പാലക്കാംതൊടിക അബൂബക്ര്‍ മുസ്‌ലിയാര്‍:   ചരിത്രം വിസ്മരിച്ച സ്വാതന്ത്ര്യസമര സേനാനി

രാജ്യം സ്വാതന്ത്ര്യത്തിന്റെ തീക്ഷ്ണ ഓര്‍മകള്‍ അയവിറക്കുമ്പോള്‍ കോഴിക്കോടിന്റെ കിഴക്കന്‍ മലയോര പ്രദേശങ്ങള്‍ക്കുമുണ്ട് ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി ജീവന്‍ ത്യജിക്കേണ്ടിവന്ന അനവധി രക്തസാക്ഷികളുടെ കഥ പറയാന്‍. ഔദ്യോഗിക ചരിത്രം ബോധപൂര്‍വ്വം വിസ്മരിച്ചുകളയുകയോ മാറ്റിവെക്കുകയോ ചെയ്ത ഈ പ്രദേശങ്ങള്‍ 1921 ല്‍ കൊളോണിയല്‍ അധിനിവേശത്തിനെതിരെ സമരജ്വാലകള്‍ തീര്‍ത്ത പ്രധാന തുരുത്തുകളിലൊന്നായിരുന്നു. ഓമശ്ശേരി പഞ്ചായത്തിലെ പുത്തൂര് നടമ്മല്‍പോയില്‍ പാലക്കാംതൊടിക അബൂബക്ര്‍ മുസ്‌ലിയാര്‍ (1874-1923) എന്ന സാത്വികനും പണ്ഡിതനുമായ ഒരു മഹാ മനീഷിയാണ് അന്ന് ഇവിടെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. 

1921 ലെ മലബാര്‍ സമരം ഏറനാട്ടിന്റെയും വള്ളുവനാട്ടിന്റെയും പശ്ചാത്തലത്തിലാണ് കൂടുതലായും പഠിക്കപ്പെട്ടിട്ടുള്ളത്. പൊന്നാനി താലൂക്കിലും കോഴിക്കോട് താലൂക്കിലും ഇത് ഭാഗികമായി നടന്നിരുന്നുവെയും അതിലൂന്നിയുള്ള പഠനങ്ങള്‍ വികസിച്ചിട്ടില്ല. എന്നാല്‍, ഏറനാട്ടിനോളം തന്നെ സമ്പന്നമായൊരു പോരാട്ട ചരിത്രം കോഴിക്കോട് താലൂക്കിന്റെ കിഴക്കന്‍ പ്രദേശങ്ങളിലുമുണ്ടായിരുന്നുവെന്ന് ലോക്കല്‍ വാമൊഴികളും ബ്രിട്ടീഷ് റെക്കോര്‍ഡ്‌സുകളും വ്യക്തമാക്കുന്നു.  

1921 ല്‍ താമരശ്ശേരി, കൊടുവള്ളി, ഓമശ്ശേരി, പുതുപ്പാടി, പുത്തൂര്, കൂടത്തായി, മുക്കം, ചെറുവാടി, താത്തൂര് തുടങ്ങിയ ഭാഗങ്ങള്‍ കോളനി ഭരണത്തിനെതിരെ ജനരോഷം അഗ്നിജ്വാലയായി പടര്‍ന്ന പ്രദേശങ്ങളാണ്. ഇന്നും ഈ ഭാഗങ്ങളില്‍ കാണപ്പെടുന്ന ഡസന്‍ കണക്കിന് ഖബ്‌റുകളും അന്തമാനിലേക്കും ബെല്ലാരിയിലേക്കും നാട് കടത്തപ്പെട്ട നൂറുക്കണക്കിന് ആളുകളെക്കുറിച്ച വിവരങ്ങളും ഇത് സാക്ഷ്യപ്പെടുത്തുന്നു. മലയാളത്തില്‍ എഴുതപ്പെട്ട സമര ചരിത്ര പഠനങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാത്തതുകൊണ്ടുമാത്രം കോഴിക്കോടിന്റെ ഈ പോരാട്ട ചരിത്രം മുഖ്യധാരാ എഴുത്തുകളുടെ ഭാഗമാകാതെ തിരശ്ശീലക്കു പിന്നില്‍ നില്‍ക്കുകയാണെന്നു മാത്രം.

ഏറനാട്-വള്ളുവനാട് മേഖലകളില്‍ ആലി മുസ്ലിയാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മാപ്പിള മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ കോഴിക്കോട് ഭാഗങ്ങളില്‍ ഈ ദൗത്യം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചിരുന്നത് സ്വൂഫിവര്യനായ പാലക്കാംതൊടിക അബൂബക്ര്‍ മുസ്ലിയാരാണ്. പുത്തൂര് ഖിലാഫത്ത് കമ്മിറ്റി നേതാവും ഈ ഭാഗത്തെ 22 പള്ളികളുടെ ഖാസിയുമായിരുന്ന അദ്ദേഹം അക്കാലത്തെ കേരളത്തില്‍ അറിയപ്പെട്ട പണ്ഡിതനുംകൂടിയായിരുന്നു. 

ധീരദേശാഭിമാനിയായ ഈ സമരനായകനെ കേരളം വേണ്ടപോലെ പരിചയപ്പെട്ടിട്ടില്ല. ഹിച്ചകോക്ക്, സി. ഗോപാലന്‍ നായര്‍, ടോട്ടന്‍ ഹാം തുടങ്ങിയ ബ്രിട്ടീഷ് ഭരണാധികാരികളും കെ.എന്‍. പണിക്കര്‍, ഡോ. സി.കെ. കരീം, എം. ഗംഗാധരന്‍, കെ. കോയട്ടി മൗലവി, എ.കെ. കോഡൂര്‍ പോലെയുളള പ്രാദേശിക സമര ചരിത്രകാരന്മാരുമെല്ലാം ഇദ്ദേഹത്തെക്കുറിച്ച് ധാരാളം റഫറന്‍സുകള്‍ നല്‍കുന്നുണ്ട്. 1921-22 കാലത്ത് കോഴിക്കോട് താലൂക്കിനെ കേന്ദ്രീകരിച്ച് അബൂബക്ര്‍ മുസ്ലിയാര്‍ നടത്തിയ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ ഇന്ത്യയുടെ തന്നെ കൊളോണിയല്‍ വിരുദ്ധ സമരങ്ങളുടെ ഭാഗമായി മാറേണ്ടതാണ്. 

വ്യക്തിയും പാണ്ഡിത്യവും

കോഴിക്കോട് താലൂക്കിലെ ഖിലാഫത്ത് കമ്മിറ്റി നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന അബൂബക്ര്‍ മുസ്ലിയാര്‍ 1874 ല്‍ കൊടുവള്ളിക്കടുത്ത കരുവന്‍പൊയിലില്‍ ജനിച്ചു. പിതാവ് പാലക്കാംതൊടിക കുഞ്ഞിരായിന്‍ ഹാജി. ശേഷം, പിതാവിന്റെ തറവാടായ ഓമശ്ശേരി നടമ്മല്‍പോയിലേക്ക് മാറിത്താമസിച്ചു. പ്രാഥമിക മത പഠനത്തിനു ശേഷം പൊന്നാനിയില്‍ പോയി ഉപരിപഠനം നടത്തി. ശേഷം, കുറച്ചു കാലം വാഴക്കാട് ദാറുല്‍ ഉലൂമിലും തുടര്‍ന്നു പഠിച്ചു. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്ലിയാര്‍ തുടങ്ങിയവരായിരുന്നു അവിടത്തെ ഉസ്താദുമാര്‍. പിന്നീട്, വെല്ലൂര്‍ ബാഖിയാത്തില്‍ പോയി ബിരുദം നേടി. ബാഖിയാത്ത് സ്ഥാപകന്‍ ശാഹ് അബ്ദുല്‍ വഹാബ് ഹസ്റത്ത്, മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ ഹസ്റത്ത് തുടങ്ങിയവര്‍ അവിടെ അദ്ധ്യാപകരായി സേവനം ചെയ്തിരുന്ന കാലമായിരുന്നു അത്. പഠനാനന്തരം താമരശ്ശേരിയിലെ പുരാതന പള്ളിയായ കെടവൂര്‍ ജുമുഅത്ത് പള്ളിയില്‍ മുദരിസായി സേവനമാരംഭിച്ചു.

കുറഞ്ഞ കാലത്തിനു ശേഷം, സ്വന്തം നാടായ പുത്തൂര്‍ നടമ്മല്‍പോയില്‍ വരികയും പുതിയോത്ത് പള്ളിയില്‍ വിപുലമായ നിലയില്‍ ദര്‍സ് ആരംഭിക്കുകയും ചെയ്തു. അന്ന് കിഴക്കന്‍ കോഴിക്കോട്ടെ അറിയപ്പെട്ട ദര്‍സുകളിലൊന്നായിരുന്നു ഇത്. പില്‍ക്കാലത്ത് കേരള മുസ്‌ലിം ചരിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട പലരും ഇവിടെ പഠിക്കാനെത്തിയിരുന്നു. ശംസുല്‍ ഉലമ ഇ.കെ. അബൂബക്ര്‍ മുസ്‌ലിയാരുടെ പിതാവ് കോയട്ടി മുസ്‌ലിയാര്‍, മടവൂര്‍ സി.എം. വലിയ്യുല്ലാഹിയുടെ പിതാവ് കുഞ്ഞിമാഹിന്‍ മുസ്‌ലിയാര്‍, അണ്ടോണ അബ്ദുല്ല മുസ്‌ലിയാരുടെ പിതാവ് മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ അതില്‍ ചിലരാണ്. 

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുത്തൂര്‍ പുതിയോത്ത് പള്ളിയെ കേന്ദ്രീകരിച്ച് ദര്‍സ് നടത്തിക്കൊണ്ടിരിക്കുന്ന കാലത്തുതന്നെ കിഴക്കന്‍ കോഴിക്കോട്ടെ ഏകദേശം എല്ലാ പള്ളികളുടെ ഖാസിയും അബൂബക്ര്‍ മുസ്‌ലിയാര്‍ തന്നെയായിരുന്നു. കരുവമ്പൊയില്‍, തലപ്പെരുമണ്ണ, വെണ്ണക്കോട്, കെടിയത്തൂര്‍, ഓമശ്ശേരി, കളരാന്തിരി, കൊടുവള്ളി, താമരശ്ശേരി, കൂടത്തായി, പുതുപ്പാടി തുടങ്ങി മലയോര പ്രദേശത്തെ വലിയൊരു ഭൂഭാഗവും അദ്ദേഹത്തിനു കീഴിലായിരുന്നു. അദ്ദേഹത്തിന്റെ കാര്‍മികത്വത്തിലും ആശീര്‍വാദത്തിലുമാണ് ഇവിടങ്ങളിലെ ഓരോ കാര്യങ്ങളും മുന്നോട്ടുപോയിരുന്നത്. അക്കാലത്ത് ഈ ഭാഗത്ത് ജീവിച്ചിരുന്ന വലിയ സൂഫികൂടിയായിരുന്നു മുസ്‌ലിയാര്‍. അക്കാലത്ത് ഈ ഭാഗങ്ങളിലൊരിക്കല്‍ ക്ഷാമം പിടിപെട്ടപ്പോള്‍ അദ്ദേഹം കരുവന്‍പൊയില്‍ വയലില്‍ ആളുകളെയെല്ലാം ഒരുമിച്ചുകൂട്ടുകയും മഴയെ തേടിയുള്ള നിസ്‌കാരം നിര്‍വഹിക്കുകയും പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തപ്പോള്‍ മഴ പെയ്ത സംഭവം പഴമക്കാര്‍ക്കിടയില്‍ ഇന്നും പ്രസിദ്ധമാണ്.

ഖിലാഫത്ത് നേതൃത്വത്തില്‍

ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ക്രൂരതകള്‍ക്കെതിരെ ശക്തമായി രംഗത്തുവന്ന ഒരാളായിരുന്നു മുസ്ലിയാര്‍. മൗലാനാ ശൗക്കത്തലിയുടെയും ഗാന്ധിജിയുടെയും നേതൃത്വത്തില്‍ നാടുനീളെ ഖിലാഫത്ത് കമ്മിറ്റികള്‍ നിലവില്‍ വരികയും അവയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാവുകയും ചെയ്തപ്പോള്‍ കോഴിക്കോട് താലൂക്കിനെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹവും പങ്കാളിയായി. താമരശ്ശേരി, പുത്തൂര് ഭാഗത്തെ ജനങ്ങളെ സംഘടിപ്പിക്കുകയും സൗഖ്യപൂര്‍ണമായ ജീവിതത്തിനും മത സ്വാതന്ത്ര്യത്തിനും വേണ്ടി അധികാരികള്‍ക്കെതിരെ പോരാടി. ബ്രിട്ടീഷ് മേല്‍ക്കോയ്മക്കെതിരെ ഈ ഭാഗങ്ങളിലെ ജനങ്ങളെ ഏകോപിപ്പിക്കാന്‍ കഠിനാദ്ധ്വാനം ചെയ്തു. ജന്മി മുന്നേറ്റത്തെ വകവെക്കാതെ അവകാശ നിഷേധത്തിനെതിരെ ശക്തമായൊരു പടയണിയൊരുക്കി സമരമുഖത്ത് ഉറച്ചുനിന്നു.

മലബാറിലെ മാപ്പിള മുന്നേറ്റങ്ങളുടെ കാലത്ത് കോഴിക്കോട്ട് താലൂക്കില്‍ ബ്രിട്ടീഷുകാരുടെ ഭീഷണികളിലൊന്നായിരുന്നു അബൂബക്ര്‍ മുസ്ലിയാര്‍. മുക്കം-കൊടുവള്ളി-കൂടത്തായി പ്രദേശങ്ങളുള്‍ക്കൊള്ളുന്ന മുക്കോണാണ് കോഴിക്കോട് താലൂക്കില്‍ തങ്ങള്‍ ഏറ്റവും ചെറുത്തുനില്‍പ് നേരിട്ട ഭൂമിയെന്ന് ബ്രിട്ടീഷ് ഭരണാധികാരി ഹിച്ച്‌കോക്ക് തന്നെ തന്റെ മലബാര്‍ റബല്യണ്‍ എന്ന പുസ്തകത്തില്‍ വ്യക്തമായി പറയുന്നുണ്ട്. മുസ്‌ല്യാരും അദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രമായ പുത്തൂരും ഈ പരിധിക്കുള്ളിലാണ് എന്നതായിരുന്നു ഇതിന്റെ പ്രധാന കാരണം. 

1921 ലെ സംഭവങ്ങള്‍

ഏറനാട്ടിലും വള്ളുവനാട്ടിലും മലബാര്‍ സമരം കൊടുമ്പിരികൊണ്ട സമയത്ത് അബൂബക് ര്‍ മുസ്‌ലിയാര്‍ പുതിയോത്തെ പള്ളിയില്‍ ദര്‍സ് നടത്തുകയായിരുന്നു. ആയിടെയാണ് കൊന്നാര തങ്ങളുടെ ഒരു ദൂതന്‍ അദ്ദേഹത്തെ കാണാന്‍ വരുന്നത്. തിരൂരങ്ങാടിയിലും പൂക്കോട്ടൂരിലും മാപ്പിള നേതാക്കന്മാര്‍ സമരരംഗത്ത് ഇറങ്ങിയിട്ടുണ്ടെന്നും താങ്കള്‍ കോഴിക്കോട് താലൂക്കില്‍ അതിന് നേതൃത്വം നല്‍കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതനുസരിച്ച് മുസ്‌ലിയാര്‍ കൊന്നാര തങ്ങളെ ചെന്നുകാണുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തു. തിരിച്ചുവന്നപ്പോഴേക്കും നാട്ടില്‍ സമരം പടര്‍ന്നുപിടിച്ചിരുന്നു. ക്രമേണ, അത് താമരശ്ശേരി, ഓമശ്ശേരി, മുക്കം ഭാഗങ്ങളിലേക്ക് പടര്‍ന്നു. പുത്തൂരായിരുന്നു മുസ്‌ലിയാരുടെ കേന്ദ്രം. ഒരു ബ്രിട്ടീഷുകാരനെ പോലും ആ ഭാഗത്തേക്ക് കാലു കുത്താനനുവദിക്കാതെ ഒരു മാസത്തോളം അദ്ദേഹം തന്റെ അനുയായികളോടൊപ്പം അവിടെ ഉറച്ചുനിന്നു. വിവരമറിഞ്ഞ പട്ടാളം കോഴിക്കോട്ടുനിന്നും ഓമശ്ശേരിയെത്തി. അവിടെ തായമ്പ്ര കുടുംബത്തിന്റെ വീട്ടിലാണ് അവര്‍ തമ്പടിച്ചിരുന്നത്. പട്ടാളം വന്നതറിഞ്ഞ് നാട്ടുകാരെല്ലാം പല ഭാഗങ്ങളിലേക്ക് ഓടിരക്ഷപ്പെട്ടിരുന്നു.

അബൂബക് ര്‍ മുസ്‌ലിയാരെ പിടികൂടലായിരുന്നു പട്ടാളത്തിന്റെ പ്രധാന ലക്ഷ്യം. അപ്പോഴേക്കും ആലി മുസ്‌ലിയാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മറ്റു പ്രധാന നേതാക്കളും പിടിക്കപ്പെട്ടിരുന്നു. ഏറനാടും വള്ളുവനാടും സമരം അടിച്ചമര്‍ത്തിക്കൊണ്ടിരുന്ന തിരക്കിലായിരുന്നു പട്ടാളം. എന്നാല്‍, കോഴിക്കോട് താലൂക്കില്‍ സമരം അതിന്റെ മൂര്‍ദ്ധന്യതയിലായിരുന്നു. പട്ടാളം ഓമശ്ശേരിയെത്തിയതറിഞ്ഞ മുസ്‌ലിയാര്‍ താമരശ്ശേരി മലകളിലേക്ക് രക്ഷപ്പെട്ടു. കൂടെ തന്റെ സഹായികളായ വലിയൊരു സംഘവും മല കയറി. പട്ടാളം പുതിയോത്തും നടമ്മല്‍ പോയിലും അരിച്ചുപെറുക്കിയെങ്കിലും മുസ്‌ലിയാരെ പിടിക്കാനായില്ല. നാട്ടുകാരെല്ലാം മുസ്‌ലിയാരുടെ അനുകൂലികളായിരുന്നു. അതുകൊണ്ടുതന്നെ പട്ടാളത്തിന് ഇത് വലിയ തലവേദന സൃഷ്ടിച്ചു.

ഒടുവില്‍, താമരശ്ശേരി മലനിരകളിലേക്ക് മുസ്‌ലിയാരും സംഘവും രംക്ഷപ്പെട്ടതറിഞ്ഞ പട്ടാളം വന്‍ സന്നാഹങ്ങളോടെ അദ്ദേഹത്തെ പിടിക്കാനായി പുറപ്പെട്ടു. കൊടുംകാടുകളിലൂടെ മാസങ്ങളോളം തിരഞ്ഞെങ്കിലും അദ്ദേഹത്തെ പിടിക്കാനായില്ല. അതേസമയം, അദ്ദേഹത്തിന്റെ പല അനുയായികളും വധിക്കപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്തു. മാസങ്ങള്‍ക്കു ശേഷം എല്ലാവരും നഷ്ടപ്പെട്ട മുസ്‌ലിയാര്‍ ഇനിയും കാട്ടില്‍ തങ്ങുന്നത് പന്തിയല്ലെന്ന് തിരിച്ചറിഞ്ഞു. ബോംബെയിലേക്കോ മറ്റോ രക്ഷപ്പെടുക മാത്രമേ വഴിയുള്ളൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അതനുസരിച്ച് കോരിച്ചൊരിഞ്ഞ് മഴ വര്‍ഷിക്കുന്ന ഒരു രാത്രി അദ്ദേഹം ആരുടെയും ദൃഷ്ടിയില്‍ പെടാതെ, ഏകാകിയായി, മലയിറങ്ങുകയും സ്വന്തം നാട്ടിലൂടെ കോഴിക്കോട്ടേക്കു പുറപ്പെടുകയുമായിരുന്നു. അപ്പോഴേക്കും വിവരം പട്ടാളം അറിയുകയും റയില്‍വേ സ്റ്റേഷനുകളില്‍ മൊത്തം പട്ടാളത്തെ വിന്യസിക്കപ്പെടുകയും ചെയ്തു. കോഴിക്കോട്ടുനിന്നം നടന്നും അല്ലാതെയും വടക്കോട്ട് പുറപ്പെട്ട മുസ്‌ലിയാര്‍ ഒടുവില്‍ ചെറുവത്തൂര്‍ റയില്‍വേ സ്റ്റേഷനില്‍വെച്ച് പട്ടാളത്തിന്റെ പിടുത്തത്തില്‍ വീഴുകയായിരുന്നു. 1922 ജൂണ്‍ മാസത്തിലായിരുന്നു ഇത്.

ജയില്‍ ജീവിതം

ശേഷം, പട്ടാളം അദ്ദേഹത്തെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു കുറച്ചു ദിവസം. കോയമ്പത്തൂര്‍ ജയിലിലായിരുന്നു പിന്നീട് കേസ് നടപടികള്‍. 1922 ആഗസ്റ്റ് ഒമ്പതിനു അദ്ദേഹം കോയമ്പത്തൂര്‍ സെന്റര്‍ ജയിലില്‍ നല്‍കിയ സ്റ്റേറ്റ്മെന്റ് ഹിച്കോക്കിന്റെ റെക്കോഡ്സുകളില്‍ കാണാവുന്നതാണ്. അദ്ദേഹം പിടിക്കപ്പെട്ടതിന്റെ പശ്ചാത്തലവും അദ്ദേഹത്തിന്റെ നിരപരാധിത്വവും ആദര്‍ശവും അതില്‍നിന്നും ശരിക്കും മനസ്സിലാക്കാം. ഈ സ്റ്റേറ്റ്മെന്റിനുള്ള പ്രതികരണം 1922 ഡിസംബര്‍ ഏഴ് വ്യാഴ്ച അന്നത്തെ സീനിയര്‍ സ്പെഷ്യല്‍ ജഡ്ജ് ജി.എച്ഛ്.ബി. ജാക്സണ്‍ പുറത്തുവിട്ടതായി കാണാം. കേസ് നമ്പര്‍ 32 ആയി പരിചയപ്പെടുത്തുന്ന ഈ വിധിയില്‍ അദ്ദേഹത്തെയും കൂട്ടാളികളെയും മരിക്കുന്നതുവരെ തൂക്കിലേറ്റാനാണ് നിര്‍ദ്ദേശിക്കുന്നത്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ ആഴ്ചകള്‍ക്കു ശേഷം 1923 ന്റെ തുടക്കത്തില്‍ അദ്ദേഹം തൂക്കിലേറ്റപ്പെട്ടു. ഹിജ്റ 1341 റമളാന്‍ നാലിനായിരുന്നു ഇത്. ഒരു പണ്ഡിതന്‍ എന്ന നിലക്ക് ജയിലില്‍വെച്ചുതന്നെ ചില പരിഗണന തനിക്കു ലഭിച്ചിരുന്നതിനാല്‍ 'കുറ്റവാളികളെ' മറമാടുന്നിടത്തില്‍നിന്നും മാറി, വെല്ലൂര്‍ പള്ളിയോട് ചേര്‍ന്ന്, കെട്ടിനുള്ളിലായി തന്നെ മറമാടാനാണ് സാധ്യതയെന്ന് അദ്ദേഹം തന്നെ വീട്ടിലേക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

വെല്ലൂരിലെ ജയിലില്‍ കഴിഞ്ഞുകൂടുമ്പോള്‍ പുതിയോത്തെ വീട്ടിലെ തന്റെ ഭാര്യയുടെയും കുട്ടികളുടെയും സുഖവിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടും ജയിലിലെ തന്റെ അവസ്ഥകള്‍ വിവരിച്ചുകൊണ്ടും അദ്ദേഹം എഴുതിയ രണ്ടു കത്തുകള്‍ ഏറെ ശ്രദ്ധേയമാണ്. ജയിലുകളിലെ വര്‍ത്തമാനങ്ങള്‍ സവിശദം തുറന്നുപറയുന്ന ഇവ കാലങ്ങളോളം പുത്തൂരിലെ സാധാരണക്കാരുടെ വീടുകളില്‍ സൂക്ഷിക്കപ്പെട്ടിരുന്നു. തങ്ങളുടെ ഖാസിയും മുദരിസുമായ ഈ പണ്ഡിതന്റെ വാക്കുകള്‍ക്കും ശേഷിപ്പുകള്‍ക്കും വലിയ ആദരവാണ് നാട്ടുകാര്‍ നല്‍കിയിരുന്നത്. ഇന്നും ഇതിന്റെ പകര്‍പ്പുകള്‍ അദ്ദേഹത്തിന്റെ നാട്ടിലെ പല കുടുംബങ്ങളിലും കാണാവുന്നതാണ്. അദ്ദേഹം മുമ്പ് ക്ഷാമ കാലത്ത് മഴ വര്‍ഷിപ്പിച്ച ഓര്‍മകളും ഈ കത്തുമാണ് ഇന്നും അദ്ദേഹത്തിന്റെ സ്മരണയായി കിഴക്കന്‍ കോഴിക്കോട്ട് നിലനില്‍ക്കുന്നത്. 

ബ്രിട്ടീഷ് പട്ടാളത്തിന്റെ ക്രൂരതകളുടെ ഭീകരമുഖം തുറന്നുകാണിക്കുന്നതാണ് അറബി മലയാളത്തിലെഴുതിയ ഈ കത്തുകള്‍. ഇതിലൊന്ന് തൂക്കിലേറ്റപ്പെടുന്നതിന്റെ ഒരാഴ്ച മുമ്പെഴുതിയതും രണ്ടാമത്തേത് തൂക്കിലേറ്റപ്പെടുന്നതിന്റെ തലേ ദിവസമെഴുതിയതുമാണ്. അവ യഥാക്രമം ഇങ്ങനെ വായിക്കാം:

''ഹംദ്, സ്വലാത്ത്, സലാം എന്നിവക്കു ശേഷം...

എന്റെ മകന്‍ ഇബ്റാഹീം കുട്ടിയും വീടര്‍ പെണ്ണിനും അമ്മായിക്കും ഞങ്ങളുടെ താല്‍പര്യക്കാര്‍ എല്ലാവര്‍ക്കും മൗലവി അബൂബക്ര് വളരെ സലാം. അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു.

ഞങ്ങളുടെ മൂന്നാം അപ്പീല്‍ ഇന്നുവരെ വന്നിട്ടില്ല. അത് വന്നാല്‍ നാലാം അപ്പീല്‍ പോലെ ഒന്നുകൂടി എഴുതാനുണ്ട്. അതിന്റെയും മറ്റും വിവരം പിറകെ അറിയിക്കാന്‍ ഉടയവന്‍ കൃപ ചെയ്യട്ടെ, ആമീന്‍.

കുഞ്ഞാലി ഹാജി ശനിയാഴ്ച അയച്ച കത്ത് തിങ്കളാഴ്ച ഇവിടെ കിട്ടി. വിവരം അറിഞ്ഞു. നീ പത്ത് കിത്താബാണ് ഓതിവരുന്നുയെന്ന് എഴുതിക്കണ്ടതല്ലാതെ എവിടെനിന്നാണ് ഓതിവരുന്നത്, ആരാണ് പഠിപ്പ് എന്നും അറിയുന്നില്ല. അതുകൊണ്ട്, ആ വിവരത്തിനും നിങ്ങളെ എല്ലാ വര്‍ത്തമാനത്തിനും ഒരു മറുപടിയുംകൂടി അയച്ച്തന്നാല്‍ നന്നായിരന്നു.

 

ഞങ്ങള്‍ ഇങ്ങനെ ആയതുകൊണ്ട് നിങ്ങള്‍ മുഷിക്കേണ്ട. റബ്ബ് വെച്ച അജല്‍ എത്തുമ്പോള്‍ എവിടെ ആയാലും മൗത്ത് ലാസിമാണല്ലോ. ഇവിടെ ഈ ജയിലില്‍ ഖിലാഫത്ത് വകയായി തൂക്കപ്പെടുന്ന ഓരോരുത്തരെ മറ അടക്കേണ്ടതിന്നും മറ്റും ഈ രാജ്യക്കാരായ മുസ്ലിംകള്‍ പിരിച്ചുകൂട്ടിയ അനവധി ഉറുപ്പികയില്‍ ഇരുപത്തിയഞ്ച് ഉറുപ്പിക ഓരോരുത്തര്‍ക്ക് ചെലവ് ചെയ്ത് വളരെ ആരമ്പത്തിലും ബഹുമാനത്തിലും മറചെയ്യപ്പെടുന്നു എന്നു മാത്രമല്ല, നല്ല ഉലമാക്കന്മാരും മുതഅല്ലിമീങ്ങളും സ്വാലിഹീങ്ങളും സിയാറത്ത് ചെയ്യുക, അത് കൊണ്ടും അവസാനം റഫീഖുല്‍ അഅ്ലാനെ ചോദിച്ച റബ്ബിന്റെ ഉമ്മത്ത്മാരാല്‍ ആക്കിത്തന്നത്കൊണ്ടും ഖബറിലെ താമസം കുറക്കാന്‍ ഇത്ര ആയുസ്സ് നീട്ടി തന്നത്കൊണ്ടും മുമ്പ് മഴയെ തേടിയ വര്‍ത്തമാനം ഇവിടെ ശ്രുതിപ്പെട്ടതിനാല്‍ ഇവിടെയുള്ള ജെഫ് വാഡര്‍ മുതലായവര്‍ക്ക് കുറച്ച് ഇഅ്തിഖാദ് ഉണ്ടായത് കൊണ്ടും നേറ്റിയില്‍ കുറയാതെ വല്ലതും സാധിക്കാനും മതി. ഇങ്ങനെ ഉടയവന്‍ ചെയ്തതുകൊണ്ട് സന്തോഷപ്പെടുന്നു.

അതുകൊണ്ട് നിങ്ങളെല്ലാരും എന്റെ ഈമാന്‍ സലാമത്താവാനും മൗത്ത് എളുപ്പമാവാനും റമളാന്‍ വെള്ളിയാഴ്ച ആയിക്കിട്ടാനും തേടണം. ശേഷം, പിറകെ, കിത്താബിന്റെയും മറ്റുള്ള മുതലിന്റെയും കാര്യത്തില്‍ ഇതോടുകൂടി എഴുതുന്ന കത്തില്‍ പറയുംപ്രകാരം ആക്കണം. ഞമ്മളെ എല്ലാവരെയും റബ്ബ് രണ്ടു വീട്ടിലും നന്നാക്കട്ടെ, ആമീന്‍.

പഠിപ്പില്‍ ഉപേക്ഷകൂടാതെ ഉല്‍സാഹിക്കണം. എന്റെ പിറകെ നീയും ഉമ്മയും എനിക്കുവേണ്ടി ഓരോ ജുസ്അ് ദിവസം മറക്കാതെ ഓതി എനിക്കു ഹദ്യ ചെയ്യുമെന്ന് വിചാരിക്കുന്നു. എളാപ്പാന്റെ വക ഓതിവരുന്ന ഒരു ജുസ്അ് വിടാതെ നിമിര്‍ത്തിക്കണം. കുഞ്ഞിരായിന്‍ സലാം പറഞ്ഞിരിക്കുന്നു.

ഞങ്ങളെ മൂന്നാം അപ്പീല്‍ ഇന്നലെ ജുമുഅന്റെ മുമ്പു വന്നു. നാലാമത്തെത് ഇതാ പോയിരിക്കുന്നു. ഉടനെ വരുമെന്ന് വിചാരിക്കുന്നു. വന്നാല്‍ വിവരം എഴുതാന്‍ ഉതക്കം ചെയ്യട്ടെ, ആമീന്‍.

ഇന്ന് മാസം ശഅബാന്‍ 26 ശനി. എല്ലാവര്‍ക്കും സലാമും വിവരവും എന്റെ മേലില്‍ പറഞ്ഞവര്‍ക്ക്.''

* * *

അബൂബക്ര് മുസ്ലിയാര്‍ മരണപ്പെടുന്നതിന്റെ തൊട്ടു മുമ്പത്തെ ദിവസം എഴുതി അയച്ച കത്തിന്റെ പൂര്‍ണ രൂപം:

ഹംദ്, സ്വലാത്ത്, സലാം എന്നിവക്കു ശേഷം...

ഇന്ന് ഹിജ്റ 1341 റമളാന്‍ 3 യൗമുല്‍ ജുമുഅ. ഞങ്ങളെ നാലാമത്തെതും സ്ഥിരമായി ഇതാ വന്നിരിക്കുന്നു. അതുകൊണ്ട് ഇവന്റെ വിധി ഉടയവന്റെ കുറിയോടടുത്താല്‍ നാളെ നോമ്പ് മുറിക്കാന്‍ ഹള്റത്തില്‍ ആവണമെന്ന് വിചാരിക്കുന്നു. അവന്റെ ശഹീദന്മാരെ കൂട്ടത്തില്‍ നമ്മളെ അവന്‍ ആക്കിത്തരട്ടെ, ആമീന്‍.

ഇവിടെ തൂക്കപ്പെടുന്ന ശഹീദന്മാരെ മറചെയ്യപ്പെടുന്ന വലിയ ജുമുഅ പള്ളിക്കല്‍ അവസ്ഥ പോലെ അടക്കപ്പെടുന്നതില്‍ ഇവര്‍ക്ക് കെട്ടിനു പുറമെയും എനിക്ക് പള്ളിയോട് ചേര്‍ന്ന കെട്ടിന്റെ ഉള്ളിലും ഖബര്‍ ശരിയാക്കിയിരിക്കുന്നുവെന്നും നാളെ അടക്കം ചെയ്തിട്ടേ അങ്ങാടി തുറക്കപ്പെടൂ എന്നും രണ്ടു മദ്റസന്റെ അഹ്ലുകാരും കൂടുന്നതാണെന്നും ഒരു മൈലീസ് ദൂരം വരെ പെരുവാല്യക്കാരെ പെരുപ്പത്താല്‍ അന്യര്‍ക്ക് നടക്കാന്‍ നിവൃത്തി ഇല്ലാത്ത വിധം ആള് കൂടാന്‍ ഒരുങ്ങിയിരിക്കുന്നുവെന്നും മൂന്നു ദിവസം ഉലമാഅ്, സുലഹാഅ് കൂടി ഖബറുങ്ങല്‍ ഖത്തം ഓത്ത് ഉണ്ടെന്നും മറ്റും അറിയിക്കപ്പെടുന്നതുകൊണ്ട് പ്രത്യേകം ആശ്രയിക്കുന്നില്ല. ഉടയവന്‍ ഈമാന്‍ കൊണ്ട് ബഹുമാനിച്ച ഈ നാളിന്റെ ബര്‍ക്കത്തുകൊണ്ട് റഹ്മത്തിന്റെ വാതില്‍ തുറന്ന് ഇവരെ ശഹാദത്തിന്‍ ഖബൂല്‍ ചെയ്ത് കേസ് സാക്ഷികളെ സഹായം സിദ്ധിക്കാതെ സങ്കടം തീര്‍ത്ത്, സന്തോഷം സിദ്ധിപ്പിക്കാന്‍ ആശിക്കുന്നു.

ലഅല്ല റഹ്മത്ത റബ്ബീ ഹീന യഖ്സിമുഹാ...

തഅ്തീ അലാ ഹസ്ബില്‍ ഇസ്യാനി ഫില്‍ ഖിസമീ...

അന്‍തല്‍ അലീമു വ ഖദ് വജ്ജഹ്ത്തു മിന്‍ അമലീ...

ഇലാ റജാഇക്ക വജ്ഹന്‍ സാഇലന്‍ വബദാ...

വ ലിര്‍റജാഇ സവാബുന്‍ അന്‍ത തഅ്ലമുഹു...

ഫജ്അല്‍ സവാബീ ദവാമ സ്സിത്രി ലീ അബദാ...

 

ഇതില്‍ പെരുത്ത് തങ്ങന്മാരും ഖവാസ്സ്വുല്‍ ഖവാസ്സ്വും ഉണ്ടുപോലെ. സ്ഥിരമായി പാര്‍ക്കാന്‍ പോവേണ്ടിടത്തുനിന്ന് കത്ത് അയക്കാന്‍ കൂടാത്തതുകൊണ്ട് എന്നേക്കും ദുആക്ക് കൊതിച്ച് ഇതിയില്‍ ചുരുക്കുന്നു. ഉടയവന്‍ ലോഗ്യക്കാരായിട്ട് നാളെ ഞമ്മളെയെല്ലാവരെയും ഒരുമിച്ചുകൂട്ടിത്തരട്ടെ, ആമീന്‍.

യത്തീമുകള്‍ക്ക് കൃഫ ചെയ്യുന്ന ബാപ്പാരെപ്പോലെയും ബായക്കാടച്ചികള്‍ക്ക് കൃഫ ചെയ്യുന്ന മാപ്പിളമാരെ പോലെയും നിങ്ങളെ ഞങ്ങള്‍ കരുതുന്നു. അല്ലാഹു ഉദക്കം ചെയ്യട്ടെ, ആമീന്‍.

പേരും വിവരവും എഴുതാന്‍ സമയം കുറഞ്ഞതുകൊണ്ട് ഖാസ്സ്വായിട്ടും ആമ്മായിട്ടും നിങ്ങള്‍ക്കെല്ലാവര്‍ക്കും, അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വ ബറക്കാത്തുഹു. കുഞ്ഞിരായിന്‍ നിങ്ങള്‍ക്ക് സലാം.

അല്ലാഹുമ്മഗ്ഫിര്‍ ലീ വലി വാലിദയ്യ വലി ജമീഇല്‍ മുഅ്മിനീന വല്‍ മുഅ്മിനാത്ത്.

അല്ലാഹുമ്മഫ്അല്‍ ബീ വ ബിഹിം ആജിലന്‍ വ ആജിലന്‍ ഫിദ്ദീനി വദ്ദുന്‍യാ വല്‍ ആഖിറത്തി മാ അന്‍ത ലഹു അഹ്ലുന്‍. വലാ തഫ്അല്‍ ബിനാ യാ മൗലാനാ മാ നഹ്നു ലഹു അഹ്ലുന്‍. ഇന്നക്ക ഗഫൂറുന്‍ അലീമുന്‍ ജവാദുന്‍ കരീമുന്‍ റഊഫുന്‍ റഹീം.

ഈ രണ്ടു ദിക്റിനെ സുബ്ഹിന്റെ പിറകെ ചട്ടമാക്കുന്നത് നല്ലതാണ്. ഹിജ്റ 1291 ശഅ്ബാന്‍ 22 നാണ് എന്റെ പിറവിയെന്ന് ഉമ്മ ബാപ്പ പറയുന്നത് കേട്ടിരുന്നു. ആമീന്‍.

* * *

തൂക്കിലേറ്റപ്പെട്ടുവെന്നാണ് ബ്രിട്ടീഷ് റെക്കോര്‍ഡ്‌സുകളില്‍ കാണുന്നതെങ്കിലും അതിനു മുമ്പ് രണ്ടു റക്അത്ത് സുന്നത്ത് നിസ്‌കരിക്കുന്നതിനിടെ മരണപ്പെട്ടുവെന്നാണ് തലമുറകളിലൂടെ അദ്ദേഹത്തെക്കുറിച്ച് കൈമാറിവരുന്ന വിവരം. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് നാട്ടുകാര്‍ക്കിടയില്‍ പ്രചുരപ്രചാരം നേടിയ വിശ്വാസവും അതാണ്.

പുത്തൂര്‍ ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റും കോഴിക്കോട് താലൂക്കിലെ അധിനിവേശവിരുദ്ധ സമരത്തിന്റെ നായകനുമായ അബൂബക്ര്‍ മുസ്ലിയാര്‍ കേരളമുസ്ലിം അധിനിവേശ വിരുദ്ധ ചരിത്രത്തില്‍ ഏറെ പുറത്തുവരാതെ പോയ ഒരു അദ്ധ്യായമാണ്. ഡോ. സി.കെ. കരീം കേരളമുസ്ലിം ഡയറക്ടറിയില്‍ ചെറിയ വിവരണം നല്‍കുന്നുണ്ടെങ്കിലും അത് വേണ്ടപോലെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലായെന്നതാണ് വസ്തുത. ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ ആലി മുസ്ലിയാരോടും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയോടും കൂടെ ചേര്‍ന്നു അദ്ദേഹം നടത്തിയ മുന്നേറ്റങ്ങള്‍ തീര്‍ച്ചയായും രാജ്യത്തിന്റെ സ്വാതന്ത്യ സമര ചരിത്രത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. 

ഖിലാഫത്ത് സമരത്തിന്റെ ഒരു നൂറ്റാണ്ടു ശേഷം കോഴിക്കോട് താലൂക്കിലെ ഒളിഞ്ഞുകിടന്ന സംഭവങ്ങള്‍ പുതിയ പഠനങ്ങളിലൂടെ പുറത്തു വരുന്നത് ഏറെ ശ്രദ്ധേയമാണെന്നും ഇത്തരം പ്രാദേശിക ചരിത്രം സംബന്ധിച്ച പഠനങ്ങള്‍ സമരത്തിന്റെ ഒരു പുനര്‍വായനക്ക് ഏറെ സഹായം ചെയ്യുമെന്ന് 'മലബാര്‍ സമരം: കോഴിക്കോട് താലൂക്കിലെ ചെറുത്തുനില്‍പും പാലക്കാംതൊടിക അബൂബക്ര്‍ മുസ്‌ലിയാരും'  എന്ന പുസ്തകത്തിന്റെ അവതാരികയില്‍ ചരിത്രകാരന്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് വ്യക്തമാക്കുന്നുണ്ട്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter