റബീഅ് - ഹൃദയ വസന്തം ലോകത്ത് വേറെ ആരാ ഇങ്ങനെയുള്ളത്...
ഒരു മനുഷ്യൻ നിന്നതും ഇരുന്നതും കിടന്നതും നടന്നതും പല്ലുതേച്ചതും നഖം വെട്ടിയതും കുളിച്ചതും പ്രാർഥിച്ചതും ചിരിച്ചതും കരഞ്ഞതും കുടിച്ചതും തിന്നതും പട്ടിണി കിടന്നതും ഉറങ്ങിയതും സ്വപ്നം കണ്ടതും സ്നേഹിച്ചതും ഭാര്യമാരെ പ്രണയിച്ചതും യാത്രചെയ്തതും യുദ്ധം നടത്തിയതും മുഴുവൻ, കൂടെ നടന്നും കണ്ടും ചോദിച്ചുമനസ്സിലാക്കിയും ആവേശത്തോടെ ചുറ്റും ജീവിച്ച അനുയായികൾ പഠിച്ചെടുക്കുക. അമ്പരപ്പിക്കുന്ന സുതാര്യതയോടെ ഈ മനുഷ്യൻ അനുയായികൾക്കിടയിൽ തന്നെ ഇടപഴകി ജീവിക്കുകയും സർസമ്മതനായി വേർപ്പെടുകയും ചെയ്യുക.
പ്രസ്തുത ജീവിതം മുഴുവൻ അനുയായികൾ ഇഞ്ചോടിഞ്ച് അനുകരിക്കുകയും, അനുകരിക്കേണ്ട രീതി മറുനാട്ടുകാർക്കും ഭൂഖണ്ഡങ്ങൾക്കപ്പുറമുള്ളവർക്കും എത്തിച്ചു കൊടുക്കുക. അവ എത്തിച്ച് കൊടുക്കുന്നതിൻറെ സുതാര്യത ഉറപ്പുവരുത്തുന്നതിന് വേണ്ടി മാത്രം ഒരു ശാസ്ത്രശാഖ തന്നെ രൂപപ്പെടുക. പ്രസ്തുത ശാസ്ത്രശാഖപഠിക്കാനും അതനുസരിച്ച് ഈ മനുഷ്യൻറെ വാക്കും പ്രവൃത്തിയും മൗനസമ്മതവും രേഖപ്പെടുത്താൻ വേണ്ടി അത്യധികം ബുദ്ധിജീവികളായ, അപാരമായ സത്യസന്ധത പുലർത്തുന്ന ആയിരക്കണക്കിന് മനുഷ്യർ ആയിരക്കണക്കിന് മൈലുകൾ താണ്ടി ഭൂഖണ്ഡാന്തര യാത്രകൾ നടത്തുക. ഇങ്ങനെ സമാഹരിക്കപ്പെട്ട പ്രസ്തുത ജീവിതത്തിൻറെ ചരിത്രരേഖകൾ അതിസൂക്ഷ്മമായി വിശകലനം ചെയ്യപ്പെടുകയും, ഈ വിശകലനങ്ങളിലൂടെ വികസിച്ചുവന്ന കാര്യങ്ങൾ പിന്നീട് വരുന്ന മില്യൺ കണക്കിന് മനുഷ്യരുടെ ജീവിതം മുന്നോട്ട് പോകുന്ന നിയമസംഹിതയായി രൂപം പ്രാപിക്കുകയും ചെയ്യുക.
ജ്ഞാനോത്പാദന മേഖലയിൽ ഈ മനുഷ്യൻ കത്തിച്ചുവിട്ട ഊർജ്ജത്തിൽ നിന്നും വെളിച്ചം സ്വീകരിച്ച് നാഗരികതകളും സാമ്രാജ്യങ്ങളും പടർന്നു പന്തലിക്കുക. യുദ്ധത്തടവുകാരായിരുന്ന അടിമകൾ പോലും ഈ നാഗരികതകളിൽ പണ്ഡിതരും നേതാക്കളും സാമ്രാജ്യങ്ങളുടെ ഭരണാധികാരികളുമായി മാറുക! നൂറ്റാണ്ടുകളോളം ലോകത്തിൻറെ ജ്ഞാനനിർമാണ ഭാഷ തന്നെ ഈ മനുഷ്യൻ സംസാരിച്ച ഭാഷയായി പരിണമിക്കുക.
മനുഷ്യനെന്ന ജീവിയുടെ ചരിത്രത്തിലെവിടെയും ഇങ്ങനെയൊരു അസാധാരണപ്രതിഭാസം സാധ്യമാക്കിയ മറ്റൊരാളില്ല, മുത്ത് റസൂൽ (സല്ലല്ലാഹു അലൈഹി വസല്ലം) അല്ലാതെ. അവിടുന്ന് ഒരു അസാധാരണ മനുഷ്യനാണ്, വജ്രവും മാണിക്യവും കല്ലുകളാണ്, പക്ഷെ സാധാരണ കല്ലുകളെപ്പോലെയല്ല, എന്നതു പോലെ.
പതിനഞ്ചുനൂറ്റാണ്ടു കാലം ഈ ഒഴുക്ക് മുടങ്ങാതെ തുടർന്നു കൊണ്ടിരിക്കുകയാണ്. സെൻട്രൽ ഏഷ്യ, ആഫ്രിക്ക, പശ്ചിമേഷ്യ, യൂറോപ്പ്, അമേരിക്ക ഇന്ത്യൻ ഉപഭൂഖണ്ഡം, ചൈന മലായ് ദ്വീപുകൾ ഓസ്ട്രേലിയ തുടങ്ങി അഖില പ്രദേശങ്ങളിലും ജീവിക്കുന്ന രണ്ട് ബില്യൺ മനുഷ്യർ അവിടുത്തെ അനിതരസാധാരണവും അത്രമേൽ സുതാര്യവുമായ ജീവിതം അനുസ്യൂതം അനുകരിച്ചുകൊണ്ട്, ജീവിതത്തിൽ പകർത്തിക്കൊണ്ടിരിക്കുന്നു.!
അവിടുത്തെ ചര്യയാണ് ചര്യ. അവിടത്തെ സുന്നത്ത് തന്നെയാണ് സുന്നത്ത്.
സല്ലല്ലാഹു അലൈഹിവസല്ലം.
Leave A Comment