‍ അവര്‍ക്കിടയിലേക്ക് ചെന്ന് മുടി നീക്കം ചെയ്യുകയും അറവ് നടത്തുകയും ചെയ്യുക. പ്രവാചകര്‍ക്ക് അത് നല്ലൊരു നിര്‍ദ്ദേശമായി തോന്നി. അവിടുന്ന് നേരെ ചെന്ന് അനുയായികളെല്ലാം കാണുംവിധം അങ്ങനെ ചെയ്തു. അതോടെ എല്ലാവരും മുടി നീക്കം ചെയ്യാന്‍ തുടങ്ങി. നോക്കൂ, ഏറെ നിര്‍ണ്ണായകഘട്ടത്തിലും പ്രവാചകര്‍ ഭാര്യയുടെ അഭിപ്രായത്തിന് കാതോര്‍ക്കുന്നതും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതുമാണ് ഇവിടെ നമുക്ക് കാണാനാവുന്നത്.

ദേഷ്യം പിടിക്കേണ്ടിവരുമ്പോള്‍പോലും സഹനത്തോടെയായിരുന്നു പ്രവാചകര്‍ പെരുമാറിയിരുന്നത്. ഒരിക്കല്‍ പ്രവാചകര്‍ ആഇശ(റ)യുമായി അഭിപ്രായവ്യത്യാസമുണ്ടായി. അവസാനം പ്രശ്നം തീര്‍ക്കാന്‍ മൂന്നാമതൊരാള്‍ ഇടപെടണമെന്ന അവസ്ഥയിലെത്തി. പ്രവാചകര്‍ ചോദിച്ചു, എന്നാല്‍ ഉമര്‍(റ)വിനെ വിളിച്ചാലോ. അദ്ദേഹം പരുഷസ്വഭാവക്കാരനാണെന്ന് പറഞ്ഞ് ആഇശ(റ) അത് വിസമ്മതിച്ചു. എന്നാല്‍ നിന്റെ പിതാവിനെത്തന്നെ വിളിക്കാമെന്നായി പ്രവാചകര്‍. ആഇശ(റ) അത് സമ്മതിച്ചു. സ്വിദ്ദീഖ്(റ) വന്നപ്പോള്‍ പ്രവാചകര്‍ ആഇശ(റ)യോട് ചോദിച്ചു, ആരാണ് ആദ്യം പ്രശ്നം അവതരിപ്പിക്കേണ്ടത്. ആഇശ(റ) പറഞ്ഞു, നിങ്ങള്‍ പറഞ്ഞോളൂ, പക്ഷേ, സത്യമേ പറയാവൂ. ഇത് കേട്ട് സ്വിദ്ധീഖ്(റ)വിന് ദേഷ്യം പിടിച്ചു. അദ്ദേഹം ആഇശ(റ)യുടെ മൂക്കിന് ഒരടി കൊടുത്തു. മഹതി പേടിച്ച് പ്രവാചകര്‍ക്ക് പിന്നില്‍ അഭയം തേടി. ഉടനെ പ്രവാചകര്‍ പറഞ്ഞു, സ്വിദ്ദീഖ്, താങ്കളെ ഞാന്‍ വിളിച്ചുകൊണ്ടുവന്നത് ഇതിന് വേണ്ടിയല്ല. അതോടെ സിദ്ധീഖ്(റ) പുറത്ത്പോവുകയും പ്രവാചകരും ആഇശ(റ)യും ഒന്നാവുകയും ചെയ്തു. അല്‍പം കഴിഞ്ഞ് സിദ്ധീഖ്(റ) തിരിച്ചുവന്നപ്പോള്‍ അവര്‍ സംസാരിച്ച് ചിരിക്കുന്ന കാഴ്ച കണ്ട് അദ്ദേഹം പറഞ്ഞു, നിങ്ങള്‍ തമ്മിലൊരു പ്രശ്നമുണ്ടായപ്പോള്‍ എന്നെ അതിലേക്ക് വിളിച്ചത് പോലെ ഇപ്പോഴുള്ള സന്തോഷത്തിലും എന്നെ ഭാഗമാക്കുക.

കുട്ടികളോടും ഏറെ സ്നേഹത്തോടെയായിരുന്നു പ്രവാചകര്‍ പെരുമാറിയിരുന്നത്. ജാബിര്‍(റ) പറയുന്നു, ഒരു ദിവസം ഞാന്‍ പ്രവാചകരുടെ വീട്ടിലെത്തിയപ്പോള്‍ അവിടുന്ന് പേരമക്കളായ ഹസന്‍(റ), ഹുസൈന്‍(റ) എന്നിവരെ പുറത്തിരുത്തി ആന കളിക്കുകയാണ്. ഇത് കണ്ട ഞാന്‍ അവരോട് പറഞ്ഞു, നിങ്ങളുടേത് നല്ല വാഹനമാണല്ലോ. ഉടനെ പ്രവാചകര്‍ പറഞ്ഞു, യാത്രക്കാരും ഏറ്റവും നല്ലവരാണല്ലോ. അതിസങ്കീര്‍ണ്ണവും പ്രശ്നകലുശിതവുമായ നൂറുകൂട്ടം പ്രശ്നങ്ങള്‍ക്കിടയില്‍ വീട്ടിലെത്തുന്ന പ്രവാചകരാണ് കുട്ടികളോടൊപ്പം ആന കളിക്കാന്‍ സമയം കണ്ടെത്തുന്നതെന്ന് കൂട്ടിവായിക്കുമ്പോള്‍, ആ മാതൃകകുടുംബനാഥന്റെ ചിത്രവും ചരിത്വവും കൂടുതല്‍ ജാജ്ജ്വലമാനമാവുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter