മുഹമ്മദ് നബി എന്ന പരിഷ്‌കര്‍ത്താവ്‌

ആമുഖം
‘നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്’ എന്ന് അല്ലാഹു ഖുര്‍ആനില്‍ പ്രഖ്യാപിച്ചു. മാനവ ലോകത്തിന്റെ വിജയം ആ മാതൃക പിന്‍തുടന്നതിലാണ് എന്നു വ്യക്തം. മുഹമ്മദ് നബി (സ) ജീവിതത്തിന്റെ വിവിധ മേഖലകളില്‍ മാതൃകാപരമായ ജീവിതം മാനവ സമുദായത്തിനു മുമ്പില്‍ കാഴ്ചവെച്ചു. ഖുര്‍ആനിക അദ്ധ്യാപനങ്ങള്‍ ദൈനംദിന ജീവിതത്തില്‍ എങ്ങിനെ പ്രാവര്‍ത്തികമാക്കാം എന്നദ്ദേഹം ജീവിച്ചു കാണിച്ചു തന്നു.
ഒരു ബാലന്‍, യുവാവ്, സ്‌നേഹിതന്‍, കച്ചവടക്കാരന്‍, സാമൂഹ്യപരിഷ്‌കര്‍ത്താവ്, മകന്‍, ഭര്‍ത്താവ്, അദ്ധ്യാപകന്‍, ജഡ്ജി, നേതാവ്, സൈന്യാധിപന്‍, ഭരണാധികാരി എന്നീ വിവിധ മേഖലകളില്‍ അദ്ദേഹം മാതൃകാപരമായ ജീവിതം നയിച്ചു. ഇഹപരവിജയം കാംക്ഷിക്കുന്ന ഓരോ വ്യക്തിയും തന്റെ ജീവിതത്തിന്റെ വിവിധ വശങ്ങള്‍ പ്രവാചകന്‍ കാണിച്ചുതന്ന മാതൃകക്കനുസരിച്ച് ക്രമീകരിക്കേണ്ടതാണ്. അതുകൊണ്ടു തന്നെ മുസ്ലിംകള്‍ പ്രവാചകന്റ ഓരോ ചലനവും വാക്കും വിശദമായി രേഖപ്പെടുത്തിവെക്കാന്‍ ശ്രദ്ധിച്ചു. ജോണ്‍ഡോവന്‍പോര്‍ട്ടിന്റെ വാക്കുകളില്‍, ‘അറിയപ്പെടുന്ന ജേതാക്കളിലും നിയമ ദാദാക്കളിലും ഒരാളുടെ ചരിത്രം പോലും ഇതിനേക്കാളും സമഗ്രവും ആധുനികവുമായ നിലയില്‍ എഴുതപ്പെട്ടിട്ടില്ല.’ ബുഖാരി, മുസ്ലിം, ഇബ്‌നുമാജ, തുര്‍മുദി, നസാഇ, അബൂദാവൂദ് എന്നിവരുടെ കൃതികള്‍ ഈ പ്രസ്താവനക്കു സാക്ഷിനില്‍ക്കുന്നു. പ്രവാചക ജീവിതത്തെ കൂടുതല്‍ മനസ്സിലാക്കാനും പകര്‍ത്താനും പ്രചോദനമേകട്ടെ എന്ന ആശയോടു കൂടി ആ മഹല്‍ ജീവിത്തിലേക്ക് ഒരു കൈത്തിരി കാണിക്കുകയാണ് ഇവിടെ.അറേബ്യ ആറാം നൂറ്റാണ്ടില്‍ 
ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തോടെ സാമൂഹ്യ സാംസ്‌കാരിക രംഗത്തുവന്ന മാറ്റങ്ങള്‍ വ്യക്തമായി മനസ്സിലാക്കണമെങ്കില്‍, പ്രവാചകനു മുമ്പുള്ള അറേബ്യന്‍ ജനജീവിതത്തിന്റെ വിവിധ വശങ്ങള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. പ്രവാചകന്ന് മുമ്പുള്ള അറേബ്യയുടെ സ്ഥിതിയറിയാന്‍ ഖുര്‍ആന്‍ വാക്യങ്ങളും, പ്രവാചക വചനങ്ങളും, അറബി കവിതകളും, പഴഞ്ചെല്ലുകളും, ഉപയോഗിക്കാവുന്നതാണ്. അവയില്‍ വന്ന പരാമര്‍ശങ്ങളുടെ വെളിച്ചത്തില്‍ അന്നത്തെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക സ്ഥിതികള്‍ പരിശോധിക്കാം. അവ പരിശോധിച്ചാല്‍, ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവും രാഷ്ട്രതന്ത്രജ്ഞനും അവിടെ ആവശ്യമായിരുന്നുവെന്നു നിഗമനത്തിലാണ് നമുക്ക് എത്തിച്ചേരാന്‍ സാധിക്കുക. പൊതുവെ ലോകത്തിന്റെ സ്ഥിതിയും ഭിന്നമായിരുന്നില്ല.
രാഷ്ട്രീയ രംഗം 
അരാജകത്വത്തിന്റെ തേര്‍വാഴ്ചയായിരുന്നു അറേബ്യയിലെങ്ങും. ഒരേകീകൃത ഭരണകൂടമോ, നിയമമോ അന്നുണ്ടായിരുന്നില്ല. ക്രമസമാധാനം എന്നൊന്ന് ഇല്ലതന്നെ. ഒരു വ്യവസ്ഥാപിത ഗവര്‍മണ്ടിന്റെ അഭാവത്തില്‍ ചില ചില്ലറ വഴക്കുകള്‍ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന യുദ്ധങ്ങള്‍ക്കുതന്നെ വഴിവെക്കാറുണ്ടായിരുന്നു. ഉദാഹരണമായി ബനൂബക്കര്‍, ബനൂതഗ്‌ലീബ, എന്നീ ഗോത്രങ്ങള്‍ തമ്മിലുണ്ടായ യുദ്ധം നോക്കൂ. നാല്പതു വര്‍ഷം നീണ്ടുനിന്നു ഈ യുദ്ധം. ഹര്‍ബുല്‍ ബസൂസ് എന്ന പേരിലറിയപ്പെടുന്ന ഈ യുദ്ധം ഒരു~ഒട്ടകത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ നിന്നാണ് ആരംഭിച്ചത്. തമ്മില്‍ തല്ലുന്ന ഗോത്രങ്ങളെ നിയന്ത്രക്കാന്‍ കഴിവുള്ള ഒരു ഭരണകൂടം അറേബ്യയിലുണ്ടായിരുന്നില്ല. ആറാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ മദ്ധ്യഅറേബ്യയില്‍ ഒരു ഭരണകൂടം സ്ഥാപിക്കുവാന്‍ കിന്‍ഢയിറ്റുകള്‍ ഒരു ശ്രമം നടത്തി. പക്ഷെ, അത് പരാജയപ്പെടുകയാണ് ചെയ്തത്.
സമൂഹം ഗോത്രങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘടിക്കപ്പെട്ടിരുന്നത്. അക്രമവും, യുദ്ധവും അവരുടെ നേരംപോക്കായിരുന്നു. ഒരറബിക്കവി പാടി: ‘ശത്രുക്കളെ കൊള്ളയടിക്കുകയാണ് ഞങ്ങളുടെ തൊഴില്‍, ശത്രുവിനെ കൊള്ളയടിക്കാന്‍ കിട്ടിയില്ലെങ്കില്‍ സഹോദങ്ങളെ ഞങ്ങള്‍ കൊള്ള ചെയ്യും.’ അത്തരത്തിലായിരുന്നു അവരുടെ ചിന്താഗതി. ഇതിന്റെ ഫലമായി കയ്യുക്കുള്ളവനവിടെ കാര്യക്കാരനാവുകയാണുണ്ടായത്.
അറേബ്യയുടെ അയല്‍ രാജ്യങ്ങളായ പേര്‍ഷ്യയും ബൈസന്റയിന്‍ സാമ്രാജ്യവും പരസ്പരം ശത്രുക്കളായിരുന്നു. വടക്കേ അതിര്‍ത്തിയിലെ ഗോത്രങ്ങളെ ഈ രണ്ടു ശക്തികളും സ്വാധീനിക്കാറുണ്ടായിരുന്നു. പണം വാങ്ങി കൂറുമാറുക ഈ ഗോത്രങ്ങളുടെ ഒരു സ്വഭാവമായിരുന്നത് കാരണം വടക്കനതിര്‍ത്തിയില്‍ എപ്പോഴും അസ്വസ്ഥത നിലനിന്നിരുന്നു. ആറാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് അബിസീനിയക്കാര്‍ തെക്കേ അറേബ്യയില്‍ രാഷ്ട്രീയാധികാരം സ്ഥാപിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെടുകയാണുണ്ടായത്. ചുരുക്കത്തില്‍ അനൈക്യവും അസ്വസ്ഥതയും തളം കെട്ടിനല്‍ക്കുന്ന രാഷ്ട്രീയ അന്തരീക്ഷമായിരുന്നു അറേബ്യയിലെങ്ങും.
പ്രവാചകന് മുമ്പുള്ള അറബികള്‍ ബഹുദൈവാരാധകരായിരുന്നു. അറേബ്യയിലെ പ്രധാന ദേവാലയമായ കഅ്ബയില്‍ 360 വിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചിരുന്നു. പരമാധികാരിയായ ഒരു പരാശക്തിയില്‍ അറബികള്‍ വിശ്വസിച്ചിരുന്നുവെങ്കിലും ഓരോ ഗോത്രത്തിനും ഓരോ കുല ദൈവങ്ങളുണ്ടായിരുന്നു. ഇവര്‍ മുഖേനയേ യഥാര്‍ത്ഥ ദൈവത്തെ സമീപിക്കാനാവൂ എന്നാണവര്‍ വിശ്വസികച്ചിരുന്നത്. ‘ആരാണ് ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്‌പ്പെടുത്തിയിരിക്കുകയും  ചെയ്തിട്ടുള്ളത് എന്ന് നീ അവരോട് ചോദിച്ചാല്‍ അവര്‍ തീര്‍ച്ചയായും പറയും: ‘അല്ലാഹു’ അപ്പോള്‍ എങ്ങനെ അവര്‍ (സത്യത്തെ വിട്ടു) തിരിക്കപ്പെടുന്നു? (ഖു: 9- 61) എന്നാല്‍ യഥാര്‍ത്ഥ ദൈവത്തെ വിട്ട് വദ്ദ്, ഉസ്സ, സുവാഅ്, ഹുബൂല്‍, യാഖൂത്ത്, നസര്‍, മനാത്ത്, ലാത്ത് എന്നീ ദൈവങ്ങളെ അവര്‍ ആരാധിച്ചു. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നീചവും നിന്ദ്യവുമായ ഒരു സ്ഥാനമാണ് അറബികള്‍ നല്‍കിയിരുന്നതെങ്കിലും അവര്‍ ധാരാളം ദേവിമാരെ ആരാധിച്ചിരുന്നു. ദൈവത്തിന്റെ പുത്രിമാരായിരുന്നു ഇവര്‍ എന്നാണ് അവര്‍ വിശ്വസിച്ചത്. ലാത്ത, ഉസ്സ, മനാത്ത് എന്നിവരായിരുന്നു പ്രധാന ദേവിമാര്‍. ചുരുക്കം ചില ക്രിസ്ത്യാനികളും ജൂതന്‍മാരും അറേബ്യയില്‍ നിവസിച്ചിരുന്നുവെങ്കിലും അവര്‍ക്ക് അവര്‍ക്ക് അറബികളുടെ മത ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നില്ല. അറബികള്‍ക്ക് മതം അത്ര വലിയ പ്രശ്‌നമൊന്നു മായിരുന്നില്ല. ഇമ്‌റുല്‍ ഖൈസ് എന്ന അറബിക്കവിയുടെ ചരിത്രം ഇതു വ്യക്തമാക്കുന്നു. ഒരു പ്രധാന കാര്യത്തിനു പോവുകയാണെങ്കില്‍ അറബികള്‍ ശകുനം നോക്കാറുണ്ടായിരുന്നു. ശകുനം നോക്കാന്‍ ഒരു പ്രത്യേക രീതിയാണ് അവര്‍ സ്വീകരിച്ചിരുന്നത്. ഒരു ആവനാഴിയില്‍ മൂന്ന് അമ്പുകള്‍ നിക്ഷേപിക്കും. ഒന്നിന്‍മേല്‍ ‘ചെയ്യുക’ എന്നും മറ്റൊന്നില്‍ ‘ചെയ്യരുത്’ എന്നും മൂന്നാമതൊന്നില്‍  ‘(ശരിയായ സന്ദര്‍ഭത്തിനു വേണ്ടി) കാത്തിരിക്കുക’ എന്നും എഴുതി വെക്കും. ആവനാഴിയുമായി അമ്പലത്തില്‍ പോയി പ്രതിഷ്ഠക്കുമുമ്പില്‍ വെച്ച് കണ്ണടച്ച് അതില്‍ നിന്ന് ഒരമ്പ് എടുക്കും. ആ അമ്പിന്‍മേലുള്ള നിര്‍ദേശത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും. ഇമ്‌റുല്‍ ഖൈസിന്റെ പിതാവിനെ ആരോ വധിച്ചു. അതിനു പ്രതികാരം ചോദിക്കാന്‍ പുറപ്പെടുന്നതിന്നു മുമ്പ് ശകുനം നോക്കി. ‘ചെയ്യരുത് ‘ എന്ന നിര്‍ദേശമാണ് ലഭിച്ചത് ഇമ്‌റുല്‍ ഖൈസിന്റെ മുഖം ചുവന്നു. ‘തന്റെ പിതാവാണ് കൊല്ലപ്പെട്ടിരുന്നതെങ്കില്‍ താനിങ്ങനെ ചെയ്യുമായിരുന്നോ?’ എന്ന് ചോദിച്ചു കൊണ്ട് പ്രതിഷ്ഠയെടുത്ത് ഒരേറ് കൊടുത്തു (Philip k. Hittii, History of The Arabs P 96) പ്രതികാരം ചെയ്യാന്‍ തന്നെ തീരുമാനിച്ചു കൊണ്ട് അമ്പലത്തില്‍ നിന്ന് ഇറങ്ങിപ്പോയി. പൊതുവില്‍ മതകാര്യങ്ങളോടുള്ള മനോഭാവം ഇതു കാണിക്കുന്നു.
ചില അദൃശ്യ ശക്തികളില്‍ അവര്‍ വിശ്വസിച്ചിരുന്നു. അവയെ ‘ജിന്ന്’ എന്നാണവര്‍ പറഞ്ഞിരുന്നത്. അവക്ക് ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയുമെന്നായിരുന്നു അവരുടെ ധാരണ. ചീത്ത ജിന്നുകളെ ‘ശൈത്താന്‍’ എന്നവര്‍ വിളിച്ചു. ചില വ്യക്തികള്‍ക്ക് ചെകുത്താന്‍ സേവയോടെ ഭാവി പ്രവചിക്കാന്‍ കഴിയുമെന്നവര്‍ വിശ്വസിച്ചിരന്നു. അത്തരം വ്യക്തികളെ ‘കാഹിനുകള്‍’ (ജോത്സ്യന്‍മാര്‍) എന്നാണ് പറഞ്ഞിരുന്നത്. അവര്‍ക്ക് സമൂഹത്തില്‍ ഉന്നത സ്ഥാനമുണ്ടായിരുന്നു. നഗ്‌നമായി കഅബ ദേവാലയം പ്രദിക്ഷണം വെക്കുന്നത് ഒരു വലിയ പുണ്യകര്‍മമായി അവര്‍ കരുതി. ഗ്രഹങ്ങളെയും ദൈവങ്ങളായി അവര്‍ കണക്കാക്കി.
സാമൂഹ്യരംഗം 
സ്ത്രീകളുടെ സ്ഥിതി പരിതാപകരമായിരുന്നു. ഒരു വ്യക്തിക്ക് എത്ര സ്ത്രീകളെ വേണമെങ്കിലും ഭാര്യമാരായി സ്വീകരിക്കാം. നിയമാനുസൃതം വിവാഹം ചെയ്ത ഭാര്യമാരെ കൂടാതെ പരസ്ത്രീകളുമായി ലൈംഗീക ബന്ധം സ്ഥാപിക്കുന്നതിനും വിരോധമുണ്ടായിരുന്നില്ല. വിവാഹ മോചനത്തിന് പ്രതിബന്ധങ്ങളില്ലായിരുന്നു. എപ്പോള്‍ വേണമെങ്കിലും ഇഷ്ടാനുസരണം പുരുഷന്‍മാര്‍ക്ക് വിവാഹ മോചനം നടത്താം. ലൈംഗികമായ അരാചകത്വം സര്‍വ്വത്ര പ്രകടമായിരുന്നു. ഒരു പെണ്‍കുട്ടിയുടെ ജനനം പലപ്പോഴും പിതാവിനെ വ്യാകുലപ്പെടുയിരുന്നു. പെണ്‍കുട്ടി ജനിച്ചു എന്നറഞ്ഞാല്‍ വേദനകൊണ്ടും ദേഷ്യം കൊണ്ടും അവന്റെ മുഖം വിവര്‍ണമാകും. അപമാനം കൊണ്ട് സ്‌നേഹിതന്‍മാരില്‍ നിന്നും അകന്നു പോകുകയും, ചിലപ്പോള്‍ ആ പെണ്‍കുട്ടിയെ ജീവനോടെ കുഴിച്ചു മൂടുകയും ചെയ്തിരുന്നു. സ്ത്രീകളെ അനന്തരാവകാശമായി ലഭിക്കാവുന്ന ഒരു സ്വത്തായിട്ടാണ് അറബികള്‍ കണ്ടത്. അങ്ങനെ മകന് അച്ഛന്റെ ഭാര്യമാരെ അനന്തരാവകാശമായി ലഭിച്ചിരുന്നു. ഖുര്‍ആന്‍ ഈ ആചാരത്തെ നിരോധിച്ചു. ‘സ്ത്രീകളില്‍ നിന്ന് നിങ്ങളുടെ പിതാക്കള്‍ വിവാഹം ചെയ്തവരെ നിങ്ങള്‍ വിവാഹം കഴിക്കരുത്. (മുമ്പ്) കഴിഞ്ഞു പോയതൊഴിച്ച്: തീര്‍ച്ചയായും ഇത് നീചവും നിന്ദ്യവുമാണ്. ഒരു ചീത്ത വഴിയുമത്രെ.’ (4: 22)
ചൂതുകളിയും മദ്യപാനവും സാംസ്‌കാരിക ജീവിതത്തിന്റെ ചിഹ്നങ്ങളായി കണക്കാക്കപ്പെട്ടിരുന്നു. ഞാന്‍ മരിച്ചാല്‍, ഒരു കവി തന്റെ അന്ത്യാഭിലാഷമെന്ന നിലക്ക് ഭാര്യയോട് ഉപദേശിച്ചു: ‘വിനയനും, ശക്തികുറഞ്ഞവനും, ചൂതു കളിക്കാത്തവനുമായ ഒരാളെ നീ വിവാഹം കഴിക്കരുത്.’ തറഫ എന്ന മറ്റൊരു അറബിക്കവി പാടി: യുദ്ധവും മദ്യവും മദിരാക്ഷിയുമുണ്ടായിരുന്നില്ലെങ്കില്‍ ജീവിതത്തിന് എന്ത് അര്‍ത്ഥമാണുള്ളത്.
ഒരു ഗോത്രത്തെ പരിചയപ്പെടുത്തിക്കൊണ്ട് ഒരറബിക്കവി പാടി:-
അവരാണു മനുജരിലേറ്റവുമന്നത
രവരുടെ മേന്‍മകള്‍ കേട്ടിടേണ്ടേ?
മദ്യപാനത്തിന്റെ കാര്യത്തിലവരുടെ
പൂര്‍വ്വ പിതാക്കളെ വെല്ലാനാരാ?
ജീവിതത്തെ ക്കുറിച്ച് മറ്റൊരു കവി പാടിയതിങ്ങനെയാണ്:
‘നുരയുന്ന കള്ളും പൊരിച്ചിറച്ചിയും
പരസ്പരം ചേര്‍ന്നാലുയരുമാവേശം
നുകര്‍ന്നു കൊണ്ടുള്ള യോട്ട മത്സരം.
ഒട്ടകങ്ങളെ കവച്ചു വെക്കലും
അവളെ പ്രാപിക്കാനുള്ള തിടുക്കത്തില്‍
കിതച്ചു കൊണ്ടുള്ള കുതിച്ചു പാച്ചിലും
സുവര്‍ണ്ണ വസ്ത്രങ്ങള്‍ വലിച്ചിഴക്കുന്ന
പ്രതിമ പോലുള്ള വെളുത്ത പെണ്ണിനെ
സംഗീതമധുരി പണക്കൂമ്പാരങ്ങ
ളിവയാണു ജീവസുഖങ്ങള്‍ നിശ്ചയം.
മനുഷ്യനോ കാലയൊഴുക്കില്‍ പൊട്ടൊരു
ഇരയാണു കാലം സമയ മാറ്റവും.
സുദീര്‍ഘ ജീവിതം, ചെറുതാണെങ്കിലും
മഹത്തരമാണേല്‍ ലല്ലയെങ്കിലും
എല്ലാം കണക്കുതന്‍ന്നെല്ലാ മവസാനം
മരണത്തില്‍ ചെന്നങ്ങവസാനിക്കുന്നു.
മറ്റൊരു കവി തന്റെ യുദ്ധമനോഭാവത്തെ പുകഴ്ത്തിയത് ഇങ്ങനെയാണ്.
ജനതതികളെ നയിച്ചിരന്നപ്പോള്‍
പ്രതിബന്ധങ്ങളെ ചെറുത്ത് നിന്ന് ഞാന്‍
സിംഹത്തെപ്പോലെ ചെറുത്തസംഭവം
‘മുലൈഖ’ യാമന്റെ സഖിക്കറിയുമേ,
വേട്ടയാടുമ്പോള്‍ പിടിക്കും ജന്തുക്കള്‍
വിതരണം ചെയ്യാന്‍ മടിച്ചിട്ടല്ല ഞാന്‍
പലരും പോകുവാന്‍ ഭയപ്പെടുന്നേടം
തനിച്ചുപോയി ഞാന്‍ സുധീരചിത്തനായ്
അറുത്തു ഞാനന്റെ സവാരി ജീവിയെ
ച്ചങ്ങാതികള്‍ക്കായി സദ്യയൊരുക്കുവാന്‍
മടിച്ചിട്ടില്ല ഞാന്‍ മോഹനാങ്കികള്‍
പാട്ടുകാരിക്കായ് പണയം വെക്കുവാന്‍
കുന്തമുനകളാല്‍ ചീറിയടുക്കുമ്പോള്‍
പടക്കുതരികളന്തിച്ചു നില്‍ക്കവെ
ശത്രുനിരകളെ എതിര്‍ത്തു നീങ്ങുവാന്‍
എന്‍കരങ്ങളെ മുന്നിട്ടു നിന്നുള്ളൂ
വെട്ടുകിളിക്കുട്ടം പോലെയെന്റെമേല്‍
ശത്രുക്കളൊന്നായങ്ങാഞ്ഞടിച്ചീടവെ
അവയെ നേരിട്ടു തടുത്തു നിര്‍ത്തി ഞാന്‍
അവരുടെ കുന്തം പിടിച്ചെടുത്തു ഞാന്‍
ദാരിദ്രത്തെ ഭയന്ന് പിഞ്ചുപൈതങ്ങളെ കൊല്ലാന്‍ മാത്രം ക്രൂരമായിരുന്നു അറബി ഹൃദയം. ഖുര്‍ആന്‍ അറബികളുടെ ഈ സ്വഭാവത്തെ നിരോധിച്ചത് കാണുക: ‘ദാരിദ്രത്തെ ഭയന്ന് കൊണ്ട് നിങ്ങളുടെ സന്താനത്തെ നിങ്ങള്‍ കൊല്ലരുത്. അവര്‍ക്കും നിങ്ങള്‍ക്കും ഭക്ഷണം നല്‍കുന്നത് നാമാണ്, അവരെ വധിക്കുകയെന്നത് അതിനിന്ദ്യമായ പാപമത്രെ.'(6: 512) ചില, ആധുനിക യൂറോപ്യന്‍ പ്രചോദനമുള്‍കൊണ്ട എഴുത്തുകാര്‍ ജാഹിലയാ അറബികളില്‍ ശിശുഹത്യ വ്യാപകമായിരുന്നില്ല എന്നെഴുതാറുണ്ട്. ഖുര്‍ആനില്‍ ശിശുഹത്യയെ നിരോധിച്ചു പറഞ്ഞതും, പ്രവാചകന്‍ മക്കാവിജയവേളയില്‍ അദ്ദേഹത്തെ കാണാന്‍ ചെന്ന വനിതകളില്‍ നിന്ന് ‘ശിശുഹത്യ നടത്തുകയില്ല’ എന്ന് ഉറപ്പു വാങ്ങിയ സംഭവം കാണിക്കുന്നത് ശിശുഹത്യ വ്യാപകമായിരുന്നു എന്നതുതന്നെയാണ്. ജീവനുള്ള ഒട്ടകത്തിന്റെ ശരീരത്തില്‍ നിന്ന് മാംസം മുറിച്ചെടുത്ത് കൊണ്ട് കറിവെക്കുക സാധാരണയായിരുന്നു. മാംസം മുറിച്ചെടുത്ത ശേഷം ഒട്ടകത്തെ വിട്ടേക്കും. ഒന്നോ രണ്ടോ മാസങ്ങള്‍ക്കു ശേഷം അതിന്റെ മുറിവ് ഉണങ്ങിയാല്‍ വീണ്ടും മറ്റൊരു കഷ്ണം മുറിച്ചെടുക്കും. അതിലൊരപാകതയും ദര്‍ശിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.
അറേബ്യയില്‍ ധാരാളം അടിമളുണ്ടായിരുന്നു. അവരുടെ സ്ഥിതി ദയനീയമായിരുന്നു. യാതൊരു സ്വാതന്ത്യവും അവര്‍ക്ക് നല്‍കപ്പെട്ടിരുന്നില്ല. അവരെ യജമാനന്‍മാര്‍ നിഷ്‌കരുണം അടിക്കാറുണ്ടായിരുന്നു. ആവശ്യത്തിന്ന് ഭക്ഷണമോ വസ്ത്രമോ അവര്‍ക്ക് നല്‍കിയിരുന്നില്ല.
ഗോത്രമനോഭാവം അറേബ്യന്‍ ജനജീവിതത്തിന്റെ ഒരു പ്രധാന സ്വഭാവമായിരുന്നു. ഗോത്രഭിമാനത്തിന്റെ പേരില്‍ എന്തും ചെയ്യാനവര്‍ മടികാണിച്ചിരുന്നില്ല. തന്റെ ഗോത്രത്തില്‍ പെട്ട ഒരു വ്യക്തി എന്തെങ്കിലും ചെയ്താല്‍ അത് തെറ്റോ ശരിയോ എന്നവര്‍ വിചിന്തനം ചെയ്തിരുന്നില്ല. ‘ഞങ്ങള്‍ വിശദീകരണം ആവശ്യപ്പെടുകയില്ല’. ഒരറബിക്കവി പാടി: ഞങ്ങളുടെ ഏതെങ്കിലും ഒരു സഹോദരന്‍ സഹായം അഭ്യര്‍ത്ഥിച്ചാല്‍ അവനെ സഹായിക്കാന്‍ ഞങ്ങള്‍ ഒന്നിച്ചും ഒറ്റക്കെട്ടായും മുന്നോട്ടു കുതിക്കും. ‘അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും സഹോദരനെ സഹായിക്കുക’ എന്നതായിരുന്നു അവരുടെ അംഗീകൃത സ്വഭാവം.
കവിതകള്‍ക്ക് അറേബ്യയില്‍ മാന്യായ ഒരു സ്ഥാനം നല്‍കപ്പെട്ടിരുന്നു. ഓരോ ഗോത്രവും അവരിലുള്ള കവികളെക്കുറിച്ച് അഭിമാനം കൊള്ളാറുണ്ടായിരുന്നു. ജനങ്ങളുടെ മേല്‍ ചിലപ്പോള്‍ ഗോത്രത്തലവനേക്കാളും കൂടുതല്‍ സ്വാധീനം കവികള്‍ക്കുണ്ടായിരുന്നു. അക്ഷരജ്ഞാനം കുറവായിരുന്നുവെങ്കിലും ജനങ്ങള്‍ക്ക് പൊതുവില്‍ സാഹിത്യാഭിരുചിയുണ്ടായിരുന്നു. പ്രവാചകന് മുമ്പും ഓരോ കൊല്ലവും അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ തീര്‍ത്ഥാടനാര്‍ത്ഥം മക്കയില്‍ സമ്മേളിക്കും. സമ്മേളന ദിവസങ്ങളില്‍ സാഹിത്യ മത്സരവും കായിക മത്സരവും സംഘടിപ്പിക്കാറുണ്ടായിരുന്നു. അവര്‍ അവിടെ വെച്ച് ഏറ്റവും നല്ല കവികളെ തിരഞ്ഞെടുക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുക്കപ്പെട്ട കവിതകള്‍ മക്കയിലെ പ്രധാന ദേവാലയമായ കഅ്ബയുടെ ചുമരുകളില്‍ തൂക്കാറുണ്ടായിരുന്നു. അത്തരം കവിതകളെ മുഅല്ലഖാത് എന്നത്രെ പറഞ്ഞിരുന്നത്.
സാമ്പത്തിക രംഗം 
അറേബ്യ ഒരു മണലാരണ്യമായതു കൊണ്ട് കൃഷി ദുഷ്‌ക്കരമായിരുന്നു. അവര്‍ക്ക് ജീവിതായോധാനത്തിന് മറ്റു മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടിയിരുന്നു. അവരില്‍ ചിലര്‍ കാലിവളര്‍ത്തല്‍ ഉപജീവനമായെടുത്തപ്പോള്‍ വേറെ ചിലര്‍ കച്ചവടത്തെയാണ് ആശ്രയിച്ചത്. കച്ചവടത്തെ ആശ്രയിച്ച് ജീവിക്കുന്നവര്‍ പോലും ഒരു ഭാഗത്ത് സ്ഥിരമായി താമസിച്ചിരുന്നില്ല. കാലിവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരുന്നവര്‍ മേച്ചില്‍ സ്ഥലങ്ങളമുന്വേഷിച്ച് അവിടവിടെ ചുറ്റിത്തിരിഞ്ഞു.~ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കുന്നവര്‍ കുറവായിരുന്നതുകൊണ്ട് വളരെകുറച്ച് പട്ടങ്ങണങ്ങളെ അറേബ്യയിലുണ്ടായിരുന്നുള്ളൂ. മക്കയും, മദീനയും സന്‍ആഉമായിരുന്നു അവയില്‍ പ്രധാനപ്പെട്ടവ. വളരെക്കാലം മുമ്പുമുതലേ അറബികള്‍ വിദേശരാജ്യങ്ങളുമായി കച്ചവടബന്ധം പുലര്‍ത്തിയിരുന്നു. റോമന്‍ ചരിത്രകാരനായ പ്ലീനി, അദ്ദേഹത്തിന്റെ കാലത്തുതന്നെ അറബികള്‍ കച്ചവടവും പിടിച്ചുപറിയും ജീവിതവൃത്തിയായി സ്വീകരിച്ച ഒരു ജനവിഭാഗമായിരുന്നു എന്ന് രേഖപ്പെടുത്തയിട്ടുണ്ട്. മക്കയിലെ തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ‘ഉക്കാസ്’ എന്ന പേരില്‍ ഒരാഘോഷം സംഘടിപ്പിക്കപ്പെട്ടിരുന്നു. അതൊരു വ്യവസായ സാഹിത്യ മേളയായിരുന്നു.നാടിന്റെ നാനാഭാഗത്തു നിന്നും ജനങ്ങള്‍ മക്കയില്‍ ഒരുമിച്ചുകൂടി ‘ഉക്കാസ്’ ഉത്സവ വേളകളില്‍ ക്രയവിക്രയം ചെയ്യും. ഇതില്‍ വിദേശികളും പങ്കെടുത്തിരുന്നു.
വിദേശ വ്യാപാരത്തില്‍ അറബികള്‍ ഒരുതരം പരസ്പര സഹായ(co-operative) വ്യവസ്ഥക്ക് രൂപം കൊടുത്തു. ഈ വ്യവസ്ഥ പ്രകാരം കുറേപേര്‍ മൂലധനമിറക്കിക്കൊണ്ട് ഒരു സാര്‍ത്ഥവാഹക സംഘത്തെ സംഘടിപ്പിക്കുകയും, അതില്‍നിന്നു കിട്ടുന്ന ലാഭം മുടക്കുമുതലിന്റെ തോതനുസരിച്ച് വീതിച്ചെടുക്കുകയും ചെയ്തിരുന്നു. വ്യവസായ രംഗത്ത് കടംവാങ്ങിക്കുകയും കൊടുക്കുകയും ചെയ്യുക എന്നത് സാധാരണമായിരുന്നു. ഇങ്ങിനെ പണം വാങ്ങുകയും കൊടുക്കുകയും ചെയ്യുമ്പോള്‍ ഉയര്‍ന്ന തോതില്‍ പലിശ ഈടാക്കും. കൂട്ടുപലിശയും നിലവിലുണ്ടായിരുന്നു. കടം വാങ്ങിച്ച പണം സമയത്തിന് മടക്കികൊടുത്തില്ലെങ്കില്‍ മുതലിനോടുകൂടി പലിശയും കുടും. തന്മൂലം പണക്കാര്‍ക്ക്  പാവങ്ങളെ ചൂഷണം ചെയ്യാന്‍ സൗകര്യമുണ്ടായിരുന്നു. അവരത് ഉപയോഗപ്പെടുത്തകയും ചെയ്തിരുന്നു. ചുരുക്കത്തില്‍ മലീമസമായ ഒരു സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയാന്തരീക്ഷമാണ് പശ്ചിമേഷ്യയിലെങ്ങുമുണ്ടായിരുന്നത്.
ലോകത്തിന്റെ സ്ഥിതിതന്നെ മൊത്തത്തില്‍ ഇതില്‍നിന്ന് ഭിന്നമായിരുന്നില്ല. യൂറോപ്പു മുഴുവനും ചെറിയ ചെറിയ നാട്ടുപ്രമാണിമാരുടെ അധീനത്തിലായിരുന്നു. ഒരു പൊതു നിയമമുണ്ടായിരുന്നില്ല. പ്രഭുവിന് തോന്നുന്നതായിരുന്നു നിയമം. പ്രഭുവിന് തോന്നിയ രീതിയിലായിരുന്നു നീതി നടത്തുക. ഉദാഹരണമായി, ചില പ്രഭുക്കള്‍ അന്യായക്കരനോടും പ്രതിയോടും പരസ്പരം ഗുസ്തിപിടിക്കാന്‍ പറയും. ജയിച്ചവര്‍ പറയുന്നത് സത്യമാണെന്ന് വിധിയെഴുതും. ചിലപ്പോള്‍ പ്രതിയോട് തീക്കനലില്‍ കാലുകുത്താന്‍ പറയും. എന്നിട്ട് നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ മുറിവുണങ്ങിയാല്‍ അവന്‍ നിരപരാധിയായി ഗണിക്കപ്പെടും. പ്രഭക്കുളുടെ അനുവാദമില്ലാതെ കുടിയന്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ പാടുണ്ടായിരുന്നില്ല. മക്കളുടെ വിവാഹം നടത്താന്‍പോലും കുടിയാന്‍മാര്‍ക്ക് ജന്‍മിമാരുടെ സമ്മതം ആവശ്യമായിരുന്നു. ജന്മിയുടെ വയലില്‍ കൂലിയില്ലാതെ ചിലദിവസങ്ങളില്‍ കുടിയാന്‍ ജോലി ചെയ്യണമെന്നത് ഒരു അലിഖിത നിയമമായിരുന്നു. യുദ്ധം ചെയ്യല്‍ പ്രഭുക്കളുടെ ഒരു നേരംമ്പോക്കായിരുന്നു. ക്രിസ്തീയ മതത്തില്‍ സന്യാസിമഠങ്ങള്‍ ഒരു പ്രധാനഘടകമായി മാറിക്കഴിഞ്ഞിരുന്നു. തുടക്കത്തില്‍ അതിന്നുണ്ടായിരുന്ന നല്ല ഫലങ്ങള്‍ മെല്ലെ മെല്ലെ തിരോധാനം ചെയ്തുകൊണ്ടിരുന്നു.
പേര്‍ഷ്യയില്‍ രാജാവിനെ ‘ദൈവത്തിന്റെ പ്രതിഛായ’ യായാണ് ഗണിച്ചിരുന്നത്. രാജാവിനു മുമ്പില്‍ പ്രചകള്‍ സാഷ്ടാംഗം നമിച്ചിരുന്നു. ചീനക്കാര്‍ പൂര്‍വ്വികന്‍മാരെ ആരാധിക്കുന്നതില്‍ മുഴുകിയപ്പോള്‍ ഇന്ത്യയില്‍ ബ്രഹ്മണമതം അശോകന്നു ശേഷം വീണ്ടും ശക്തിപ്രാപിക്കുകയുണ്ടായിരുന്നു. ജാതിവ്യവസ്ഥയും, മൃഗ ബലിയും, ബ്രഹ്മണ മേധാവിത്വവും പുന:പ്രതിഷ്ഠിക്കപ്പെട്ടു. 

 

4 സത്യസന്ധനായൊരു മനുഷ്യന്‍ 
സത്യസന്ധനും വിശ്വസ്തനുമായിരുന്നു മുഹമ്മദ് നബി. പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് വിശ്വാസ്തനായ വ്യക്തിയാണ് മുഹമ്മദ് നബി എന്ന് അദ്ദേഹത്തിന്റെ നാട്ടുകാരെല്ലാം അംഗീകരിക്കുകയും പറയുകയും ചെയ്തിരുന്നു. ‘അല്‍അമീന്‍’ അഥവാ വിശ്വസ്തന്‍ എന്ന നാമത്തില്‍ അദ്ദേഹം അറിയപ്പെടുകകൂടി ചെയ്തു.
മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് മക്കയില്‍ നടന്ന ഒരു സംഭവം പരാമര്‍ശിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് അറബികള്‍ക്കുണ്ടായിരുന്ന അഭിപ്രായം വ്യക്തമാക്കാന്‍ സഹായിക്കും. മക്കയിലെ ‘കഅ്ബ’ ദേവാലയം പുനരുദ്ധരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു പ്രശ്‌നമുണ്ടായി. കഅ്ബയുടെ ചുമരിലുണ്ടായിരുന്ന ഹജറുല്‍ അസ്‌വദ് എന്ന ശില അതിന്റെ സ്ഥാനത്ത് എടുത്തു വെക്കുന്ന ബഹുമതി ഓരോ ഗോത്രത്തിനും വേണമെന്ന് ഗോത്രനേതാക്കള്‍ ശഠിച്ചു. പ്രശ്‌നം ഒരു യുദ്ധത്തിന്റെ വക്കോളമെത്തി. അപ്പോള്‍ അവരിലൊരാള്‍ പ്രശ്‌നം പരിഹരിക്കാന്‍ ഒരു നിര്‍ദേശം മുന്നോട്ടുവെച്ചു. ഇനി ആദ്യമായി കഅബയില്‍ പ്രവേശിക്കുന്ന ആളുടെ തീരുമാനത്തിന് പ്രശ്‌നം വിട്ടുകൊടുക്കാം എന്നതായിരുന്നു നിര്‍ദേശം. പിന്നീടവിടെ ആദ്യമായി പ്രവേശിച്ചത് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമായിരുന്നു.


(തെളിച്ചം മാസിക, ദാറുല്‍ഹുദാ, ചെമ്മാട്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter