ആലി മുസ്ലിയാരും വാരിയന്‍കുന്നത്തും

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ വീരേതിഹാസം രചിച്ച ആലി മുസ്‌ലിയാര്‍ എന്ന മഹാനായ വിപ്ലവകാരി, ഏരിക്കുന്നന്‍ പാലത്തുമൂലയില്‍ കുഞ്ഞി മൊയ്തീന്‍ മൊല്ലയുടെയും മഖ്ദൂം കുടുംബത്തില്‍ പെട്ട ഒറ്റകത്ത് മമ്മദ്കുട്ടി മുസ്‌ലിയാരുടെ പുത്രി ആമിനയുടെയും മകനായി ജനിച്ചു. ആലി മുസ്‌ലിയാരുടെ പിതൃ പരമ്പര ഇങ്ങനെയാണ്.

പിതാവ് കുഞ്ഞു മൊയ്തീന്‍ മൊല്ല, അവരുടെ പിതാവ് ആലി മൊല്ല (മരണം.ഹി.1275).നെല്ലിക്കുത്ത് പള്ളി സ്ഥാപിക്കന്നതില്‍ മുന്‍കൈയെടുത്ത നാല് കാരണവരില്‍ ഒരാളാണ് ഇദ്ദേഹം. മൂസ മൂപ്പന്‍ (മരണം.ഹി.1224), അഹ്മദ് (മരണം. ഹി.1179), മൂസ ശഹീദ് (മരണം1147- പാറനമ്പിയോട് യുദ്ധം ചെയ്ത് ശഹീദായ 44 മലപ്പുറം ശുഹദാക്കളിലൊരാള്‍), അഹ്മദ് (മരണം. ഹി1121), ആലിപാപ്പ(മരണം. ഹി1067-പുത്തനാങ്ങാടി ശുഹദാക്കളിലെ 21 പേരില്‍ ഒരാള്‍), മുഹ്‌യദ്ദീന്‍ (മരണം ഹി.1033), അലി (മര ണം ഹി.1005), അഹമദ് (മരണം ഹി.963), മൂസ (മരണം ഹി.937), അഹ്മദ് (മരണം ഹി. 898), മുഹമ്മദ് (മരണം ഹി. 863).

ആലി മുസ്‌ലിയാര്‍ കക്കാടമ്മല്‍ കുഞ്ഞുക്കമ്മു മൊല്ലയില്‍നിന്നും ഖുര്‍ആനും തജ്‌വീദും മലയാളവും പഠിച്ചു. അനന്തരം ഉപരി പഠനത്തിനായി പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ പോയി. അവിടെ പത്തു വര്‍ഷം പഠനം നടത്തി. സൈനുദ്ദീന്‍ മഖ്ദൂം ആഖിര്‍ (മരണം ഹി.1326), കൊങ്ങണം വീട്ടില്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ എന്നിവര്‍ ഉസ്താദുമാരായിരുന്നു. അവിടത്തെ പഠനം കഴിഞ്ഞ്, വിജ്ഞാനത്തിന്റെ പുതിയ തീരങ്ങള്‍ തേടി ആ മഹാനുഭാവന്‍ ഹറം ശരീഫിലേക്ക് പുറപ്പെട്ടു. ഹി.1297-ല്‍ ഹജ്ജിന് മക്കയിലെത്തിയ അദ്ദേഹം, വിശ്വപ്രസിദ്ധരും മഹാപണ്ഡിതരുമായ അല്ലാമാ സയ്യിദ് അഹ്മദ് സൈനി ദ്ദഹ്‌ലാന്‍ (മരണം ഹി.1304), ശൈഖ് മുഹമ്മദ് ഹിസ്ബുല്ലാഹി ബിന്‍ സുലൈമാനുല്‍ മക്കി (മരണം ഹി.1333), സയ്യിദ് ഹുസൈന്‍ ഹബ്ശി (മരണം ഹി.1331) തുടങ്ങിയവരുടെ ശിഷ്യത്വം സ്വീകരിച്ച് ഏഴു വര്‍ഷക്കാലം അവിടെ കഴിച്ചുകൂട്ടി. ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ അദ്ദേഹം മുഴുസമയവും സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി കഴിച്ചു കൂട്ടുകയായിരുന്നു. മത പണ്ഡിതന്‍മാര്‍ ഇംഗ്ലീഷുകാര്‍ക്കെതിരെ ശക്തമായി രംഗത്തു വന്നപ്പോള്‍ ആലി മുസ്‌ലിയാര്‍ അതിലുണ്ടായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനം രൂപീകരിച്ചപ്പോള്‍ അതിന്റെ മലബാര്‍ പ്രസിഡന്റും ജീവനാഡിയുമായി രംഗത്തുവന്നു. മുസ്‌ലിംകളുടടെ ശക്തമായ എതിര്‍പ്പുമൂലം ബ്രിട്ടീഷുകാര്‍ താല്‍ക്കാലികമായി മലബാര്‍ വിട്ട സമയത്ത് രൂപീകരിച്ച വിപ്ലവ ഗവണ്‍മെന്റിന്റെ ഖലീഫ ആലി മുസ്‌ലിയാരായിരുന്നു. ആ ഇസ്‌ലാമിക ഭരണം ആറു മാസക്കാലം നിലനിന്നു. തിരൂരങ്ങാടി കിഴക്കേ പള്ളിയില്‍ ആലിമുസ്‌ലിയാര്‍ ആരംഭിച്ചിരുന്ന ദര്‍സ് ചരിത്രത്തിലെ മറ്റൊരു ഏടാണ്. ഹി.1340-ല്‍ ശനിയാഴ്ച ആ ധന്യജീവിതം കേയമ്പത്തൂര്‍ ജയിലില്‍ അവസാനിച്ചു.

ആലി മുസ്‌ലിയാരുടെ മകന്‍ കെ.സി. അബ്ദുല്ലക്കുട്ടി മുസ്‌ലിയാര്‍ കേരളത്തിലെ പ്രമുഖ പണ്ഡിതന്‍മാരില്‍ ഒരാളായിരുന്നു. നിരവധി സ്ഥലങ്ങളില്‍ ദര്‍സ് നടത്തിയിരുന്ന അദ്ദേഹം മികച്ച അറബി കവിയും, വടിവൊത്ത അറബി അക്ഷരത്തിനുടമയുമാണ്. ആയിരത്തിലധികം അറബി കവിതകളെഴുതി. ചാവക്കാട് ബുഖാരി തങ്ങന്‍മാര്‍ അവരുടെ കുടുംബ ചരിത്രമെഴുതുന്നതിനുവേണ്ടി കേരളത്തിലെ ഏറ്റവും നല്ല അറബി കൈയക്ഷരമുള്ള ആളെ അന്വേഷിച്ചു. ഒടുവില്‍ ഇദ്ദേഹത്തിന്റെ അടുത്തേക്കാണ് ചെന്നെത്തിയത്. അക്കാലത്ത് നാല് ബ്രഹത് ഗ്രന്ഥങ്ങളെഴുതി. തിരൂരങ്ങാടി പ്രസ്സിലേക്ക് സ്ഥിരമായി എഴുതാറുണ്ടായിരുന്നു. ജീവിതത്തിന്റെ സുഖാഢംഭരങ്ങളില്‍ തീരെ ശ്രദ്ധിക്കാതിരുന്ന ആ പച്ചയായ മനുഷ്യന്‍ ഹി.1402-ല്‍ മരണപ്പെട്ടു. (ഇദ്ദേഹത്തിന്റെ മകനാണ് പ്രമുഖ ചരിത്രകാരന്‍ നെല്ലിക്കുത്ത് മുഹമ്മദ് മുസ്‌ലിയാര്‍).

സ്വാതന്ത്ര്യസമര പോരാളികളിലെ ഏറനാടന്‍ ഇതിഹാസം, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജി നെല്ലിക്കുത്തിലെ ചക്കിപ്പറമ്പില്‍ മൊയ്തീന്‍കുട്ടി ഹാജിയുടെയും തുവ്വൂര്‍ പറവെട്ടി കുഞ്ഞായിശുമ്മ ഹജ്ജുമ്മയുടെയും മകനായി 1873-ലാണ് ജനിക്കുന്നത്. നാടുവാഴി പടത്തലവന്‍മാരുടെയും നാട്ടു മൂപ്പന്‍മാരുടെയും പരമ്പരാഗത ധനികരുടെയും സംഗമ കേന്ദ്രമാണ് ചക്കിപ്പറമ്പന്‍ തറവാട്. ബ്രിട്ടീഷുകാര്‍ക്കെതിരെ കടുത്ത നിലപാടെടുത്തതിന്റെ പേരില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവ് മൊയ്തീന്‍കുട്ടി ഹാജിയെ അന്തമാനിലേക്ക് നാടുകടത്തുകയും 155 ഏക്ര സ്ഥലം കണ്ടുകെട്ടുകയും ചെയ്തിരുന്നു.

കുഞ്ഞഹമ്മദ് ഹാജി വ്യാപാരിയായിക്കൊണ്ടാണ് പൊതുജീവിതം നയിച്ചിരുന്നത്. പാലക്കാട്ടേക്കും കോഴിക്കോട്ടേക്കും നിരന്തരം ചരക്കുകള്‍ കൈമാറിയിരുന്ന പത്തോളം കാളവണ്ടികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. സ്ഥാനമാനങ്ങള്‍ നല്‍കി ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ വശത്താക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതിനൊന്നും വഴങ്ങിക്കൊടുക്കാതെ, 1914-ല്‍ നാലാമത്തെ ഹജ്ജ് നിര്‍വഹണവും കഴിഞ്ഞ് മുഴുവന്‍ സമയവും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലേക്ക് ഇറങ്ങിത്തിരിച്ചു.

1921 ഓഗസ്റ്റ് 26-ാം തീയതി ബ്രിട്ടീഷുകാരില്ലാത്ത സ്വതന്ത്ര മലബാര്‍ എന്ന ചരിത്രപ്രസിദ്ധമായ മഞ്ചേരി പ്രഖ്യാപനം അദ്ദേഹം നടത്തി. 1921 ഓഗസ്റ്റ് 20ന് ഗാന്ധിജിയും മൗലാനാ ശൗഖത്തലിയും പങ്കെടുത്ത കോഴിക്കോട് കപ്പുറത്തെ ഖിലാഫത്ത് യോഗത്തില്‍ കുഞ്ഞഹമ്മദ് ഹാജി സജീവമായി പങ്കു കൊണ്ടിരുന്നു. ആലി മുസ്‌ലിയാര്‍ ഇദ്ദേഹത്തിന്റെ ഗുരുവര്യനും ശൈഖുമാണ്. ഒരു വലിയ കാലത്തെ സ്വാതന്ത്ര്യ സമര ചരിത്രം തന്നെ ഇദ്ദേഹത്തിന്റെ ജീവിതരേഖയില്‍ എഴുതിവെച്ചിരിക്കുന്നു.

922 ജനുവരി 22ന് ബ്രിട്ടീഷ് പട്ടാള കോടതിയുടെ വിധിയനുസരിച്ച് മലപ്പുറം കോട്ടക്കുന്ന് മൈതാനിയുടെ വടക്കേ ചെരുവില്‍ വെച്ച് അദ്ദേഹത്തെയും സ്വാതന്ത്ര്യ മാപ്പിള സര്‍ക്കാരിന്റെ അനേകം രേഖകളും ആ രാക്ഷസ പ്രഭൃതികള്‍ ചുട്ടുകരിച്ചു കളഞ്ഞു. മൃതദേഹവും രേഖകളും വെണ്ണീറായ ശേഷമേ വെള്ളക്കഴുകന്‍മാര്‍ സ്ഥലംവിട്ടൊള്ളൂ.

ആലി മുസ്‌ലിയാരുടെയും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും വീടുകള്‍ നെല്ലിക്കുത്ത് പാലത്തിങ്ങല്‍ ഇപ്പോഴും നില്‍പുണ്ട്. അവിടെ അവരുടെ പിന്‍മുറക്കാര്‍ ജീവിക്കുന്നു. വാരിയന്‍കുന്നത്തിന്റെ പൗത്രി മക്കളാണ് അവിടെ താമസിക്കുന്നത്.  നെല്ലിക്കുത്ത് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, നബി(സ)യെക്കുറിച്ച് പുള്ളിയില്ലാത്ത അറബി അക്ഷരം കൊണ്ട് ആദ്യമായി മൗലിദ് രചിച്ച വ്യക്തിയാണ്. 'അല്‍ മിസ്ഖുല്‍ മുഅഥ്വര്‍ ലി മദ്ഹി റസൂലില്ലാഹില്‍ മുഥ്വഹര്‍' എന്നാണ് പേര്. ഹി.1363ല്‍ മരണപ്പെട്ട ആ മഹാന്‍ നെല്ലിക്കുത്ത് ജുമുഅത്ത് പള്ളി പരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter