അസ്ഹരി തങ്ങള്‍: മഖ്ദൂമിന്റെ ജ്ഞാനവഴിയില്‍ നടന്ന അതുല്യ പ്രതിഭ

 കേരളം കണ്ട പ്രമുഖ ജ്ഞാനികളില്‍ അഗ്രഗണ്യനായിരുന്നു അസ്ഹരി തങ്ങള്‍ എന്ന പേരില്‍ മലയാളികള്‍ക്കിടയില്‍ വിശ്രുതനായ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍. മഖ്ദൂമുമാര്‍ തുടങ്ങിവെച്ച ആഗോള വൈജ്ഞാനിക പ്രസരണം എന്ന അതി മഹത്തായ ആശയത്തെ കേരളീയ പരിസരത്തില്‍നിന്നും ലളിതസുന്ദരമായി സാധ്യമാക്കിയ ഇരുപതാം നൂറ്റാണ്ടിലെ പ്രതിഭയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകളായി കേരളം കാത്തുസൂക്ഷിച്ചിരുന്ന പാണ്ഡിത്യത്തിന്റെ അറബ് ബന്ധത്തെ അത് മങ്ങിക്കൊണ്ടിരുന്ന കാലത്ത് വികസിപ്പിച്ചെടുത്തുവെന്നതാണ് തങ്ങളുടെ വ്യക്തിത്വത്തിന്റെ ഏറ്റവും വലിയ തെളിച്ചം. പണ്ഡിതന്‍, ഗ്രന്ഥകാരന്‍, അധ്യാപകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ തുടങ്ങി തങ്ങള്‍ നടന്നുതീര്‍ത്ത ജാടകളില്ലാത്ത രാജവീഥികള്‍ ശ്രദ്ധേയമാണ്. ആഗോള പണ്ഡിതനും അന്തര്‍ദേശീയ മുസ്‌ലിം യൂണിവേഴ്‌സിറ്റികളിലെ അധ്യാപകനും ആയിരിക്കെത്തന്നെ കേരളമുസ്‌ലിംകളുടെ ആധികാരിക മതപണ്ഡിത സഭയുടെ അമരത്തെത്തിയെന്നതും ആ പാണ്ഡിത്യത്തിനു ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു.

കുടുംബത്തിന്റെ വേരുകള്‍

യമനിലെ ഹളര്‍മൗത്തില്‍നിന്നും 1800 കളില്‍ പ്രബോധനവുമായി കേരളത്തിലെത്തിയ അല്‍ ഐദറൂസി നബികുടുംബത്തിലേക്കാണ് തങ്ങളുടെ കുടുംബ പരമ്പര ചെന്നുമുട്ടുന്നത്. പൊന്നാനി വലിയ ജാറത്തിങ്ങല്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ഐദറൂസി എന്ന പണ്ഡിതനാണ് ഈ പരമ്പരയിലെ ആദ്യകാല പ്രധാനി. ഈ പരമ്പരയില്‍നിന്നും ഒരു ശാഖ പിന്നീട് തോട്ടുമുഖത്തേക്കും മറ്റൊന്ന് ഇടക്കഴിയൂരിലേക്കും മാറിത്താമസിക്കുകയുണ്ടായി. അങ്ങനെയാണ് ഐദറൂസികള്‍ കേരളത്തില്‍  പ്രചരിക്കുന്നത്. ഈ താവഴിയിലായി വന്ന മഹാ പ്രതിഭയായിരുന്നു അസ്ഹരി തങ്ങള്‍.

ജനനം

ഇടക്കഴിയൂര്‍ ശാഖയില്‍പെട്ട ജ്ഞാനിയും രിഫാഈ ഥരീഖത്തിന്റെ ശൈഖുമായിരുന്ന സയ്യിദ് മുഹമ്മദ് കൊച്ചുകോയ തങ്ങളുടെ മകനായി 1930 ലാണ് തങ്ങളുടെ ജനനം. ഫാത്വിമത്തു സുഹ്‌റ പൂക്കുഞ്ഞി ബീവിയാണ് മാതാവ്. കുന്ദംകുളത്തിനടുത്ത മരത്തംകോട് പ്രദേശത്തായിരുന്നു കുടുംബം. പിതാവ് കൊച്ചുകോയ തങ്ങള്‍ മതപണ്ഡിതനും തങ്ങന്മാരുടെ കൂട്ടത്തില്‍നിന്നും ആദ്യമായി ബാഖവി ബിരുദം നേടിയ ആളുമായിരുന്നു. 1921 ലാണ് അദ്ദേഹം പഠനം കഴിഞ്ഞ് തിരിച്ചെത്തിയത്. പിതാവ് തുറന്നുവെച്ച അറിവ് തേടിയുള്ള അപൂര്‍വ യാത്രകള്‍ മകനെയും ആവേശിച്ചുവെന്നുവേണം കരുതാന്‍. വിദ്യാഭ്യാസ യാത്രയില്‍ ആരും കടന്നുചെല്ലാത്ത വഴികളാണ് പിന്നീട് തന്റെ ജീവിതത്തിലുടനീളം യാത്ര ചെയ്യാനായി തങ്ങള്‍ തെരഞ്ഞെടുത്തിരുന്നത്.

വിദ്യാഭ്യാസത്തിന്റെ വഴിയില്‍

നാട്ടിലെ പ്രധാനിയും പണ്ഡിതനുമായിരുന്ന പിതാവില്‍നിന്നു തന്നെയായിരുന്നു അന്നത്തെ പതിവ് പോലെത്തന്നെ അസ്ഹരി തങ്ങളുടെയും പ്രാധമിക മത പഠനം. ഇത് തങ്ങള്‍ക്ക് അറിവിന്റെ ലോകത്ത് ശക്തമായൊരു അടിത്തറ നല്‍കി. അതിനു ശേഷം പിതാവിന്റെ സഹപാഠികളായിരുന്ന കേച്ചേരി മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, കല്ലൂര്‍ തറക്കണ്ടി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ ശിഷ്യന്‍ മുഹമ്മദ് മുസ്‌ലിയാര്‍, കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ അന്നത്തെ പ്രമുഖ പണ്ഡിതന്മാരില്‍നിന്ന് ദര്‍സ് പഠനം നടത്തി. കേരള മുസ്‌ലിം വിദ്യാഭ്യാസ മേഖലയില്‍ പഠിപ്പിക്കപ്പെട്ടിരുന്ന പ്രധാന കിത്താബുകളെല്ലാം പഠിക്കുന്നത് ഇക്കാലത്താണ്. തന്റെ സമ്പന്നമായ ഭാവി ജീവിതത്തിലേക്കുള്ള കളരികൂടിയായിരുന്നു ഈ അധ്യയന കാലങ്ങള്‍. ദര്‍സ് പഠനം കഴിഞ്ഞ തങ്ങള്‍ 1948 ല്‍ ഉപരിപഠനത്തിനായി ബാഖിയാത്തിലേക്കു വണ്ടികയറി. പില്‍ക്കാലത്ത് കേരളത്തില്‍ അറിയപ്പെട്ടിരുന്ന  പല പ്രമുഖരും അവിടെ പഠിക്കുകയോ ദര്‍സ് നടത്തുകയോ ചെയ്തിരുന്ന കാലമായിരുന്നു അത്. അവിടെനിന്നും ശൈഖുനാ ശംസുല്‍ ഉലമയുടെ ശിഷ്യത്വം വരിച്ചു. മൂന്നു വര്‍ഷത്തെ പഠനത്തിനു ശേഷം ബാഖവി ബിരുദം നേടി തങ്ങള്‍ 1951 ല്‍ നാട്ടിലേക്കു തന്നെ തിരിച്ചുവന്നു.

ബാഖിയാത്തിലെ കാലങ്ങള്‍

പില്‍ക്കാലത്ത് കേരളത്തിന്റെ ദര്‍സീ മേഖലയില്‍ ശ്രദ്ധേയരായ പല പ്രമുഖരും ബാഖിയാത്തിലെ പഠന കാലത്ത് തങ്ങളുടെ സഹപാഠികളായി ഉണ്ടായിരുന്നു. അവിരില്‍ ചിലര്‍ ഇവരാണ്: 1. കെ.സി. ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ 2. പൊടിയാട്ട് ബാപ്പു മുസ്‌ലിയാര്‍ 3. അഹ്മദ് ആലിം സാഹിബ് 4. അണ്ടോണ അബ്ദുല്ല മുസ്‌ലിയാര്‍ 5. കൈപ്പറ്റ കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാര്‍ 6. കാപ്പാട് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍

മുദരിസായി അധ്യാപന രംഗത്തേക്ക്

വെല്ലൂര്‍ ബാഖിയാത്തില്‍നിന്നും ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയ തങ്ങള്‍ 1951 ല്‍തന്നെ തലക്കടത്തൂര്‍ എന്ന പ്രദേശത്ത് പള്ളിദര്‍സില്‍ മുദരിസായി ചുമതലയേറ്റു. അന്നത്തെ സാധാരണ പണ്ഡിതരുടെയെല്ലാം രീതിയായിരുന്നു ഇത്. ഉപരിപഠനം കഴിഞ്ഞ് നാട്ടിലെത്തിയാല്‍ ഒരു മുദരിസായി സേവനമാരംഭിക്കുകയെന്നത്. തലക്കടത്തൂര്‍ ദര്‍സ് വളരെ ശ്രദ്ധേയമായിരുന്നു നൂറോളം വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കാനെത്തിയിരുന്നു. തന്റെ അധ്യാപന യാത്രയിലെ കന്നികാലമായിരുന്നിട്ടും തങ്ങളിത് വളരെ കാര്യബോധത്തോടെ കൈകാര്യം ചെയ്തുപോന്നു.

അറിവ് തേടി ദയൂബന്ദിലേക്ക്

വീണ്ടും വീണ്ടും പഠിക്കണമെന്ന ചിന്താഗതിക്കാരനായിരുന്നു തങ്ങള്‍. വിശ്വാസിയെ സമ്പന്ധിച്ചിടത്തോളം അറിവിന്റെ ആഴങ്ങള്‍ തേടി ഒരുപാട് യാത്രകള്‍ ചെയ്യണമെന്നും അത് തുടരണമെന്നും തങ്ങള്‍ മനസ്സിലാക്കി. അതിനാല്‍ ദര്‍സ് ജീവിതത്തില്‍ തന്നെ ഒതുങ്ങിക്കൂടാന്‍ ഒരിക്കലും ഇഷ്ടപ്പെട്ടില്ല. അതിനപ്പുറത്തേക്കും തനിക്ക് പലതും ചെയ്യാന്‍ കഴിയുമെന്ന് തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ചാലിലകത്തും മഖ്ദൂമീങ്ങളും തുറന്നുവെച്ച വിദ്യാഭ്യാസ വഴിയില്‍ യാത്ര തുടരാന്‍ തങ്ങള്‍ ആഗ്രഹിച്ചു. അങ്ങനെയാണ് ഉപരിപഠനത്തിനായി ദയൂബന്ദിലേക്ക് പുറപ്പെടുന്നത്. കുറഞ്ഞ വര്‍ഷം അവിടെ പഠിക്കുകയും ഖാസിമി ബിരുദം കരസ്ഥമാക്കുകയും ചെയ്തു. പഠന ശേഷം അദ്ദേഹം വീണ്ടും തലക്കടത്തൂരിലേക്കുതന്നെ തിരിച്ചുവന്ന് അവിടെ ദര്‍സ് തുടര്‍ന്നു.

അല്‍-അസ്ഹറില്‍ വിദ്യാര്‍ത്ഥിയായി

ബാഖവിയും ഖാസിമിയും മുദരിസുമായിരുന്ന തങ്ങള്‍ തന്റെ പഠനയാത്രക്ക് വിരാമമിടാന്‍ തയ്യാറായില്ല. അറിവിന്റെ പുതിയ ചക്രവാളങ്ങള്‍ തേടി ഈജിപ്തിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയായ അല്‍ അസ്ഹറിലേക്ക് തിരിക്കാനാണ്  പിന്നീട് തങ്ങള്‍ ആഗ്രഹിച്ചത്. ഇല്‍മിനോടുള്ള അടങ്ങാത്ത തൃഷ്ണയുടെ സാക്ഷാല്‍കാരമെന്നോണം താമസിയാതെ ഈജിപ്തിലേക്കു പുറപ്പെട്ടു. അവിടെ അല്‍-അസ്ഹറിലെ ആലിമിയ്യാ കോഴ്‌സില്‍ പഠിതാവായി ചേര്‍ന്നു. ഇന്ത്യയില്‍നിന്ന് ഭോപ്പാല്‍കാരായ രണ്ടുപേരും അന്ന് തങ്ങളോപ്പം അവിടെ പഠിച്ചിരുന്നു. എം.എ പഠനം പൂര്‍ത്തിയാക്കിയത് അസ്ഹറില്‍  വെച്ചായിരുന്നു.

കൈറോ യൂണിവേഴ്‌സിറ്റിയില്‍

അല്‍-അസ്ഹര്‍  പഠനശേഷം കൈറോ യൂണിവേഴ്‌സിറ്റിയില്‍നിന്നും തങ്ങള്‍ തന്റെ പഠനം തുടര്‍ന്നു. പിന്നീട് രിയാദിലെ മഅ്ഹദുല്‍ ദിറാസത്തുല്‍ ഇസ്‌ലാമിയ്യ എന്ന സ്ഥാപനത്തിലും കയറിയിറങ്ങി. പിഎച്ഡി വരെ നീളുന്നതായിരുന്നു ഈ പഠന യാത്രകള്‍. നീണ്ട പഠന യാത്രകള്‍ തങ്ങളെ അറബ് ലോകത്തെ തിരിച്ചറിയാന്‍ ശരിക്കും സഹായിച്ചു. അനവധി പണ്ഡിതരുമായി ബന്ധങ്ങള്‍ സ്ഥാപിക്കാനും ധാരാളം ഗ്രന്ഥാലയങ്ങള്‍ സന്ദര്‍ശിക്കാനും ഇക്കാലത്ത് തങ്ങള്‍ക്ക് കഴിഞ്ഞു. കേരളീയ പരിസരത്തില്‍നിന്നും ഒരു ആഗോള പണ്ഡിതന്‍ എന്ന തലത്തിലേക്ക് തങ്ങള്‍ വളരുന്നത് ഈയൊരു ചുറ്റുപാടില്‍നിന്നാണ്.

യൂണിവേഴ്‌സിറ്റികളില്‍ അധ്യാപകനായി

തന്റെ നീണ്ട കാലത്തെ പഠനത്തിനു ശേഷം അസ്ഹരി തങ്ങള്‍ അധ്യാപന മേഖലയിലേക്കു തിരിച്ചു. ആദ്യമായി ലിബിയയിലെ അല്‍ ബൈളാം മുഹമ്മദ് സനൂസി യൂണിവേഴ്‌സിറ്റിയിലാണ് ലക്ചററായി സേവനം ചെയ്യാന്‍ അവസരം ലഭിച്ചത്. രണ്ടു വര്‍ഷം അവിടെ പ്രവര്‍ത്തിച്ചു. ശേഷം, ഹജ്ജിനായി മക്കയിലേക്കു വരികയും പ്രവാചകരുടെ നാട്ടില്‍ അധ്യാപന പ്രവര്‍ത്തനങ്ങള്‍ക്കായി അവസരമൊരുങ്ങുകയും ചെയ്തു. തങ്ങളുടെ അസാധാരണമായ പാണ്ഡിത്യം തിരിച്ചറിഞ്ഞ അവിടത്തെ ചില പ്രധാനികള്‍ വാദി വാസിറിലെ ടീച്ചേഴ്‌സ് ട്രൈനിംഗ് കോളേജില്‍ തങ്ങളെ അധ്യാപകനായി നിയമിച്ചു. പ്രവാചകരുടെ ഒട്ടകം മുട്ടുകുത്തിയ ചരിത്രപ്രസിദ്ദമായ ഖുലൈസില്‍ തങ്ങള്‍ സേവനം ചെയ്തു. 19 വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്നതായിരുന്നു ഈ സേവനങ്ങള്‍. നജ്ദ് ഭാഗത്തും അഞ്ചു വര്‍ഷത്തോളം തങ്ങള്‍ സേവനം ചെയ്തിട്ടുണ്ട്. രിയാദ് യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട തങ്ങളുടെ ഈ സേവനങ്ങള്‍ സംഭവബഹുലമായ ആ ജീവിതത്തിന്റെ വലിയൊരു ഭാഗംതന്നെ കവര്‍ ചെയ്യുന്നതായിരുന്നു.

യാത്രകളും ആത്മികതയും

പഠന യാത്രകള്‍ക്കു പുറമെ അറബ്  ലോകത്തിന്റെ ചരിത്ര പ്രസിദ്ധമായ പല ഭാഗത്തും ചുറ്റി സഞ്ചരിക്കാനും ഇസ്‌ലാമിക ചരിത്ര ബോധം ഉണ്ടാക്കാനും തങ്ങള്‍ക്ക് അവസരം ലഭിച്ചിരുന്നു. കേവലം യാത്രകള്‍ എന്നതിലപ്പുറം സൂഫിസത്തിന്റെ ആഴങ്ങള്‍ സ്പര്‍ശിക്കുന്നതായിരുന്നു ഇതില്‍ പല യാത്രകളും. ധാരാളം സൂഫിജ്ഞാനികളുമായി ബന്ധപ്പെടാനും അവരുമായി ആത്മിക ബന്ധം സ്ഥാപിക്കാനും ഇതുവഴി തങ്ങള്‍ക്കു കഴിഞ്ഞു. ഖാദിരി ത്വരീഖത്ത് ഉള്‍പ്പെടെ പല സൂഫീ സരണികളിലും തങ്ങള്‍ ബന്ധം നിലനിര്‍ത്തിയിരുന്നതായി മനസ്സിലാക്കപ്പെടുന്നു.

സമസ്തയില്‍

ശംസുല്‍ ഉലമയുമായുള്ള അഭേദ്യ ബന്ധവും അതോടൊപ്പം ആരെയും വിസ്മയിപ്പിക്കുന്ന പാണ്ഡിത്യവുമാണ് അസ്ഹരി തങ്ങളെ സമസ്തയുടെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത്. കേരളത്തിലെ പണ്ഡിത നിരയില്‍ പ്രമുഖനായി നേരത്തെത്തന്നെ അദ്ദേഹം വളര്‍ന്നുകഴിഞ്ഞിരുന്നു. പ്രഭാഷണ മേഖലയില്‍ തിളങ്ങിനിന്ന അദ്ദേഹം സമ്മേളനങ്ങളിലും യോഗങ്ങളിലും ആളുകളുടെ ശ്രദ്ധാകേന്ദ്രമായി മാറി. നേരത്തെ സമസ്ത വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. കെ.കെ. ഹസ്‌റത്തിന്റെ വിയോഗത്തോടെ 1995 ല്‍ പ്രസിഡന്റായി അവരോധിക്കപ്പെട്ടു. 2004 വരെ തങ്ങള്‍ ആ സ്ഥാനത്ത് തുടര്‍ന്നു.

അറബി സാഹിത്യകാരന്‍

അറബി സാഹിത്യത്തിലും ചരിത്രത്തിലും ഭാഷയിലും അസാധാരണ പാണ്ഡിത്യം നേടിയ എഴുത്തുകാരനായിരുന്നു അസ്ഹരി തങ്ങള്‍. അറബികളെപ്പോലും വിസ്മയിപ്പിക്കുംവിധം അറബി ഭാഷ അനായാസേന അദ്ദേഹം കൈകാര്യം ചെയ്തു. അറബിയില്‍ ധാരാളം ലക്ചറിംഗുകള്‍ നടത്തുകയും ധാരാളം എഴുതുകയും ചെയ്തു. അറബ് വിദ്യാര്‍ത്ഥികള്‍ക്ക് അറബ് സാഹിത്യം പഠിപ്പിക്കാന്‍ സാധിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ ഒരു പ്രത്യേകത.

ശ്രദ്ധേയമായ രചനകള്‍

ചെറിയ വിവിധ രചനകള്‍ നടത്തിയിട്ടുണ്ടെങ്കിലും അറബിയിലെഴുതിയ രണ്ടു കൃതികളാണ് തങ്ങളെ ഏറെ പ്രസിദ്ധനാക്കിയത്. അതില്‍ ഒന്ന് തന്റെ ഇഷ്ട ഭാഷയും പ്രവര്‍ത്തന മേഖലയുമായ അറബ് ഭാഷയും അറബ് ലോകവുമായി ബന്ധപ്പെട്ടതും രണ്ടാമത്തേത് തന്റെ ജന്മനാടായ മലബാറിനെയും അവിടത്തെ ഇസ്‌ലാമിക മുന്നേറ്റത്തെയും പണ്ഡിതന്മാരെയും കുറിച്ചുള്ളതുമാണ്. അത് ഇങ്ങനെ സംഗ്രഹിക്കാം: 1. അല്‍ അറബു വല്‍ അറബിയ്യ: അറബികളെക്കുറിച്ചും അറബ് ഭാഷയെക്കുറിച്ചും തയ്യാറാക്കപ്പെട്ട വളരെ സമഗ്രമായൊരു രചനയാണിത്. അറബ് ഭാഷയുടെ ഉല്‍ഭവം, അറബ് ഗോത്ര സംസ്‌കാരങ്ങള്‍, ജാഹിലീ കാലം മുതല്‍ വിവിധ കാലങ്ങളില്‍ അറബ് ഭാഷയുടെ പുരോഗതി തുടങ്ങിയവ ഇതില്‍ സവിശദം പ്രതിപാദിക്കുന്നു. അറബ് ഭാഷ പഠിക്കുന്നവര്‍ക്ക് ഏറെ ഉപകാരം ചെയ്യുന്ന ഒരു രചനയാണിത്. 2. മിന്‍ നവാബിഇ ഉലമാഇ മലൈബാര്‍: പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്‌ലിയാരുടെ ജീവചരിത്രമാണിത്. അതോടൊപ്പം കേരളത്തിന്റെ ഇസ്‌ലാമിക ചരിത്രവും കേരളത്തിലെ പ്രമുഖരായ പല പണ്ഡിതന്മാരെക്കുറിച്ചും സാദാത്തീങ്ങളെക്കുറിച്ചുമുള്ള വിവിരണങ്ങളും ഇതില്‍നിന്നും ലഭ്യമാണ്. അറബികള്‍ക്കിടയില്‍ മലബാറിനെയും അവിടത്തെ പണ്ഡിതന്മാരെയും പരിചയപ്പെടുത്താന്‍ ഈ കൃതി വലിയൊരു അളവോളം പ്രവര്‍ത്തിച്ചിട്ടുണ്ട്.

അവസാന കാല ജീവിതം

തന്റെ സംഭവ ബഹുലമായ ജീവിത യാത്രക്കൊടുവില്‍ വര്‍ഷങ്ങളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു തങ്ങള്‍. അപ്പോഴും അറിവും അനുഭവവും തേടി ധാരാളം ജ്ഞാന കുതുകികള്‍ അദ്ദേഹത്തെ തേടിയെത്തി. കേരളത്തിന്റെ അറബ് ഭാഷാ സംഭാവനകളെക്കുറിച്ച് നടത്തപ്പെട്ട ഗവേഷണങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സംഭാവനകളും രചനകളും ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പ്രഭാഷണ വേദികളിലും തങ്ങള്‍ നിറഞ്ഞുനിന്നിരുന്നു. 2015 നവംബര്‍ 22 ന് തങ്ങള്‍ അന്തരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter